Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊണാലിസയുടെ കാമുകന്‍

Lover of Mona Lisa. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അതിജീവനം - അധ്യായം-27

ഇന്ദ്രജിത്ത്


(www.kasargodvartha.com 17.12.2020) 
'കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്'

പാട്ടുകൾ ഒരുപാടുണ്ടെങ്കിലും ഏറ്റവും കൂടുതലായി ചേരുന്നത് ഇതാണെന്നു തോന്നുന്നു. മുമ്പ് പല തവണ കണ്ടിട്ടുണ്ട്. പേരറിയില്ല. എങ്കിലും ഐഡന്‍റിറ്റിയായി മനസ്സില്‍ പതിഞ്ഞത് മോണാലിസയുടേതുപോലുള്ള ആ മുഖഭാവമാണ്. ഇത്തവണയാണ് ശരീരവടിവുകൾ ശ്രദ്ധയിൽ പതിഞ്ഞത്. മാസ്ക് ധരിച്ചതാണ് കാരണം. മുഖം കാണാതിരിക്കുമ്പോൾ ശരീരത്തിന്‍റെ മറ്റുള്ള ഭാഗങ്ങളിൽ ശ്രദ്ധ പതിയുക സ്വാഭാവികമാണ്. 

Novel, Doctor, Drawing, Student, Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Medical Renaissance, Lover of Mona Lisa.

ആരെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക, മുഖത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവയെ മറച്ചുവെക്കാനുള്ള കഴിവ് അതിനുണ്ട്. യൂറോപ്പിലെ നഗ്നചിത്രങ്ങളില്‍ ആദ്യകാലത്ത് എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള ശരീരമായിരുന്നു. ചിത്രകാരന്മാരെല്ലാം അവരുടെ മനസ്സിലുള്ള സ്ത്രീശരീരം വെവ്വേറെ മുഖങ്ങളോടെ വരച്ചു. പിന്നീട്, മുമ്പില്‍ സ്ത്രീകളെ നഗ്നരായി നിര്‍ത്തിക്കൊണ്ട് ചിത്രരചന നടത്തുന്ന കാലം വന്നപ്പോഴാണ് ശരീരത്തിലെ സൂക്ഷ്മഭാവങ്ങള്‍ കാന്‍വാസ്സില്‍ പതിഞ്ഞത്. അങ്ങനെ മറുകുകളും ചുണങ്ങുകളും ചുളിവുകളുമൊക്കെ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്കി.

വീടിന് തൊട്ടടുത്തുള്ള ഫ്ലാറ്റുപണിയുടെ ഏതാണ്ട് പകുതി പൂർത്തിയായതായിരുന്നു. അതിനിടയിലാണ് ലോക്ക്ഡൗൺ വന്നത്. പണി നിർത്തിയെങ്കിലും തൊഴിലാളികൾ തിരിച്ചുപോയിട്ടില്ല. ബംഗാളികളും തമിഴന്മാരുമൊക്കെയടങ്ങിയ തൊഴിലാളികൾ ചുറ്റുവട്ടങ്ങളിൽ തങ്ങുകയാണ്. അതിലൊരാള്‍ വിറകുതേടിയിറങ്ങിയതാണ്. സെൻട്രിംഗ് പണിക്കാർ വലിച്ചെറിഞ്ഞ ഉപയോഗശൂന്യമായ പലകക്കഷണങ്ങളും മറ്റുമാണ് ശേഖരിക്കുന്നത്. അധ്വാനിച്ച് ജീവിക്കുന്നതിനാലാവാം വയറുചാടിയിട്ടില്ല. ആനുപാതികമായ കൃത്യത പുലര്‍ത്തുന്ന ശരീരഭാഗങ്ങള്‍. ജനാലയ്ക്കടുത്ത് പത്രം വായിക്കാനിരുന്നതായിരുന്നു പോക്കർ. അതിനിടയിലാണ് ആ യുവതി ശ്രദ്ധയിൽ പെട്ടത്. ഒരു കവിയാണ്‌ അവളെ കണ്ടതെങ്കില്‍ കവിതയെഴുതുമായിരുന്നു; ചിത്രകാരനെങ്കില്‍ കാൻവാസ്സിൽ പകർത്തിയേനെ.

മനുഷ്യരിൽ ആദ്യമായി ചിത്രം വരച്ചയാൾ പുരുഷനായിരിക്കുമോ? വരച്ചത് സ്ത്രീയെയായിരിക്കുമോ? സ്കൂളിലും കോളജ്, യൂണിവേഴ്സിറ്റി തലങ്ങളിലും ചിത്രരചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് മത്സരാര്‍ഥികളില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. നൃത്തം സ്ത്രീകളുടേതാണെങ്കില്‍ ചിത്രരചന പുരുഷന്മാരുടേതാണെന്നു തോന്നുന്നു. ഒന്ന് എക്സിബിഷനിസ്റ്റിക് ആണെങ്കില്‍ മറ്റേത് സ്കൊപ്റ്റോഫീലിക് ആണ്. രണ്ടു കലാരൂപങ്ങളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചടുലമായ അംഗചലനങ്ങള്‍ പ്രദര്‍ശിപ്പിക്കലാണ് നൃത്തമെങ്കില്‍ സ്വന്തം കണ്ണില്‍ പതിഞ്ഞ അംഗവടിവുകള്‍ കോറിയിടലാണ് ചിത്രരചന. പക്ഷേ, ലിംഗപരമായ അപവാദങ്ങളുണ്ടാവാം. ശിവന്‍റെ താണ്ഡവനൃത്തമാടുന്ന നടരാജവിഗ്രഹം സംസ്കാര ചരിത്രത്തിന്‍റെ ഭാഗമാണല്ലോ.

കലകളുടെ മാത്രമല്ല, അറിവുകളുടെയും മാതാവാണ് ചിത്രരചന. അതാണ് മനുഷ്യന്‍റെ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം ഉണ്ടാക്കിയത്. ആശയവിനിമയത്തിന് രണ്ട് വഴികളാണുണ്ടായിരുന്നത്. ശ്വാസകോശത്തില്‍ നിന്നുപുറപ്പെടുന്ന ഉച്ഛ്വാസവായു വോക്കല്‍ കോര്‍ഡുകളില്‍ വൈബ്രേഷനുണ്ടാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ശബ്ദം തൊണ്ട മുതൽ ചുണ്ടുവരെയുള്ള അവയവങ്ങളില്‍ ക്രമീകരികപ്പെട്ട് പുറത്തുവരുന്നു. അങ്ങനെ കേള്‍ക്കുന്നയാളുടെ കര്‍ണപുടങ്ങളില്‍ പതിഞ്ഞ ശബ്ദം നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനഫലമായി തിരിച്ചറിയപ്പെടുന്നു. ഈ രീതിയില്‍ പറഞ്ഞും കേട്ടും ആശയവിനിമയം നടത്തുന്നതിനിടയിലാണ് മദ്രസ്സയില്‍ ചേര്‍ത്തത്. അവിടെ കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കുകൊണ്ട് അലിഫും ബാഉമെഴുതിക്കൊണ്ട് ഇസ്മാഈല്‍ മൗലവി അക്ഷരം പഠിപ്പിച്ചു. ഒരിക്കല്‍ ഇന്‍റര്‍വെല്‍ സമയത്ത് പുറത്തിറങ്ങി കെട്ടിടത്തിന്‍റെ പുറകുവശത്തെത്തിയപ്പോള്‍ കണ്ടത് റാത്തീബിന് പോത്തിറച്ചി വേവിച്ച അടുപ്പിലെ കരിയായിരുന്നു. മദ്രസ വൈറ്റ് - വാഷ് ചെയ്ത കാലമായിരുന്നു അത്. തൂവെള്ളനിറത്തില്‍ തിളങ്ങിനിന്ന ചുമരില്‍ സ്ഥിരം കാണുന്ന ചില കാഴ്ചകള്‍ പകര്‍ത്തിവെച്ചു. കാളയായിരുന്നു അവയിലൊന്ന്. എർദുംബണ്ടിയെന്ന കാളവണ്ടി അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. തൊട്ടടുത്തുതന്നെ ഒരു വീടും വരച്ചു. ചെറിയമ്മാവനായിരുന്നു അക്കാലത്ത് നാട്ടുകാരുടെ നേതാവ്. പള്ളിക്കമ്മിറ്റി സെക്രടറി കൂടിയായ അമ്മാവന്‍റെ മേല്‍നോട്ടത്തിലാണ് മദ്രസയുടെ ഭിത്തി വൈറ്റ്-വാഷ് ചെയ്തത്. അത് വൃത്തികേടാക്കിയത്‌ ആരാണെന്ന അന്വേഷണം ഒടുവിൽ തന്നില്‍ ചെന്നെത്തി. ഉപ്പ സിങ്കപ്പൂരിൽ നിന്നു വന്നപ്പോള്‍ മകന്‍റെ പഠിത്തത്തെയും മറ്റും കുറിച്ച് ഉസ്താദുമാരോട് അന്വേഷിച്ചു. ആദ്യം കിട്ടിയത് മദ്രസ്സയുടെ ഭിത്തി വൃത്തികേടാക്കിയ വിവരമായിരുന്നു. മദ്രസയ്ക്കു പുറത്ത് കറുത്ത കരി കൊണ്ട് വെളുത്ത ചുവരിൽ താന്‍ വരച്ചതും അകത്ത് കറുത്ത ബോർഡിൽ വെളുത്ത ചോക്കുകൊണ്ട് ഇസ്മായിൽ മൗലവി എഴുതിയതും ഒന്നുതന്നെയായിരുന്നുവെന്ന് മനസ്സിലായത് ആരോഗ്യ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് ക്ലാസ്സിൽ ഷേണോയി സാറിന്‍റെ ചരിത്രം ക്ലാസ്സ് കേട്ടപ്പോഴാണ്. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ടൈഗ്രീസിന്‍റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളിൽ ജീവിച്ച, സംസ്കൃതമനുഷ്യന്‍റെ പൂര്‍വപിതാക്കള്‍ വരച്ചതും കാളയുടെയും വീടിന്‍റെയുമൊക്കെ ചിത്രങ്ങളായിരുന്നു. കാലത്തിന്‍റെ പരിണാമത്തിൽ ആലെഫ് എന്ന കാള അലിഫായും ബേത്ത് അഥവാ ബൈത്ത് എന്ന വീട് ബ ആയും ഇസ്മായിൽ മൗലവിയുടെ കൈകളിലൂടെ മദ്രസ്സയുടെ ബോർഡിൽ സ്ഥാനം പിടിച്ചു. പക്ഷേ, താന്‍ കാണുകയും വരയ്ക്കുകയും ചെയ്ത കാഴ്ചകൾക്കും മധ്യപൗരസ്ത്യദേശത്തെ പിതാമഹന്മാര്‍ കാണുകയും വരയ്ക്കുകയും ചെയ്ത കാര്യങ്ങൾക്കും ഇടയിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നു. കേരളത്തില്‍ കാണാത്ത ഒട്ടകത്തെ അവരവിടെ കാണുകയും ഗിമൽ എന്ന പേരിൽ വരച്ചുവെക്കുകയും ചെയ്തു. എല്ലാം കൂടി ആൽഫയും ബീറ്റയും ഗാമയുമൊക്കെയായി യൂറോപ്പിലെത്തി. പറയുകയും കേൾക്കുകയും ചെയ്യുന്ന മൊഴിയെ വരച്ചുവെക്കുന്ന വരമൊഴി, മനുഷ്യൻ താണ്ടിയ വഴിയെ ചരിത്രകാലമെന്നും ചരിത്രാതീതകാലമെന്നും രണ്ടായി വിഭജിച്ചു. മൊഴി രേഖപ്പെടുത്താൻ തുടങ്ങിയതോടുകൂടി അറിവിന് തുടർച്ചയുണ്ടായി; ശാസത്രവും സാങ്കേതികവിദ്യയും കുതിച്ചുയര്‍ന്നു.

ചില അറിവുകളുടെ ഗതി നിർണയിച്ചത് വരയാണ്. ജീവശാസ്ത്രം, വരയുമായി കൂടുതൽ ഒട്ടിനിന്നു. സ്കൂളിൽ ചിത്രകല പഠിപ്പിച്ച ഗഫൂർ മാഷ് പകർന്നുനല്കിയ പാഠങ്ങൾ പ്രീഡിഗ്രി സുവോളജിയുടെയും ബോട്ടണിയുടെയും പ്രാക്ടിക്കൽ റെക്കോർഡുകളില്‍ പ്രതിഫലിച്ചു. ജീവശാസ്ത്രത്തില്‍ താത്പര്യമുള്ളവര്‍ പ്രകൃതിസ്നേഹികള്‍ കൂടിയായിരിക്കും. അവരില്‍ പലര്‍ക്കും ചിത്രകലയിലും താത്പര്യമുണ്ടാവുമെന്നതിനാല്‍ തന്നെ ജീവശാസ്ത്രവിഷയങ്ങളിലെ പ്രാക്ടിക്കല്‍ റെക്കോര്‍ഡുകള്‍ ക്രിയാത്മകതയുടെ സാക്ഷ്യപത്രങ്ങളാണ്. എന്നാല്‍ കേരളത്തില്‍ ഹയര്‍ സെക്കൻഡറി തലത്തില്‍ ബയോളജി ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നവരില്‍ കൂടുതലും വിഷയത്തില്‍ താത്പര്യമില്ലാതെ ഡോക്ടറാവാന്‍ വേണ്ടി അതുപഠിക്കുന്നവരാണ്. 

അതുകൊണ്ടുതന്നെ പ്രാക്ടിക്കല്‍ റെക്കോര്‍ഡുകള്‍ ഒരു തരത്തിലുള്ള വഴിപാടുകളാണ്. നന്നായി വരയ്ക്കുന്നവരുടെ മേശപ്പുറത്ത് മറ്റുള്ളവരുടെ റെക്കോര്‍ഡുകള്‍ കുമിഞ്ഞുകൂടും. സഹപാഠികളില്‍ പലര്‍ക്കും വരച്ചുകൊടുത്തു. പക്ഷേ ബി എസ് സി ഒന്നാം വര്‍ഷം അതൊരു വേദനയായി മാറി. ഫിസിക്സാണ് മെയിന്‍ എന്നതിനാല്‍ തന്നെ സ്വന്തം പഠനാവശ്യങ്ങള്‍ക്കായി കൂടുതലൊന്നും വരയ്ക്കേണ്ടതില്ല. പ്രീഡിഗ്രിക്ക് പഠിച്ച അതേ ഹോസ്റ്റലില്‍ തന്നെയായിരുന്നു ഡിഗ്രിക്കും താമസിച്ചത് എന്നതിലാല്‍ തന്നെ, തന്‍റെ പൂര്‍വചരിത്രം അവിടെ തങ്ങിനില്ക്കുന്നുണ്ടായിരുന്നു. നന്നായി വരയ്ക്കുന്നവൻ എന്ന വിവരം കൂടി അതിലുണ്ടായിരുന്നു. പലരും ഇതൊന്ന് വരച്ചുതരുമോയെന്നു ചോദിച്ച് വാതിലില്‍ മുട്ടി. അതില്‍ ജൂനിയര്‍, സീനിയര്‍ ഭേദമുണ്ടായിരുന്നില്ല. ഒരു ഡിഗ്രി ചേട്ടനോട്‌ എങ്ങനയാണ് വരയ്ക്കാന്‍ പറയുക എന്ന ശങ്ക പ്രീഡിഗ്രിക്കാര്‍ക്ക് ആദ്യമുണ്ടായിരുന്നുവെങ്കിലും പിന്നീട് അതൊക്കെ മാറി. തുടക്കത്തില്‍ യാന്ത്രികമായ വരയായിരുന്നു. പക്ഷേ, അധികകാലം ആ യാന്ത്രികത നിലനിര്‍ത്താനായില്ല; ഭൗതികമായി ഇതുവരെ നിര്‍വചിക്കാനാവാത്ത മനസ്സെന്ന പ്രതിഭാസമുണ്ടല്ലോ. ജീവിതത്തില്‍ ചെയ്ത ഒരു തെറ്റ് കുറ്റബോധമായി അതിനെ വേട്ടയാടി; ഡിഗ്രി മെയിന്‍ എടുക്കുമ്പോഴുണ്ടായ ആശയക്കുഴപ്പങ്ങളും അവസാനം ഫിസിക്സെടുക്കാന്‍ തീരുമാനിച്ചതും. ഓരോ ചിത്രം വരയ്ക്കുമ്പോഴും മനസ്സ് ഒരുപാട് വേദനകളിലൂടെ സഞ്ചരിച്ചു. ജീവശാസ്ത്രം എന്ന പക്ഷി തന്‍റെ അക്കാദമിക ജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി പറന്നുപോയതിലുള്ള വേദന.

ഫോട്ടോഗ്രാഫിയില്ലാത്ത കാലത്ത് മോര്‍ഫോളജിയും അനാട്ടമിയും പഠിപ്പിക്കാന്‍ ചിത്രരചന അനിവാര്യമായിരുന്നു; വൈദ്യശാസ്ത്രത്തിന്‍റെ വലതുകൈയായ ഹ്യൂമന്‍ അനാട്ടമിയുടെ കാര്യവും അങ്ങനെ തന്നെ. ക്രിമോണയിലെ ജറാര്‍ഡും ഡൊമിനിക്കസ് ഗണ്ടിസാലിനസുമൊക്കെ അറബിയില്‍ നിന്ന് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളിലൂടെ തുടങ്ങിയ യൂറോപ്യന്‍ വൈദ്യശാസ്ത്രനവോത്ഥാനത്തില്‍ അനാട്ടമിയെ ഉന്നതിയിലെത്തിക്കാന്‍ പണിയെടുത്തവരില്‍ വൈദ്യന്മാരെപ്പോലെ കലാകാരന്മാരുമുണ്ടായിരുന്നു. ഗാലന്‍ കുരങ്ങിന്‍റെ ശരീരം മുറിച്ചുനോക്കി എഴുതിവെച്ച കാര്യങ്ങള്‍ക്ക് പില്‍ക്കാലത്ത് അബ്ദുല്‍ ലത്തീഫുല്‍ ബഗ്ദാദിയും മറ്റും വരുത്തിയ തിരുത്തുകള്‍ അറബി-ലാറ്റിന്‍ വിവര്‍ത്തകരിലൂടെ യൂറോപിലെത്തിയതിനുശേഷമുള്ള അന്വേഷണങ്ങളില്‍ ചിത്രകാരന്മാര്‍ വൈദ്യന്മാരെ സഹായിച്ചു.

പല അറിവുകളുടെയും തുടക്കം ചെറിയമ്മാവനാണ്. ഗ്രാമത്തിന്‍റെ നാട്ടുവൃത്താന്തങ്ങളാണ് ഉമ്മയിലൂടെ ലഭിച്ചത്. കൂടാതെ ബഗ്ദാദിന്‍റെയും മറ്റും തുടിപ്പുകള്‍ ഉമ്മ പറഞ്ഞുതന്ന കഥകളിലുണ്ടായിരുന്നു. ഉപ്പ സിങ്കപ്പൂരില്‍ നിന്നുവരുമ്പോള്‍ വന്നയുടനെയുള്ള രാത്രി പെട്ടി തുറക്കാനായി കാത്തിരിക്കും. തുറക്കുമ്പോള്‍ ആദ്യം വരുന്നത് നാഫ്തലിന്‍റെ ഗന്ധമായിരിക്കും. അത് സിങ്കപൂരിന്‍റെ മണമാണെന്നായിരുന്നു അക്കാലത്തെ ധാരണ. മലായ്, ചൈനീസ്, തമിഴ് വംശജരെക്കുറിച്ച് ആദ്യമറിയുന്നത് ഉപ്പ പറഞ്ഞ സിങ്കപ്പൂര്‍ കഥകളിലൂടെയാണ്‌. കഥകള്‍ പറയുകയാണ്‌ ഉപ്പയും ഉമ്മയും ചെയ്തത്. എന്നാല്‍, ചെറിയമ്മാവനാവട്ടെ പല അറിവുകളും കാണിച്ചുതരികയായിരുന്നു. മംഗലാപുരത്തിന്‍റെ നഗരക്കാഴ്ചകള്‍. ഹോട്ടലുകളിലെ ചായയും സാന്‍ഡ്വിച്ചും ഉച്ചഭക്ഷണവും, സീബ്ര ലൈനിലൂടെയുള്ള റോഡ്‌ ക്രോസിംഗ്..... അങ്ങനെ പലതും. നാട്ടിലുള്ളവര്‍ മംഗലാപുരത്തെ കൂടുതലായി ആശ്രയിച്ചത് ആശുപത്രി സേവനങ്ങള്‍ക്കാണ്. വലിയ ആദ്യമായി ആതുരാലയങ്ങള്‍ കണ്ടത് മംഗലാപുരത്താണ്. മാത്രമല്ല, കലയുടെയും ആദ്യാനുഭവം അവിടെത്തന്നെയാണ്. വെന്‍ലോക്ക് ഹോസ്പിറ്റലിനടുത്തുള്ള ചര്‍ച്ച് ഓഫ് അവര്‍ ലേഡി ഓഫ് മിറാക്കിള്‍സിനുമുമ്പിലെ ഉണ്ണിയേശുവിനെ കൈയിലേന്തിയ കന്യാമറിയത്തിന്‍റെ ശില്പം പലപ്പോഴും നോക്കിനിന്നിട്ടുണ്ട്. നവോത്ഥാനത്തിന്‍റെ ഫലമായുണ്ടായ സംസ്കാരികാഭിവൃദ്ധി നല്ല സർഗസൃഷ്ടികളുടെ ഉദയത്തിന് വഴിതെളിച്ചു. ഇറ്റലിയിലെ പണക്കാരായ ഭൂവുടമകളും പ്രഭുക്കന്മാരും ബാങ്കുടമകളും വ്യാപാരികളും തങ്ങളുടെ സമൃദ്ധിയില്‍ അഭിമാനിക്കുന്നവരായിരുന്നു. കലാകാരന്മാരുടെയും ശില്പികളുടെയും സംരക്ഷണം ഏറ്റെടുക്കുന്നത് അഭിമാനത്തിന്‍റെ ഭാഗമായി അവര്‍ കരുതി. പുസ്തകങ്ങളും കലാസൃഷ്ടികളും നല്ല വിലകൊടുത്ത് വാങ്ങാന്‍ അവരില്‍ പലരും മത്സരിച്ചു. ഫ്ളോറൻസായിരുന്നു ഇവയുടെയെല്ലാം കേന്ദ്രം. സമ്പന്നകുടുംബങ്ങൾ സ്വന്തമായ ആരാധനാലയങ്ങളുണ്ടായിരുന്നു. അവ അലങ്കരിക്കാന്‍ നല്ല പ്രതിഫലം കൊടുത്തുകൊണ്ട് കലാകാരന്മാരെ നിയമിച്ചു. അലങ്കരിക്കപ്പെട്ട ചാപ്പലുകള്‍ തറവാടിത്തത്തിന്‍റെ അടയാളങ്ങളായി കണക്കാക്കപ്പെട്ടു. സാന്‍റാമറിയ ഡെൽ കാർമൈൻ പള്ളിയിലെ ഫ്രെസ്കോ പെയിന്‍റിങ്ങുകള്‍ നവോത്ഥാനകാലത്തെ ചിത്രകലയിലെ ആദ്യതുടിപ്പുകളായി മാറി.

ശിഷ്യനാണ് ഗുരുവിന്‍റെ ഏറ്റവും വലിയ സൃഷ്ടി. സഹൃദയലോകം ആസ്വദിച്ചവയാണ് ഗഫൂര്‍ മാഷിന്‍റെ കാര്‍ട്ടൂണുകള്‍. സ്വന്തം രചനകളെപ്പോലെ ഗുണമേന്മയുള്ള ശിഷ്യരെയും വാര്‍ത്തെടുക്കാന്‍ മാഷ്‌ ശ്രമിച്ചു. പക്ഷേ , എന്തുകൊണ്ടോ തനിക്ക് മാഷിന്‍റെ നല്ല ശിഷ്യനാവാന്‍ പറ്റിയില്ല. വൈദ്യപഠനത്തിന്‍റെ തിരക്കുകളിലെവിടെയോ വെച്ച് മാഷ്‌ പഠിപ്പിച്ച ചിത്രകല അതിന്‍റെ വഴിക്കുപോയി. പക്ഷേ, ഒരു സമാധാനമുള്ളത്, നല്ല ചില ചിത്രകാരന്മാര്‍ മാഷിന്‍റെ മറ്റുള്ള ശിഷ്യരിലുണ്ടായി എന്നതാണ്. മാനവചാരിത്രത്തില്‍ എന്നുമുതലാണ് ഗുരുശിഷ്യബന്ധങ്ങള്‍ തുടങ്ങിയത് എന്നറിയില്ല. ആൻഡ്രിയ ഡെൽ വെറോച്ചിയോ എന്ന ഗുരുവിന് തന്‍റെ ശിഷ്യന്മാരെല്ലാം ശരീരശാസ്ത്രം പഠിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധത്തെ സാഫല്യത്തിലെത്തിച്ച പ്രധാനപ്പെട്ട ശിഷ്യന്‍ ജനിച്ചത് ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള അഗിയാനോ ഗ്രാമത്തിലായിരുന്നു. ഗുരുവില്‍ നിന്നുതന്നെയായിരുന്നു ശിഷ്യന്‍ ശരീരശാസ്ത്രം പഠിച്ചുതുടങ്ങിയത്. വൈകാതെ ടോപ്പോഗ്രാഫിക് ശരീരശാസ്ത്രത്തിൽ മാസ്റ്ററായി. ഇരുപതാമത്തെ വയസ്സിൽ കലാകാരന്മാരുടെയും ഡോക്ടർമാരുടെയുമൊക്കെ ഗിൽഡായ എസ് ടി ലൂക്ക് ഗിൽഡില്‍ ഗുരുനാഥനായി തിരഞ്ഞെടുക്കപ്പെട്ടു. പേശികള്‍, സ്നായുക്കള്‍ തുടങ്ങി പലതും വരച്ചു. ഫ്ലോറൻസിലെ സാന്‍റാ മറിയ നൂവോയുടെ ആശുപത്രിയില്‍ നിന്നും മിലാനിലേയും, റോമിലെയും ആശുപത്രികളില്‍ നിന്നും ശവശരീരങ്ങള്‍ എടുക്കുവാനും ആന്തരികാവയവങ്ങളുടെ പഠനങ്ങൾക്കായി കീറിമുറിക്കാനും അനുവാദം ലഭിച്ചു. ഡോക്ടറായ മാര്‍ക്ക് അന്‍റോണിയോ ഡെല്ലാ ടോറെയുമായി ചേര്‍ന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ശരീരശാസ്ത്രത്തിലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇരുന്നൂറിലധികം ഡ്രോയിങ്ങ്സുകളും പതിനായിരത്തലധികം കുറിപ്പുകളും ഉണ്ടാക്കി. അവയിലൂടെ ശരീരശാസ്ത്രസംബന്ധമായ ഡ്രോയിങ്ങുകളിൽ മനുഷ്യന്‍റെ അസ്ഥികളും പേശികളും സ്നായുക്കളുമൊക്കെ കൃത്യമായി വരച്ചുകാട്ടി. ആന്തരീകാവയവങ്ങള്‍ മാത്രമല്ല, ജനിച്ചിട്ടില്ലാത്ത, ഗർഭാശയത്തിരിക്കുന്ന മനുഷ്യക്കുഞ്ഞും ആ കലാകാരന്‍റെ കരവിരുതിലൂടെ ലോകം കണ്ടു. അദ്ദേഹത്തെ നവത്ഥാനം സംഭാവന ചെയ്യുകയായിരുന്നോ നവോത്ഥാനത്തിന് അദ്ദേഹം സംഭാവനയര്‍പ്പിക്കുകയായിരുന്നു എന്ന കാര്യത്തില്‍ സംശയമുണ്ട്. തിരുവത്താഴം, മൊണാലിസ തുടങ്ങിയവയുടെ ശില്പിയായ അദ്ദേഹത്തെ ലോകം ലിയനാഡോ ഡാവിഞ്ചി എന്നുവിളിച്ചു. നവോത്ഥാനകാലത്തെ ഇറ്റലി വേറെയും കലാകാരന്മാര്‍ക്ക് ജന്മം നല്കി. ടസ്ക്കനിയിൽപെട്ട കപ്രസെയിലെ അരെസ്സോയില്‍ ജനിച്ച മൈക്കലാഞ്ചലോ അവരില്‍ പ്രധാനിയാണ്‌.

കലാകാരന്മാര്‍ മാത്രമല്ല, കുറ്റവാളികള്‍ക്ക് ക്രൂരമായി ശിക്ഷാവിധികള്‍ നടപ്പിലാക്കിയ ഭരണാധികാരികളും അനാട്ടമിക്ക് സംഭാവന നല്കി. ശവശരീരം കീറിമുറിക്കുന്നതിന് ക്രൈസ്തവസഭ ഏര്‍പ്പെടുത്തിയ വിലക്ക് നവോത്ഥാനത്തില്‍ ഒലിച്ചുപോയത് അവര്‍ക്ക് തുണയേകി. നവോത്ഥാന മാനവികതയുടെ തുറസ്സായ മനോഭാവം വൈദ്യശാസ്ത്രത്തിന് സഹായകമായി. മെഡിക്കൽ പ്രൊഫഷനും സർവ്വകലാശാലകള്‍ക്കും മുകളിലുണ്ടായിരുന്ന സഭയുടെ നിയന്ത്രണം കുറഞ്ഞുവന്നു. ഡിസക്ഷന്‍ യാഥാര്‍ഥ്യമായി. വലിയ കുറ്റ കൃത്യങ്ങള്‍ക്ക്, വധശിക്ഷയ്ക്കുശേഷം കുറ്റവാളികളുടെ ശവശരീരം പരസ്യമായി കീറിമുറിക്കുന്ന ഓപ്പണ്‍ ഡിസക്ഷന്‍ കാണാന്‍ വൈദ്യന്മാരും ചിത്രകാരന്മാരും തടിച്ചുകൂടി. പതിനാറാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ സ്വിറ്റ്സർലൻഡിലെ ബാസൽ നഗരത്തിൽ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളിയായ ജാക്കോബ് കാരെർ വോൺ ഗെബ്‌വീലറുടെ മൃതദേഹം വെസാലിയസ് എന്ന ഡോക്ടര്‍ പരസ്യമായി കീറിമുറിച്ചു. അസ്ഥികൂടം ബാസൽ സർവകലാശാലയ്ക്ക് സംഭാവന ചെയ്തു. ബാസല്‍ സര്‍വകലാശാലയുടെ സംരക്ഷിക്കപ്പെട്ട ചരിത്രത്തിലെ ഒരു മുതല്‍ക്കൂട്ട്. ചാൾസ് അഞ്ചാമനായി സമർപ്പിച്ച ഏഴ് വാല്യങ്ങളുള്ള ഡി ഹ്യൂമാനി കോർപോറിസ് ഫാബ്രിക്ക എന്ന ഗ്രന്ഥത്തിന്‍റെ രചനയിലൂടെ മോഡേണ്‍ അനാട്ടമിയുടെ പിതൃസ്ഥാനം വെസാലിയസിനെ തേടിയെത്തി.

ഇടതുചെവിയില്‍ ചെറിയൊരു വേദന. അത്‌ കൂടിവരിയാണ്. ചെവി ആരോ പിടിച്ചുതിരുമ്മുന്നതുപോലെ തോന്നുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ ഭാര്യയാണെന്നു മനസ്സിലായി.

'ഏതോ പരദേശിപ്പെണ്ണിനെ നോക്കി വായില്‍ വെള്ളമിറക്കുകയാണ്, അല്ലേ?'

'ഞാന്‍ ... ഞാന്‍ ...സര്‍ഫസ് അനാട്ടമി പഠിക്കുകയായിരുന്നു'

'സര്‍ഫസ് അനാട്ടമി പഠിക്കാന്‍ നിക്കാഹുകഴിച്ച് കൊണ്ടുവന്ന ഒരു സ്പെസിമെന്‍ വീട്ടിനകത്തുണ്ടല്ലോ.'

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25

ക്ഷേത്രവും ക്ഷേത്രജ്ഞനും 26

Keywords: Novel, Doctor, Drawing, Student, Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Medical Renaissance, Lover of Mona Lisa.

Post a Comment