Join Whatsapp Group. Join now!
Aster MIMS 10/10/2023

കഴുകന്റെ സുവിശേഷം

കഴുകന്റെ സുവിശേഷം Gospel of the Vulture #കേരളവാർത്തകൾ

അതിജീവനം - ഇന്ദ്രജിത്ത്

അധ്യായം 23

കുല്ലുമന്‍ അലൈഹാ ഫാന്‍; വയബ്കാ വജ്ഹു റബ്ബിക ദുല്‍ ജലാലി വല്‍ ഇക്‌റാം. വാട്‌സ് ആപ്പില്‍ ജ്യേഷ്ഠന്‍ അയച്ച ഖുര്‍ആന്‍ ആയത്ത് വായിച്ച് പകുതിയായപ്പോഴാണ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ വിളിച്ചത്. സാറേ ഞാന്‍ കോഴിക്കോട്ടുണ്ട്. അങ്ങോട്ട് എപ്പോള്‍ വരണമെന്ന് പറഞ്ഞാല്‍ മതി.ജ്യേഷ്ഠന്‍ രാവിലെ അയക്കുന്ന ഖുര്‍ആന്‍ ആവാക്യങ്ങള്‍ രാവിലെത്തന്നെ നോക്കാറാണ് പതിവ്. പക്ഷേ, ഫ്രാന്‍സിസ് സെബാസ്റ്റ്യന്റെ ഫോണ്‍ അതിനുമുമ്പ് വന്നു. ഖുര്‍ആന്‍ വാക്യവും ഫ്രാന്‍സിസ് സെബാസ്റ്റ്യന്റെ സംസാരവും കൂടി മനസ്സിനെ എങ്ങോട്ടോ നയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റില്‍ താത്കാലാധ്യാപികയായി വന്ന ആനുമോള്‍, പോക്കറിന് അല്പസ്വല്പം ഉര്‍ദു അറിയുമെന്ന് മനസ്സിലായ ഉടനെ ചോദിച്ചത് ആമിര്‍ ഖാന്റെ ഫന സിനിമയിലെ ഒരു പാട്ടില്‍ വരുന്ന തേരേ ഇശ്ക് മേം മേരീ ജാന്‍ ഫനാ ഹോ ജായേ എന്ന വരിയുടെ അര്‍ഥമാണ്. സംസ്‌കൃതവാങ്മയത്തിന് പ്രാമുഖ്യമുള്ള സര്‍ക്കാര്‍ ഹിന്ദി പഠിച്ചവര്‍ക്ക് ബോളിവുഡ് ഗാനങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

'നിന്റെ പ്രണയത്തില്‍ എന്റെ ജീവന്‍ വിലയം പ്രാപിക്കുന്നു'

ജലാലുദ്ദീന്‍ റൂമി പറഞ്ഞതും ഇതിനെക്കുറിച്ചുതന്നെയാണ്. അദ്ദേഹത്തിന്റെ നായകന്‍ നായികയുടെ വാതിലില്‍ മുട്ടിവിളിച്ചു.

'പ്രിയേ വാതില്‍ തുറക്കൂ'

'ആരാണ്?'

'ഞാന്‍'

'ഇല്ല, വാതില്‍ തുറക്കില്ല'

ഈ സംഭാഷണം പിന്നെയും ആവര്‍ത്തിച്ചു. നായകന്‍ അവസാനം നീയെന്നുപറഞ്ഞപ്പോള്‍ വാതില്‍ തുറന്നു.

ഫന എന്ന പദം ആദ്യമായി കേട്ടത് മദ്രസ്സയിലാണ്. നാശമില്ലാത്തതായി ഒന്നുമില്ല. ശരിക്കുപറഞ്ഞാല്‍ ഭയപ്പെടുത്തുന്ന കാര്യം; പക്ഷേ, കവികളും ദാര്‍ശനികരും അതിനെ ഉദാത്തമായ ഒരു സങ്കല്പമാക്കുകയായിരുന്നു. ഇതേ സത്യത്തിന്റെ മറ്റൊരു വശമാണ് ഫ്രാന്‍സിസ് അച്ചായന്‍ പറയുന്നത്ത്. ബിസിനസ്സുകാരന്റെ വേദവാക്യം; വണിക്കിന്റെ സുവിശേഷം. കാലന്റെ കഴുകന്റെയും തത്ത്വശാസത്രവും അതുതന്നെ. കാലനായാലും കഴുകനായാലും തുടക്കത്തിലെയും ഒടുക്കത്തിലെയും വ്യഞ്ജനങ്ങളില്‍ വ്യത്യാസമില്ല. പ്രകൃതിയുടെ അനുസ്യൂതമായ പുനര്‍നവീകരണപ്രക്രിയയുടെ പ്രതിനിധികള്‍. കാലന്‍ വിശ്വാസമാണെങ്കില്‍ കഴുകന്‍ യാഥാര്‍ഥ്യമാണ്.

ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ കുന്നംകുളത്തുകാരനാണ്; നാട്ടുകാര്‍ പ്രാഞ്ചിയെന്ന് വിളിക്കും; തൊട്ടടുത്ത സുഹൃത്തുക്കള്‍ അച്ചായനെന്നും. ചിലര്‍ രണ്ടും ഒന്നിച്ചുചേര്‍ത്ത് പ്രാഞ്ചിയച്ചായന്‍ എന്നാണ് വിളിക്കുക. പുസ്തകക്കച്ചവടമാണ് തൊഴില്‍. ആവശ്യപ്പെടുന്ന പുസ്തകം ലോകത്ത് എവിടെയെങ്കിലും ലഭ്യമാണെങ്കില്‍ തേടിപ്പിടിച്ച് വീട്ടിലെത്തിച്ചുകൊടുക്കും; പണം കൊടുക്കണമെന്നുമാത്രം. ബിസിനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. കൂടുതല്‍ പച്ചപിടിച്ചുനില്ക്കുന്നത് ഉപയോഗിച്ച പുസ്തകങ്ങളുടെ കച്ചവടമാണ്. 

തൃശൂരും തിരുവനന്തപുരത്തും ഏറണാകുളത്തും കോഴിക്കൊട്ടുമൊക്കെ യൂസ്ഡ് ബുക്‌സ് ശൃംഖലകളുണ്ട്. പഴയ പുസ്തകങ്ങളില്‍ മെഡിക്കല്‍ ബുക്കുകളുടെ കച്ചവടം മുന്നിട്ടുനില്ക്കുന്നു. പുതിയ എഡിഷന്‍ വരുമ്പോള്‍ ആളുകള്‍ പുറംതള്ളുന്ന പുസ്തങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കും. ഒന്നൊന്നര വര്‍ഷം കൂടുമ്പോള്‍ അച്ചായന്‍ വിളിക്കും. പഴയ എഡിഷനുകള്‍ കൊണ്ടുപോയി പുതിയ എഡിഷനുകള്‍ കൊണ്ടുവന്ന് നിറച്ചുതരും. പണച്ചെലവുള്ള കാര്യമാണ്.

ഓരോ വിളിയിലും പോക്കര്‍ പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. അതിന്റെ കാരണങ്ങള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ ഓരോ പരീക്ഷ കഴിയുമ്പോഴും ഉപയോഗം കുറഞ്ഞ പുസ്തകങ്ങള്‍ പുറംതള്ളി അടുത്ത പരീക്ഷയ്ക്കുവേണ്ട പുസ്തകങ്ങള്‍ വാങ്ങുന്നവരുണ്ട്. എന്നാല്‍ അധ്യാപകര്‍ അവരവരുടെ ഡിപ്പാര്‍ട്‌മെന്റില്‍ ഒതുങ്ങി നില്‍ക്കുന്നവരാണ്. മാത്രമല്ല, പുസ്തകളില്‍ ഏതൊക്കെയാണ് വേണ്ടാത്തതെന്ന് തീരുമാനിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പഴയ പുസ്തകങ്ങളില്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കും.

