city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate | വക്രബുദ്ധിക്കൊരു തിരിച്ചടി

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 27) 

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഇത്തവണ ദുബായില്‍ വന്നിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിഞ്ഞെന്നും കുട്ടികള്‍ ബാപ്പാനെ ചോദിച്ചു കൊണ്ടേയിരിക്കുന്നെന്നും ഭാര്യയുടെ കത്തിലെ വരികള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. പലപല പ്രശ്‌നങ്ങളും പരിഹരിക്കാനുള്ളത് കൊണ്ട് നാട്ടില്‍ പോക്ക് നീങ്ങു നീണ്ടുപോയി ഇവിടെ വരെയെത്തി. എന്താ, നാടും വീടുമാന്നും വേണ്ടേ? പണം മാത്രം മതിയോ? എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. നാട്ടില്‍ നിന്നു വരുന്ന കത്തുകളില്‍ കെട്ടിയോളും മക്കളും കുറിച്ചുവെക്കുന്നതും ഇതേ പല്ലവി തന്നെയാണ്. പോയിട്ട് കുറേ വര്‍ഷങ്ങളായില്ലേ? കാണാന്‍ പൂതിയാവുന്നു, ഒന്നു വന്നുകൂടെ. ഈ വരികള്‍ വായിച്ചുതീരുമ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞുപോകും. ആരും കാണാതെ ടവ്വല്‍ കൊണ്ട് ആ നനവുകള്‍ ഒപ്പിയെടുക്കും.
               
Expatriate | വക്രബുദ്ധിക്കൊരു തിരിച്ചടി

ലെബ്‌നാനുകാരന്‍ അഹമ്മദ് അല്‍ മുല്ലയുടെയുടെ പ്രിന്റിംഗ് പ്രസില്‍ സാമാന്യം തെറ്റില്ലാത്ത ഒരു ശമ്പളമുള്ള പണിയുണ്ട്. രണ്ടോ മൂന്നോ മാസം കഴിഞ്ഞാലേ അത് കയ്യില്‍ കിട്ടൂ. അദ്ദേഹത്തിന് കിട്ടാത്തത് കൊണ്ടാണ് ജീവനക്കാര്‍ക്ക് മാസാമാസം കൂലി കൊടുക്കാന്‍ പറ്റാതെ നീട്ടിക്കൊണ്ട് പോകുന്നത്. അത് കയ്യില്‍ കിട്ടിയാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും അയച്ചുകൊടുത്ത്, റൂം റെന്റും, മെസ്സിനും, സാധനങ്ങള്‍ വാങ്ങിയ ഗ്രോസറിക്കാരന്റെ പറ്റും തീര്‍ത്തുകഴിഞ്ഞാല്‍ സ്വന്തം ചെലവിനുപോലും പലപ്പോഴും ബാക്കി കാണില്ല. ഒന്നുമില്ലാതെ കയ്യും വീശി നാട്ടില്‍ പോകാനാവില്ലല്ലോ? വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും അയല്‍വാസികള്‍ക്കുമൊക്കെ എന്തെങ്കിലും വാങ്ങിക്കാതെ പോകുന്നതും കുറച്ചിലാണല്ലോ.

പണിയുടെ തിരക്കാണെന്ന് പറഞ്ഞു പലപ്രാവശ്യം പോക്ക് നീട്ടിവെച്ചതാണ്. അതുകൊണ്ട് തന്നെ പോകുമ്പോള്‍ അതിന്റെ അന്തസ്സോടെത്തന്നെ പോകണമെന്ന് ഭാര്യയ്ക്കും മക്കള്‍ക്കും നിര്‍ബന്ധവുമാണ്. നമ്മുടെ ഇല്ലായ്മയും വല്ലായ്മയുമൊന്നും കുടുംബക്കാരും നാട്ടുകാരും അറിഞ്ഞാല്‍ അതിന്റെ പോരായ്മ നമുക്കുതന്നെയാണ്. ഒരു മകള്‍ വളര്‍ന്നു വരുന്നുണ്ട്. അവളുടെ കല്യാണ ബന്ധങ്ങള്‍ക്കുപോലും അത് സാരമായി ബാധിക്കും എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ എപ്പോഴുമുണ്ടായിരിക്കണമെന്നാണ് അവള്‍ പറയാറുള്ളത്. അതുകൊണ്ട് തന്നെ അതനുസരിച്ച് അവിടെ അടിച്ചുപൊളിച്ചു ജീവിക്കാറില്ലെന്ന് മാത്രമല്ല, വളരെ ഒതുങ്ങി കഷ്ടത്തിലാണ് കഴിഞ്ഞുകൂടുന്നത്. എങ്കിലെ വീട്ടിലെ കാര്യവും നാട്ടിലെ കാര്യങ്ങളും വേണ്ടതുപോലെ ഭംഗിയായി നടത്താന്‍ സാധിക്കൂ. അതുപോലെ അവധിയാത്രയും കേമമാക്കണം. ഈയൊരു ചിന്തയിലായിരുന്നു നാട്ടില്‍ പോക്ക് നീണ്ടുനീണ്ടു പോയത്.

ഇനി വല്ലവരോടും കടം വാങ്ങിപ്പോയാല്‍ തിരിച്ചുവന്ന് അത് കൊടുത്തുവീട്ടുന്നത് അതിനേക്കാള്‍ വലിയ ബാധ്യതയുമായിരിക്കും. എന്തെങ്കിലും കാരണത്താല്‍ അതിനിടയില്‍ അവര്‍ക്ക് പോകേണ്ടിവന്നാല്‍ ആ കാശ് ഒപ്പിച്ചുകൊടുക്കാന്‍ പാടുപെടേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ആരുടെയും കാലുപിടിക്കാന്‍ നില്‍ക്കാതെ നാട്ടുകാരനും ബന്ധുവും ഗള്‍ഫില്‍ സാമാന്യം തെറ്റില്ലാത്ത കച്ചവടക്കാരനുമായ ഉസ്മാന്‍ക്കയെ സമീപിച്ചു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടശേഷം ഉസ്മാന്‍ പറഞ്ഞു. നീ രണ്ടുദിവസം മുമ്പേ ചോദിച്ചിരുന്നെങ്കില്‍ നിനക്ക് ആവശ്യമുള്ള കാശു തരുമായിരുന്നു. ഇന്നലെ ഞാന്‍ എന്റെ അനുജന്‍ എന്തോ ആവശ്യവുമായി വന്നപ്പോള്‍ കൊടുത്തു. ഇനി ഒരു വഴിയേ എന്റെ മുമ്പിലുള്ളൂ. മകളുടെ കല്യാണാവശ്യത്തിനായി വാങ്ങിവെച്ച ഒരു സ്വര്‍ണ്ണമാലയുണ്ട്. അത് നീ കൊണ്ടുപോയി ബാങ്കില്‍ വെച്ച് ഇപ്പോള്‍ ആവശ്യമുള്ള കാശെടുത്തോളൂ. അത് പിന്നീട് എടുക്കാമല്ലോ. ഇത്രയും പറഞ്ഞു, ഉസ്മാന്‍ക്ക സന്തോഷത്തോടെ മാല എടുത്ത് തരികയും ചെയ്തു.
           
Expatriate | വക്രബുദ്ധിക്കൊരു തിരിച്ചടി

അത് നല്ല ഐഡിയ തന്നെ. ആപത്ത് കാലത്ത് ഉപകരിക്കുന്ന ആളെ മുമ്പില്‍തന്നെ വെച്ചിട്ടാണ് വേറെ പലവഴിക്കും ചിന്തിച്ച് ടെന്‍ഷന്‍ അടിച്ചുകൊണ്ടിരുന്നത്. അങ്ങിനെ കാശുണ്ടല്ലോ എന്നൊരു ആത്മധൈര്യത്തോടെ മുനീര്‍ നാട്ടിലേക്കു തിരിക്കുകയും ചെയ്തു. വീട്ടിലെത്തിയതിന്റെ പിറ്റേദിവസം അതിരാവിലെ തന്നെ കാളിംങ് ബെല്ല് തുരുതുരെ അടിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഉസ്മാന്‍ക്കായുടെ മോന്‍ അഫ്‌സല്‍ മുന്നില്‍ നില്‍ക്കുന്നു. സലാം പറഞ്ഞു അകത്ത് കയറിയ ഉടന്‍ തന്നെ മുഖവുരയില്ലാതെ അവന്‍ പറഞ്ഞുതുടങ്ങി, ബാപ്പ ഒരു സ്വര്‍ണ്ണമാല നിങ്ങളെ ഏല്പിച്ചിരുന്നോ? അതെ, എന്നു പറഞ്ഞു തലയാട്ടി. അത് വാങ്ങിക്കൊണ്ട് പോകാനാണ് ഞാന്‍ വന്നത്. അത് കേട്ട മുനീര്‍ തളര്‍ന്നു പോയി.

അപ്പോ അദ്ദേഹത്തിന്റെ സ്വര്‍ണ്ണമാല നാട്ടിലെത്തിക്കാനുള്ള തന്ത്രമായിരുന്നോ എന്റെ സാമ്പത്തിക ഞെരുക്കത്തിലൂടെ അദ്ദേഹം നേടിയെടുത്തത്. ഉസ്മാന്‍ക്കയുടെ ഉള്ളിലിരിപ്പ് പിടികിട്ടിയ മുനീര്‍ അത് പുറത്ത് കാണിക്കാതെ തന്ത്രപരമായി പറഞ്ഞു. 'എന്റെ പടച്ചോനെ, എനിക്ക് ഒരു അമളി പറ്റി ഇനി പറഞ്ഞിട്ടെന്തകാര്യം. സ്വര്‍ണ്ണവും എന്റെ ചില അത്യാവശ്യ സാധനങ്ങളും അടങ്ങിയ ബാഗ് അവിടെ മറന്നു പോയി. ആ മാല അതിനകത്താണ്. സാരമില്ല ദുബായിലെ എന്റെ റൂമിലെ അലമാരയില്‍ തന്നെ ഭദ്രമായി പൂട്ടി വെച്ചിട്ടുണ്ട് . ഇനി എന്തു ചെയ്യാനാണ്? അവിടെ തിരിച്ചെത്തിയാല്‍ എടുത്ത് തരാമെന്ന് നീ ഉപ്പാനോട് പറയണം', ആ വാക്ക് കേട്ട് അഫ്‌സല്‍ നിരാശയോടെ മടങ്ങുന്നതും നോക്കി നിന്ന മുനീര്‍ ഉള്ളാലെ ചിരിച്ചു.

Also Read: 























Keywords:  Article, Story, Kerala, Job, Gulf, Dubai, Best Backlash from expatriate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia