Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹേര്‍ഡ് ഇമ്യൂണിറ്റി

ശക്തമായ പോരാട്ടമാണ്. ആരും വിട്ടുകൊടുക്കുന്നില്ല. അവസാനം ചെറിയൊരു വിജയം സാപ്പിയന്‍സിനുണ്ടായി Herd immunity
അതിജീവനം
- ഇന്ദ്രജിത്ത്
അധ്യായം 11   

(www.kasargodvartha.com 28.08.2020) ശക്തമായ പോരാട്ടമാണ്. ആരും വിട്ടുകൊടുക്കുന്നില്ല. അവസാനം ചെറിയൊരു വിജയം സാപ്പിയന്‍സിനുണ്ടായി. അതിന്‍റെ ചുവടുപിടിച്ചുകൊണ്ടുള്ള പ്ലാനിങ്ങുകളിലൂടെ അവന്‍ നിയാണ്ടാര്‍താലന്‍സിസിനെ മലര്‍ത്തിയടിക്കുകയാണ്.

ടീവി കാണുകയെന്ന പദത്തിന് എന്നോ അര്‍ത്ഥ വ്യതിയാനം വന്നതാണ്. കാണുന്നതിനെക്കാള്‍ കേള്‍ക്കാറാണ് പതിവ്. രാവിലെ പഴയ പാട്ടുകള്‍ കേട്ടുകൊണ്ട് പ്രഭാതകൃത്യങ്ങള്‍ ചെയ്തുതീര്‍ക്കുകയെന്നത് ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ടെലിവിഷന്‍ പൂര്‍ണമായും ഭാര്യയുടെ കീഴിലാണ്; ചിലപ്പോള്‍ കുട്ടിയും കൂടെയുണ്ടാവും. ഈ നേരത്ത് സംപ്രേഷണം ചെയ്യുന്ന പരിപാടികളൊക്കെ ചില തരംഗദൈര്‍ഘ്യങ്ങളില്‍ ചിന്തിക്കുന്നവരെ തൃപ്തിപ്പെടുത്താനുള്ളവയായിരിക്കും. പുറത്ത് പണിക്ക് പോകുന്നവരായാലും വീട്ടമ്മമാരായാലും ആളുകള്‍ ഫ്രീയാകുന്നത് ഈ നേരത്താവാം. ഒരുകാലത്ത് സീരിയലുകളായിരുന്നു. പിന്നീട് റിയാലിറ്റി ഷോകള്‍ രംഗത്തെത്തി. കത്തിനില്ക്കുന്ന ഏതെങ്കിലും വിഷയത്തെ ആസ്പദമാക്കി, രാഷ്ട്രീയനേതാക്കള്‍ അണിനിരന്നുകൊണ്ടുള്ള സംവാദമാണ് മറ്റൊരിനം. ശരാശരി മലയാളിയുടെ ബോധപരിധിക്കുള്ളില്‍ നിന്നുകൊണ്ടാവും എല്ലാ സംവാദങ്ങളും മുന്നേറുക. ഡോക്ടര്‍മാരെ ടെലിവിഷന്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും ഏറ്റവും കൂടുതലായി എത്തുന്നത് കൊറോണക്കാലത്താണ്. എണ്‍പത്തിയെട്ടിലെ സര്‍ജറി വിവാദം നന്നായി കത്തിനിന്നെങ്കിലും അക്കാലത്ത്‌ ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ കേരളത്തിലെല്ലായിടത്തും ലഭ്യമായിരുന്നുമില്ല. മാത്രമല്ല, ഔദ്യോഗികതയെന്ന പരിമിതിയും ദൂരദര്‍ശനുണ്ടല്ലോ. ഹേര്‍ഡ് ഇമ്യൂണിറ്റിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇന്നത്തെ സംവാദം കേള്‍ക്കുന്നതോടെ മാറാന്‍ സാധ്യതയില്ലെങ്കിലും പോരാട്ടം കണ്ടുനില്ക്കുന്നത് ഹരമായി കരുതുന്ന ഒരുപാട് പേരുണ്ട്. ഇതിലെ ജയപരാജയങ്ങളെക്കുറിച്ച് നാളെ ഡിപ്പാര്‍ട്മെന്‍റിലും  വാട്സ് ആപ്പ്, ഫെയ്സ് ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലും വരാന്‍ സാധ്യതയുള്ള വിവരണങ്ങള്‍ക്കുമുമ്പില്‍ മരമണ്ടനാവാതിരിക്കാന്‍ ഇന്ന് മണ്ടന്‍പെട്ടിക്കുമുമ്പില്‍ അല്പനേരം ചെലവഴിച്ചേ പറ്റൂ.

