സംക്രാന്തികള്‍

നോവല്‍
അതിജീവനം
- ഇന്ദ്രജിത്ത്

അധ്യായം 18

(www.kasargodvartha.com 17.10.2020) പോ നദിയിൽ ജലം പിന്നെയുമൊഴുകി. കാലവും ഒഴുകിക്കൊണ്ടിരുന്നു. ഒഴുക്കിനെതിരെ നീന്താൻ ആഗ്രഹിക്കുന്നവരാണല്ലോ ചരിത്രത്തിന്‍റെ ഗതി മാറ്റിനിർണയിക്കുന്നത്. അത്തരത്തിലുള്ള ഒരാളെ ജനിപ്പിക്കാനുള്ള ഭാഗ്യം പോ നദിക്കരയിലെ ക്രിമോണയ്ക്കു ലഭിച്ചു. ജെറാർഡ് ജനിച്ചത് ക്രിമോണയിലാണെങ്കിലും അയാളെ എന്നും സ്വന്തം മടിയിൽ താലോലിക്കാനുള്ള ഭാഗ്യം ആ നാടിന് ലഭിച്ചില്ല. ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ക്രിമോണയിൽ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവിടത്തെ ജീവിതം കൊണ്ട് ജെറാർഡ് തൃപ്തനല്ലായിരുന്നു. സ്വന്തം നാട്ടിലിരുന്നാൽ ചിന്താപരമായ മുരടിപ്പുണ്ടാകുമെന്ന് തോന്നി. ക്രിയാത്മകമായി ഒന്നും ചെയ്യാനാവുന്നില്ല. ധൈഷണികരംഗത്ത് പുതിയ ചലനങ്ങളൊന്നാം തന്‍റെ നാട്ടിൽ ഉണ്ടാവുന്നില്ലെന്ന തോന്നൽ അലട്ടാൻ തുടങ്ങിയിട്ട് കുറച്ചായി. അങ്ങനെയൊരു ദിവസം അവന്‍ നാടുവിട്ടു. സ്പെയിനിലെ ടൊലേഡോയിലേക്ക്. ഒന്നുമില്ലെങ്കിലും അൽ അന്ദലൂസിലെത്തിയാൽ നല്ല കുറച്ച് പുസ്തകങ്ങൾ വായിക്കാമല്ലോ. ഇറ്റലിയില്‍ നിന്ന് സ്പെയിനിലേക്ക് എളുപ്പവഴി കടലില്‍ കൂടിയാണ്. കപ്പലില്‍ കയറിയുള്ള ജെറാര്‍ഡിന്‍റെ യാത്ര സങ്കല്പിക്കാനാവുന്നില്ല. കാരണം, അങ്ങനെയൊരനുഭവം പോക്കറിനില്ലല്ലോ. ഉപ്പയുടെ ആദ്യകാലത്തെ സിങ്കപ്പൂര്‍ യാത്രകള്‍ കപ്പലിലായിരുന്നുവത്രെ. പിന്നീട് അതും വിമാനം വഴിയായി. വിമാനയാത്ര പോക്കറും നടത്തിയിട്ടുണ്ട്. കപ്പല്‍ യാത്രാനുഭവം ഇല്ലാതിരുന്നതിനാല്‍ ജെറാര്‍ഡിന്‍റെ യാത്ര മനസ്സില്‍ ആവിഷ്കരിക്കാനുള്ള പോക്കറിന്‍റെ ശ്രമം അംനീഷ്യ ബാധിച്ച മനോരോഗിയുടെ കണ്‍ഫാബുലേഷന്‍ പോലെയോ എവിടെ നിന്നെങ്കിലും കിട്ടിയ ഒന്നോ രണ്ടോ ഫോസിലിന്‍റെ അടിസ്ഥാനത്തില്‍ പരിണാശ്രേണിയിലെ അറ്റുപോയ കണ്ണികള്‍ കണ്ടെത്താനുള്ള ശ്രമം പോലെയോ ആണെന്ന് അവനുതന്നെ തോന്നി. എങ്കിലും ഉള്ളതുവെച്ച് ഓണം ഉണ്ണുന്നതുപോലെ സ്വന്തം ട്രെയിന്‍ യാത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ അവന്‍ ജെറാര്‍ഡിന്റെ യാത്ര സങ്കല്പിച്ചു; മനസ്സിന്‍റെ സ്വാതന്ത്ര്യമാണല്ലോ.

പോക്കറിനെ സംബന്ധിച്ചിടത്തോളം ട്രെയിന്‍ ഒരു വാഹനം മാത്രമായിരുന്നില്ല. അതായിരുന്നു അവന്‍റെ ആദ്യത്തെ പളളിക്കൂടം. അതിനകത്ത് അവന്‍റെ സീറ്റിനരികിൽ എന്നും ഗുരുവുണ്ടാകും; ചെറിയമ്മാവൻ. ആ ഗുരുവിൽ നിന്നാണ് ജീവിതത്തിലെ പ്രധാനപ്പെട്ട പല അറിവുകളും ലഭിച്ചത്. ജനാലയ്ക്കരികിലാണ് പോക്കർ ഇരിക്കാറ്. അവൻ ഇരിക്കുന്നതിന് മുമ്പുതന്നെ ജനാലയുടെ ഷട്ടറിന്‍റെയും ഗ്ലാസ്സിന്‍റെയുമൊക്കെ സ്റ്റോപ്പറുകൾ മുകളിൽ ഭദ്രമല്ലേയെന്ന് അമ്മാവൻ നോക്കും. ഇടയ്ക്കുവെച്ച് ഷട്ടറോ ഗ്ലാസ്സോ താഴെ വീണ് അപകടമുണ്ടാവരുതല്ലോ. വണ്ടി ഓടാൻ തുടങ്ങിയാൽ ജനാലയിൽ കൂടി കാണുന്ന റോഡും റോഡിലെ വാഹനങ്ങളും വീടുകളും പറമ്പുകളും മരങ്ങളും മരങ്ങളിൽ കെട്ടിയിട്ടിരിക്കുന്ന പശുവും ആടുമൊക്കെ പുറകോട്ട് ചലിക്കാൻ തുടങ്ങും. വണ്ടി വേഗത്തിൽ ചലിക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് അമ്മാവൻ ഒരിക്കൽ പോക്കറിന് പറഞ്ഞുകൊടുത്തു. ഭൂമി വേഗത്തിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് തിരിയുമ്പോൾ നമുക്ക് സൂര്യൻ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി തോന്നുകയാണെന്ന, പ്രൈമറി സയൻസ് ക്ലാസ്സിലെ, പാഠം ബുദ്ധിമുട്ടില്ലാതെ പോക്കർ മനസ്സിലാക്കിയത് അമ്മാവന്‍റെ ഈ വിവരണത്തിന്‍റെ വെളിച്ചത്തിലാണ്.

ട്രെയിനില്‍ കയറിയ ഉടനെ കിട്ടുന്നത് ചന്ദ്രഗിരിപ്പുഴയാണ്. മംഗലാപുരത്തെതുന്നതിനിടയില്‍ വേറെയും പുഴകള്‍ ക്രോസ്സു ചെയ്യേണ്ടതുണ്ട്. പുഴകളിലൊക്കെ തോണികളുണ്ടാവും. റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കിക്കുണ്ട് ചന്ദ്രഗിരിപ്പുഴയിലും മറ്റും പാലങ്ങള്‍ വരുന്നതിനുമുമ്പ് കടത്തുതോണികള്‍ ധാരാളമായി ഉണ്ടായിരുന്നു. പുഴ, തോണി ... ഈ വാക്കുകളൊക്കെ ആദ്യം കേട്ടത് അമ്മാവനില്‍ നിന്നാണ്. പുഴയെ പൊയെ എന്നാണ് നാട്ടില്‍ പറയുക. ഇടവപ്പാതിയുടെ ആദ്യദിനങ്ങളില്‍ പൊയെമീന്‍ ഒരു വിശിഷ്ടവിഭവമാണ്. വേനല്‍ക്കാലത്ത് കെട്ടിനിര്‍ത്തിയ നദീജലം മഴക്കാലത്തിന്‍റെ തുടക്കത്തില്‍ തുറന്നുവിടും. പാലത്തിലൂടെ ട്രെയില്‍ പോകുമ്പോള്‍ ഇരുഭാഗത്തെയും ജനാലകളില്‍ ജലമാണ് കാണുക. ജെറാര്‍ഡിന്‍റെ കപ്പല്‍ യാത്ര സങ്കല്പിച്ചത് ഈ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ്. ഇറ്റലിയില്‍ നിന്ന് സ്പെയിനിലെത്തുന്നതുവരെ ചുറ്റുഭാഗത്തും വെള്ളം. സീ സിക്ക്നസ്സും മറ്റും കാരണം ആ യാത്ര അത്ര സുഖകരമായിരിക്കില്ല. എങ്കിലും അറിവുതേടിയുള്ള യാത്രയാണ്; ജീവിതം തേടിയുള്ള യാത്രയാണ്.

ഇറ്റലിക്കാരനായതിനാൽ ലാറ്റിൻ ഭാഷ കുഴപ്പമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാന്‍ ജെറാര്‍ഡിനറിയാം. ടൊലേഡോയിൽ ചെന്നയുടനെ ചെയ്തത് അറബി പഠിക്കുകയാണ്. ടോളമിയുടെ അൽമജസ്റ്റ് വായിക്കുകയായിരുന്നു ലക്ഷ്യം. അൽമജസ്റ്റ് വായിക്കാൻ അറബി പഠിക്കേണ്ട അവസ്ഥയുണ്ടായത് എങ്ങനെയാണെന്നറിയില്ല. യൂറോപ്പിന്‍റെ വടക്ക് നാഗരികത കിളിർത്തിരുന്നില്ലെങ്കിലും തെക്ക്, പ്രത്യേകിച്ച് ഗ്രീസിലും ഇറ്റലിയിലും, അങ്ങനെയായിരുന്നില്ല. ഫെർട്ടൈൽ ക്രസന്‍റുമായി ചെറിയൊരു കടൽ കടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാവാം, ടോളമിയും പൈതഗോറസും ഹിപ്പോക്രാറ്റിസും ഡയസ്കോറിഡസും ഗാലനുമൊക്കെ ദക്ഷിണയൂറോപ്പിൽ വളർന്നുവന്നു. എന്തുകൊണ്ടോ അവരുടെ പല പുസ്തകങ്ങളും ഇന്ന് ഇറ്റലിയിൽ കിട്ടാനില്ല; ഇറ്റലിയുടെ മാത്രമല്ല, യൂറോപ്പിന്‍റെ ഏറെക്കുറെ മൊത്തം അവസ്ഥയാണിത്; സ്പെയിന്‍ പോലെ അപൂര്‍വം ചില അപവാദങ്ങളുണ്ടാവാം. ആരോടെങ്കിലും ചോദിച്ചാൽ തിരിച്ചൊരു ചോദ്യമാണ്,

'അയ്യേ .....പാഗൻ കാലത്തെ പൈശാചികസാഹിത്യം വായിക്കുകയോ?'

എന്താണ് ഈ പാഗൻ എന്ന് ഒരിക്കൽ അമ്മയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി. വിശുദ്ധവേദപുസ്തകം അംഗീകരിക്കാത്തവർ എന്നാണ്. അമ്മയുമായുള്ള സംഭാഷണം കേട്ടുനിന്ന അച്ഛൻ കുറച്ചുകൂടി വിശദീകരിച്ചു,

'ഇസ്രാഈല്യരാണ് യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ട ജനത. എന്നാൽ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ പരിധിക്ക് പുറത്താണ് പാഗൻഡം. പിശാചിന്‍റെ വിഹാരഭൂമിയാണത്. അവിടങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന പലതുമുണ്ടാകാം; എല്ലാം പൈശാചികമാണ്.'

തലമുറകളായി കേട്ടുവന്നത് അച്ഛൻ പറഞ്ഞെന്നുമാത്രം. ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്ത് വ്യാപകമായിരുന്നുവത്രെ. പൈശാചികമായ പാഗന്‍ ഭൂതകാലത്തില്‍ നിന്ന് യൂറോപ്പിനെ രക്ഷിച്ചത് മഹാനായ കോൺസ്റ്റന്‍റൈൻ ആണത്രെ. റോമന്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോൺസ്റ്റാന്‍റിനസ് എന്ന കോൺസ്റ്റന്‍റൈൻ ഒന്നാമൻ. മഹാനായ കോൺസ്റ്റന്‍റൈൻ എന്നും വിശുദ്ധനായ കോൺസ്റ്റന്‍റൈൻ എന്നും അദ്ദേഹത്തെ വിളിക്കുന്നവരുണ്ട്. നാലാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ റോമാസാമ്രാജ്യത്തിന്‍റെ ചക്രവത്തിയായി. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായിരുന്ന ഡയക്ലിഷ്യന്‍റെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ശക്തമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. മിലാന്‍ വിളംബരാത്തിലൂടെ അദ്ദേഹം അത്തരം പീഡനങ്ങള്‍ നിര്‍ത്തലാക്കുകയും വിശുദ്ധവേദഗ്രന്ഥത്തിന്‍റെ വഴി സ്വീകരിക്കുന്ന് ജെറാര്‍ഡിന് പലപ്പോഴും തോന്നിയിട്ടുണ്ട്. അയല്‍പക്കത്തെ ജൂതകുടുംബം ജെറാര്‍ഡിന്‍റെ കുടുംബം പരമ്പരാഗതമായി തുടര്‍ന്നുവരുന്ന പല ആചാരങ്ങളെയും പാഗന്‍ എന്ന് മുദ്രകുത്തുക പതിവാണ്. നികയയിലെയും മറ്റും എക്യൂമെനിക്കല്‍ കൌണ്‍സിലുകളിലെ തീരുമാനങ്ങളില്‍ പലതും ശുദ്ധമായ ഇസ്രയേലിപാരമ്പര്യത്തിനെതിരായിരുന്നുവെന്നാണ് അവരുടെ വാദം. എങ്കിലും മഹാനായ കോൺസ്റ്റനുമുമ്പത്തെ കാലം പൂര്‍ണമായും പാഗന്‍ ആയിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

അച്ഛന്‍റെ കുട്ടിക്കാലത്ത് പാഗന്‍ ഗ്രന്ഥങ്ങളോടുള്ള തൊട്ടുകൂടായ്മ കൂടുതലയിരുന്നുവത്രെ. പക്ഷേ, ബഗ്ദാദിലും അല്‍അന്ദലൂസിലുമൊക്കെയുള്ളവര്‍ അവ പഠിക്കുന്നുണ്; അവരും മനുഷ്യരാണല്ലോ. ഈ സംശയത്തിന്, അവര്‍ ആത്മീയസരണിയില്‍ നിന്ന് വ്യതിചലിച്ചവരാണെന്ന ഉത്തരമാണ് മാതാപിതാക്കളില്‍ നിന്ന് ലഭിച്ചത്. ലൗകികകാര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നവര്‍. ലൈംഗികത പോലുള്ള ദേഹേച്ഛകളില്‍ നിന്ന് മുക്തരാവാത്തവര്‍. വഴികാട്ടികളായി സന്യാസിമാരായ പുരോഹിതന്മാര്‍ ഇല്ലാത്തവര്‍....അങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ അവര്‍ക്കുണ്ട്. പക്ഷേ ജെറാര്‍ഡിന്‍റെ കാലമായതോടുകൂടി പാഗന്‍ സാഹിത്യത്തോടുള്ള വലിയ എതിര്‍പ്പ് കുറഞ്ഞിരുന്നു. ആത്മീയതയുടെ കാര്യത്തില്‍ ആശ്രയിക്കാനാവില്ലെങ്കിലും ഭൗതിക ലോകത്ത് വിജയിക്കാനായ അറിവുകള്‍ അവയില്‍ നിന്ന് നേടാമെന്ന കാഴ്ചപ്പാട് വളര്‍ന്നുവന്നു. മാത്രമല്ല, ടൊലേഡോയിലെത്തിയപ്പോള്‍ മറ്റൊന്നുകൂടി മനസ്സിലായി. അവിടത്തെ പരിഭാഷാപ്രസ്ഥാനത്തിന് വിത്തുപാകിയാതുതന്നെ ഒരു പുരോഹിതനാണെന്ന്. ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് റെയ്മണ്ട് ആയിരുന്നു ആ പുരോഹിതന്‍.

അറബി പഠിച്ചതോടുകൂടി അറിവിന്‍റെ വലിയൊരു വാതില്‍ ജെറാര്‍ഡിന്‍റെ മുമ്പില്‍ തുറക്കപ്പെട്ടു. ഒരു പരിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്താല്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന തോന്നല്‍ കൂടുതല്‍ പഠിക്കാനുള്ള ഊര്‍ജമായി മാറി. ടോളമിയോടുള്ള ആരാധന ആ പേരുകാണുന്ന എന്തും വായിക്കാന്‍ പ്രേരിപ്പിച്ചു. ബത്-ലമിയൂസ് എന്നാണ് ടോളമി, അറബിയില്‍ അറിപ്പെട്ടിരുന്നത്. ഒരു ദിവസം ഗ്രന്ഥാലയത്തില്‍ പലതും തിരയുന്നതിനിടയില്‍ പഴയൊരു രചന അവന്‍റെ ശ്രദ്ധയില്‍പെട്ടു; ശുകൂക് അലാ ബത്-ലമിയൂസ്. ടോളമിയുടെ നിഗമനങ്ങളെക്കുറിച്ചുള്ള സംശയങ്ങളായിരുന്നു അതില്‍ മുഴുവന്‍. ഒരു അബൂ അലി അല്‍ ഹസന്‍ ഇബ്നുല്‍ ഹസന്‍ ഇബ്നുല്‍ ഹൈത്തം എന്നയാളാണ് കര്‍ത്താവ്.

സ്ക്രീൻ അനങ്ങുന്നില്ല. നടുവിൽ ചെറിയൊരു ചക്രം വട്ടത്തിൽ കറങ്ങി കൊണ്ടിരിക്കുന്നു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയായിരുന്നു താനെന്ന് പോക്കറിന് ബോധ്യമായി. ലാപ്ടോപ്പ് വാങ്ങിയിട്ട് നാലഞ്ചുവർഷമായി. വാങ്ങുന്നതിനുമുമ്പ് കോളേജിലെ ഐ ടി സെല്ലിലെ ഒന്നുരണ്ട് ജീവനക്കാരുടെ ഉപദേശം തേടിയിരുന്നു.

'സാർ ഗ്രാഫിക് ഡിസൈനറൊന്നുമല്ലല്ലോ',

പദവിന്യാസത്തിലും മറ്റും വ്യത്യാസങ്ങളുണ്ടാവാമെങ്കിലും അവരെല്ലാവരും പറഞ്ഞതിന്‍റെ ആശയം ഒന്നുതന്നെയായിരുന്നു. കുട്ടികളെ വൈദ്യം പഠിപ്പിക്കുന്ന അധ്യാപകൻ. കംപ്യുട്ടറിന്റെ ആവശ്യകതയും ആ പരിധിയിൽ ഒതുങ്ങിനില്ക്കുന്നു. വലിയ കോൺഫിഗറേഷൻ ആവശ്യമില്ലെന്ന ഉപദേശം സ്വീകരിച്ചതാണോ തിരക്കും മടിയും കൂടിച്ചേർന്നുള്ള സൈനർജിസമാണോ പ്രശ്നമായതെന്നറിയില്ല. ചില കാര്യങ്ങളിൽ ഉപദേശം സ്വീകരിക്കുകയും പല കാര്യങ്ങളിലും സ്വീകരിക്കാതിരിക്കുകയും ചെയ്തതും പ്രശ്നമാണ്. സീഡ്രൈവിൽ ഒന്നും സേവ് ചെയ്യരുതെന്നും സ്പീഡ് കുറയുമെന്നും പലരും പറഞ്ഞതാണ്. ആദ്യമൊക്കെ സിസ്റ്റമാറ്റിക്കായിരുന്നു. ആവശ്യമുള്ള വിവരങ്ങളെല്ലാം ഡി, ഇ, എഫ് ഡ്രൈവുകളിൽ പ്രത്യേകം പേരുകളുള്ള ഫോൾഡറിലാക്കിയാണ് സേവ് ചെയ്തതെങ്കിലും പിന്നീട് എവിടെയോ താളം തെറ്റുകയായിരുന്നു. ഒരിക്കൽ താളം തെറ്റിയാൽ തിരിച്ചുവരാൻ ബുദ്ധിമുട്ടാണ്. വെബ്സൈറ്റുകൾ, ജേണലുകൾ - ലാൻസെറ്റ്, ജാമ.... കണ്ണടച്ചുള്ള ഒരു സേവ് ആസ് ആണ്; എവിടെയോ പോയി സേവ് ആകും.

പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുടെ ഒരു സംഘടന നടത്തുന്ന വെബിനാറിൽ കൊറോണയെക്കുറിച്ച് ഒരു പേപ്പർ പ്രസന്റ് ചെയ്യാൻ പറഞ്ഞതായിരുന്നു. വുഹാനിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തതു മുതല്‍ ഡൗണ്ലോഡ് ചെയ്ത ഡാറ്റ ലാപ്ടോപ്പിൽ എവിടെയൊക്കെയെ സേവ് ആയിട്ടുണ്ട്. അവ കണ്ടെത്താമെന്ന തോന്നലോടെ സർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്തതായിരുന്നു. തുറന്നത് പണ്ടാരയുടെ പെട്ടിയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. കൊറോണ റേഡിയേറ്റ, കൊറോണറി സര്‍ക്കുലേഷന്‍, കൊറോണല്‍ സല്‍ക്കസ് തുടങ്ങിയവ മുതല്‍ കൊറോനേഴ്സ് ഇന്‍ക്വസ്റ്റ് നിര്‍ത്തലാക്കിക്കൊണ്ടുള്ള വാര്‍ത്ത വരെ ചാടിവന്നു. കൊറോണ എന്ന പദത്തിന്‍റെ അര്‍ഥം ആകെ മാറിപ്പോയത് ഇക്കഴിഞ്ഞ ഡിസംബറിനുശേഷമാണല്ലോ. കിരീടം എന്ന അര്‍ത്ഥത്തിലുള്ള ആ പദം മെഡിക്കല്‍ ലിറ്ററേച്ചറില്‍ മുമ്പ് പല സന്ദര്‍ഭങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. കുറച്ചുകൂടി താക്കോല്‍ വാക്കുകള്‍ ചേര്‍ത്തുകൊണ്ട് സേര്‍ച്ചിന് കൃത്യത വരുത്താമായിരുന്നു. പക്ഷേ അതിനുമുമ്പ്, ഏതോ ഒരു ആര്‍ട്ടിക്കിളില്‍ കൊടുത്ത കൊറോണയുടെ ഗ്രീക്ക് സ്പെല്ലിങ്ങില്‍ കണ്ണുടക്കി. തുടക്കത്തിലെ അക്ഷരം ഗ്രീക്കില്‍ കാപ്പയായിരുന്നത് പിന്നീടെങ്ങനെ സീ ആയി എന്നതിനെക്കുറിച്ചായി അടുത്ത അന്വേഷണം. മുമ്പൊക്കെ പരീക്ഷയ്ക്ക് പഠിക്കാനിരുന്നാല്‍ ശ്രദ്ധ പാളിപ്പോകുന്ന അതേ രീതിയിലാണ് ഇപ്പോള്‍ ക്ലാസ്സിനും വെബിനാറിനുമൊക്കെ പവര്‍പോയിന്‍റ് തയാറാക്കാനിരുന്നാല്‍ മനസ്സ് വഴി തെറ്റുന്നത്. സ്റ്റെഡ്മാന്‍സ് മെഡിക്കല്‍ ഡിക്ഷ്ണറി നോക്കിയെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. ആരോഗ്യസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ലാറ്റിനൈസേഷന്‍ ഓഫ് മെഡിക്കല്‍ ലിറ്ററേച്ചര്‍ എന്ന വിഷയത്തില്‍ സുനീഷ് സാര്‍ ക്ലാസെടുത്തിരുന്ന കാര്യം പെട്ടെന്നോര്‍ത്തു. നോട്ട് തിരഞ്ഞപ്പോള്‍ ജെറാര്‍ഡസ് ക്രിമോണന്‍സിസ് എന്ന പേര് കഷ്ടപ്പെട്ട് വായിച്ചു. ഡോക്ടര്‍മാരുടെ കൈയെഴുത്ത് അങ്ങനെയാണല്ലോ. പോക്കര്‍ ഒരിക്കലെഴുതിയത് അവനുതന്നെ രണ്ടാമത് വായിക്കാന്‍ ബുദ്ധിമുട്ടാണ്. ജെറാര്‍ഡസ് ക്രിമോണന്‍സിസിനെക്കുറിച്ചുള്ള ഗൂഗിളന്വേഷണത്തിലൂടെ എത്തിയത് പന്ത്രണ്ടാം നൂറ്റാണ്ടിലേക്കാണ്...

Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Samkraanthikal, Transitions


Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും
അധ്യായം 16

സിംബയോസിസ് 
അധ്യായം 18

Post a Comment

Previous Post Next Post