Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ഷേത്രവും ക്ഷേത്രജ്ഞനും

ക്ഷേത്രവും ക്ഷേത്രജ്ഞനും Temple and the temple sage
നോവല്‍
അതിജീവനം
ഇന്ദ്രജിത്ത്

അധ്യായം 26

(www.kasargodvartha.com 12.12.2020) 'സാറെഴുതിയ മരുന്നുകഴിച്ച് കിഡ്നിയും ലിവറും അടിച്ചുപോവില്ലെന്നുറപ്പിക്കാമല്ലോ',

അവസാനത്തെ രോഗിയാണിത് പറഞ്ഞത്. അവസാനത്തെ ബസ് ഒരു പ്രതീക്ഷയാണെങ്കില്‍ സര്‍കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം അവസാനത്തെ രോഗിയും അങ്ങനെത്തന്നെയാണ്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് അങ്ങനെയാവണമെന്നില്ല. 

മുമ്പിലുള്ള നീണ്ട ക്യൂ സ്വകാര്യപ്രാക്ടീസില്‍ പലപ്പോഴും ആത്മവിശ്വാസമാണ്. ഒടുവിലായി വരുന്ന രോഗി പോക്കറിന് ആശ്വാസമായാണ് അനുഭവപ്പെടാറ്. കുറച്ചുനേരം മനസ്സുതുറന്ന് സംസാരിക്കാമല്ലോ; ക്യൂവില്‍ തൊട്ടടുത്തുള്ളയാല്‍ വഴക്കിടുമെന്ന പേടി വേണ്ട.

ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്നു കഴിച്ചാൽ കിഡ്നിയും ലിവറും അടിച്ചുപോകുമോയെന്ന ചോദ്യം കേട്ട് ഹൗസ് സർജൻ ചെറുതായൊന്ന് ചിരിച്ചു. അങ്ങനെയെങ്കിൽ ഇവിടെയെന്തിനാണ് വന്നതെന്നാണ് ചിരിയുടെ ഉദ്ദേശ്യമെന്ന് പോക്കറിന് മനസ്സിലായി. പക്ഷേ, ആദ്യനോട്ടത്തിൽ തന്നെ രോഗിയുടെ മുഖത്ത് നിസ്സഹയാതയും വേദനയും ദൃശ്യമായിരുന്നതിനാൽ കുറച്ചുകൂടി സൂക്ഷ്മത പാലിക്കുകയായിരുന്നു.

രോഗികളുടെ പല ചോദ്യങ്ങളും കേട്ട് ഹൗസ് സർജൻസിക്കാലത്ത് പോക്കറും ചിരിച്ചിരുന്നു. പക്ഷേ, പിന്നീടുള്ള അനുഭവങ്ങൾ പലതും പഠിപ്പിക്കുകയായിരുന്നു; പ്രത്യേകിച്ച് മെഡിക്കൽ ഹിസ്റ്ററിയിലും ഹെൽത്ത് ഹ്യുമാനിറ്റീസിലുമുള്ള ആരോഗ്യസർവകലാശാലയുടെ സർട്ടിഫിക്കറ്റ് കോഴ്സ്.

'എന്‍റെ ചോദ്യത്തിന് സാർ മറുപടിയൊന്നും പറഞ്ഞില്ലല്ലോ',

മരുന്നുകഴിച്ച് കിഡ്നിയും ലിവറും അടിച്ചു പോകുമോയെന്ന ചോദ്യം ഗൗരവത്തിലുള്ളതാണെന്ന് ഈ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായപ്പോള്‍ പോക്കറിന് മനസ്സിലായി.

'ഞാൻ ഇതൊക്കെയൊന്ന് വായിക്കട്ടെ; അതിനു ശേഷം മറുപടി പറയാം,'

രോഗി കൊണ്ടുവന്ന ശീട്ടുകളിലൂടെ കണ്ണോടിക്കുന്നതിനിടയിൽ പോക്കർ പറഞ്ഞു.

