city-gold-ad-for-blogger
Aster MIMS 10/10/2023

Food | ഇങ്ങനെ വിരുന്നൊരുക്കാൻ ഇത് നമ്മുടെ നാടല്ല അളിയാ

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 20)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ജോലി ചെയ്ത് സമ്പാദിക്കുകയെന്നത് ഒരുകാലത്ത് യുവാക്കളുടെ ഒരു ഹരമായിരുന്നു. ഗൾഫിൽ ഒരു ജോലി അതായിരുന്നു മിക്ക ആളുകളുടേയും ശ്രദ്ധ, അതിനു വേണ്ടി നോക്കാത്ത വഴികളോ മുട്ടാത്ത വാതിലുകളോ നന്നേ വിരളമായിരിക്കും. അതിലൊന്നായിരുന്നു വിസ സ്ത്രീധനമായി കല്യാണം കഴിക്കുക എന്ന ഒരു വഴിയും. അക്കാലത്ത് പ്രവാസികളായ പലരും തങ്ങളുടെ പെൺമക്കളെ കല്യാണം കഴിച്ചുവിടാൻ വേണ്ടി സ്ത്രീധനമായി വിസ വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയാണ് അബുദബിയിലായിരുന്ന സുലൈമാന്‍ക്ക തന്‍റെ മകള്‍ നഫീസയെ കുറച്ചു സ്വർണവും ദുബായിലേക്കൊരു വിസയും തരാമെന്ന് പറഞ്ഞ് യൂസഫിന് കല്യാണം കഴിപ്പിച്ചുകൊടുത്തത്. അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സുലൈമാനും മകൻ കബീറും നടത്തുന്ന കഫത്തേരിയയിലേക്ക് അളിയന്ന് ഒരു വിസ ഒപ്പിച്ചു അബുദാബിയിലെത്തി.

Food | ഇങ്ങനെ വിരുന്നൊരുക്കാൻ ഇത് നമ്മുടെ നാടല്ല അളിയാ

 യൂസഫ് ഗള്‍ഫിലെത്തിയതില്‍ പിന്നെയും പുതിയാപ്ലയെന്ന നിലയില്‍ നല്ല പരിഗണനയാണ് ഭാര്യാ വീട്ടുകാർ അവിടെ നല്‍കിവന്നത്. എസിയൊക്കെ വെച്ച നല്ല റൂമിനകത്താണ് താമസം. ഡ്രസ്സുകളൊന്നും സ്വന്തമായി അലക്കേണ്ടതില്ല. അഴുക്കാവുമ്പോള്‍ അവിടെ ഒരു ബക്കറ്റില്‍ ഇട്ടുവെച്ചാല്‍ അലക്കുകാരന്‍ കൊണ്ടുപോയി വാഷ് ചെയ്ത് അയണ്‍ ചെയ്ത് കൊണ്ട് വന്ന് അവരവരുടെ കട്ടിലില്‍ വെച്ചിരിക്കും. ഇതിനുപുറമെ റൂമിലെ മെസ്സില്‍ എന്നും കോഴിക്കറിയും പൊരിച്ചതും തന്നെയായിരിക്കും. ഒന്നിനും ഒരു കുറവും വരുത്താതെ നാട്ടിലേതിനേക്കാള്‍ ഭംഗിയോടെ ഒരു പുതിയാപ്ലയോട് കാണിക്കേണ്ട എല്ലാ പരിഗണകളും നൽകി പെരുമാറുന്നതിന്‍റെയും ഇടപഴകുന്നതിന്‍റെയും സകലമാന ആദരവുകളും നൽകികൊണ്ട് ഇങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറുനാട്ടിൽ ഇതൊക്കെ വേണോയെന്ന് യൂസഫിന്ന് തന്നെ തോന്നി.

