city-gold-ad-for-blogger
Aster MIMS 10/10/2023

'ഡാര്‍വിനും മാല്‍ത്തൂസും'

നോവല്‍: അതിജീവനം/ ഇന്ദ്രജിത്ത്
(അധ്യായം ആറ്)

(www.kasargodvartha.com 25.07.2020) 
"ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാ"

പാട്ട് നിലച്ചതിനുശേഷമാണ് പൊട്ടലിന്റെ ശബ്ദം കേട്ടത്. അല്പം അകലെ കവലയ്ക്കടുത്താണ് ട്രാൻസ്ഫോമർ. അവിടെയെന്തോ സംഭവിച്ചതാണ്. ശബ്ദം ഒരു സെക്കൻറിൽ ഏതാണ്ട് മുന്നൂറ്റിനാല്പത് മീറ്റർ എന്ന തോതിൽ ഇഴഞ്ഞെത്തുന്നതിന് മുമ്പുതന്നെ വൈദ്യുതി നിലച്ചിരുന്നു. ചില ടീവി ചാനലുകളിൽ രാവിലെ പഴയ പാട്ടുകളുണ്ട്. പല്ലുതേപ്പിനും കുളിക്കുമിടയിൽ ചെവിയിൽ അവയെത്തുന്നത് സുഖമുള്ള അനുഭവമാണ്. ടീവിയാണെങ്കിലും അനുഭവത്തിൽ റേഡിയോ പോലെയാണ്. കറൻറ് ബില്ല് കുറയ്ക്കാനായി ചില സുഹൃത്തുക്കൾ എഫ് എം റേഡിയോ ആണ് ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കാണാത്ത ദൃശ്യങ്ങൾക്ക് പണം കൊടുക്കേണ്ടല്ലോ.

കൈയിൽ സെൽഫോണെടുത്ത് ഒരു വാട്സ് ആപ്പ് മെസ്സേജ് ഓപ്പൺ ചെയ്യേണ്ട താമസം, ഇന്‍വേര്‍ട്ടര്‍ ഓണായി വെളിച്ചവും ശബ്ദവും തിരിച്ചുവന്നുവെങ്കിലും ആ പാട്ട് തീരാറായിരുന്നു. ചില പാട്ടുകളുടെ മാത്രമേ ഒന്നാമത്തേതല്ലാത്ത വരികൾ മനസ്സിൽ തങ്ങിനില്ക്കുകയുള്ളൂ. ഇത് അത്തരത്തിലുള്ള ഒന്നാണ്. പാട്ടിലെ വരികളും ഇന്‍വേര്‍ട്ടര്‍ ഓണാവുന്നതിന് തൊട്ടുമുമ്പ് വാട്സ് ആപ്പിൽ കേട്ട അജിത് കുമാറിന്റെ വോയ്സ് മെസ്സേജും കൂടി ഒരേ തരത്തിലുള്ള വികാരത്തിന്റെ സൈനർജിസമുണ്ടാക്കുന്ന അവസ്ഥ.

"എന്റെ മോനെ ഒരു വഴിക്കെത്തിക്കാൻ പറ്റിയിട്ടില്ല"

അജുവിന്‍റെ ശബ്ദം കാതില്‍ മുഴങ്ങുന്നു. മരണഭീതി പിടികൂടുമ്പോൾ പലരും ഇത്തരത്തിലുള്ള ആശങ്കകളാണ് പങ്കുവെക്കാറ്...

'ഡാര്‍വിനും മാല്‍ത്തൂസും'

