Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌പെയിനിലെ വസന്തം

Spanish Spring സ്‌പെയിനിലെ വസന്തം
നോവല്‍
അതിജീവനം-ഇന്ദ്രജിത്ത്
അധ്യായം 22

(www.kasargodvartha.com 13.11.2020) ബിസ്മി ചൊല്ലിക്കൊണ്ട് ഇബ്‌നുസുഹര്‍ കത്തി ആടിന്റെ കഴുത്തിനുനേരെ നീട്ടി. അദ്ദേഹത്തിന്റെ തൊണ്ടയ്ക്ക് ഇടര്‍ച്ചയുണ്ടായിരുന്നു. വേദനയോടുകൂടിയാണ് ശബ്ദം പുറത്തുവന്നത്. പലരും ആടിനെ അറുക്കാറുണ്ട്. ഇവിടെ ആടിനെക്കാള്‍ വേദന കത്തി കൈയില്‍ പിടിച്ചയാള്‍ക്കാണ്. അഫയൂന്‍ കൊടുത്തിരുന്നതിനാല്‍ ആട് മയക്കത്തിലായിരുന്നു. പക്ഷേ ഇബ്‌നു സുഹര്‍ മയക്കത്തില്ലല്ലോ. അതുകൊണ്ടുതന്നെ ആകുലത മനസ്സില്‍ പടര്‍ന്നുകയറി.മാതാപിതാക്കളിലൂടെ പകര്‍ന്നുകിട്ടിയ ജീവിതകഥയില്‍ ഇത്തരത്തിലുള്ള വേദനയില്ലായിരുന്നു. കൊന്ന പാപം തിന്നാല്‍ തീരുമെന്ന വിശ്വാസം പ്രാചീനകാലത്തെ ഗോത്രജീവിതത്തില്‍ തന്നെയുണ്ടായിരുന്നു. ജിബ്രാള്‍ട്ടറിന്റെയും മെഡിറ്ററേനിയന്റെയുമൊക്കെ തീരങ്ങളില്‍ തൂണ പോലുള്ള മത്സ്യങ്ങള്‍ സമൃദ്ധമായി ലഭിച്ചിരുന്നു. മീന്‍ പിടിക്കുന്നതിന് പല രീതികളുണ്ടായിരുന്നു.

അത്തരം രീതികളെ മതം വിലക്കിയില്ല. എന്നാല്‍ ഒട്ടകം പോലുള്ള വലിയ മൃഗങ്ങളുടെ ജീവനുള്ള ശരീരത്തില്‍ നിന്ന് മാംസം വെട്ടിയെടുക്കുന്നത് നിര്‍ത്തലാക്കി. കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം എന്നതിനുപുറമെ ഉപയോഗിക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതായിരിക്കണമെന്നും പറഞ്ഞു. മൃഗത്തെ മാനസികമായും പീഡിപ്പിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ കശാപ്പുചെയ്യുന്ന മൃഗത്തിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടുന്നതും ഒരു മൃഗത്തിന്റെ മുന്നില്‍ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യുന്നതുമൊക്കെ വിലക്കി ഒറ്റപ്രാവശ്യമായി കഴുത്തിലെ ഞരമ്പുകള്‍ മുറിച്ചുകൊണ്ടായിരിക്കണമെന്നും പറഞ്ഞു.

തലയ്‌ക്കോ സ്‌പൈനല്‍ കോഡിനോ ക്ഷതം വരുത്തിയാലും മൃഗം മരിക്കുമെങ്കിലും വലിയ മൃഗങ്ങളുടെ കാര്യത്തില്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രം രക്തം വാര്‍ന്നുപോകണമെന്ന ലക്ഷ്യവും ഉണ്ടല്ലോ. പക്ഷേ, അവയെല്ലാം ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനെക്കുറിച്ചാണ്. ഇവിടെ പ്രശ്‌നം അതല്ല. പക്ഷേ, ഭക്ഷണം കൊണ്ടുമാത്രം മനുഷ്യന് ജീവിക്കാനാവില്ലല്ലോ. അസുഖങ്ങളില്‍ നിന്ന് രക്ഷ വേണം. അതിന് പരീക്ഷണങ്ങള്‍ വേണം. പരീക്ഷണങ്ങള്‍ക്കാവട്ടെ, മൃഗങ്ങളെ ഉപയോഗിക്കേണ്ടി വരും. ഒരുപാട് കാലത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു പരീക്ഷണം ഇബ്‌നുസുഹറിന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്.

അടിസ്ഥാനാശയം ഉരുത്ത്രിഞ്ഞതിനുശേഷം വിശദമായ പരീക്ഷണരൂപരേഖ തയാറാക്കാന്‍ പിന്നെയും സമയമെടുത്തു. ഇല്‍മുത്തശ്രീഹിനെ, അനാട്ടമിയെ, കുറിച്ച് ഗാലന്‍ എഴുതിയതും അതിന് ബഗ്ദാദിലെ ഹക്കീമുമാര്‍ തയാറാക്കിയ വ്യാഖ്യാനങ്ങളും തിരുത്തുകളുമൊക്കെ വിശദമായി പഠിച്ചു. സഹ്‌റാവി ഉസ്താദിന്റെ കിത്താബുത്തസ്-രീഫിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു. അദ്ദേഹം നിര്‍ദേശിച്ച ഉപകരണങ്ങളില്‍ ഈ ശസ്ത്രക്രിയയ്ക്ക് ആവശ്യമായതൊക്കെ സംഘടപ്പിച്ചു. അവശ്യത്തിന് അഫയൂന്‍ വരുത്തിച്ചു. മയക്കുമരുന്നായതിനാല്‍ തന്നെ അതിന്റെ വിപണനത്തിന് നിയന്ത്രണമുണ്ട്; പക്ഷേ, ഹക്കീമുമാര്‍ക്ക് ശസ്ത്രക്രിയകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ആവശ്യമായത്ര സംഘടിപ്പിക്കാം. എങ്ങനെയൊക്കെ ഉപയോഗിച്ചുവെന്ന കണക്ക് സൂക്ഷിക്കണമെന്നുമാത്രം.

ഈ പരീക്ഷണം ആവശ്യമാണോയെന്ന് ഇബ്‌നുസുഹര്‍ സ്വന്തം മനസ്സാക്ഷിയോടുതന്നെ പല തവണ ചോദിച്ചതാണ്. ഏറ്റവും കൂടുതലായി ആവശ്യം വരുന്ന ഒരു ശസ്ത്രക്രിയയല്ല ഇത്. എങ്കിലും അനാവശ്യമാണെന്ന് പറയാനാവില്ല. ദീനാറും ദിര്‍ഹവുമൊക്കെ തൊണ്ടയില്‍ കുട്ടികള്‍ മരിക്കുന്ന സന്ദര്‍ഭങ്ങള്‍ സ്‌പെയിനില്‍ മാത്രമല്ല, പുറത്തുമുണ്ടായിട്ടുണ്ട്. മൂല്യത്തില്‍ വ്യത്യാസമുള്ളതിനാലാവാം. ദിര്‍ഹം കൊണ്ടുള്ള അപകടങ്ങളാണ് കൂടുതല്‍. വലിയ മൂല്യമുള്ള നാണയങ്ങള്‍ ആളുകള്‍ കുട്ടികളുടെ കൈയില്‍ കിട്ടുന്ന വിധത്തില്‍ വെക്കില്ലല്ലോ. എത്ര സൂക്ഷിച്ചാലും ചില കുട്ടികള്‍ തപ്പിയെടുക്കും. ജീവന്‍ രക്ഷിക്കാന്‍ വളരെ ചെറിയ സമയം മാത്രമേ ലഭിക്കുകയുള്ളൂ. അതിനിടയില്‍ ഹക്കീം തന്റെ ഹിക്മത്ത് പ്രയോഗിച്ചിരിക്കണം. നാണയങ്ങള്‍ മാത്രമല്ല, തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം പോലും ചിലരില്‍ ശ്വാസതടസ്സമുണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടാതെ തൊണ്ടയിലോ മറ്റോ ഉണ്ടാവുന്ന രോഗങ്ങളും ശ്വാസതടസ്സമുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.

ഉടലിനെ തലയുമായി ബന്ധിപ്പിക്കുന്ന കഴുത്ത്, ജീവന്റെ പാലം കൂടിയാണെന്നുതോന്നുന്നു. യുദ്ധങ്ങളില്‍ കഴുത്തുവെട്ടാറുണ്ട്. കടല്‍കൊള്ളക്കാര്‍ കഴുതുഞ്ഞെക്കിക്കൊണ്ട് ആളുകളെ കൊല്ലുന്നതിന്റെ കഥകള്‍ അല്‍ ബിറൂനിയെപ്പോലുള്ളവര്‍ പറഞ്ഞതായി പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. തലമുറകള്‍ കൈമാറിവന്ന കഥകളാവാം. ചില ഗോത്രവര്‍ഗക്കാര്‍ കോഴികളെ കഴുത്തുതിരുമ്മിക്കൊണ്ട് കൊല്ലാറുണ്ട് രക്തക്കുഴലുകള്‍ക്കും നട്ടെല്ലിനും കേടുവരാതെ ശ്വാസനാളം മാത്രം മുറിച്ചാല്‍ മരിക്കില്ലെന്നാണ് ഉസ്താദുമാരുടെ കിതാബുകളില്‍ നിന്ന് മനസ്സിലാവുന്നത്. ശ്വാസനാളം ഞെരിച്ചാല്‍ മരിക്കും; പക്ഷേ, മുറിച്ചാല്‍ മരിക്കില്ലെന്നാണ് മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ കാണുന്നത്. പക്ഷേ, അവയില്‍ പറയുന്നത് മുഴുവന്‍ ശരിയാവണമെന്നുമില്ല. ഹിപ്പോക്രാറ്റിസിന്റെയും ഗാലന്റെയുമൊക്കെ പല നിഗമനങ്ങളും തിരുത്തപ്പെട്ടിട്ടുണ്ട്. അനുഭവമാണല്ലോ ഏറ്റവും വലിയ ഉസ്താദ്. സഹ്രാവി ഉസ്താദിനെക്കുറിച്ച് കേട്ട കഥകളിലൊന്ന്, മനസ്സിന് ധൈര്യം പകര്‍ന്നു.

ഒരു പെണ്‍കുട്ടികുട്ടി; അവളെക്കുറിച്ച് പലരും പല തരത്തിലുള്ള കഥകളാണ് പറയുന്നത്. ചിലര്‍ പറയുന്നത് ജീവിതനൈരാശ്യം മൂലമാണ് അതുചെയ്തതെന്നാണ്. അങ്ങനെയാവാം. പ്രണയമൊക്കെ മൊട്ടിടുന്ന പ്രായമാണല്ലോ. അങ്ങനെയല്ല, മനോവിഭ്രാന്തിയുള്ള പെണ്‍കുട്ടിയായിരുന്നു അവളെന്ന് മറ്റുചിലര്‍ പറയുന്നു. സംഭവത്തിന് ഇബ്‌നുസുഹര്‍ സാക്ഷിയല്ല. സഹ്രാവി ഉസ്താദിന്റെ ജീവിതകാലത്തു നടന്ന ഒരു സംഭവത്തിന് അദ്ദേഹം മരിച്ച് എണ്‍പതുകൊല്ലം കഴിഞ്ഞ് ജനിച്ച ഒരാള്‍ക്ക് സാക്ഷിയാവാനാവില്ലല്ലോ. പക്ഷേ, ചെവികളില്‍ നിന്ന് ചെവികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് തലമുറകളോളം നിലനില്ക്കാനുള്ള ശക്തി ആ സംഭവ കഥയ്ക്കുണ്ടായിരുന്നു.

