Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊറോണാദേവി

തവും ദൈവവും മന്ത്രങ്ങളും ചികിത്സയുമൊക്കെ അവിയല്‍ രൂപത്തില്‍ മനുഷ്യമനസ്സില്‍ ഓടിക്കളിച്ച ശാസ്ത്രപൂർവകാലം Corona Devi
അതിജീവനം
ഇന്ദ്രജിത്ത്
അധ്യായം പത്ത്വളാഞ്ചേരി മുതൽ എടപ്പാൾ വരെ അവിടെയും ഇവിടെയും റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇഴഞ്ഞും ഇടയ്ക്ക് ഊടുഴികയിൽ കയറിയുമാണ് കാർ നീങ്ങിയത്. പക്ഷേ, ആർക്കും ബോറടിക്കുന്നില്ല. കാരണം, ഹൈജിയയും പനേഷ്യയും തന്നെ. അസ്ക്ലിപ്പിയസിന്റെ മക്കളാണ് രണ്ടുപേരും.


തൊട്ടുമുമ്പത്തെ ക്ലാസ്സിൽ പഠിച്ച വിഷയങ്ങളുടെ പരീക്ഷയാണ്. കാറിലെ കമ്പൈൻഡ് സ്റ്റഡി; ഒരാൾ വായിക്കും. കാർ ഡ്രൈവ് ചെയ്യുന്ന ആളടക്കം ബാക്കിയുള്ളവർ കേൾക്കും.

മതവും ദൈവവും മന്ത്രങ്ങളും ചികിത്സയുമൊക്കെ അവിയല്‍ രൂപത്തില്‍ മനുഷ്യമനസ്സില്‍ ഓടിക്കളിച്ച ശാസ്ത്രപൂർവകാലം. കൊറോനിസ് രാജകുമാരിയിൽ ആകൃഷ്ടനായ അപ്പോളോ ദേവൻ അവരുടെ വീട്ടിൽ നിത്യസന്ദർശകനായി മാറി. പലപ്പോഴും അവിടെത്തന്നെ കഴിഞ്ഞുകൂടി; വിട്ടുപിരിയാനാവാത്ത പ്രണയമായിരുന്നു. അവസാനം കൊറോനിസ് ഗർഭിണിയായി. കാമുകിയെ പരിചരിച്ചുകൊണ്ട് അപ്പോളോയ്ക്ക് അവിടെത്തന്നെയിരിക്കാനാവില്ലല്ലോ. ദേവൻ എന്ന രീതിയിലുള്ള ചുമതലകൾ നിർവഹിക്കാനായി വാനലോകത്ത് പോവേണ്ടിവന്നു. പല കാര്യങ്ങളും ശരിയാക്കാനുണ്ടായിരുന്നതിനാൽ തിരിച്ചുവരാൻ വൈകി. അതിനിടയിൽ ഇലാറ്റസിന്റെ മകനായ ഇസ്കിസുമായി കൊറോനിസ് രാജകുമാരി പ്രണയത്തിലായി. പലപ്പോഴും ആരുമറിയാതെ രാജകുമാരി ഇലാറ്റസിന്റെ കൂടെ അന്തിയുറങ്ങി. ആരുമറിയാതെയാണ് ചെയ്തതെങ്കിലും അപ്പോളോ എങ്ങനെയോ കാര്യമറിഞ്ഞു. ആൾ ദേവനാണല്ലോ. കുപിതനായ അപ്പോളോ രണ്ടുപേരെയും വധിക്കുയയും കൊറോനിസിസിന്‍റെ വയറുകീറി സ്വന്തം കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. ആ കുട്ടിയാണ് അസ്ക്ലിപ്പിയസ്. അവനെ വൈദ്യനാക്കാനായി ചിറോണിന്‍റെയടുത്ത് അപ്പോളോ എത്തിച്ചു. വൈദ്യവിദ്യാഭ്യാസത്തില്‍ ചിറോണ്‍ ആയിരുന്നു അവസാനവാക്ക്.

ശക്തിയുടെ ദേവനായ അക്കിലീസും ചിറോണിന്‍റെ ശിഷ്യനായിരുന്നുവെന്ന് ഹോമര്‍ ഇല്ല്യഡില്‍ പറയുന്നു. ഹൈജിയ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു, ഹൈജിനിലൂടെ. പനേഷ്യയും നമ്മുടെ സങ്കല്പത്തിലുണ്ട്. ശരിക്കും പറഞ്ഞാല്‍ ഓരോ വൈദ്യശാസ്ത്രഗവേഷകനും അന്വേഷിക്കുന്നത് പനേഷ്യയെയാണ്. എങ്കിലും അവള്‍ ഓടിയകലുകയാണ്, ഒരിക്കലും പിടി തരാത്ത കാമുകിയെപ്പോലെ. ഇല്ല, അവള്‍ അങ്ങനെയൊന്നും വരില്ല എന്ന് ഏതെങ്കിലും ഗവേഷകന്‍ നിരാശനായി പറഞ്ഞിരുന്നോയെന്നറിയില്ല. അത്തരത്തിലുള്ള ഒരു തിരിച്ചറിവാണല്ലോ ഹ്യൂമര്‍ തിയറിയുടെയും ത്രിദോഷസിദ്ധാന്തത്തിന്‍റെയുമൊക്കെ ഉത്പത്തിക്കു കാരണം. പരസ്പരവിരുദ്ധമായ ഭാവങ്ങളുടെ സന്തുലനത്തിലാണ് ആരോഗ്യമെന്നുപറയുന്ന ഇവ പറയാതെ പറയുന്നത് പനേഷ്യ അഥവാ സര്‍വരോഗസംഹാരി എന്ന ഒന്നില്ല എന്നാണ്. വര്‍ധിച്ച ഒരു ഭാവത്തെ കുറയ്ക്കാനായി നല്കുന്ന ഔഷധം മറ്റൊരു ഭാവത്തെ വര്‍ധിപ്പിക്കുമല്ലോ. ആധുനികകാലത്തെ ഔഷധഗവേഷണങ്ങള്‍ ഇത് ശരിവെക്കുന്നു. എഫിക്കസി മാത്രമല്ല ടോക്സിസിറ്റിയും പഠിച്ചത്തിനുശേഷം മാത്രമേ പുതിയ ഔഷധം മാര്‍ക്കറ്റിലിറക്കാനാവൂ. എഫിക്കസിയുണ്ടെങ്കില്‍ ടോക്സിസിറ്റിയുമുണ്ടാകും. ആദ്യത്തേത് കൂടുതലും രണ്ടാമത്തേത് കുറവുമായാല്‍ നല്ല ഔഷധമാണ്; തിരിച്ചായാല്‍ നല്ല വിഷവും. ഇങ്ങനെ വിഷത്തിനും ഔഷധത്തിനുമിടയില്‍ ചുറ്റിക്കറങ്ങുകയാണ് മനുഷ്യന്‍ എന്ന സത്യം നമുക്കുമനസ്സിലാകുന്ന ഭാഷയില്‍ ലോകത്തോട്‌ വിളിച്ചുപറഞ്ഞത് പാരാസെല്‍ഷസ് ആണെന്നുമാത്രം. അനന്തമായി നീളുന്ന ഒരു പ്രതിഭാസമാണ് അയാട്രോജനസിസ്. അതില്‍ ഔഷധങ്ങള്‍ ചെറിയൊരു കണ്ണി മാത്രമാണ്. പെട്ടെന്നുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ കാലാന്തരത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കീറാമുട്ടിയായി തുടരുന്നു. പനേഷ്യയെ പ്രണയിച്ച് സ്വന്തമാക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്ന് ചുരുക്കം.

പനേഷ്യയ്ക്കും എലിക്സീറിനുമിടയില്‍ ഒരു അദ്വൈതഭാവമുണ്ടോയെന്നറിയില്ല. എല്ലാ രോഗങ്ങളെയും മാറ്റുന്നതാണ് പനേഷ്യ; മരണത്തെ അതിജയിക്കുന്നത് എലിക്സീറും. ഫലത്തില്‍ രണ്ടും ഒന്നുതന്നെയാണ്. അല്‍ ഇക്സീര്‍ ആണ്. പാശ്ചാത്യന് എലിക്സീര്‍ ആയി. അല്‍ യൂറോപ്പിലെത്തുമ്പോള്‍ പലതായി മാറുന്നു. ആല്‍ക്കഹോള്‍, അല്‍ഗോരിതം, ആള്‍ജിബ്ര. സായിപ്പില്‍ നിന്ന് മലയാളിയിലെത്തുമ്പോള്‍ ഉച്ചാരണം വീണ്ടും മാറി. പനേഷ്യയെയും എലിക്സീറിനെയും പ്രണയിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെത്തിയ ആര്യന്മാരും മോശക്കാരല്ലായിരുന്നു. ചില കുറ്റവാളികള്‍ പിടിക്കപെട്ടാല്‍ മറ്റുള്ളവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നുപറയാറുണ്ട്. അതുപോലെ അവരും പറഞ്ഞു, മുമ്പുതന്നെ ഇവിടെയുണ്ടായിരുന്നവരും പാലാഴിമഥനത്തില്‍ പങ്കാളികളായിരുന്നുവെന്ന്. അമൃതാണ് എല്ലാവര്‍ക്കും വേണ്ടിയിരുന്നത്. ദേവന്മാരും അസുരന്മാരും കൂടിയാണ് കടലുകടഞ്ഞത്. ദേവന്മാർക്ക് സാധിക്കാഞ്ഞതിനാലാവാം അസുരന്മാരുടെ സഹായം ആവശ്യപ്പെട്ടത്.

വിദ്യാധരസ്ത്രീകൾ സമർപ്പിച്ച പാ‍രിജാതമാല ദുര്‍വാസാവ് മഹര്‍ഷി ദേവേന്ദ്രന് നല്കി. അത് തലയിൽ ചൂടുന്നതിനുമുമ്പ് തലമുടി വൃത്തിയാക്കണമല്ലോ. സ്വന്തം വാഹനമായ ഐരാവതം എന്ന ആനയുടെ മുകളില്‍ വെച്ചാണ് തലമുടി വൃത്തിയാക്കാനും കെട്ടാനുമാരംഭിച്ചത്. പൂവിന്റെ മണത്തില്‍ ആകൃഷ്ടരായി കുറേയധികം വണ്ടുകൾ പാറിവന്നു. അവ ഐരാവതത്തിനു ചുറ്റും പറക്കാനാരംഭിച്ചു. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതത്തിന്‍റെ ക്ഷമ നശിച്ചു; പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ദുര്‍വാസാവിന് കോപം വരാന്‍ വേറെ കാരണം വേണ്ടല്ലോ. കോപിഷ്ഠനായ അദ്ദേഹം ദേവേന്ദ്രന്‍ ഉൾപ്പെടെയുള്ള ദേവന്മാരെ മൊത്തം ശപിച്ചു,

“ ജരാനരകള്‍ ബാധിക്കട്ടെ....”

ജരാനരകളും മരണവുമായിരുന്നു എല്ലാ സമൂഹങ്ങളിലും പ്രശ്നം. എല്ലാവരും ശാപമോക്ഷത്തിനായി കേണുവെന്ന് പറയേണ്ടതില്ലല്ലോ. അവസാനം പാലാഴികടഞ്ഞ് അമൃത് കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്ന് ഉപദേശിച്ചു.

പാലാഴിമഥനം തുടങ്ങി. കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകിയെന്ന പാമ്പിനെയും ഉപയോഗിച്ചു. വാസുകിയുടെ തലയുള്ള ഭാഗം അസുരന്മാരും, വാലിന്റെ ഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. അതിന്‍റെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. അതിനെ പർവ്വതത്തെ ഉയർത്താൻ മഹാവിഷ്ണു കൂര്‍മമായി അവതരിച്ചു. രണ്ടാമത്തെ അവതാരമാണ് കൂര്‍മം. അങ്ങനെ മന്ദരപർവതം യഥാസ്ഥാനത്ത് ഉയർത്തി പ്രതിഷ്ഠിക്കപ്പെട്ടു. പാലാഴിമഥനം തുടർന്നു. വാസുകി ക്ഷീണിച്ചു; ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു.

പാലാഴിമഥനം പിന്നെയും തുടർന്നു. ദിവ്യവസ്തുക്കള്‍ പലതും ഉയർന്നുവന്നു. അവസാനമാണ് അമൃത് അടങ്ങിയ കുംഭവുമായി ധന്വന്തരി പുറത്തുവന്നത്.

പനേഷ്യ ആയാലും അമൃത് ആയാലും അംഗരക്ഷകന്‍ ഇല്ലാതെ കാമുകിക്ക് പുറത്തിറങ്ങാനാവില്ല. ശക്തരായ ദേവന്മാരും അസുരന്മാരുമാണല്ലോ പാലാഴി കടയുന്നത്. നല്ലൊരു അംഗരക്ഷകനെ കൂട്ടിനുവിളിച്ചു. ആ കൂട്ടാളി, വിഷം, ഇന്നും അവളുടെ കൂടെയുണ്ട്. ലബോറട്ടറികളില്‍ പാലാഴിമഥനം നടത്തുന്ന ഗവേഷകര്‍ക്ക് അതറിയാം. അതുകൊണ്ടുതന്നെ പുതുതായി കണ്ടുപിടിക്കുന്ന ഓരോ മരുന്നിനും എഫിക്കസി സ്റ്റഡിയുടെ കൂടെ ടോക്സിസിറ്റി സ്റ്റഡിയും നിര്‍ബന്ധമാണ്‌.

ഈസ്കുലാപ്പിയസിന്‍റെ വടിയും അതിനെ ചുറ്റിക്കിടക്കുന്ന പാമ്പും വൈദ്യശാസ്ത്രത്തിന്‍റെ ചിഹ്നമായി ഇന്നും ഉപയോഗിക്കുന്നു. അവിടെ ഈസ്കുലാപ്പിയസ് ആണ് വൈദ്യവൃത്തിയുടെ ദേവനെങ്കില്‍ ഇവിടെയെത്തിയ ആര്യന്മാരുടെ വൈദ്യദേവന്‍ ധന്വന്തരിയാണ്. ഈസ്കുലാപ്പിയസിനെ അഥവാ അസ്ക്ലിപ്പിയസിനെ മാത്രമല്ല, അദ്ദേഹത്തിന്‍റെ പിതാവായ അപ്പോളോയെയും മക്കളായ ഹൈജിയയെയും പനേഷ്യയും കൂടി സാക്ഷിയാക്കിയാണ്, വൈദ്യപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ ചൊല്ലിയിരുന്ന ഹിപ്പോക്രാറ്റിസിന്‍റെ പ്രതിജ്ഞ ചൊല്ലിയിരുന്നത്. ഇന്ത്യയിലേക്കുവന്ന ആര്യന്മാര്‍ക്കും ഇത്തരം ദേവന്മാരുണ്ടായിരുന്നു. വൈദികകാലത്തെ വൈദ്യന്മാരായിരുന്ന അശ്വിനീദേവന്മാരുടെ അദ്ഭുതവൃത്തികളെക്കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്. ഇന്ത്യയിലെ ആര്യവൃത്താന്തങ്ങളില്‍ അവരും ഇവിടത്തെ ദേശീയജനവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ത്തിന്‍റെ ഉദാഹരങ്ങളും സുലഭമാണ്. മതാത്മകമായവിശ്വാസങ്ങളില്‍ നിന്നും കല്പിതകഥകളില്‍ നിന്നും ആരോഗ്യസംബന്ധമായ അറിവുകള്‍ മുക്തമായിരുന്നില്ലെന്ന് ചുരുക്കം.

അപ്പോളോദേവന്‍ കൊറോനിസിന്‍റെ വയറുകീറി അസ്ക്ലിപ്പിയസിനെ പുറത്തെടുത്ത കഥ സിസേറിയന്‍ സെക്ഷന്‍ എന്ന് ഇന്നുനാം വിളിക്കുന്ന ശസ്ത്രക്രിയയുടെ സാധ്യത പൌരാണികകാലത്തെ മനുഷ്യന്‍റെ മനസ്സില്‍ പൊങ്ങിവന്നതിന്‍റെ ഉദാഹരണമാണ്. ഇത് ഫിക്ഷന്‍ തന്നെയാവണമെന്നില്ല. മരിക്കാന്‍ പോകുന്ന മാതാവിന്‍റെ ശരീരത്തില്‍ നിന്ന് കുട്ടിയെ രക്ഷിക്കാനാണ് ആദ്യകാലത്ത് സിസേറിയന്‍ സെക്ഷന്‍ ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ തന്നെ അത് സാധ്യമാവുന്നതെയുള്ളൂ. മാതാവിന്‍റെ രക്ഷ കൂടി സാധ്യമായത് പിന്നീട് ശാസ്ത്രവും സാങ്കേതികവിദ്യയും വളര്‍ന്നപ്പോഴാണ്. സയന്‍സ് ഫിക്ഷന്‍ ഉണ്ടാവുന്നത് പല തരത്തിലാണ്. വിമാനവും മറ്റും കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ അവ കഥകളിലുണ്ടായിരുന്നു. മന്ത്രതന്ത്രങ്ങളും ചികിത്സയും കൂടിക്കുഴഞ്ഞാണ് കിടന്നിരുന്നത്. അസ്ക്ളിപ്പിയസിന്‍റെ ദേവാലയാത്തിലെ പൂജാരിയുടെ മകനായിരുന്നുവല്ലോ ഹിപ്പോക്രാറ്റിസ്.

“അസ്സലാമു അലൈക്കും; ഡോക്ടര്‍ പത്രം വായിച്ചുകഴിഞ്ഞോ?”,

അയലത്തെ കാദര്‍കാക്കയാണ്. പോക്കറിന്‍റെ വീട്ടില്‍ വരുത്തുന്ന പത്രം കൊണ്ടുപോയാണ് വായിക്കാറ്. കാക്കയ്ക്ക് കൊണ്ടുപോകാനുള്ളതിനാല്‍ മലയാളപത്രം പോക്കര്‍ ആദ്യം വായിച്ചുതീര്‍ക്കാറാണ് പതിവ്. അതുകഴിഞ്ഞേ ഇംഗ്ലീഷ് പത്രം തൊടാറുള്ളൂ. ഇന്നാവട്ടെ, മലയാളപത്രത്തിന്‍റെ ഒന്നാമത്തെ പേജില്‍ തന്നെ കണ്ട കൊറോണാദേവിക്കായുള്ള പൂജയുടെ ചിത്രമാണ് സമയത്തിന്‍റെ അന്തകനായത്.


Keywords: Novel, Athijeevanam-Indrajith, Corona, Medicine, Corona Devi

സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് (അധ്യായം ഒന്ന്)

പാവ് ലോവിന്റെ പട്ടി  (അധ്യായം രണ്ട്്)

പാന്‍ഡെമിക് പാനിക്കുകള്‍(അധ്യായം മൂന്ന്‌)

നോഹയുടെ പ്രവചനം (
(അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

"ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാ"
(അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും
(അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ്(അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍(അധ്യായം ഒമ്പത്)


Post a Comment