തെറ്റുപറ്റല്‍ മനുഷ്യസഹജമാണ്. അവ തിരുത്തുന്നതും സ്വാഭാവികമാണ്. പക്ഷേ മനുഷ്യജീവിതം ചെറുതായതിനാൽ തന്നെ എല്ലാ തെറ്റുകളും തിരുത്താൻ പറ്റാറില്ല. തനിക്കുപറ്റിയ തെറ്റ് മക്കളിലൂടെ തിരുത്താനാണ് പലരും ശ്രമിക്കുന്നത്. അജു സ്വന്തം മകനെ വളർത്തി ഡോക്ടറാക്കാൻ ആഗ്രഹിച്ചില്ല. അവനെ തിരിച്ചുവിട്ടത് ഐ ടി മേഖലയിലേക്കാണ്. അതൊരു തെറ്റുതിരുത്തലാണോയെന്നറിയില്ല. കോഴിക്കോട് തളിയിലായിരുന്നു ഇല്ലമെങ്കിലും അജു ഹോസ്റ്റലില്‍ താമസമാക്കുകയായിരുന്നു. മാതാപിതാക്കള്‍ വിദേശത്തായിരുന്നു. കോളേജില്‍ ചേരാനായി അജു നാട്ടില്‍ വരികയായിരുന്നു. മലയാളം തട്ടിമുട്ടി മാത്രമേ അറിയൂ. സര്‍വൈവലിനുവേണ്ടിയുള്ള പോരാട്ടം ശരിക്കും പഠിച്ചത്. ഹോസ്റ്റലില്‍ വെച്ചാണെന്ന് എപ്പോഴും പറയാറുണ്ട്. അതാവട്ടെ മറ്റുള്ളവരുടെ പോരാട്ടത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എസ് എസ് എല്‍ സിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ പ്രീഗിഗ്രിക്ക് സീറ്റുകിട്ടില്ലല്ലോ എന്ന ചിന്ത അവനെ അലട്ടിയില്ല. കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സെല്‍ഫ് ഫിനാസിംഗ് മെഡിക്കല്‍ കോളേജില്‍ സീറ്റുവാങ്ങിക്കാനുള്ള സാമ്പത്തിക ശേഷി മാതാപിതാക്കള്‍ക്കുണ്ടായിരുന്നതിനാല്‍ ഫിസിക്സിനും കെമിസ്ട്രിക്കും ബയോളജിക്കും അന്‍പതുശതമാനം മാര്‍ക്ക് ഒപ്പിച്ചുകൊണ്ട് പ്രീഡിഗ്രി പാസ്സായാല്‍ മതിയായിരുന്നു. പക്ഷേ തലമുറകളായി കൈമാറിവന്ന സംസ്കാരത്തിന്‍റെ സംരക്ഷണം അവനെ സംബന്ധിച്ചിടത്തോളം ഒരു
പോരാട്ടം തന്നെയായിരുന്നു. മെസ്സ് ഹാളില്‍ ഇറച്ചിയും മീനും
കഴിക്കുന്നവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ ആദ്യകാലത്ത് വളരെയധികം ബുദ്ധിമുട്ടി. സ്വന്തമായ പ്ലെയ്റ്റും ഗ്ലാസ്സുമാണ് ഉപയോഗിച്ചത്. മറ്റുള്ളവരെപ്പോലെ എന്‍ട്രന്‍സ് എഴുതി ഭാഗ്യമോ ബുദ്ധിയോ അറിവോ പരീക്ഷിക്കാനൊന്നും അവന്‍ നിന്നില്ല. പ്രീഡിഗ്രി കഴിഞ്ഞയുടനെ കര്‍ണാടയിലേക്ക്; എം ബി ബി എസ്സും എം ഡിയും അവിടെയായിരുന്നു. അച്ഛമ്മമാര്‍ മകന് ഭാവിയില്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്ന തൊഴില്‍ കണ്ടെത്തുകയായിരുന്നു. പക്ഷേ അജിത്‌ കുമാര്‍ സ്വന്തം മകന് കണ്ടെത്തിയതാവട്ടെ മറ്റൊരു മേഖലയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതുമുതലുള്ളതാണ് മകന്റെ പഠനം പൂർത്തിയായില്ലെന്ന വേവലാതി. വാക്സിനുകളും ആന്റിബയോട്ടിക്കുകളും ലൈഫ് എക്സ്പെക്ടൻസി കൂട്ടുകയും പരിണാമ സിദ്ധാന്തമനുസരിച്ചുള്ള നാച്വറൽ സെലക്ഷന്റെ താളം തെറ്റിക്കുകയും മാൽത്തൂസിന്റെ സിദ്ധാന്തത്തിന് വഴിയൊരുക്കുകയും ചെയ്തതിനെക്കുറിച്ചുള്ള ചർച്ചകൾ കേൾക്കുമ്പോൾ എന്നും ഓർമ്മയിൽ ഓടിയെത്താറുള്ളത് അജുവാണ്. അന്ന് കോളേജിൽ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പിന് മൂന്നുബാച്ചായിരുന്നു. പീത്രീ, പീഫോർ, പീഫൈവ്; സെക്കന്റ് ഇയറാവുമ്പാൾ അത് എസ്ത്രീ, എസ്ഫോർ, എസ്ഫൈവ് എന്നിങ്ങനെയാവും. റെയില്‍വേ ബെര്‍ത്തുകളിലെ എസ് ചേര്‍ത്തുള്ള നമ്പറുകള്‍ കാണുമ്പോള്‍ ഇപ്പോഴും ഓര്‍ക്കുക സെക്കന്റ് പ്രീഡിഗ്രി കാലഘട്ടമാണ്. പീയുടെയും എസ്സിന്റെയുമൊക്കെ വണ്ണും ടൂവും ഫസ്റ്റ് ഗ്രൂപ്പ് ബാച്ചുകളാണ്. അതുപോലെ സിക്സും സെവനും തേഡ് ഗ്രൂപ്പ്, ഫോർത്ത് ഗ്രൂപ്പ് ബാച്ചുകളും..

ഫസ്റ്റ് സെക്കന്റ് ഗ്രൂപ്പുകളില്ലാണ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവർ കൂടുതലും. റാഗിംഗ് സാധ്യത ഒഴിവാക്കാനായി ഓരോ വർഷവും സർ സയ്യിദ് ഹോസ്റ്റലിലും എ എൽ എം ഹോസ്റ്റലിലും മാറിമാറിയാണ് ഫസ്റ്റ് ഇയർ പ്രീഡിഗ്രിക്കാരെ അക്കോമഡേറ്റ് ചെയ്യാറ്. കുട്ടികളിൽ ഏതാണ്ട് പകുതി ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നുവരുന്നവരാണ്. മലയാളം മീഡിയം സ്കൂളുകളിൽ നിന്നു വരുന്ന മറ്റേ പകുതിയിലാണ് പോക്കർ ഉൾപ്പെടുന്നത്. അവരിൽ കൂടുതലും ഗ്രാമീണജീവിതപശ്ചാത്തലമുള്ളവരാണ്. പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതി വന്നവർ. യുറീക്ക വിജ്ഞാന പരീക്ഷയുടെയും ശാസ്ത്രകേരളം ക്വിസ്സിന്റയുമൊക്കെ വഴികളിലൂടെ സഞ്ചരിച്ചവർ. സമരവും കല്ലേറുമൊക്കെ കണ്ടുവളര്‍ന്നവർ. എന്നാൽ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നുവന്ന പകുതി അങ്ങനെയായിരുന്നില്ല. എൽ കെ ജി മുതൽ രക്ഷിതാക്കളുടെ കൃത്യമായ പ്ലാനിംഗോടുകൂടി വളർന്നവർ. അവരിൽ തന്നെയുള്ള ഉപരിവർഗമാണ് അജിത്‌കുമാര്‍ ഉള്‍പ്പെടുന്ന എൻ ആർ ഐ വിഭാഗക്കാർ. കോളേജിൽ വെച്ച് ആദ്യമായി വിദ്യാര്‍ഥിസമരം കണ്ട അജിത് കുമാർ പേടിച്ചുവിറച്ചത് ഓർമ്മയുണ്ട്.

"കാൽത്തേന്നെ തൊട്ങ്ങി പാട്ട് ; നിങ്ങക്ക് കേക്ക്ന്നെ കൂറ്റ് പോരേ..."

ഭാര്യ ഉച്ചത്തിലുള്ള പാട്ടിനെക്കുറിച്ച് പരിഭവം പറയുന്നത് ഇതാദ്യമല്ല. ടീവിയുടെ ശബ്ദം കുളിമുറിയിൽ കേൾക്കണമെങ്കിൽ ഉച്ചത്തിലാവണം. ബ്ലൂ ടൂത്ത് സ്പീക്കർ പോലുള്ള ഉപകരണങ്ങൾ കേടുവന്നിരിക്കുകയാണ്. അതിനിടയിൽ ലോക്ക്ഡൗൺ ആയതിനാല്‍ പുതിയവ വാങ്ങാനായില്ല.
ഭാര്യ പറഞ്ഞതിലും കാര്യമുണ്ട്. ടീവിയുടെ ശബ്ദം ഉച്ചത്തിലായാൽ ഒന്നും കേൾക്കില്ല. പിന്നെ, ഭാര്യന്മാര്‍ക്ക് ഭര്‍ത്താന്മാരെ സ്വന്തം കണ്‍ട്രോളില്‍ നിര്‍ത്താന്‍ പറ്റിയ അവസരം കൂടിയാണല്ലോ ലോക്ക്ഡൗണ്‍ കാലം. ടെലഗ്രാം ഗ്രൂപ്പില്‍ ഇന്നലെയൊരു മലയാളം അസോസിയേറ്റ് പ്രൊഫസറര്‍ പങ്കുവെച്ചത് ചെമ്മീന്റെ തോടുകളയുന്ന രംഗമാണ്. വീട്ടിലിരുന്ന് സാഹിത്യ നിരൂപണ മെഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഭാര്യ പിടികൂടി അടുക്കളപ്പണി ഏല്പിച്ചതായിരുന്നു. അടുത്ത പാട്ട്‌ കേള്‍ക്കുമ്പോഴേക്ക് സെല്‍ഫോണിലെ ചക്രം പല പ്രാവശ്യം കറങ്ങി. കുഴപ്പമില്ലാത്ത നെറ്റ്കണക്ഷനുണ്ട്. പക്ഷേ ഫോണില്‍ സ്പെയ്സ് പോരാ. ഡിലീറ്റ് ചെയ്യേണ്ടവ അപ്പഴപ്പോള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഇങ്ങനെയാണ്. ചിലപ്പോഴൊക്കെ ഒന്ന് ഓഫാക്കി രണ്ടാമത് ഓണാക്കുമ്പോള്‍ ശരിയാവാറുണ്ട്. ഇത്തവണ ഓണായപ്പോള്‍ അജിത്‌ കുമാറിന്‍റെ വോയ്സ് മെസ്സേജിനെക്കാള്‍ മുമ്പില്‍ ചാടിയത് മറ്റൊരു ഫോട്ടോ ആയിരുന്നു. റെയിൽവേ സ്റ്റേഷനടുത്ത് വീടുള്ള ഡോക്ടർ സുഹൃത്ത് പോസ്റ്റ്‌ ചെയ്ത; ലോക്ക്ഡൌണിനെ തുടര്‍ന്ന് ആളനക്കമില്ലാതെ കിടന്ന റെയിൽസ്റ്റേഷൻ
പ്ലാറ്റ്ഫോമിൽ ചുവന്ന പരവതാനി വിരിച്ചതുപോലെ സിസാൽപിനിയയുടെ പൂക്കൾ നിറഞ്ഞുനില്ക്കുന്ന ചിത്രം. സിസാല്പിനിയപ്പൂക്കള്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ മായാത്ത ഓര്‍മ്മയാണ്. അജിത്‌കുമാറിന് കര്‍ണാടകയില്‍ എം ബി ബി എസ് സീറ്റ് കിട്ടിയതിന്‍റെ ചെലവ് അപ്സര തിയേറ്ററിലെ ഒരു നൂണ്‍ഷോ ആയിരുന്നു; വെജിറ്റേറിയനായ അവനോട്‌ ചിക്കന്‍ ബിരിയാണി വാങ്ങിത്തരാന്‍ പറയാനാവില്ലല്ലോ. അപ്സരയും സംഗവും പോക്കറിന്‍റെ പിന്നീടുള്ള ജീവിതത്തില്‍ വഴിയമ്പലങ്ങളായി മാറി. ഉദ്ദേശിച്ച ട്രെയിന്‍ പലപ്പോഴും രണ്ടോമൂന്നോ മണിക്കൂര്‍ വൈകും;
ഇന്ന് റെയില്‍പാളം ഇരട്ടിച്ച അവസ്ഥയില്‍ പോലും അത് പൂര്‍ണമായും മാറിയിട്ടില്ലല്ലോ.
റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള തിയേറ്ററുകളായതിനാല്‍ അപ്സരയിലേക്കും സംഗത്തിലേക്കും നടന്നുപോകാം. ഇന്ന് സംഗം ഇല്ല. അതും പുഷ്പയുമൊക്കെ ഡാര്‍വിനിസ്റ്റുകളുടെ ഭാഷയില്‍ എക്റ്റിന്‍ക്ട് ആയി എന്നുപറയാം. കോഴിക്കോട്ടുമാത്രമല്ല പലയിടത്തും സാമൂഹിക-സാകേതികരംഗങ്ങളില്‍ പിന്നീടുണ്ടായ മാറ്റങ്ങളില്‍ പിടിച്ചുനില്ക്കാനാവാതെ ഒരുപാട് തിയേറ്ററുകള്‍ പൂട്ടിപ്പോയിട്ടുണ്ട് . സിനിമ കഴിഞ്ഞുപുറത്തി എം സി സി വരെ നടന്നു. ലിങ്ക് റോഡിന്‍റെ പണി അന്ന് പൂര്‍ത്തിയായിരുന്നില്ല. മെറ്റലും ടാറും പൊടിയുമൊക്കെയായി അസഹനീയമായ അന്തരീക്ഷം. എം സി സി യില്‍ നിന്ന് ഒരു ഓട്ടോ പിടിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കിലെത്തി. പൂത്തുനില്ക്കുന്ന സിസാല്പിനിയ മരങ്ങള്‍ക്കടിയില്‍ ഫലൂദയും കഴിച്ച് കുറേനേരം ഇരുന്നു. ഇന്ന് ചില്‍ഡ്രന്‍സ് പാര്‍ക്കില്ല; മാനാഞ്ചിറ സ്ക്വയര്‍ അതിനെ വിഴുങ്ങുകയായിരുന്നു. അജു അവന്‍റെ വഴി അന്നുതന്നെ തീരുമാനിച്ചിരുന്നു. ആ തീരുമാനം തെറ്റായിരുന്നുവെന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തിലാണോ മകനെ വഴിതിരിച്ചു വിട്ടത് എന്നറിയില്ല. ജീവിതത്തിലെ വഴിത്തിരിവുകൾ. അറിയാത്ത വഴിയിൽ കാറോടിച്ച് പോകുമ്പോൾ ജംഗ്ഷനിൽ വെച്ച് വഴിമാറി കുറച്ച് സഞ്ചരിച്ചാൽ പിന്നീടാലോചിക്കുക തിരിച്ചുപോകുന്നതിനെക്കുറിച്ചല്ല ഷോർട്ട് കട്ടുകളെക്കുറിച്ചായിരിക്കും. മെഡിക്കല്‍ ഡിഗ്രിയെടുത്ത പലരും ഐ എ എസ്സിന് പോവാറുണ്ട്. അവര്‍ സുരക്ഷിതമായ വഴിയാണല്ലോ തിരഞ്ഞെടുത്തതെന്ന് കോറോണ പിടിപെട്ട് വിദേശങ്ങളില്‍ ഡോക്ടര്‍മാര്‍ മരിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടയുടനെ തോന്നിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ഐ എ എസ്സുകാരന് കോറോണയെ പേടിച്ച് ഓടേണ്ടിവന്നത് ഈയിടെയാണ്. ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടിവരുന്നത് പലവിധത്തിലാണ്. ഏതെങ്കിലും അടയാളമാണ് അത്തരം ആലോചനകളിലേക്ക് പലപ്പോഴും തള്ളിവിടുക. ഇന്നലെ സാഹിത്യ നിരൂപകനായ മലയാളം അസോസിയേറ്റ് പ്രൊഫസറര്‍ പങ്കുവെച്ച ചെമ്മീന്‍റെ തോടുകളയുന്ന ചിത്രവും ഇന്ന് ടീവിയില്‍ കേട്ട,ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാണ് ജീവിതമെന്നോര്‍മ്മിപ്പിക്കുന്ന ഗാനവുമാണ് ഒടുവിലായി കണ്ണിനെയും കാതിനെയും തഴുകിയെത്തിയ അടയാളങ്ങള്‍.

മലയാളം അസോസിയേറ്റ് പ്രൊഫസര്‍ ഗ്രൂപ്പിലിട്ട ചിത്രം, ചെമ്മീന്‍ ചയിരു എന്ന് നാട്ടില്‍ വിളിക്കുന്ന, കൂടുതല്‍ ചെമ്മീനും അല്പം മറ്റുള്ള മത്സ്യങ്ങളും കക്കയുടെ ഒന്നുരണ്ട് തോടുകളും നക്ഷത്രമത്സ്യത്തിന്‍റെ ഒരു കഷണവുമൊക്കെ ഉള്‍പ്പെടുന്ന മിശ്രിതത്തിന്‍റേതായിരുന്നു. മീന്‍പിടുത്തക്കാരന്‍റെ വലയില്‍ പെട്ട ചെറിയൊരു മറൈന്‍ ഇക്കോസിസ്റ്റം. ബയോളജിയുടെ ശാഖകളില്‍ മറൈന്‍ ബയോളജി ഇഷ്ടമായിരുന്നു. ഫാറൂഖ് കോളേജില്‍ എം എസ് സിക്ക് ഉണ്ടായിരുന്നത് വൈല്‍ഡ് ലൈഫ് സുവോളജിയായിരുന്നു.

അതിനോടും ഇഷ്ടക്കെടൊന്നുമില്ല. സുവോളജി ടെക്സ്റ്റ് ബുക്കില്‍ ഫൈലം സീലന്‍ററേറ്റയുടെ ആധ്യായം വായിക്കുമ്പോഴാണ് വലിയ അക്വേറിയങ്ങളിലും സിനിമകളിലുമൊക്കെ കണ്ട സമുദ്രത്തിനടിയിലെ പവിഴപ്പുറ്റുകളും മറ്റും മനസ്സിലോടിയെത്തുക. പ്രീഡിഗ്രിയുടെ ആപ്ലിക്കേഷൻ ഫോമിൽ എറ്റവും ആദ്യം പൂരിപ്പിച്ചത് ഐച്ഛിക ഗ്രൂപ്പിനെക്കുറിച്ചുള്ള കോളമായിരുന്നു. എന്നാല്‍ ബി എസ് സിയുടെ ആപ്ലിക്കേഷൻ ഫോമിൽ ഏറ്റവും അവസാനമാണ് ഐച്ഛിവിഷയത്തിന്‍റെ കോളം പൂരിപ്പിച്ചത്. പിന്നീട് ജേസീസിന്‍റെയും പേഴ്സനാലിറ്റി ഡവലപ്മെന്‍റ് ട്രെയിനിംഗുകളില്‍ സുഹൃത്തുക്കള്‍ പലപ്പോഴും ആരോപിച്ചിട്ടുള്ള തീരുമാനഷക്തിയില്ലായ്മ അന്നുതന്നെ തുടങ്ങിയതുകൊണ്ടാണോ അതെന്നറിയില്ല. സര്‍ സയ്യിദ് ഹോസ്റ്റലില്‍ താമസിക്കുന്ന, ബി എസ് സിക്കുപഠിക്കുന്ന ഹസൈനാര്‍ ഒരു ദിവസം എ എല്‍ എം ഹോസ്റ്റലിലെ പോക്കറിന്‍റെ റൂമില്‍ വന്നു. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന, നാട്ടിലെ, അവന്‍റെയൊരു സുഹൃത്തുകൂടി കൂടെയുണ്ടായിരുന്നു. കായിഞ്ഞി എന്നായിരുന്നു ആ സുഹൃത്തിന്‍റെ പേരെന്നോര്‍ക്കുന്നു. രണ്ടുദിവസം കഴിഞ്ഞ് പെരുന്നാളവധിക്ക് ഹസൈനാറിന്‍റെ കൂടെ നാട്ടിലേക്ക് വണ്ടി കയറി. കണ്ണൂരും പയ്യന്നൂരും ചെറുവത്തൂരുമൊക്കെ ഇറങ്ങാനുള്ള സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നു. എല്ലാവരും ഇറങ്ങി അവസാനം കാഞ്ഞങ്ങാട്ടെത്തുമ്പോള്‍ പോക്കറും ഹസൈനാറും ഇറങ്ങി. ബേക്കല്‍ പാലം വഴിയുള്ള ബസ്സിലാണ് രണ്ടുപേര്‍ക്കും കയറേണ്ടതെങ്കിലും ഹസൈനാറിന് കളനാടുവരെ പോകണം; പോക്കര്‍ അതിന് മുമ്പുതന്നെയിറങ്ങും. റെയിൽവേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍റിലേക്ക് ഒഴിഞ്ഞ പറമ്പുകളിലൂടെ ഒരു എളുപ്പവഴിയുണ്ട്. ഇന്ന് ആ പറമ്പുകളില്‍ പലതും ഷോപ്പിംഗ് കോംപ്ലക്സൂകളായി മാറിയിരിക്കുകയാണ്. നടന്നുപോകുന്ന വഴികള്‍ക്കിരുവശത്തുമായി ആള്‍ക്കാര്‍ പായയും തുണിയുമൊക്കെ വിരിച്ച് ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്നുണ്ട്; പകല്‍ മുഴുവന്‍ തെരുവുകളില്‍ ഭിക്ഷയാചിച്ചു നടന്നവര്‍. രണ്ടും മൂന്നും നാലുമൊക്കെ മുതിര്‍ന്നവരും ചിലേടങ്ങളില്‍ കൂടെ ഏതാനും കുട്ടികളുമൊക്കെയുള്ള കൂട്ടങ്ങള്‍. ചില ഭാഗങ്ങളില്‍ മദ്യത്തിന്‍റെ മണവുമുണ്ട്. രാത്രിയാണെങ്കിലും നേരിയ നിലാവുണ്ട്. ബലിപെരുന്നാളിന് രണ്ടുമൂന്നുദിവസം മുമ്പുള്ള രാത്രിയായതിനാല്‍ തിഥിയുടെ കണക്കില്‍ പറയുകയാണെങ്കില്‍ സപ്തമിയോ അഷ്ടമിയോ ആണ്. മാനത്ത് ഏതാണ്ട്  അര്‍ധവൃത്താകൃതിയിലുള്ള ചന്ദ്രനെ കാണാം.

“ഇന്നലെ എന്‍റെയടുത്ത് വന്നത് ഒരു ഡോക്ടറാണ്; ഡോക്ടര്‍”

ഒഴിഞ്ഞ ഒരു ഭാഗത്ത് രണ്ടു മുതിര്‍ന്നവര്‍ മാത്രമുള്ള ഒരു കൂട്ടത്തിലെ സ്ത്രീയാണ് പറയുന്നത്. മദ്യത്തിന്‍റെ ചെറിയ മണമുണ്ട്; യൂഫോറിയ സ്റ്റേജ് ആവാം. സെക്സ് വര്‍ക്കര്‍, കസ്റ്റമറെ താന്‍ ചില്ലറക്കാരിയല്ലെന്ന് അറിയിക്കുന്നതുമാവാം. യൂഫോറിയയില്‍ സെല്‍ഫ് എസ്റ്റീം വര്‍ധിക്കുമെന്നതും ഒരു യാഥാര്‍ഥ്യമാണ്. അല്ലാതെ ഡോക്ടറൊന്നും അത്തരത്തിലുള്ള വൃത്തിഹീനമായ സാഹചര്യത്തിലേക്ക് പോകാന്‍ സാധ്യതയില്ല. ഡോക്ടര്‍ എന്നുകേട്ടയുടനെ ഏതോ വെളിപാടുണ്ടായതുപോലെ ഹസൈനാര്‍ പോക്കറിനോട്‌ ചോദിച്ചു.

“എന്ട്രന്‍സ് കിട്ടിയില്ലെങ്കില്‍ എന്താണ് പ്ലാന്‍ ?, പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ കഴിയാറായില്ലേ?”

പോക്കര്‍ മറുപടി പറയുന്നതിന് മുമ്പുതന്നെ അടുത്ത പ്രസ്താവന,

“മിനിഞ്ഞാന്ന് കായിഞ്ഞിയുടെ കൂടെ റൂമില്‍ വന്നപ്പോള്‍ ചുവരില്‍ അമീബയുടെ ഫാഗോസൈറ്റോസിസിന്‍റെ ചിത്രം വരച്ചുവെച്ചത് കണ്ടല്ലോ.”

പിന്നെ വന്നത് ഒരു ഉപദേശമാണ്.

“സുവോളജിയോടാണ് താത്പര്യമെങ്കില്‍ അതിനുചേരണം, ബോട്ടണിയോടാണെങ്കില്‍ അതിനും; ആള്‍ക്കാര്‍ പറയുന്നതുകേട്ട് ഫിസിക്സിനും കെമിസ്ട്രിക്കുമൊന്നും പോകണ്ട”

അതിനുശേഷം പറഞ്ഞത് ഒരു കഥയാണ്; ഹസൈനാറിന്‍റെ സ്വന്തം ജീവിതകഥ.

ഏറെ പ്രതീക്ഷയോടെയാണ് സെക്കന്റ് ഗ്രൂപ്പിന് ചേർന്നത്. ഡോക്ടറാവുകയെന്നത് അത്ര വലിയ ലക്ഷ്യമായിരുന്നില്ല. സുവോളജിയിൽ ബി എസ് സിയും എം എസ് സിയുമൊക്കെ എടുക്കുകയെന്നത് ഒരു അഭിലാഷമായിരുന്നു. പ്രീഡിഗ്രിക്ക് സുവോളജി ഡിസക്ഷൻ തുടങ്ങുന്നതിന് മുമ്പുതന്നെ ഗൾഫിലുളള ജ്യേഷ്ഠനോട് പറഞ്ഞ് നല്ലൊരു ഡിസക്ഷൻ ബോക്സ് വരുത്തി. പ്രീഡിഗ്രി പാസ്സായപ്പോൾ സുഹൃത്തുക്കളുടെ ഉപദേശങ്ങൾ വരികയായി. സുവോളജിക്ക് തൊഴിൽ സാധ്യതയില്ല. പ്രീഡിഗ്രിക്ക് മാർക്കു കുറഞ്ഞവരാണ് അതെടുക്കാറ്. ഒരിക്കൽ കൂടി എൻട്രൻസ്  എഴുതുകയാണെങ്കിൽ സുവോളജിയും ബോട്ടണിയും വായിച്ചെടുക്കാം. ഫിസിക്സ് ക്ലാസ്സിൽ തന്നെയിരിക്കണം. സുവോളജിയോ ബോട്ടണിയോ എടുക്കുകയാണെങ്കില്‍ ഫിസിക്സുമായുള്ള ടച്ച് എന്നന്നേക്കുമായി നഷ്ടപ്പെടും. ഫിസിക്സോ കെമിസ്ട്രിയോ എടുക്കുകയാണെങ്കിൽ മെയിനോ സബ്ബോ ആയി ഫിസിക്സ് കിട്ടും. ഇത്തരം പരിഗണനകൾക്കൊടുവിൽ അവൻ കെമിസ്ട്രിയെടത്തു. താത്പര്യമില്ലാത്ത കോഴ്സ് എന്ന മനംമടുപ്പോടെയാണ് പഠനം. പോക്കർ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ഫോം വാങ്ങി അത് പൂരിപ്പിച്ച് അയക്കുന്നതുവരെയുളള കാലം മുഴുവൻ രാവിലെ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ മെയിൻ ഏതായിരിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു. ഒരുഭാഗത്ത് ഹസൈനാറിന്റെ ഉപദേശം; മറുഭാഗത്ത് ബാക്കിയുള്ള മൊത്തം സുഹൃത്തുക്കളുടെ ഉപദേശം. വീട്ടുകാരും ബന്ധുക്കളും ഒന്നിനും നിർബന്ധിച്ചില്ല. ചന്ദ്രഗിരിപ്പാലത്തിലൂടെയുള്ള യാത്ര തുടങ്ങിയ കാലമായിരുന്നു അത്. മുമ്പൊക്കെ തെക്കിൽ വഴി വളഞ്ഞു പോകേണ്ടതുള്ളതിനാൽ ചെറിയ ആവശ്യങ്ങൾക്കൊക്കെ കാഞ്ഞങ്ങാട് ടൗണിനെയാണ് ആശ്രയിക്കാറ്. ചന്ദ്രഗിരിഗിരിപ്പാലം വന്നതോടെ കാസർക്കോട് ടൗണുമായുളള അകലം കുറഞ്ഞുകിട്ടി. പല ആവശ്യങ്ങൾക്കും അങ്ങോട്ട് പോകാൻ തുടങ്ങി. പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകൾ വേറിട്ടൊരു കാഴ്ചയായിരുന്നു. കുന്നുകൾ വെട്ടിയതിന്റെ അടയാളങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കാണാം. മണ്ണിന്റെയും പാറക്കല്ലുകളുടെയും പല നിറത്തിലുള്ള പാളികൾ. റോഡ് വെട്ടി കൂടുതൽ കാലമായിട്ടില്ലാതിരുന്നതിനാൽ തന്നെ ചെടികൾ മുളച്ചിരുന്നില്ല. ആ കാഴ്ച, കാസർക്കോട് ഗവണ്മെന്റ് കോളേജിലാണ് ഡിഗ്രിക്ക് ചേരുന്നതെങ്കിൽ ജിയോളജി എടുത്താലോ എന്നൊരു മോഹവും മനസ്സിലുണ്ടാക്കി. രണ്ടു കാരണങ്ങളാൽ അതുപേക്ഷിച്ചു. കുന്നുകളിലും ഖനികളിലുമൊക്കെ പോവേണ്ടിവരുന്ന കായികാധ്വാനമുള്ള കോഴ്സാണ് അതെന്ന് ആരോ പറഞ്ഞതാണൊന്ന്. ഡിഗ്രിക്കും ഫാറൂഖ് കോളേജിൽ തന്നെ പോകാൻ തീരുമാനിച്ചുവെന്നത് രണ്ടാമത്തെ കാരണമാണ് . ഡിഗ്രിയുടെ പൂരിപ്പിച്ച അപേക്ഷ കോളേജിലെത്തേണ്ട അവസാന തിയതിയും പോസ്റ്റൽ ഡിലേയുമൊക്കെ പരിഗണിച്ചുകൊണ്ട് അയക്കാനായി നിശ്ചയിച്ച ദിവസം രാവിലെ മെയിന്റെ കോളത്തിൽ ഫിസിക്സ് എന്നെഴുതിവെച്ചു. ഒരു ദിവസം മുമ്പുതന്നെ മനസ്സിൽ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു; ഹാലിയുടെ ധുമകേതു ഭൂമിയോട് അടുത്തെത്തിയ കാലത്ത് നടന്ന സയൻസ് ഒളിമ്പ്യാഡ് പരീക്ഷയിൽ വിജയിച്ചതിന് സമ്മാനമായി കിട്ടിയ ആസ്ട്രോണമി പുസ്തകങ്ങൾ പല തവണ വായിച്ച് ഫിസിക്സും തന്റെ ഇഷ്ടവിഷയമാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു അത്. ആശയക്കുഴപ്പത്തില്‍ നിന്ന് തത്കാലം രക്ഷപ്പെടാനുള്ള വഴി കൂടിയായിരുന്നു അത്. വൈദ്യതിയുടെ വോള്‍ട്ടേജ് അഥവാ പൊട്ടന്‍ഷ്യല്‍ ഡിഫറന്‍സ് എന്നത് ഉയര്‍ന്ന പൊട്ടന്‍ഷ്യലില്‍ നിന്ന് താഴ്ന്ന പൊട്ടന്‍ഷ്യലിലേക്കുള്ള പ്രവാഹമാണ്. ജലനിരപ്പ് എല്ലായ്പോഴും ഒന്നാവുന്നത് ഉയരത്തില്‍ നിന്ന് വെള്ളം താഴോട്ടൊഴുകുന്നതിനാലാണ്. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ ഫിസിക്സ് എല്ലായ്പോഴും ഉയരത്തിലാണ്; സുവോളജി താഴെയും. ഫിസിക്സിന് ചേര്‍ന്നാല്‍ പിന്നീട് വേണമെങ്കില്‍ സുവോളജിയിലേക്ക് മാറാം; പകരം മാറാന്‍ ഫിസിക്സ് കിട്ടാതെ സുവോളജി എടുക്കേണ്ടിവന്ന ആരെയെങ്കിലും കണ്ടെത്തിയാല്‍ മതി. സുവോളജിക്ക് ചേര്‍ന്നാല്‍ അതുനടക്കില്ല. മാത്രമല്ല സുവോളജിക്ക് ചേര്‍ന്നാല്‍, താത്പര്യത്തോടെയാണ് എടുത്തതെങ്കിലും, അതുമാത്രമേ കിട്ടിയുള്ളൂ എന്ന് ആള്‍ക്കാര്‍ പറയും. എന്നാല്‍ ഫിസിക്സിന് ചേര്‍ന്ന് സുവോളജിയിലേക്ക് മാറിയാലും ഗമയാണല്ലോ.ഫിസിക്സിന് അഡ്മിഷന്‍ കിട്ടി; ഇന്‍ഡെക്സ് മാര്‍ക്ക് വളരെക്കൂടുതലായിരുന്നു. പ്രീഡിഗ്രിയുടെ ആകെ മാര്‍ക്കിന്‍റെ കൂടെ ആവശ്യപെട്ട ഐച്ഛിക വിഷയത്തിന്‍റെ മാര്‍ക്ക് കൂട്ടിയിടുന്നതാണ് ഇന്‍ഡെക്സ് മാര്‍ക്ക്. ഫിസിക്സ് പ്രാക്ടിക്കലിന് കിട്ടിയത് കണ്‍കറന്‍റ് ഫോഴ്സസ് ആയിരുന്നു. കപ്പികളും ഭാരങ്ങളും കൊണ്ടുള്ള പരീക്ഷണം. രണ്ട് വസ്തുക്കളുടെ ഭാരം തന്ന് മൂന്നാമത്തേതിന്‍റെ ഭാരം കാണുന്ന രീതിയാണ് പഠിപ്പിച്ചിരുന്നത്. പരീക്ഷയ്ക്ക് വന്നതാവതാവട്ടെ ഒന്നിന്‍റെ ഭാരം തന്ന് രണ്ടെണ്ണത്തിന്‍റെ ഭാരം കാണാനുള്ള ചോദ്യമാണ്. ക്വസ്റ്റ്യന്‍ പേപ്പര്‍ കൈയില്‍ കിട്ടി പത്തിരുപത് മിനിട്ട് കഴിഞ്ഞ് അധ്യാപകര്‍ നിരീക്ഷണത്തിനെത്തി. അപ്പോഴാണ്‌ പഠിപ്പിച്ച
പരീക്ഷണമല്ല കിട്ടിയതെന്ന് അവര്‍ക്ക് മനസ്സിലാവുന്നത്. പുതിയ പരീക്ഷണത്തിന് വേറെ ഫോര്‍മുലയാണ് വേണ്ടിയിരുന്നത്. ചോദ്യം മാറ്റിനല്കാന്‍ അവര്‍ തയാറെടുക്കുമ്പോള്‍ പോക്കര്‍ പറഞ്ഞു,

“വേണ്ട സാര്‍, പഴയ ഫോര്‍മുലയില്‍ നിന്ന് പുതിയ ഫോര്‍മുല ഞാന്‍ കണക്കുകൂട്ടിയെടുത്തിട്ടുണ്ട്”.

ഈ സംഭവം അവരില്‍ ഇംപ്രഷന്‍ ഉണ്ടാക്കിയതിനാലാണോയെന്നറിയില്ല, ഫിസിക്സ് പ്രാക്ടിക്കലിന് നല്ല മാര്‍ക്കായിരുന്നു. സുവോളജി അത്തരം സംഭവങ്ങളൊന്നും നടക്കാത്തതിനാല്‍ തവളയെ കീറിമുറിച്ചുള്ള വിസറ പരിശോധനയില്‍ എല്ലാവര്‍ക്കും കിട്ടുന്ന മാര്‍ക്കുമാത്രമേ കിട്ടിയുള്ളൂ. ഫിസിക്സിന് ചേര്‍ന്ന് സുവോളജിയിലേക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞത് മണ്ടത്തരം എന്നായിരുന്നു. ഹസൈനാറിന് കിട്ടിയ ഉപദേശങ്ങള്‍ക്കുപുറമെ ഇഷ്ടപ്പെട്ട സ്പെഷ്യാലിറ്റികളായ മറൈന്‍ ബയോളജിയിലും വൈല്‍ഡ് ലൈഫ് ബയോളജിയിലുമൊക്കെ ഉപരിപഠനം നടത്താനുള്ള കായികമായ ബുദ്ധിമുട്ടുകളും ചര്‍ച്ചയ്ക്കുവന്നു.അതൊക്കെ ശരിയാണെന്ന് പോക്കറിനും തോന്നി. അതിനിടയില്‍ ഡിഗ്രിയുടെ മെയിന്‍ മാറാനുള്ള അവസാനതിയതികടന്നുപോയി.

ആദ്യത്തെ ഒന്നൊന്നര മാസം പ്രശ്നങ്ങളൊന്നുമുണ്ടായില്ല.നവംബര്‍ കഴിഞ്ഞു. ഹേമന്തശിശിരങ്ങള്‍ വരവായി; കൂടെ ദേശാടനക്കിളികളും. ഫാറൂഖ് കോളേജിന്‍റെ വിശാലമായ കോമ്പൌണ്ടിന്‍റെ പിന്‍ഭാഗത്തെ ഗെയ്റ്റ് തുറന്നാല്‍ പോസ്റ്റോഫീസും ലേഡീസ് ഹോസ്റ്റലുമൊക്കെയാണ്. കുറച്ചുകൂടി നടന്നാല്‍ ചാലിയാറിന്‍റെ തീരം. ഡിസംബറിലും ജനുവരിയിലും അവിടെ കിളികള്‍ കൂടുതലാണ്. മുമ്പൊക്കെ അങ്ങോട്ട്‌ പോവുമ്പോള്‍ ഇല്ലാതിരുന്ന ഒരു ദുഃഖം മനസ്സിനെ വേട്ടയാടാന്‍ തുടങ്ങി. ട്രെയിനില്‍ കയറി നാട്ടില്‍ പോകുമ്പോള്‍ തലശ്ശേരിയിലും കണ്ണൂരുമെത്തുമ്പോള്‍ കണ്ണില്‍ പെട്ടിരുന്ന കണ്ടല്‍കാടുകളും കുളവാഴയെന്ന എയ്ക്കോര്‍ണിയ നിറഞ്ഞ പാടങ്ങളുമൊക്കെ മനസ്സില്‍ തികട്ടിവന്നു. അതിനിടയിലാണ് ഹോസ്റ്റലിലെ രാത്രി ഭക്ഷണനേരത്ത് തിരുവനന്തപുരം ദൂരദര്‍ശന്‍റെ ചിത്രഗീതത്തില്‍ പത്തുവര്‍ഷം മുമ്പിറങ്ങിയ കുട്ടിക്കുപ്പായത്തിലെ, “പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും...” എന്നുതുടങ്ങുന്ന പാട്ട് കേട്ടത്. ആ പാട്ട് മുമ്പും കേട്ടിരുന്നു. പക്ഷേ, ആശിച്ച വേഷങ്ങള്‍ ആടാന്‍ കഴിയാത്ത നാടകമാണ് ജീവിതമെന്നുപറയുന്ന വരി മനസ്സില്‍ പതിഞ്ഞത് അന്നാണ്. വഴിതെറ്റിയെന്ന ചിന്ത മനസ്സിനെ അലട്ടാന്‍ തുടങ്ങി. നിര്‍ബന്ധിതാവസ്ഥകളിലുണ്ടായ നഷ്ടങ്ങളില്‍ വിധിയെ പഴിക്കാം. എന്നാല്‍ സ്വന്തം തീരുമാനങ്ങളിലുണ്ടാവുന്ന പാളിച്ചകളില്‍ അങ്ങനെ ചെയ്യാനാവില്ല. പഴിക്കാനായി വിധിയോ മറ്റേതെങ്കിലും അപരനോ ഇല്ലാത്ത അവസരങ്ങളില്‍ ദുഃഖത്തിന്‍റെ ശക്തികൂടും. പഴികള്‍ ആത്മനിന്ദകളായി മാറും. മാര്‍ക്ക് കുറവായാതിന്‍റെ പേരില്‍ ഇഷ്ടവിഷയത്തിന് ചേരാനാവാത്ത പലരുമുണ്ട്. അവര്‍ക്കൊന്നും വലിയ ദുഃഖം ഉണ്ടാവാറില്ല. ആകെയുള്ള രക്ഷ പഠനം നിര്‍ത്തി അടുത്ത വര്‍ഷം ഇഷ്ടവിഷയത്തിന് ചേരുകയെന്നതായിരുന്നു. അതാവുമ്പോള്‍ ആളുകള്‍ വിളിക്കുക പടുവിഡ്ഢിയെന്നായിരിക്കും. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വഴിയാവട്ടെ, ഒരിക്കല്‍ കൂടി മെഡിക്കല്‍ എന്‍ട്രന്സില്‍ മുട്ടുകയെന്നതും. അജിത്‌ കുമാറിന്‍റെ വോയ്സ് മെസ്സേജിലെ അവസാനത്തെ വരി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു. അതുകേട്ടപ്പോള്‍ മനസ്സില്‍ വന്നതാവട്ടെ, അവന്‍റെ തന്നെ മറ്റൊരു കമന്‍റാണ്.

എസ് ഫൈവിലെ അവസാനത്തെ നാളുകള്‍. സുവോളജിയിലെ സുബൈര്‍ സാര്‍ പരിണാമാസിദ്ധാന്തം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാച്വറല്‍ സെലക്ഷന്‍റെ വൈവിധ്യമാര്‍ന്ന ഉദാഹരണങ്ങള്‍. പോക്കറിനും അജിത്‌ കുമാറിനുമിടയില്‍ ഇരുന്നത് ക്ലാസ്സിലെ ആസ്ഥാന കവിയെന്നറിയപ്പെടുന്ന സന്തോഷ്‌ കുമാര്‍ ആയിരുന്നു. സാര്‍ ബോര്‍ഡില്‍ ഇംഗ്ലീഷിലെഴുതിയ ഒരു വാക്യം സന്തോഷ്‌ കുമാര്‍ സ്വന്തം നോട്ട് ബുക്കില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു,

“ ശേഷിയുള്ളവന്‍റെ ശേഷിപ്പ് ”

അജിത്‌ കുമാര്‍ അതിലേക്കൊന്ന് നോക്കി. എന്‍ ആര്‍ ഐ ഇംഗ്ലീഷ് മീഡിയക്കാരനായ അവന് മലയാളത്തിലുള്ള ആ വരി മുഴുവന്‍ മനസ്സിലായോ എന്നറിയില്ല. വീട്ടില്‍ കേട്ടുപരിചയമുള്ള, അറിയാവുന്ന ഒരു പദം കൊണ്ട് അവന്‍ ആ വരി തിരുത്തി,

“ ശേഷിയുള്ളവന്‍റെ ശേഷക്രിയ ”


സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ്
 (അധ്യായം ഒന്ന്)


പാവ് ലോവിന്റെ പട്ടി (
അധ്യായം രണ്ട് )

പാന്‍ഡെമിക് പാനിക്കുകള്‍  ( അധ്യായം മൂന്ന്)


Keywords:  Novel, Kerala, Darvin and Marthoos Novel

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL