Join Whatsapp Group. Join now!
Aster MIMS 10/10/2023

ബ്ലാക്ക് ഫോറസ്റ്റ്

ആരോഗ്യസര്‍വകലാശാല തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്നതിനാല്‍ തന്നെ ചുറ്റുഭാഗത്തുമുള്ള പച്ചപ്പ് അതേപടിയുണ്ട് Black Forest
നോവല്‍: അതിജീവനം/ ഇന്ദ്രജിത്ത്
(അധ്യായം എട്ട്)

മുളങ്കുന്നത്തുകാവ്;  തൃശൂര്‍ ജില്ലയിലെ കാവിലവസാനിക്കുന്ന അനേകം സ്ഥലനാമങ്ങളിലൊന്ന്. മെഡിക്കല്‍ കോളേജ് വരുന്നതിനു മുമ്പ് ഈ പ്രദേശം ശരിക്കും ഒരു മുളങ്കുന്നത്തുകാവ് തന്നെയായിരുന്നിരിക്കണം. ആരോഗ്യസര്‍വകലാശാല തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്നതിനാല്‍ തന്നെ ചുറ്റുഭാഗത്തുമുള്ള പച്ചപ്പ് അതേപടിയുണ്ട്. 
Black forest

സര്‍വകലാശാലയുടെ മെയിന്‍ ബില്‍ഡിംഗിന്  മുമ്പില്‍ വെച്ചുപിടിപ്പിച്ച പൂന്തോട്ടവും കൃത്രിമമായ ലാന്‍ഡ് സ്‌കെയ്പും സുന്ദരമാണെങ്കിലും      അവയെക്കാള്‍ സുന്ദരം പുറകിലെ, മരക്കൂട്ടങ്ങളും തനിയെ വളര്‍ന്നുവന്ന കുറ്റിച്ചെ ടികളും വള്ളിച്ചെടികളുമൊക്കെയടങ്ങുന്ന,  പ്രകൃതിദത്തമായ ലാന്‍ഡ് സ്‌കെയ്പാണ്. അവിടെയാണ് ഓരോ ദിവസവും ക്ലാസ്സുകള്‍ തീരുന്നതുവരെ വണ്ടികള്‍ നിര്‍ത്തിയിടാറ്. 
ഒരു വള്ളിച്ചെടി ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞുകയറിയതിനുശേഷം അവിടെ നിന്ന് അടുത്തുള്ള വലിയ മരത്തിന്റെ ചില്ലയിലേക്ക് ടെന്‍ഡ്രില്‍ പായിച്ചുകൊണ്ട് നടത്തുന്ന അതിജീവനശ്രമങ്ങളിലേക്ക് ഇടതുവശത്തെ ഗ്ലാസ്സിലൂടെ കണ്ണോടിക്കുന്നതിനിടയില്‍ വണ്ടി സ്റ്റാര്‍ട്ടായി. ആ ശബ്ദവുമായി താളമൊപ്പിച്ചുകൊണ്ട് മറ്റൊരു ശബ്ദവും അതിനിടയില്‍ മുഴങ്ങാന്‍ തുടങ്ങി. കാറിന്റെ ഉടമസ്ഥയും ഡ്രൈവറുമായ ഷെമി ഡോക്ടറുടെ ഫോണില്‍ നിന്നായിരുന്നു അത്. 

'അയ്യോ, കോഴ്‌സ് ഡയറക്ടറാണല്ലോ, ഹാളില്‍ വല്ലതും മറന്നോ?',
സെല്‍ഫോണ്‍ ഡിസ്പ്‌ളേയില്‍ തെളിഞ്ഞുവന്ന കോളര്‍ ഐഡിയിലെ ചുരുക്കെഴുത്ത്, സ്റ്റിയറിംഗില്‍ നിന്ന് കൈകള്‍ മാറ്റാത്ത ഷെമി  ഡോക്ടറെ പോക്കര്‍ വായിച്ചുകേള്‍പ്പിച്ചപ്പോഴുള്ള പ്രതികരണം. കാര്‍ നിര്‍ത്തി ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ഗസ്റ്റ് ഫാക്കല്‍റ്റികളായി വന്നവരെ കൊണ്ടുവിടാന്‍ ഏല്പിച്ചിരുന്ന ടാക്‌സി അപകടത്തില്‍ പെട്ടിരിക്കുകയാണ്. വലിയ അപകടമല്ലെങ്കിലും വരാന്‍ വൈകും. അതിഥികളെ കാറില്‍ കയറ്റാമോയെന്ന അന്വേഷണമാണ്. ഒരാള്‍ക്ക് പോകേണ്ടത് വടക്കോട്ടുതന്നെയാണ്. രണ്ടാമത്തെയാള്‍ക്ക് തെക്കോട്ടാണ് പോകേണ്ടതെങ്കിലും റെയില്‍വേ സ്റ്റെഷനില്‍ കൊണ്ടുവിട്ടാല്‍ മതി. 

കോളേജില്‍ നിന്ന് ഇപ്രാവശ്യം പോക്കറും ഷെമി ഡോക്ടറും മാത്രമേ ക്ലാസ്സില്‍ വന്നിട്ടുള്ളൂയെന്ന കാര്യം  കോ ഓര്‍ഡിനേറ്റര്‍  ശ്രദ്ധിച്ചിരുന്നുവെന്നര്‍ത്ഥം. അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. മുമ്പൊരിക്കല്‍ ഒരു  ഡെന്റല്‍ കോളേജധ്യാപകന്‍  രാവിലെ സെന്ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പില്‍ ഹാജരായി ഉത്തരക്കടലാസ്സുകള്‍ പരിശോധിച്ചതിനുശേഷം ക്ലാസ്സില്‍ കയറിയെങ്കിലും ആബ്‌സെന്റ്  മാര്‍ക്ക് ചെയ്യുകയായിരുന്നു. സി.വി  ക്യാമ്പുകള്‍ മുറയ്ക്ക് നടന്നുപോകും. അതുനോക്കിയല്ല, ക്ലാസിന്റെ ഷെഡ്യൂള്‍ നിര്‍ണയിക്കുന്നത്.  ചിലപ്പോള്‍ ഒരാള്‍ക്ക് രണ്ടും ഒന്നിച്ചുവരും. ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചേ പറ്റൂ.  എന്നും കാറില്‍ ഒന്നിച്ചുവരുന്നവരില്‍ രണ്ടുപേര്‍ ഇപ്രാവശ്യമില്ല.   അനുശ്രീ ഡോക്ടര്‍ നാട്ടില്‍ പോയതാണ്;  നസീറ ഡോക്ടര്‍ കോളേജില്‍ ഇന്റേണല്‍ എക്‌സാം ഡ്യൂട്ടിയിലും. വലിയൊരു കാറില്‍ രണ്ടുപേരുമായി പോകുന്നതിനെക്കാള്‍ നല്ലത് ഗസ്റ്റ് ഫാക്കല്‍കളെ കയറ്റുന്നതുതന്നെയാണെന്ന് ഇരുവര്‍ക്കും തോന്നി. കോവിഡ് കാലം സങ്കല്പത്തില്‍ പോലും ഇല്ലാതിരുന്നതിനാല്‍ അന്ന് ഡിസ്റ്റന്‌സിംഗ് എന്ന വാക്ക് കണ്ടുപിടിച്ചിട്ടില്ലായിരുന്നു; വണ്ടിയില്‍ എത്ര പേര്‍ക്കും യാത്ര ചെയ്യാം. 

ഹിസ്റ്ററി പ്രൊഫസര്‍ക്ക് വടക്കോട്ടാണ് പോവേണ്ടതെങ്കിലും അച്ചന്‍ കോട്ടയത്തേക്കുള്ള വണ്ടി  ബുക്ക് ചെയ്തിരിക്കുകയാണ്; ബിഷപ്‌സ് കൌണ്‍സില്‍ മീറ്റിംഗിന് കൃത്യസമയത്തെത്തണം. അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടേണ്ടതില്ലായിരുന്നുവെങ്കില്‍ സ്ഥിരം ഷോര്‍ട്ട് കട്ടുകളിലൂടെ പോവാമായിരുന്നു. ഇത്തവണ ടൌണ്‍ ചുറ്റേണ്ടിവരും. 

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തൃശൂര്‍ ആദ്യമായി കാണുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കഥാരചനയില്‍ പങ്കെടുക്കാനായി ഫറോക്കില്‍ നിന്ന് ട്രെയിന്‍ കയറി തൃശൂരില്‍ ഇറങ്ങുകയായിരുന്നു. തൃശ്ശിവപേരൂര്‍ എന്ന പേരാണ് ആദ്യം കണ്ടത്. ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിലായിരുന്നു കലോത്സവം. വൈദ്യം പഠിക്കാന്‍ തുടങ്ങിയതിന്റെ ഒന്നാം വര്‍ഷം ക്ലാസ്സ് ടൂര്‍ ആതിരപ്പള്ളിയിലേക്കും വാഴച്ചാലിലേക്കുമായിരുന്നു. ടൂറിന്റെ അവസാനം ടൗണിലെ ഒരു തിയേറ്ററില്‍ നിന്ന് 'ഇന്‍ ഹരിഹര്‍ നഗര്‍' കണ്ടാണ് തിരിച്ചുപോയത്. തൃശൂരിനെപ്പോലെ തന്നെ സുന്ദരമാണ് അവിടത്തെ സ്ഥലനാമങ്ങളുമെന്ന് തോന്നുന്നു. അത്തരത്തിലുള്ള ഒന്നാണ് മുളങ്കുന്നത്തുകാവ്.ആരോഗ്യസര്‍വകലാശാല തുടങ്ങുന്നതിന് മുമ്പ് ഈ സ്ഥലത്തെക്കുറിച്ച് വലിയ അറിവില്ലായിരുന്നു.
എന്‍ട്രന്‍സ് എക്‌സാമിന്റെ ആപ്ലികേഷന്‍ പൂരിപ്പിക്കുന്ന കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിനോട് വലിയ മതിപ്പുണ്ടായിരുന്നില്ല. മൊത്തത്തില്‍ വലിയൊരു വിവേചനം നിലനിന്നിരുന്നു. 

ഫസ്റ്റ് ഗ്രൂപ്പുകാര്‍ക്ക് ഒരൊറ്റ ഫോമിന്റെ വിലയില്‍ തന്നെ എല്ലാ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ സെക്കന്റ് ഗ്രൂപ്പുകാര്‍ക്ക് എഴുതാന്‍ പറ്റുന്ന മെഡിക്കല്‍/ അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സിന് അഡീഷണല്‍ കോഴ്‌സുകളിലോരോന്നിനുംപ്രത്യേകം പണം കൊടുക്കണം. കോഴിക്കോട് മെഡിക്കല്‍ കോളേജാണ് ആപ്ലിക്കേഷന്‍ ഫോം ലഭിക്കുന്ന ഏറ്റവും അടുത്ത സ്ഥലം. ഫോം വാങ്ങാന്‍ പോയ ഒരാള്‍ അതിനിടയില്‍ ഒരാള്‍ ആ സത്യം കണ്ടുപിടിച്ചു. ഫോം വാങ്ങുമ്പോള്‍ അപേക്ഷിക്കുന്ന കോഴ്‌സുകളുടെ പേരുകളല്ല, എണ്ണമാണ് രേഖപ്പെടുത്തുന്നതെന്ന്. കോഴ്‌സ് പ്രോസ്‌പെക്ടസുകളാണെങ്കില്‍ പലതാണ്. ഡി.എം.ഇക്ക് കീഴിലെ കോഴ്‌സുകള്‍ക്കാണെങ്കില്‍ ഒന്ന്. അഗ്രിക്കള്‍ച്ചറല്‍ കോഴ്‌സുകള്‍ക്ക് മറ്റൊന്ന്. ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കുമൊക്കെ വെവ്വേറെ. അവസാനം സുഹൃത്തുക്കളെല്ലാവരും കൂടി തീരുമാനിച്ചു; അപ്ലിക്കേഷന്‍ ഫോം വാങ്ങുമ്പോള്‍ അഡീഷണല്‍ കോഴ്‌സുകളുടെ എണ്ണത്തിനനുസരിച്ച് പരമാവധി പ്രോസ്‌പെക്ടസുകള്‍ കൈയില്‍ കിട്ടുന്ന വിധത്തില്‍ കോഴ്‌സുകളുടെ പേരുപറയുക.

വീടിനടുത്തുള്ളതും സൗകര്യമുളളതുമായ കോളേജ് ലഭിക്കുക എന്നതായിരുന്നു മിക്കവരുടെയും സ്വപ്നം. അഗ്രിക്കള്‍ച്ചറല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മണ്ണുത്തി സെന്ററായിരുന്നു പ്രഥമപരിഗണനയെങ്കിലും മറ്റുളള കോഴ്‌സുകള്‍ക്ക് തൃശൂര്‍ ജില്ലക്കാര്‍ മാത്രമേ അവിടത്തെ കോളേജുകളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുള്ളൂ. മുളങ്കുന്നത്തുകാവിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നറിയുന്നത് വൈകിയാണ്. 
പ്രൊഫസറുടെ കൈയില്‍ ഒരു ബുദ്ധിജീവിസഞ്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ദീര്‍ഘയാത്ര ചെയ്യാനുള്ളതുകൊണ്ടായിരിക്കണം, അച്ചന്റെ കൈയില്‍ വലിയൊരു ബാഗുണ്ടായിരുന്നു. ആദ്യം ഇറങ്ങുന്നത് അദ്ദേഹമായതിനാല്‍ തന്നെ ബാഗ് ഡിക്കിയില്‍ വെക്കാനാവില്ല   സഞ്ചരിക്കുന്ന ഒരു വിശ്വവിജ്ഞാനകോശമാണ് ഫാദര്‍ ജോണ്‍ ജോസഫ് തെച്ചിപ്പറമ്പില്‍. മാര്‍ ഇവാന്യോസ് കോളേജിലെ ക്വിസ് ചാമ്പ്യനായിരുന്നു. ബിഎസ്.സി സുവോളജിക്കുശേഷം തിയോളജി പഠിക്കാന്‍ പോയി. ഇപ്പോഴും പഠനം ഉപേക്ഷിട്ടില്ല. ഇഗ്‌നോ, മധുരൈ കാമരാജ്, അണ്ണാമലൈ....ഒരു ഓപ്പണ്‍ കോഴ്‌സ് കഴിയുമ്പോള്‍ അടുത്തത്; എല്ലായ്‌പോഴും വിദ്യാര്‍ഥിയാണ്. ഹ്യൂമന്‍ റൈറ്റ്‌സിലും ആന്ത്രോപ്പോളജിയിലുമൊക്കെ ഡിപ്ലോമകളുണ്ട്.  എങ്ങനെയാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നതെന്നറിയില്ല. അച്ചന്മാര്‍ എപ്പോഴും അങ്ങനെയാണല്ലോ. ഡാര്‍വിനച്ചന്‍ പണ്ട് ബീഗിളില്‍ സഞ്ചരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ പരിണാമസിദ്ധാന്തം ഉണ്ടാകുമായിരുന്നോയെന്നറിയില്ല; സെന്റ് തോമസ് മഠത്തിന്റെ മുറ്റത്ത് മെന്‍ഡലച്ചന്‍ പയറുകൃഷി ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ജനിതകശാസ്ത്രം വരാന്‍ വൈകിയേനെ. ഒരക്ഷരത്തിന്റെ കുറവായിരിക്കാം സകലവിജയങ്ങള്‍ക്കും കാരണം. അച്ചനുപകരം അച്ഛനായിരുന്നുവെങ്കില്‍ കുടുംബപ്രാരാബ്ധങ്ങളില്‍ പെട്ട് ജീവിതം വഴിമുട്ടിയേനെ. 

ഇന്‍സ്റ്റിറ്റിയൂഷനല്‍ എത്തിക്‌സ് കമ്മിറ്റി കൂടുന്ന ദിവസങ്ങളില്‍ കോളേജ് കാന്റീനില്‍ കാണാറുണ്ടായിരുന്നുവെങ്കിലും ഫാദറുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതുവരെ അദ്ദേഹവുമായി സംസാരിച്ചു. പിരിയുന്നതിനുമുമ്പ് ഫോണ്‍ നമ്പരുകള്‍ കൈമാറി. കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഫാദര്‍ പോക്കറിനെ തിരിച്ചുവിളിച്ചു. ബാഗ് തുറന്ന് അത്യാവശ്യം കട്ടിയുള്ള ഒരു പുസ്തകം നല്കിക്കൊണ്ട് പറഞ്ഞു,

''ഒരു സമ്മാനമായി കരുതിക്കോളൂ. എല്ലാവര്‍ക്കും വെവ്വേറെ കോപ്പികള്‍ തരാനില്ല.''
മലയാളത്തിലുള്ള ബൈബിളായിരുന്നു അത്; പുതിയ നിയമവും പഴയ നിയമവും അടങ്ങിയത്. സാധാരണഗതിയില്‍ പുതിയ നിയമം മാത്രമേ സൌജന്യമായി നല്കാറുള്ളൂ. ഇതില്‍ രണ്ടുമുണ്ട്; അമൂല്യമായ സമ്മാനം. 
      ''അങ്ങനെ തൃശൂരില്‍ നിന്ന് മുണ്ടൂരെത്തി'',
കാറ് മുണ്ടൂരെത്തിയപ്പോള്‍ ആത്മഗതമെന്നോണം ഷെമി ഡോക്ടര്‍ പറഞ്ഞു. 
      ' ഇനിയും എത്രയെത്ര ഊരുകള്‍ ? ',
ഒരു പ്രതികരണമെന്ന നിലയില്‍ പോക്കര്‍ വെറുതെ പറഞ്ഞതായിരുന്നു; അതുകേട്ട്  ഷേണോയ് സാര്‍  വികാരാധീനനാവുമെന്നറിഞ്ഞിരുന്നില്ല.
''ഊരില്‍ നിന്ന് ഊരികെലേക്ക്; മനുഷ്യന്റെ നിയോഗമാണത്,'' സാര്‍ തുടങ്ങുകയായിരുന്നു.
''സാറിന്റെ വീട്ടില്‍ ഇപ്പോഴും കൊങ്കണി തന്നെയാണോ സംസാരിക്കുന്നത്?'', ഷെമി ഡോക്ടറുടെ ചോദ്യം.ബൈബിളായിരുന്നു
'' ആരോട് സംസാരിക്കാന്‍? വീട്ടില്‍ ഞാന്‍ മാത്രമല്ലേയുള്ളൂ.''
'' കുടുംബം ?''
'' മക്കളില്‍ മൂത്തയാള്‍ സ്റ്റെയ്‌സിലാണ്; സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍. രണ്ടാമത്തെയാള്‍ പഠിക്കുന്നു; നിംഹാന്‍സില്‍. ഇടയ്ക്ക് ട്രാന്‍സ്ഫര്‍ വാങ്ങി ഭാര്യ അടുത്തുണ്ടായിരുന്നു; പ്രമോഷനോടുകൂടി മറ്റൊരു ട്രാന്‍സ്ഫര്‍ ....''
ഷെമി ഡോക്ടര്‍ മാത്രമാണ് പ്രൊഫസറോട് സംസാരിക്കുന്നത്; പോക്കര്‍ ഒന്നും മിണ്ടിയില്ല.  സാറിനെ വികാരാധീനനാക്കുന്ന വിധത്തിലുണ്ടായ  കമന്റില്‍ കുറ്റബോധമുണ്ട്. പറഞ്ഞ വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ. യാത്രകളില്‍,സാധാരണഗതിയില്‍, പുറംകാഴ്ചകള്‍ നന്നായി ആസ്വദിക്കാറുണ്ട്. ഇപ്പോള്‍ അതിനും തോന്നുന്നില്ല. അച്ചന്‍ സമ്മാനമായി കൊടുത്ത ബൈബിള്‍ വെറുതെ മറിച്ചുകൊണ്ട് സീറ്റില്‍ ചാരിയിരുന്നു.
 ഒന്നാമത്തെ അധ്യായും, ഉത്പത്തി. ശീര്‍ഷകം കണ്ടപ്പോള്‍ ഷേണോയ് സാറിന്റെ രാവിലത്തെ ക്ലാസ്സാണ് ഓര്‍മ്മയില്‍ വന്നത്. 
ഭൂമിയെവിടെയെങ്കിലുമാവാം മനുഷ്യന്റെ ഉത്പത്തി. അന്വേഷണത്തിനിടയില്‍ ലഭിച്ച ഒരുപാട് തെളിവുകള്‍  ആഫ്രിക്കയിലാണ് അതെന്നുപറയുന്നു. ശക്തനാണ് മനുഷ്യനെന്ന് പറയാനാവില്ല; ഒരാനയ്ക്ക് ചവിട്ടിമെതിക്കാനോ ഒരു സിംഹത്തിന് കീറിമുറിക്കാനോ മാത്രമേ അവനുള്ളൂ.മൊത്തം അവയവങ്ങളുടെ കാര്യത്തില്‍ മറ്റുള്ള ജീവികളില്‍ നിന്ന് വലിയ വ്യതാസമൊന്നുമില്ല. ശരീരത്തില്‍ തല മുതല്‍ ഇടുപ്പുവരെയുള്ള  നട്ടെല്ലും നാലുകാലും ഒരു വാലുമുള്ള ജീവികളുടെ കൂട്ടത്തിലാണ് അവനുള്‍പ്പെടുന്നത്. നിവര്‍ന്നുനില്ക്കുന്നതിനാല്‍ മുന്‍കാലുകള്‍ക്കുപകരമുള്ളത് മുന്‍കൈകളാണ്. വാലിനുപകരം ശരീരത്തികത്ത് എല്ലിന്റെ ചെറിയൊരു തുടര്‍ച്ച. ഇതൊന്നും വലിയ മാറ്റമെന്നുപറയാനില്ല. പാമ്പുകള്‍ കൈകാലുകളുടെ സഹായത്തോടെയല്ലാതെ ജീവിതത്തിലെ എല്ലാ കൃത്യങ്ങളും ചെയ്യുന്നു. കൈകാലുകള്‍ക്കുപകരം മത്സ്യങ്ങള്‍ക്കുള്ളത് ചിറകുകളാണ്. എന്നാല്‍ കാര്യമായ ഒരു മാറ്റം അവനുണ്ട്; തലച്ചോറിന്റെ കാര്യത്തിലാണത്. അതാവട്ടെ മറ്റുപല കാര്യങ്ങളിലും മാറ്റങ്ങളുണ്ടാക്കി. കല്ലുകള്‍ കൊണ്ട് അവന്‍ ആയുധങ്ങളുണ്ടാക്കി. കല്ലായുധങ്ങളുടെ ഗുണം നാളുകള്‍ കഴിയുംതോറും കൂടിവന്നു;  ഇതിലെ ഘട്ടങ്ങങ്ങളാണ് പ്രാചീനശിലായുഗവും മധ്യശിലായുഗവും നവീനശിലായുഗവും.   അതിനുശേഷം ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍  അവന്‍ പഠിച്ചു.

പോക്കര്‍ പഠിച്ച എല്‍.പി. സ്‌കൂളില്‍ നിന്ന്  വീട്ടിലേക്കുള്ള വഴിയില്‍ ഒരു  തോടുണ്ടായിരുന്നു. സ്‌കൂളിനടുത്തായി സ്വര്‍ണപ്പണിക്കാരുടെ കടകളുണ്ടായിരുന്നു. മഴക്കാലം മാറിയ ഉടനെ നാടോടികള്‍ വന്ന് തോട്ടിലെ മണ്ണെടുത്തുകൊണ്ടുപോകും. സ്വര്‍ത്തരികള്‍ അടങ്ങിയ മണ്ണും മണലുമൊക്കെ തിരിച്ചറിയാന്‍ അവര്‍ക്ക് പ്രത്യേകമായ കഴിവുണ്ടായിരുന്നു. സ്വര്‍ണത്തിന് മറ്റുള്ള മൂലകങ്ങളുമായി സംയോജിക്കാനുള്ള കഴിവ് കുറവായതിനാല്‍ തന്നെ സ്വര്‍ണത്തരികള്‍ മണ്ണില്‍ വളരെക്കാലം മാറ്റമില്ലാതെ കിടക്കും. ഇരുമ്പിനെപ്പോലെ പെട്ടെന്ന് തുരുമ്പാവില്ല.  ഏറെക്കുറെ ശുദ്ധമായ അവസ്ഥയില്‍ പ്രകൃതിയില്‍ നിലനിന്നതിനാല്‍  മനുഷ്യന്‍ ആദ്യം തന്നെ സ്വര്‍ണത്തെ  തിരിച്ചറിയുകയും വേര്‍തിച്ചെടുക്കുകയും ചെയ്തു. എങ്കിലും അതുകൊണ്ട് ആയുധങ്ങളുണ്ടാക്കാനായില്ല; മാര്‍ദവം കൂടിയതാണ് കാരണം.  

ചിന്തിക്കാന്‍ തുടങ്ങിയ മനുഷ്യന്‍ സ്വന്തം തലച്ചോറും കൈകളും കൊണ്ട് പ്രതികൂലസാഹചയങ്ങളെ അതിജയിച്ചു.ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തില്‍ നാഗരികത ഉടലെടുത്തു. അവിടം മുതല്‍ ലെബനോന്‍, സിറിയ, ഫലസ്തീന്‍, ഇസ്രയേല്, ഇറാഖ്, ജോര്‍ദാന്‍  എന്നീ പേരുകളില്‍ ഇന്നറിയപ്പെടുന്ന രാജ്യങ്ങള് വരെ  ഉള്‌പ്പെടുന്ന ചന്ദ്രകലാകൃതിയിലുള്ള  വിശാലമായ പ്രദേശത്തെ പുരാവസ്തുഗവേഷകനായ ജെയിംസ് ഹെന്-റി ബ്രസ്റ്റഡ് ഫെര്‌ട്ടൈല് ക്രാസന്റ് എന്നു വിളിച്ചു. ഈ  ഫെര്‍ട്ടിലിറ്റിയില്‍ അറിവുകള്‍ തഴച്ചുവളര്‍ന്നു .  ഈജിപ്ഷ്യന്‍,ഫിനീഷ്യന്‍, അസ്സീറിയന്‍, മെസോപൊട്ടേമിയന്‍ തുടങ്ങിയ പേരുകളില് പല കാലങ്ങളില് അറിയപ്പെട്ട സംസ്‌കാരങ്ങള് ഈ ഭൂഭാഗത്തുണ്ടായി. കിഴക്കോട്ട് വരുമ്പോള് ഇറാന്റെ ഭാഗങ്ങളും ഇതിലുള്‌പ്പെടും. പാകിസ്താനിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടന്നിരുന്ന ഹാരപ്പന് നാഗരികത ഇതില്‍ നിന്ന് വളരെയൊന്നും അകലെയല്ല. വടക്കുപടിഞ്ഞാറോട്ട് പോകുമ്പോള് തുര്‍ക്കിയുടെ ഭാഗങ്ങളും സൈപ്രസുമൊക്കെ ഇതിനടുത്ത് വരും. പിന്നെയും പോയാല്‍  ഗ്രീസും ഇറ്റലിയുമാണ്; യൂറോപ്പിലെ, സംസ്‌കാരത്തിന്റെ  കളിത്തൊട്ടിലുകള്‍. ഗ്രീക്ക്, റോമന്‍ സംസ്‌കൃതികളുടെ വിളനിലങ്ങള്‍. ഫെര്‍ട്ടൈല്‍ ക്രസന്റുമായുള്ള സാമിപ്യം തന്നെയാണ് ഇവിടങ്ങളിലും വെളിച്ചമെത്തിച്ചത്. അതല്ലെങ്കില്‍ യൂറോപ്പിന്റെ വടക്കും ഇതുപോലുള്ള പ്രദേശങ്ങള്‍  ഉണ്ടാകുമായിരുന്നുവല്ലോ. ചൈനീസ് സംസ്‌കാരം , അമേരിക്കയിലെ മായന്‍ സംസ്‌കാരം തുടങ്ങിയവ ഒഴിച്ചുനിര്‍ത്തിയാല്‍ മനുഷ്യന്‍ പടുത്തുയര്‍ത്തിയ നാഗരികതകളില്‍ കൂടുതലും ഭൂമിശാസ്ത്രപരമായ ഈ തുടര്‍ച്ചയില്‍ കണ്ണികളായിരുന്നു. 

രണ്ടാമത്തെ അധ്യായം, പുറപ്പാട്. ഷെമി ഡോക്ടറും ഷേണോയ് സാറും തമ്മിലുള്ള സംഭാഷണം  ഗോവയില്‍ നിന്നുള്ള പലായനത്തിലേക്കുകടന്നു. ജനിക്കുന്നതിനുമുമ്പ് സംഭവിച്ചതിനാല്‍ പറഞ്ഞുകേട്ട അറിവുമാത്രമേ , അതിനെക്കുറിച്ച്, സാറിനുള്ളൂ. പക്ഷേ, എല്ലാവരുടെ ജീവിതത്തിലുമുള്ള പലായനങ്ങള്‍. സോഷ്യല്‍ ക്യാപില്ലാരിറ്റിയുടെ നൊമ്പരങ്ങള്‍. പുറത്തുനിന്ന് വന്നവരാണെങ്കിലും  കേരത്തില്‍ ഒരു ഗ്രാമത്തില്‍ നല്ലൊരു തരവാട്ടുവീടും വലിയൊരു ഭൂസ്വത്തും പ്രപിതാക്കള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അവ നോക്കിനടത്താന്‍ നിന്നാല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുദ്യോഗം വഹിക്കാനാവില്ല.   സംയോഗത്തിന്റെ കൂടെപ്പിറപ്പാണ് വിയോഗം. ഒന്നില്ലാതെ മറ്റൊന്നില്ല. മരത്തിലിരിക്കുന്ന കാക്കയ്ക്ക് താഴെയുള്ള ഭക്ഷണം ലഭിക്കണമെങ്കില്‍ മരവുമായി വിയോഗമുണ്ടാവണം. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടാനും അവരെ ദൂരെ അയക്കണം. അവസാനം സാര്‍ കാര്യങ്ങളെ ജനറലൈസ് ചെയ്യാന്‍ തുടങ്ങി. മനുഷ്യന്റെ ചരിത്രം പ്രയാണങ്ങളുടേതാണ്.  അവന്റെ കൂടെ സംസ്‌കാരവും സഞ്ചരിച്ചിട്ടുണ്ടാവണം.

ഊര്, മനുഷ്യന്റെ സാംസ്‌കാരികപരിണാമത്തിലെ ഘര്‍ഭപാത്രം. ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന മെസോപ്പോട്ടേമിയയില്‍ ഒരു ഉര്‍ അഥവാ ഊര് ഉണ്ടായിരുന്നു. പ്രോട്ടോ-എലാമൈറ്റ് ഹൈപ്പോതിസീസില്‍ തൃശൂരും മുണ്ടൂരും ഇറാഖിലെ ഊരുമൊക്കെ ഒരൊറ്റ നാഗരികതയുടെ കൈവഴികള്‍ മാത്രമാണ്. 

ഇത്ര വൈകാരികമായ ഒരു സംഭാഷണം ഉണ്ടായതിനാല്‍ തന്നെ, സാര്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ  ഫോണ്‍ നമ്പര്‍ വാങ്ങാന്‍ ഷെമി ഡോക്ടര്‍ മറന്നില്ല. അവരുടെ കൈകള്‍ സ്റ്റിയറിംഗുമായി മല്ലടിക്കുകയായിരുന്നതിനാല്‍ തന്നെ നമ്പര്‍ സേവ് ചെയ്യേണ്ട ഉത്തരവാദിത്തം പോക്കറിനായിരുന്നു. ഷെമി ഡോക്ടര്‍ അവരുടെ ഫോണില്‍ അതുചെയ്യാന്‍ പറഞ്ഞെങ്കിലും സേവ് ചെയ്തതിനുശേഷം നമ്പര്‍ കൈമാറാമല്ലോയെന്നുകരുതി സ്വന്തം ഫോണ്‍ കൈയിലെടുത്തു. പെട്ടെന്നുകണ്ടത് തൊട്ടുമുമ്പ് സേവ് ചെയ്ത ഫാദര്‍ ജോണ്‍ ജോസഫ് തെച്ചിപ്പറമ്പിലിന്റെ വാട്‌സ് ആപ്പ് സന്ദേശമായിരുന്നു.ചാര്‍വാകസരണിയുടെ 'ചാര്‍വാകം' സെമിനാറില്‍ അദ്ദേഹം പങ്കെടുക്കുന്ന സംവാദത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു അത്. നമ്പര്‍ സേവ് ചെയ്തത്തിനുശേഷം ഫാദറിന്റെ പ്രൊഫൈലില്‍ വെറുതെയൊന്ന് പോയി.
''ആദിയില്‍ വചനമുണ്ടായിരുന്നു'', 
അച്ചന്റെ പ്രൊഫൈലിലെ വേദവാക്യത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു സൌന്ദര്യമുണ്ടായിരുന്നു.    
''കാട്, കറുത്ത കാട്;
മനുഷ്യനാദ്യം പിറന്ന വീട്'',

യേശുദാസിന്റെ ശബ്ദം; വയലാറിന്റെ വരികള്‍. സംഗീതം സലീല്‍ ചൌധരിയുടേത്. ഭാര്യയുടെ ഫോണില്‍ നിന്നാണ്. ഇടയ്ക്ക് റിംഗ് ടോണ്‍ മാറ്റുകയെന്നത് ഒരു ഹോബിയായിരിക്കുകയാണ്.
വിളിക്കുന്നത് നാട്ടില്‍ നിന്നാണെന്ന്  മാനകമലയാളത്തിലല്ലാതെയുള്ള മറുപടികള്‍ കേട്ടപ്പോള്‍ മനസ്സിലായി. പക്ഷേ, ഇടയ്ക്കിടെ ''ബ്ലാക്ക് ഫോറെസ്റ്റ്'', ''ബ്ലാക്ക് ഫോറെസ്റ്റ്'' എന്നുപറയുന്നുണ്ട്. 
ബ്ലാക്ക് ഫോറസ്റ്റ്, കറുത്ത കാട് ....; ഒന്നും വ്യക്തമാവുന്നില്ല. കുറേ നേരം ആ സംഭാഷണം കേട്ടിരുന്നു. ലൗഡ് സ്പീക്കറിലല്ലാതെയുള്ള ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് വിഷയം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്; ഒരു ഭാഗം മാത്രമാണല്ലോ കേള്‍ക്കുന്നത്. എങ്കിലും അല്പനേരം കഴിഞ്ഞപ്പോള്‍ കാര്യം പിടികിട്ടി. ഭാര്യ യൂട്യൂബ് നോക്കിയുണ്ടാക്കിയ ബ്ലാക്ക് ഫോറസ്റ്റ് കേക്കിന്റെ ഫോട്ടോ രാവിലെ കുടുംബാംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. അതിന്റെ നിര്‍മാവിധിയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും  സംശയനിവാരണങ്ങളുമാണ്.

റിംഗ് ടോണും തുടര്‍ന്നുള്ള സംഭാഷണങ്ങളും പോക്കറിനെ സോംനോലെന്‍ഷ്യയില്‍ നിന്നുണര്‍ത്താന്‍ പര്യാപ്തമായിരുന്നു. യാത്ര വിലക്കപ്പെട്ട കോവിഡ്-ലോക്ക്‌ഡൌണ്‍ കാലത്തെ  ഉറക്കം വരാത്ത രാത്രികളില്‍ ഇവയൊക്കെ പതിവാണ്. യാത്ര ഏതായാലും പറ്റില്ല. ഒരു വെര്‍ച്വല്‍ യാത്ര ചെയ്താലോയെന്ന ചിന്ത രണ്ടുമൂന്നുദിവസമായി മനസ്സിനെ അലട്ടുന്നു. ഇന്ന്  ഗൂഗിള്‍ സാറ്റലൈറ്റ്  മാപ്പ് ഓപ്പണ്‍ ചെയ്തതായിരുന്നു. നാട്ടിലേക്കുതന്നെയാവട്ടെ ആദ്യത്തെ യാത്രയെന്ന് തീരുമാനിച്ചു.   വടക്കോട്ട്  ചെറുതായി സഞ്ചരിക്കുകയും ചെയ്തു . ഊടുവഴികള്‍ ഒരു പ്രശ്‌നമാണ്. ശരിയായ യാത്രയില്‍ ചെലവാകുന്ന സമയത്തെയും  ഇന്ധനത്തെയും  പണത്തെയും കുറിച്ചുള്ള പേടി സാഹസികതകളില്‍ നിന്ന് പുറകോട്ടുവലിക്കും. എന്നാല്‍ വെര്‍ച്വല്‍ യാത്രയില്‍ പലതും വെര്‍ച്വലാണ്; മാത്രമല്ല, ഓരോ ദിവസത്തേക്കുമായി ലഭിക്കുന്ന ഇന്റര്‍നെറ്റ് ഡാറ്റ അന്നന്ന് ഉപയോഗിച്ചില്ലെങ്കില്‍ വെറുതെയാവും. അതുകൊണ്ടുതന്നെ കണ്ട ഊടുവഴികളിലൊക്കെ കയറിനോക്കും. മാങ്കാവാണ് പറ്റിച്ചത്.   പി.പി.ഇ കിറ്റണിഞ്ഞ് വെളളം പോലും കുടിക്കാതെ പകല്‍ ജോലി ചെയ്തതിന്റെ ക്ഷീണമുണ്ടായിരുന്നു; എന്നാല്‍ ഉറക്കം വരുന്നുമില്ല. രണ്ടിനുമിടയിലുള്ള അവസ്ഥ. പേരിലെ സമാനത കൊണ്ടാണോയെന്നറിയില്ല, ഗൂഗിള്‍ മാപ്പ് മാങ്കാവിലെത്തിയപ്പോള്‍ മനസ്സ് പോയത് മുളങ്കുന്നത്തുകാവിലേക്കാണ്; രണ്ടിലും  കാവുണ്ടല്ലോ. അവിടന്ന് എച്ച്. ജി. വെല്‍സിന്റെ  ടൈം മെഷീനിലേറി ആസന്നഭൂതകാലത്തേക്ക്. പിന്നെയും പോയപ്പോള്‍ വിദൂരഭൂതകാലം;  ഹോമോ സാപ്പിയന്‍സിന്റെ പ്രഭവസ്ഥാനങ്ങള്‍. 

വര്‍ക്കിനിടയിലെ സോമ്‌നോലെന്ഷ്യകളില്‍ മുമ്പൊക്കെ ബാറ്ററി തീര്‍ന്ന് ലാപ്‌ടോപ്പ് ഓഫാകാറുണ്ടായിരുന്നു. ഭാര്യയുടെ കറുത്ത കാടും ബ്ലാക്ക് ഫോറസ്റ്റും ഇടപെട്ടതിനാലാവാം, ഇത്തവണ അതുണ്ടായില്ല. കഴ്‌സര്‍, ഗൂഗിള്‍ സാറ്റലൈറ്റ് മാപ്പിലെ മാങ്കാവില്‍ തന്നെയുണ്ട്. 

Keywords: Athijeevanam, Malayalam Novel, Indrajith, Corona, COVID 19, Survival, Pandemic, Homo sapiens, Somnolentia, Virtual tour, fertile crescent, karutha kadu,  vayalar song, Black forest

സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് (അധ്യായം ഒന്ന്)

പാവ് ലോവിന്റെ പട്ടി  (അധ്യായം രണ്ട്്)

പാന്‍ഡെമിക് പാനിക്കുകള്‍(അധ്യായം മൂന്ന്‌)

നോഹയുടെ പ്രവചനം (
(അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

"ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാ"
(അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും
(അധ്യായം ഏഴ്)

Post a Comment