പല വാദങ്ങളും കേള്‍ക്കാന്‍ രസമുള്ളതാണ്; മാത്രമല്ല, സൈദ്ധാന്തികമായ അടിത്തറയുമുണ്ടായിരിക്കും. അവ എന്നെന്നും കേവലം സിദ്ധാന്തങ്ങളായി തുടരുമെന്നതാണ് വസ്തുത. പ്രയോഗികമല്ലാത്ത സിദ്ധാന്തകള്‍ കൊണ്ട് കാര്യമില്ല. ഫിലോസഫിയല്ല, സയന്‍സ്.

ഹേർഡ് ഇമ്യൂണിറ്റിയിലാണത്രെ പ്രതീക്ഷ. ഒരൊറ്റ കേസ്സും ഇല്ലാതെ കേരളം എന്ന ലക്ഷ്യം മനസ്സില്‍ വേണ്ടെന്നാണ് പറയുന്നത്. ഇവയ്ക്ക് അകമ്പടിയായി ഒരുപാട് ഉപദേശങ്ങളും സാമാന്യവത്കരണങ്ങളുമുണ്ട്. പോസിറ്റീവ് എന്ന് കേൾക്കുമ്പോഴുള്ള ഞെട്ടലും അയിത്തവും മാറിയാലേ രക്ഷയുള്ളൂ. പോസിറ്റീവിനായി പ്രാർത്ഥിക്കുകയാണ് വേണ്ടത്. യുവാക്കളായ ഡോക്ടർമാർ ശ്യൂന്യാകാശത്ത് പോകുന്നവരെപ്പോലെ പി പി ഇ കിറ്റ് ഇട്ടൊന്നും കോവിഡ് വാർഡിൽ ജോലി ചെയ്യേണ്ട കാര്യമില്ലെന്നാണ് മറ്റൊരു വാദം. മാസ്ക് പോലും സർക്കാർ പറയുന്നതുകൊണ്ട് ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിച്ചാല്‍ മതിയത്രെ. വാക്സിൻ രക്ഷകനായി വരുമെന്ന് കരുതേണ്ട; മരുന്നുകളല്ല നമുക്ക് മോചനം നേടാനുളള വഴി.

പൊടിപാറുന്ന സംവാദം നടക്കുമ്പോള്‍ തന്നെ സ്ക്രീനില്‍ അടിഭാഗത്ത് പരസ്യങ്ങള്‍ മിന്നിമറയുന്നു. പരിപാടിയുടെ ജനപ്രിയതയാവാം, പരസ്യങ്ങളുടെ ആധിക്യം സൂചിപ്പിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഋഷീശ്വരന്മാരിലൂടെ അവതരിച്ച കെമിക്കലുകളില്ലാത്ത ആയുര്‍വേദം. ഒരു പരസ്യത്തിലെ വരി ശ്രദ്ധേയമായി തോന്നി. പരസ്യത്തിന്‍റെ ഉള്ളടക്കവും പരിപാടിയും തമ്മില്‍ ബന്ധമുണ്ടാകണമെന്നില്ല. പക്ഷേ കേരളത്തിലങ്ങോളമിങ്ങോളം ടെലിവിഷന്‍ സ്ക്രീനിനുമുമ്പില്‍ കുത്തിയിരിക്കുന്നവരുടെ മനസ്സില്‍ രണ്ടും കയറുന്നുണ്ട്. അവര്‍ക്ക് ഒന്നിന്‍റെ അനുപൂരകമാണ് മറ്റൊന്ന്. മാസ്ക് ധരിക്കാനുള്ള ആഹ്വാനം അലോപ്പതിക്കാരുടെ തട്ടിപ്പാണെന്ന വാദം ഈയിടെയാണ് സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളോളം ഓടിയത്.