ഏറ്റവും പുതിയ വിവരം കിട്ടുമെന്നതാണ് പുതിയ പുസ്തകങ്ങളുടെ മെച്ചം. പക്ഷേ, ഇപ്പോള്‍ പുതിയ വിവരങ്ങള്‍ കൂടുതലായും കിട്ടുന്നത് ഇന്റര്‍നെറ്റിലൂടെയാണ് അച്ചായന്‍ നല്ലവനാണ്. വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവന്‍. പുസ്തകങ്ങള്‍ കൊടുക്കാനും വാങ്ങാനും ഇല്ലെങ്കിലും കുറേ നേരം സംസാരിക്കും. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ പി എച്ച് ഡി ചെയ്യുകയായിരുന്നു. 

ഇന്റര്‍നെറ്റ് വ്യപകമായിട്ടില്ലാത്ത കാലം. ഗവേഷണങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലായപ്പോള്‍ മറ്റുള്ളവരെ സഹായിക്കാനായി പുസ്തകങ്ങള്‍ വരുത്തുന്ന പരിപാടി തുടങ്ങിയതായിരുന്നു. പിന്നീടത് കച്ചവടമായി മാറി. അതൊരു സാമ്രാജ്യമായി പടര്‍ന്നുപന്തലിച്ചപ്പോള്‍ തിരക്കുകൂടി; പിഎച്ച് ഡി അവതാളത്തിലായി. 

പ്രകൃതിദത്തമായ ഒരു ആവാസവ്യവസ്ഥയില്‍ കഴുകനും കാക്കയും ചിതലും സാപ്രോഫൈറ്റുകളുമൊക്കെ  എത്രത്തോളം ആവശ്യമാണോ അക്കാദമികരംഗത്തുള്ളവര്‍ക്ക് അത്രത്തോളം ആവശ്യമാണ് ഫ്രാന്‍സിസ് അച്ചായനെ. അറിവിന്റെ വിസ്‌ഫോടനത്തിനിടയില്‍ ആളുകള്‍ പുറംതള്ളാനാഗ്രഹിക്കുന്ന പഴയഗ്രന്ഥങ്ങള്‍ അച്ചായന്‍ ശേഖരിച്ച് അവയുടെ ആവശ്യക്കാര്‍ക്കെത്തിക്കുന്നു.

പോക്കറിന്റെ വിട്ടീല്‍ പല തവണ വന്നിട്ടുള്ളതിനാല്‍ പുസ്തകങ്ങള്‍ പുര നിറഞ്ഞു നില്ക്കുകയാണെന്ന്  അച്ചായനറിയാം. വളരെ പഴയ എഡിഷനുകള്‍ ഇനി ആവശ്യമില്ലെന്ന് പോക്കറിനുമറിയാം. പക്ഷേ പൂച്ചയ്ക്കാര് മണികെട്ടുമെന്നതാണ് പ്രശ്‌നം. ഏതൊക്കെയാണ് ആവശ്യമില്ലാത്തതെന്ന് നോക്കി തിട്ടപ്പെടുത്തണം. ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ ആരംഭിച്ച അലമാര വൃത്തിയാക്കല്‍ യജ്ഞം പൂര്‍ത്തിയാക്കാന്‍ പെട്ട പാട് ചെറുതല്ല. അച്ചായന്‍ പെട്ടെന്ന് വരുമെന്ന അറിവ് അന്നുണ്ടായിരുന്നെങ്കില്‍ പല പുസ്തകങ്ങളും മാറ്റിവെക്കാമായിരുന്നു.            

കുറച്ച് സംസാരിച്ചതിനുശേഷം റെയ്ഞ്ചിന്റെ പ്രശ്‌നം കാരണം ഫോണ്‍ കട്ടായതായിരുന്നു.  വീണ്ടും വിളിച്ചു.

'സാറേ പാപ്പിറസില്‍ തുടങ്ങിയ മുന്നേറ്റം അവസാനിക്കാന്‍ പോവുകയാണ്'

അവന്‍ പറയുന്നതിലും കാര്യമുണ്ട്. നമ്മുടെ മുത്തങ്ങച്ചെടിയുടെ ജനുസ്സില്‍ പെട്ട സൈപ്പറസ് പാപ്പിറസ് എന്ന് സസ്യശാസ്ത്രജ്ഞര്‍ ഇന്നുവിളിക്കുന്ന പാപ്പിറസ് ചെടി അരച്ചുപരത്തിയെടുത്ത പാളികളില്‍  എഴുതുന്ന വിദ്യ. ഈജിപ്തുകാരുടെ ഈ പരിപാടിയില്‍ നിന്ന് പിന്നീട് മുന്നേറിയെങ്കിലും പേപ്പര്‍ എന്ന പദത്തില്‍ പാപ്പിറസ് നിലനിന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അതിപ്രസരത്തില്‍ പേപ്പറില്‍ അച്ചടിച്ച പുസ്തകങ്ങള്‍ എത്ര കാലം നിലനില്ക്കുമെന്നറിയില്ല.

