Join Whatsapp Group. Join now!
Aster MIMS 10/10/2023

തോറയും താല്‍മുദും

തോറയും താല്‍മുദും Torah and Talmud

അതിജീവനം - ഇന്ദ്രജിത്ത്

അധ്യായം 24

'കെയ്‌റോയിലെ കൊട്ടാരത്തില്‍ നിന്ന് ഒന്നര മൈല്‍ അകലെയുള്ള ഫുസ്താതിലാണ് എന്റെ വീട്. ഭാരിച്ചതാണ് സുല്‍ത്താന്റെ കീഴിലുള്ള എന്റെ ചുമതലകള്‍. അദ്ദേഹത്തിനോ, കുടുംബാംഗങ്ങള്‍ക്കോ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ അസുഖമാണെങ്കില്‍ എനിക്ക് കൊട്ടാരത്തില്‍ തന്നെ ദിവസം മുഴുവന്‍  കഴിയേണ്ടി വരും. ഇക്കാരണങ്ങളാല്‍ , ഇസ്‌റായേല്‍ മക്കളെ, സാബത്തുദിവസമല്ലാതെ,  സ്വകാര്യമായി കാണാന്‍ ബുദ്ധിമുട്ടാണ്. സാബത്തുനാളില്‍ അവരില്‍ മിക്കവരും പ്രഭാതപ്രാര്‍ഥനയ്ക്കുശേഷം എന്റെയടുത്ത് വരുന്നു. ഉച്ചതിരിയുന്നതുവരെ ഞാനവര്‍ക്ക്, അടുത്ത ആഴ്ചയിലേക്ക് ആവശ്യമുള്ള  നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. സാമുവല്‍ ബെന്‍ തിബ്ബോന് ഞാന്‍ കൊടുത്ത ഈ മറുപടിയില്‍ എന്റെ ജിവിതം വായിക്കാം'


ജൂതസമൂഹത്തിന്റെ വൈദികശ്രേഷ്ഠനും സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ വൈദ്യശ്രേഷ്ഠനുമായിരുന്ന മോസസ് ബെന്‍ മൈമോന്‍ മനസ്സുതുറക്കുകയാണ്. അതിന് മുമ്പൊരുകാര്യം; നാം പരിചയപ്പെട്ടില്ലല്ലോ...

'ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെട്ടുകിടക്കുന്ന പേരിന്റെ ഉടമയെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ'

'അത് എന്റെ കാര്യം..... പക്ഷേ... നീ ?'

'ഞാന്‍ പേരുപറഞ്ഞില്ല, അല്ലേ ? എന്റെ പേര് പോക്കര്‍'

'പോക്കര്‍ അല്‍ഹിന്ദീ? '

' അല്‍ ഹിന്ദീ വല്‍ മലൈബാരീ',

എവിടെയും കേരളീയസ്വത്വം ഉയര്‍ത്തിപ്പിടിക്കുകയെന്നത് പോക്കറിന്റെ സ്വഭാവമാണ്. 'മലബാര്‍; മലയാളക്കര. അത് ഞങ്ങള്‍ക്കും പ്രിയപ്പെട്ടതാണ്. എവിടെ നിന്നൊക്കെയോ ആട്ടിയോടിക്കപ്പെട്ട ഞങ്ങള്‍ക്കഭയം നല്കിയ നാട്'

'അതെ, ഞങ്ങളുടെ നാട് പലര്‍ക്കും അഭയകേന്ദ്രമായിരുന്നു. ബുദ്ധമതാനുയായിയായതിന്റെ പേരില്‍ വടക്കുനിന്ന് കൊലവിളി ഉയര്‍ന്നപ്പോള്‍ വാഗ്ഭടന്‍ ജീവനും കൊണ്ടോടിയതും മലയാളനാട്ടിലേക്കായിരുന്നുവെന്ന് കേട്ടിട്ടുണ്ട്'

'പക്ഷേ, പിന്നീട് പ്രച്ഛന്നബുദ്ധനായി അവതരിച്ച് ബൌദ്ധസരണിയെ തകര്‍ത്തതും ഒരു കേരളീയന്‍ തന്നെയായിരുന്നു!'

