city-gold-ad-for-blogger
Aster MIMS 10/10/2023

വുഹാനും കാസര്‍ക്കോടും

നോവല്‍ / അതിജീവനം / അധ്യായം 35

ഇന്ദ്രജിത്ത്

(www.kasargodvartha.com 13.02.2021) എക്സ്റേയ്ക്ക് ക്ലാരിറ്റിക്കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മനസ്സാണ് ആകെക്കൂടി കലങ്ങിമറിഞ്ഞുകിടക്കുന്നത്. ജനാലയുടെ ട്രാൻസ്ലസന്റ് ആയിട്ടുള്ള ചില്ലിൽ എക്സ്റേ ഷീറ്റ് വെച്ചതിനുശേഷം പിന്നിൽ ലൈറ്റിട്ട് ഫോട്ടോയെടുത്ത് ജ്യേഷ്ഠൻ വാട്സ് ആപ്പ് ചെയ്യുകയായിരുന്നു.

'ഭര്‍ത്താവ് എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ അവള്‍ തുടങ്ങി'.

ഇംഗ്ലീഷിൽ നന്നായി വിവരിച്ചതിനുശേഷം അതുതന്നെ സുന്ദരമായ മലയാളത്തിൽ വത്സലട്ടീച്ചർ പറഞ്ഞപ്പോൾ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അങ്ങനെയാണ് ടീച്ചറുടെ ക്ലാസ്സ്. പാഠഭാഗങ്ങൾ അവയുടെ വൈകാരികത ഒട്ടും ചോരാതെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കും.

കാര്യങ്ങളെ കോമഡിയായി അവതരിപ്പിക്കുന്നതിലാണല്ലോ ബാലസാഹിത്യകാരന്റെ കഴിവ്. ട്രാജഡി വായിമ്പോൾ കുഞ്ഞുമനസ്സുകൾ നോവും. കുട്ടികളെ സന്തോഷിപ്പിക്കുന്ന വിധത്തില്‍, വേണമെങ്കില്‍ ചെറിയൊരു ഗുണപഠത്തോടുകൂടി, കഥകളെഴുതാം. പക്ഷേ, ജീവചരിത്രം അങ്ങനെയെഴുതാന്‍ പറ്റില്ലല്ലോ.

ട്രാജഡി താങ്ങാൻ കുട്ടികൾക്കാവാത്തതിനാലാണ് ബാലസാഹിത്യകാരന്മർ കോമഡികളെഴുതുന്നത്. ആത്മീയാചാര്യന്മാർ ചെയ്യുന്നതും അതുതന്നെയല്ലേ? മരണം എന്ന ട്രാജഡി താങ്ങാൻ മനുഷ്യസമൂഹത്തിന് ശേഷിയില്ലാത്തതിനാലാണോ അവര്‍ പരലോകത്തെക്കുറിച്ച് പ്രതീക്ഷ നല്കിയത്? 

അജിത് കുമാറിന്റെ വോയ്സ് മെസ്സേജുകൾ ആ വഴിക്ക് ചിന്തിക്കാൻ കുടുതലായി പ്രേരിപ്പിക്കുന്നുവെന്ന് തോന്നുന്നു.

എല്ലാ കഥകളും ദുരന്തങ്ങളാണോയെന്നറിയില്ല. ഫിസിക്സില്‍ റേഡിയോ ആക്ടിവിറ്റിയുടെ ബാലപാഠം പഠിച്ച അതേ വര്‍ഷം ഇംഗ്ലീഷ് ഉപപാഠപുസ്തകത്തില്‍ പഠിക്കാനുണ്ടായിരുന്ന ബയോഗ്രഫി തുടക്കത്തില്‍ രസകരമായിരുന്നു. എവിടം മുതലാണ്‌ ഭാവം മാറിയത് എന്നറിയില്ല.

വുഹാനും കാസര്‍ക്കോടും

അവള്‍, മരിയ സലോമിയ, ജനിച്ചത് വാര്‍സയിലാണ്. ഇന്ന് പോളണ്ടിന്‍റെ തലസ്ഥാനം. ആ പ്രദേശം അന്ന് റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. പിതാവിന്‍റെ പേരുകൂടി ചേര്‍ത്തുകൊണ്ട് മരിയ സലോമിയ സ്കൊഡോവ്സ്ക എന്ന പേരില്‍ അറിയപ്പെട്ടു. വാർ‌സയിലെ ക്ലാന്‍റസ്റ്റൈന്‍ ഫ്ലൈയിംഗ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച് അവിടത്തന്നെ പ്രായോഗിക പരിശീലനം ആരംഭിച്ചു. പിന്നീട് പാരീസിൽ പഠിക്കാൻ മൂത്ത സഹോദരി ബ്രോനിസ്വാവയെ അനുഗമിച്ചു, അവിടെ വെച്ച് ഉന്നതബിരുദങ്ങള്‍ നേടി. ഫ്രാന്‍സിനെ അവള്‍ സ്വന്തം നാടായി കരുതി. അവിടത്തെ സംസ്കാരം സ്വായത്തമാക്കി. ഒന്നിലധികം ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇടയില്‍ ജീവിതം തള്ളിനീക്കുന്നതിനിടയില്‍ അവളുടെ പേരിനെ പലരും പല രീതിയില്‍ ഉച്ചരിച്ചു. ചിലര്‍ക്കത് മരിയയാണെങ്കില്‍ മറ്റുചിലര്‍ക്ക് മേരിയായി.

ഒരു ദിവസം ഭൗതികശാസ്ത്രജ്ഞനുമായ ജസഫ് വിയൂറസ് - കൊവാൽസ്കി അവളെ മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തി. പിയറി എന്നായിരുന്നു ആളുടെ പേര്. ഭൗതികശാസ്ത്രജ്ഞനാണ്. യൂജിൻ ക്യൂറിയുടെയുടെയും സോഫി - ക്ലെയർ ക്യൂറിയുടെയും മകനായി പാരീസിലാണ് ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ ഗണിതത്തിലും ജ്യാമിതിയിലും നല്ല അഭിരുചി കാണിച്ചു. പതിനാറ് വയസ്സുള്ളപ്പോൾ ഗണിതശാസ്ത്രത്തിൽ ബി എസ് സി നേടി. പിന്നീടങ്ങോട്ട് ഉയര്‍ച്ചയുടെ പടവുകളായിരുന്നു. പതിനെട്ട് വയസ്സായപ്പോൾ, പാരീസ് സർവകലാശാല എന്നും അറിയപ്പെടുന്ന സോർബോണിലെ ഫാക്കല്‍റ്റി ഓഫ് സയന്‍സസില്‍ നിന്ന് ഫിസിക്കൽ സയൻസസിൽ യുഎസ് മാസ്റ്റേഴ്സ് ബിരുദത്തിന് തുല്യമായ ലൈസൻസ് കരസ്ഥമാക്കി. പണത്തിന്റെ ഞെരുക്കം മൂലം ഉടൻ ഡോക്ടറേറ്റിലേക്ക് പോയില്ല. പകരം ലബോറട്ടറി ഇൻസ്ട്രക്ടറായി ജോലി ചെയ്തു. പാരീസ് സർവകലാശാലയിൽ നിന്നുതന്നെയാണ് പിന്നീട് ഡോക്ടറേറ്റ് നേടിയത്. അതിനു ശേഷം ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറായി.

പിയറി അവളെ ലബോറട്ടറിയില്‍ തന്‍റെ ശിഷ്യയായി സ്വീകരിച്ചു. ആ ബന്ധം കലാശിച്ചത് ദാമ്പത്യത്തിലാണ്. പ്രപ്പോസല്‍ ആദ്യം അവൾ നിരസിച്ചെങ്കിലും ഒടുവിൽ വിവാഹം കഴിക്കാൻ സമ്മതിച്ചു. പിന്നീടങ്ങോട്ട് ഇരുവരുടെയും ജീവിതം കൂട്ടായി മുന്നേറി; ജീവിതയാത്രയില്‍ അവര്‍ പലതും കണ്ടു. അവയില്‍ പലതും മനുഷ്യസമൂഹം അന്നുവരെ കാണാത്തവയായിരുന്നു. മാത്രമല്ല,  മറ്റുപലരുടെയും കണ്ടത്തലുകള്‍ അവരുടെ കണ്ടെത്തലുകളെ സഹായിക്കുകയും ചെയ്തു.

ഒരു നവംബര്‍ എട്ട്; ഇരുപതാം നൂറ്റാണ്ട് പിറക്കുന്നതിന് അഞ്ചുവര്‍ഷം മുമ്പായിരുന്നു അത്. ബവേറിയയിലെ വുർസ്ബർഗിലെ ഫിസിക്സ് പ്രൊഫസറായ വിൽഹെം റോന്‍ട്ജെൻ കാഥോഡ് കിരണങ്ങൾ ഗ്ലാസിലൂടെ കടന്നുപോകുമോ എന്ന് പരിശോധിക്കുകയായിരുന്നു. കാഥോഡ് ട്യൂബ് കറുത്ത കടലാസ്സിൽ പൊതിഞ്ഞിരുന്നു, അതില്‍ നിന്ന് തിളക്കമുള്ള ഒരു പച്ചവെളിച്ചം അടുത്തുള്ള ഫ്ലൂറസെന്റ് സ്ക്രീനിൽ പതിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. നിഗൂഡമായ ഈ പ്രകാശം മിക്ക വസ്തുക്കളിലൂടെയും കടന്നുപോകുമെന്നും എന്നാൽ ഖരവസ്തുക്കളുടെ നിഴലുകൾ അവശേഷിക്കുമെന്നും അദ്ദേഹം കണ്ടെത്തി. അജ്ഞാതമായ ഈ കിരണത്തെ എക്സ് കിരണം എന്ന് അദ്ദേഹം വിളിച്ചു.

നാളുകള്‍ പിന്നെയും കടന്നുപോയി. വിന്‍ററില്‍ വിറങ്ങലിച്ച പ്രഭാതങ്ങള്‍. പക്ഷേ, അന്വേഷണങ്ങളെ മരപ്പിക്കാന്‍ ഹേമന്തക്കുളിരിനായില്ല. നവംബര്‍ കഴിഞ്ഞ് ഡിസംബര്‍; അതും കഴിഞ്ഞ് അടുത്ത വര്‍ഷം ജനുവരി. ആ മാസം ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിന്‍റെ ഒരു മീറ്റിംഗ് നടക്കുകയാണ്. അവിടെ വെച്ചാണ് വിൽഹെം റോന്‍ട്ജന്‍റെ കണ്ടെത്തലിനെക്കുറിച്ച് ഹെന്‍-റി ബെക്വറൽ ആദ്യമായി കേള്‍ക്കുന്നത്. ഭൗതികശാസ്ത്രജ്ഞനായതിനാല്‍ അതില്‍ താത്പര്യം ജനിച്ചു. റോന്‍ട്ജന്‍റെ കണ്ടെത്തലിനെക്കുറിച്ച് മനസിലാക്കിയ ബെക്വറൽ ഇതിനകം അന്വേഷിച്ചുകൊണ്ടിരുന്ന ഫോസ്ഫോറസെൻസും പുതുതായി കണ്ടെത്തിയ എക്സ്-റേയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. മാര്‍ച്ച് മാസത്തോടുകൂടി ഫലം കണ്ടുതുടങ്ങി; റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസത്തിന്‍റെ ഇതളുകള്‍ ബെക്വറലിന്‍റെ മനസ്സില്‍ വിരിഞ്ഞു. പിയറിയുടെയും മരിയയുടെയും അന്വേഷണങ്ങള്‍ക്ക് അവ പുതിയ മാനങ്ങള്‍ നല്കി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ട് പിറന്നു. ഹെന്‍-റി ബെക്വറലും പിയറി ക്യൂറിയും റേഡിയോ ആക്റ്റിവിറ്റി എന്ന സിദ്ധാന്തം വികസിപ്പിച്ചെടുത്തതിന്റെ പേരില്‍ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവെച്ചു.

മൂന്നുവര്‍ഷം കഴിഞ്ഞുള്ള ഒരു ദിവസം. പിയറി എന്തോ ആലോചിച്ചുകൊണ്ട് പാരീസിലെ തിരക്കേറിയ റൂ ഡോഫിന്‍ റോഡ്‌ മുറിച്ചുകടക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു. കാല്‍ വഴുതി പിയറി റോഡില്‍ വീണതും ഒരു കുതിരവണ്ടി പാഞ്ഞുവന്നതും ഒന്നിച്ചായിരുന്നു. തല വണ്ടിയുടെ ഒരു ചക്രത്തിനടിയില്‍ പെടുകയും തലയോട്ടി പോട്ടിപ്പിളര്‍ന്നുകൊണ്ട് തത്ക്ഷണം മരിക്കുകയും ചെയ്തു.

ഉപപാഠപുസ്തകത്തിലെ പിന്നീടുള്ള വിവരണം പിയറിയുടെ പ്രൊഫസര്‍ പോസ്റ്റിലേക്ക് മേരിക്ക് ആശ്രിതനിയമനം ലഭിച്ചതിനെക്കുറിച്ചായിരുന്നു. അവളുടെ ആദ്യത്തെ ക്ലാസ്സ്; പ്രിയപ്പെട്ട ഭര്‍ത്താവിന്‍റെ വിയോഗത്തില്‍ മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു; പ്രിയപ്പെട്ട അധ്യാപകന്‍റെ വിയോഗത്തില്‍ വിദ്യാര്‍ഥികളുടെ മനസ്സും. പുതിയൊരാധ്യാപിക ക്ലാസ്സില്‍ വരുമ്പോഴുള്ള പരിചയപ്പെടലിന്‍റെ ആരവങ്ങള്‍ ഒന്നുമില്ല. തളംകെട്ടിനിന്ന മൂകതയ്ക്കിടയില്‍ അവള്‍ ക്ലാസ് തുടങ്ങി; ഭര്‍ത്താവ് എവിടെയാണോ അവസാനിപ്പിച്ചത്, കൃത്യമായും അവിടെ. ക്ലാസ്സിന്റെ കാര്യത്തില്‍ മാത്രമല്ല, പിന്നീടുള്ള ജീവിതത്തിലും മേരി അതുതന്നെ ചെയ്തു; ഭര്‍ത്താവ് എവിടെയാണോ നിര്‍ത്തിയത് അവിടെ തുടര്‍ന്നു.

പിയറിക്ക് നോബല്‍ സമ്മാനം കിട്ടുന്നതിന് രണ്ടുവര്‍ഷം മുമ്പ് ആ ദമ്പതികള്‍ പാരീസിലെ തങ്ങളുടെ ലബോറട്ടറിയിലെ മിനറൽ പിച്ച്ബ്ലെൻഡിൽ നിന്ന് റേഡിയോ ആക്ടീവ് ആയിട്ടുള്ള റേഡിയം ലവണങ്ങൾ വിജയകരമായി വേർതിരിച്ചിരുന്നു. പിച്ച്ബ്ലെൻഡെ ഗവേഷണത്തിൽ റേഡിയം, പോളോണിയം എന്നീ മൂലകങ്ങളുടെ അസ്തിത്വം അതിന് മുമ്പുതന്നെ അവര്‍ പ്രവചിച്ചിരുന്നു. പിയറി മരിച്ച് അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ മേരിക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു .

പിയറി പലതും ബാക്കിവെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ മേരി മുഴുമിപ്പിച്ചു. പുതിയ കണ്ടെത്തലുകള്‍ മാനവരാശിക്ക് പല രീതിയിലും പ്രയൊജനപ്രദമാക്കാന്‍ ശ്രമിച്ചു. രോഗനിര്‍ണയത്തിലും ചികിത്സയിലും പുതിയ മുന്നേറ്റങ്ങളുണ്ടായി. ഒടിവുകള്‍ ഉള്‍പ്പെടെയുള്ള അസ്ഥികളുടെ വൈകല്യങ്ങള്‍ ശരീരം കീറിമുറിക്കാതെ തന്നെ ദൃശ്യമായി. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫീൽഡ് ആശുപത്രികൾക്ക് എക്സ്-റേ സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റുകൾ വികസിപ്പിച്ചു. അര്‍ബുദചികിത്സയിലും കാര്യമായ മാറ്റമുണ്ടായി. റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ നിയോപ്ലാസങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. ഭര്‍ത്താവിന്‍റെ പേര് അദ്ദേഹത്തിന്‍റെ മരണത്തോടെ മാഞ്ഞുപോകാന്‍ അനുവദിച്ചില്ല. പാരീസിലും വാർസോയിലും സ്ഥാപിച്ച ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടുകള്‍ മെഡിക്കൽ ഗവേഷണത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായി തുടര്‍ന്നു.

പക്ഷേ, കഥ ട്രാജഡിയില്‍ തന്നെ ഒതുങ്ങി. പോക്കര്‍ കെമിസ്ട്രി പുസ്തകത്തിലെ ആവര്‍ത്തപ്പട്ടികയിലേക്ക് നോക്കുമ്പോഴൊക്കെ ചില മൂലകങ്ങളുടെ പേരുകാണുമ്പോള്‍ ആ കഥ മനസ്സില്‍ തികട്ടിവന്നുകൊണ്ടേയിരുന്നു. അതുവരെ മനുഷ്യര്‍ കാണാത്ത വസ്തുക്കള്‍ കണ്ടെത്തുന്നതിനും അവ സമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിനുമായി സമര്‍പ്പിച്ച ജീവിതം, ആ വസ്തുക്കള്‍ പുറത്തുവിട്ട വികിരണങ്ങള്‍ കാര്‍ന്നുതിന്നുകൊണ്ടേയിരുന്നു. ഗവേഷണത്തിതിനിടയിൽ അവര്‍ വിപുലമായ അളവിലുള്ള റേഡിയേഷന് വിധേയയായി; രോഗിണിയായി. അപ്ലാസ്റ്റിക് അനീമിയ മൂലം മരിച്ചു. ഇപ്പോൾ പോലും, ഒന്നും ഒന്നെകാലും നൂറ്റാണ്ടുമുമ്പ് അവര്‍ കൈകാര്യം ചെയ്ത പേപ്പറുകള്‍, പാചകപുസ്തകങ്ങൾ പോലും, സ്പർശിക്കാൻ കഴിയാത്തത്ര അപകടകരമാണ്. അവരുടെ ലബോറട്ടറി പുസ്തകങ്ങൾ പ്രത്യേകതരത്തിലുള്ള ലെഡ് ബോക്സുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്, അവ കാണാൻ ആഗ്രഹിക്കുന്നവര്‍ റേഡിയേശന്‍ഷനില്‍ നിന്ന് സംരക്ഷണം നല്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചുമാത്രമേ അടുത്ത് പോകാവൂ എന്നുണ്ട്.

വാട്സ് ആപ്പിള്‍ ജ്യേഷ്ഠന്‍ അയച്ച എക്സ്റേ ഇമേജുകള്‍ പോക്കര്‍ പല തവണ നോക്കി. കഥകള്‍ക്കെല്ലാം ട്രാജഡികളായി ഒടുങ്ങാനാവും വിധി. ഉമ്മ പറഞ്ഞ കഥ മാത്രം അതിനപവാദമാകാന്‍ വഴിയില്ലല്ലോ.

ഉമ്മയുടെ വിവാഹം. ഉപ്പ പുതുമണവാളനായി ഉമ്മയെ സ്വീകരിക്കുമ്പോള്‍ പറക്കമുറ്റാത്ത ഒരു കുട്ടിയുടായിരുന്നു കൂടെ; ഉമ്മയുടെ കൊച്ചനുജന്‍. ഉമ്മയുടെ ഉമ്മ മരിച്ചയുടനെയായിരുന്നു വിവാഹം. ഉമ്മയുടെ ഉപ്പ നേരത്തെ മരിച്ചിരുന്നു. കൊച്ചുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ബാലനെ, കൊച്ചളിയനെ, ഉപ്പയ്ക്ക് ഇഷ്ടമായിരുന്നു. ചെറിയ കുസൃതിയൊക്കെ ഉണ്ടായിരുന്നു. ചോദിച്ചത് എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ ഉമ്മയെ കല്ലെടുത്തെറിയും. പക്ഷേ, ആ കുസൃതി ഉപ്പയ്ക്കിഷ്ടമായിരുന്നു. അതൊരു വലിയ കുസൃതിയായി വളര്‍ന്നു. ആരെയും കൂസാതെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു; ചോദ്യം ചെയ്യേണ്ടവരെ ചോദ്യം ചെയ്തു. ആ ആര്‍ജവത്തിനുപിന്നില്‍ നാട്ടുകാര്‍ അണിനിരന്നു. അമ്മാവന്‍ നേതാവായി. ഗ്രാമത്തില്‍ വൈദ്യുതിയും മറ്റുള്ള സൗകര്യങ്ങളുമെത്തി. സ്വത്തുതര്‍ക്കങ്ങളും കുടുംബകലഹങ്ങളുമൊക്കെ അമ്മാവന്‍റെ കോലായില്‍ ഒത്തുതീര്‍പ്പായി. നാട്ടുകാര്‍ക്ക് രോഗം വന്നാല്‍ അവരെയുമെടുത്ത് അമ്മാവന്‍ പായും; മംഗലാപുരത്തേക്ക്. താനടക്കമുള്ള വികൃതിപ്പയ്യന്മാര്‍ വീണ് കൈയും കാലുമൊക്കെ ഒടിയുമ്പോള്‍ അവരുടെ എക്സ്റേ ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടിംഗ് റൂമിനും എക്സ്റേ യൂണിറ്റിനുമിടയില്‍ ഓടിയ വ്യക്തിയുടെ എക്സ്റേ ഇമേജാണ് വാട്സ് ആപ്പില്‍. രോഗികളുമായി അന്നൊക്കെ അമ്മാവന്‍ പോയത് മംഗലാപുരത്തേക്കായിരുന്നു. പക്ഷേ, അങ്ങോട്ടേക്കുള്ള വഴികള്‍ ഇന്നില്ല. എല്ലാം മണ്ണിട്ട് മൂടിയിരിക്കുകയാണ്. കാസര്‍ക്കോട്ടുനിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന്‍ മംഗലാപുരത്തെ ആശുപത്രികള്‍ക്ക് നിര്‍ദേശവുമുണ്ട്. വുഹാന്‍ കഴിഞ്ഞാല്‍ പിന്നെ കൊറോണയുടെ കേന്ദ്രം കാസര്‍ക്കൊടാണ് എന്ന തരത്തിലാണ് മാധ്യമചര്‍ച്ചകള്‍ മുന്നേറുന്നത്.

കാസര്‍ക്കോട്ടെ ആശുപത്രിയിലാണ് അമ്മാവനെ അഡ്മിറ്റാക്കിയിരിക്കുന്നത്. ഇന്‍റര്‍ ട്രൊക്കാന്‍ട്രിക് ഫ്രാക്ചര്‍ ആണ് പ്രധാമായും ഉള്ളത്. കൂടാതെ കോലിസ് പോലുള്ള ഫ്രാക്ചറുകള്‍ വേറെയുമുണ്ട്. സര്‍ജറി കൂടാതെ ശരിപ്പെടുത്താന്‍ ആവാത്ത വിധത്തിലുള്ളതാണ് ഇന്‍റര്‍ ട്രൊക്കാന്‍ട്രിക് ഫ്രാക്ചര്‍. ചികിത്സിക്കുന്ന എല്ലുഡോക്ടര്‍, സര്‍ജറി ചെയ്‌താല്‍ സുഖമാവുമെന്ന് പറയുന്നു. പക്ഷേ, സര്‍ജറിയുടെ പ്രായോഗികമായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് മറ്റുള്ള അസുഖങ്ങള്‍ക്ക് ചികിത്സിക്കുന്ന ഫിസിഷ്യന് പറയാനുള്ളത്. ഓപ്പറേഷന്‍ ചെയ്യുകയാണെങ്കില്‍ നല്ല സൌകര്യങ്ങളുള്ള ആശുപത്രി വേണം. അതിനിടയില്‍ കോളേജിലെ ബന്ധപ്പെട്ട ഡിപാര്‍ട്മെന്‍റ് മേധാവികളോട് അഭിപ്രായം ചോദിക്കാനാണ് ജ്യേഷ്ഠന്‍ എക്സ്റേ ഇമേജ് വാട്സ് ആപ്പില്‍ അയച്ചത്.
സംക്രാന്തികള്‍ 18
ആയിരത്തിയൊന്ന് രാവുകള്‍ 19

സാനിറ്റൈസര്‍ ട്രാജഡി 20

ക്വാറന്റൈന്റെ ഇതിഹാസം 21

സ്‌പെയിനിലെ വസന്തം 22

കഴുകന്റെ സുവിശേഷം 23
തോറയും താല്‍മുദും 24
ക്ലിയോപാട്രയുടെ മൂക്ക് 25

ക്ഷേത്രവും ക്ഷേത്രജ്ഞനും 26

മൊണാലിസയുടെ കാമുകന്‍ 27
മെഡിക്കസ് ക്യുറാത് നാച്യൂറ സനാത് 28

കാസര്‍ക്കോട്ടുകാരന്‍റെ റൂട്ട്മാപ്പ് 29

കാലന്‍റെ സഹോദരന്‍ 30

കണ്‍ട്രോള്‍ഡ് ട്രയല്‍ 31

കണ്ണും കണ്ണും തമ്മിൽ തമ്മിൽ... 32

നികലോന ബേനകാബ്... 33

ലില്ലിപ്പുട്ടിലെ ജീവിതങ്ങള്‍ 34


Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Wuhan and Kasaragod.


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL