city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കസ് ക്യുറാത് നാച്യൂറ സനാത്

അതിജീവനം

ഇന്ദ്രജിത്ത്

അധ്യായം 28

(www.kasargodvartha.com 26.12.2020) 'നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന ദൈവം പരിധിക്കുപുറത്താണ്; കൊറോണക്കാലം കഴിഞ്ഞ് വിളിക്കുക' ചാര്‍വാകം വെബിനാറിലെ കൃഷ്ണകുമാറിന്‍റെ പ്രസംഗം തുടങ്ങുന്നത് ഈ വാക്യത്തോടെയാണ്. കൊറോണക്കാലം എല്ലാവരും പോരാട്ടത്തിലാണ്. വൈദ്യസമൂഹം, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ അങ്ങനെ ഒരുപാട് വിഭാഗങ്ങള്‍ യുദ്ധസമയത്തെ പട്ടാളക്കാരെപ്പോലെ ജീവൻ പണയം വെച്ച് പണിയെടുക്കുന്നു. ചിലപ്പോഴൊക്കെ മുന്‍ഗണനകളില്‍ ചിലവ്യത്യാസങ്ങള്‍ വരുന്നുണ്ടെന്നു മാത്രം. ഭരണപക്ഷത്തിന്‍റെ വീഴ്ചകള്‍ക്കുനേരെ ഭൂതക്കണ്ണാടി പിടിക്കാനുള്ള ത്വര പ്രതിപക്ഷവും പോരാട്ടത്തിന്‍റെ എല്ലാ കെഡിറ്റും തങ്ങൾക്കായിരിക്കണമെന്ന വാശി ഭരണപക്ഷവും കാണിക്കുന്നുണ്ടെങ്കിലും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വീഴ്ചയൊന്നുമില്ല. മാസ്ക്, സാനിറ്റൈസര്‍ തുടങ്ങി കൊറോണക്കാലത്തേക്ക് മാത്രമായിട്ടുള്ള കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്. കോവിഡില്‍ നിന്ന് രക്ഷനേടാൻ ഏലസ്സ് മന്ത്രിച്ചു കൊടുക്കുന്ന മുസ്ല്യാക്കന്മാരും കൊറോണാദേവിക്ക് പൂജ നടത്തുന്ന സ്വമിമാരുമൊക്കെ കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന പക്ഷക്കാരാണ്. ചാര്‍വാകസരണിയെ സംബന്ധിച്ചിടത്തോളം, ദൈവം അനാവശ്യ വസ്തുവായി മാറിയെന്ന് തെളിയിക്കാന്‍ ഇതിനെക്കാള്‍ വലിയ അവസരം മറ്റൊന്നില്ല. അമ്പലവും പള്ളിയുമൊക്കെ അടച്ചുപൂട്ടി നടത്തിപ്പുകാര്‍ വീട്ടിലിരിക്കുകയാണ്. വിളിച്ചിട്ടും വിളി കേള്‍ക്കാത്ത ദൈവങ്ങള്‍. അതുകൊണ്ടുതന്നെ അവ പരിധിക്കുപുറത്താണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല.

പരിപാടിയുടെ ലിങ്ക് കൃഷ്ണകുമാര്‍ അയച്ചിരുന്നുവെങ്കിലും ആ നേരത്ത് കയറാന്‍ പറ്റിയില്ല. പിന്നീട് സംഘാടകര്‍ വീഡിയോ യൂട്യൂബില്‍ അപ്-ലോഡ് ചെയ്തത് കൃഷ്ണകുമാര്‍ അവന്‍ വാളില്‍ ഷെയര്‍ ചെയ്തത്തിനുശേഷമെങ്കിലും കാണാമെന്നു കരുതി പോക്കര്‍ ഡെസ്ക്ടോപ്പിനുമുമ്പില്‍ ഇരുന്നതാണ്.

പ്രഭാഷണത്തില്‍ നല്ലൊരു ഭാഗം കൃഷ്ണകുമാര്‍ ചെലവഴിച്ചത് ടീലോമിയര്‍ ബയോളജി വിവരിക്കാനാണ്‌. 'കോശവിഭജനം തുടരുന്നതിനനുസരിച്ച് ടീലോമിയറിന്‍റെ നീളം കുറഞ്ഞുവരുന്നു. വാര്‍ധക്യത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ഒരു കാരണമാണിത്. ഇത് തടയുന്നതിനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഗവേഷണം വിജയിക്കുന്നതിനനുസരിച്ച് വാര്‍ധക്യവും മരണവുമൊക്കെ വഴിമാറും'.

അവന്‍ പറഞ്ഞതില്‍ യാഥാര്‍ഥ്യമുണ്ട്; സ്വപ്നവും. യാഥാര്‍ഥ്യത്തില്‍ നിന്നാണല്ലോ സ്വപ്നമുണ്ടാകുന്നത്. സയന്‍സ് മാത്രമല്ല വിശ്വാസവും രൂപംകൊള്ളുന്നത് അതേ രീതിയിലാണ്. ഒരു വേരിയബിള്‍ ഡിപ്പെന്‍ഡെന്‍റും മറ്റൊന്ന് ഇന്‍ഡിപ്പെന്‍ഡെന്‍റും ആണെന്ന് നിരീക്ഷണത്തിലൂടെ മനസ്സിയാല്‍ പിന്നീടുള്ള തുടര്‍ന്നുള്ള മാറ്റങ്ങളെ അതേ രീതിയില്‍ വിവരിക്കാനായിരിക്കും. ഇതിനിടയില്‍ തേഡ് വരിയബിള്‍, എക്സ്ട്രീനിയസ് വേരിയബിള്‍ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന പ്രതിഭാസങ്ങളുണ്ട്. ആദിമമനുഷ്യനായാലും ആധുനികമനുഷ്യനായാലും അഭിലാഷങ്ങള്‍ക്ക് മാറ്റാമില്ല. ആയുഷ്കാമീയം, ദീര്‍ഘഞ്ജീവിതീയം തുടങ്ങി പല പേരുകളില്‍ ചിറകുമുളച്ച മോഹങ്ങള്‍ സഫലമായില്ലെങ്കിലും അതിനുവേണ്ടിയുള്ള അന്വേഷണമാണ് വൈദ്യശാസ്ത്രത്തെ ഈ നിലയിലെത്തിച്ചത്. ആല്‍ക്കെമിസ്റ്റുകള്‍ക്ക് വില കുറഞ്ഞ ലോഹങ്ങളെ സ്വര്‍ണമാക്കാന്‍ പറ്റിയില്ലെങ്കിലും അവരുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കെമിസ്ട്രി വളര്‍ന്നു.

മെഡിക്കസ് ക്യുറാത് നാച്യൂറ സനാത്

'നിങ്ങളുടെ ഫോണ്‍ റിംഗ് ചെയ്യുന്നു.'

ഡെസ്ക്ടോപ്പിന് മുന്നിലിരുന്ന് യൂട്യൂബ് പ്രഭാഷണം കാണുകയായിരുന്ന പോക്കറിന്‍റെയടുത്തേക്ക് സെല്‍ ഫോണുമായി ഭാര്യവന്നു.

'സാര്‍ കുറിച്ചുതന്ന മരുന്ന് നെഫ്രോടോക്സിക് ആണെന്ന് ഒരു ആനിമല്‍ എക്സ്പെരിമെന്‍റില്‍ കണ്ടെത്തിയതായി പറയുന്നുണ്ടല്ലോ'

'എവിടന്ന് കിട്ടി ഈ വിവരം?'