എന്തിനാണ് അവളങ്ങനെ ചെയ്തത് എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും ഒരൊറ്റ അഭിപ്രായമേയുള്ളൂ. മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് അവള്‍ സ്വന്തം കഴുത്തുമുറിച്ചു. പക്ഷേ ആത്മഹത്യ ചെയ്യാനുള്ള പൂതി നടന്നില്ല. രക്തക്കുഴലുകള്‍ക്കുപകരം ശ്വാസനാളമാണ് മുറിഞ്ഞത് എന്നതായിരുന്നു കാരണം. ആരൊക്കെയോ അവളെ സഹ്രാവി ഉസ്താദിന്റെയടുത്ത് എത്തിച്ചു. ഉസ്താദ് ആ ശ്വാസനാളം തുന്നിച്ചേര്‍ത്തുവത്രെ.

ഈ കഥ പല തരത്തിലും ഇബ്‌നുസുഹ്രിന് പ്രചോദനമായി മാറി. ശ്വാസനാളത്തില്‍ മുറിവുണ്ടാക്കുന്നത് ഹിപ്പോക്രാറ്റിസ് പറഞ്ഞതുപോലെ അപകടകരമല്ലെന്ന് ചുരുക്കം. പിന്നെ, ഹിപ്പോക്രാറ്റിസില്‍ നിന്ന് സഹ്രാവി ഉസ്താദിലെത്തുമ്പോള്‍ കാലവും ഒരുപാട് മാറിയിട്ടുണ്ട്. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള അറിവ് വര്‍ധിച്ചു. ഉസ്താദാണെങ്കില്‍, ശസ്ത്രക്രിയയുടെ തലതൊട്ടപ്പനായിരുന്നു.

നാണയങ്ങളും മറ്റും തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാവുന്നവരെ രക്ഷിക്കാന്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുന്നുള്ളൂ. തൊണ്ടയില്‍ കുടുങ്ങിയ വസ്തുവിനെ പുറത്തെടുക്കാന്‍ ഒരുപാട് സമയം വേണ്ടിവരാറുണ്ട്. അതിനുമുമ്പ് ശ്വാസതടസ്സം നീക്കിക്കൊടുത്താല്‍ ആള്‍ രക്ഷപ്പെട്ടേക്കാം. പിന്നീട് തൊണ്ടയിലെ തടസ്സം എടുത്തുമാറ്റാമല്ലോ. ശ്വാസനാളത്തിന് കഴുത്തില്‍ ചെറിയ ദ്വാരമുണ്ടാക്കിയാള്‍ ആള്‍ രക്ഷപ്പെടുമെന്നത് സൈദ്ധാന്തികമായി ശരിയാണ്. പക്ഷേ, പ്രായോഗികമായ അനുഭവമില്ല. അനുഭവത്തിന്റെ പിന്‍ബലമില്ലാതെ ഒരറിവും സ്വീകരിക്കരുതെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ബുഖ്‌റാത്ത് , ഹിപ്പോക്രാറ്റിസ്, കഴുത്തിലെ രക്തക്കുഴല്‍ മുറിയുമെന്നുപറഞ്ഞ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ വിലക്കിയതായും ഉസ്താദുമാര്‍ പഠിപ്പിച്ചിട്ടുണ്ട്. ജാലിനൂസ്, ഗാലന്‍, ഒഴുക്കന്‍ മട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.

അഫയൂനിന്റെ മയക്കത്തിലായിരുന്നതിനാല്‍ ആട് വലിയ വെപ്രാളമൊന്നും കാണിച്ചില്ല. ലഭ്യമായതില്‍ വെച്ച് ഏറ്റവും നല്ല മരുന്നുകള്‍ മുറിവുകളില്‍ വെച്ചുകെട്ടി. പരിചാരകരെ എല്പിക്കാതെ സ്വന്തമായിത്തന്നെ ഇബ്‌നുസുഹര്‍ ആടിനെ പരിപാലിച്ചു. ഒന്നുരണ്ടാഴ്ചയ്ക്കകം മുറിവുണങ്ങി. ഒരു മാസമായതോടുകൂടി അത്

സാധാരണരീതിയില്‍ ജീവിക്കാന്‍ തുടങ്ങി. ആ ജീവിതം വര്‍ഷങ്ങളോളം നീണ്ടു. ഒരു ദിവസം മയത്തില്‍ ആടിനെ അടുത്തുവിളിച്ച് തുണി കൊണ്ട് അതിന്റെ വായയും മൂക്കും മൂടിക്കെട്ടി. കുറേനേരം കഴിഞ്ഞാണ് കെട്ടഴിച്ചത്. ആടിന് ശ്വാസതടസ്സമൊന്നും ഉണ്ടായില്ല അങ്ങനെ വൈദ്യചരിത്രത്തില്‍ ട്രക്കിയോട്ടമി എന്ന ശസ്ത്രക്രിയയുടെ ഫലപ്രാപ്തി, പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു. പരീക്ഷണം പിന്നെയും ആവര്‍ത്തിച്ചു . ഒരൊറ്റ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തരുതെന്നാണല്ലോ ഇബ്‌നുല്‍ ഹൈത്തം അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്.

അബുല്‍ അഅ്‌ലാ സുഹറിന്റെ മകനായി സ്‌പെയിനിലെ സെവില്ലെയില്‍ ജനിച്ച അബു മര്‍വാന്‍ അബ്ദുല്‍ മാലിക് ഇബ്നു അബീ അല്‍ അലാ ഇബ്‌നുസുഹറിന് എന്നുമുതലാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങളില്‍ താത്പര്യം ജനിച്ചതെന്നറിയില്ല. ബൈത്തുല്‍ ഹിക്മയില്‍ വെച്ച് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചില ഗ്രന്ഥങ്ങളില്‍ രാജാവിന് തയാറാക്കിയ ഭക്ഷണം രാജാവ് കഴിക്കുന്നതിനുമുമ്പ് മുഗങ്ങള്‍ക്കുകൊടുത്തുണ്ട് വിഷമില്ലെന്നുറപ്പുവരുത്തണമെന്ന നിര്‍ദേശം ഉള്ളതായി കണ്ടിട്ടുണ്ട്. അതൊക്കെ പരിചരണവും ചികിത്സയും രാജാവിന്റെ മാത്രം അവകാശമായിരുന്ന കാലത്തെ സംഭവങ്ങളാണ്.

റാസിയെപ്പോലുളളവര്‍ ചില മരുന്നുകള്‍ കുരങ്ങുകള്‍ക്കും മറ്റും കൊടുത്തിരുന്നതായി കേട്ടിട്ടുണ്ട്. ഔഷധങ്ങള്‍ മാത്രമല്ല, ശസ്ത്രക്രിയായരീതികളും മനുഷ്യരില്‍ പ്രയോഗിക്കുന്നതിനുമുമ്പ് മൃഗങ്ങളില്‍ പരീക്ഷിക്കുന്നത് നല്ലതാണെന്ന് ഇബ്‌നുസുഹര്‍ അനുഭവങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു.

മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതം താരതമ്യം ചെയതുപഠിക്കുകയെന്നത് രസമുള്ള കാര്യമാണ്. ശസ്ത്രക്രിയകള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നത് ഇബ്‌നു സുഹറിന്റെ അന്വേഷണങ്ങളില്‍ ന്നൊമത്തെ പരിഗണന അര്‍ഹിക്കുന്ന കാര്യമാണ്. ഇതുപോലെ പല ശസ്ത്രക്രിയകളും മനുഷ്യരില്‍ പ്രയോഗിക്കുന്നതിനുമുമ്പ് മൃഗങ്ങളില്‍ പരീക്ഷിച്ചു; അവയിലെല്ലാം മൃഗങ്ങളുടെ വേദന പരമാവധി ലഘൂകരിക്കാനും ശ്രമിച്ചു. ചില അസുഖങ്ങളും കഴിക്കുന്ന വസ്തുക്കളും ആന്തരികാവയവങ്ങളില്‍ എന്ത് മാറ്റമാണ് വരുത്തുന്നതെന്നറിയാന്‍ ആടുകളെ പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. മൃഗപരീക്ഷങ്ങളില്‍ നിപുണനായിരുന്നു എന്നതിനാല്‍ തന്നെ ജന്തുക്കളില്‍ നിന്ന് കിട്ടുന്ന ഗോരോചന പോലുള്ള വസ്തുക്കളുടെ ഔഷധഗുണങ്ങളെക്കുറിച്ച് പഠിക്കാനും ഇബ്‌നുസുഹറിനായി.

ജീവികളെ ഇബ്‌നുസുഹറിന്റെ നിരീക്ഷണം വലിയ ജന്തുക്കളില്‍ ഒതുങ്ങിനിന്നില്ല. മൈക്രോബയോളജി വളര്‍ന്നുവരാത്ത അക്കാലത്ത് മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത സൂക്ഷ്മജീവികളുണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞു.

വൈദ്യശാസ്ത്രജ്ഞന്‍, ശാസ്ത്രക്രിയാവിദഗ്ധന്‍, കവി തുടങ്ങിയ നിലകളില്‍ അല്‍ അന്ദലൂസില്‍ മാത്രമല്ല, പുറത്തും ഇബ്‌നുസുഹര്‍പ്രശസ്തി നേടിയ ഇബ്‌നുസുഹര്‍ മറ്റുളള ഹക്കീമുമാരെപ്പോലെ അനുഭവങ്ങളും നിരീക്ഷിണങ്ങളും കുറിച്ചിട്ടു. അവ വൈദ്യശാസ്ത്രത്തില്‍ പുതിയ വഴികള്‍ വെട്ടിത്തെളിക്കാന്‍ പര്യാപ്തമായ ഗ്രന്ഥങ്ങളായി മാറി. അവയില്‍ അത്തൈസീര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അത്തൈസീര്‍ ഫില്‍ മുദാവാത്തിത്തദ്ബീറിനെ ഇബ്‌നുസുഹറിന്റെ മാസ്റ്റര്‍പീസായി ലോകം കൊണ്ടാടി.

പിതാവില്‍ വൈദ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഇബ്‌നുസുഹറിന്റെ കുടുംബത്തില്‍ തലമുറകളോളം വൈദ്യശാസ്ത്രജ്ഞരുണ്ടായി. അദ്ദേഹത്തിന്റെ പുത്രിയും പൗത്രിയും അക്കൂട്ടത്തിലുണ്ട്. ആ കുടുംബം മാത്രമായിരുന്നില്ല കോര്‍ദോവയിലും ചുറ്റുവട്ടങ്ങളിളും വേറെയും ചികിത്സകരുണ്ടായിരുന്നു. സഹ്രാവി ഉസ്താദ്, അബുല്‍ കാസിം ഖലഫ് ബിന്‍ അല്‍ അബ്ബാസ് അസ്സഹ്‌റാവി, തന്നെയായിരുന്നു വൈദ്യവിദ്യയുടെ കുലപതി. സര്‍ജറിയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. കിത്താബുത്തസ്-രീഫ് എന്ന കിതാബ് അല്‍ തസ്-രീഫ് ലിമന്‍ അജസ അനിത്തഅ്-ലീഫ് പ്രധാനകൃതിയാണ് ശസ്ത്രക്രിയോപകരണങ്ങളുടെ മേഖലയില്‍ അദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങള്‍ ശ്രദ്ധേയമാണ്. ഹിമോഫീലിയ പാരമ്പര്യരോഗമാണെന്ന് ആദ്യമായി വിവരിച്ച സഹ്രാവി എക്‌റ്റോപ്പിക് പ്രഗ്‌നന്‍സിയിലെ അബ്‌ഡോമിനല്‍ പ്രഗ്‌നന്‍സി എന്ന ഇനത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തി.

അല്‍ അന്ദലൂസില്‍ അറിവിന്റെ ദീപശിഖ കെടാതെ നിന്ന കാലമായിരുന്നു അത്. ഇബ്‌നുസുഹറും ഇബ്‌നുറുഷ്ദും സുഹൃത്തുക്കള്‍ എന്നതിനപ്പുറം അറിവിന്റെ മേഖലയില്‍ അനുപൂരകങ്ങളായിരുന്നു. നാച്വറല്‍ ഫിലോസഫിയില്‍ നിന്ന് സയന്‍സ് രൂപപ്പെടുന്നതിന്റെ ചരിത്രവഴികളെ പ്രതിനിധാനം ചെയ്യുന്ന അനുപൂരകങ്ങള്‍. യുക്തി മാത്രമായാല്‍ സയന്‍സാവില്ല; അനുഭവവും വേണം. അത്തരത്തില്‍ അറിവ് എമ്പിരിക്കലാവുന്നത് നിരീക്ഷണപരീക്ഷണങ്ങളിലൂടെയാണ്. യുക്തിയുടെ മേഖലയില്‍ ഇബ്‌നുറുഷ്ദ് മുന്നേറി; പരീക്ഷണങ്ങളിലൂടെ ലഭിച്ച അനുഭവജ്ഞാനത്തില്‍ ഇബ്‌നുസുഹറും. നിയമം, തത്ത്വചിന്ത തുടങ്ങിയവയോടൊപ്പം തിയററ്റിക്കല്‍ മെഡിസിനില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇബ്നു റുഷ്ദ് ആവശ്യപ്പെട്ട പ്രകാരമാണ് ഇബ്നു സുഹ്ര് അത്തൈസീര്‍ എഴുതുന്നത്. തന്റെ അല്‍ കുല്ലിയാത്തും ഇബ്നു സുഹ്റിന്റെ അത്തൈസീറും ചേര്‍ന്നാല്‍ ചികിത്സാശാസ്ത്രത്തിലെ സമ്പൂര്‍ണഗ്രന്ഥം ആകുമെന്ന് ഇബ്നു റുഷ്ദ് കരുതി. കാഴ്ചയുണ്ടാവുന്നതില്‍ റെറ്റിനയ്ക്കുള്ള പ്രാധാന്യം ആദ്യമായി എടുത്തുപറഞ്ഞത് അദ്ദേഹമാണ്. കൂടാതെ പക്ഷാഘാതത്തിന്റെ നിദാനഘടകങ്ങള്‍ ഏറെക്കുറെ കൃത്യമായി വിവരിച്ചു പാര്‍ക്കിന്‍സന്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വിശദീകരിച്ചു.

'ദിവാസ്വപ്നമായിരുന്നോ ? മുഖത്ത് ഒരു ചിക്കന്‍ ബിരിയാണി കഴിച്ച ഭാവമുണ്ടല്ലോ',

ക്വാര്‍ട്ടേഴ്‌സിലെ രുഗ്മിണിച്ചേച്ചിയുമായി സംസാരിക്കുകയായിരുന്ന ഭാര്യ തിരിച്ചുവന്നത് പോക്കര്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.

'ചിക്കന്‍ ബിരിയാണിയല്ല; മട്ടന്‍ ബിരിയാണിയാണ്'

പരീക്ഷാസംബന്ധമായ ജോലികള്‍ക്കായി അണ്‍എയ്ഡഡ് കോളേജുകളില്‍ പോയാല്‍ സത്കരിച്ചേ തിരിച്ചയക്കൂ.

'ചിക്കന്‍ ബിരിയാണിയല്ല, മട്ടന്‍ ബിരിയാണിയാണ്'

'മട്ടന്‍ബിരിയാണിയോ''

'അതെ അഞ്ചാറുമാസം മുമ്പ് യുനാനി മെഡിക്കല്‍ കോളേജില്‍ വെച്ച് കഴിച്ച മട്ടന്‍ ബിരിയാണി'

'കന്നുകാലികള്‍ അയവിറക്കുന്നതുപോലെ അന്നുകഴിച്ചത് ഇപ്പോള്‍ വായിലേക്ക് തികട്ടിവന്നോ?'

