Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണും കണ്ണും തമ്മിൽ തമ്മിൽ...

Eye comunication#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നോവൽ / അതിജീവനം / അധ്യായം 32

ഇന്ദ്രജിത്ത്

(www.kasargodvartha.com 23.01.2021) അവളുടെ കണ്ണുകൾ എന്താണ് പറയുന്നതെന്ന് പോക്കറിന് മനസ്സിലായിരുന്നു. മിഴികളുടെ ആശയസംവേദനശേഷി ശരിക്കും മനസ്സിലാവുന്നത് ഇപ്പോഴാണ്. കാമ്പസിനകത്ത് അങ്ങാട്ടുമിങ്ങോട്ടും പോകുമ്പോൾ സഹപ്രവർത്തകരെയോ ശിഷ്യരെയോ മറ്റോ കണ്ടാൽ ഒരു ഗുഡ് മോർണിംഗ് പറയുകയാണ് പരിഗണിച്ചെന്ന് വരുത്തുന്നതിന്റെ ഏറ്റവും നല്ല രീതി. തിരക്കുള്ളപ്പോൾ എല്ലാവരും ഒട്ടക്കാരായി മാറും. അതിനിടയിൽ വഴിയിൽ കണ്ടുമുട്ടുന്നവരോട് ഗുഡ് മോർണിംഗ് പറയാൻ പറ്റണമെന്നില്ല. അത്തരത്തിലുളള അവസരങ്ങളിൽ ചെറിയൊരു പുഞ്ചിരി മതിയാകും. പക്ഷേ, ആരോടാണോ ചിരിച്ചത് അവർ ചിരിക്കുന്ന മുഖം കണ്ടങ്കിലല്ലേ കാര്യം നടക്കൂ. മാസ്കാണ് അതിനിടയിൽ തടസ്സമായി നില്ക്കുന്നത്. പല സന്ദർഭങ്ങളിലും മനുഷ്യമനസ്സുകളെയാണ് അത് മാസ്ക് ചെയ്യുന്നതെന്നുതോന്നുന്നു.

മെഡിക്കൽ ഫീൽഡിലുള്ളവർ മാസ്ക് ധരിക്കുന്നത് പ്രധാനമായും സർജറി തിയേറ്ററുകളിലാണ്. അവിടെ ആശയവിനിമയത്തിന് കൈകൾ കൊണ്ടുള്ള ഭാഷയുണ്ട്. കൈ കാണിച്ചാൽ ആവശ്യമായ ഉപകരണം എത്തും. നിത്യജീവിതത്തിൽ മാസ്ക് ധരിക്കേണ്ടിവരുമ്പോൾ ഇതൊന്നും നടക്കില്ലല്ലോ. കൈകൊണ്ട് വിഷ് ചെയ്യാം. പക്ഷേ, പലപ്പോഴും അത് നടക്കണമെന്നില്ല. കണ്ണുകളുടെ ഭാഷയാണ് പിന്നീടുളളത്. കണ്ണുകൾക്ക് നല്ല ആശയസംവേദനശേഷിയുണ്ട്. കൊച്ചുകുട്ടികൾ കണ്ണിലേക്കുനോക്കിയാണ് ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. പക്ഷേ, വലുതാവുമ്പോൾ, ജീവിതത്തിലെ കൃത്രിമങ്ങൾ വർധിക്കുന്നതിനനുസരിച്ച് കാണാനുള്ള അവയവം മാത്രമായി കണ്ണ് മാറുന്നു.

Eye comunication

അവൾ വരുമെന്ന് മൂർത്തി മാഷ് വിളിച്ചുപറഞ്ഞിരുന്നു. മാഷിന്റെ ഭാര്യയുടെ അനുജത്തിയാണ്. ബി എ ലിറ്ററേച്ചറിന് പഠിക്കുന്നു. ചേച്ചിയെ കാണാൻ വന്നതാണ്. പക്ഷേ, ലോക്ക് ഡൗണിൽ കുടുങ്ങി തിരിച്ചുപോകാനായില്ല. മുഖത്തുകണ്ട ഒരു പാട് ഗൗരവമുള്ളതാണോയെന്നറിയാനായി അവൾ വരുന്നുണ്ടെന്ന കാര്യം മൂർത്തിമാഷ് വിളിച്ചുപറഞ്ഞിരുന്നുവെങ്കിലും എപ്പോഴാണ് വരുന്നതെന്നറിഞ്ഞിരുന്നില്ല.

കാഷ്വൽ ഡ്രസ്സിൽ വരാന്തയിലിരിക്കുകയായിരുന്നു പോക്കർ. മാസ്ക് ധരിച്ചിരുന്നില്ല. കണ്ണുകൾ പറയുന്നത് അകത്ത് കയറിക്കോട്ടെ എന്നായിരുന്നുതിനാൽ തന്നെ തൊട്ടടുത്തുള്ള കസേരയിലിരിക്കാൻ ആംഗ്യം കാണിച്ചു. പിന്നീടാണ് കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യം ഓർത്തത്. പുറത്തുള്ളവർ ആരായാലും ഡിസ്റ്റന്സിംഗ് പാലിക്കണമെന്നാണല്ലോ. പക്ഷേ, തൊട്ടടുത്തുള്ള കസേര ഇനി അകലത്തേക്ക് പിടിച്ചിടാനാവില്ല. അതിൽ വന്നിരുന്ന അവൾ പ്രാഥമികമായ കാര്യങ്ങൾ പറഞ്ഞതിനുശേഷം മാസ്ക് വലിച്ചൂരി. പെട്ടെന്നത് ചെയ്യുമെന്ന് പ്രതീക്ഷിച്ചതല്ലായിരുന്നു. കോർണിയൽ റിഫ്ളക്സ് പോലുള്ള ഒരു പ്രതികരണമാണ് അപ്പോൾ പോക്കറിലുണ്ടായത്.

കുഴപ്പമില്ലാത്ത സൗന്ദര്യം അവൾക്കുണ്ടായിരുന്നുവെങ്കിലും അടുത്തിരുന്ന് സ്വന്തം മുഖം പുറകോട്ട് തിരിച്ചു. തൊട്ടടുത്തിരുന്ന് ഒരു സുന്ദരി സ്വന്തം മുഖം അനാവൃതമാക്കുകയെന്നത് ഏത് പുരുഷനും ഇഷ്ടപ്പെടുന്ന കാര്യമാണ്. പക്ഷേ, മനുഷ്യസാമിപ്യം ഭയക്കുന്ന ആന്ത്രോഫോബിയയിൽ സുന്ദരിയെന്നത് പരിഗണിക്കപ്പെടേണ്ട വിഷയമല്ലല്ലോ.

മുഖത്തുള്ള പാട് ഭയപ്പെടേണ്ട ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോയെന്നാണ് അവൾക്കറിയേണ്ടിയിരുന്നത്. ചെറുപ്പക്കാരായ സ്ത്രീകൾ മുഖത്തുണ്ടാവുന്ന പാടുകളെ ഭയക്കുക സ്വാഭാവികമാണ്. പ്രത്യേകിച്ച്, അത്യാവശ്യം സുന്ദരിയായിരിക്കുമ്പോൾ. സൗന്ദര്യത്തിന് പെട്ടെന്ന് കോട്ടം തട്ടുന്ന തരത്തിലുള്ള അസുഖങ്ങളെ ഇത്തരക്കാർ ഭയക്കുക സ്വാഭാവികമാണ്.

തൊട്ടടുത്ത് ഒരു ഡോക്ടർ താമസിക്കുമ്പോൾ സംശയനിവൃത്തി വരുത്തുന്നതാണ് ബുദ്ധി. ഇതിൽ സ്പഷ്യാലിറ്റിയൊന്നും ഒരു പ്രശ്നമല്ല. ഏത് കാര്യവും ആദ്യം കാണിക്കുക, തൊട്ടടുത്ത് താമസിക്കുന്ന ഡോക്ടറെയായിരിക്കും. പിറ്റീരിയാസിസ് ആയുരുന്നു അവളുടെ മുഖത്ത് പാടുണ്ടാക്കിയത്. ചെറിയൊരു ഫംഗസ് ബാധ, പേടിക്കേണ്ടതില്ല. ഫിസിഷ്യന്‍സ് സാമ്പിള്‍ ആയി കിട്ടിയ ഒരു ഒയിന്‍മെന്‍റ് കൊടുത്തു. വലിയ പ്രശ്നമൊന്നുമില്ലെന്ന സമാധാനത്തോടെ അവള്‍ തിരിച്ചുപോയി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്റെന്‍ ആയിരുന്ന കാലം മുതല്‍ ആവര്‍ത്തിക്കുന്നു. കാലവും ദേശവും ഇന്നതായിരിക്കണമെന്നില്ല. പലയിടത്തും പല നേരത്തും ഇത് സംഭവിച്ചുകൊണ്ടേയിരുന്നു. നാട്ടില്‍ ഓരോ പ്രാവശ്യം പോകുംമ്പോഴും ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള ഒരു സംശയം തീര്‍ക്കാനുണ്ടായിരിക്കും. സുള്ള്യ കേവീജിയിലെ കാന്‍റീന്‍ ജീവനക്കാരി, പരിയാരത്തെ ക്വാര്‍ട്ടേഴ്സിലെ തൂപ്പുകാരി... എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേ ചോദ്യമാണ്.

'എന്‍റെ ദേഹത്തുള്ള ഈ പാട് പേടിക്കേണ്ടതാണോ?'

എഡ്വേർഡിനോട് സാറ ചോദിച്ച അതേ ചോദ്യം. പേടിക്കെണ്ടതില്ലെന്ന മറുപടി കേട്ട് സാറ പടിയിറങ്ങിയതായിരുന്നു. അല്പം കഴിഞ്ഞപ്പോഴാണ് എഡ്വേര്‍ഡിന്‍റെ മനസ്സില്‍ അങ്ങനെയൊരു സൂത്രം നാമ്പിട്ടത്. അവളെ തിരിച്ചുവിളിച്ചു. ഇന്നാണെങ്കില്‍ എത്തിക്സിന്‍റെ നൂലാമാലകളില്‍ കുടുങ്ങുമായിരുന്ന സംഭവം. കഥയ്ക്ക് വഴിത്തിരിവുണ്ടാക്കിയത് ആ സംഭവമാണ്.

സ്റ്റീഫൻ ജെന്നറുടെ ഒമ്പത് മക്കളില്‍ എട്ടാമാനായിരുന്നു എഡ്വേര്‍ഡ്. അച്ഛന്‍ മകന് നല്ല വിദ്യാഭ്യാസമാണ് നല്കിയത്. കാതറിൻ ലേഡി ബെർക്ക്‌ലി സ്‌കൂള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചുക്കാനുള്ള ഭാഗ്യം അങ്ങനെ എഡ്വേര്‍ഡിനുണ്ടായി. പതിനാലാമത്തെ വയസ്സിൽ, സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ചിപ്പിംഗ് സോഡ്ബറിയിലെ ശസ്ത്രക്രിയാ വിദഗ്ധനായ ഡാനിയൽ ലുഡ്‌ലോയുടെ കീഴില്‍ ഏഴുവർഷം പരിശീലനം നേടി. അങ്ങനെ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനാകാനുള്ള പരിചയം സമ്പാദിച്ചു.

ഇരുപത്തിയൊന്ന് വയസ്സായപ്പോള്‍ ശസ്ത്രക്രിയാ വിദഗ്ധനായ ജോൺ ഹണ്ടറിന്‍റെ കീഴില്‍ ശസ്ത്രക്രിയയിലും ശരീരഘടനയിലും പരിശീലനം നേടി. പിന്നീട് ജന്മനാട്ടിലേക്ക് മടങ്ങിയ എഡ്വേര്‍ഡ് ബെർക്ക്‌ലിയില്‍ പ്രാക്ടീസാരംഭിച്ചു; കുടുംബഡോക്ടറും സർജനുമായി പേരെടുത്തു.

എന്തിനാണ് ഡോക്ടർ തന്നെ തിരിച്ചുവിളിക്കുന്നതെന്ന് സാറയ്ക്ക് പെട്ടെന്ന് മനസ്സിലായില്ല. ഉള്ളിൽ ചെറിയൊരു ഭയമുണ്ട്. ഗോവസൂരിയാണ്, പേടിക്കേണ്ടതില്ല എന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. ക്ലിനിക്കിൽ നിന്ന് തിരിച്ചുപോക്കുമ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു. പശുവുമായി ഇടപഴകുന്നവർക്കുണ്ടാകുന്ന അത്ര ഗുരുതരമല്ലാത്ത അസുഖമാണ് ഗോവസൂരി. തന്നോട് അസുഖം അതാണെന്ന് പറഞ്ഞതിനുശേഷം ഡോക്ടർ കൂടുതൽ ചിന്തിച്ചുകാണുമോ?

പുസ്തകങ്ങൾ മറിച്ചുനോക്കിയിട്ടുണ്ടാക്കുമോ. തന്റെ അസുഖം ഗോവസൂരിയല്ലെന്നും സാക്ഷാൽ വസൂരി ആണെന്നും പറയാനാവുമോ വിളിക്കുന്നത്. അവർ രണ്ടുപേരും മുമ്പും കണ്ടുമുട്ടിയിട്ടുണ്ട്. സ്ഥലത്തെ പേരുകേട്ട ഡോക്ടറാണ് എഡ്വേർഡെങ്കിൽ സാറാ നെൽമെസ് പാൽക്കാരിയാണ്. രാവിലെ ക്ലിനിക്കിലേക്ക് വരുമ്പോൾ പലപ്പോഴും എഡ്വേർഡ് സാറയെ കാണാറുണ്ട്. സാമാന്യം സൗന്ദര്യമുണ്ട്. പശുക്കളുടെ തോഴിയാണ്. എഡ്വേർഡിന്റെ വിളി കേട്ട സാറ ഭവ്യതയോടെ മുമ്പിൽ വന്നുനിന്നു. അതൊരു മെയ് മാസമായിരുന്നു. ബ്രിട്ടനിൽ സ്പ്രിങ്, സമ്മറിന് വഴിമാറുന്ന സന്ദർഭം.

എഡ്വേർഡ് സാറയുടെ ശരീരത്തിലൊന്ന് തൊട്ടു. അതും അടയാളമുള്ള ഭാഗത്തിന് തൊട്ടടുത്ത്. ഡോക്ടറുടെ കൈ തന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ സാറയുടെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമുണ്ടായി. ഒരു പുരുഷനാണ് തൊട്ടത് എന്നതിനപ്പുറം മറ്റെന്തൊക്കെയോ അതിലുണ്ടായിരുന്നു. ആളുകൾ അകറ്റിനിറുത്തുന്നവരാണ് വസൂരി രോഗികൾ. എന്നാൽ ഡോക്ടർ തന്നെ തൊടുന്നു. അതിനർത്ഥം തനിക്ക് വസൂരി ഇല്ലെന്നാവുമോ? അങ്ങനെ ആയാൽ മതിയായിരുന്നു.

'ഈ ബ്ലിസ്റ്ററിൽ നിന്ന് ഞാനല്പം ദ്രാവകം എടുക്കട്ടെ,'

ഇത് പറഞ്ഞുകൊണ്ട് എഡ്വേർഡ് തന്റെ ഉപകരണപ്പെട്ടി തുറന്നു. സാറ മറുത്തതൊന്നും പറഞ്ഞില്ല. മല പോലെ വന്ന ഭയം മഞ്ഞുപോലെ ഉരുകിപ്പോയ സന്തോഷത്തോടെ അവൾ തിരിച്ചുപോയി. തന്റെ തോട്ടം തൊഴിലാളിയുടെ എട്ടുവയസ്സുള്ള മകൻ ജെയിംസ് ഫിപ്സിനെ അടുത്തുവിളിച്ച എഡ്വേർഡ് അവന്റെ ഒരു കൈയിൽ കുറച്ച് പോറലുകളുണ്ടാക്കി സാറയുടെ ബ്ലിസ്റ്ററിൽ നിന്നെടുത്ത ദ്രാവകം അവിടെ നിക്ഷേപിച്ചു. കുട്ടിയെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ദ്രാവകം നിക്ഷേപിച്ച ഭാഗത്ത് ബ്ലിസ്റ്റർ ഉണ്ടാവുകയും കൗപോക്സിന്റെ ലക്ഷണം കാണിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം സുഖമായി. മെയ് പതിനാലിനായിരുന്നു കുട്ടിയിൽ കൗ പോക്സിന്റെ ബ്ലിസ്റ്ററിൽ നിന്നെടുത്ത ദ്രാവകം നിക്ഷേപിച്ചത്. ജൂലൈ ഒന്നിന് കുട്ടിക്ക് വീണ്ടും കുത്തിവയ്പ് നൽകി. ഇത്തവണ സാക്ഷാൽ വസൂരിയുടെ ബ്ലിസ്റ്ററിൽ നിന്നെടുത്ത ദ്രാവകമാണ് ഉപയോഗിച്ചത്. ഒരു രോഗവും ഉണ്ടായില്ല.

വസൂരിയായിരുന്നു അക്കാലത്തെ പ്രധാനപ്പെട്ട മഹാമാരി. ഇംഗ്ലീഷുകാരനായ എഡ്വേർഡ് പല തരത്തിലുള്ള കഥകളാണ് അതിനെക്കുറിച്ച് കേട്ടത്. പക്ഷേ, ഒന്നും പൂര്‍ണമായി വിശ്വസിക്കാനാവില്ല. ഒരു ഡോക്ടറെന്ന നിലയില്‍ ആ മഹാമാരിയെ തുരത്തുന്നതിൽ താത്പര്യമുണ്ടെങ്കിലും.

ലോകം കൈപ്പിടിയിലൊതുക്കാനായി ശ്രമത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മത്സരിച്ചകൊണ്ടിരുന്ന കാലം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ എഡ്വേര്‍ഡിന്‍റെ ജന്മനാടായ ബ്രിട്ടന്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പല തരത്തിലുള്ള വൈദ്യസമ്പ്രദായങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളും അല്ലാത്തവയും ആയ ആഫ്രോ- ഏഷ്യന്‍ നാടുകളില്‍ പ്രചാരത്തിലുണ്ടായിരുന്നത്. പലതും ചെറിയ ചില ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങിനിന്നവയും വാ മൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടവയും ആയിരുന്നു. എന്നാല്‍ അങ്ങനെയല്ലാതെ കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിച്ചവയും ലിഖിതപാരമ്പര്യങ്ങളോടുകൂടിയവയും ഉണ്ടായിരുന്നു. കൂടുതലും അറബിയിലുള്ള ഗ്രന്ഥങ്ങളുപയോഗിച്ചിരുന്നതും ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ നിലനിന്നിരുന്ന ഒന്നായിരുന്നു യുനാനി തിബ്ബ്. ചൈനീസ് നാട്ടുവൈദ്യത്തിന് ചൈനയ്ക്കുപുറത്ത് ചൈനക്കാര്‍ കുടിയേറിയ ദക്ഷിനപൂര്‍വേഷ്യന്‍ നാടുകളിലും നല്ല വ്യാപ്തിയു വേരോട്ട മുണ്ടായിരുന്നു. ഈ രണ്ട് വൈദ്യസമ്പ്രദായങ്ങളും നിലനിന്നിരുന്ന പ്രദേശങ്ങളില്‍ വസൂരിയെ പ്രതിരോധിക്കാനുള്ള ചില ഉപായങ്ങള്‍ നിലനിന്നിരുന്നു. വസൂരി പിടിപെട്ടയാളുടെ ബ്ലിസ്റ്ററിലെ നീരോ വ്രണത്തിന്‍റെ പൊറ്റകളോ മറ്റുള്ള അവശിഷ്ടങ്ങളോ രോഗം പിടിപെടാത്തയാളുടെ തൊലിയില്‍ ചെറിയ മുറിവുണ്ടാക്കി അതില്‍ നിക്ഷേപിച്ച് ചെറിയ തോതില്‍ ശക്തി കുറഞ്ഞ രീതിയിലുള്ള വസൂരി വരുത്തി രോഗപ്രതിരോധമുണ്ടാക്കുന്നതാണ് അത്തരം രീതികളിൽ പ്രധാനപ്പെട്ടത്. അറബിയിലുള്ള ഗ്രന്ഥങ്ങളോടുകൂടിയെ യുനാനി തിബ്ബിന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സുഡാനിലും വടക്കേ അറ്റമായ തുര്‍ക്കിയിലും തെക്കുകിഴക്കേ അറ്റമായ ഇന്ത്യയിലും ഇത് വ്യാപകമായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ അടിമകളിലൂടെ യൂറോപ്യന്മാര്‍ക്കും ഇതിനെക്കുറിച്ചറിയാമായിരുന്നു. ഇന്ത്യയിലെ സംസ്കൃതത്തില്‍ രചിക്കപ്പെട്ട ആയുര്‍വേദഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശം കാര്യമായി ഇല്ലായിരുന്നു. ചെറിയ തോതില്‍ വസൂരി വന്നവരുടെ വ്രണാവശിഷ്ടങ്ങൾ മൂക്കില്‍ ഊതിക്കയറ്റുന്ന രീതിയാണ് ചൈനയിലുണ്ടായിരുന്നത്.

പശുവിനെ വളർത്തുക, പാൽ കറക്കുക തുടങ്ങിയ ജോലികളിലേർപ്പെടുന്നവർക്ക് വസൂരി രോഗം പിടിപെടുന്നത് കുറവാണെന്ന് ബ്രിട്ടനിൽ പൊതുവെ സംസാരമുണ്ടായിരുന്നു . പശുക്കൾക്ക് പിടിപെടുന്ന ഗോവസൂരി (കൗ പോക്സ്) ക്ക് ഇത്തരം ജോലിയെടുക്കുന്നവരിൽ മിക്കവരും വശംവദരായിരിക്കുമെന്നതിനാൽ അതും വസൂരി പിടിപെടാതിരിക്കുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം എഡ്വേർഡിനുണ്ടായിരുന്നു.

അങ്ങനെ മാനവചരിത്രത്തിലെ ആദ്യത്തെ വാക്സിൻ പരീക്ഷണം വിജയകരമായി പര്യവസാനിച്ചു. താമസിയാതെ, യൂറോപ്പിലുടനീളമുള്ള ഡോക്ടർമാർ എഡ്വേർഡ് ജെന്നറുടെ നൂതനസാങ്കേതികത സ്വീകരിച്ചു. രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

'നിങ്ങളിപ്പോഴും വരാന്തയിൽ തന്നെയുണ്ട്, അല്ലേ?'

അബായയും നിഖാബ്മൊക്കെയണിഞ്ഞുകൊണ്ട് ഷോപ്പിങ്ങിനിറങ്ങിയ ഭാര്യ തിരിച്ചുവന്നിരിക്കുന്നു.

'ഞാൻ അതിനിടയിൽ മാസ്‌കണിയാതെ രണ്ട് നൂറ്റാണ്ടുമുമ്പത്തെ ഗ്രെയ്റ്റ് ബ്രിട്ടനിൽ പോയിവന്നു.

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25


മൊണാലിസയുടെ കാമുകന്‍ 27





Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Eye comunication.


Post a Comment