ഇടവേളയില്‍ മറ്റെവിടെയെങ്കിലും സീരിയലിന്‍റെ കഷണമുണ്ടോയെന്നറിയാനായി ഭാര്യ ചാനല്‍ മാറ്റിയപ്പോള്‍ കണ്ടത് മാസ്ക് അലങ്കാരമായി താടിയില്‍ തൂക്കിയിട്ടുകൊണ്ട് പത്രക്കാര്‍ക്കുമുമ്പില്‍ ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയനേതാവിനെയാണ്. നാലഞ്ചുകൊല്ലം മുമ്പുതന്നെ ആന്‍റിവാക്സിന്‍ പ്രസ്ഥാനക്കാരുടെ കൂത്തരങ്ങാണ് കേരളം. അവരുടെ പല വാദങ്ങളും ഇന്നത്തെ ഹേർഡ് ഇമ്യൂണിറ്റിക്കാരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

ആരോഗ്യമുള്ളവർക്കു ചുറ്റും ഉള്ള വേലികൾ എടുത്തു മാറ്റണമെന്ന വാദം കേള്‍ക്കാന്‍ രസമാണ്. യുവഡോക്ടര്‍മാര്‍ മാസ്കണിയെണ്ടെന്ന് പറയുന്നതിന് കൃത്യതയുണ്ടെങ്കിലും പ്രായോഗികതയുടെ പിന്‍ബലമില്ലെന്നുമാത്രമല്ല, സൈദ്ധാന്തികമായ പാളിച്ചകളും ഒരുപാടുണ്ട്. കോവിഡ് പത്തൊമ്പതിനെക്കുറിച്ച് ഇതുവരെ പൂര്‍ണമായി പഠിച്ചുകഴിഞ്ഞിട്ടില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ രോഗം പകര്‍ത്താമെന്ന നിഗമനമാണ് ഇന്നുള്ളത്. രോഗലക്ഷണങ്ങളില്ലാത്ത യുവഡോക്ടർമാര്‍ ചികിത്സിക്കുന്നത് യുവാക്കളെ മാത്രമല്ല. ആരോഗ്യവാന്മാരെന്ന് നാം കരുതുന്ന മറ്റാളുകള്‍ ഇടപഴകുന്നവരിലും വൃദ്ധരും കുഞ്ഞുങ്ങളും ഉണ്ടാവാം. ഒരാള്‍ മാസ്കുധരിക്കുന്നത് അയാളുടെ രക്ഷയ്ക്ക് എന്നതിനെക്കാള്‍ മറ്റുള്ളവരുടെ രക്ഷയ്ക്കാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും രോഗം പകര്‍ത്താമെന്നതിനാല്‍ തന്നെ ഗുരുതരമായ അനുബന്ധ രോഗങ്ങൾ ഉള്ളവരിലേക്കും പ്രായാധിക്യമുള്ളവരിലേക്കും രോഗം പകരാനുള്ള സാധ്യത തടയാന്‍ എല്ലാവരും മാസ്ക് പോലുള്ളവ ധരിക്കുകയും അകലം പാലിക്കുകയും വേണം.

വാക്സിന്‍ വിരോധികളും വ്യാജചികിത്സകരും സ്യൂഡോസയന്‍സിന്‍റെ ആളുകളും ഉണ്ടാക്കിയെടുത്ത ഒരു സാങ്കല്പികലോകമുണ്ട്. ആ ലോകത്ത് വിഹരിക്കുന്നവര്‍ക്ക് ഹേര്‍ഡ് ഇമ്യൂണിറ്റിയെക്കുറിച്ചുള്ള ഇത്തരം സ്വീകാര്യമാവാം. പക്ഷേ കേരളം അതില്‍ നിന്ന് വളരെ അകലെയാണെന്നുമാത്രം. കുടുംബാസൂത്രണം ഏറ്റവും നന്നായി നടപ്പിലാക്കിയ സംസ്ഥാനം എന്നതിനാല്‍ തന്നെ കേരളത്തില്‍ വൃദ്ധജനസംഖ്യ ആനുപാതികമായി കൂടുതലാണ്. അനുബന്ധരോഗങ്ങളുള്ളവരുടെ ശതമാനവും വളരെക്കൂടുതലാണ്. ഇക്കാരണത്താല്‍ തന്നെ ഇവിടെ പെട്ടെന്നുള്ള രോഗപ്പകർച്ചയുണ്ടാകുന്നത് വലിയ വിപത്തുകള്‍ക്ക് കാരണമാവും. അനുബന്ധരോഗങ്ങളുള്ളവര്‍ക്ക് രോഗം വരുന്നത് ഒഴിവാക്കാനും അവരെ സംരക്ഷിക്കാനും വേണ്ടിയാണ് യുവാക്കളും മാസ്ക് ഉപയോഗിക്കണമെന്ന് പറയുന്നത്.

കോവിഡ് മൂലമുള്ള മരണനിരക്ക് കുരവാണെന്നതാണ് ഇത്തരക്കാര്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം. സ്വീഡന്‍ എന്ന രാജ്യമാണ് പരക്കെ ഉദാഹരിക്കപ്പെടുന്നത്. കൊറോണയെ നേരിടുന്നതിൽ മറ്റുള്ള രാജ്യങ്ങളെക്കാൾ മികച്ച വിജയം സ്വീഡൻ കൈവരിച്ചോയെന്നാലോചിക്കേണ്ടതുണ്ട്. പോസിറ്റീവ് കേസ്സുകളിലെ മരണനിരക്ക്‌ എത്ര പോസിറ്റീവുകളെ കണ്ടുപിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പോസിറ്റീവുകളുടെ എണ്ണം കുറച്ചുകാണിക്കാനായി ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്ന ഭരണാധികാരികളുണ്ട്. ജനസംഖ്യയിൽ എത്ര പേർ കോവിഡ്‌ മൂലം മരിച്ചുവെന്നതാണ് കുറച്ചുകൂടി ആശ്രയിക്കാവുന്ന മാനദണ്ഡം. കോവിഡിന്‍റെ ടെസ്റ്റ്‌ നിരക്ക് കുറയുന്നതോടുകൂടി മരണങ്ങള്‍ മറ്റുള്ള രോഗങ്ങളുടെ തലയിലാവുന്നു.

കൊറോണ മാത്രം കാരണമായി ആരും മരിക്കുന്നില്ലെന്ന നിഗമനവും പലരും അനുബന്ധമായി ഉയര്‍ത്തുന്നുണ്ട്. ഇത് പലതിനും ബാധകമാണ്. എ‌യ്ഡ്സില്‍ ആള്‍ക്കാര്‍ മരിക്കുന്നത് പ്രതിരോധശക്തി കുറയുന്നതുകാരണം മറ്റുള്ള അസുഖങ്ങള്‍ വന്നുകൊണ്ടാണ്. എല്ലാവരും സമീകൃതമായ ആഹാരം കഴിക്കുകയും ശരിയായ ജീവിതചര്യകള്‍ പിന്തുടരുകയും ചെയ്യുന്നുണ്ടെന്നുറപ്പുവരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടുമാത്രം കൊറോണയെ തടഞ്ഞുനിര്‍ത്താനാവില്ല.

ഐ സി യു, വെന്‍റിലേറ്റര്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുമ്പോള്‍ വാക്സിന്‍ വിരോധികളും സ്യൂഡോസയന്‍സുകാരും ഉയര്‍ത്തുന്ന വാദങ്ങളെ ശരിവെക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഇന്ന് നിലനില്ക്കുന്ന സാഹചര്യത്തില്‍ നല്ലൊരു വിഭാഗം ആളുകളെ മരണത്തിന് വിട്ടുകൊടുക്കുകയാവും ഇപ്പറഞ്ഞതിന്‍റെയൊക്കെ ഫലം. കുറച്ചു പേർ മരിച്ചാലും വലിയ കുഴപ്പമൊന്നുമില്ലെന്ന കാഴ്ചപ്പാടും ഉണ്ടാവാം.

