Join Whatsapp Group. Join now!
Aster MIMS 10/10/2023

പുറപ്പാടുപുസ്തകം

The book of exodus#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നോവല്‍/ അതിജീവനം/ അധ്യായം 36

ഇന്ദ്രജിത്ത്

(www.kasargodvartha.com 20.02.2021) ലോക്ക്ഡൗണിനിടയില്‍ പ്രാഞ്ചിയച്ചായന്‍ വരുമോയെന്ന കാര്യത്തില്‍ പോക്കറിന് ഉറപ്പൊന്നുമില്ല. പക്ഷേ, വരാതിരിക്കുമെന്ന് കരുതാനും പറ്റുന്നില്ല. അയാളങ്ങനെയാണ്; പഠിച്ച ബിസിനസ്സുകാരന്‍.

ഒഴിവാക്കേണ്ട പുസ്തകങ്ങള്‍ നോക്കിവെക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും സമയം കിട്ടിയിരുന്നില്ല. വീക്ക്ലി ഓഫിലെല്ലാം എന്തെങ്കിലും തിരക്കുണ്ടാവും. അവസാനം മറ്റൊന്നും ചെയ്യാന്‍ മനസ്സാന്നിധ്യം ലഭിക്കാത്ത ഒരു വീക്ക്ലി ഓഫ് വന്നു. വിധിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലല്ലോ

കുറ്റബോധം വല്ലാതെ അലട്ടുന്നുണ്ട്. ചെറിയമ്മാവനെ അവസാനമായി കണ്ട ദിവസം. ഇങ്ങോട്ട് തിരിച്ചുവരുന്നതിന് തൊട്ടുമുമ്പ് പോയി കണ്ടതാണ്. അമ്മാവന്‍ പഴയ വീടിന്‍റെ പറമ്പില്‍ ഓലയും മടലും വേര്‍തിരിക്കുന്ന തിരക്കിലായിരുന്നു. അനങ്ങാതെ വെറുതെയിരിക്കുന്ന നിമിഷം അമ്മാവന്‍റെ ജീവിതത്തിലില്ല. ശരീരത്തിന് പ്രായമായെങ്കിലും മനസ്സിന് ചെറുപ്പമായാല്‍ അങ്ങനെയാണ്’. ക്രിയാത്മകത ഒരിക്കലും കൈവിടില്ല. അങ്ങനെയുള്ള ഒരാളെ ഉപദേശിക്കാന്‍ ധൈര്യം വരാഞ്ഞിട്ടാണ്. മാത്രമല്ല, ഇപ്പോഴും അമ്മാവന്‍റെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കാനാണ് പോക്കറിനിഷ്ടം; അതുകൊണ്ടുതന്നെ അങ്ങോട്ട് ഉപദേശിക്കാന്‍ മനസ്സുവന്നില്ല. വരേണ്ടത് വഴിയില്‍ തങ്ങില്ലെന്ന് പറയാറുണ്ട്. സൂക്ഷിക്കണം എന്നൊരു വാക്ക് അന്ന് അമ്മാവനോട് പറഞ്ഞിരുന്നുവെങ്കിലും ഇത് സംഭാവിക്കാതിരിക്കണമെന്നില്ല. പക്ഷേ, അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്നീ കുറ്റബോധം അനുഭവിക്കേണ്ടി വരില്ലായിരുന്നു.


The book of exodus, NOVEL, Indrajith

സതോസ്കറുടെ ഫാര്‍മക്കോളജി എന്ന ചുരുക്കപ്പെരില്‍ അറിയപ്പെടുന്ന ആര്‍ എസ് സതോസ്കറും വേറെ രണ്ടുപേരും കൂടി എഴുതിയ ഫാര്‍മക്കോളജി ആന്‍റ് ഫാര്‍മക്കോഡൈനാമിക്സിന്‍റെ രണ്ടാമത്തെ വോള്യമാണ് ആദ്യം കൈയില്‍ കിട്ടിയത്. പുസ്തകം തുറന്നയുടനെ ശ്രദ്ധയില്‍ പെട്ടത് പെനിസിലിന്‍സ് ആന്‍റ് ആന്‍റിബയോട്ടിക്സ് എഫക്ടീവ് മെയിന്‍ലി എഗൈന്‍സറ്റ് ഗ്രാം പോസിറ്റീവ് ഓര്‍ഗാനിസംസ് എന്ന അധ്യായത്തില്‍ പെനിസിലിനെക്കുറിച്ച് പറയുന്നിടത്ത് പെന്‍സില്‍ കൊണ്ട് രേഖപ്പെടുത്തിയ അക്ഷരങ്ങളാണ്. ചെറുപ്പത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കിയ രണ്ടുപദങ്ങളാണ് പെന്‍സിലും പെനിസിലിനും. കുനിക്കുലായ ഡോക്ടറും ഹാജി ഡോക്ടറുമൊക്കെ കുറിച്ചുതരുന്ന പെനിസിലിന്‍ ഓയിന്‍റ്മെന്‍റിനെ പെന്‍സല്‍ ഒയല്‍മെന്‍റ് എന്നാണ് പറയാറ്. ജ്യേഷ്ഠന്മാര്‍ എഴുതാനും വരയ്ക്കാനുമൊക്കെ ഉപയോഗിക്കുന്ന സാധനത്തിന്‍റെ പേരും അതുതന്നെ. നാലാം ക്ലാസ്സിലായിരിക്കുമ്പോള്‍ എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുവേണ്ടി പഠിച്ച ജി കെ പുസ്തകത്തില്‍ ഇന്ത്യയിലെ പെനിസിലിന്‍ ഫാക്ടറി പ്രിംപ്രിയിലാണെന്ന് കണ്ടപ്പോഴും സംശയം തീര്‍ന്നില്ല.

പോക്കറിനെ സംബന്ധിച്ചിടത്തോളം, ടെക്സ്റ്റ് ബുക്കിനകത്ത് പെന്‍സില്‍ കൊണ്ടെഴുതിയ ഭാഗങ്ങള്‍ അനിശ്ചിതത്വത്തിന്‍റെ അടയാളങ്ങളായാണ് നിലകൊള്ളുന്നത്. ടെക്സ്റ്റ് ബുക്കുകളെ അവയുടെ സൗന്ദര്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നുണ്ട്. എപ്പോഴെങ്കിലും മായ്ച്ചുകളയണമെന്ന ഉദ്ദേശ്യത്തോടെയാണ് പേന കൊണ്ടെഴുതുന്നത്. പക്ഷേ, പലതും അങ്ങനെത്തന്നെ കിടക്കും.

പെനിലിനെക്കുറിച്ചുള്ള അധ്യായത്തിലെ പെന്‍സില്‍ ലിഖിതത്തിന് ഏതാണ്ട് മൂന്നുപതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. അയാളുടെ വലതുഭാഗത്തെ വാരിയെല്ലുകളില്‍ മൂന്നോ നാലോ എണ്ണം തകര്‍ന്നതായി സീടിസ്കാനില്‍ തന്നെ കണ്ടെത്തിയിരുന്നു. ദീര്‍ഘകാലത്തെ കിടപ്പിനിടയില്‍ സംഭവിച്ചതാവാം അത്; ഐസിന്‍റെ വലിയ കഷണം ശരീരത്തില്‍ പതിച്ചതുമാവാം. ഇപ്പോള്‍ എല്ലായിടത്തെയും വീഴ്ചയും ശരീരത്തിനുണ്ടാവുന്ന പരിക്കുകളുമൊക്കെ കൂടുതലായി ശ്രദ്ധയില്‍ വരുന്നു. അയാളുടെ പ്രിയപ്പെട്ടവര്‍ അന്ന് കരഞ്ഞിട്ടുണ്ടാകുമോ? അഞ്ജാതമായ സ്ഥലത്ത് മരണപ്പെട്ടതാണെങ്കില്‍ ഉറ്റവരാരെങ്കിലും അയാളെ തിരഞ്ഞിട്ടുണ്ടാകുമോ?

കൊറോണക്കാലമായതോടെ മരണം ഉറ്റവര്‍ക്ക് കൂടുതല്‍ വേദനകളാണ് സമ്മാനിക്കുന്നത്. അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ ഒരുപാട് തടസ്സങ്ങളുണ്ട്. മുഖം പോലും പുറത്തുകാണിക്കാതെ ഭയം തോന്നുന്ന വിധത്തില്‍ പി പി ഇ കിറ്റണിഞ്ഞവര്‍ ഏതോ നികൃഷ്ടജീവിയെ കൈകാര്യം ചെയ്യുന്നതുപോലെ, ശരിക്ക് തൊടാന്‍ പോലും ഭയന്നുകൊണ്ട്, മൃതശരീരത്തെ ചിതയിലേക്കും കുഴിയിലേക്കുമൊക്കെ കൊണ്ടുപോകുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണെന്ന് ഗള്‍ഫില്‍ കൊറോണ മൂലമുള്ള മരണത്തിന് സാക്ഷിയായ ഒരാള്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടത് വായിച്ചപ്പോഴാണ് ഉറ്റവരും ഉടയവരും കാണാതെ അഞ്ജാതസ്ഥലത്ത് ദുരന്തങ്ങളില്‍ പെടുന്നവര്‍ കുറച്ചുകൂടി ഭാഗ്യവാന്മാരാണെന്ന് തോന്നിയത്.

ഉറ്റവര്‍ക്ക് മൃതദേഹം വേണ്ട രീതിയില്‍ കണ്ടുകിട്ടാനും ശവസംസ്കാരം നടത്താനും പറ്റാത്ത അഞ്ജാതസ്ഥലത്ത് മരണപ്പെട്ടതാവാം അയാള്‍. അല്ലെങ്കില്‍ ശവസംസ്കാരത്തിന്‍റെ ഭാഗമായി കുഴിച്ചുമൂടിയ മൃതദേഹം പ്രകൃതിദത്തമായ കാരണങ്ങളാല്‍ പ്രിസര്‍വ് ചെയ്യപ്പെടുകയും പ്രകൃതിദത്തമായ കാരണങ്ങളാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ ആയതുമാവാം. കൊന്നും തിന്നുമാണ്‌ ഹോമോ സാപ്പിയന്‍സ് ഈ നിലയിലെത്തിയത്. ഇടതുവശത്തെ തോളില്‍ കണ്ട അമ്പടയാളം മറ്റൊരു മനുഷ്യനുമായിട്ടായിരുന്നു പോരാട്ടം എന്നതിന്‍റെ തെളിവാകാം. അങ്ങനെയല്ലാതെയും ആളുകള്‍ മരിക്കാം. വലിയ മൃഗങ്ങള്‍ പിടിച്ചുതിന്നുകയാണെങ്കില്‍ അവയ്ക്ക് ഭക്ഷിക്കാന്‍ പറ്റാത്ത അസ്ഥികൂടം മാത്രമേ ബാക്കിയാവൂ. ബുദ്ധി ഉപയോഗിച്ചാണല്ലോ മനുഷ്യന്‍ മറ്റുള്ള ജീവികളെ അതിജയിച്ചത്. വലിയ ജീവികളില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കാള്‍ ബുദ്ധിമുട്ടായിരുന്നു ചെറിയവയുമായുള്ള പോരാട്ടം. വലിയവയെ കാണാം. വളരെച്ചെറിയവ ഉണ്ടെന്നറിയാന്‍ തന്നെ ബുദ്ധിമുട്ടേണ്ടി വന്നു. കൈകഴുകാന്‍ പറഞ്ഞതിന്‍റെ പേരില്‍ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടത്തെ കാവല്‍ക്കാരാല്‍ തല്ലിച്ചതയ്പ്പെട്ട നിലയില്‍ മരണപ്പെടുകയും ചെയ്ത ഇഗ്നാസ് സമ്മല്‍വീസ് മുതല്‍ ജേം തിയറി യാഥാര്‍ഥ്യമാക്കിയ ലൂയി പാസ്ചര്‍ വരെയുള്ളവര്‍ ചെറിയ ശത്രുക്കളെ കണ്ടെത്താനായി ബുദ്ധിമുട്ടിയവരാണ്. എന്നാല്‍ അവയോട് പോരാടാനുള്ള ഫലപ്രദമായ ആയുധം എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ ടെക്സ്റ്റ് ബുക്കുകളില്‍ വായിക്കുകയും ക്ലാസ്റൂമുകളില്‍ കേള്‍ക്കുകയുമൊക്കെ ചെയ്ത ചരിത്രത്തിന് ഒരേ നിറമായിരുന്നു. അതനുസരിച്ച് സ്കോട്ട്ലൻഡിലെ അയർഷയറിലെ ഡാർവെലിനടുത്തുള്ള ലോച്ച്ഫീൽഡ് ഫാമിൽ ജനിച്ച കർഷകനായ ഹഗ് ഫ്ലെമിംഗിന്‍റെയും അയൽപക്കത്തെ മറ്റൊരു ഒരു കർഷകന്‍റെ മകളായ ഗ്രേസ് സ്റ്റിർലിംഗ് മോർട്ടന്‍റെയും മകനായി ജനിച്ച അലക്സാണ്ടറിനപ്പുറത്തേക്ക് ചരിത്രം പോയില്ല.

'ഒരാൾ കണ്ടെത്തുന്നത് ചിലപ്പോൾ അയാൾ അന്വേഷിക്കാത്തതത്താവാം. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ട് സെപ്റ്റംബർ ഇരുപത്തിയെട്ടിന് പുലർച്ചെ ഉറക്കമുണർന്നപ്പോൾ ബാക്ടീരിയയെ കൊല്ലാനുള്ള ലോകത്തിലെ ആദ്യത്തെ ആൻറിബയോട്ടിക് ഔഷധം കണ്ടെത്തിക്കൊണ്ട് ഔഷധരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ ഞാനൊരിക്കലും കരുതിയിരുന്നില്ല. പക്ഷേ, സംഭവിച്ചതതാണ്.'

സ്വന്തം കണ്ടെത്തലിനുമുന്നില്‍ അന്ധാളിച്ചുകൊണ്ടാണ് അലക്സാണ്ടര്‍ ഇങ്ങനെ പറഞ്ഞത്.

ഹഗ് ഫ്ലെമിംഗിന്‍റെ മകന്‍ അലക്സാണ്ടര്‍ ഒരു കൊല്ലം മുമ്പുതന്നെ സ്റ്റാഫൈലോകോക്കസിന്‍റെ സ്വഭാവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ലൈസോസൈമിന്‍റെ കണ്ടെത്തലും മറ്റും അതിതിനകം തന്നെ ഒരു മികച്ച ഗവേഷകനെന്ന ഖ്യാതി അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. ബാക്ടീരിയ പലതരത്തിലുള്ള സ്ട്രൈനുകള്‍ ആയി വളരുമെന്ന ജോസഫ് വാർ‌വിക് ബിഗറുടെ കണ്ടെത്തലിനുശേഷം 1928-ൽ, സ്വാഭാവികമായ അവസ്ഥയിൽ വളരുന്ന സ്റ്റാഫൈലോകോക്കസ് ഓറിയസിനുണ്ടാവുന്ന വ്യതിയാനം അദ്ദേഹം പഠിച്ചു.

കുടുംബത്തോടൊപ്പം സഫോൾക്കിൽ ഒരു അവധിക്കാലം ചെലവഴിച്ചത്തിനുശേഷം ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ട് സെപ്റ്റംബർ മൂന്നിന് അലക്സാണ്ടര്‍ തന്‍റെ ലബോറട്ടറിയിലേക്ക് മടങ്ങി. അവധിക്കാലം ആഘോഷിക്കാനായി പോകുന്നതിനുമുമ്പ് അദ്ദേഹം സ്റ്റാഫൈലോകോക്കസിനെ കൾച്ചർ പ്ലേറ്റുകളിൽ ആക്കിക്കൊണ്ട് ലബോറട്ടറിയുടെ ഒരു മൂലയിലുള്ള ബെഞ്ചിൽ വെച്ചിരുന്നു. മടങ്ങിയെത്തിയപ്പോൾ, കള്‍ച്ചറുകളിലൊന്ന്‌ ഒരു തരത്തിലുള്ള ഫംഗസ് വന്ന് മലിനമായതായും സ്റ്റാഫൈലോകോക്കസിന്‍റെ കോളനികളില്‍ ഫംഗസിന്‍റെ തൊട്ടടുത്തുള്ളവ നശിച്ചതായും കണ്ടു, അതേസമയം മറ്റുള്ള സ്റ്റാഫൈലോകോക്കസ് കോളനികൾ കേടുകൂടാതെ സാധാരണരീതിയില്‍ നിലനിന്നിരുന്നു.

ഫംഗസ് വന്ന് മോശമായ കള്‍ച്ചറിനെ അലക്സാണ്ടര്‍ തന്‍റെ മുൻ അസിസ്റ്റന്റ് മെർലിൻ പ്രൈസിനെ കാണിച്ചു.

'അങ്ങനെയായിരുന്നുവല്ലോ താങ്കൾ ലൈസോസൈം കണ്ടെത്തിയത്'

മറുപടിയില്‍ ഒരു സാമാന്യവത്കരണത്തിലപ്പുറം പലതുമുണ്ടായിരുന്നു.

ആ ഫംഗസ് പെൻസിലിയം ജനുസ്സിൽപെട്ടതായിരുന്നു. അതിനെ പ്രത്യേകമായി കള്‍ച്ചര്‍ ചെയ്യുകയും കള്‍ച്ചര്‍ ബ്രോത്തില്‍ ഒരു ആൻറി ബാക്ടീരിയൽ ഘടകം ഉള്ളതായി കണ്ടെത്തുകയും ചെയ്തു. ഒരുപാട് പരീക്ഷണങ്ങളിലൂടെ അതിന്‍റെ ആന്റിബാക്ടീരിയല്‍ ആക്ടിവിറ്റി ഉറപ്പിക്കുകയും ആറുമാസം കഴിഞ്ഞ് പെനിസിലിന്‍ എന്നു പേരുനല്‍കുകയും ചെയ്തു.

ഏതാണ്ട് മൂന്നുപതിറ്റാണ്ട് മുമ്പൊരു ദിവസം. ആന്‍റിബയോട്ടിക്കുകളെക്കുറിച്ച് പഠിപ്പിക്കാന്‍ തുടങ്ങിയ സാറ്, അത്യാവശ്യം നല്ല രീതിയിലാണ് ഈ കഥ വിവരിച്ചത്. എല്ലാവരും പറയുന്ന കഥ; പറഞ്ഞുപതിഞ്ഞ അലക്സാണ്ടറുടെ കഥ. പിറ്റേ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു; അയാള്‍ ഇറങ്ങിവന്ന വാര്‍ത്ത. അത് അലക്സാണ്ടറല്ലായിരുന്നു. ഊരും പേരുമറിയാത്ത ഒരു സാധാരണക്കാരന്‍.

കാലങ്ങള്‍ താണ്ടിയാണ് അയാള്‍ ഇറങ്ങിവന്നത്. ആ കാഴ്ച ആദ്യം കണ്ടത് ജർമ്മനിയില്‍ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ്. ഓസ്ട്രിയയുടെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള എറ്റ്സ്റ്റൽ ആൽപ്സിലെ ഫൈനിൽസ്പിറ്റ്സിന്‍റെ കിഴക്കൻ മലനിരയിൽ സിമിലൗൺ പർവതത്തിനും ഹോസ്ലാബ്ജോക്ക് ചുരത്തിനുമടുത്തായാണ് അയാള്‍ കിടന്നത്. ഹോസ്ലാബ്ജോക്കിനും മറ്റൊരു ചുരമായ ടിസെൻജോക്കിനും ഇടയിലുള്ള പാതയിലൂടെ ടൂറിസ്റ്റുകളായ ഹെൽമറ്റും എറിക സൈമണും നടക്കുകയായിരുന്നു.

ഏതോ ടൂറിസ്റ്റിന്‍റെ മൃതദേഹമാവാം അതെന്നാണ്‌ ആദ്യം കരുതിയത്. ശാസ്ത്രീയവിശകലനങ്ങള്‍ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചു. മരണസമയത്ത് അഞ്ചടി മൂന്നിഞ്ച് ഉയരവും അമ്പത് കിലോഗ്രാം തൂക്കവും ഏകദേശം നാല്പത്തിയഞ്ച് വയസുമായിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ ഐബെക്സ് മാംസവും ഗോതമ്പും കഴിച്ചതിന്‍റെ സൂചന ആമാശയത്തിലുണ്ടായിരുന്നു. പിന്നീട് കഴിക്കാന്‍ വേണ്ടിയാവാം, ഇറ്റലിയിലെ സൗത്ത് ടൈറോളില്‍ കാണാറുള്ള കാട്ടുവര്‍ഗത്തില്‍ പെട്ട ഒരുതരം ആടിന്‍റെ കൊഴുപ്പുള്ള മാംസത്തിന്‍റെ ഉണക്കിയ കുറച്ച് കഷ്ണങ്ങൾ കരുതിവെച്ചിട്ടുണ്ടായിരുന്നു. എട്ടുമണിക്കൂറിനുള്ളില്‍ കഴിച്ച ചമോയിസിന്‍റെയും ചുവന്ന മാനിന്‍റെയും മാംസം, റൊട്ടി, കിഴങ്ങുകള്‍, പഴം എന്നിവയുടെ വിവരങ്ങള്‍ കുടലില്‍ നിന്നുകിട്ടി.

നെയ്ത പുല്ലുകൊണ്ട് നിർമ്മിച്ച ഒരു മേലങ്കിയും പല തരത്തിലുള്ള തുകലുകള്‍ കൊണ്ടുണ്ടാക്കിയ അങ്കി, ബെൽറ്റ്, ലെഗ്ഗിംഗ്സ്, ഷൂസ് എന്നിവയും ധരിച്ചിട്ടുണ്ടായിരുന്നു. മൃദുവായ പുല്ലുകള്‍ കൊണ്ടുണ്ടാക്കിയ സോക്സിന് സമാനവായ വസ്തുവും ഉണ്ടായിരുന്നു. പാദരക്ഷകള്‍ മഞ്ഞുവീഴ്ചയിലൂടെ നടക്കാൻ രൂപകല്പന ചെയ്ത തരത്തിലുള്ളവായും വാട്ടർപ്രൂഫും വീതിയുള്ളവയും ആയിരുന്നു. കന്നുകാലികളുടെ യൂറോപ്യൻ ജനിതകവിഭാഗങ്ങളില്‍ നിന്നാണ് ഷൂലേസുകൾ നിർമ്മിച്ചത്. വില്ലുണ്ടായിരുന്നു. കാട്ടുമാനിന്‍റെ തൊലി കൊണ്ടുള്ള ആവനാഴിയും കൂടെയുണ്ടായിരുന്നു. എന്നാല്‍ അവയിലുണ്ടായിരുന്ന അമ്പുകള്‍ പണി പൂർത്തിയാകാത്ത തരത്തില്‍ അൺ‌ടിപ്പ് ചെയ്തതവയായിരുന്നു. പൂര്‍ത്തിയായ അമ്പുകള്‍ പോരാട്ടത്തിലും വേട്ടയാടലിലുമൊക്കെ തീര്‍ന്നുപോയിട്ടുണ്ടാവാം. തവിട്ടുനിറത്തിലുള്ള കരടിയുടെ രോമം കൊണ്ടാണ് തൊപ്പിയുണ്ടാക്കിയത്. മരപ്പിടിയുള്ളതും ചെമ്പുകൊണ്ടുണ്ടാക്കിയതുമായ ഒരു മഴു കൂടെയുണ്ടായിരുന്നു. ശരീരത്തില്‍ പലയിടത്തും പച്ചകുത്തിയിട്ടുണ്ടായിരുന്നു. ബെൽറ്റിൽ ഒരു സഞ്ചി തുന്നിക്കെട്ടിയിരുന്നു. ഉപയോഗപ്രദമായ വസ്തുക്കളുടെ ഒരു ശേഖരമായിരുന്നു അത്. ഒരു സ്ക്രാപ്പർ, ഡ്രിൽ, ഫ്ലിന്റ് ഫ്ലേക്ക്, അസ്ഥി, അവൽ, ഉണങ്ങിയ ഫംഗസ് തുടങ്ങിയവ അതിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവയില്‍ ബിർച്ച് മരത്തിന്‍റെ പുറംതൊലിയുടെ രണ്ട് കൊട്ടകൾ, ലെതർ സ്ട്രിങ്ങുകളുള്ള രണ്ട് ഇനം പോളിപോർ കൂണുകള്‍ എന്നിവയും ഉൾപ്പെടുന്നു.

അയാള്‍ ഇറങ്ങിവന്നത് ഇന്നത്തെ തലമുറയ്ക്ക് ഭൂതകാലത്തെ ഒരു പ്രത്യേകഘട്ടത്തിന്‍റെ നേര്‍ക്കാഴ്ച കാണിച്ചുകൊടുക്കാനാണോയെന്നറിയില്ല. കഴിച്ച ഭക്ഷണപദാര്‍ഥങ്ങളും ധരിച്ച വസ്ത്രങ്ങളും കൂടെയുണ്ടായിരുന്ന വസ്തുക്കളുമെല്ലാം കാലാവസ്ഥയോടും ജീവിവര്‍ഗങ്ങളോടും തമ്മില്‍ തമ്മിലും രോഗങ്ങളോടും പോരാടിക്കൊണ്ടുള്ള നമ്മുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പ്രയാണത്തിലെ വഴിയടയാളങ്ങളാണ്.

'വേണ്ടാത്ത പുസ്തകങ്ങളൊക്കെ അച്ചായനുവേണ്ടി മാറ്റിവെച്ചുകഴിഞ്ഞോ?',

ചോദ്യം കേട്ടപ്പോഴാണ് സമയം പോയ കാര്യം പോക്കര്‍ അറിഞ്ഞത്. ഭാര്യയാണ്; ഭക്ഷണം തയാറാക്കിയതിനുശേഷമുള്ള വരവാണ്.

'നോക്കികൊണ്ടിരിക്കുകയാണ്'

'പുസ്തകങ്ങള്‍ എടുത്തുവെക്കുന്നതിനുപകരം വായിക്കുകയാണോ?'

'ഇല്ല പഠിക്കുന്ന കാലത്തെ ഒരു പെന്‍സില്‍ മാര്‍ക്കില്‍ കണ്ണുടക്കിയതാണ്'

'ഓ-ട്-സി ; ഓയുടെ മുകളില്‍ രണ്ട് കുത്തും. ഇത്രയ്ക്ക് എന്താലോചിക്കാന്‍ ? പഴയ ഏതെങ്കിലും കാമുകിയുടെ പേര് കോഡ് ഭാഷയിലെഴുതിയതാണോ?'

'അല്ല, ഒരു മമ്മി'

'അതുശരി, കാമുകിയുടെ മമ്മിയെയും ഓര്‍ക്കാന്‍ തുടങ്ങി, അല്ലേ?'

'അല്ല, ഇത് നിനക്കറിയാത്ത മമ്മിയാണ്'

'എനിക്കറിയാത്ത മമ്മി?'

'ഈജിപ്തിലെ പിരമിഡുകള്‍ക്കകത്തെ മമ്മികളെക്കുറിച്ച് കേട്ടിട്ടുണ്ടോ ? മരുന്നുതേച്ച് മമ്മിഫൈ ചെയ്ത ശവശരീരങ്ങള്‍'

'ശവശരീരങ്ങലെക്കുറിച്ച് പറയരുത്, പേടിയാവുന്നു. ഇന്നലെ പത്രത്തില്‍ കണ്ട , ശരീരം പി പി ഇ കൊണ്ട് മൂടിയവര്‍ വലിച്ചുകൊണ്ടുപോകുന്ന കോവിഡ് രോഗിയുടെ മൃതദേഹമാണ് മനസ്സുനിറയെ'.

'ഇത് അതൊന്നുമല്ല; ഇതുവരെ കണ്ടുകിട്ടിയ പ്രകൃതിദത്ത മമ്മികളില്‍ ഏറ്റവും പഴയ ഒന്ന്. പെനിസിലിന്‍ കണ്ടുപിടിക്കുന്നതിന് അയ്യായിരം കൊല്ലം മുമ്പ് ഫംഗസുകളെ മരുന്നായി ഉപയോഗിച്ച ഒരു തലമുറയുടെ പ്രതിനിധി'

സംക്രാന്തികള്‍ 18
ആയിരത്തിയൊന്ന് രാവുകള്‍ 19

സാനിറ്റൈസര്‍ ട്രാജഡി 20

ക്വാറന്റൈന്റെ ഇതിഹാസം 21

സ്‌പെയിനിലെ വസന്തം 22

കഴുകന്റെ സുവിശേഷം 23
തോറയും താല്‍മുദും 24
ക്ലിയോപാട്രയുടെ മൂക്ക് 25

ക്ഷേത്രവും ക്ഷേത്രജ്ഞനും 26

മൊണാലിസയുടെ കാമുകന്‍ 27
മെഡിക്കസ് ക്യുറാത് നാച്യൂറ സനാത് 28

കാസര്‍ക്കോട്ടുകാരന്‍റെ റൂട്ട്മാപ്പ് 29

കാലന്‍റെ സഹോദരന്‍ 30

കണ്‍ട്രോള്‍ഡ് ട്രയല്‍ 31

കണ്ണും കണ്ണും തമ്മിൽ തമ്മിൽ... 32

നികലോന ബേനകാബ്... 33

ലില്ലിപ്പുട്ടിലെ ജീവിതങ്ങള്‍ 34


വുഹാനും കാസര്‍ക്കോടും 35
Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, The book of exodus.


Post a Comment