അങ്ങിനെ ഒരു ദിവസം യൂസഫ് അമ്മോച്ഛക്കാനോട് അത് തുറന്നു പറയുക തന്നെ ചെയ്തു. 'എന്നും കോഴി അറുത്ത് വെച്ചുവിളമ്പാന്‍ ഇത് നമ്മുടെ നാടൊന്നുമല്ലല്ലോ കാക്ക. ഇതിന്‍റെ ആവശ്യമൊന്നുമില്ല. എനിക്ക് വല്ല പയറോ പരിപ്പോ പച്ചക്കറിയോ ഉണ്ടെങ്കില്‍ ധാരാളം മതി. പുതിയാപ്ലയാണെന്ന് കരുതി വിരുന്നും കാര്യങ്ങളൊന്നും വേണ്ട കേട്ടോ', പുതിയാപ്ലയുടെ വാക്കുകള്‍ കേട്ട സുലൈമാന്‍ക്ക ഒന്ന് ഊറിച്ചിരിക്കുക മാത്രമാണ് ചെയ്തത്. പുതിയാപ്ലയുടെ സത്ക്കാരത്തിന് ഒരു കുറവും വരുത്തിയതുമില്ല. ഗള്‍ഫു രാജ്യങ്ങളിലെ സാധാരണ പ്രവാസികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഭക്ഷണമാണ് ഡെന്‍മാര്‍ക്കിന്‍റെ ഫ്രോസന്‍ കോഴിയും അറബി കുബ്ബൂസും. ചിലവ് കുറച്ച് ജീവിക്കാന്‍ വേണ്ടി ഈ ഒരു ഭക്ഷണരീതിയാണ് ഒട്ടുമിക്ക ബാച്ചിലന്മാരുടെ റൂമുകളിലും ചെയ്യാറുള്ളത്.

അവിടെ ആടുമാടുകള്‍ക്കും പച്ചക്കറി സാധനങ്ങള്‍ക്കുമെല്ലാം കോഴിയേക്കാള്‍ ഇരട്ടി വില നല്‍കേണ്ടതായി വരും. അതിനാല്‍ കോഴി അവിടത്തെ നിത്യ വിഭവമായിരുന്നു. അക്കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ കോഴിക്കറി വെക്കാറുള്ളത് രണ്ട് പെരുന്നാളിനും കല്യാണത്തിനും, അതിനു ശേഷമുള്ള വിരുന്നുകള്‍ക്കും മാത്രമായിരിക്കും. പുതിയാപ്ല വരുമ്പോള്‍ കോഴിക്കറിയും പത്തിരിയും ഉണ്ടാക്കി വിരുന്നൊരുക്കിയില്ലെങ്കില്‍ വലിയ കുറച്ചിലുമാണ്. 

Food | ഇങ്ങനെ വിരുന്നൊരുക്കാൻ ഇത് നമ്മുടെ നാടല്ല അളിയാ


അതുകൊണ്ട് പുതിയാപ്ല വന്നാല്‍ വീടുകളില്‍ തന്നെ വളര്‍ത്തുന്ന നല്ല നാടന്‍ കോഴികളെ ഓടിച്ചിട്ട് പിടിച്ച് രണ്ട് കാലും ചിറകും കെട്ടി ഒരു സഞ്ചിയിലിട്ട് വീട്ടിലെ പിള്ളേരുടെ പക്കല്‍ പള്ളിയിലേക്ക് കൊടുത്തുവിടും. അവിടെന്ന് പള്ളിയിലെ മുക്രിക്ക അറബി സ്തോത്രങ്ങള്‍ ഉച്ചരിച്ച് ആചാരമര്യാദയോടെ അറുത്ത് ഹലാല്‍ ചെയ്തു കൊടുക്കും. അത് വിചാരിച്ചിട്ടായിരിക്കും നമ്മുടെ യൂസഫ് പുതിയാപ്ല അമ്മോച്ഛന്‍ കാക്കയോട് കോഴി അറുത്തുള്ള വിരുന്നു സല്‍ക്കാരം വേണ്ടെന്ന് പറഞ്ഞത്. പിന്നീടുള്ള പ്രവാസ ജീവിതം അദ്ദേഹത്തെ കോഴിക്കറി വിരുന്നിന്‍റെ ഗുട്ടന്‍സ് പഠിപ്പിച്ചു കാണും.

Also Read: 
















Keywords:  Article, Worker, Gulf, Job, Story, Kuttiyanam Mohammed Kunhi, Dubai, Abudhabi, Food at Gulf for son-in-law.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL