പാപം, പാപം എന്നിങ്ങനെയുള്ള ആവർത്തിച്ചുള്ള പ്രഘോഷണങ്ങൾ പാപകൃത്യങ്ങൾ എന്നു പറയുന്ന പ്രവൃത്തികളെക്കുറിച്ച് ഒരു തരത്തിലുള്ള ക്യൂരിയോസിറ്റി ഉണ്ടാക്കാറുണ്ട്.
ഇന്നത്തെപ്പോലെ ടീവിയും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമില്ലാത്ത ചെറുപ്പകാലത്ത് സിനിമയെന്നത് തിയേറ്ററിൽ പോയി മാത്രം കാണാൻ പറ്റുന്ന കാര്യമായിരുന്നു. ജ്യേഷ്ഠന്മാർ സിനിമയ്ക്കുപോയെന്നറിഞ്ഞാൽ തിരിച്ചുവരുമ്പോൾ ഉമ്മ ശാസിക്കും. അടിക്കുക പോലും ചിലപ്പോഴുണ്ടാവും. എങ്ങനെയെങ്കിലും സിനിമയൊന്ന് കാണണം എന്ന തോന്നലാണ് ഇതൊക്കെ കാണുമ്പോൾ മനസ്സിലുണ്ടാവുക. കുറ്റകൃത്യങ്ങൾക്കെതിരെ സംസാരിക്കുന്ന പുരോഹിതന്മാരും കുറ്റവാളികളെ പിടിക്കാൻ നടക്കുന്ന പോലീസ്സുകാരും കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വാർത്ത പത്രങ്ങളിൽ വായിക്കുമ്പോൾ തനിക്ക് സിനിമയെക്കുറിച്ചുണ്ടായതുപോലുള്ള ക്യൂരിയോറ്റിയാണോ അവർക്ക് കുറ്റകൃത്യങ്ങങ്ങളെക്കുറിച്ചുണ്ടാവുന്നത് എന്ന സംശയം പോക്കറിന്റെ മനസ്സിലുണ്ടാവാറുണ്ട്. മരണം അടുത്തതിനാൽ തനിക്ക് പാപം ചെയ്യണമെന്ന് അജിത് കുമാറിന്റെ വോയ്സ് മെസ്സേജിൽ കേട്ടപ്പോൾ തോന്നിയതും അതുതന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പാപം ചെയ്യാത്തയാൾ മരണത്തിനുമുമ്പ് അതിന്റെ രുചി അറിയണമെന്നാഗ്രഹിക്കുക സ്വാഭാവികമാണല്ലോ.
നോക്കിയമ്പോൾ അജിത് കുമാർ ലൈനിലുണ്ട്. ഉറങ്ങിയിട്ടുണ്ടാവില്ല. അതുമിതും ആലോചിച്ച് കിടക്കുകയാവും. അതുകൊണ്ടുതന്നെ മനസ്റ്റിന് ആശ്വാസം പകരാൻ ഒരു ലൈവ് ചാറ്റിൽ പ്രവേശിക്കുന്നതാണ് നല്ലതെന്ന് തോന്നി.
'മരണത്തിനുമുമ്പ് ഒരു പാപത്തിന്റെ രുചി ആസ്വദിക്കാന്‍ പൂതി, അല്ലേ?'
'അങ്ങനെയൊന്നുമല്ല. മോക്ഷത്തോട് താത്പര്യം തോന്നാഞ്ഞിട്ടാണ്.'
'അതെന്താ.... മോക്ഷം വേണ്ടേ?'
'മോക്ഷമൊക്കെ കുറേക്കാലം ജീവിച്ച്, പരമാവധി ആസ്വദിച്ചതിനുശേഷം ജീവിതം മടുത്തവർക്കുള്ളതാണെന്ന് തോന്നുന്നു. ഞാൻ ഇതുവരെ ജീവിച്ചിട്ടില്ല. ജീവിതത്തിൽ വലിയൊരു ഭാഗം പഠിക്കാനായി ചെലവഴിച്ചു - എം.ബി. ബി. എസ്, എം.ഡി, ഡി.എം... അതിനുശേഷം കുറേക്കാലം ഊണും ഉറക്കവുമില്ലാതെ പണിയെടുത്തു. ഇനിയെങ്കിലും ജീവിക്കണം. അതിനുവേണ്ടി പുനർജനിക്കണം. മോക്ഷം ലഭിച്ചാൽ പുനർജന്മമില്ലല്ലോ.'
'പക്ഷേ പാപത്തിന്റെ ഗ്രെയ്ഡ് കൂടിപ്പോയാൽ ബ്രാഹ്മണനായ നീ ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, പിന്നെ എന്നെപ്പോലുള്ള മാപ്പിളയും നസ്രാണിയുമൊക്കെയടങ്ങുന്ന വർണവും ആശ്രമവുമില്ലാത്ത അവർണർ തുടങ്ങിയ നീചയോനികളിൽ ജനിക്കില്ലേ ?'
'ഏറ്റവും താഴെ വല്ല യോനിയുമുണ്ടോ ?'
'ഉണ്ട്, വൈറസ്; ജീവനുണ്ടോ ഇല്ലേ എന്നുപോലും ഉറപ്പിച്ചു പറയാനാവാത്ത ജന്മം'
'സ്വതന്ത്രജീവിതമില്ലാത്ത വൈറസ്സുവേണ്ട; ബാക്ടീരിയയായാൽ മതി. എങ്കിൽ മരണമില്ലാതെ ജീവിക്കാമല്ലോ'
'മരണമില്ലാതെ ജീവിക്കാമല്ലോ?'
'അതെ, ബൈനറി ഫിഷനിലൂടെ റീപ്രൊഡക്ഷൻ നടക്കുമ്പോൾ ആദ്യത്തെ ജീവി മരിക്കുന്നില്ലല്ലോ.'
'പക്ഷേ പുതുതായി ഉണ്ടായ ജീവികൾക്ക് തങ്ങൾ ആദ്യത്തെ ജീവിയായിരുന്നു എന്ന ബോധം നിലനിന്നില്ലെങ്കിൽ ആദ്യത്തേത് മരിച്ചുവെന്നല്ലേ അർഥം?'
'എല്ലായിടത്തും ബോധത്തിനാണല്ലോ പ്രാധാന്യം; ബോധത്തിന്റെ തുടർച്ച ....'
'പക്ഷേ, ബോധത്തിന്റെ തുടർച്ചയന്വേഷിക്കുന്നത് കെട്ടുപോകുന്ന തീ എവിടെപ്പോകുന്നുവെന്ന് ചോദിക്കുന്നതുപോലെയാണെന്നല്ലേ സിനിക്കുകളും ചാർവാകന്മാരും പറഞ്ഞത്. ക്ഷേത്രമില്ലെങ്കില്‍ ക്ഷേത്രജ്ഞനില്ലെന്ന അത്തരം വാദങ്ങളെക്കുറിച്ച് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒരു ക്ലാസ്സുണ്ടായിരുന്നു ?'
'ആ ബോധത്തിലാണ് ഈ പ്രപഞ്ചം ഇരിക്കുന്നതെന്ന് പറഞ്ഞവരുണ്ട്'
'അതുകൊണ്ട് ബോധമാണ് സത്യമെന്നും പ്രപഞ്ചം മിഥ്യയെന്നും, അല്ലേ?'
'വിജ്ഞാനവും ശൂന്യതയും മായയുമോക്കെയായി മിഥ്യ പലരുടെയും കൈകളില്‍ അമ്മാനമാടി'
'ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച മദ്രസയ്ക്കടുത്ത് ഒരു പള്ളിയും ഒരു ശ്മശാനവുമുണ്ടായിരുന്നു; ആ പ്രദേശത്തുള്ളവര്‍ മരിച്ചാല്‍ അവിടെയാണ് സംസ്കരിക്കുക. സംസ്കരിക്കുകയെന്നാല്‍ കുഴിച്ചുമൂടുക. ഞങ്ങള്‍ ദഹിപ്പിക്കാറില്ലല്ലോ.'
'ചെറുപ്പത്തില്‍ ഞാനും ശവം കുഴിച്ചുമൂടുന്നത് കണ്ടിട്ടുണ്ട് ; ഇല്ലത്തിന്റെ വകയായുള്ള തെങ്ങിന്തോപ്പില് പണിയെത്തിരുന്ന കറുപ്പന്റെ മുത്തച്ഛന്റെ മൃതദേഹം'
'ഞങ്ങള്‍ കബറിസ്താന്‍ എന്നുവിളിക്കുന്ന പള്ളി ശ്മശാനത്തിലെ കരിനൊച്ചി മരങ്ങള്‍ക്ക് നല്ല വളര്‍ച്ചയായിരുന്നു'
'മാറ്ററിന്റെ റീസൈക്ലിംഗ്?'
'അതെ, അക്കാര്യത്തില്‍ സംശയമില്ല, പക്ഷേ ബോധത്തിന്റെ തുടര്‍ച്ചയാണ് പ്രശ്നം'
'മനുഷ്യന് പ്രപഞ്ചം കീഴടക്കിയത് ശരീരം കൊണ്ടല്ല, ബോധം കൊണ്ടാണ്. ഗാലക്സികളെ സ്വന്തം ബോധത്തിലൊതുക്കിയ മനുഷ്യന്. ഡി. എന്‍. എയുടെ ഘടന അനാവൃതമാക്കിയ മനുഷ്യന്. ആ മനുഷ്യന് തുടര്‍ച്ചയില്ലെന്നു പറയുമ്പോള്‍ ...'
'തുടര്‍ച്ചയുണ്ട്. അത് പലരിലൂടെയാണെന്നുമാത്രം. സോക്രട്ടീസിനുശേഷം പ്ലാറ്റോ, പ്ലാറ്റോയ്ക്കുശേഷം അരിസ്റ്റോട്ടില്‍ എന്ന രീതിയില്‍'
'ഇതൊക്കെ പറയുമ്പോഴാണ് മോനെ ഒരിടത്തെത്തിച്ചില്ലെന്ന കാര്യം മനസ്സിനെ അലട്ടുന്നത്'
ഇനിയാണ് അജിത്കുമാറുമായുള്ള സംഭാഷണത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന അനുഭവപാഠം പോക്കറിനുണ്ട്. എന്തുപറഞ്ഞാലും ചര്‍ച്ച അവസാനിക്കുന്നതിങ്ങനെയാണ്. അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവന് എന്ന് പഴയ സാഹിത്യഭാഷയില്‍ പറയുന്ന തരത്തിലുള്ള കുടുംബപശ്ചാത്തലം. ഇപ്പോള്‍ ജീവിക്കുന്നതാവട്ടെ കൊറോണപ്പേടിയില്‍ വിറങ്ങലിച്ചുനില്ക്കുന്ന നാട്ടില്‍. അവടെ പേടിയില്ലാത്ത ഒരാള്‍ മാത്രമേയുള്ളൂ, ആ രാജ്യത്തിന്റെ പ്രസിഡന്റ്.
'മോനെയെത്തിക്കാന് ഇനിയും സമയമുണ്ട്. പിന്നെ അവന്റെ കാര്യത്തിലുള്ള നിന്റെ ഈ ക്യൂരിയോസിറ്റിയുണ്ടല്ലോ. അതുതന്നെയാവണം ബോധത്തിന്റെ തുടര്‍ച്ച'
'എന്റെ മോനെ മെഡിക്കല്‍ ഫീല്‍ഡിലേക്ക് പറഞ്ഞുവിട്ടില്ലെന്നതുമാത്രമാണ് ആകെയുള്ള ആശ്വാസം'
'ഇത് മുമ്പെന്നോട് പല തവണ പറഞ്ഞതാണ്. ഇതാണ് തുടര്ച്ചയെന്നുപറയുന്നത്. തെറ്റുകള്‍ തിരുത്തുക മനുഷ്യസഹജമാണ്. പലതും തെറ്റാണെന്ന് മനസ്സിലാക്കുമ്പോള്‍ ആയുസ്സിന്റെ പ്രധാനപ്പെട്ട ഭാഗം കഴിഞ്ഞിട്ടുണ്ടാവും. പിന്നീടുള്ളത് അടുത്ത ജന്മത്തില് തിരുത്തുകയെന്ന ചോയ്സാണ്. മക്കളിലാണ് പലരും അടുത്ത ജന്മം കാണുന്നത്.'
'ഞാന്‍ പറയാനുദ്ദേശിച്ചത് അതല്ല, മോനെ മെഡിക്കല്‍ ഫീല്‍ഡില്‍ പറഞ്ഞയക്കാഞ്ഞിട്ടും പലപ്പോഴും എന്റെ കാര്‍ബണ്‍ കോപ്പിയായി അവന്റെ ജീവിതം അനുഭവപ്പെടുന്നുവെന്നതാണ്.'
'ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത്, ബോധത്തിന്റെ തുടര്‍ച്ചയാണെന്ന്. ഒരൊറ്റ സന്താനമായിരിക്കുമ്പോഴും അത് സ്വന്തം ജെന്‍ഡര്‍ ആയിരിക്കുമ്പോഴും ഈ ബോധത്തിന്റെ ശക്തി കൂടും. രണ്ട് മക്കളുണ്ടായിരുന്നുവെങ്കില്‍ അവരിലാരാണ് ശരിയായ കാര്‍ബണ്‍ കോപ്പി എന്ന കാര്യത്തില്‍ ആശയക്കുഴപ്പം വരും. മകനുപകരം മകളായിരുന്നുവെങ്കില്‍ ജീവിതസാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നതിനാല്‍ അത്ര കൃത്യമായ കാര്‍ബണ്‍ കോപ്പിയായി അനുഭവപ്പെടില്ല.'
ഇനിയും കൂടുതല്‍ സംസാരിച്ചാല്‍ പ്രശ്നമാണെന്ന് പോക്കറിനറിയാം,
'മരുന്നുകഴിച്ചോ?'
ചര്‍ച്ച ഉപസംഹരിക്കാനെന്ന മട്ടില്‍ ചോദിച്ചു.
'എന്ത്? അസെറ്റാമെനോഫെനല്ലേ ?'
'നിസ്സാരമായ അസുഖത്തിന് മറ്റൊന്നും കഴിക്കേണ്ടതില്ലല്ലോ'
'നിനക്കവിടെ കേരളത്തിലിരുന്ന് നിസ്സാരമാണെന്നുപറയാം, പക്ഷേ ...'
കേരളത്തിലും രോഗഭീതി കൂടിവരികയാണെന്നതാണ് വാസ്തവം, പക്ഷേ, അതവനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ആശങ്കകള്‍ കൂടുകയുള്ളൂ. ഒരു തരത്തില്‍ പറഞ്ഞുസമാധാനിപ്പിച്ച് കിടന്നുറങ്ങാന്‍ ഉപദേശിച്ചത്തിനുശേഷം ലൈവ് ചാറ്റില്‍ നിന്ന് പുറത്തുവന്നെങ്കിലും ലൈനില്‍ തുടര്‍ന്നു. പെട്ടന്ന് വാര്‍ത്തകളറിയാന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് മാത്രമേയുള്ളൂ വഴി. കോവിഡിന്റെ കാര്യത്തില്‍ ഫോമൈറ്റ് ഇന്‍ഫെക്ഷന്റെ സാധ്യത തള്ളിക്കളയുന്ന വിശ്വാസയോഗ്യമായ പഠനങ്ങള്‍ ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ തന്നെ പത്രങ്ങള്‍ കൈകൊണ്ട് തൊടുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. പത്രങ്ങള്‍ മാത്രമല്ല, പലതുമായും ആളുകള്‍ അകലുകയാണ്. റിസ്റ്റ് വാച്ച് ഒഴിവാക്കണമെന്ന നീര്‍ദേശം മെഡിക്കല്‍ സര്‍ക്കിളില്‍ പരക്കുന്നുണ്ട്. വനിതാജീവനക്കാര്‍ സാരി ഒഴിവാക്കി ചുരീദാറും മറ്റും തിരഞ്ഞെടുക്കുകയായിരുന്നു. ഡിഗ്രി കാലഘട്ടത്തിലാണ് കേരളത്തിലെ കാമ്പസ്സുകളില്‍ ചുരീദാര്‍ ഒരു തരംഗമായത്. സ്കൂളുകളില്‍ പാവാടയായിരുന്നു പെണ്‍കുട്ടികള്‍ പൊതുവെ ധരിച്ചിരുന്നത്. കോളേജുകളില്‍, വലിയ ക്ലാസ്സുകളില്‍, സാരിക്കായിരുന്നു പ്രാമുഖ്യം. പല പ്രൊഫഷനല്‍ കോളേജുകളിലും വിദ്യാര്‍ഥിനികള്‍ സാരി ധരിക്കുകയെന്നത് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിരുന്നു. കോളേജ് ബസ്സിന്റെ ടൗണ്‍ ട്രിപ്പിലും മറ്റും അവിടെയും ഇവിടെയും തട്ടി റിപ്പയര്‍ വര്‍ക്ക് കൂടുതല്‍ വേണ്ടിവരുന്നതിനാല്‍ അവസാനത്തെ സ്റ്റെപ്പ് ഒഴിവാക്കാന്‍ ഒരിക്കല്‍ തീരുമാനമായി. അതിനുശേഷം, ബസ്സില്‍ കയറുമ്പോള്‍ കാലുകളുടെ നല്ലൊരു ഭാഗം പുറത്തുകാണുന്നുവെന്നും അതൊഴിവാക്കാനായി ചുരീദാര്‍ ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ചില പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പാളിന്റെ മുമ്പിലെത്തി. അതറിഞ്ഞയുടനെ, ഡല്‍ഹി സുല്ത്താന്മാരും മുഗളന്മാരും കൊണ്ടുവന്നതാണ് ചുരീദാര്‍ എന്ന പേര്‍ഷ്യന്‍ വസ്ത്രമെന്നും അത് ആര്‍ഷഭാരത സംസ്കാരത്തിനെതിരാണെന്നുമുള്ള വാദവുമായി മറ്റൊരു കൂട്ടര് രംഗത്തെത്തി. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അടുത്ത കാലം വരെ പ്രശ്നം നീറിപ്പുകഞ്ഞിരുന്നു. ഇപ്പോള്‍ പക്ഷേ, തര്‍ക്കിക്കാന്‍ സമയമില്ല. കോവിഡില്‍ നിന്നുള്ള രക്ഷയാണ് പ്രധാനം. സ്റ്റെതസ്കോപ്പ് കഴുത്തില്‍ തൂക്കിനടക്കുകയെന്നത് ഡോക്ടര്‍മാരുടെ ഐഡന്റിറ്റിയുടെ ഭാഗമായാണ് ജനങ്ങള്‍ കാണുന്നത്. ഇപ്പോഴാവട്ടെ അറിയാത്ത രോഗികളുമായി ഒരു മീറ്ററില്‍ താഴെ മാത്രമുള്ള അകലത്തില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഒരു ഉപകരണമെന്ന നിലയില്‍ ഡോക്ടര്‍മാര്‍ അതിനെ കാണാന്‍ തുടങ്ങിയിരുന്നു. കറന്‍സി നോട്ടുകള്‍ പോലും തൊടാന്‍ ഭയക്കുകയാണ് ആളുകള്‍. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പണവും അതുപോലുള്ള സമ്പാദ്യങ്ങളും വേണ്ടെന്നുവെച്ച് നഫ്സീ നഫ്സീ എന്നലമുറയിട്ടുകൊണ്ട് ആളുകള്‍ പരക്കം പായുന്ന പരലോകത്തെക്കുറിച്ച് മുസ്ല്യാക്കന്മാര് മതപ്രസംഗം നടത്താറുണ്ട്. ഇപ്പോള്‍ ഇവടത്തെ അവസ്ഥയും അതുതന്നെയാണ്.
വെബ്സൈറ്റുകളില്‍ വാര്‍ത്തകള്‍ ധാരാളമുണ്ട്; സോഷ്യല്‍ മീഡിയയില്‍ അനുഭവക്കുറിപ്പുകളും. എല്ലാം പങ്കുവെക്കുന്നത് വേദന, വിഹ്വലത തുടങ്ങിയ ചില വികാരങ്ങള്‍ മാത്രം. വിദേശത്ത് നിന്ന് വന്ന് സർക്കാർ നിർദേശം പൂർണ്ണമായും പാലിച്ച് കൊറോണയുടെ ക്വാറന്റൈനിന് വേണ്ടി താൻ കിടന്ന അതേ ആശുപത്രിയിൽ തന്നെ സ്വന്തം അച്ഛന്റെ മൃതദേഹം ഉണ്ടായിട്ടുപോലും ആ മൃതദേഹം കാണാൻ പറ്റാതിരുന്നയാളുടെ വേദന കൂടുതലായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ഇറ്റലിയിൽ കൊറോണ മരണങ്ങൾ കൂടിയതിനാൽ മൃതദേഹങ്ങൾ മാറ്റാൻ ആർമിയുടെ സഹായമാണ് തേടേണ്ടി വന്നിരിക്കുന്നത്. ആർമിയുടെ ട്രക്കുകളിൽ നിരനിരയായി മൃതദേഹങ്ങൾ കൊണ്ടുപോകുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ചൈനയില്‍, വൂഹാനില്‍, ആകെക്കൂടി അവ്യക്തതയാണ്.
സാധാരണക്കാരായ മലയാളികള്‍ കൂടുതലായി പാര്ക്കുന്നതിനാലാവാം ഗള്‍ഫിലെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍. യു എ ഇയിലെ പല എമിറേറ്റുകളിലും ഫ്ലാറ്റുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണമെത്തിക്കുകയാണ്. ബഹ്റൈനില്‍ ഒരു മലയാളി നഴ്സ് മരിച്ചതിനുശേഷമാണ് അവര്‍ക്ക് കോവിഡുണ്ടായിരുന്നു എന്നറിഞ്ഞത്. വലിയ രാജ്യമായതിനാലാവാം സൗദിയില്‍ നിന്ന് ഒരുപാട് വാര്‍ത്തകളുണ്ട്. പാകിസ്താനി ഡോക്ടറായ നഈം ഖാലിദ് ചൗധരിയുടെ കുടുംബഫോട്ടോയാണ് ഏറ്റവും കൂടുതലായി ഷെയര്‍ ചെയ്യപ്പെട്ട ഹൃദയഭേദകമായ കാഴ്ച. വലിയ പ്രായമായിട്ടില്ല. ഹിറാ ജനറല്‍ ആശുപത്രിയില്‍ സര്ജന് ആയിരിക്കെയാണ് കോവിഡിന് കീഴടങ്ങിയത്. പ്രായമായിട്ടില്ല. പല അനുഭവക്കുറിപ്പുകളും മുഴുവനായി വായിക്കാന്‍ പറ്റാത്ത വിധത്തില്‍ വേദനാജനകമാണ്. ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ച പരിചയക്കാരന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ഹോസ്പിറ്റലിൽ ചെന്നതായിരുന്നു . ഫ്രീസറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെടെയാണ് തൊട്ടടുത്ത ഡോറിൽ എഴുതിവെച്ചത് എഴുത്ത് ശ്രദ്ധയില്‍ പെട്ടത്. പേരില്‍ പ്രത്യേകിച്ചെന്തെങ്കിലും തോന്നിയിട്ട് കാര്യമില്ല. കോവിഡ് മരണങ്ങള് കൊണ്ട് മോര്‍ച്ചറികള്‍ നിറഞ്ഞുകവിയുകയാണ്. ഒരറബി പ്പേര്. ലോകത്തുള്ള മുസ്ലിംകളില് ബഹുഭൂരിപക്ഷവും അറബിപ്പേരുകാരായതിനാല് എവിടെയുള്ളവരുമാകാം. പെട്ടെന്നാണ് പേരിന്റെ അവസാനഭാഗം ശ്രദ്ധയില്‍ പതിഞ്ഞത്. ഹിന്ദി; ഇന്ത്യക്കാരന്. ഉടനെ മുഴുവന്‍ പേര് എഴിതിയെടുത്ത് ഫ്രീസറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. അയാള്‍ രേഖകള്‍ തപ്പി അതിലുള്ള വിവരം പറഞ്ഞുകൊടുത്തു . കോവിഡ് വന്ന് അഡ്മിറ്റായ ദിവസം, മരണപ്പെട്ട ദിവസം, ജോലി ചെയ്തിരുന്ന കമ്പനിയുടെ പേര് എന്നിവ അങ്ങനെ കിട്ടി. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. തുടരെത്തുടരെ ബന്ധപ്പെട്ടു. അവസാനം ഒരു ഇന്ത്യന്‍ നമ്പര്‍ കിട്ടി. പല പ്രാവശ്യം വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആ ഫോണിൽ നിന്നും മിസ്ഡ് കോള്‍ വന്നു. തിരിച്ചുവിളിച്ചു. ആദ്യത്തെ ചോദ്യത്തില്‍ നിന്നുതന്നെ ഉര്‍ദുവാണ് മാതൃഭാഷയെന്ന് മനസ്സിലായി; ബീഹാറില്‍ നിന്നാണ്. ആളുടെ പേരുപറഞ്ഞ് അയാളുടെ ബന്ധുവാണോയെന്നന്വേഷിച്ചപ്പോള് കേട്ടത് വലിയൊരു നിലവിളിയായിരുന്നു. നിങ്ങളാരാണെന്നന്വേഷിച്ചപ്പോള് ഭാര്യയാണെന്നും ഭര്‍ത്താവ് മരിച്ചുവെന്നറിഞ്ഞതല്ലാതെ മറ്റൊരു വിവരവുമില്ലെന്നും പറഞ്ഞു. ചില സുഹൃത്തുക്കള്‍ക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലത്രെ. ഒരു വിധത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ആരും ഫോണെടുക്കാഞ്ഞിട്ടാവില്ല. പലര്‍ക്കും കൊറോണ പിടിപെട്ടുകൊണ്ടിരിക്കുന്നു. പലരും മരിക്കുന്നു. പലരും ക്വാറന്റൈനിലാണ്. പിന്നീട് മരിച്ചിട്ട് കുറേ ദിവസമായി. ഇതുവരെ മയ്യിത്ത് ഖബറടക്കിയിട്ടില്ല തുടങ്ങി ഒരുപാട് സങ്കടങ്ങള്‍ പറഞ്ഞു. അവസാനം ആ മയ്യിത്ത് ഖബറടക്കാമെന്നേറ്റു. അനുമതിപത്രം അയച്ചുതന്നു. എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കി. മയ്യിത്ത് ഏറ്റുവാങ്ങി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി.
മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ഒരുപാടുണ്ട്. പലര്‍ക്കും ശവസംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ച അനുഭവം മാത്രമേയുള്ളൂ. നേതൃത്വപരമായ പങ്കുവഹിച്ചിട്ടില്ല. ഉറ്റസുഹൃത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ കുഴിവെട്ടുകാരന്റേതു മുതല്‍ പുരോഹിതന്റേതു വരെയുള്ള റോളുകള്‍ ഒന്നിച്ചു നിര്‍വഹിച്ചതിന്റെ വേദനകളാണ് പലരുടെയും കുറിപ്പുകളില്‍. എല്ലാവും കോവിഡ് ബാധിച്ച് ആശുപത്രികളിലും ക്വാറന്റൈന് സെന്ററുകളിലും ആയിരിക്കുമ്പോള്‍ മൃതദേഹം ഏറ്റുവാങ്ങാനും ഖബറടക്കാനും മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാനും കൂടുതല്‍ ആളുകളുടെ സഹായം ലഭിക്കണമേന്നില്ല. ഇതൊക്കെ ചെയ്യുന്നതാവട്ടെ പി.പി.ഇ കിറ്റണിഞ്ഞ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുവേണം. ഏതുനേരത്തും തനിക്ക് രോഗം ബാധിക്കാമെന്ന ചിന്തയും കൂടെയുണ്ട്. ഫെയ്സ് ബുക്ക് ബുക്ക് ഫ്രന്റായ ജോര്‍ജ് തോമസിന്റെ കുറിപ്പ് പങ്കുവെക്കുന്ന വിഹ്വലത വലിയതാണ്. ഇന്നുഞാന്‍ നാളെ നീ എന്ന വാക്യം വിദൂരഭാവിയില്‍ എന്നോ സംഭവിക്കുന്ന കാര്യമായേ മുമ്പൊക്കെ കരുതിയിരുന്നുള്ളൂ. കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുമ്പോള്‍ ശ്രദ്ധ തെറ്റിയാല്‍ വലിയ കാലതാമസമില്ലാതെ അതുസംഭവിക്കാം.
'ആ മുക്രിയുസ്താദിന്റെ കാര്യമാണ് കഷ്ടം'
ഭാര്യയാണ്. ഇതുവരെ ഉമ്മയോട് ഫോണില്‍ സംസാരിക്കുകയായിരുന്നു. അവരുടെ വീട് നാട്ടിലെ പള്ളിക്ക് തൊട്ടടുത്തായതിനാല്‍ മുക്രിയുസ്താദിനെ നന്നായി അറിയാം . പറഞ്ഞത് മുഴുമിപ്പിക്കുന്നതിനുമുമ്പ് ഭാര്യയുടെ ഫോണ്‍ വീണ്ടും റിംഗ് ചെയ്യാന്‍ തുടങ്ങി.
പോക്കര് എന്നും കൗതുകത്തോടെ നോക്കിനിന്ന ഒരു വ്യക്തിയായിരുന്നു മുക്രിയുസ്താദ്. വളരെ ചെറുപ്പത്തില്‍ തന്നെ മലപ്പുറത്തുനിന്ന് വന്നതാണ് . കൗമാരവും യൗവനവും മധ്യവയസ്കതയുമൊക്കെ ബാങ്കുവിളിച്ചുകൊണ്ട് കടന്നുപോയി. ഇപ്പോള്‍ വാര്‍ധക്യത്തിലേക്ക് കടക്കുകയാണ്. അദ്ദേഹം വന്നതിനുശേഷം ഖത്തീബുമാര്‍ പലതും വന്നെങ്കിലും മുക്രിസ്ഥാനത്ത് മറ്റാരും എത്തിയിട്ടില്ല. പതിറ്റാണ്ടുകളായി പ്രദേശത്തെ ഓരോ വ്യക്തിയും ഉണരുന്നത് അദ്ദേഹത്തിന്റെ സുബ്ഹി ബാങ്ക് കേട്ടുകൊണ്ടാണ്. എല്ലാ മരണവീട്ടിലും കാണുന്ന വ്യക്തി. ഖത്തീബിന്റെ കൂടെ ഒരു തലപ്പാവും ചുമലില്‍ ഷാളുമായി ഉള്ള ആ നടത്തം പോക്കര് നോക്കിനിന്നിട്ടുണ്ട്. ഖത്തീബുമാര്‍ മാറിവരും. പക്ഷേ, മുക്രി ഒരാള്‍ തന്നെ. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് വാര്‍ധക്യ കുറേക്കാലം കിടന്നതിനുശേഷമുള്ള മരണം പോലെയല്ല, ആളുകള്‍ അലമുറയിട്ടുകരയുന്ന അപകടമരണങ്ങള്‍. പക്ഷേ, എതുമരണത്തിലായാലും മുക്രിയുസ്താദിന് ഭാവഭേദമില്ല. ധൈര്യത്തിന്റെയും ദൃഢമനസ്കതയുടെയും പര്യായം.
മരിച്ച ബന്ധുക്കള്‍ക്കുവേണ്ടി ഖബറിസ്താനില്‍ പോയി പ്രാര്‍ഥിക്കുന്നവരില്‍ പലരും മുക്രിയുസ്താദിനെ കൂട്ടിയാണ് അങ്ങോട്ട് പോവാറ്. ആരുടെയൊക്കെ ഖബറുകള്‍ എവിടെയൊക്കെണെന്നതിന്റെ കൃത്യമായ വിവരം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. പല ഖബറുകളും കാടുമൂടിക്കിടക്കുന്നുണ്ടാവും. പേരുകൊത്തിവെച്ച മാര്‍ബിള്‍ ഫലകങ്ങള്‍ ചിലതിനുമാത്രമേയുള്ളൂ. പലതിന്റെയും പേരുകള്‍ മാഞ്ഞുപോയിട്ടുണ്ടാവും. എങ്കിലും അവ കണ്ടുപിടിക്കുന്നതിന് മുക്രിയുസ്താദിന് പ്രയാസമില്ല. അദ്ദേഹം വരുന്നതിനുമുമ്പ് മരിച്ചവരുടെ ഖബറുകള്‍ പോലും ബന്ധുക്കള്‍ എപ്പോഴെങ്കിലും നല്കിയ വിവരമനുസരിച്ച് കണ്ടുപിടിക്കും.
മുക്രിയുസ്താദ് വന്നതിനുശേഷം ഒരു പ്രാവശ്യം പള്ളി പൊളിച്ച് വീണ്ടും പണിതു. മുമ്പത്തേതിനെക്കാള്‍ വലിയ പള്ളിയാണ് പണിതത്. തറയ്ക്ക് കുഴിയെടുക്കുന്നതിനിടയില്‍ വളരെ മുമ്പ് മരിച്ച പലരുടെയും അസ്ഥിക്കഷണങ്ങള്‍ പുറത്തുവന്നു. എല്ലാം നിര്‍വികാരതയോടെ മുക്രിയുസ്താദ് കണ്ടുനിന്നു.
'സീതാംഗോളിയിലെ ജ്യേഷ്ഠത്തിയാണ് ഇപ്പോള്‍ വിളിച്ചത്. അവിടെ ആകെ വെപ്രാളത്തിലാണ്.'
'വെപ്രാളത്തിലോ ?'
'അതെ, ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് രാഷ്ട്രീയപ്രവര്ത്തകനല്ലേ ? എം.എല്‍.എയുടെ അടുത്ത സുഹൃത്ത്. എംഎല്‍എയാണെങ്കില്‍ ഗള്‍ഫില്‍ നിന്ന് കൊറോണയുമായി വന്നയാളുടെ പ്രൈമറി കോണ്ടാക്റ്റ് ലിസ്റ്റിലും'
'നീ ആദ്യം പറഞ്ഞത് മുക്രിയുസ്താദിന്റെ കാര്യമല്ലേ ? അതിനെപ്പറ്റി പിന്നീടൊന്നും പറഞ്ഞില്ലല്ലോ'
'കൊറോണ പ്രമാണിച്ച് പള്ളിയില്‍ നമസ്കാരമില്ലല്ലോ. ഖത്തീബ് നാട്ടില്‍ പോയി. ബാങ്കുവിളിയുള്ളതിനാല് മുക്രിയുസ്താദ് പോയില്ല. മാത്രമല്ല, ട്രെയിനും ബസ്സുമൊക്കെ നിര്‍ത്തുകയും ചെയ്തു. നമസ്കാരമില്ലാത്തതിനാല്‍ പള്ളി വിജനം. ആദ്യദിവസങ്ങളില്‍ പ്രശ്നമില്ല. പക്ഷേ, പ്രശ്നം രൂക്ഷമാവുകയും ആ പ്രദേശത്തെ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി മുക്രിയുസ്താദ് കരയാന്‍ തുടങ്ങി. ഉറങ്ങാന്‍ കിടന്നാല്‍ കണ്മുമ്പില് വരുന്നത് തലയോട്ടികളാണത്രെ.
Also read:
പുറപ്പാടുപുസ്തകം 36
വൈ-റ്റു-കെ 37
Keywords:
Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, My soul My soul.