കാലന്‍റെ സഹോദരന്‍

നോവല്‍ / അതിജീവനം / അധ്യായം 30
ഇന്ദ്രജിത്ത് 

(www.kasargovartha.com 09.01.2021)
'വൈദ്യരാജ നമസ്തുഭ്യം,
യമരാജസഹോദരം;
യമസ്തു ഹരതി പ്രാണാന്‍
വൈദ്യഃ പ്രാണാന്‍ ധനാനി ച'

'മാഡം ഭക്തയാവാന്‍ തീരുമാനിച്ചോ? രാവിലെത്തന്നെ സ്ത്രോത്രങ്ങളുമായാണല്ലോ'

'ഭര്‍ത്താവില്‍ നിന്ന് രാവിലെ കേള്‍ക്കേണ്ടിവന്ന ചീത്തവിളിയാണ്- യമരാജന്‍റെ സഹോദരനായ വൈദ്യരാജാ നിനക്ക് നമസ്കാരം, യമന്‍ ജീവനപഹരിക്കുമ്പോള്‍ വൈദ്യന്‍ ജീവനും ധനവും അപഹരിക്കുന്നു, എന്ന് സാരം'

'ലണ്ടനിലെ തെരുവുതെണ്ടികള്‍ യാചിക്കുന്നതുപോലും ഇംഗ്ലീഷിലാണെന്ന് പറഞ്ഞതുപോലെ മാഡത്തിന്‍റെ കുടുംബകലഹം പോലും സംസ്കൃതത്തിലാണ്.'

'ഏത് കര്‍മഫലത്തിന്‍റെ ഭാഗമായാണ് സംസ്കൃത പണ്ഡിതനായ ഭര്‍ത്താവിനെ കിട്ടിയത് എന്നറിയില്ല'

'ഏതായാലും സംസ്കൃതത്തില്‍ ഒരു തെറിവിളി കേള്‍ക്കാന്‍ ഭാഗ്യമുണ്ടായല്ലോ.'

ഒന്നല്ല, ഒരുപാടുണ്ട്. വൈദ്യഃ ക്രൂരോ, യമഃ ക്രൂരോ, വൈദ്യഃ ക്രൂരോ യമാദപി, യമോ ഹരത്യസൂനേവ, വൈദ്യസ്തു സവസൂനസൂന്‍. വൈദ്യന്‍ ക്രൂരനാണ്. യമനും ക്രൂരനാണ്. പക്ഷേ വൈദ്യന്‍ യമനെക്കാള്‍ ക്രൂരനാണ്. കാരണം, യമന്‍ ജീവന്‍ മാത്രം എടുക്കുമ്പോള്‍ വൈദ്യന്‍ പണവും ജീവനും എടുക്കുന്നു'

'ഇത്രയും കാലത്തെ ദാമ്പത്യജീവിതംകൊണ്ട് മാഡം പലതും കാണാപ്പാഠം പഠിച്ചിട്ടുണ്ടാവും, അല്ലേ'

'ഞാനും ഒരു കഥ പറയട്ടെ', പോക്കറാണ് ഇടയ്ക്കുകയറി പറഞ്ഞത്. 

'ങേ... സാര്‍ ഇവിടെയെത്തിയോ?', ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറുടേതാണ് ചോദ്യം. 

'ഞാന്‍ ആദ്യം തന്നെ ശബ്ദമുണ്ടാക്കിയിരുന്നു. പക്ഷേ, ചര്‍ച്ചയ്ക്കിടയില്‍ നിങ്ങള്‍ കേട്ടില്ല. പിന്നെക്കരുതി അസോസിയേറ്റ് പ്രൊഫസറും അസിസ്റ്റന്‍റ് പ്രൊഫസറും തമ്മിലുള്ള സംഭാഷണത്തിന് ഭംഗം വരുത്തേണ്ടെന്ന്'.

ഇന്‍റര്‍ഡിപ്പാര്‍ട്മെന്‍റല്‍ പ്രൊജക്ടിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ച് സംസാരിക്കാനാണ് പോക്കര്‍ ഫാര്‍മക്കോളജി ഡിപ്പാര്‍ട്ട്മെന്‍റിലെത്തിയത്. 

'അതല്ല, സാര്‍ പറയാമെന്നേറ്റ കഥ പറയൂ ...',

അസിസ്റ്റന്‍റ് പ്രൊഫസറാണ് പറഞ്ഞതെങ്കിലും അസോസിയേറ്റ് പ്രൊഫസര്‍ പിന്താങ്ങി,

'അതെ, സാര്‍ പറയൂ...'

NOVEL, INDRAJITH, PART 30

'പണ്ടൊരു വൈദ്യന്‍ നടക്കാനിറങ്ങി, അല്പം നടന്നപ്പോള്‍ വഴിയരികിലൊരു ചിത കത്തുന്നു. വൈദ്യന് ആശ്ചര്യം അടക്കാനായില്ല, വഴിയില്‍ ഒരു ചിത കത്തുന്ന കണ്ട വൈദ്യന്‍ ആശ്ചര്യപ്പെട്ടു. ഞാനോ എന്‍റെ സഹോദരനോ ഈ വഴിക്ക് വന്നില്ലല്ലോ. പിന്നെ ആരുടെ കൈക്രിയയാണിത്?'

'സാറേ, ഈ കഥയുടെ ഒറിജിനല്‍ ഞാന്‍ പറയാം', അസോസിയേറ്റ് പ്രൊഫസറാണ് പറഞ്ഞത് ,

'ചിതാം പ്രജ്വലിതാം ദൃഷ്ട്വാ
വൈദ്യോ വിസ്മയമാഗതഃ
നാഹം ഗതോ ന മേ ഭ്രാതാ
കസ്യേദം ഹസ്തലാഘവം?'

'അതുശരി, ഇതും ഭര്‍ത്താവില്‍ നിന്ന് തെറിയായി കേട്ടിരുന്നു, അല്ലേ?', അസിസ്റ്റന്‍റ് പ്രൊഫസര്‍ ചോദിച്ചു.

'ഒരര്‍ഥത്തില്‍, ഇപ്പറയുന്നതിലൊക്കെ കാര്യമുണ്ട്, ഉപഭോക്താവിന് ഗ്യാരണ്ടി നല്കാനാവാത്ത തൊഴിലാണല്ലോ ഡോക്ടറുടേത്.' പഴഞ്ചൊല്ലുകളെ ന്യായീകരിക്കാന്‍ അസോസിയേറ്റ് പ്രൊഫസര്‍ ശ്രമിച്ചു.

'ഡോക്ടറും വക്കീലും എത്ര പഠിച്ചാലും പ്രാക്ടീസാണ് ചെയ്യുന്നത്. ഓരോ രോഗിയിലും കക്ഷിയിലും അവര്‍ തൊഴില്‍ പരിശീലിക്കുകയാണെന്ന് പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച വിജയസിംഹന്‍ പറയുന്നത് കേട്ടിട്ടുണ്ട്', പോക്കറും ന്യായീകരണത്തില്‍ പങ്കുചേര്‍ന്നു.

'ഫാറൂഖ് കോളേജിലെ വിജയസിംഹന്‍ സാറല്ലേ? അദ്ദേഹത്തിന്‍റെ തമാശകളെക്കുറിച്ച് പലരും പറഞ്ഞുകേടിട്ടുണ്ട്', അസോസിയേറ്റ് പ്രൊഫസര്‍

'സാര്‍, പഠിപ്പിച്ചത് മറക്കാന്‍ എത്ര ശ്രമിച്ചാലും മറക്കാനാവില്ല'

ചില സാറന്മാര്‍ അങ്ങനെയാണ്'

'അദ്ദേഹം തപാലില്‍ ഹോമിയോ പഠിച്ച് പ്രാക്ടീസ് ചെയ്യുന്ന ആളായിരുന്നുവെന്ന് പറയുന്നത് ശരിയാണോ'

'പല ഹോമിയോക്കഥകളും സാറില്‍ നിന്ന് കേട്ടിട്ടുണ്ട്. മലമ്പനിക്ക് മരുന്നായി ഉപയോഗിച്ചിരുന്ന സിങ്കോണത്തൊലി കഴിച്ച സാമുവല്‍ ഹാനിമാന് പനിയും വിറയലുമൊക്കെ ഉണ്ടായത്രെ. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ ഒരു കൂട്ടം ലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വസ്തുവിന്, സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരു രോഗിയെ ചികിത്സിക്കാൻ കഴിയും എന്ന സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചത് അങ്ങനെയാണ്. നേര്‍പ്പിക്കും തോറും ഔഷധങ്ങളുടെ വീര്യം കൂടുന്നുവെന്ന മറ്റൊരു നിഗമനം കൂടിയുണ്ട്. ഇവ ഉള്‍പ്പെട്ട സ്വന്തം വൈദ്യാസമ്പ്രദായത്തെ അദ്ദേഹം ഹോമിയോപ്പതിയെന്ന് വിളിച്ചു. ജനം അതിനെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു'

'വൈദ്യന്‍ കാലന്‍റെ സഹോദരനായപ്പോള്‍ ജനം ഹോമിയോപ്പതിയുടെ പിന്നാലെ പോയി'

'കാലന്‍റെ സഹോദരനായപ്പോള്‍?'

'അതെ, വൈദ്യരാജ നമസ്തുഭ്യം,
യമരാജസഹോദരം...'

'ഭര്‍ത്താവിന്‍റെ തെറിവിളി, അല്ലേ?'

'ഭര്‍ത്താവ് മാത്രമല്ല, ഭാര്യയും മക്കളും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം കൂടി വൈദ്യനെ തെറിവിളിച്ചു. കാരണം, അസഹനീയമായിരുന്നു അന്നത്തെ സാമ്പ്രദായിക ചികിത്സാരീതികള്‍'

'അയാട്രോഫോബിയയില്‍ നിന്നാണ് ഹോമിയോപ്പതി ഉണ്ടായത് എന്നാണോ?'

'ഹോമിയോപ്പതി മാത്രമല്ല, പ്രകൃതിചികിത്സയും അങ്ങനെയാണ് ജന്മം കൊണ്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ദാർശനികതലത്തിൽ മാത്രമല്ല, ജനങ്ങളുടെ ദൈനംദിനജീവിതത്തിൽ തന്നെ വൈദ്യഭീതി സ്വാധീനം ചെലുത്തിയിരുന്നു. അന്നത്തെ സാമ്പ്രദായികവൈദ്യശാസ്ത്രത്തിന്‍റെ പരിമിതികളായിരുന്നു കാരണം. ചികിത്സയെന്നത് ജനങ്ങൾ ഭയപ്പെടുന്ന ഒന്നായിരുന്നു. പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ ശസ്ത്രക്രിയയെ ദുസ്സഹമാക്കിയിരുന്നു. ശരീരം കീറിമുറിക്കുമ്പോഴുള്ള വേദനയായിരുന്നു. വേദന ശമിപ്പിക്കാനാ ബോധം കെടുത്താനോ ഉള്ള ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലായിരുന്നു. മാത്രമല്ല, രോഗാണുബാധയെയും അത് തടയാനുളള മാർഗങ്ങളയും കുറിച്ച് വ്യക്തമായ അറിവില്ലാതിരുന്നതിനാൽ ശസ്ത്രക്രിയയെ തുടർന്നുള്ള പഴുപ്പ് ഒരു ഭീഷണിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമായ അവയവം തന്നെ നഷ്ടപ്പെടുന്നതിലോ രോഗിയുടെ മരണത്തിൽ തന്നെയോ അത് കലാശിച്ചിരുന്നു. ഗുണദോഷങ്ങൾ പരിശോധിക്കുമ്പോൾ ചികിത്സ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാകുന്ന അവസ്ഥ. ഈയവസ്ഥയില്‍ വൈദ്യനെ കാലന്‍റെ സഹോദരമായി ജനങ്ങള്‍ കണ്ടു. സിരകള്‍ മുറിച്ച് രക്തം കളയുന്നതുപോലുള്ള പരിപാടികള്‍ വൈദ്യനെ കാണുമ്പോള്‍ ജനങ്ങള്‍ ഓടിയൊളിക്കുന്ന അവസ്ഥയിലെത്തിച്ചു. ഈ സാഹചര്യത്തില്‍ ഒരു ബദല്‍ എന്ന പൊതുജനങ്ങളുടെ അഭിലാഷമാണ് ഹോമിയോപ്പതിക്കും പ്രകൃതിചികിത്സയ്ക്കും പ്രചാരമുണ്ടാക്കിയത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലുമായി ജീവിച്ച വിൻസൻറ് പ്രീസ്നിറ്റ്സ് ജലചികിത്സ വികസിപ്പിച്ചു. സിരകള്‍ മുറിക്കില്ല, വേദനയില്ല, പഴുപ്പില്ല, മരണമില്ല, പച്ചവെള്ളം കൊണ്ടുള്ള ചികിത്സ'

'ഹാ എത്രസുന്ദരം!'

'പക്ഷേ സംഗതി പച്ചവെള്ളത്തില്‍ നിന്നില്ല. അമേരിക്കയിൽ ഐസക്ക് ജന്നിങ്സ് ഔഷധ രഹിത ചികിത്സയെന്ന മറ്റൊന്ന് പരീക്ഷിച്ചു. നേരായ ചികിത്സ എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം തന്‍റെ ചികിത്സയെ ഓർത്തോപ്പതിയെന്നു വിളിച്ചു. ഗോതമ്പുഗുളികയും പച്ചവെള്ളവും ഉപയോഗിച്ചുള്ള അദ്ദേഹത്തിന്‍റെ ചികിത്സ പ്ലാസിബോ ഇഫക്ടിന്‍റെ നല്ല ഉദാഹരണങ്ങളായിരുന്നു. സില്‍വെസ്റ്ററാവട്ടെ, പ്രകൃതിദത്തമെന്ന് അദ്ദേഹം കരുതിയ ഭക്ഷണരീതിയിലാണ് കേന്ദ്രീകരിച്ചത്. അമേരിക്കക്കാരനായ റസ്സല്‍ ത്രാളും ഔഷധ രഹിത ചികിത്സാരീതിയുടെ വക്താവായിരുന്നു. മുന്‍ഗാമികളുടെ പല രീതികളും സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു ചികിത്സാ രീതിയുണ്ടാക്കിയ അദ്ദേഹം അതിന് ഹൈജിയോതെറാപ്പിയെന്ന്‍ പേരിട്ടു. ഫാദര്‍ സെബാസ്റ്റ്യന്‍ നീപ്പ് ആവിഷ്കരിച്ച കുളി ചികിത്സ ഒരു തരത്തില്‍ ജലചികിത്സ തന്നെയായിരുന്നു. പ്രകൃതിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യത്തിലൂടെ അഡോള്‍ഫ് ജസ്റ്റ് പ്രകൃതിയെന്ന പദം കൊണ്ടുവന്നു. ലൂയി കൂനിയിലെത്തുമ്പോള്‍ പ്രകൃതി ചികിത്സ കൃത്യമായ സ്വത്വം കൈവരിച്ചു. സാമ്പ്രദായിക വൈദ്യശാസ്ത്രത്തെ ഭയന്ന ജനം ഇതിന്‍റെയൊക്കെ പുറകെ പോയി.'

'പക്ഷേ പിന്നീടുണ്ടായ ഒരുപാട് കണ്ടുപിടിത്തങ്ങള്‍ സിരകള്‍ മുറിക്കുന്നതുപോലുള്ള പല പരിപാടികളും ഉപേക്ഷിക്കാന്‍ സാമ്പ്രദായികവൈദ്യശാസ്ത്രത്തെ പ്രേരിപ്പിച്ചു. അയാട്രോഫോബിയ ഇല്ലാതായി'

'ഇല്ലാതായെന്ന് പറയാനാവുമോ?. ഇന്നലെ ഞാന്‍ പുതിയ സകെയില്‍ അനുസരിച്ചുള്ള പേ ഫിക്സേഷന്‍റെ രേഖകള്‍ ശരിയാക്കാന്‍ കോളേജോഫീസില്‍ പോയതായിരുന്നു. പഴയതുപോലെ മാഡം എന്നാ ഓഫീസ് ജീവനക്കാര്‍ എന്നെ വിളിച്ചതെങ്കിലും പെരുമാറ്റത്തില്‍ എന്തോ വ്യത്യാസം ഫീല്‍ ചെയ്തു' 

'പെരുമാറ്റത്തില്‍ വ്യത്യാസം?'

'അതെ, വ്യത്യാസമുണ്ട്. നമ്മള്‍ ഡോക്ടര്‍മാരല്ലേ? രോഗികളുമായി ഇടപഴകുന്നവര്‍. കൊറോണക്കാലത്ത് അത്തരക്കാരുമായി അകലം പാലിക്കുന്നതാണല്ലോ വിവേകം'

'എന്‍റെ ഓണ്‍ലൈന്‍ ക്ലാസ്സിന് സമയമായി', ഇതുപറഞ്ഞുകൊണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ എഴുന്നേറ്റുപോയി

'ശരിയാണ്, സമയം ഒരുപാടായി. നമുക്ക് പ്രൊജക്ടിന്‍റെ കാര്യം ചര്‍ച്ച ചെയ്യേണ്ടതല്ലേ?', അസോസിയേറ്റ് പ്രൊഫസര്‍ നാട്ടുവര്‍ത്തമാനങ്ങള്‍ക്ക് യവനിക വീഴ്ത്തി.

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25


മൊണാലിസയുടെ കാമുകന്‍ 27



Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Brother of Yama.


Post a Comment

Previous Post Next Post