'ഗൂഗിള്‍ സെര്‍ച്ചില്‍'

കിഡ്നിക്കും ലിവറിനും കേടില്ലാത്ത മരുന്ന് കുറിച്ചുതരണമെന്നുപറഞ്ഞ ഹിസ്റ്ററി പ്രൊഫസര്‍ വിടാനുള്ള ഭാവമില്ലെന്നുതോന്നുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ചില സന്നദ്ധ സംഘടനകള്‍ സൗജന്യ ടെലിമെഡിസിന്‍ സേവനത്തിന് സന്നദ്ധരായ ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഏതോ ലിസ്റ്റില്‍ നിന്ന് കിട്ടിയതാവാം നമ്പർ. ആള്‍ അറിവുള്ളയാളാണ്. പക്ഷേ, അറിവാണ് പ്രശ്നം. ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ പ്രതിനിധിയാണെന്നത് വെള്ളിയാഴ്ചത്തെ ഖുത്തുബകളില്‍ മന്‍സൂര്‍ കൂടെക്കൂടെ ആവര്‍ത്തിക്കാറുള്ള ഒരു വാക്യമാണ്. വികസിച്ച തലച്ചോറിന്‍റെ സഹായത്താല്‍ ലോകത്തുള്ള മറ്റുള്ള സ്പീഷീസുകളെ കീഴടക്കാന്‍ ഹോമോ സാപ്പിയന്‍സിനായിട്ടുണ്ട്. വൈദ്യശാസ്ത്രത്തിലും വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. എങ്കിലും മറ്റുള്ള മേഖലകളിലെ അറിവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സാശാസ്ത്രത്തിന് പരിമിതികളുണ്ട്.

'ഞാന്‍ വിളിച്ചതില്‍ സാറിന് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഒരു ഉപഭോക്താവിന്‍റെ ആകുലതയാണെന്ന് കരുതിയാല്‍ മതി'

'വൈദ്യസേവനത്തില്‍ ഉപഭോത്കാവ് എന്ന പദം ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്'

'കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്‍റെ പരിധിയില്‍ വൈദ്യമേഖല വരുന്നുണ്ടല്ലോ'

' ഉണ്ട്. പക്ഷേ ഒരു യന്ത്രത്തില്‍ നടത്തുന്ന അറ്റകുറ്റപ്പണി പോലെയല്ല ചികിത്സ'

'അതാണല്ലോ പീമോണ്ട് യുദ്ധത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ റാറ്റിനെ ചികിത്സിച്ച അംബ്രിയോസ് പാരെ യേ ലെ പന്‍സായി, ഡിയെ ലെ ഗ്വേരിത് എന്നുപറഞ്ഞത്'

'അവസാനം പറഞ്ഞത് മനസ്സിലായില്ല'

'ഞാനദ്ദേഹത്തിന്‍റെ മുറിവ് കെട്ടിക്കൊടുത്തു, ദൈവം ഉണക്കിയെന്ന്- ഐ ബാന്‍ഡേജ്ഡ് ഹിം, ഗോഡ് ഹീല്‍ഡ് ഹിം'

'അതെ, മെഡിക്കസ് ക്യുറാത് , നാച്യൂറ സനാത് – വൈദ്യന്‍ ചികിത്സിക്കുന്നു, പ്രകൃതി സുഖപ്പെടുത്തുന്നു'

'അതെ, അതുതന്നെ'

'അപ്പോള്‍ ഇതൊക്കെയറിയുന്ന ഹിസ്റ്ററി പ്രൊഫസറായ താങ്കളെന്തിനാണ് കിഡ്നിയെയും ലിവറിനെയും കുറിച്ച് അനാവശ്യമായി വേവലാതിപ്പെടുന്നത്?'

'ദൈവത്തിന്‍റെ കണക്കെഴുത്തുകാരനെപ്പോലെ ചരിത്രപുരുഷന്മാരുടെ ജനനവും മരണവും അവയ്ക്കിടയിലെ പ്രവര്‍ത്തനങ്ങളും യാന്ത്രികമായി കുട്ടികളെ പഠിപ്പിക്കുമ്പോള്‍ പ്രശ്നമൊന്നുമില്ല; പക്ഷേ, യാന്ത്രികതയില്‍ നിന്ന് മനസ്സ് തെന്നുമ്പോഴാണ് പ്രശ്നം. ആ ചരിത്രപ്രുഷന്മാരെപ്പോലെ ജനിമൃതികള്‍ ബാധകമായ ഒരു മനുഷ്യനാണ് താനെന്ന ചിന്ത പല ആകുലതകളിലുമെത്തിക്കും'

ഹിസ്റ്ററി പ്രൊഫസറെ സമാധാനിപ്പിക്കാന്‍ കുറച്ച് സമയമെടുത്തു. ആള്‍ അറിവുള്ളയാളാണ്. അറിവാണല്ലോ പ്രശ്നം. വേദനയുടെ അര്‍ഥം അറിവാണെന്ന് മൂര്‍ത്തി മാഷിന്‍റെ കൂടെ വരാറുള്ള സംസ്കൃതാധ്യാപകന്‍ പറയാറുണ്ട്. തനിക്ക് ബീപ്പിയോ ഷുഗറോ ഉണ്ടെന്നറിയാതെ സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. അറിഞ്ഞാല്‍ വേവലാതികളായി.

സംഭാഷണം കഴിഞ്ഞതോടുകൂടി യൂട്യൂബില്‍ തിരിച്ചുകയറാനുള്ള മൂഡ്‌ നഷ്ടപ്പെട്ടു. മൊബൈലില്‍ തന്നെ വാട്സ് ആപ്പിലും ടെലഗ്രാമിലും ഫെയ്സ് ബുക്കിലുമൊക്കെയായി കുറച്ചുനേരം അലഞ്ഞുതിരിഞ്ഞു. പെട്ടെന്നാണ് ആ കുറിപ്പ് ശ്രദ്ധയില്‍ പെട്ടത്. ജാഫര്‍ സാറിന്‍റേതാണ്. സാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മെഡിക്കല്‍ കോളേജില്‍ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗള്‍ഫിലാണ്. കുറിപ്പിന്‍റെ ശീര്‍ഷകം തന്നെ ഹൃദ്യമായിരുന്നതിനാല്‍ ഒറ്റയിരിപ്പില്‍ വായിച്ചു.

'ലോലമായ ഒരു നോവ്. കഥയേക്കാൾ വിചിത്രമാണ് ചിലപ്പോർ അനുഭവങ്ങൾ. ഉള്ളം പൊള്ളിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന നേരറിവുകൾ. അസ്ഥിരോഗവിഭാഗത്തിൽ മുതുകിനും മടമ്പിനും സാരമായ ക്ഷതം പറ്റി ചികിത്സയിലാണ് മധ്യവയസ്സിലേക്ക് നീങ്ങുന്ന ഈ യുവാവ്. കോവിഡ് പോസിറ്റീവുമാണ്. കോവിഡ് സംബന്ധമായി അദ്ദേഹത്തിൻ്റെ ചികിത്സ നിശ്ചയിക്കുന്നതിനു വേണ്ടിയാണ് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന എനിക്ക് വിളി വന്നത്. അത്യാവശ്യമാണെങ്കിൽ മാത്രം രോഗിയെ നേരിട്ട് കണ്ടാൽ മതി. പരസ്പരം അകലം പാലിച്ച് രോഗവ്യാപനം പരമാവധി കുറക്കുക എന്നത് മാറിയ കാലത്തെ ചികിത്സാചട്ടങ്ങളുടെ ഭാഗമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും കമ്പ്യൂട്ടർ ഫയലിൽ രേഖപെടുത്തിയിട്ടുണ്ട്. നേരിട്ട് കാണാതെയും ചികിത്സ നിശ്ചയിക്കാം. അദ്ദേഹത്തിന്‍റെടുത്ത് പോകുന്നത് മുഖവും കണ്ണും കൈയും ശരീരവും പൊതിഞ്ഞ് വേണമല്ലോ. എന്നാലും അദ്ദേഹത്തോട് മുഖാമുഖം സംസാരിക്കണമെന്ന് തോന്നി. പ്രധാന കാരണം അയാൾ മലയാളിയാണ്. സ്വന്തം നാട്ടിൽ നിന്ന് പുറത്താവുമ്പോൾ സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും ആശ്വാസം പകരുന്നത് സ്വന്തം ഭാഷക്കാരനായ ഒരു ഡോക്ടറോ നേഴ്സോ അവരോട് സംവദിക്കുമ്പോഴാണ്. എത്ര വിദഗ്ധ ചികിത്സയാന്നെങ്കിലും വിശ്വാസം വരണമെങ്കിൽ സ്വന്തം ഭാഷക്കാരായ ശുശ്രൂഷകൻ ആരെങ്കിലും അവരോട് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കണം. ബഹുഭാഷാപാണ്ഡിത്യമോ വിപുലമായ സൗഹൃദബന്ധങ്ങളോ ഇല്ലാത്ത സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞത്.

ഏകദേശം രണ്ടാഴ്ച മുമ്പാണ് ഈ മനുഷ്യന് കോവിഡ് സ്ഥിരീകരിച്ചത്. അതിന് മുമ്പ് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. കോവിഡ് സംബന്ധിയായും അദ്ദേഹത്തിന് പനിയോ പ്രശ്‌നങ്ങളോ ഒന്നുമില്ല. മഹാ ഭുരിഭാഗം കോവിഡ് രോഗികളെയും പോലെ ക്വാറന്‍റൈനപ്പുറം ചികിത്സയൊന്നും ആവശ്യമില്ലാത്ത നിസ്സാരഗണത്തിൽപെടുന്ന രോഗി. പക്ഷേ രോഗത്തെക്കുറിച്ചുള്ള തീവ്രമായ ആധിയും ആശങ്കയും അദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. കോവിഡിനെ കുറിച്ച സംഭ്രമിപ്പിക്കുന്ന കഥകൾക്കും അതിൽ പങ്കുണ്ട്. രോഗം കൊണ്ട് വന്ന ഒറ്റപ്പെടലിലും മരണ ഭീതിയിലും സമനില തെറ്റിയ ഒരു നിമിഷം കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും മരണത്തിലേക്ക് ഒരു ചാട്ടം. പക്ഷെ മരിച്ചില്ല.

കാര്യമായ പരുക്കുകളോട് ഇപ്പോൾ ആശുപത്രി കിടക്കയിൽ കിടക്കുന്നു. ഭീതിയേക്കാളേറെ കുറ്റബോധമാണ് ആ മുഖത്ത് തെളിയുന്നത്. കോവിഡ് രോഗാണുക്കളിൽ നിന്നും പൂർണ്ണമായി സുഖം പ്രാപിച്ചുവരികയുമാണ്.

വേദനയാണെല്ലായിടത്തും. മനുഷ്യജീവിതത്തിലെ പരമമായ സത്യം വേദനാണോയെന്നറിയില്ല. വേദനയുടെ അര്‍ഥം അറിവാണെന്നാണ് സംസ്കൃതാധ്യാപകന്‍ പറഞ്ഞത്. പക്ഷേ തിരിച്ചാണ് അനുഭവം. പലപ്പോഴും അറിവിന്‍റെ പൊരുള്‍ നൊമ്പരമാണ്. റോഡ്‌ ആക്സിഡന്‍റില്‍ ഗുരുതരമായി പരിക്കേറ്റ ഫാര്‍മസിസ്റ്റിന് വിനയായതും അറിവാണ്. വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള കടയിലേക്ക് ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്നു. ഒരിടത്ത് മാസ്ക് താടിയിലേക്ക് വലിച്ചുതാഴ്ത്തി രണ്ടുപേര്‍ സംസാരിച്ചുനില്ക്കുന്നത് കണ്ടപ്പോള്‍ അവരില്‍ നിന്ന് അകലം പാലിക്കാനായി റോഡിലിറങ്ങിയതാണ്. പിന്നില്‍ നിന്നുവന്ന ജീപ്പിനടിയില്‍ പെട്ടു.