'അതെ , ചരിത്രം ഒരുപാട് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടാവാം താങ്കളുടെ ജൂതസമുദായത്തില്‍ തന്നെ പിന്നീട് പിറന്ന ആ ജര്‍മന്‍ ദാര്‍ശനികന്‍ സ്വന്തം ദര്‍ശനത്തിനു വൈരുദ്ധ്യാത്മകഭൌതികവാദം എന്ന് പേരിട്ടത്'

'കൊടുങ്ങല്ലൂര്‍, കൊച്ചി, മട്ടാഞ്ചേരി, മാടായി... അങ്ങനെ പലയിടത്തും ഞങ്ങളുടെ ശേഷിപ്പികളുണ്ട്'

'ഞാനൊരു വടക്കനാണ്;  പരിയാരത്ത് ജോലി ചെയ്യുന്ന കാലത്ത് മാടായിയില്‍ പോയിട്ടുണ്ട്. ലിന്റേണിയ മാടായിപ്പാറന്‍സിസ് പോലുള്ള പല സസ്യങ്ങളും ഉളള ആവാസവ്യവസ്ഥ'

'ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ജൂതക്കുളം അവിടെയായിരുന്നു'

'അതൊക്കെയിരിക്കട്ടെ; താങ്കളെക്കുറിച്ചുള്ള ഒരു സംശയം ചോദിക്കട്ടെ'

'എന്തുവേണമെങ്കിലും ചോദിക്കാമല്ലോ.'

'മെഡിക്കല്‍ സയന്‍സിന്റെയും ജൂതസമൂഹത്തിന്റെയും   ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്  താങ്കളെറിയാം; എങ്കിലും ആളൊരു മണ്ടനല്ലേയെന്നൊരു തോന്നല്‍'

'അതെന്താ അങ്ങനെ പറഞ്ഞത് ?'

 'ആ സലാഹുദ്ദീന്‍ അയ്യൂബിയെ മരുന്നാണെന്നുപറഞ്ഞ് ഏതെങ്കിലും വിഷം കൊടുത്ത് 

കൊല്ലമായിരുന്നില്ലേ?'

'അതാണ് കാര്യം! നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ത്രികാലജ്ഞാനം യഹോവയ്ക്ക് മാത്രമല്ലേയുള്ളൂ'

' അതെന്താ എനിക്ക് ഹിപ്പോക്രാറ്റിക് ഓത്ത് അറിയില്ലെന്നാണോ ?'

'അതും ഇതും തമ്മിലുള്ള ബന്ധം ?'

'അതില്‍ പറഞ്ഞ, വൈദ്യന്റെ ധാര്‍മികത !'

'അപ്പോളോ, അസ്‌ക്ലിപ്പിയസ്, ഹൈജിയ, പനേഷ്യ തുടങ്ങിയ ദേവന്മാരുടെയും ദേവിമാരുടെയും പേരിലുളള പാഗന്‍ പ്രതിജ്ഞ ഞങ്ങള്‍ക്കാവശ്യമില്ല . ഒരു ജൂതന് എല്ലാ മേഖലകളിലും ധാര്‍മികത പുലര്‍ത്താന്‍ യഹോവയുടെ കല്പനകള്‍ തന്നെ ധാരാളമാണ്.

' ആ കല്പന കാരണമായിട്ടാണോ സുല്‍ത്താനെ കൊല്ലാതിരുന്നത്.''

'മോന്റെ ചോദ്യത്തില്‍ കാലത്തിന്റെ പരിമിതികളുണ്ട്; ദുരിതങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടരായിരുന്നു ജൂതന്മാര്‍'

'ആര്യവംശീയതയായിരുന്നോ കാരണം ?'

'ഞാന്‍ പറഞ്ഞില്ലേ, മോന്റെ ചിന്തകളില്‍ കാലത്തിന്റെ സ്വാധീനമുണ്ടെന്ന്; ഹിറ്റ്‌ലര്‍ക്കും  മുസ്സോളിനിക്കും ശേഷം ജനിച്ച ആളെന്ന നിലയില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്.'

'ആകെക്കൂടി കണ്‍ഫ്യൂഷന്‍; താങ്കളില്‍ നിന്നെങ്കിലും കൃത്യമായ വിവരം കിട്ടുമെന്നാണ് കരുതിയത്'

'പലായനങ്ങള്‍ എന്റെ ജനതയുടെ വിധിയാണോയെന്നറിയില്ല. എന്നും വേദനകളുടെ കൂടെ നടക്കാന്‍  വിധിക്കപ്പെട്ടവര്‍. തലമുറകള്‍ കൈമാറി എന്റെ മാതാപിതാക്കളിലെത്തിയ വിവരമാണ് ഭൂതകാലത്തെക്കുറിച്ച് എനിക്കുള്ളത്. സ്‌പെയിനിലെ വിസിഗോത്തുകള്‍ അത്ര വലിയ വംശീയവാദികളായിരുന്നില്ല. കര്‍ത്താവിനെ ക്രൂശിച്ചവരാണ് ഞങ്ങളെന്ന വിശ്വാസം പിന്നീട് അവരിലുണ്ടായതാണോ  കാലക്കേടായത് എന്നറിയില്ല.'

'ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത !'

'അതെ, ആ വിശ്വാസം ഒരു പ്രതീക്ഷയായിരുന്നു. ദുസ്സഹമായ മഞ്ഞുകാലത്തിനുശേഷം  വസന്തമുണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു.'

അത് വിശ്വാസമെന്നതിനപ്പുറം മനുഷ്യന്‍ അനുഭവിച്ചറിഞ്ഞ പ്രകൃതിസത്യമല്ലേ.  ദൈവം സഹായിക്കുമെന്ന് പ്രതീക്ഷിക്കാതെ ഭൌതികജീവിതം നന്നാക്കാന്‍ പ്രവത്തിക്കുകയല്ലേ വേണ്ടത് ?'

'അതെ, ഫറോവയോട് പോരാടിയ മോസസിന്റെ കഥ  ഞങ്ങള്‍ വായിച്ചിട്ടുണ്ട്.  അതുകൊണ്ട് ഞങ്ങളും മിണ്ടാതിരുന്നില്ല. മോശയ്ക്ക് ചെങ്കടലായിരുന്നു രക്ഷയെങ്കില്‍ ഞങ്ങള്‍ക്കത് ജിബ്രാള്‍ട്ടറായിരുന്നു '

'ജിബ്രാള്‍ട്ടര്‍ അന്നുണ്ടായിരുന്നോ?'

'ജിബ്രാള്‍ട്ടര്‍ എന്ന പേരുണ്ടായിരുന്നില്ല; പക്ഷേ ഹെര്‍ക്കുലീസിന്റെ കുന്നുകള്‍'

'ഹെര്‍ക്കുലിയന്‍ ടാസ്‌കിലെ ഹെര്‍ക്കുലീസ് ?'

'അതെ, നിങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഭഗീരഥപ്രയത്‌നം പോലെ; പല നാടുകളിലെയും ആര്യപുരാവര്‍ത്തങ്ങള്‍ക്ക് സമാനതയുണ്ട്.'

'ആര്യപുരാവര്‍ത്തങ്ങള്‍ മാത്രമല്ല, മനുഷ്യസമൂഹത്തിലെ എല്ലാ പുരാവര്‍ത്തങ്ങളുടെയും ഇടയില്‍ പാലങ്ങളുണ്ടെന്ന് തോന്നിയിട്ടുണ്ട്.'  

'പക്ഷേ, ജിബ്രാള്‍ട്ടര്‍ എന്നത് പുരാവര്‍ത്തമല്ല; ചരിത്രയാഥാര്‍ഥ്യമാണ്. ഞങ്ങളുടെ രക്ഷകന്റെ പേരാണത്.'

'രക്ഷകന്റെ പേരോ ?'

' അതെ,  എഴുന്നൂറ്റിപതിനൊന്നാമാണ്ടിലെ വസന്തത്തിലാണ്  ഞങ്ങളുടെ രക്ഷകന്‍ കടല്‍ കടന്നത്; സ്‌പെയിനിലെ ജൂതന്മാരുടെ വസന്തത്തിന്റെ നാന്ദിയായിരുന്നു അത് . മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് സൈന്യത്തെ നയിച്ച ഞങ്ങളുടെ  രക്ഷകന്റെ, താരിഖ് ഇബ്‌നു സിയാദിന്റെ , പേരില്‍ പിന്നീട് ആ കടലിടുക്ക്  അറിയപ്പെട്ടു. കുന്നിനായിരുന്നു ആ പേര് ആദ്യം ഇട്ടത് - ജബല്‍ താരിഖ്. അതിനോട് തൊട്ടടുത്തുള്ള കടലിടുക്ക്  മദീഹ് ജബല്‍ താരിഖ്  ആയിമാറി; പാശ്ച്യര്‍ അതിനെ  ജിബ്രാള്‍ട്ടര്‍ എന്നുച്ചരിച്ചു.'

'എന്തൊരു സുഖം. ഒരു രക്ഷകന്‍ വരേണമേയെന്ന് യഹോവയോട് പ്രാര്‍ഥിക്കുക. ഉടനെ ഒരു സൈന്യാധിപന്‍ കുറേ പട്ടാളക്കാരുമായി കടല്‍ കടക്കുക. ഡി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ കാര്യത്തില്‍ അങ്ങനെയല്ലേ സംഭവിക്കുകയുള്ളൂ'

'കളിയാക്കരുത് മോനേ... പ്രാര്‍ഥനകളെ മാത്രം ആശ്രയിക്കുന്നവരല്ല, ഞങ്ങള്‍. താരിഖ് ഇബ്‌നു സിയാദ് കടല്‍ കടന്നതിനുപിന്നില്‍ എന്റെ പൂര്‍വികരായ സ്പാനിഷ്  ജൂതന്മാരുടെ  ശ്രമങ്ങളുണ്ട്. വിസിഗോത്ത് ഭരണകൂടത്തെ പിഴുതെറിയുകയെന്ന ലക്ഷ്യത്തോടെ  ഒരു യുദ്ധം വരികയാണെങ്കില്‍ സഹായിക്കാന്‍ സന്നദ്ധരാണെന്നറിയിച്ചുകൊണ്ട് അവരുടെ ദൂതര്‍ മുമ്പും മൊറോക്കൊയില്‍ പോയിട്ടുണ്ട് . പക്ഷേ, ഭരണകൂടത്തിന്റെ ചാരന്മാര്‍ പല പദ്ധതികളും മണത്തറിയുകയായിരുന്നു. പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയായിരുന്നു ഫലം. പലരും ഇത്തരത്തില്‍ അടിമകളാക്കപ്പെട്ടിട്ടുണ്ട്'

 'എങ്കിലും ആ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയെ വിശ്വസ്തയോടെ പരിചരിചരിച്ചതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.'

'മോന്‍ കരുതുന്നതുപോലെ ഇക്കാര്യത്തില്‍ ആദ്യത്തെയാളല്ല ഞാന്‍, കേട്ടോ... അല്‍ അന്ദലൂസിലെ ഖലീഫ അബ്ദുര്‍ റഹ് മാന്‍ മൂന്നാമന്റെ പ്രധാനവൈദ്യന്‍ ഒരു ജൂതനായിരുന്നു-ഹസ്ദായീ ഇബ്‌നുശര്‍പൂത്ത്.

അവിടത്തെ ഖിലാഫത്തിനുകീഴില്‍ വസീറിനുതുല്യമായ പദവിയാണ് അദ്ദേഹം വഹിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിനും അദ്ദേഹത്തിന്റെ സംഭാവന ചെറുതല്ല. ഗ്രീക്ക് ഭാഷയിലുള്ള  പെഡാനിയസ് ഡയസ്‌കോറിഡസിന്റെ സസ്യൌഷധങ്ങളെക്കുറിച്ചുള്ള കോഡക്‌സ്  അറബിയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട് . ഭരണകൂടത്തില്‍ വളരെയധികം സ്വാധീനമുള്ള വ്യക്തിയായിരുന്നു. ഒരു നയതന്ത്രജ്ഞനായിരുന്ന അദ്ദേഹമായിരുന്നു ഖലീഫയുടെ വിദേശനയം  തീരുമാനിച്ചിരുന്നത്. മാത്രമല്ല, ഭരണകൂടത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ വേറെയും ജൂതന്മാരുണ്ടായിരുന്നു- ഹസ്ദായീ ഇബ്‌നുശര്‍പൂത്തിന്റെ സഹായിയും ഭാഷാപണ്ഡിതനും ബഹുമുഖപ്രതിഭയുമായിരുന്ന  മെനാഹെം ബെന്‍ സാറൂഖ് അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണ്. ഒരു നിഘണ്ടു അടക്കം ഒരുപാട് സംഭാവനകള്‍ ഹീബ്രുഭാഷയ്ക്ക്  മെനാഹെം ബെന്‍ സാറൂഖ് ചെയ്തിട്ടുണ്ട്. ഖലീഫ അബ്ദുറഹ്മാന്റെകാലത്തെ ജൂതറബ്ബിയായിരുന്ന മോസസ് ബെന്‍ ഹാനോഖും ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ്. കവിയും വൈയാകരണനുമായിരുന്ന  ദുനാഷ് ബെന്‍ ലബ്രാത്ത് ആണ് സാംസ്‌കാരികരംഗത്ത് തല ഉയര്‍ത്തിനിന്ന മറ്റൊരു ജൂതന്‍'

'വസന്തം ഗ്രീഷ്മത്തിന് വഴിമാറിയപ്പോള്‍ ദേശാടനക്കിളിയായി, അല്ലേ ?'

'ഇപ്പറഞ്ഞതില്‍ ശരിയും തെറ്റുമുണ്ട്'

'തെറ്റ് ?'

'ഞാന്‍ പറഞ്ഞില്ലേ , കാലദേശങ്ങള്‍ക്കതീതമായ ജ്ഞാനം യാഹോവയ്ക്ക് മാത്രമേയുള്ളൂവെന്ന്. ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ നിനക്ക് ഗ്രീഷ്മമാവാം അസഹനീയമായ കാലാവസ്ഥ. എന്നാല്‍ സ്‌പെയിനില്‍ അങ്ങനെയല്ല. സ്പ്രിംഗ്  പോയി വിന്റര്‍ തിരിച്ചുവന്നപ്പോഴാണ് ഞാന്‍ ദേശാടനക്കിളിയായത്. താരിഖ് ഇബ്‌നുസിയാദിന്റെ വരവ് ശരിക്കും വസന്തത്തിന്റെ തുടക്കം തന്നെയായിരുന്നു. ഖലീഫ അബ്ദുര്‍റഹ്മാന്‍ മൂന്നാമന്റെ കാലമായപ്പോള്‍ വസന്തം കായ്കനികള്‍ വിരിയിച്ചുതുടങ്ങി.  പക്ഷേ ഏതിനും ഒരറുതിയുണ്ടല്ലോ. മൊവാരിദുകളും അതിനുശേഷം വന്നവരും ഐബീരിയയെ കുട്ടിച്ചോറാക്കുകയായിരുന്നു. അച്ഛനമ്മമാര്‍ പറഞ്ഞുകേട്ട അറിവാണ് വസന്തത്തെക്കുറിച്ച് എനിക്കുള്ളത്. എന്റെ കുട്ടിക്കാലമാവുമ്പോഴേക്ക് എല്ലാം മാറിയിരുന്നു. തെക്കന്‍ സ്‌പെയിനിലെ കൊര്‍ദോവയില്‍ ജനിച്ച എനിക്ക് അവസാനം കുടുംബത്തോടൊപ്പം നാടുവിടേണ്ടിവന്നു. ഫലസ്തീനിലും മൊറോക്കൊയിലുമൊക്കെ അലഞ്ഞുതിരിഞ്ഞജീവിതം അവസാനം കൈറോയില്‍, ഫുസ്താത്തില്‍, കരകയറി. വൈദ്യം പഠിച്ചതാണ് രക്ഷയായത്. നല്ല ചികിത്സകനായി പേരെടുത്തതോടുകൂടി സുല്‍ത്താന്റെ കൊട്ടാരത്തിലെ വൈദ്യനായി നിയമിതനായി; റബ്ബിയുടെ സ്ഥാനം ജൂതസമുദായവും തന്നു. ഇവയ്ക്കിടയില്‍ കിട്ടിയ ഉള്‍ക്കാഴ്ചകള്‍ ബാക്കിയുള്ള സമയങ്ങളില്‍ കുറിച്ചിട്ടു


'ജനങ്ങളുടെ ശരീരത്തെ ചികിത്സിക്കുന്ന വൈദ്യന്‍, ആത്മാവിനെ ചികിത്സിക്കുന്ന വൈദികന്‍, തലമുറകളുടെ ധിഷണയെ ഇളക്കിമറിച്ച എഴുത്തുകാരന്‍..... ആരിലും അസൂയയുളവാക്കുന്ന സ്ഥാനം ..... അല്ലേ ?'

'എന്നിലെ വൈദ്യനെയായിരുന്നു ചിലര്‍ക്കാവശ്യം; മറ്റുചിലര്‍ക്കാവട്ടെ വൈദികനെയും. രണ്ടുകൂട്ടരും മത്സരിച്ചപ്പോള്‍  എന്റെ ജീവിതം വിശ്രമമില്ലാത്തതായിമാറി. കൂടുതല്‍ എന്നെ അടുത്തുകിട്ടാനും മതപരമായ സംശയങ്ങള്‍ ചോദിക്കാനും ജൂതര്‍ക്ക് താത്പര്യമുണ്ടായിരുന്നു. ദലാലത്തുല്‍ ഹാഇരീന്റെ ഹീബ്രു പരിഭാഷകനായ സാമുവല്‍ ബെന്‍ തിബ്ബോന്‍ ഒരിക്കല്‍ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടെഴുതി. പക്ഷേ എനിക്ക് നിവൃത്തിയില്ലായിരുന്നു . സാബത്തുദിവസം സിനഗോഗില്‍ പോവും.  ഇസ്‌റായേല്‍ മക്കളെ അനുഗ്രഹിക്കും. അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കും. പലര്‍ക്കും സ്വകാര്യമായ സംശങ്ങളുണ്ടായിരുന്നു. പലരും ശനിയാഴ്ചയല്ലാത്ത ദിവസങ്ങളിലും എന്നെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ ... എന്റെ പരിമിതികള്‍'

'രണ്ടാം മോസസിന്റെ വിശ്രമരഹിതമായ ജീവിതം !'

'മോശ പ്രവാചകനുമായി താരതമ്യം ചെയ്യരുത്, ഈയുള്ളവനെ'

'മോസസ് മുതല്‍ മോസസ് വരെ എന്നൊരു പ്രയോഗമുണ്ടല്ലോ'

'ജൂതമതത്തിനുവേണ്ടി ഞാന്‍ ചിലതൊക്കെ ചെയ്തു, അത്ര തന്നെ'

'പക്ഷേ, ചെയ്തതില്‍  പലതിനോടും സമുദായത്തില്‍ എതിര്‍പ്പുണ്ടായില്ലേ?

യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള  സംരംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിന് കാരണമായി എന്നുകേട്ടിട്ടുണ്ട്'

'ഉണ്ട്. എന്റെ കൃതികളെ  പലരും ബഹിഷ്‌കരിച്ചിരുന്നു.  മിഷ്‌നെ തോറായുടെ പല ഭാഗങ്ങളും സന്ദേഹികളുടെ വഴികാട്ടിയെന്ന് നിങ്ങളുടെ മലൈബാരി  ഭാഷയില്‍ പറയാവുന്ന ദലാലത്തുല്‍ ഹാഇരീന്‍ മുഴുവനായും   യാഥാസ്ഥിതികര്‍ വിലക്കി. ഫ്രാന്‍സിലെ ചില യാഥസ്ഥികജൂതര്‍ രണ്ടാമതുപറഞ്ഞതിന്റെ  പ്രതികള്‍ നശിപ്പിക്കുക പോലും ചെയ്തു. പക്ഷേ ഇതൊക്കെ എവിടെയും സംഭവിക്കുന്നതാണ്. ഒരു സമുദായവും  പരിഷ്‌കര്‍ത്താക്കളെ കൈകള്‍ നീട്ടി സ്വീകരിച്ചിട്ടില്ലല്ലോ'

'ഇതൊന്നും ചെയ്യാതെ ഒരു യാഥാസ്ഥിതികജൂതനായി ജീവിക്കാമായിരുന്നില്ലേ ?'

'അതെ, ചില റബ്ബികള്‍ ചെയ്യുന്നതുപോലെ, അല്ലേ ?'

'അതെ'

'പക്ഷേ, ജൂതമതത്തോടുള്ള സ്‌നേഹം; അതുമാത്രമാണതില്‍ നിന്ന് വിലക്കിയത്. സന്ദേഹികളുടെ വഴികാട്ടിയിലെ സന്ദേഹി ജൂതമതത്തെ സ്‌നേഹിക്കുന്ന ആളാണ്. എങ്ങനെയെങ്കിലും ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സന്ദേഹമുണ്ടാവില്ല. ചൈനയില്‍ പോയിട്‌റെന്കിലും അറിവുനേടണമെന്ന ആഹ്വാനം കേട്ട് ബൈത്തുല്‍ ഹിക്മയിലും അല്‍ അന്ദലൂസിലുമൊക്കെയുണ്ടായ  വിജ്ഞാനവിസ്‌ഫോടനങ്ങളുണ്ടല്ലോ. ഇസ്രയേല്‍ ഗൃഹത്തില്‍ പിറന്നവനായാലും അല്ലെങ്കിലും യാഥാസ്ഥിതികതയുടെ ഈയം കൊണ്ട് കാതുകളടച്ച് സീല്‍ വെച്ചിട്ടില്ലെങ്കില്‍ മാത്രമേ  അവയുടെ ശബ്ദം കേള്‍ക്കാതിരിക്കുള്ളൂ.'

'ചാറ്റിംഗ് കഴിഞ്ഞോ...?',

ഭാര്യ അനുവദിച്ച സമയം തീരാന്‍ പോവുകയാണെന്ന് പോക്കറിന് മനസ്സിലായി. ഇനിയും വൈകിയാല്‍ കുടുംബകലഹം ഉറപ്പാണ്. ചാറ്റിംഗ് കഴിഞ്ഞ് അവളുടെ കൂടെ ഭക്ഷണം കഴിക്കാമെന്ന് വാക്കുകൊടുത്തതാണ്. ഒറ്റയ്‌ക്കൊറ്റയ്ക്കായി കഴിക്കാവുന്നതേയുള്ളൂ. കൊറോണക്കാലം ഏല്പിച്ച ആകുലതകള്‍ കാരണമാവാം ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പിടിവാശി കൂടുതലാണ്. അവള്‍ സ്വന്തം കൈകകള്‍ കൊണ്ടുണ്ടാക്കിയ ശവര്‍മ്മയാണ്. കൂടെയിരുന്ന് കഴിക്കുകയും അതുകഴിഞ്ഞ് നല്ല അഭിപ്രായം പറയുകയും വേണം. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ. സ്വന്തം ശില്പത്തെക്കുറിച്ച് നല്ല വാക്ക് കേള്‍ക്കുന്നതിലാണ്  ഏത് ശില്പിയുടെയും സംതൃപ്തി.

'കഴിഞ്ഞു. പത്തനംതിട്ട വെബിനാറിന് കൊറോണവ്യാപനത്തിന്റെ മിഡില്‍ ഈസ്റ്റിലെ അവസ്ഥ അവിടെ ജോലി ചെയ്യുന്ന ഡോക്ക്ടര്‍മാരില്‍ നിന്നു തന്നെ അറിയാമെന്നുകരുതി'

' എന്നിട്ട് എല്ലാ വിവരങ്ങളും കിട്ടിയോ ?'

' അറബ് നാടുകളില്‍ ഒരുപാട് സുഹൃത്തുക്കള്‍ ജോലി ചെയ്യുന്നുണ്ട്. ഇസ്രായേലിലുള്ള ഒരാള്‍ ഓര്‍മ്മയില്‍ വന്നത് വൈകിയാണ്, ടെല്‍ അവീവ് സെമിനാറില്‍ പരിചയപ്പെട്ട ഡോ. സാറ ഐസക്ക്. മട്ടാഞ്ചേരിയില്‍ നിന്ന് അറുപതുകളില്‍ കുടിയേറിയ ജൂതദമ്പതിമാരുടെ രണ്ടാമത്തെ മകള്‍. സെമിനാറിനുശേഷമുള്ള രണ്ടുദിവസം ഇസ്രായേലിലെ കാഴ്ചകള്‍ ചുറ്റിക്കണ്ടിരുന്നു. കരയുന്ന മതില്‍, മസ്ജിദുല്‍ അഖ്‌സ, ഹോളോകോസ്റ്റിന്റെ സ്മാരകമായി പണികഴിപ്പിച്ച യാദ് വശെം....അങ്ങനെ പലതും. കൂട്ടത്തില്‍ ഏറെ ആകര്‍ഷണീയമായി തോന്നിയത് ഒരു ശവകുടീരമായിരുന്നു. ബഹീറ തിബിരിയ എന്ന കായലെന്നോ തടാകമെന്നോ പറയാവുന്ന ജലശായത്തിന്റെ സുന്ദരമായ പ്രകൃതിസുന്ദരമായ തീരത്തുകിടക്കുന്ന ശവകുടീരം. അവിടെ ഹീബ്രുവില്‍ എഴുതിവെച്ചത് കെവര്‍ ഹാ റംബാന്‍ എന്ന് സാറ വായിച്ചുതന്നു. ലാറ്റിനില്‍ മോസസ് മൈമോനിഡസ് എന്നറിയപ്പെടുന്ന മോസസ് ബെന്‍ മൈമോന്റെ ശവകുടീരമാണത്രെ അത്. കൂടുതലായൊന്നും അന്ന് സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ഇന്ന് ചാറ്റിംഗിനിടയില്‍ വിഷയം അങ്ങോട്ട് മാറിപ്പോയതാണ് ശവര്‍മ്മ കഴിക്കാന്‍ നീ പറഞ്ഞ സമയത്ത് എത്താതിരിക്കാന്‍ കാരണം''


Keywords:  Athijeevanam  Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Moses Ben Maimon, Moses Maimonides, Torah and Talmud

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

Post a Comment