പുതിയ രോഗിയാണ്. ചികിത്സകളുടെയും പരിശോധനകളുടെയും പഴയ രേഖകളെല്ലാം കൊണ്ടുവന്നിട്ടുണ്ട്. അവയിൽ ഏറ്റവും കൂടുതലായി കണ്ടത് ആർ എഫ് ടി, എൽ എഫ് ടി റിപ്പോർട്ടുകളായിരുന്നു. പലതും മുമ്പ് ചികിത്സിച്ച ഡോക്ടർമാർ നിർദേശിക്കാതെ പോയി ചെയ്തവ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഹൈപ്പോകോൺട്രിയാക് ഡെല്യൂഷൻ ഉള്ളയാളാണ് രോഗിയെന്നും അതുകൊണ്ട് സൈക്യാട്രി ഓപ്പിയിലേക്ക് റഫർ ചെയ്യാമെന്നും, കേസ് പരിശോധിച്ച പി ജി സ്കോളർ പറഞ്ഞെങ്കിലും പല കാര്യങ്ങളും പോക്കറിനെ അതിൽ നിന്നുവിലക്കി.

രോഗി കൊണ്ടുവന്ന ശീട്ടുകളിലൂടെ അതിദ്രുതം കണ്ണുകള്‍ പായിക്കുന്നതിനിടയില്‍ പോക്കറിന് ഒരു കാര്യം മനസ്സിലായി; എല്ലാ അര്‍ത്ഥത്തിലുമുള്ള ക്ഷേത്രജ്ഞനാണ് രോഗി. മനസ്സിന് ആശ്യാസം തേടാനായി നല്ലൊരു വിഭാഗം ആളുകള്‍ ആശ്രയിക്കുന്ന ഇടമാണ് ക്ഷേത്രം. മനസ്സിന്‍റെ ആകുലതകളുമായി മറ്റൊരു തരത്തിലും ആ പദം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലായത് ആരോഗ്യസർവകലാശാലയുടെ സർട്ടിഫിക്കറ്റ് കോഴ്സിലാണ്. ഇന്ത്യൻ ഫിലോസഫിയില്‍ ക്ലാസെടുത്തയാള്‍ പറഞ്ഞ രണ്ടുപദങ്ങളാണ് ക്ഷേത്രവും ക്ഷേത്രജ്ഞനും. അവയില്‍ ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന സംവാദം അവസാനിക്കുന്നത് ലോകം അവസാനിക്കുമ്പോഴാവുമെന്ന് പോക്കറിന് മനസ്സിലായത് രാവിലെ കുളിക്കുന്നതിനുമുമ്പ് കൃഷ്ണകുമാര്‍ വിളിച്ചപ്പോഴാണ്. ചാര്‍വാകം എന്ന പേരില്‍ ചാര്‍വാകസരണി നടത്തിക്കൊണ്ടിരിക്കുന്ന വെബിനാറുകളിലെ സ്ഥിരം പ്രഭാഷകനായി അവന്‍ മാറികൊണ്ടിരിക്കുകയാണ്. ഓരോ പ്രഭാഷണത്തിന്‍റെയും തയാറെടുപ്പിനിടയില്‍ പോക്കറിനെ വിളിക്കും. ചാര്‍വാകസരണിയില്‍ നിന്ന് കൃഷ്ണകുമാര്‍ ആര്‍ജിച്ച വിവരങ്ങളും ആരോഗ്യസര്‍വകലാശാലയുടെ കോഴ്സില്‍ നിന്ന് പോക്കറിനുകിട്ടിയ വിവരങ്ങളും അങ്ങോട്ടുമിങ്ങോട്ടം കൈമാറും.

'കെട്ടുപോകുന്ന തീ പോലെയാണ് ബോധം'

കൃഷ്ണകുമാറിന്‍റെ ഈ പ്രസ്താവന കേട്ടപ്പോള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ ചാര്‍വാകന്മാരും സിനിക്കുകളും അവനിലൂടെ സംസാരിക്കുന്നതായി തോന്നി. എല്ലാവരും ഒറ്റയടിക്ക് കൃഷ്ണകുമാറില്‍ പരകായപ്രവേശം നടത്തിയതുപോലുള്ള അവസ്ഥ.

ശരീരമാണ് ക്ഷേത്രം; അതിനെ അറിയുന്നവന്‍ ക്ഷേത്രജ്ഞനും. ഭൗതികവാദിക്ക് ക്ഷേത്രം മാത്രമേയുള്ളൂ; ക്ഷേത്രജ്ഞനില്ല. അദ്വൈതവാദിക്കാവട്ടെ ക്ഷേത്രജ്ഞന്‍ മാത്രമാണുള്ളത്, ക്ഷേത്രമില്ല; അത് വെറും മായയാണ്.