മനുഷ്യന്‍റെ അനിശ്ചിതത്വം എന്ന് തീരുമെന്നറിയില്ല. യേ ലെ പന്‍സായി, ഡിയെ ലെ ഗ്വേരിത് .... ഞാനദ്ദേഹത്തിന്‍റെ മുറിവ് കെട്ടിക്കൊടുത്തു, ദൈവം അത് ഭേദമാക്കി.... മെഡിക്കസ് ക്യുറാത് , നാച്യൂറ സനാത്.... വൈദ്യന്‍ ചികിത്സിക്കുന്നു, പ്രകൃതി സുഖപ്പെടുത്തുന്നു.... ഒരിടത്ത് ദൈവം. മറ്റൊരിടത്ത് പ്രകൃതി..... രണ്ടും ഒന്നുതന്നെയാണ്. ഒരശ്ചിതത്വം എല്ലായിടത്തുമുണ്ട്. അറിയാത്തതിനെ എക്സ് എന്ന് വിളിച്ചുകൊണ്ടാണ് ഗണിതത്തിലെ ക്രിയകൾ ആരംഭിക്കുന്നത്. തൻറെ ആകസ്മികമായി പ്രത്യക്ഷപ്പെട്ട അജ്ഞാതരശ്മിയെ റോൺജൻ എക്സ്റേ എന്നാണ് വിളിച്ചത്.

പെട്ടെന്നാണ് മേശപ്പുറത്ത് കിടന്ന ഒരു ക്രിസ്ത്മസ് കാർഡ് പോക്കറിൻറെ ശ്രദ്ധയിൽ പെട്ടത്. ഡിസംബറിൽ ഏതോ മെഡിക്കൽ റെപ്പ് കൊണ്ടുവന്നതാണ്; ഹാപ്പി എക്സ് മസ് ...അവിടെയും ഒരു എക്സുണ്ട്. യേശു ... ഭൂമിയിൽ നല്ലൊരു വിഭാഗം ജനങ്ങൾ ആരാധിക്കുന്ന ദൈവം.

ഹിസ്റ്ററി പ്രൊഫസറുമായുള്ള സംഭാഷണം അംബ്രിയോസ് പാരെയെക്കുറിച്ചുള്ള ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ സഹായകമായി. ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ ക്ലാസ്സിൽ സുനീഷ് സാർ പഠിപ്പിച്ചിട്ടുണ്ട; പക്ഷേ പലതും മറന്നുപോയതാണ്.

വൈദ്യന്മാർക്കും ക്ഷുരകന്മാർക്കും ഇടയിലെ പാലമായി സർജറി നിലനിന്നിരുന്ന കാലം. ബാര്‍ബര്‍മാരായിരുന്നു പ്രധാനപ്പെട്ട സര്‍ജറികള്‍ നടത്തിയിരുന്നത്. വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഗ്-ഹെർസന്റിലാണ്. ഹെൻ‌റി രണ്ടാമൻ, ഫ്രാൻസിസ് രണ്ടാമൻ, ചാൾസ് ഒൻപതാമൻ, ഹെൻ‌റി മൂന്നാമൻ എന്നീ രാജാക്കന്മാർക്കുണ്ടി സേവനമനുഷ്ഠിച്ച ബാർബർ സർജനായ പാരെ ജനിച്ചത്. ശസ്ത്രക്രിയയുടെയും മോഡേണ്‍ ഫോറൻസിക് പാത്തോളജിയുടെയും പിതാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ശസ്ത്രക്രിയാസാങ്കേതികവിദ്യകളിലും യുദ്ധഭൂമിയിലെ വൈദ്യശാസ്ത്രത്തിലും പുതിയ രീതികൾ ആവിഷ്കരിച്ചു. അനാട്ടമിസ്റ്റ് കൂടിയാണ്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങൾ കണ്ടുപിടിച്ചു. പാരീസിയൻ ബാർബർ സർജൻ ഗിൽഡിന്റെ ഭാഗമായി പ്രവർത്തിച്ചു.

പോക്കർ ചിന്തയിൽ നിന്നുണരുന്നതിനുമുമ്പ് ഫോൺ വീണ്ടും ശബ്ദിച്ചു. മൂവാറ്റുപുഴയിൽ നിന്ന് മാത്യൂ കോശിയാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നല്ലൊരു ഹോസ്പിറ്റലിന്‍റെ ഉടമ. കുശലാന്വേഷണങ്ങൾക്കുശേഷം കാര്യത്തിലേക്കുകടന്നു.

'എനിക്കൊരു ദൈവം വേണം'

'എന്താ ...അച്ചായന്‍ ദൈവത്തെ വിലകൊടുത്ത് വാങ്ങാൻ തീരുമാനിച്ചോ?'

'അല്ല... കൊറോണക്കാലമല്ലേ... ദൈവസാന്നിധ്യം മനസ്സമാധാനമുണ്ടാക്കുമല്ലോ'

'ഓ .. ലോക്ക്ഡൌണായതിനാല്‍ പള്ളിയില്‍ പോയി കുര്‍ബാന കൊള്ളാന്‍ പറ്റുന്നില്ല, അല്ലേ?'

'അതിന്, പ്രശ്നമൊന്നുമില്ല അച്ചന്മാരുടെ ഓണ്‍ലൈന്‍ ഉപദേശങ്ങളുണ്ട്'

'പിനെയെന്താ പ്രശ്നം?'

'ഞാനൊരു ആശുപത്രിയുടമയല്ലേ? എന്‍റെ കീഴില്‍ പണിയെടുക്കുന്ന ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമൊക്കെ കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.'

'അത് നല്ലതാണല്ലോ'

'അതാണ്‌ പ്രശ്നം. അറിവാണ് ആകുലതകളിലേക്ക് നയിക്കുന്നത്. ഇന്നലെയൊരു ഡോക്ടര്‍ സംസാരിച്ചത് വുഹാനില്‍ നിന്ന് നിന്ന് റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റ്‌ കോവിഡ് കോംപ്ലിക്കെഷന്‍സിനെക്കുറിച്ചാണ്.'

'അതെ, കോവിഡ് വരികയും പോവുകയും ചെയ്യുന്നുവെന്ന കാര്യം മാത്രമേ സാധാരണക്കാര്‍ക്കറിയൂ. എന്നാല്‍ വൈദ്യസമൂഹം പോസ്റ്റ്‌ കോവിഡ് കോംപ്ലിക്കേഷന്‍സിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്'

'ഡോക്ടര്‍മാര്‍ക്കാണിപ്പോള്‍ മനസ്സാന്നിധ്യവും ആത്മവിശ്വാസവും അത്യാവശ്യമായിട്ടുള്ളത്. ഓപ്പറേഷൻ തിയേറ്ററുകളടക്കം എല്ലായിടത്തും ദൈവങ്ങളുടെ ഫോട്ടോ വെക്കാൻ തീരുമാനിച്ചു. യേശുവും കന്യാമറിയവും വിശുദ്ധന്മാരുമൊക്കെ മുമ്പേയുള്ളതാണ്. പക്ഷേ ക്രിസ്ത്യാനികള്‍ മാത്രമല്ലല്ലോ ജോലി ചെയ്യുന്നത്'

'മറ്റുള്ള ദൈവങ്ങള്‍ക്കും ഇടം നല്കണം.'

'ഗണപതിയും മുരുകനും ശ്രീകൃഷ്ണനുമൊക്കെ എത്തിക്കഴിഞ്ഞു. പക്ഷേ, നിന്‍റെ ദൈവത്തിന്‍റെ കാര്യമാണ് കട്ടപ്പൊക. വിഗ്രഹങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും ഇല്ലെന്നറിയാം. എങ്കിലും ചില്ലിലിട്ടുവെച്ച അറബിവാക്യങ്ങൾ കടകളിൽ ലഭ്യമാണ്. അവയില്‍ ഏതിനൊക്കെയാണ് വിശ്വാസികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുക എന്നറിയില്ല. അതിനാണ് നിന്‍റെ സഹായം വേണ്ടത്.'

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തി അധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25


മൊണാലിസയുടെ കാമുകന്‍

Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Ambroise Pare, 'Je le pansai, Dieu le guérit”, 'I bandaged him and God healed him', 'Medicus curate Natura Sanat', 'Physician cares while nature heals'.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL