Join Whatsapp Group. Join now!
Aster MIMS 10/10/2023

ആയിരത്തിയൊന്ന് രാവുകള്‍

One thousand and one nights
അതിജീവനം
- ഇന്ദ്രജിത്ത്
അധ്യായം 19


ബോധി വൃക്ഷത്തില്‍ നിന്ന് ഹിറാ ഗുഹയിലേക്കുള്ള ദൂരമെത്രയാണെന്ന ചോദ്യം പോക്കറിനെ അലട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്നെന്ന് സുഹ്റ മജീദിനോട് പറഞ്ഞതുപോലെ പിന്നീടുണ്ടായ പല ചോദ്യങ്ങളും ഈ ചോദ്യത്തില്‍ ലയിച്ചുകൊണ്ട് ഇതിനെ വലിയൊരു ചോദ്യമാക്കുകയായിരുന്നു. ഇതിന്റെ തന്നെ തുടര്‍ച്ചയാണോയെന്നറിയില്ല, ടോളമിയില്‍ നിന്ന് ഇബ്‌നുല്‍ ഹൈത്തമിലെക്കുള്ള ദൂരമെത്രയാണെന്ന മറ്റൊരു ചോദ്യം കൂടി ഈയിടെയായി മനസ്സില്‍ ഓടിക്കളിക്കുന്നുണ്ട്.'ഒരു ജീവിയുടെ വിശപ്പടക്കാന്‍ മറ്റൊരു ജീവിയെ കൊന്നുതിന്നുന്ന പ്രകൃതിനിയമം ക്രൂരമല്ലേ?'

കൃഷ്ണകുമാറിന്റെ ചോദ്യം പുതിയതല്ല. ഈയിടെ അതുകേട്ടത് ആനിമല്‍ ഹൗസിലെ ഗോപാലനില്‍ നിന്നാണ്. അതിനുമുമ്പ് ചാര്‍വാകസരണിയിലെ മാഷ്, ഫാദര്‍ ജോണ്‍ ജോസഫ് തെച്ചിപ്പറമ്പിലിനോട് ചോദിച്ചതും ഇതേ ചോദ്യമാണ്. തലമുറകളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ചോദ്യം. ആരാണ് ആദ്യം ചോദിച്ചന്നറിയില്ല, ബുദ്ധന്‍ ബോധിവൃക്ഷച്ചുവട്ടിലേക്കും മുഹമ്മദ് നബി ഹിറാ ഗുഹയിലേക്കും പോയത് ഇത്തരത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരമന്വേഷിച്ചായിരുന്നു.

വീക്ക്-ലി ഓഫാണെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊജക്ടിന്റെ വര്‍ക്കുകള്‍ ചെയ്യാമെന്നുകരുതി ലാപ്‌ടോപ്പ് തുറന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഗൈഡ്-ലൈന്‍ ഫോര്‍ യൂസ് ഓഫ് ലബോറട്ടറി ആനിമല്‍സ് ഇന്‍ മെഡിക്കല്‍ കോളേജസിന്റെ പീഡീയെഫ് ഡൗണ്‍ലോഡ് ചെയ്തുവെച്ചത് വായിക്കുകയായിരുന്നു. പരീക്ഷണമൃഗത്തിന് ഭക്ഷണവും വെള്ളവും സ്വാഭാവികമായ വിഹാരത്തിനുള്ള സൗകര്യവും ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ഭാഗം കണ്ടപ്പോള്‍ മൃഗങ്ങളെ എങ്ങനെ ഹലാല്‍ ആയ രീതിയില്‍ അറുക്കാമെന്നതിനെക്കുറിച്ചുള്ള മന്‍സൂറിന്റെ പഴയൊരു ഖുത്തുബ ഓര്‍മ്മയില്‍ വന്നു. അറവുമൃഗത്തിന് വെള്ളം കൊടുക്കണമെന്ന്, ഫിഖ്ഹിന്റെ കിതാബുകളെ ഉദ്ധരിച്ചുകൊണ്ട്, അവന്‍ പറഞ്ഞതും ഇവയൊക്കെയാണ്. മനുഷ്യര്‍ തങ്ങളെ പോറ്റിവളര്‍ത്തുന്നത് സ്വന്തം ആവശ്യത്തിനായി കൊല്ലാനാണെന്ന് പരീക്ഷണശാലയിലെയും ഇറച്ചിക്കടയിലെയും സാധുജീവികള്‍ക്കറിയില്ലല്ലോ. മന്‍സൂറിന്റെ പഴയ ഖുത്തുബയെക്കുറിച്ചുള്ള ചിന്ത ഈയാഴ്ചത്തെ ഓണ്‍ലൈന്‍ ഖുത്തുബ കേട്ടിട്ടില്ലല്ലോയെന്ന ഓര്‍മ്മയിലേക്കുനീങ്ങി. ഡ്യൂട്ടിക്കിടയില്‍ ഒന്നും സാധിക്കണമെന്നില്ല. 

ജുമുഅ ഓര്‍മ്മയില്‍ വരുന്നത് പല രീതിയിലാണ്. പരിയാരത്തായിരുന്നപ്പോള്‍ ദിവസവും വീട്ടില്‍ നിന്ന് പോവാറായിരുന്നു പതിവ്. അതിരാവിലെയിറങ്ങും. കൊങ്കണ്‍ റെയില്‍വേയ്ക്ക് അനുബന്ധമായി മംഗലാപുരത്തുനിന്ന് ഇങ്ങോട്ടുള്ള റെയില്‍പാതയുടെ ഇരട്ടിപ്പിക്കലും ഓവര്‍ബ്രിഡ്ജുളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ലാതിരുന്നതിനാല്‍ എവിടെയെങ്കിലും ലെവല്‍ ക്രോസ്സില്‍ വണ്ടി നിര്‍ത്തിയിടേണ്ടിവരും. മിക്കവാറും അത് നീലേശ്വരത്തായിരിക്കും. കാഞ്ഞങ്ങാട്ടും ചെറുവത്തൂരുമുള്ള തിയേറ്ററുകളിലോടുന്ന സിനിമകളുടെയെല്ലാം പോസ്റ്ററുകള്‍ അവിടത്തെ പീടികച്ചുവരുകളില്‍ പതിച്ചിട്ടുണ്ടാകും. ആറുദിവസം കണ്ടതില്‍ നിന്ന് വ്യത്യസ്തമായ പോസ്റ്റ്‌റുകള്‍ കാണുന്ന ദിവസമായതിനാല്‍ തന്നെ വെള്ളിയാഴ്ചയാണെന്ന ബോധം മനസ്സില്‍ വരും. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചുകൊടുത്ത സമയക്രമത്തിലുള്ള വ്യത്യാസവും ജുമുഅ ഓര്‍മ്മപ്പെടുത്താന്‍ പര്യാപ്തമാണ്. വെള്ളിയാഴ്ചത്തെ ഓപ്പി മറ്റൊരാള്‍ക്കായതിനാല്‍ വലിയ തടസ്സങ്ങളില്ല. പക്ഷേ, ലോക്ക്‌ഡൗണ്‍ ആയതോടുകൂടി എല്ലാം താളംതെറ്റി. ഖുത്തുബ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കാമെന്ന സൗകര്യം ഉള്ളതിനാല്‍ തന്നെ അക്കാര്യം ഭാര്യയെ ഏല്പിക്കും. താമരശ്ശേരിയില്‍ റോഡിന് കുറുകെ ചാടിയ പന്നിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്തിനിടയില്‍ അപകടമുണ്ടായി പരിക്കേറ്റ ഖത്തീബ് മന്‍സൂര്‍ ആശുപത്രി ബെഡ്ഡില്‍ വെച്ചാണ് ഇപ്രാവശ്യത്തെ ഖുത്തുബ അപ്-ലോഡ് ചെയ്തത്. 