'ആ മുന്നേറ്റം അവസാനിക്കുമ്പോള്‍ അച്ചായന്റെ ബിസിനസ്സും പൂട്ടില്ലേ ?'

'സാര്‍, ഞാന്‍ ബിസിനസുകാരനാണ്. പൂച്ച എങ്ങനെ വീണാലും നാല് കാലുകളില്‍ മാത്രമേ നില്ക്കുള്ളൂ. ട്രെന്റ് മനസിലാക്കി മേഖല മാറിച്ചവിട്ടാന്‍ ബിസിനസ്സുകാരനറിയാം'

പഠിക്കുന്ന കാലത്ത് വാങ്ങിയ ഗ്രെയ്‌സ് അനാട്ടമി അച്ചായന്‍ മുമ്പൊരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ കണ്ടിരുന്നു. അതൊക്കെ ഒഴിവാക്കാറായില്ലേയെന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്.

'സാറേ ...അനാട്ടമിയിലെ ആദ്യത്തെയോ അവസാനത്തെയോ വാക്കല്ല ഹെന്റി ഗ്രേ; ഒരുപാട് ഫ്രാന്‍സിസ് സെബാസ്റ്റ്യന്മാരിലൂടെ കടന്നാണ് ആ വിഷയം ഇന്നത്തെ നിലയിലെത്തിയത്'

'ഫ്രാസിന്‍സിസ്  സെബാസ്റ്റ്യന്മാരിലൂടെ?'

'അതെ; എത്ര ജന്മമെടുത്തുകൊണ്ടാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെറിയുമോ സാറിന് ?''

'ധര്‍മം ?'

'അതെ; യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ...., എപ്പോഴൊക്കെ ധര്‍മം ക്ഷയിക്കുകയും അധര്‍മം വര്‍ധിക്കുകയും ചെയ്യുന്നുവോ അപ്പോഴൊക്കെ ഈ കടലാസ്സുപ്രാഞ്ചിയച്ചായന്‍ ജന്മമെടുക്കും'

'ഏത് ധര്‍മം?'

'അധര്‍മം പ്രചരിപ്പിക്കുന്ന പഴയ കിതാബുകളെ മാറ്റി പുതിയവ കൊണ്ടുവരികയെന്ന ധര്‍മം.'

മുമ്പൊക്കെ അച്ചായന്റെ ഇത്തരം സംസാരങ്ങള്‍ കേട്ടുനില്ക്കാന്‍ മാത്രമേ പോക്കറിന് പറ്റിയിരുന്നുള്ളൂ. ആരോഗ്യസര്‍വകലാശാലയുടെ കോഴ്‌സ് അറ്റന്റ് ചെയ്തതോടുകൂടിയാണ് അവന്‍ പറയുന്ന പലതും മനസ്സിലാവാന്‍ തുടങ്ങിയത്.

'പാപ്പിറസിന്റെ നാട് വെസ്റ്റ് ഏഷ്യയില്‍ ഉള്‍പ്പെടുമോ ?'

'വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലാണ് എന്റെ സ്‌പെഷ്യലൈസേഷന്‍ എന്നത് ശരിയാണ്. 

പക്ഷേ ഭൂമിശാസ്ത്രത്തെ അതിവര്‍ത്തിക്കുന്നതാണ് അതിന്റെ സാംസ്‌കാരികമായ വേരുകള്‍. ഈജിപ്തില്ലാതെ ഫെര്‍ട്ടൈല്‍ ക്രസന്റില്ല. പിന്നെ ഞാന്‍ പലപ്പോഴും വെസ്റ്റ് ഏഷ്യയില്‍ ജനിച്ച് പാപ്പിറസിന്റെ നാട്ടില്‍ ചുറ്റിത്തിരിയുകയും മരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്'

'അതിലൊരു ജന്മം എനിക്കറിയാം; അബുല്‍ ഹൈത്തം അല്‍ ബസരി വല്‍ മിസ്-രിയുടേത്'

'അതെ, ഇന്നത്തെ ഇറാഖില്‍ ഉള്‍പ്പെടുന്ന ബസ്രയില്‍ ജനിച്ച് ഈജിപ്തില്‍ മരിച്ച  ജന്മം'

'മരിക്കുന്നതിന് മുമ്പ് അരിസ്‌ട്ടോത്തില്‍ , ടോളമി അങ്ങനെ പലരെയും തിരുത്തി, അല്ലേ?

'അതെ; പിന്നീടൊരു ജന്മത്തില്‍ ബഗ്ദാദില്‍ പിറന്ന്  പാപ്പിറസിന്റെ നാട്ടില്‍ അലഞ്ഞുതിരിഞ്ഞു. യാത്ര വളരെയധികം ഇഷ്ടമായിരുന്നു. മുവഫ്ഫിഖുദ്ദീന്‍ എന്ന പേരായിരുന്നു മാതാപിതാക്കള്‍ ഇട്ടത് പിതാമാഹന്മാരുടെയും ജന്മനാടിന്റെയുമൊക്കെ പേരുചേര്‍ന്നപ്പോള്‍ അത്  മുവഫ്ഫിഖുദ്ദീന്‍ മുഹമ്മദ് അബ്ദുല്‍ ലത്തീഫ് ഇബ്‌നു യൂസുഫ് അല്‍ ബഗ്ദാദിയായി. ജനങ്ങള്‍ ചുരുക്കി  അബ്ദുല്‍ ലത്തീഫ് അല്‍ ബഗ്ദാദിയാക്കി. അന്ന് പല താത്പര്യങ്ങളായിരുന്നു എനിക്ക്. പല മേഖലകളില്‍ പ്രവീണനായിരുന്നു . ചരിത്രതത്പരനായ വൈദ്യശാസ്ത്രജ്ഞന്‍ എന്ന സ്ഥാനമാണ് പലരും എനിക്ക് അനുവദിച്ചുതന്നത്. ബസ്രയിലാണ് ജനിച്ചതെങ്കിലും ഈജിപ്തിനെ വളരെയധികം ഇഷ്ടമായിരുന്നു.'

''അതൊക്കെ ശരിയാണ്; പക്ഷേ ധര്‍മം നിര്‍വഹിച്ചോ?''

''കീഴ്താടിയെല്ലിന്റെയും ഇടുപ്പെല്ലിന്റെയും കാര്യത്തില്‍ കാര്യത്തില്‍ ഗാലന്റെ  കാഴ്ചപ്പാടുകള്‍ തെറ്റാണെന്ന് കണ്ടെത്തിയില്ലേ. മാന്‍ഡിബിളില്‍ രണ്ട് എല്ലുകളുണ്ടെന്നാണ് ഗാലന്‍ പറഞ്ഞത്. പക്ഷേ ഒരുപാട് അസ്ഥികൂടങ്ങള്‍ പരിശോധിച്ചതില്‍ ഒരെണ്ണം മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ. ക്ഷാമത്തില്‍ മരിച്ചവരുടെ അസ്ഥികൂടങ്ങള്‍ പരിശോധിക്കാനായിരുന്നു  എന്നെ  നിയോഗിച്ചത്. നിങ്ങള്‍ പറയുന്ന മെഡിക്കോലീഗല്‍ ഓട്ടോപ്‌സി അഥവാ പോസ്റ്റ് മോര്‍ട്ടം എക്‌സാമിനേഷന്‍. പഠനം മുന്നേറിയപ്പോള്‍ ഗാലന്റെ നിഗമനങ്ങള്‍ പൊട്ടിപ്പാളീസായി?'

'പക്ഷേ, അത് തുറന്നുപറഞ്ഞില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്?'

'ഗാലന് തെറ്റുപറ്റിയെന്ന് പച്ചയ്ക്ക് പറഞ്ഞാല്‍ നാട്ടുകാര്‍ ചെരിപ്പൂരി അടിക്കില്ലേ? എങ്കിലും കാര്യം ഞാന്‍ പറഞ്ഞൊപ്പിച്ചിട്ടുണ്ട്. അല്‍മുഖ്തറത് ഫിത്തിബ്ബ് പോലുള്ള എന്റെ രചനകളില്‍ പലതും കാണാം'

'അതുകഴിഞ്ഞുള്ള അച്ചായന്റെ ജന്മം യൂറോപ്പിലായിരിക്കും, അല്ലേ ?'

''അല്ല,  സിറിയയിലെ ദമാസ്‌കസില്‍ പിറന്ന് പാപ്പിറസിന്റെ നാട്ടില്‍ പോയി മരിച്ചിട്ടുണ്ട്. അലാവുദ്ദീന്‍ അബൂ അല്‍ ഹുസൈന്‍ അലി ഇബ്‌നു അബീ ഹസം അല്‍ ഖര്‍ശി അല്‍ ദമശ്ഖി എന്നായിരുന്നു പേര്. അതിനെ ജനങ്ങള്‍ ചുരുക്കി ഇബ്‌നുന്നഫീസ് എന്നുവിളിച്ചു. രക്തചം ക്രമണത്തിന്റെ കാര്യത്തില്‍ ഹിപ്പോക്രാറ്റിസിനും ഗാലനും സുശ്രുതനും ചരകനും വാഗ്ഭടനുമൊക്കെ വലിയ വിവരമില്ലായിരുന്നുവെന്ന് എനിക്ക് അന്വേഷണത്തില്‍ ബോധ്യമായി. വില്യം ഹാര്‍വി രക്തചംക്രമണം കണ്ടുപിടിക്കുന്നതിന് മൂന്ന് നൂറ്റാണ്ടുമുമ്പ് ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം ഞാന്‍ കണ്ടെത്തി. ഇന്റര്‍വെന്‍ട്രിക്കുലാര്‍ സെപ്തത്തില്‍ സുഷിരമൊന്നും കാണാതിരുന്നപ്പോള്‍ തന്നെ പിന്നെയെങ്ങനെയാണ് രക്തത്തിന്റെ പ്രവാഹം പൂര്‍ണമാവുന്നത് എന്ന സംശയമുണ്ടായിരുന്നു. നിരീക്ഷണം കുറച്ചുകൂടിയായപ്പോള്‍ കാര്യം ബോധ്യമായി. അശ്ശാമില്‍ ഫിത്തിബ്ബ് പോലുള്ള കൃതികളില്‍ ഞാനെന്റെ കണ്ടെത്തലുകള്‍ വിവരിച്ചിട്ടുണ്ട്.'

'എല്ലാ ജന്മങ്ങളും ഈജിപ്തിനെ ചുറ്റിപ്പറ്റിയാണല്ലോ'

'അങ്ങനെയൊന്നുമില്ല; ഇന്ത്യയില്‍ വരെ എന്റെ അവതാരങ്ങുണ്ടായിട്ടുണ്ട്?'

'ഇന്ത്യയിലോ?'

'അതെ, പ്രതിസംസ്‌കരണം എന്നത് എന്റെ പണിയാണ്. അഗ്‌നിവേശസംഹിത പ്രതിസംസ്‌കരിച്ച ചരകന്‍....'

'അതൊക്കെ വളരെ മുമ്പല്ലേ?'

'അതിനുശേഷവും എന്റെ ജന്മങ്ങളുണ്ടായിട്ടുണ്ട്. ശാര്‍ങ്ഗധരന്‍, ഭാവമിശ്രന്‍, അര്‍ക്കപ്രകാശം എഴുതിയ രാവണന്‍.... അറബി കിതാബുകളിലെ വിവരങ്ങള്‍ സംസ്‌കൃതത്തിലേക്ക് പകര്‍ത്താന്‍ ആരെങ്കിലും വേണ്ടേ?'

'ഒരു ജന്മത്തില്‍ അച്ചായന്‍ തിരുത്തിയത് മറ്റൊരു ജന്മത്തില്‍ വീണ്ടും തിരുത്തിയിട്ടില്ലേ?

'ഉണ്ടല്ലോ; എല്ലാ ലോഹങ്ങളെയും സ്വര്‍ണമാക്കിമാറ്റാന്‍ പറ്റുമെല്ലുള്ള ആല്‍ക്കെമിസ്റ്റുകളുടെ തുഗ്ലക്ക് സ്വപ്‌നങ്ങള്‍'

'പക്ഷേ, സയന്‍സ് മറ്റൊരു തലത്തിലേക്ക് വികസിച്ചപ്പോഴുണ്ടായ ട്രാന്‍സ്മ്യൂട്ടേഷന്‍ എന്ന സാധ്യത?'

'മാത്രമല്ല, ആല്‍ക്കെമിയിലെ അന്വേഷണങ്ങള്‍ക്കിടയില്‍ ശരിയായ ഒരുപാട് കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ജാബിര്‍ ബിന്‍ ഹയ്യാന്‍ ഹൈഡ്രോക്ലോറിക് ആസിഡ് കണ്ടുപിടിച്ചില്ലേ ?

'' ഇന്റര്‍ ഡിസിപ്ലിനറി ആക്ടിവിറ്റീസ് ?''

''എല്ലാം ഇന്റര്‍ ഡിസിപ്ലിനറിയായിരുന്നു സാറേ.... ഡി ഗ്രേഡിബസിലൂടെ ഫാര്‍മസിയും ഗണിതവും സംയോജിപ്പിച്ച അല്‍ കിന്ദി. ഫിര്‍ദൌസുല്‍ ഹിക്മ എഴുതിയ അത്തബ്-രി, വൈദ്യവും മനശ്ശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ട് കിതാബുല്‍ മലികി എഴുതിയ അലി ഇബ്‌നുല്‍ അബ്ബാസ് അല്‍ മജൂസി, അര്‍രിസാലത്തുദ്ദഹബിയ്യ എഴുതിയ അലി ഇബ്‌നു മൂസാ ജാഫര്‍, ഒറ്റമൂലികകളെയും പോഷണത്തെയും കുറിച്ച് പഠിച്ച മുഹമ്മദ് ഇബ്‌നുസഈദ് അത്തിമീമി. വാനശാസ്ത്രം മുതല്‍ വൈദ്യശാസ്ത്രം വരെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഇബ്‌നു ബാജ, ജന്തുശാസ്ത്രവും വൈദ്യവുമൊക്കെ സംയോജിപ്പിച്ചുകൊണ്ട് കിതാബ് ഹയാത്തുല്‍ ഹയവാന്‍ എഴുതിയ മുഹമ്മദ് ഇബ്‌നുമൂസ അദ്ദമീരി... പിന്നെ മധ്യകാലത്തെ മധ്യപൗരസ്ത്യദേശത്തെ എല്ലാ തിരുത്തലുകളും സംഭാവനകളും രേഖപ്പെടുത്തിവെക്കാനും ഞാന്‍ ജന്മമെടുത്തിട്ടുണ്ട്... ഇബ്‌നുല്‍ ബൈത്താര്‍ എന്നായിരുന്നു പേര്.'

'യൂറോപ്പിലെ അച്ചായന്റെ ജന്മങ്ങള്‍ ?'

'മറ്റൊരിക്കലാവാം സാറേ.. പ്രഭാതകൃത്യങ്ങളെല്ലാം ബാക്കിയുണ്ട്. പിന്നെ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലാണ് എന്റെ സ്‌പെഷ്യലൈസേഷന്‍ എന്നതിനാല്‍ തന്നെ യൂറോപ്പിനെക്കുറിച്ച് ഇത്ര നന്നായി സംസാരിക്കാനാവില്ല. ഏതായാലും  പഴയ പുസ്തകങ്ങളുണ്ടെങ്കില്‍ എടുത്തുവെച്ചിട്ട് വിളിക്കൂ. ഞാനതുവഴി വരാം.'

Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival , Pandemic, Homo sapiens,  Gospel of the Vulture

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 22

സ്‌പെയിനിലെ വസന്തംഅധ്യായം 23
 

Post a Comment