Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍ക്കോട്ടുകാരന്‍റെ റൂട്ട്മാപ്പ്

Route map of Kasargodian#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നോവല്‍ / അതിജീവനം / അധ്യായം 29

ഇന്ദ്രജിത്ത്

(www.kasargodvartha.com 02.01.2021) 'ആളുകള്‍ മരിക്കും. പട്ടിണി മരണങ്ങളായിരിക്കും കൂടുതല്‍; കൊറോണ ഡെത്തല്ല'

ഫിറോസാണ്. മാനേജ്മെന്‍റ് വിദഗ്ധനാണ്. ഫാറൂഖ് കോളേജ് ഹോസ്റ്റല്‍മേറ്റായിരുന്നു. പ്രീഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പ്, ബി കോം, എം ബി എ, പി എച് ഡി, പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷണങ്ങള്‍... ഉയര്‍ച്ചയുടെ പടവുകളാണവന്‍ ചവിട്ടിക്കയറിയത്. പ്രൊഫസറും വകുപ്പുമേധാവിയുമൊക്കെയായി അധ്യാപന-ഗവേഷണങ്ങളിലൂടെ കടന്നുപോകുന്നു. ഇടയ്ക്കൊക്കെ പ്രിന്‍സിപ്പലിന്‍റെ ചാര്‍ജുമുണ്ടാകും. അതുകൊണ്ടുതന്നെ മാനേജ് ചെയ്യുക എന്ന കലയുടെ ആശാനും ലോക്ക്ഡൗണിന് പ്രാധാന്യം നല്കാതിരുന്ന ട്രമ്പിന്‍റെ നിലപാടിനെ ശരിവെക്കുന്നയാളുമാണ്. 

'അതാണ്‌ കൊറോണ വൈറസിന്‍റെ കഴിവ്. ഒരു കൊലപാതകം നടത്തി അതിന്റെ ഉത്തരവാദിത്തം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുന്നയാളെപ്പോലെ'

'എങ്കിലും ആ പാവം വൈറസ്സിനെ കുറ്റവിമുക്തമാക്കാന്‍ പറ്റില്ല, അല്ലേ?'

'ഈയിടെയുണ്ടായ പല മഹാമാരികളും അങ്ങനെയാണ്. എയ്ഡ്സ് രോഗികളില്‍ പലരും മരിച്ചത് ക്ഷയം പോലുള്ള മറ്റുള്ള അസുഖങ്ങള്‍ വന്നാണ്. കൊറോണയെ സംബന്ധിച്ചിടത്തോളം കൊമോര്‍ബിഡിറ്റി പ്രധാനമാണ്'

'സാമൂഹികമായ മോര്‍ബിഡിറ്റികളും പ്രധാനമാണ്. തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ എത്താതിരുന്നാല്‍, ഉത്പാദനം നടക്കാതിരുന്നാല്‍, കമോഡിറ്റിയുടെ സുഗമമായ പ്രവാഹം തടസ്സപ്പെട്ടാല്‍ സാമൂഹികജീവിതം വാതംപിടിച്ചു കിടക്കും. അതാണ് നടക്കാന്‍ പോകുന്നത്.'

ഫിറോസ്‌ പറയുന്നതില്‍ കാര്യമുണ്ടെന്ന് പോക്കറിനും തോന്നി. ഹോമോ സാപ്പിയന്‍സ് എന്ന സ്പീഷീസ് നേടിയതിനെയെല്ലാം ഒറ്റയടിക്ക് നിശ്ചലമാക്കാന്‍ ഒരു ജീവിയെന്നുപോലും പറയാനാവാത്ത ആ വൈറസ്സിന് സാധിച്ചു. ഇന്‍റര്‍സ്റ്റേറ്റ് അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ കെട്ടിക്കിടക്കുന്ന ചരക്കുവണ്ടികളുടെ ഫോട്ടോയാണ് പത്രങ്ങളിലെല്ലാം. മനുഷ്യശരീരത്തിനുമാത്രമല്ല, സമൂഹശരീരത്തിനും അനാട്ടമിയും ഫിസിയോളജിയുമുണ്ട്. 

പെട്ടെന്നോര്‍മ്മയില്‍ വന്നത് പപ്പുസാറിന്‍റെ അനാട്ടമി ക്ലാസ്സാണ്. പോര്‍ട്ട ഹെപ്പാറ്റിക്ക, പോര്‍ട്ടല്‍ സര്‍ക്കുലേഷന്‍ തുടങ്ങിയവ സാറിന്‍റെ ക്ലാസ്സിലിരുന്നയാള്‍ക്ക് മറക്കാന്‍ ശ്രമിച്ചാലും മറക്കാനാവില്ല. അത്രയ്ക്ക് കൃത്യമായ ഉപമകളാണ്. ഇവ കണ്ടെത്തിയത് മനുഷ്യന്‍ കപ്പല്‍ കണ്ടെത്തിയതിനു ശേഷമായത് ഭാഗ്യം. അല്ലെങ്കില്‍ പപ്പുസാറിന് ഈ രീതിയില്‍ വിവരിക്കാനും വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനും ആവില്ലായിരുന്നുവല്ലോ. ലിവര്‍ പോലുള്ള ചില അവയവങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ശരീരത്തിന്‍റെ തുറമുഖങ്ങളാണ്. ശരീരത്തിലായാലും സമൂഹത്തിലായാലും ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രധാനമാണ്. സാമൂഹികജീവിതത്തില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന പദങ്ങള്‍ തന്നെയാണ് സയന്‍സില്‍ പുതുതായി കണ്ടെത്തുന്നവയ്ക്കും പേരുകളായി ഉപയോഗിക്കുന്നത്. കൊറോണറി സര്‍ക്കുലേഷന്‍ മുതല്‍ കൊറോണ വൈറസ്സുവരെയുള്ള പേരുകളില്‍ രാജഭരണത്തിന്‍റെ ഓര്‍മ്മകളുണ്ട്.

ഫിറോസുമായുള്ള സംഭാഷണം തുടര്‍ന്നു. അവന്‍ പറയുന്ന കാര്യങ്ങളും പോക്കര്‍ അവ മനസ്സില്‍ ദൃശ്യവത്കരിക്കുന്ന രീതിയും തമ്മിലുള്ള ബന്ധം മനുഷ്യന്‍റെ അറിവിന്‍റെ പരിമിതിയാവാം. സ്പെഷ്യലൈസേഷന്റെയും സുപ്പര്‍ സ്പെഷ്യലൈസേഷന്റെയും കാലത്ത് ഓരോ ആളും സ്വന്തം തുരുത്തിലാണ് ജീവിക്കുന്നതെന്ന് പോക്കറിന് തോന്നി. ആ തുരുത്തുകള്‍ക്കിടയില്‍ പാലങ്ങള്‍ ആവശ്യമാണ്‌. 
 

ഫോണ്‍ കോളിനിടയില്‍ ചെറിയ കീ കീ ശബ്ദം; ഓസ്കള്‍ട്ടെഷനിടയിലെ മര്മാര്‍ ശബ്ദം പോലെ പ്രധാനമാണ് ടെലഫോണ്‍ സംഭാഷണത്തിനിടയിലെ കീ കീ ശബ്ദം. മര്‍മര്‍ ശബ്ദം വിരല്‍ ചൂണ്ടുന്നത് അടിയന്തിര ശ്രദ്ധ പതിയേണ്ട ഏതെങ്കിലും ഹൃദ്രോഗം രോഗിക്കുണ്ടെന്നതാവാം. അതുപോലെ ഫോണില്‍ ആരോടെങ്കിലും അലസമായി നാട്ടുവര്‍ത്തമാനം പറയുന്നതിനിടയില്‍ കീ കീ ശബ്ദം ഉണ്ടാവുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. സീരിയസ്സായ ഏതെങ്കിലും കാര്യം അറിയിക്കാനായി ആരെങ്കിലും വിളിക്കുന്നതാവാം. ഫിറോസിനോട്‌ പിന്നീട് വിളിക്കാമെന്നുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് പുതിയ കാള്‍ അറ്റന്‍റ് ചെയ്തു.

'ഒരു അനാസ്റ്റമോസിസിന്‍റെ കാര്യം അന്വേഷിക്കാനാണ് ഞാന്‍ ഡോക്ടറെ വിളിച്ചത്.'
കാസര്‍ക്കോട്ടുനിന്ന് സുഭാഷ് അഗ്ഗിത്തായ ആണ് വിളിക്കുന്നത്. സര്‍ജനാണ്. സര്‍ജറിയില്‍ ബിരുദതലത്തിലുള്ള വിവരം മാത്രമുള്ള തന്നോട് അനാസ്റ്റമോസിസിനെക്കുറിച്ച് സര്‍ജന്‍ എന്തന്വേഷിക്കാനാണ്? എപ്പോഴും അവന്‍റെ സംസാരത്തിലെ കാര്യവും കളിയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പീജിക്ക് ചേരുന്നതിനും സര്‍ജനാകുന്നതിനുമൊക്കെ മുമ്പ് സുള്ളിയ കേവീജിയില്‍ അനാട്ടമി ലക്ചററായിരുന്നു. പ്രൈവറ്റ് കോളേജാണ്. ബിരുദധാരികളായ ലക്ചറര്‍മാരെ അവര്‍ക്ക് കൊടുക്കുന്ന ശമ്പളത്തിനനുസരിച്ച് പരമാവധി പിഴിഞ്ഞ് പണിയെടുപ്പിക്കും. അനാട്ടമിയിലാണ് അപ്പോയിന്‍റ്മെന്‍റെങ്കിലും ഫിസിയോളജിയും പഠിപ്പിക്കേണ്ടിവരും. പ്രൊഫസര്‍, എച് ഓ ഡി തസ്തികകളിലൊക്കെ വലിയ വലിയ കോളേജുകളില്‍ നിന്ന് റിട്ടയര്‍ ചെയ്തവരായിരിക്കും. അവര്‍ എല്ലാ ദിവസവും വരണമെന്നില്ല. പണിയെല്ലാം ലക്ചറര്‍മാരുടെ തലയിലാണ്. കൗണ്‍സില്‍ വിസിറ്റിംഗ് ഉള്ള ദിവസം മാത്രമായിരിക്കും എല്ലാ എച്ചോഡിമാരും ഒന്നിച്ച് കോളേജിലുണ്ടാവുക. പീജി എന്‍ട്രന്‍സ് എഴുതാനായി പുസ്തകങ്ങളുമായുള്ള ബന്ധം പുതുക്കുകയെന്ന ലക്ഷ്യമാണ് ജൂനിയര്‍മാരായ ലക്ചറര്‍മാര്‍ക്കുള്ളത് എന്നതിനാല്‍ തന്നെ അധികാരികളോട് ഒരു വാക്കും മറുത്തുപറയാതെ ഏല്പിച്ച വിഷയങ്ങളെല്ലാം ഉറക്കമൊഴിച്ച് പ്രിപ്പയര്‍ ചെയ്ത് പഠിപ്പിക്കും

'എന്‍റെ മോള്‍ മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ഫസ്റ്റ് എംബി എക്സാം കഴിഞ്ഞുള്ള ചെറിയ വെക്കേഷനില്‍ നാട്ടിലേക്ക് വരാന്‍ നില്ക്കുകയായിരുന്നു.അതിനിടയിലാണ് കൊറോണ പ്രശ്നം രൂക്ഷമായത്. കര്‍ണാടകയില്‍ കാസർക്കോട്ടേക്കുള്ള വഴികളെല്ലാം മണ്ണിട്ട് മൂടിയിരിക്കുകയാണ്. ഇരിട്ടി, വയനാട് തുടങ്ങിയ വഴികളുടെ അവസ്ഥ നിനക്കറിയുമോ?'

'ഇതിപ്പോള്‍ നീണ്ട വഴികളാണല്ലോ അന്വേഷിക്കുന്നത്. അനാസ്റ്റമോസിസ് എന്നാല്‍ ഒരര്‍ത്ഥത്തില്‍ കുറുക്കുവഴിയല്ലേ'

'അസാധാരണമായ വഴിയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് കൂട്ടിക്കോളൂ; എന്‍റെ ആവശ്യം ഏത് വഴ്യിലൂടെയാണെങ്കിലും മോളെ നാട്ടിലേക്ക് കൊണ്ടുവരികയാണ്.'

'ഇത്തരം കാര്യങ്ങള്‍ എന്‍റെ ജ്ഞാനമണ്ഡലത്തിന് പുറത്താണെന്നറിയാമല്ലോ'



'സ്വപ്ന ജീവിയായ നീ സ്വന്തമായി വണ്ടിയോടിച്ച് ദൂരയാത്രകള്‍ ചെയ്യില്ലെന്നറിയാം; എങ്കിലും കാസര്‍ക്കോട് ജില്ലയുടെ പുറത്ത് താമസിക്കുന്ന ഒരാളെന്ന നിലയില്‍ ചോദിച്ചതാണ്.'

'സ്വപ്നജീവിയാതിനാലാണല്ലോ നിന്നെപ്പോലെ സര്‍ജന്‍ ആവാതിരുന്നത്'

NOVEL, INDRAJITH 29


യാത്ര ഹരമാണ് പോക്കറിന്; അതുകൊണ്ടുതന്നെ റിസ്കെടുത്തുള്ള യാത്രയ്ക്ക് തയാറല്ല. വഴിയില്‍ എന്തെകിലും കാഴ്ച കണ്ടാല്‍ പിന്നെ മനസ്സ് അതിന്‍റെ പുറകെ സഞ്ചരിക്കും. അത്തരക്കാര്‍ക്ക് നല്ല ഡ്രൈവറും സര്‍ജനും ആവാന്‍ പറ്റില്ലല്ലോ.

നല്ല സര്‍ജനാണ് സുഭാഷ് അഗ്ഗിത്തായ. ചെയ്യന്ന ഓരോ ഓപ്പറേഷന്‍റെയും ഇന്‍ഡിക്കേഷനും കോംപ്ലിക്കേഷനും പ്രോഗ്നോസിസുമൊക്കെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആവശ്യത്തിനനുസരിച്ച് പറഞ്ഞുകൊടുക്കും. തുളുവാണ് മാതൃഭാഷയെങ്കിലും മലയാളവും കന്നഡയുമൊക്കെ നന്നായി സംസാരിക്കും. സുള്ള്യ കേവിജിയിലായിരുന്ന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപനായിരുന്നു. നെമോണിക്സ്‌ വെച്ചാണ് കുട്ടികളെ പഠിപ്പിക്കുക. അതും ഒരാള്‍ ഒരിക്കല്‍ കേട്ടാല്‍ പിന്നീടൊരിക്കലും മറക്കാത്ത തരത്തിലുള്ള. സാധാരഗതിയില്‍ ലൈംഗികച്ചുവയുള്ള വാക്യങ്ങള്‍ മാത്രമേ ആളുകള്‍ അത്തരത്തില്‍ ഓര്‍ത്തുവെക്കാറുള്ളൂ. 

ഓ റ്റു ടച്ച് ആന്‍റ് ഫീല്‍ എ ഗേള്‍സ്‌ വജൈന ആഹാ.... എന്ന ഉപയോഗിച്ച് പഠിച്ചയാള്‍ ഓള്‍ഫാക്ടറി, ഓപ്റ്റിക്, ഓക്യുലോമോട്ടോര്‍, ട്രോക്ലിയാര്‍ തുടങ്ങി ഹൈപ്പോഗ്ലോസ്സല്‍ വരെയുള്ള പന്ത്രണ്ട് ശിരോനാഡികള്‍ ക്രമത്തില്‍ ഓര്‍ത്തിരിക്കും. മെന്‍സ് ഹോസ്റ്റലില്‍ കംബൈന്‍ഡ് സ്റ്റഡിക്ക് ഈ വാക്യം കൊള്ളാം. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികുട്ടികളും ഒന്നിച്ചിരിക്കുന്ന ക്ലാസ്സില്‍ പറയാനാവില്ലല്ലോ. സുഭാഷ് ഉണ്ടാക്കുന്ന നെമോനിക്സ് ആവട്ടെ ഇത്തരം വൈകല്യങ്ങളില്‍ നിന്നൊക്കെ മുക്തമാണ്. ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ടെങ്കിലും ഒന്നിച്ച് യാത്ര ചെയ്ത അനുഭവം ഒന്നേയുള്ളൂ. അതാവട്ടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.
ഒരു റിലീസ് പടം കാണാന്‍ സുള്ള്യയില്‍ നിന്ന് പുത്തൂര്‍ വഴി കര്‍ണാടകക്കാരുടെ സ്വന്തം കെ എസ് ആര്‍ ടി സി ആയ കരനാകട്ന സ്റെട്റ്റ് റോഡ്‌ ട്രാന്‍സ്പോര്‍ത്റ്റ് കൊര്‍പ്പരെശന്റെ സുപ്പര്‍ ഫാസ്റ്റ് ബസ്സില്‍ മംഗലാപുരത്തേക്കുള്ള യാത്ര. തനിക്കും സുഭാഷിനും പുറമെ കേവീജി മാനേജ്മെന്‍റിനുകീഴിലെ എന്ജിനീയറിംഗ് കോളേജിലെ അധ്യാപകനായ ആന്ധ്രയില്‍ നിന്നുള്ള സതീഷ്‌ റെഡ്ഡി, ആയുര്‍വേദ കോളേജിലെ മലയാളിയായ അധ്യാപകന്‍ വിഷ്ണു നമ്പൂതിരി എന്നിവരും കൂടെയുണ്ട്.

'വില്യം ഹാര്‍വി സുപ്പര്‍ ഫാസ്റ്റ് ബസിലാണ് സഞ്ചരിക്കാറ്. എന്നാല്‍ മാര്‍സെലോ മാല്‍പീഗി യാത്ര ചെയ്തിരുന്നത് ബൈക്കിലായിരുന്നു.'

പുത്തൂര്‍ പിന്നിട്ടപ്പോള്‍ ഒരു വെളിപാടുകണക്കെ സുഭാഷ് അഗ്ഗിത്തായ പറഞ്ഞുതുടങ്ങി. പ്രസ്താവന കേട്ട് എല്ലാവരും മിഴിച്ചുനിന്നു. എല്ലാവരും മിഴിച്ചുനിന്നു. അവസാനം സുഭാഷ് തന്നെ കാര്യം വിശദീകരിച്ചു.


'ബ്ലഡ് സര്‍ക്കുലേഷന്‍ കണ്ടുപിടിച്ചത് വില്യം ഹാര്‍വിയാണ്. പക്ഷേ അദ്ദേഹത്തിന് ക്യാപില്ലറികളെക്കുറിച്ചറിയില്ലായിരുന്നു. സുപ്പര്‍ ഫാസ്റ്റ് ബസ്സില്‍ സഞ്ചരിക്കുന്നയാള്‍ക്ക് ഇടവഴികളെക്കുറിച്ചറിയില്ലല്ലോ. അല്പം ബൈക്ക് യാത്രക്കാരനായ മാര്‍സെലോ മാല്‍പീഗി, രക്തചംക്രമണത്തിലെ ഊടുവഴികളായ ക്യാപില്ലറികള്‍ കണ്ടുപിടിച്ചു'.

'അപ്പോള്‍ ഈ ഹൈവേ ആര്‍ട്ടറിയോ വെയിനോ ആണ്, അല്ലേ?' ചോദിച്ചത് പോക്കറാണ്; മറുപടി വന്നത് വിഷ്ണുനമ്പൂതിരിയില്‍ നിന്നും,

'ആര്‍ട്ടറിയല്ല; വെയിനാണ് ഈ ഹൈവേ'

'എന്താ കാരണം'

'സ്മൂത്തായ യാത്ര. കുണ്ടും കുഴിയുമില്ലാത്ത റോഡ്. ധ്മാനാത് ധമന്യ: എന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നുവെച്ചാല്‍ മുഴക്കമുണ്ടാക്കുന്നവയാണ് ആര്‍ട്ടറികളെന്ന്. കേരളത്തിലാണ് അത്തരത്തിലുള്ള റോഡുകളുള്ളത്.'



അതിജീവനത്തിനായുള്ള മനുഷ്യന്‍റെ പോരാട്ടത്തിലെ നാഴികക്കല്ലുകളില്‍ തന്നെയാണ് ചോരയെക്കുറിച്ചുള്ള അറിവും ഉള്‍പ്പെടുന്നത്. അബേലിന്‍റെ കൊലപാതകത്തോടെ തന്നെ ചോരയൊഴുക്കലിന്‍റെ കഥ ബൈബിള്‍ പറഞ്ഞുതുടങ്ങുന്നു. എങ്കിലും ചോരയുടെ സഞ്ചാരപഥങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ സഹസ്രാബ്ദങ്ങളെടുത്തു. 

ഹിപ്പോക്രാറ്റിസ്, ഗാലന്‍, ചരകന്‍, സുശ്രുതന്‍ തുടങ്ങിയവരുടെ കാലമാകുമ്പോഴേക്ക് ആര്‍ട്ടറിയും വെയിനും തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ വെയിനിനെപ്പോലെ അത്രയെളുപ്പത്തില്‍ കണ്ടെത്താന്‍ പറ്റുന്നതായിരുന്നില്ല ആര്‍ട്ടറി. എങ്കിലും ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന തുടിപ്പുകളില്‍ നിന്ന് അതിനെ മനസ്സിലാക്കി. ഈ അറിവിനെ വികസിപ്പിച്ചുകൊണ്ട് യുനാനി ഹകീമുമാര്‍ നാഡീവിജ്ഞാനത്തെ ഒരു രോഗനിര്‍ണയോപാധിയാക്കി മാറ്റി. അതിനിടയില്‍ ഏറ്റവും വലിയ ഒരറിവുണ്ടായി. സിറിയക്കാരനായ ഇബ്നുന്നഫീസ് എന്ന അലാവുദ്ദീന്‍ അബൂ അല്‍ ഹുസൈന്‍ അലി ഇബ്നു അബീ ഹസം അല്‍ ഖര്‍ശി അല്‍ ദമശ്ഖിപള്‍മനറി സര്‍ക്കുലേഷന്‍ കണ്ടുപിടിച്ചതാണത്. ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹത്തെക്കുറിച്ച് അദ്ദേഹം വിവരിച്ച് പിന്നെയും മൂന്നുനൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിലെ ഫോക്ക്സ്റ്റോണില്‍ മേയറായിരുന്ന തോമസ് ഹാർവിക്ക് ഒരു മകന്‍ ജനിച്ചു. ആ കുട്ടിക്ക് വില്യം എന്ന പേരുനല്കി. 

ഫോക്ക്സ്റ്റോണിലായിരുന്നു വില്യമിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെവെച്ച് ലാറ്റിൻ പഠിച്ചു. തുടർന്ന് കാന്റർബറി കിംഗ്സ് സ്കൂളിൽ പ്രവേശിച്ചു. അവിടെ അഞ്ചുവർഷം ചെലവഴിച്ചു. അതിനുശേഷം ഗോൺവില്ലെയിലും കേംബ്രിഡ്ജിലെ കയ്യൂസ് കോളേജിലും മെട്രിക്കുലേറ്റ് ചെയ്തു. ബിരുദം നേടിയതിനുശേഷം ഫ്രാൻസിലേക്കും ജർമ്മനിയിലേക്കും ഇറ്റലിയിലേക്കും യാത്രചെയ്ത അദ്ദേഹം പാദുവ സർവകലാശാലയിൽ പ്രവേശിച്ചു. പഠനകാലത്ത് ഫാബ്രിക്ക താത്പര്യപൂര്‍വം വായിക്കുമായിരുന്നു, പ്രത്യേകിച്ച് ഡി വെനാരം ഓസ്റ്റിയോലിസ്. ഇരുപത്തിനാലാമത്തെ വയസ്സില്‍ പാദുവ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി.

പാദുവയിൽ നിന്ന് ബിരുദം നേടിയ ശേഷം വില്യം ഇംഗ്ലണ്ടിലേക്ക് മടങ്ങി. അതേ വർഷം കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി. ഇതിനെത്തുടർന്ന് ലണ്ടനിൽ സ്ഥിര താമസമാക്കുകയും റോയൽ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന്‍ റോയൽ കോളേജ് ഓഫ് ഫിസിഷ്യന്‍സിലെ ഫെലോ, ആയി തിരഞ്ഞെടുക്കപ്പെടുകയും പേരിന്‍റെ കൂടെ എഫ്ആർ‌സി‌പി ചേര്‍ക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. സെന്റ് ബാർ‌ത്തലോമിവ് ഹോസ്പിറ്റലില്‍ ചാര്‍ജെടുത്തു. പിന്നീട് സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിൽ ചുമതലയുള്ള ഫിസിഷ്യനായി. ലുംലിയൻ ലക്ചറർ സ്ഥാനത്തേക്ക് നിയമിതനായതോടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിച്ചു. സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിലെ രോഗികളെ പരിചരിക്കുന്നതിനിടയിലും ആർമി ലുംലിയൻ പ്രഭാഷണങ്ങളിൽ തുടർന്നു; ജെയിംസ് ഒന്നാമൻ രാജാവിനെ ഫിസിഷ്യൻ എക്സ്ട്രാ ഓര്‍ഡിനറി ആയി നിയമനം ലഭിച്ചതോടെ വില്യമിന്റെ സ്ഥാനം ഒന്നുകൂടി ഉയര്‍ന്നു.

കാലം പിന്നെയും സഞ്ചരിച്ചുകൊണ്ടേയിരുന്നു. പതിനേഴാം നൂറ്റാണ്ടിന്‍റെ കാല്‍ഭാഗം പിന്നിട്ടതോടെ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് വില്യം അതുചെയ്തു. വലിയ കോളിളക്കങ്ങളുണ്ടായി. പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തി. ചികിത്സകനെന്ന പരാജയത്തിന്‍റെ വക്കിലെത്തി. രക്തചംക്രമണത്തെക്കുറിച്ചുള്ള തന്റെ പ്രബന്ധമായ ഡി മോട്ടു കോർഡിസിന്‍റെ പ്രസിദ്ധീകരണമായിരുന്നു അത്. ഗാലന്‍റെ നിഗമനങ്ങളില്‍ നിന്ന് മാറുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അദ്ദേഹം തന്‍റെ കരിയര്‍ തുടർന്നു. കോളേജ് ഓഫ് ഫിസിഷ്യന്റെ സെൻസറായും ട്രഷററായുമൊക്കെ തിരഞ്ഞെടുക്കപ്പെട്ടു. എണ്‍പതാമത്തെ വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്‍റെ ദൗത്വം അതോടെ നിലച്ചില്ല. ഇറ്റലിക്കാരനായ ഒരാള്‍ ആ ദൗത്യം ഏറ്റെടുത്തു.

ഇറ്റലിയിലെ ബൊലോഗ്നയ്ക്കടുത്തുള്ള ക്രെവാൽകോറിലാണ് മാര്‍സെലോ മാൽപിഗി ജനിച്ചത്. ജന്മനാട്ടിൽ നിന്ന് വിദ്യാഭ്യാസം നേടി, പതിനേഴാമത്തെ വയസ്സിൽ ബൊലോഗ്ന സർവകലാശാലയിൽ പ്രവേശിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ബൊലോഗ്ന സർവകലാശാലയിൽ അരിസ്റ്റോട്ടിലിയൻ തത്ത്വചിന്ത പഠിച്ചു. വൈദ്യത്തിലും തത്ത്വചിന്തയിലും ഡോക്ടറേറ്റ് ലഭിച്ചു. ടസ്കാനിയിലെ ഫെർഡിനാന്റ് രണ്ടാമൻ പിസ സർവകലാശാലയിലെ സൈദ്ധാന്തിക വൈദ്യശാസ്ത്ര പ്രൊഫസറിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പിസയിലെ നിലവിലുള്ള വൈദ്യശാസ്ത്രാധ്യാപനങ്ങളെ മാൽപിഗി ചോദ്യം ചെയ്യുകയും രക്തത്തിലെ നിറവ്യത്യാസത്തെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തുകയും അന്നത്തെ അനാട്ടമിയിലെയും ഫിസിയോളജിയിലെയും പല സങ്കല്പങ്ങളും തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. കുടുംബപരമായ ഉത്തരവാദിത്തങ്ങളും മോശം ആരോഗ്യവും ബൊലോഗ്ന സർവകലാശാലയിൽ തിരിച്ചെത്താൻ മാൽപിഗിയെ പ്രേരിപ്പിച്ചു, അവിടെ അദ്ദേഹം തന്റെ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. ചെറിയ ധമനികളെ ചെറിയ സിരകളുമായി ബന്ധിപ്പിക്കുന്ന ശ്വാസകോശ, കാപ്പിലറി ശൃംഖലയെ അദ്ദേഹം തിരിച്ചറിഞ്ഞു. മാൽപിഗിയുടെ വീക്ഷണങ്ങൾ വലിയ തോതില്‍ വിവാദങ്ങളും വിയോജിപ്പുകളും ഉളവാക്കി. പുതിയ കണ്ടെത്തലുകള്‍ അംഗീകരിക്കാത്തവര്‍ അദ്ദേഹത്തിന്‍റെ വീട് കത്തിച്ചു. ചില യുവ ഡോക്ടർമാരുമായി അദ്ദേഹം തന്റെ തർക്കങ്ങൾ വിശദീകരിച്ചു. മറ്റു പല കണ്ടുപിടിത്തങ്ങളെയും പ്രസിദ്ധീകരണങ്ങളെയും തുടർന്ന്, അദ്ദേഹത്തെ ഇന്നസെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ റോമിലേക്ക് ക്ഷണിച്ചു. മാർപ്പാപ്പയുടെ വൈദ്യനും പാപ്പൽ മെഡിക്കൽ സ്കൂളിലെ വൈദ്യശാസ്ത്രപ്രൊഫസറുമായി. മരണം വരെ റോമിൽ തുടർന്നു.

സുഭാഷിന്‍റെ സുപ്പര്‍ ഫാസ്റ്റ് ബസിലെ യാത്രക്കാരന്‍ നിര്‍ത്തിപ്പോയ പണി ബൈക്ക് യാത്രക്കാരന്‍ ഏറ്റെടുത്തു. അതിന്‍റെ ബാക്കിയാണ് ആരോഗ്യസര്‍വകലാശാലയിലെ ക്ലാസ്സില്‍ സുനീഷ് സാര്‍ പറഞ്ഞത്,

'രക്തചംക്രമണത്തിലൂടെ ശ്വാസവായുവിലെ ഏതോ ഘടകം ശരീരത്തിലേക്ക് ആഗിരണംചെയ്യപ്പെടുന്നുവെന്ന് റോബർട്ട് ബോയ്ൽ നിരീക്ഷിച്ചതോടുകൂടി അറിവിന്‍റെ മറ്റൊരു ചക്രവാളം കൂടി തുറക്കപ്പെട്ടു. ഒരു നൂറ്റാണ്ടിനുള്ളിൽ അത് ഓക്സിജനാണെന്നും തെളിയിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനപകുതിയില്‍ ജീവിച്ച അന്റോണിയോ ലാവോസിയർ ആണ് ആ കണ്ടുപിടുത്തം നടത്തിയത്'.

'മാപ്പര്‍ഹിക്കാത്തൊരു റൂട്ട് മാപ്പ്'

ടീവിയില്‍ ന്യൂസ് കാണുകയയിരുന്ന ഭാര്യ ആത്മഗതം പോലെ ഇത് പറഞ്ഞുകൊണ്ടാണ് പോക്കറിനടുത്തേക്ക് വന്നത്.

'നിനക്കെന്താ ടെലിപ്പതി അറിയുമോ?'

'അതെന്താ അങ്ങനെ ചോദിച്ചത്?'

'ഞാനും റൂട്ട് മേപ്പിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. സുള്ള്യ, പുത്തൂര്‍, മംഗലാപുരം, ആര്‍ട്ടറി, വെയിന്‍, ക്യാപില്ലറി'

'അതല്ല കാസര്‍ക്കോട്ടുകാരന്‍റെ റൂട്ട് മേപ്പിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഗള്‍ഫില്‍ നിന്ന് കൊറോണയുമായി വന്ന കാസര്‍ക്കോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയാണ് വാര്‍ത്തകളിലെല്ലാം.'

അപ്പോഴാണ്‌ പോക്കറിന് കാര്യത്തിന്‍റെ ഗൗരവം പിടികിട്ടിയത്. ജീവിതത്തില്‍ ആദ്യമായി താന്‍ യാത്ര ചെയ്ത വഴികള്‍. ചെറിയമ്മാവന്‍റെ കൂടെ മംഗലാപുരത്തേക്കുള്ള യാത്രകള്‍. ഇപ്പോള്‍ എല്ലാ വഴികളും മണ്ണിട്ടുമൂടിയിരിക്കുകയാണ്. ആര്‍ക്കെങ്കിലും ഗുരുതരമായ അസുഖം വന്നാല്‍ എന്താവുമെന്നറിയില്ല. കാസര്‍ക്കോട്ടു നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് മംഗലാപുരത്തെ ആശുപത്രികള്‍ക്ക് അധികാരികളുടെ നിര്‍ദേശവുമുണ്ടത്രെ.
Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25


മൊണാലിസയുടെ കാമുകന്‍ 27


Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, William Harvey, Marcelo Malpighi, Route-map of Kasaragod native.

Post a Comment