Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു പ്രേമ ലേഖനം വരുത്തിവെച്ച പൊല്ലാപ്പുകള്‍

Story of a love letter#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രവാസം, അനുഭവം, ഓർമ (ഭാഗം - 2)

/ കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com)
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടെയാണ് ഞങ്ങൾ കുവൈറ്റിലെത്തിയത്. ജോലിയിൽ പ്രവേശിച്ചു ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോൾ നടന്ന ഒരു സംഭവം കമ്പനിക്ക് കത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. കമ്പനിയിലെ ജീവനക്കാരായ തമിഴ്നാട്ടുകാരന്‍ ഡേവിഡും മലയാളിയായ ചന്ദ്രനും കൂടി ഒപ്പിച്ചുവെച്ച ഒരു കുസൃതിയാണ് വലിയൊരു പൊല്ലാപ്പായി മാറിയത്. ഇതേ കുറിച്ചോർത്ത് ഞാന്‍ പലപ്പോഴും ചിന്തിക്കുകയും ചിരിക്കുകയും ചെയ്യാറുണ്ട്. മറക്കാനാവാത്ത ആ സംഭവമാണ് ഇവിടെ കുറിക്കുന്നത്.

ഷുലഫിക്കാത്ത് ഹോസ്പിറ്റലിലായിരുന്നു അവർക്ക് ജോലി. ഞങ്ങളുടെ താമസസ്ഥലത്തെ പോസ്റ്റ് ബോക്സില്‍ തോമസ് പെരേരയുടെ ആളിന് ദേവയാനി തിലകന്‍ എന്ന ഒരു സ്ത്രീയുടെ ഫ്രം അഡ്രസ്സില്‍ (കുവൈറ്റില്‍ നിന്ന് തന്നെ) ഒരു കത്ത് വന്നു കിടക്കുന്നത് കണ്ട ചന്ദ്രന്‍ അതെടുത്തുകൊണ്ടുപോയി തന്‍റെ മുറിക്കകത്തിരുന്ന് ആരും കാണാതെ പൊട്ടിച്ചു നോക്കിയപ്പോള്‍, തമിഴിലായിരുന്നു എഴുത്ത്. അതുകൊണ്ട് കത്തിലെ വിവരങ്ങളൊന്നും മനസ്സിലാക്കാനാവാത്ത ചന്ദ്രന്‍ കത്ത് മടക്കി പോക്കറ്റിലിട്ടു. ഇതിലെന്താണുള്ളതെന്ന് മനസ്സിലാക്കാനാവാത്തതിന്‍റെ വിഷമത്തില്‍ കട്ടിലില്‍ തന്നെ കിടന്ന് തലപുകഞ്ഞാലോചിച്ചു കൊണ്ടിരുന്നു.
  
Kuttiyanam Mohammedkunhi, Story, Kuwait, Love, Love letter, Job, Hospital, Friend, Youth, Story of a love letter.

ഏറെ നേരത്തിനുശേഷമാണ് ഐഡിയ പിടിക്കിട്ടിയത്. അടുത്ത റൂമില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നുറങ്ങുന്ന തമിഴന്‍ ഡേവിഡിനെ ചെന്ന് കണ്ട് കത്ത് വായിപ്പിച്ച് കാര്യങ്ങളറിയാമെന്ന് കരുതി ചന്ദ്രൻ അങ്ങോട്ട് പോയി. ഡേവിഡ് തമിഴനാണെങ്കിലും ഇവര്‍ തമ്മില്‍ ഇതിനകം തന്നെ നല്ല ആത്മബന്ധം സ്ഥാപിച്ചിരുന്നു. ആള്‍ ഒരു പാവം, അതുകൊണ്ടുതന്നെ കാര്യങ്ങളൊന്നും ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചുകൊള്ളും എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയാണ് ചന്ദ്രന്‍ ഡേവിഡിനോട് കത്ത് വായിക്കാന്‍ പറഞ്ഞത്. കുവൈറ്റിലെ ഏതോ അറബിപ്പുരയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ കുവൈറ്റില്‍ തന്നെയുള്ള തന്‍റെ കാമുകന് എഴുതിയ കത്താണ് ബോക്സ് മാറി വന്ന് ചന്ദ്രന്‍റെ കൈകളിലെത്തിയിരിക്കുന്നത്.

താന്‍ പണിയെടുക്കുന്ന വീട്ടില്‍ ഭയങ്കര ജോലിയും കഷ്ടപ്പാടുമാണെന്നും പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ലെന്നും, മാത്രമല്ല രണ്ടാഴ്ച കൂടുമ്പോള്‍ തന്നിരുന്ന അവധിപോലും ഇപ്പോള്‍ തരാത്തതിനാലാണ് പള്ളിയിലും കുവൈറ്റ് സിറ്റിയിലും വരാന്‍ പറ്റാതിരുന്നതെന്നും എത്രയും പെട്ടെന്ന് എന്നെ ഇവിടന്ന് രക്ഷപ്പെടുത്തിയില്ലെങ്കില്‍ ഇവരുടെ പണിയെടുത്ത് ഞാന്‍ മരിച്ചു പോകുമെന്നും നമുക്ക് പുറത്തെവിടെയെങ്കിലും റൂമെടുത്ത് ഒരുമിച്ച് താമസിക്കാംമെന്നും അതിൽ പറയുന്നു. ചേട്ടന്‍ പറഞ്ഞത് പോലെ നമുക്ക് ഏതെങ്കിലും ഫ്ളാറ്റുകളില്‍ പോയി പാര്‍ ടൈം ജോലി ചെയ്ത് സ്വാതന്ത്രമായി ജീവിക്കാമല്ലോ... ഇങ്ങനെയുള്ള വേദനാജനകമായ വരികള്‍ വായിച്ചു കേട്ടപ്പോള്‍ ചന്ദ്രന് വേദനയും സന്തോഷവും ഒത്തുചേരുന്നതുപോലുള്ള ഒരനുഭൂതിയാണുണ്ടായത്. ഏതായാലും ഇതിനൊരു മറുപടി എഴുതി അവളുടെ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തിന് ഒരാശ്വാസം പകരാന്‍ ചന്ദ്രന്‍ തീരുമാനിച്ചു.

കടലാസും പേനയുമായി വന്ന് ചന്ദ്രന്‍ ഡേവിഡിനോട് എഴുതാന്‍ പറഞ്ഞു. എന്‍റെ സ്നേഹനിധിയായ കരളിന്‍റെ കഷ്ണമായ ദേവയാനിക്ക്... അറബിപ്പുരയില്‍ കിടന്ന് നീ ഇത്രമാത്രം തീ തിന്നുകയാണെന്നറിഞ്ഞതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. ആ വിവരമറിഞ്ഞ ശേഷം ഞാന്‍ ഉണ്ടിട്ടും ഉറങ്ങിയിട്ടുമില്ല. ആയതിനാല്‍ നീ പുറത്ത് വരാന്‍ തയ്യാറായി നിന്നോളൂ. ഏതു നിമിഷവും ഞാന്‍ വന്ന് നിന്നെ രക്ഷപ്പെടുത്തിക്കൊള്ളാം എന്ന വാഗ്ദാനും നൽകിയാണ് ചന്ദ്രൻ്റെ മറുകുറിപ്പിനെ തമിഴക്ഷരങ്ങളാക്കി മൊഴി മാറ്റം നടത്തിയ കൂട്ടത്തില്‍, ഡേവിഡും അനുരാഗത്തില്‍ ചാലിച്ച ചില വരികള്‍ സ്വന്തമായി കൂട്ടിച്ചേര്‍ക്കുകയും ചന്ദ്രന്‍ മലയാളിയാണെന്നും നമ്മുടെ ദേശക്കാരനോ ഭാഷക്കാരനോ അല്ലെ, അതിനാൽ അദ്ദേഹത്തിന് മറുപടിയൊന്നുമയക്കണ്ട എൻ്റെ പേരിൽ കത്തെഴുതിയാൻ മതി നിന്നെ ഞാൻ കൊണ്ടുപോയി പൊന്നുപോലെ നോക്കിക്കൊള്ളാമെന്നും കുറിച്ചു വെച്ച് സ്വന്തം വിലാസം കൂടി എഴുതിചേര്‍ത്ത് കവറിലിട്ട് അഡ്രസ്സ് എഴുതി പോസ്റ്റ് ചെയ്തുവിട്ടു.
  
Kuttiyanam Mohammedkunhi, Story, Kuwait, Love, Love letter, Job, Hospital, Friend, Youth, Story of a love letter.

പ്രവാസകാലത്തെ വിരഹ നൊമ്പരങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമിടാന്‍ ഒരു കാമുകിയെ വീണുകിട്ടിയ സന്തോഷത്തോടെ ഇരുവരും പരസ്പരം കാര്യങ്ങളൊന്നും തുറന്നു പറയാതെ ഒരു പുതിയ ജീവിതത്തെയും അനുരാഗത്തിന്‍റെ ദിനരാത്രങ്ങളേയുംസ്വപ്നം കണ്ടുകഴിയവെയാണ് ഒരു ദിവസം പോലീസ് ജീപ്പുകൾ ചീറി വന്നു. കുറേ പോലീസുകാര്‍ ഞങ്ങളുടെ താമസ സ്ഥലം വളഞ്ഞു. രണ്ടുമൂന്ന് ഓഫീസര്‍മാര്‍ ക്യാമ്പ് ബോസിന്‍റെ ഓഫീസിലേക്ക് കയറിപ്പോയി എന്തൊക്കെയോ സംസാരിച്ച ശേഷം ഇറങ്ങിവന്ന് കെട്ടിടത്തിനകത്തേക്ക് കയറിപ്പോയി ചന്ദ്രനേയും ഡേവിഡിനേയും പിടിച്ചു ജീപ്പില്‍ കയറ്റി കൊണ്ടുപോയി.

നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇവര്‍ ആ യുവതിക്കയച്ച കത്ത് കിട്ടുന്നതിന്ന് മുമ്പ് തന്നെ ദേവയാനിയുടെ കാമുകൻ അവരുമായി ബന്ധപ്പെട്ട് അവളെ അറബി വീട്ടിൽ നിന്നും ചാടിച്ചു കൊണ്ടുപോയിരുന്നതിനാൽ ഇവർ അയച്ച പ്രേമലേഖനം അവളുടെ സ്പോണ്‍സറുടെ കൈയ്യിലായിരുന്നു കിട്ടിയത്. ആ കത്ത് വരുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് തന്നെ ജോലിക്കാരിയെ കാണാതായതിനാല്‍ അറബി പോലീസില്‍ പരാതിപ്പെട്ടിരുന്നു. മിസ്സിംഗ് കേസെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരുടെ കത്ത് കിട്ടുന്നത്.

ഇതോടെ വേലക്കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ ആളുകളെയും മനസ്സിലായി. പ്രതികളെ പിടികൂടിയെന്ന സമാധാനത്തിൽ പോലീസുകാരും അർബ്ബാബും. കുറ്റമാരോപിച്ചു പിടിക്കപ്പെട്ട ഇവർ തടവിലാക്കപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഇവര്‍ അന്നേ ദിവസം കമ്പനിയിൽ ജോലിയിലുണ്ടായിരുന്നതിൻ്റെ ആവശ്യമായ രേഖകള്‍ കാണിച്ച് മാനേജരും പിആർഒയും ചേർന്ന് ഏറെ പാടുപെട്ടാണ് ഇവരെ മോചിപ്പിച്ചു കൊണ്ട് വന്നത്.

Also Read: 


Keywords: Kuttiyanam Mohammedkunhi, Story, Kuwait, Love, Love letter, Job, Hospital, Friend, Youth, Story of a love letter.

Post a Comment