'അന്നത്തെ യാത്രപ്പടി അക്കൌണ്ടില്‍ ഇന്ന് ക്രെഡിറ്റ് ആയതായി മെസ്സേജ് വന്നു'

ക്വസ്റ്റ്യന്‍ പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ സന്നിഹിതനായിരിക്കുക, മൊബൈല്‍ ജാമറും മറ്റും ശരിക്ക് പ്രവര്‍ത്തിക്കുന്നില്ലേയെന്ന് നോക്കുക തുടങ്ങിയവയാണ് ആരോഗ്യസര്വകലാശാലയുടെ എക്‌സാമിനേഷന്‍ ഒബ്‌സര്‍വറുടെ ചുമതലകള്‍. ക്രമകേടുകള്‍ ഉണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റിയെ അറിയിക്കണം. മുമ്പൊക്കെ കോപ്പിയടി പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വരുത്താനായി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍കിടയിലൂടെ നടക്കുന്ന രംഗം സിസിടിവി ക്യാമറയില്‍ പതിപ്പിക്കുമായിരുന്നു.

പിന്നീട് അങ്ങനെ ചെയ്യേണ്ടെന്ന് യൂണിവേഴ്‌സിറ്റി തന്നെ അറിയിച്ചു. എന്തൊക്കെ ചെയ്താലും സമയം ബാക്കിയാണ്. മോബൈല്‍ ജാമര്‍ ഉള്ളതിനാല്‍ ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും നിസ്സഹായരായി മാറിനില്ക്കും. ക്വസ്റ്റ്യന്‍ പേപ്പറില്‍ കുറേനേരം നോക്കിയിരിക്കുകയാണ് ആകെയുള്ള രക്ഷ. താരീഖുത്തിബ്ബ് വിഷയത്തിലെ പരീക്ഷയാണ്. ഹിസ്റ്ററി ഓഫ് മെഡിസിന്‍ ആണ് താരീഖുത്തിബ്ബ്. വൈദ്യശാസ്ത്രത്തിന് മധ്യകാലത്തെ സ്‌പെയിന്റെ സംഭാവനകളെക്കുറിച്ചുള്ള ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല; എക്‌സാം ഹാളില്‍ സംസാരം വേണ്ടെന്നുകരുതി ഇന്‍വിജിലേറ്ററോട് ചോദിച്ചില്ല. എക്‌സാമിനേഷന്‍ ചീഫ് സൂപ്രണ്ടിന്റെ കൂടെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു.

'അബുല്‍കാസിസ്, അവെറോസ്, അവന്‍സോര്‍ എന്നൊക്കെ കേട്ടിട്ടില്ലേ സാറേ ? പേരുകേട്ടാല്‍ സായിപ്പന്മാരാണെന്നുതോന്നും. സായിപ്പന്മാര്‍ക്ക് അറബിപ്പേരുകള്‍ ഉച്ചരിക്കാനാവാത്തതിനാല്‍ അബുല്‍ കാസിം അസ്സഹ്രാവിയെ അബുല്‍കാസിസും ഇബ്‌നുസുഹറിനെ അവെന്‍സോറും ഇബ്‌നുറുഷ്ദിനെ അവെറോസുമാക്കി''

ആടുബിരിയാണി കഴിച്ചുതീരുന്നതുവരെ ആടിന്റെ കഴുത്തില്‍ നടത്തിയ ട്രക്കിയോട്ടമിയെക്കുറിച്ചും മറ്റും ചീഫ് സൂപ്രണ്ട് പറഞ്ഞുകൊണ്ടിരുന്നു.

'നിങ്ങള്‍ ബിരിയാണി അയവിറക്കിക്കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ മറ്റൊരു ലഹരിയിലായിരുന്നു '

'മറ്റൊരു ലഹരി ?'

'അതെ, ഒരു പൈങ്കിളിക്കഥയുടെ ലഹരി. റസിയട്ടീച്ചറുടെ മൂത്ത മോനും മൂര്‍ത്തിമാഷിന്റെ മൂത്ത മോളും തമ്മില്‍ എന്തോ ചുറ്റിക്കളിയുണ്ടെന്നാണ് രുഗ്മിണിച്ചേച്ചി പറയുന്നത്'

*അഫയൂന്‍ -കറുപ്പ് (Opium)


Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Spanish Spring


Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 22

Post a Comment