ഖുത്തുബ കേട്ട് പകുതിയായപ്പോള്‍ കൃഷണകുമാര്‍ വിളിച്ചു. പോക്കര്‍ ആരോഗ്യസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേര്‍ന്നതിനുശേഷം കൃഷണകുമാറിന്റെ വിളി കൂടുതലാണ്. ചാര്‍വാകസരണി എതെങ്കിലും ഒരു പണിയേല്പിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഹിസ്റ്ററി ഓഫ് മെഡിസിന്റെ ഭാഗമായി സമാന്തരവൈദ്യസമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കാനുള്ളതിനാല്‍ അവന്റെ പ്രസംഗങ്ങള്‍ക്ക് ആവശ്യമുള്ള പലതും ചോദിച്ചറിയാനുണ്ടാവും. ഇപ്പോള്‍ പ്രമോഷന്റെ വക്കിലാണ് കൃഷ്ണകുമാര്‍. ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെന്ന നിലയില്‍ ആദ്യം കിട്ടിയ, സമാന്തരവൈദ്യസംപ്രദായങ്ങയങ്ങളെ തെറിവിളിക്കുന്ന തസ്തികയില്‍ നിന്ന് ചാര്‍വാകസരണിയുടെയും ഡിങ്കമതത്തിന്റെയുമൊക്കെ ശ്രീകോവില്‍ എന്നു പറയാവുന്ന ദൈവഖണ്ഡനത്തിലേക്കുള്ള സ്ഥാനക്കയറ്റം.

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളാണ് കൃഷ്ണകുമാറിന്റെ ഓരോ ഫോണ്‍കോളും സമ്മാനിക്കുന്നത്. അവയൊന്നും പുതിയതല്ലെങ്കിലും തലമുറകളായി മനുഷ്യര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയ്ക്കിടയില്‍ മതങ്ങളും ദര്‍ശങ്ങളും ഉടലെടുത്തു. അവ, ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയായിരുന്നോ, അതല്ല, ഉത്തരമില്ലെന്ന് കണ്ടെത്തുകയായിരുന്നോയെന്നറിയില്ല.

ഒരു ചോദ്യവും ചോദിക്കാതെ നന്നായി പഠിച്ച് എം ബി ബി എസ് പാസ്സായ ആളാണ് കൃഷ്ണകുമാര്‍. ഈയിടെ ഇതുപോലുള്ള ഒരു ഉദാഹരണം പറഞ്ഞത് മൂര്‍ത്തിമാഷാണ്. മാഷിന്റെ പെങ്ങളുടെ മകന്‍ ഹയര്‍ സെക്കൻഡറി വരെ ടോപ്പറായിരുന്നു. നല്ല റാങ്കില്‍ ഐ ഐ ടിയില്‍ അഡ്മിഷന്‍ കിട്ടി. അവിടെവെച്ച് ഏതോ പ്രഭാഷണം കേട്ടതായിരുന്നു. പിന്നീട് ചോദ്യങ്ങളും അവയുടെ ഉത്തരം തേടലും. ടെക്സ്റ്റ് ബുക്കുകളില്‍ നിന്നകന്നു. അവസാനം പഠനം നിര്‍ത്തി തിരിച്ചുവന്നു. പക്ഷേ, കൃഷ്ണകുമാര്‍ സ്വന്തം ജീവിതം വിട്ടുകളിക്കില്ലെന്നുറപ്പാണ്. ഗവണ്മെന്റ് സര്‍വീസിലാണ്. വീക്ക്-ലി ഓഫ് ദിനങ്ങളിലെ ഒരു വിനോദമാണ് പ്രസംഗകലയെന്നതിനാല്‍ തന്നെ ജോലി താറുമാറാകുമെന്ന ഭയം വേണ്ട. കൊറോണക്കാലമായതോടുകൂടി ഓടിനടന്നുള്ള പ്രഭാഷണങ്ങള്‍ക്കുപകരം ഓണ്‍ലൈന്‍ പരിപാടികളാണ്. അതിനിടയില്‍ കുടുംബജീവിതം തകരാതെ നോക്കിയാല്‍ മതി.

'സ്പീഷീസുകള്‍ തമ്മില്‍ അതിജീവനത്തിനായി നടത്തിയ പോരാട്ടത്തില്‍ മനുഷ്യന്‍ മുന്നിലെത്തിയെങ്കില്‍ അതിനര്‍ഥം മറ്റുള്ള ജീവികളെ കൊന്നുതിന്നുന്നതിലും അവന്‍ മുന്നിലെത്തിയെന്നുതന്നെയാണ്,'

അവന്‍ പറയുന്നതിലും കാര്യമുണ്ടെന്ന തോന്നല്‍ പോക്കറിനുണ്ട്. ഒരു ജീവി സാധാരണഗതിയില്‍ ഭക്ഷിക്കുക, അതിനെക്കാള്‍ ശക്തികുറഞ്ഞ ജീവികളെയാണ്. അങ്ങനെയല്ലാത്ത ചുരുക്കം ചില സാഹചര്യങ്ങളും ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സംഘശക്തി ഇരതേടുന്നതിനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനും സഹായിക്കാം. എസ്‌കിമോക്കള്‍ തിമിംഗലത്തെ ആക്രമിക്കുന്നത് കൂട്ടമായാണെന്ന് കേട്ടിട്ടുണ്ട്. മനുഷ്യര്‍ അതിജീവനത്തിന്റെ തുടക്കത്തില്‍ കാടിന് തീയിട്ടതും കൂട്ടമായായിരുന്നു. ഭക്ഷണം മാത്രമല്ല, ജീവന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാനും അതുവഴി സാധിച്ചു. മാത്രമല്ല, മറ്റൊന്നുകൂടി ലഭിച്ചു. ഇത്തരത്തില്‍ വെന്ത മാംസം കഴിക്കാന്‍ തുടങ്ങിയതിനുശേഷമാണ് മനുഷ്യന്റെ മസ്തിഷ്‌കം വികസിച്ചതും അതുവഴി പ്രകൃതിയെ കീഴ്‌പെടുത്താനുള്ള കഴിവ് ലഭിച്ചതുമെന്ന ഹൈപ്പോതിസീസുകള്‍ക്ക് സ്വീകാര്യത കൂടിവരുന്നുണ്ട്.

ചാര്‍വാകസരണിയുടെ അടുത്ത വെബിനാറില്‍ മതരഹിതധാര്‍മികതയെക്കുറിച്ചാണ് കൃഷ്ണകുമാറിന് സംസാരിക്കാനുള്ളത്. മുമ്പത്തെ പരിപാടികളില്‍ ആരോഗ്യസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ നിന്നുകിട്ടിയ പല വിവരങ്ങളും പറഞ്ഞുകൊടുത്തതാണ്. പക്ഷേ, ഇത്തവണ നിസ്സഹായനാണ്. പോക്കര്‍ നിരീശ്വരവാദിയല്ലെന്നതുമാത്രമല്ല, വിഷയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നതും കാരണമാണ്. 

'ബോധിവൃക്ഷത്തില്‍ മുള്ളുകള്‍ ഇല്ലെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്',

വിഷയവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ അത്യാവശ്യം ഹോംവര്‍ക്ക് നടത്തിയിട്ടുണ്ടെന്ന് അവന്റെ സംസാരത്തില്‍ വ്യക്തമാണ്,

'മധ്യമപാതയെക്കുറിച്ച് വാചാലരായവരാണ് കൂടുതല്‍ കപടന്മാര്‍'.

കൃഷ്ണകുമാറിന്റെ ഈ വാദം ഉള്‍ക്കൊള്ളാന്‍ പോക്കറിന് പ്രയാസമായിരുന്നു. അതവന്‍ വ്യക്തമാക്കുകയും ചെയ്തു,

'അതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല.'

'തീവ്രമായ ആത്മീയവാദം മുഴക്കിയവര്‍ക്ക് അതിലെങ്കിലും വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ മാധ്യമപാത പിന്തുടരുന്നുവെന്നവകാശപ്പെട്ടവര്‍ ഒരേ സമയം രണ്ടുതോണികളില്‍ കാലെടുത്തുവെച്ചവരാണ്'

'എനിക്കൊന്നും മനസ്സിലാവുന്നില്ല, കേട്ടോ'

'ഐതിഹ്യകഥാപാത്രങ്ങളല്ല, ചരിത്രപുരുഷന്മാരാണ് എന്നതിനപ്പുറം ബുദ്ധനും മുഹമ്മദ് നബിയും തമ്മിലുള്ള പ്രധാനപ്പെട്ട സാമ്യത പറയാനാവുമോ?'

'ഇല്ല'

'രണ്ടുപേരും മധ്യമമാര്‍ഗത്തിന്റെ വക്താക്കളായിരുന്നു'

'രണ്ടുപേര്‍ക്കിടയില്‍ വ്യത്യാസങ്ങളില്ലെന്നാണോ പറഞ്ഞുവരുന്നത്?'

'ഉണ്ട്, കാലികമായ വ്യത്യാസങ്ങള്‍, മതങ്ങള്‍ പൊള്ളയാണെന്ന് ഞാന്‍ പറയുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്'

'കാലികമായ വ്യത്യാസങ്ങളുടെ പേരില്‍ എങ്ങനെയാണ് മതങ്ങള്‍ പൊള്ളയാണെന്ന് പറയുക?'

'ഞാന്‍ കഴിഞ്ഞ സമ്മറില്‍ ലഡാക്കില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ നിനക്ക് വാട്‌സ് ആപ്പ് ചെയ്യാം, മുസ്ലിംകള്‍ നടത്തുന്ന ഇറച്ചിക്കടയില്‍ നിന്ന് ബൗദ്ധന്മാര്‍ യാക്കിന്റെ മാംസം വാങ്ങുന്ന ദൃശ്യം.'

'അവരുടെ സന്യാസിമാര്‍ ചിക്കന്‍ കഴിക്കുന്നത് ഞാന്‍ ബൈലക്കൂപ്പെയില്‍ കണ്ടിട്ടുണ്ട്.'

'അതെ, അവരെല്ലാം കഴിക്കും. ഒന്നിനെയും കൊല്ലില്ലെന്നുമാത്രം.'

'അതെങ്ങനെ?'

'ലഡാക്കില്‍ മുസ്ലിംകള്‍ അവര്‍ക്ക് യാക്കിനെ അറുത്തുകൊടുക്കും, ഒന്നാം തരം കള്‍ച്ചറല്‍ സിംബയോസിസ്'

'ഇപ്പറഞ്ഞ മുസ്ലിംകള്‍ ഉണ്ടായത് പിന്നെയല്ലേ?, അതിനുമുമ്പെങ്ങനെയായിരുന്നു?'

'അതാണ് ഞാന്‍ പറഞ്ഞുവരുന്നത്, ഇവയൊക്കെ പൊള്ളയാണെന്ന്. ബുദ്ധന്‍ അഹിംസ പറഞ്ഞു, മാംസം കഴിക്കുന്നതിനെ വിലക്കിയുമില്ല. അനുയായികള്‍ ഇതില്‍ നിന്ന് കൊല്ലരുതെന്നും തനിയെ ചത്ത മൃഗത്തിന്റെ മാംസം കഴിക്കാമെന്നും മനസ്സിലാക്കി, മൃഗങ്ങള്‍ തനിയെ ചാവുന്നത് മിക്കപ്പോഴും രോഗം പിടിപെട്ടാണ്. ഇതുമനസ്സിലാക്കിയ മുഹമ്മദ് നബി തനിയെ ചത്ത മൃഗത്തിന്റെ മാംസം കഴിക്കരുതെന്നും അറുത്താല്‍ മാത്രമേ ഹലാലാവൂ എന്നും പറഞ്ഞു.'

'അതിലെന്താണ് പൊള്ളയായി ഉള്ളത്?'

'മതങ്ങള്‍ പൊള്ളയാണ്. എല്ലാം, മനുഷ്യരുടെ അനുഭവപാഠങ്ങള്‍, ബുദ്ധന്‍ ജനിച്ച് ഏതാണ്ട് ഒരു സഹസ്രാബ്ദം കഴിഞ്ഞാണ് മുഹമ്മദ് നബി ജനിച്ചത്. ശരിക്കുപറഞ്ഞാല്‍ ട്രയല്‍ ആൻഡ് എറര്‍ മെത്തേഡാണിത്. ഒരാളുടെ കാലം കഴിഞ്ഞ് ഒരു സഹസ്രാബ്ദക്കാലത്തിലൂടെ തെറ്റാണെന്ന് ബോധ്യമായത് മറ്റൊരാള്‍ തിരുത്തുന്നു. അങ്ങനെയല്ലെങ്കില്‍ ചത്ത മാംസം തിന്നരുതെന്ന് സ്വന്തം അനിയായികളോട് കല്പിക്കാന്‍ ദൈവത്തിന് ബുദ്ധനെ പ്രേരിപ്പിക്കാമായിരുന്നില്ലേ?'

'നിരീശ്വരവാദിയായ ബുദ്ധനെ ദൈവം എങ്ങനെ പ്രേരിപ്പിക്കും?'

'അതുശരി; ബൗദ്ധദര്‍ശനം നാസ്തികമാണെന്ന് കേട്ടിട്ടുണ്ട്, അല്ലേ? നാസ്തികമെന്നാല്‍ വേദത്തെ അംഗീകരിക്കാത്തത് എന്നാണര്‍ഥം. നാസ്തികോ വേദനിന്ദകഃ എന്നാണ് മനുസ്മൃതി പറഞ്ഞത്. ബുദ്ധന്‍ കള്ളനാണെന്ന് രാമായണത്തില്‍ ശ്രീരാമനും പ്രസ്താവിക്കുന്നുണ്ട്. വേദങ്ങളെയും വര്‍ശ്രണാമധര്‍മത്തെയും അംഗീകരിക്കാത്ത ബുദ്ധനെ വര്‍ണാശ്രമധര്‍മം പാലിക്കാനായി ശംബൂകന്‍ എന്ന ശൂദ്രന്റെ തലയറുത്ത ശ്രീരാമന്‍ കള്ളനെന്നുവിളിക്കുക സ്വാഭാവികമാണല്ലോ.'

'ബുദ്ധന്‍ വേദങ്ങളെ മാത്രമല്ല, ദൈവത്തെയും അംഗീകരിക്കാത്ത ആളാവാമല്ലോ?'

'ദൈവത്തെ അംഗീകരിക്കാത്ത ആള്‍! അനുരാധനോദ് അദ്ദേഹം ചോദിച്ചത് ഈ ലോകത്തിലെ ജീവന്‍ പോലും കാണാന്‍ സാധിക്കാത്ത നിനക്കെങ്ങനെ പരലോകത്തിലെ കാര്യം പറയാനാവുമെന്നാണ്'.

കൃഷ്ണകുമാറുമായുള്ള ഫോണ്‍ സംഭാഷണം അവസാനിച്ചതിനുശേഷവും മന്‍സൂറിന്റെ ഖുത്തുബ തുടര്‍ന്നു, ഫോണ്‍ അറ്റന്റ് ചെയ്യാന്‍ വേണ്ടി അതിനെ മ്യൂട്ട് ചെയ്തതായിരുന്നു. തിരിച്ച് അണ്‍മ്യൂട്ട് ചെയ്യാതെ അല്പനേരം ശ്രദ്ധിച്ചാലോയെന്ന് തോന്നി. ശബ്ദമില്ലാത്തപ്പോള്‍ ഖത്തീബിന്റെ ശരീരഭാഷ നന്നായി കമ്യൂണിക്കേറ്റ് ചെയ്യുന്നു. മുഖഭാവങ്ങളും കൈകളുടെ ആംഗ്യങ്ങളുമൊക്കെ കൂടുതലായി ശ്രദ്ധയില്‍പെടുന്നുണ്ട്. എവിടെയോ ഒരു സുനീഷ് സാര്‍ ഇഫക്ട്. രണ്ടുപേരുടെയും ശബ്ദം വ്യത്യസ്തമാണ്. പക്ഷേ, ശരീരഭാഷയില്‍ ഒരുപാട് സമാനതകളുണ്ട്. മന്‍സൂറിന്റെ താടി നരച്ചിട്ടില്ല, സാറിന്റെ താടിയില്‍ കറുത്ത രോമങ്ങള്‍ക്കൊപ്പം കുറച്ച് വെളുത്ത രോമങ്ങളുണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ. സ്വതസിദ്ധമായ ചെറിയ ചിരിയോടുകൂടി ബാഗ്ദാദ് എന്നുച്ചരിക്കുമ്പോള്‍ സാറിന്റെ മുഖത്തെ വെട്ടിയൊതുക്കിയ താടിരോമങ്ങളുടെ ചരിവിലുണ്ടാകുന്ന വ്യത്യാസമാണ് ഒര്‍മ്മയില്‍ വരുന്നത്. 

അത് മനസ്സില്‍ പതിയാന്‍ കാരണമുണ്ട്. ആരോഗ്യസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മുമ്പുതന്നെ പല വഴികളിലൂടെ ആ പദം കേട്ടിട്ടുണ്ട്. പത്രം വായിക്കാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഉമ്മപറഞ്ഞ കഥകളില്‍ ആ സ്ഥലനാമമുണ്ടായിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പത്രം വായിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും അതൊരു ശീലമായി മാറിയത് നാലാം ക്ലാസ്സിലെത്തിയപ്പോഴാണ്. ഇറാന്‍ - ഇറാഖ് യുദ്ധം തുടങ്ങിയ വര്‍ഷമായതിനാല്‍ അക്കാലത്തെ പത്രവാര്‍ത്തകളില്‍ ഏറ്റവും കൂടുതലായി കണ്ട സ്ഥലനാമങ്ങളിലൊന്ന് ബഗ്ദാദും രണ്ടാമത്തേത് ടെഹ്‌റാനുമായിരുന്നു. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ, ബാഗ്ദാദിന്റെ മറ്റൊരു ചിത്രം വരച്ചുകാട്ടിയത് എട്ടാം ക്ലാസ്സില്‍ ഇംഗ്ലീഷും സാമൂഹ്യപാഠവും പഠിപ്പിച്ച ജാനമ്മട്ടീച്ചറായിരുന്നു.

ഉമ്മയുടേത് പരമ്പരാഗതമായി കേട്ട ബഗ്ദാദായിരുന്നു. അതില്‍ ബകാരത്തിന്  ദീര്‍ഘമുണ്ടായിരുന്നില്ല. മാത്രമല്ല, ഘര്‍ഷിയായാണ് ഗ ഉച്ചരിച്ചത്. ജാനമ്മട്ടീച്ചറുടെയും സുനീഷ് സാറിനെയും ഉച്ചാരണം ഇംഗ്ളീഷ് രീതിയിലായിരുന്നു. ടീച്ചര്‍ അല്പം പോലും ചിരിക്കാതെ ഗൗരവത്തോടെയും സാറ് ചെറിയ ചിരിയോടെയും അതുച്ചരിച്ചു.

ഷഹര്‍സാദ് രാജാവിന് മന്ത്രികുമാരി കഥകള്‍ പറഞ്ഞുകൊടുത്ത ആയിരത്തൊന്ന് രാവുകളെക്കുറിച്ചാണ് ജാനമ്മട്ടീച്ചര്‍ പറഞ്ഞത്. അതിലെ ടീച്ചര്‍ പറയാത്ത ഭാഗങ്ങള്‍ ബാലമാസികകളിലും അമര്‍ചിത്രകഥകളിലുമൊക്കെയായി വായിച്ചെടുത്തു. കഥാകഥനത്തിന്റെ ഉറങ്ങാത്ത രാവുകല്‍. സുനീഷ് സാറ് പറഞ്ഞതും ഉറങ്ങാത്ത രാവുകളുടെ കഥയായിരുന്നു. ബൈത്തുല്‍ ഹിക്മയിലെ വിളക്കുകള്‍ അണയാത്ത രാവുകള്‍. മാനവരാശിയെ ആധുനികതയിലേക്ക് നയിച്ച അന്വേഷണങ്ങളുമായി അവിടെ ഗ്രന്ഥങ്ങളും മസ്തിഷ്‌കങ്ങളും പരസ്പരം ആലിംഗനം ചെയ്തു; ആ അനുരാഗം സുരതക്രിയയിലേക്കുനീങ്ങിയപ്പോള്‍ പരീക്ഷണശാലകളില്‍ പുതിയ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഗര്‍ഭം ധരിച്ചു.

കൃഷ്ണകുമാര്‍ പറഞ്ഞ കാപട്യം, അതാവുമോ മാനവസമൂഹത്തെ മുന്നോട്ടുനയിച്ചത്. മെഡിക്കല്‍ എന്റമോളജിയില്‍ റിസര്‍ച്ച് നടത്താന്‍ ആനിമല്‍ എന്നിക്‌സ് കമ്മിറ്റിയുടെ അനുവാദം ആവശ്യമുണ്ടോയെന്ന പീജി സ്‌കോളറുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറയാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ എന്തുകൊണ്ട് ഇല്ല, എന്ന രണ്ടാമത്തെ ചോദ്യത്തിന് ഇതുവരെ ഉത്തരം കൊടുക്കാന്‍ പറ്റിയിട്ടില്ല. പല ചോദ്യങ്ങളും അങ്ങനെയാണ്. ചില ജീവികളെ കൊല്ലുന്നത് എത്തിക്‌സിന്റെ പരിധിയില്‍ വരും. ചിലതിന്റെ കാര്യത്തില്‍ എത്തിക്‌സ് വഴിമാറുന്നു.

കൊന്നും തിന്നുമൊക്കെത്തന്നെയാണ് ജൈവലോകം മുന്നോട്ടുനീങ്ങുന്നത്. ഭക്ഷ്യശൃംഖലയില്‍ നിന്ന് തെന്നിമാറാന്‍ ആര്‍ക്കുമാവില്ല. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് കണ്ടുപിടിക്കുന്നതിനുമുമ്പ് സസ്യഭോജനത്തില്‍ ഹിംസയില്ലെന്ന് കരുതിയിരുന്നു. ആ ധാരണ തെറ്റാണെന്ന് വന്നതോടുകൂടി ഹിംസയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന അവസ്ഥ വന്നു.

കൃഷ്ണകുമാറിന്റെ ഫോണ്‍വിളി, തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറഞ്ഞതുപോലുള്ള അനുഭവമാണ് പോക്കറിലുണ്ടാക്കിയത്. ബോധി വൃക്ഷത്തില്‍ നിന്ന് ഹിറാ ഗുഹയിലേക്കുള്ള ദൂരമെത്രയാണെന്ന ചോദ്യം ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. അതിന്റെ ഉത്തരം കിട്ടി. ലഡാക്കിലെ ഒരു ബൗദ്ധന്റെ വീടിനും തൊട്ടടുത്തുള്ള മുസ്ലിമിന്റെ ഇറച്ചിക്കടയ്ക്കുമിടയിലെ ദൂരം.

ഖുത്തുബയില്‍ മന്‍സൂര്‍ സ്‌ക്രീന്‍ ഷെയറിംഗ് തുടങ്ങിയിരിക്കുന്നു. ആയത്തുകളും ഹദീസുകളും ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും റഫറന്‍സുകളായി മിന്നിമറയുന്നു,

'ഇന്നീ ജാഇലുന്‍ ഫില്‍ അര്‍ദി ഖലീഫതന്‍...'

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി ആയാണത്രെ മനുഷ്യനെ സൃഷ്ടിച്ചത്. ഒരു ജീവിയെന്ന നിലയില്‍ അവന് ഭക്ഷ്യശൃംഖലയില്‍ നിന്ന് പുറത്തുപോകാനാവില്ല. പക്ഷേ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. ഇന്ന് ഐ സി എം ആറിന്റെ ഗൈഡ്-ലൈന്‍സ് ഫോര്‍ യൂസ് ഓഫ് ബോറട്ടറി ആനിമല്‍സ് ഇന്‍ മെഡിക്കല്‍ കോളേജസ് വരെ എത്തിനില്ക്കുന്നത് ആ ബാധ്യതയാണോ ?

എല്ലാം കൂടി പോക്കറിന്റെ മനസ്സില്‍ അവിയല്‍ രൂപത്തില്‍ കുഴഞ്ഞുമറിയുകയാണ്. ദൈവം എന്തുകൊണ്ട് ആദ്യം തന്നെ എല്ലാം പറഞ്ഞുകൊടുത്തില്ലെന്ന കൃഷ്ണകുമാറിന്റെ ചോദ്യം ന്യായമാണ്. തിരിച്ചുള്ള രീതിയാണ് കാണുന്നത്. ജൈനമതത്തിലെ തീര്‍ഥാങ്കരന്മാര്‍, ബുദ്ധമതത്തിലെ ജാതകകഥകള്‍, ഇസ്ലാമിലെ രിസാലത്ത് ....

ഇപ്പോള്‍ നിങ്ങള്‍ക്കിത് വഹിപ്പാനാവില്ലെന്നും അതുകൊണ്ട് സത്യത്തിന്റെ ആത്മാവ് വന്ന് സകലസത്യങ്ങളിലും വഴിനടത്തുമെന്നുമാണ് ബൈബിള്‍ പുതിയനിയമത്തില്‍ പറയുന്നത്. അപ്പോള്‍ മനസ്സിലാക്കാനുള്ള ശേഷിയില്ലാഞ്ഞിട്ടാണോ ആദ്യം പറഞ്ഞുകൊടുക്കാതിരുന്നത്? മനുഷ്യമസ്തിഷ്‌കത്തിന്റെയും നാഗരികതയുടെയുമൊക്കെ വികാസത്തിന്റെ ചരിത്രവഴികള്‍....

കൃഷ്ണകുമാര്‍ പറഞ്ഞതുപോലെ മാധ്യമമാര്‍ഗം ഒരു കാപട്യമാണോയെന്ന തോന്നല്‍ പോക്കറിനെയും ആകുലപ്പെടുത്തുന്നുണ്ട്. ബോധിവൃക്ഷച്ചുവട്ടില്‍ നിന്ന് ഹിറാഗുഹയിലെത്തുമ്പോള്‍ മധ്യമപാത കൂടുതല്‍ വ്യക്തമാവുകയായിരുന്നു.

ആത്മീയതയിലധിഷ്ഠിതമായ സാമ്പ്രദായിക മതസങ്കല്പങ്ങള്‍ക്ക് വിരുദ്ധമായ രീതയിലാണ് പല കാര്യങ്ങളിലും സൈകതഭൂവിലെ താപസന്‍ നീങ്ങിയത്. ഒരു കവിള്‍ കാണിച്ചാല്‍ മറ്റേതും കാണിച്ചുകാടുക്കുകയെന്ന ഉദ്‌ബോധനം നിലനിന്നിരുന്ന കാലത്ത് വാളെടുത്തുകൊണ്ട് ആത്മീയാചാര്യന്മാരുടെ സ്ഥിരംശൈലികളില്‍ നിന്ന് അദ്ദേഹം തിരിഞ്ഞുനടന്നു. ലൈംഗികത പാപമായി കരുതിയിരുന്ന ധാര്‍മികസങ്കല്പങ്ങള്‍ക്കിടയില്‍ ഭോഗാത്മകത ജീവിതചര്യയാക്കിയ അനുയായിവൃന്ദത്തെ വളര്‍ത്തിയെടുത്തു. മാംസഭോജനം നിഷിദ്ധമാക്കാത്ത അദ്ദേഹത്തിന്റെ മതം ഹിംസയെയും അഹിംസയെയും പുനര്‍നിര്‍വചിച്ചു. മതാചാര്യന്മാര്‍ എന്നറിയപ്പെടുന്നവര്‍ പൊതുവെ ആത്മീയതയുടെ വക്താക്കളായി മാറിയപ്പോള്‍ ആത്മീയതയും ഭൗതികതയും ചേര്‍ന്ന ഒരു ആശയസംഹിതയായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. കൃഷ്ണകുമാര്‍ പറഞ്ഞ കാപട്യത്തിന്റെ അങ്ങേയറ്റം.

ഒരു സഹസ്രാബ്ദത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ബോധിവൃക്ഷച്ചുവട്ടിലും ഹിറാഗുഹയിലും നീറിപ്പുകഞ്ഞത് ഒരേ തരത്തിലുള്ള വേദനയായിരുന്നു, ഒരു ജീവിയുടെ വിശപ്പിന്റെ വിളിയില്‍ ഇരയാകാന്‍ വിധിക്കപ്പെട്ട മറ്റൊരു ജീവിയുടെ വേദന. ബോധിവൃക്ഷച്ചുവട്ടില്‍ അതിന് ഉത്തരം ലഭിച്ചു.

'....സര്‍വം ക്ഷണികം ക്ഷണികം.....'

സിദ്ധാര്‍ത്ഥരാജകുമാരന്‍ അങ്ങനെ അപൂര്‍വവൈദ്യനായി, മനുഷ്യമനസ്സിന്റെ പരമമായ വ്യാധികള്‍ മാറ്റുന്ന അപൂര്‍വവൈദ്യന്‍.

ലുംബിനിയിലെ അപൂര്‍വവൈദ്യന്‍ സര്‍വം ക്ഷണികമെന്ന് പറഞ്ഞുനിര്‍ത്തിയ ഇടത്തിലാണ് മരുഭൂമിയിലെ അപൂര്‍വവൈദ്യന്‍ തുടങ്ങിയത്. ക്ഷണികജീവിതത്തില്‍ വേദനകളെയും ക്ഷണികമാക്കുക.

കോഴിയുടെ കരോട്ടിഡ് ആര്‍ട്ടറിയില്‍ നിന്ന് പിടിവിട്ടതിന്റെ പേരില്‍ ഉപ്പയില്‍ നിന്ന് കേള്‍ക്കേണ്ടിവന്ന ശകാരവാക്കുകളുടെ അര്‍ഥം പോക്കറിന് ഇപ്പോള്‍ പിടികിട്ടുന്നുണ്ട്. വേഗത്തിലുള്ള മരണം ഉറപ്പുവരുത്തിക്കൊണ്ട് അറവുമൃഗത്തിന്റെ വേദന പരമാവധി കുറച്ചുകൊടുക്കുകയാണ് വേണ്ടതെന്ന് മന്‍സൂറിന്റെ ഖുത്തുബകളില്‍ നിന്നാണ് മനസ്സിലായത്. ഹലാല്‍ ആയ അറവിന്റെ നിബന്ധനകളില്‍, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകളാണ് ഒരു വിഭാഗം. മൃഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പരാവധി ലഘൂകരിച്ചുകൊടുക്കുന്നതിനുള്ള ഉപായങ്ങള്‍ അടുത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കുട്ടികളെ അനാഥരാക്കിക്കൊണ്ട് തള്ളമൃഗത്തെ കശാപ്പുചെയ്യുന്നത് ഹലാല്‍ അല്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.

ലുംബിനിയില്‍ നിന്ന് മരുഭൂമിയിലെത്തുമ്പോള്‍ അപൂര്‍വവൈദ്യന്റെ സമീപനങ്ങളില്‍ സന്തുലനം, അഥവാ കൃഷ്ണകുമാര്‍ പറഞ്ഞ കാപട്യം, മറയില്ലാത്ത വിധം പ്രകടമാവാന്‍ തുടങ്ങി. മത-ആത്മീയാചാര്യന്മാര്‍ നടത്തിയതായി പറയപ്പെടുന്ന കുരുടന് കാഴ്ചയുണ്ടാക്കിക്കൊടുക്കുക, കുഷ്ഠരോഗിയുടെ കുഷ്ഠം മാറ്റുക തുടങ്ങിയ പ്രവൃത്തികള്‍ മരുഭൂമിയിലെ അപൂര്‍വവൈദ്യന്റെ പേരില്‍ കൂടുതലായി ഇല്ല. സ്വന്തം അസുഖം മാറാന്‍ പോലും അദ്ദേഹം വൈദ്യന്മാരെ സമീപിക്കുകയായിരുന്നു. ഹിജാമപോലുള്ള അന്നത്തെ ചികിത്സാപ്രക്രിയകളെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല.

'ലികുല്ലി ദാഇന്‍ ദവാ',

മന്‍സൂറിന്റെ പഴയൊരു ഖുത്തുബയിലെ ഉദ്ധരണിയാണ് പോക്കറിന്റെ മനസ്സില്‍ ഇപ്പോള്‍ വരുന്നത്. എല്ലാ രോഗങ്ങള്‍ക്കും ഭൗതികമായ പ്രതിവിധിയുണ്ട്. ഏതെങ്കിലും അസുഖത്തിന് മരുന്നില്ലാതിരിക്കുന്നുവെങ്കില്‍ അതിനര്‍ഥം പ്രകൃതിയില്‍ അതിനുള്ള പ്രതിവിധി മനുഷ്യന്‍ കണ്ടെത്തിയിട്ടില്ലെന്നതാണ്. ശാസ്ത്രവിഷയങ്ങളില്‍ അനുഭവങ്ങളിലൂടെയും പ്രകൃതിനിരീക്ഷണത്തിലൂടെയും നേടിയെടുത്ത അറിവിന് പ്രാധാന്യം നല്കുകയാണ് വേണ്ടത്. ഈന്തപ്പനയില്‍ കൃത്രിമപരാഗണം നടത്താന്‍ പാടുണ്ടോയെന്ന സംശവുമായി വന്ന അനുയായികളോട് മരുഭൂമിയിലെ അപൂര്‍വവൈദ്യന്‍ പറഞ്ഞത് ഇക്കാര്യത്തില്‍ എനിക്കല്ല, നിങ്ങള്‍ക്കാണ് പാണ്ഡിത്യം എന്നാണ്. 

കൃഷ്ണകുമാര്‍ പറഞ്ഞ കാപട്യത്തിന്റെ മറ്റൊരു ഉദാഹരണം. അവനുമായുള്ള സംസാരത്തിനിടയില്‍ അതുമായി ബന്ധപ്പെട്ട് മൂര്‍ത്തിമാഷ് കൂടെക്കൂടെ പറയാറുള്ള ഏതോ വാക്യം മറന്നതുപോലെ തോന്നിയിരുന്നു. പക്ഷേ, സംഭാഷണം കഴിഞ്ഞതിനുശേഷമാണ് അതിലെ വരികള്‍ കൃത്യമായി ഓര്‍മ്മയില്‍ വന്നത്.

'യദിഹാസ്തി തദന്യത്ര, മൂര്‍ത്തിമാഷ് കൂടെക്കൂടെ യന്നേഹാസ്തി ന തത് ക്വചിത്.'

എല്ലായ്‌പോഴും അതങ്ങനെയാണല്ലോ. പരീക്ഷയെഴുതുമ്പോള്‍ ഓര്‍മ്മയില്‍ വരാത്ത പല പോയിന്റുകളും അതുകഴിഞ്ഞ് മൂത്രപ്പുരയില്‍ കയറുമ്പോള്‍ തെളിഞ്ഞുവരും. മഹാഭാരതത്തെക്കുറിച്ചാണ് ആ വരിയെന്നാണ് മൂര്‍ത്തിമാഷ് പറഞ്ഞത്.

'ഇവിടെയുള്ളത് മറ്റുള്ള ഇടങ്ങളിലും കാണാം. പക്ഷേ, ഇവിടെയില്ലാത്ത് എവിടെയും കാണില്ല'

മതഗ്രന്ഥങ്ങളും മതാചാര്യന്മാരും പൂര്‍ണത വിളംബരം ചെയ്യുന്നത് ഇങ്ങനെയാണ്. എല്ലാ അറിവും ഇവിടെയുണ്ട്. നിങ്ങള്‍ പുറത്തുനിന്ന് ഒന്നും പഠിക്കേണ്ടെന്ന് സാരം. പക്ഷേ, മരുഭൂമിയിലെ അപൂര്‍വവൈദ്യന്‍ പറഞ്ഞത് പുറത്ത് ചൈനയില്‍ പോയിട്ടെങ്കിലും അറിവുനേടണമെന്നാണ്.

ലുംബിനിയിലെ അപൂര്‍വവൈദ്യന്‍ മാത്രമല്ല, മരുഭൂമിയിലെ അപൂര്‍വവൈദ്യനും മരിച്ചപ്പോള്‍ അനുയായികള്‍ തമ്മില്‍ തല്ലി. അസുഖം വന്നാല്‍ ദൈവത്തില്‍ അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ മറുഭാഗത്തിന് അത് ശരിയായി തോന്നിയില്ല. തന്റെ ഒട്ടകം ഓടിപ്പോകാതെ ദൈവം നോക്കിക്കോളുമെന്ന് പറഞ്ഞയാളോട് ആദ്യം ഒട്ടകത്തെ കെട്ടിയിടാന്‍ അപൂര്‍വവൈദ്യന്‍ നിര്‍ദേശിച്ച കാര്യം അവരുടെ പ്രമാണമായി. ഭൗതികമായ പ്രശ്‌നങ്ങള്‍ക്ക് ഭൗതികമായ പരിഹാരം ആരായാതെ പ്രാര്‍ഥിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന വീക്ഷണം പരക്കെ സ്വീകരിക്കപ്പെട്ടു. യവനവൈദ്യം അഥവാ യുനാനി തിബ്ബ് വൈദേശികമായതിനാല്‍ മതവിരുദ്ധമാണെന്ന വാദത്തിന്റെ മുനയൊടിക്കാന്‍ ചൈനയില്‍ പോയിട്ടെങ്കിലും അറിവുനേടണമെന്ന പ്രവാചകകല്പന പര്യാപ്തമായിരുന്നു. ആ കല്പന കേട്ട് വിശ്വാസികള്‍ വിശ്വനാഗരികതകളുടെ അവശിഷ്ടങ്ങളില്‍ ഇറങ്ങിത്തപ്പി. ആ തപ്പലില്‍ പലതും സംഭവിച്ചു.

അറിവിന്റെ എല്ലാ വാതായനങ്ങളും ബഗ്ദാദിലേക്ക് തുറക്കപ്പെട്ടു. അണയാത്ത വെളിച്ചത്തിന്റെ ഗേഹമായി ബൈത്തുല്‍ ഹിക്മ മാറി. അസ്സഫ്ഫാഹിന്റെ കാലം മുതല്‍ നിലനിന്ന സാംസ്‌കാരികമായ സഹിഷ്ണുത അതിന് സഹായകമായി. ബുഖ്തിശു കുടുംബത്തിന്റെയും ഗോന്ദീശാപൂര്‍ അക്കാദമിയുമൊക്കെ സഞ്ചിതജ്ഞാനങ്ങള്‍ ബൈത്തുല്‍ ഹിക്മയിലെ പുതുവെളിച്ചത്തില്‍ പുതിയ ചക്രവാളങ്ങള്‍ തേടി. ജിബ്രീല്‍ ഇബ്‌നു ബുഖ്തിശുവും യുഹന്നാ ഇബ്‌നുമസാവിയ്യയുമൊക്കെ പഴയ അറിവുകളെ പുതിയ വെളിച്ചത്തിലേക്ക് പകര്‍ന്നൊഴുക്കി. വസ്തുനിഷ്ഠത, സാര്‍വലൗകികത തുടങ്ങി പില്ക്കാലത്ത് സയന്‍സിന്റെ ഘടകങ്ങളായി കണക്കാക്കപ്പെട്ട ആശയങ്ങളില്‍ പലതും ഇക്കാലയളവില്‍ ഉദയം കൊണ്ടു. 

ലോകത്തെല്ലായിടത്തുമുള്ള ഗ്രന്ഥങ്ങള്‍ക്ക് ബഗ്ദാദിലെ ഗ്രന്ഥാലയത്തിലിടം നല്കാന്‍ അതിന്റെ സ്ഥാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു. പുതിയ ഗവേഷണത്തിന്റെ ആദ്യപടിയായ ബന്ധപ്പെട്ട സാഹിത്യങ്ങളുടെ അവലോകനം അഥവാ റിവ്യൂ ഓഫ് ലിറ്ററേച്ചര്‍ ബൈത്തുല്‍ ഹിക്മയില്‍ പുതിയ വെളിച്ചങ്ങള്‍ തേടി. യവനഭാഷയിലെയും ഹീബ്രുവിലെയും സുറിയാനിയിലെയും സംസ്‌കൃതത്തിലെയുമെല്ലാം അറിവുകള്‍ സംരക്ഷിക്കപ്പെട്ടു. ബര്‍മാകിഡ് കുടുംബാംഗങ്ങളിലൂടെയും മറ്റും ബൗദ്ധസംസ്‌കാരവും ഈ വിജ്ഞാനവിസ്‌ഫോടനത്തിന്റെ ഭാഗമായി മാറി. പേര്‍ഷ്യയിലെ സൊരാഷ്ട്രിയന്‍ മതപാരമ്പര്യത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് അലി ഇബ്‌നു അബ്ബാസ് അല്‍ മജൂസിയും പുതിയ വിജ്ഞാനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അദ്ദേഹത്തിന്റെ പേരിന്റെ അവസാനഭാഗം പാരമ്പര്യത്തിന്റെ വിളംബരമായി ചരിത്രകാരന്മാര്‍ ഉയര്‍ത്തിപ്പിടിച്ചു. പാഗന്‍, ജെന്റയില്‍ തുടങ്ങിയ മുദ്രകളോടെ മാറ്റിനിര്‍ത്തപ്പെട് ക്ലാസ്സിക്കല്‍ ഗ്രീക്ക്, റോമന്‍ ശേഷിപ്പുകള്‍ പുതിയ വെളിച്ചത്തില്‍ ലോകം കണ്ടു. 

സോക്രട്ടീസും പ്ലാറ്റോയും അരിസ്റ്റോട്ടിലും ഹിപ്പോക്രാറ്റിസും ഗാലനും ടോളമിയുമൊക്കെ സുഖ്‌റാത്തും അഫ്‌ലാതൂനും അരിസ്തുവെന്ന അരിസ്ഥാതുലിസും ബുഖ്‌റാത്തും ജാലിനൂസും ബത്-ലമിയൂസുമൊക്കെയായി പുനര്‍ജനിച്ചു. തമസ്‌കരിക്കപ്പെട്ട ലോകത്ത് അന്നുവരെയുണ്ടായിരുന്ന എല്ലാ നാഗരികതകളും വിജ്ഞാനങ്ങളും ബഗ്ദാദില്‍, ബൈത്തുല്‍ ഹിക്മയില്‍, സമ്മേളിച്ചുവെന്ന് ചുരുക്കം. പ്രാദേശികമായ ചെറിയ തുരുത്തുകളില്‍ ഒതുങ്ങിനിന്ന അറിവുകള്‍ സാര്‍വലൗകികവത്കരിക്കപ്പെട്ടു. ബൈത്തുല്‍ ഹിക്മയിലെ പരീക്ഷണനിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ അവയിലെ നെല്ലും പതിരും വേര്‍തിരിക്കപ്പെട്ടു. പുതിയ നിരീക്ഷണഗവേഷണങ്ങളിലൂടെ കണ്ടെത്തിയ അറിവുകളുടെ അടിസ്ഥാനത്തില്‍ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും ഒഴിവാക്കിക്കൊണ്ട് അവ പരിഷ്‌കരിക്കപ്പെട്ടു. ഈ പരിഷ്‌കരണങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഒതുങ്ങിനിന്നില്ല. ശാസ്ത്രപൂര്‍വകാഴ്ചപ്പാടുകളില്‍ നിന്ന് ശാസ്ത്രത്തിലേക്കുള്ള പ്രവാഹത്തില്‍ കാലത്തിനുനിരക്കാത്തവയെല്ലാം മുട്ടുകുത്തിവീണു. ഇറാഖിലെ ബസറയില്‍ ജനിച്ച് ഈജിപ്തില്‍ നല്ലൊരു കാലം ചെലവഴിച്ച് അവിടെ മരിച്ച അബൂ അലി അല്‍ ഹസന്‍ ഇബ്‌നുല്‍ ഹസന്‍ ഇബ്‌നുല്‍ ഹൈത്തം, കാഴ്ചയെയും പ്രകാശത്തെയും കുറിച്ച് അറിസ്റ്റോട്ടിലിന്റെ കാലം മുതല്‍നിലനിന്ന കാഴ്ചപ്പാടുകള്‍ തെട്ടാണെന്ന് കണ്ടെത്തി. ടോളമിയുടെ നിരീക്ഷണങ്ങളിലും ഒരുപാട് തെറ്റുകളുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമായി. അവ അശ്ശുകൂക് അലാ ബത്-ലമിയൂസ് എന്ന തലക്കെട്ടോടെ സ്വന്തം ഡയറിയില്‍ അദ്ദേഹം കുറിച്ചിട്ടു. നിരീക്ഷണപരീക്ഷങ്ങളുടെ പുതിയ രീതി സ്വീകരിച്ച അദ്ദേഹം ആധുനികനിര്‍വചനമനുസരിച്ച് മാനവചരിത്രത്തിലെ ഒന്നാമത്തെ സയന്റിസ്റ്റായി മാറി.

'ഖുതുബ, കേള്‍ക്കുന്നതിനുപകരം കാണുകയാണ്, അല്ലേ ? ഞാന്‍ കരുതി ശബ്ദം മ്യൂട്ട് ചെയ്ത് ഏതോ ഐറ്റം ഡാന്‍സ് കാണുകയാണെന്ന്',

മുറിയിലേക്ക് ഭാര്യ കടന്നുവന്നെങ്കിലും പോക്കര്‍ സ്ഥലകാലബോധം വീണ്ടെടുക്കാന്‍ പിന്നെയും വൈകി,

'ഞാന്‍ തടവറയിലാണ്?'

'തടവറയിലോ?'

'അതെ, കൈറോയില്‍ ഇബ്‌നുല്‍ ഹൈത്തമിന്റെ കൂടെ. ചെറിയൊരു സുഷിരത്തിലൂടെ വരുന്ന പ്രകാശം അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണില്‍ അത് വലിയൊരു പ്രകാശമായി മാറി. ആ പ്രകാശത്തില്‍ ഈ ലോകത്തുള്ള ഇരുട്ടുമുഴുവാന്‍ അലിഞ്ഞുപോയി.


Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, One thousand and one nights

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 18

സംക്രാന്തികള്‍ അധ്യായം 19

Post a Comment