പരിപാടിക്കിടയില്‍ ചെറിയൊരു ഇടവേളയും പരസ്യങ്ങളുടെ പ്രളയവും കണ്ടപ്പോള്‍ കുട്ടിക്ക്, അവള്‍ കാണുകയായിരുന്ന കാര്‍ട്ടൂണിലേക്ക് തിരിച്ചുപോകണമെന്ന വാശി. അവിടെ ഹോമോ സാപ്പിയന്‍സും ഹോമോ നിയാണ്ടര്‍താലന്‍സിസും തമ്മിലുള്ള പോരാട്ടം നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുകയാണ്. കാര്‍ട്ടൂണ്‍ രൂപത്തില്‍ കുട്ടികള്‍ക്ക് പരിണാമസിദ്ധാന്തം പറഞ്ഞുകൊടുക്കുന്ന ഏതോ വിദേശസിനിമയാണ്. അര്‍ഹതയുള്ളതിന്‍റെ അതിജീവനം എന്നത് പരിണാമസിദ്ധാന്തത്തില്‍ വിവരിക്കുന്ന പ്രകൃതിനിര്‍ദ്ധാരണതത്ത്വമാണ്. വാക്സിന്‍ വിരോധികളും ആധുനികവൈദ്യശാസ്ത്രത്തെ എതിര്‍ക്കുന്നവരുമൊക്കെ ഒരര്‍ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതും അതുതന്നെയാണ്. ജനിച്ചുവീഴുന്നവരില്‍ കുറേപേര്‍ മരിക്കും; ബാക്കിയുള്ളവര്‍ പ്രകൃതിദത്തമായ പ്രതിരോധശക്തിയോടെ വളരും. പക്ഷേ, മനുഷ്യന് ജൈവപരിണാമം മാത്രമല്ല, സാംസ്കാരികപരിണാവുമുണ്ട്. രാജാധിപത്യത്തിനുപകരം ജനാധിപത്യത്തെ പ്രതിഷ്ഠിച്ചതും ഫ്യൂഡലിസത്തെയും അടിമത്തത്തെയുമൊക്കെ കടപുഴക്കി സോഷ്യലിസം കൊണ്ടുവന്നതും അതാണ്‌. ഒരൊറ്റ മനുഷ്യനെയും മരണത്തിന് വിട്ടുകൊടുക്കാതെ കൊറോണയെ തടഞ്ഞുനിര്‍ത്തണമെന്ന ചിന്തയുണ്ടാകുന്നതും അത്തരത്തിലുള്ള മൂല്യബോധത്തില്‍ നിന്നാണ്. കൊറോണക്കാലത്ത് മാസ്കും സാമൂഹികമായ അകലവും നിര്‍ബന്ധിക്കാതിരിക്കുകയും ഐ.സി.യുവും വെന്‍റിലേറ്റര്‍ സംവിധാനങ്ങളും വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താല്‍ കുറെയാളുകള്‍ മരിക്കും, ബാക്കിയുള്ളവര്‍ പ്രതിരോധശക്തിയോടെ വളരും. പക്ഷേ അതുകൊണ്ട് മാനവരാശി അതിജയിക്കുമോയെന്നതാണ് പ്രശ്നം. വിവരസാങ്കേതികപോലുള്ള അപൂര്‍വം ചില മേഖലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വൈദഗ്ധ്യവും നൈപുണ്യവും സീനിയോറിറ്റിയുടെ പര്യായങ്ങളാണ്.

Keywords: COVID19, Novel, Adhijeevanam Indrajith, Herd Immunity

Also read:
 
സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് (അധ്യായം ഒന്ന്)

പാവ് ലോവിന്റെ പട്ടി (അധ്യായം രണ്ട്്)

പാന്‍ഡെമിക് പാനിക്കുകള്‍(അധ്യായം മൂന്ന്‌)

നോഹയുടെ പ്രവചനം ((അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

"ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാ"(അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും(അധ്യായം ഏഴ്)
ബ്ലാക്ക് ഫോറസ്റ്റ്(അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍(അധ്യായം ഒമ്പത്)

കൊറോണാദേവിഅധ്യായം പത്ത്

Post a Comment