മരിക്കുമ്പോള്‍ ബോധം എവിടെപ്പോകുന്നുവെന്നതാണ്‌ ആത്മീയവാദികളുടെ ഏറ്റവും വലിയ ചോദ്യം. അതിനുള്ള ഭൗതികവാദികളുടെ ഏറ്റവും വലിയ മറുപടി കെട്ടുപോകുന്ന തീ എവിടെപ്പോകുന്നുവെന്ന മറുചോദ്യമാണ്. വാക്സിനുകളും ആന്‍റിബയോട്ടിക്കുകളും മനുഷ്യന്‍റെ ആവറേജ് ലൈഫ് സ്പാൻ വര്‍ധിപ്പിച്ചതിനെക്കുറിച്ച് കൃഷ്ണകുമാര്‍ വാചാലനായിരുന്നു. മനുഷ്യന്‍ ഇനിയും മുന്നേറും. ആ മുന്നേറ്റത്തില്‍ മരണം തന്നെ വഴിമാറിയെന്നുവരും. അവനുമായുള്ള ടെലഫോണ്‍ സംഭാഷണം കഴിഞ്ഞതിനുശേഷമാണ് അജിത്‌ കുമാറിന്‍റെ വോയ്സ് മെസ്സേജ് ശ്രദ്ധയില്‍ പെട്ടത്,

'ഞാനൊരു സ്വപ്നം കണ്ടു. അനാട്ടമി ഡിസ്കഷന്‍ ഹാള്‍, എം ബി ബി എസ്സിന് പഠിക്കുന്ന കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഞാന്‍ ഡിസ്ക്ഷന്‍ ഹാളിലെ കേന്ദ്രകഥാപാത്രമാണ്. ടേബിളില്‍ കിടക്കുന്ന എന്‍റെ ശരീരം എല്ലാവരും കീറിമുറിക്കുന്നു'

കോവിഡ് സ്ഥിരീകരിച്ചതുമുതല്‍ അവന് ഇത്തരം സ്വപ്നങ്ങള്‍ പതിവാണ്. എല്ലാം പോക്കറിനോട്‌ പറയും. എവിടെയും ക്ഷേത്രജ്ഞനാണ് പ്രശ്നം. തനിക്കൊരു ശരീരം ഉണ്ടെന്നുപോലും ചിന്തിക്കാതെ ഓടിനടക്കുന്നതിനിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നവരുണ്ട്; സുഖകരമായ മരണം. യൂത്തനേഷ്യ എന്ന പദത്തിന്‍റെ അര്‍ഥം നല്ല മരണമെന്നാണ്. പക്ഷേ തന്‍റെ ശരീരത്തിന് എന്തോ പ്രശ്നമുണ്ടെന്നറിയുന്ന ആളുടെ ജീവിതം അതുമുതല്‍ മരണതുല്യമാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബയോളജി ടെക്സ്റ്റ് ബുക്കിലെ അസ്ഥികൂടത്തിന്‍റെ ചിത്രം പോലും കാണാന്‍ ഭയക്കുന്നവരുണ്ടായിരുന്നു. പക്ഷേ, അന്നൊക്കെ അത് ഭയം കൂടാതെ പഠിച്ചവര്‍, പിന്നീട് സെക്കൻഡ് ഗ്രൂപ്പും മെഡിസിനുമൊക്കെയെടുത്തവര്‍, മനുഷ്യന്‍റെ ശവശരീരം കീറിമുറിച്ചവര്‍, ഓസ്‌റ്റിയോളജി ക്ലാസില്‍ അസ്ഥികളോരോന്നും കൈയിലെടുത്തുകൊണ്ട് നോച്ചുകളും പ്രൊട്ട്യൂബറന്‍സുകളുമൊക്കെ തിരഞ്ഞവര്‍... തങ്ങള്‍ക്കും ഇതുപോലുള്ള ശരീരമുണ്ടെന്നോര്‍ക്കാറില്ല. രോഗികളുടെ ലിപിഡ് പ്രൊഫൈലും എല്ലെഫ്ടി, ആറെഫ്ടി റിപ്പോര്‍ട്ട്കാലുമൊക്കെ നോക്കി രോഗത്തിന്‍റെ കാഠിന്യം നിര്‍ണയിക്കുമ്പോള്‍ തങ്ങള്‍ക്ക് രോഗം വരാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കാറില്ല.

'ബ്രെയ്ക്കില്ലാത്ത സൈക്കിളിലൂടെയുള്ള യാത്രയാണ് ജീവിതം'

ഹൗസ് സര്‍ജന്റെ ഏതോ ചോദ്യത്തിന് മറുപടിയായാണ് രോഗി ഇതുപറഞ്ഞത്. കുറിപ്പടികളുടെ അക്ഷരങ്ങളില്‍ നിന്ന് പല ദിക്കുകളിലേക്കും പോക്കറിന്‍റെ മനസ്സ് പായുന്നതിനിടയില്‍ ഹൗസ് സര്‍ജനോട്‌ രോഗി തത്ത്വശാസ്ത്രം പറയാന്‍ തുടങ്ങിയിരുന്നു. ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. സൈക്കിള്‍ യാത്ര പോക്കറിന് എന്നും പേടിയായിരുന്നു. മംഗലാപുരത്തുപോവാനായി ചെറിയമ്മാവന്‍റെ സൈക്കിളിന്‍റെ ക്രോസ്സ് ബാറില്‍ ഇരുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വരെ യാത്ര ചെയ്യുമ്പോള്‍ അമ്മാവന്‍റെ ശരീരത്തോട് പരമാവധി ഒട്ടാന്‍ ശ്രമിക്കും.

'അത്രയധികം നിരാശനാവേണ്ടതുണ്ടോ? ജീവിതത്തില്‍ ഇനിയും ഒരുപാട് യാത്ര ചെയ്യാനുള്ളതല്ലേ?' 

'അര്‍ത്ഥമില്ലാത്ത യാത്ര, അല്ലേ?'

'അല്ല, അര്‍ത്ഥമുള്ള, ലക്ഷ്യമുള്ള യാത്ര'

'എല്ലാം നാറാണത്തുഭ്രാന്തന്‍റെ പ്രവൃത്തികള്‍ പോലെ തോന്നുന്നു, സാറേ... സന്തോഷം എന്തെന്നറിയാത്ത ജീവിതം. ഭാവിയായിരുന്നു ലക്ഷ്യം. നല്ലൊരു നിലയിലെത്തിക്കാനായി കഷ്ടപ്പെട്ട് പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് ജീവിതത്തില്‍ ഒന്നിനും തികയാത്ത ചെറിയ ശമ്പളം വാങ്ങി പാരലല്‍ കോളേജുകളില്‍ ഞാന്‍ പണിയെടുക്കുന്ന കാഴ്ച കാണേണ്ടിവന്നു. അവര്‍ക്ക് ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ സര്‍വീസില്‍ കോളേജധ്യാപകനായി നല്ല ശമ്പളം വാങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദൈവം അവരെ തിരിച്ചുവിളിച്ചു. സ്ഥാനക്കയറ്റം ലഭിച്ച് ഞാന്‍ പ്രൊഫസറും ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡുമൊക്കെ ആയത് അവര്‍ ഏതെങ്കിലും ലോകത്തിരുന്ന് കാണുന്നുണ്ടാവുമോയെന്നറിയില്ല'.

ഇതോടെ കോടതിയില്‍ കള്ളസാക്ഷ്യം പറയുന്ന ആളുടെ മാനസികാവസ്ഥയിലായി, പോക്കര്‍. സത്യം ഇന്നതാണെന്നറിഞ്ഞുകൊണ്ടുതന്നെ കള്ളം പറയണം. രോഗി പറയുന്നത് സത്യമാണെന്ന് സ്വന്തം ജീവിതത്തില്‍ തന്നെ അവന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

പത്താം ക്ലാസ്സ് കഴിഞ്ഞയുടനെ നാടുവിട്ടതാണ്; പ്രീഡിഗ്രിക്കുവേണ്ടി. നാട്ടില്‍ കോളേജുകളുണ്ട്. പക്ഷേ, നല്ല കോളേജില്‍ പഠിക്കണം; പഠിച്ച് വലിയ ആളാവണം. അതായിരുന്നു ലക്ഷ്യം. ഡോക്ടറായി തിരിച്ചുവന്ന് മാതാപിതാക്കളടങ്ങിയ കുടുംബത്തിന്‍റെ കൂടെ സന്തോഷത്തോടെ ജീവിക്കണം. ഭാവിയില്‍ ആരായിത്തീരാനാണ് ആഗ്രഹം എന്നതാണല്ലോ നന്നായി പഠിക്കുന്നവരൊക്കെ അഭിമുഖീകരിക്കുന്ന ചോദ്യം. പക്ഷേ, ഭാവിയല്ല, വര്‍ത്തമാനം തന്നെയാണ് ജീവിതമെന്നുമനസ്സിലായത് പിന്നീടാണ്. വൈദ്യം പഠിക്കാന്‍ തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ ഉപ്പ മരിച്ചു. ഹൗസ് സര്‍ജന്‍സി കഴിഞ്ഞയുടനെ ഉമ്മയും. തൊട്ടുടനെ രാജിസ്ട്രെഡ് തപാലില്‍ വന്ന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുവാങ്ങുമ്പോള്‍ കൈവിറച്ചു. ഓരോ പ്രാവശ്യം നാട്ടില്‍ പോകുമ്പോഴും ആരോക്കെയോ മരിച്ചിട്ടുണ്ടാകും. മുമ്പൊക്കെ ബേക്കല്‍ കോട്ട കാണുമ്പോള്‍ തികട്ടിവരുന്ന ഭൂതകാലസ്മരണകള്‍ക്ക് മധുരമുണ്ടായിരുന്നു. പിന്നീടവ നഷ്ടസ്മൃതികളായി മാറി. ഏറ്റവും ഒടുവിലായി നാട്ടില്‍ പോയത് വല്യമ്മാവന്‍റെ പേരക്കിടാവിന്‍റെ കല്യാണം കൂടാനായിരുന്നു. നിക്കാഹിനായി പുറപ്പെടുമ്പോള്‍ കാരണവന്മാര്‍ക്കുവേണ്ടി ഒരുക്കിയ കാറില്‍ കയറാന്‍ ആള്‍ക്കാര്‍ പോക്കറിനെ നിര്‍ബന്ധിച്ചു. കാരണവന്മാരുടെയും പ്രമാണിമാരുടെയും സീറ്റുകള്‍ നിരസിക്കുകയെന്നത് പണ്ടുമുതലുള്ള ശീലമാണ്. സ്പെഷ്യല്‍ കാറ്റഗറിയില്ലാത്തവര്‍ക്കായി ഒരുക്കിയ ബസ്സില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആരോ ഒരാള്‍ കൈപിടിച്ച് കാറിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ തറച്ചു,

'നിങ്ങളുടെയൊക്കെ മുകളില്‍ ഇനി കാരണവന്മാര്‍ അധികമില്ല; പലരെയും മുകളിലുള്ളവന്‍ വിളിച്ചുകൊണ്ടുപോയി.'

അയാള്‍ പറഞ്ഞതാണ് ഏറ്റവും വലിയ ശരിയെന്ന് പോക്കറിനുതോന്നി. അതുപോലുള്ള മറ്റൊരു ശരിയാണ് ജീവിതമെന്നാല്‍ നാറാണത്തുഭ്രാന്തന്‍റെ കളിയാണെന്ന പ്രസ്താവനയിലൂടെ രോഗി വെളിപ്പെടുത്തിയത്. ഭാവി സ്വപ്നം കാണുമ്പോള്‍ വര്‍ത്തമാനമാണ് നശിക്കുന്നത്. ഇനിയെങ്കിലും വര്‍ത്തമാനകാലം ആസ്വദിക്കണം. താന്‍ പഠിച്ച് നല്ല ജീവിതമുണ്ടാകുന്നത് കാണാന്‍ നില്ക്കാതെ ഉപ്പയും ഉമ്മയും പോയി. പഴയ തലമുറയില്‍ ഇനി ബാക്കിയുള്ളത് ചെറിയമ്മാവന്‍ മാത്രമാണ്. നീണ്ട ലീവെടുത്ത് നാട്ടില്‍ പോകണമെന്നും ചെറിയമ്മാവന്‍റെയടുത്തിരുന്ന് കൂടുതല്‍ നേരം സംസാരിക്കണമെന്നും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും നടക്കാറില്ലെന്നുമാത്രം.

'അപ്പോള്‍, ലിവറിനും കിഡ്നിക്കും കേടുവരുത്താത്ത മരുന്നാണ് സാര്‍ കുറിച്ചുതരികയെന്നൂഹിക്കാം, അല്ലേ?'

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും രോഗി തയാറല്ലെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പോക്കറിന് മനസ്സിലായി. കൃഷ്ണകുമാറുമായുള്ള രാവിലത്തെ ടെലഫോണ്‍ സംഭാഷണത്തില്‍ നിന്നുകിട്ടിയ ഒരാശയം കടമെടുത്തുകൊണ്ട് മറുപടി പറയാമെന്ന് പെട്ടെന്നുതോന്നി,

'ഒരവയവത്തിനും കേടുവരില്ല, മരുന്നുകളാണല്ലോ മനുഷ്യന്‍റെ ലൈഫ്സ്പാന്‍ ഉയര്‍ത്തിയത്'

'സാറേ, മരുന്നുകള്‍ കൊണ്ട് കാലനില്ലാത്ത കാലം ഉണ്ടാവുമെന്ന് ചരിത്രം പഠിപ്പിക്കുന്ന എനിക്കുതോന്നുന്നില്ല. ദൈവത്തിന്‍റെ കണക്കെഴുത്തുകാരനെപ്പോലെ ചരിത്രപുരുഷന്മാരുടെ ജനനവും മരണവും രേഖപ്പെടുത്തി കുട്ടികളെ പഠിപ്പിച്ച ഞാന്‍ എന്‍റെ മരണത്തെക്കുറിച്ചുമാത്രം ചിന്തിച്ചില്ല. എന്നാല്‍ ഇപ്പോഴങ്ങനെയല്ല, ജനനമുള്ള എല്ലാവര്‍ക്കും മരണമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സാറിന്‍റെ അറിവുവെച്ച് എന്‍റെ അവയവങ്ങള്‍ക്ക് കേടില്ലാത്ത മരുന്നെഴുണമെന്നേ പറഞ്ഞുള്ളൂ.'

'അവയവങ്ങള്‍ക്ക് കേടില്ലാത്ത മരുന്ന്!'

പോക്കറിന്‍റെ മനസ്സില്‍ ഇത് മാറ്റൊലികൊണ്ടു. ഒരവയവത്തിനും കേടില്ലാത്ത മരുന്ന് പലപ്പോഴും ഒരു സങ്കല്പമാണ്. ആ സങ്കല്പത്തിന്‍റെ സാഫല്യത്തിനായി യൂറോപ്പുമുഴുവന്‍ തെണ്ടിയ ആളാണ്‌ പാരാസെല്‍ഷസ്. ബാസൽ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി, പിന്നീട് വിയന്നയിലേക്ക് മാറി, ഫെറാറ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഹിപ്പോക്രാറ്റിസും ഗാലനും റാസിയും ഇബ്നുസീനയുമൊക്കെയെഴുതിയ ഗ്രന്ഥങ്ങള്‍ കലക്കിക്കുടിച്ചു. എന്നിട്ടും തൃപ്തനായില്ല. തനിക്കുവേണ്ട അറിവ് പുസ്തകങ്ങളിലോ ഫാക്കൽറ്റികളിലോ കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ യാത്രയാരംഭിച്ചു. അലഞ്ഞുതിരിയലുകൾ അദ്ദേഹത്തെ ഇറ്റലിയിൽ നിന്ന് ഫ്രാൻസ്, സ്പെയിന്‍, പോർച്ചുഗല്‍, ഇംഗ്ലണ്ട്, ജർമനി, പോളണ്ട്, റഷ്യ, ഹംഗറി, ക്രൊയേഷ്യ, റോഡ്‌സ്, കോൺസ്റ്റാന്റിനോപ്പിൾ..... അങ്ങനെ പല നാടുകളിലുമെത്തിച്ചു. ഈ യാത്രകളില്‍ പലതും ചെയ്തു. സൈനികശസ്ത്രക്രിയാവിദഗ്ധനായി ജോലിനോക്കി. യുദ്ധങ്ങളിലേര്‍പ്പെട്ടു. ജീവിക്കാനായി വേറെയും പണികള്‍ ചെയ്തു. അവയ്ക്കിടയില്‍ അന്വേഷണം തുടര്‍ന്നു. അവസാനം ബോധോദയമുണ്ടായി- എല്ലാം മരുന്നും വിഷമാണ്; പക്ഷേ അളവിലാണ് കാര്യം.
'എന്തായി സാറേ... എന്‍റെ കാര്യം?'

രോഗിയുടെ ചോദ്യം കേട്ടാണ് പോക്കര്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.

'അധികമായാല്‍ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലേ?'

'ഉണ്ട്'

'അതുതന്നെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അല്പമായാല്‍ വിഷവും അമൃതാണെന്നുവരും.' 

'അപ്പോഴെന്‍റെ കിഡ്നിയും ലിവറും?'

'കിഡ്നി, ലിവര്‍, ഹാര്‍ട്ട്, ലങ്ഗ്സ് ഇവയ്ക്കൊക്കെയിടയില്‍ നമുക്കൊരു സമദൂരസിദ്ധാന്തം കൈക്കൊള്ളാം'

Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Medical Renaissance, Body and Soul.

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25

Post a Comment