Military stories | പിള്ളച്ചേട്ടന്റെ പട്ടാളക്കഥകള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 18)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) പട്ടാളത്തില്‍ നിന്ന് പെന്‍ഷന്‍ പറ്റിവന്ന ശേഷം പിള്ളച്ചേട്ടന്‍, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ തന്റെ വീടിനടുത്തുള്ള ചായക്കടയിലും കവലയിലും ചെന്നിരുന്ന് പട്ടാളത്തില്‍ താന്‍ ചെയ്തു കൂട്ടിയ വീരഗാഥകള്‍ പറഞ്ഞു നടന്നിരുന്ന കാലത്താണ് കുവൈറ്റില്‍ പോയി വലിയ പണക്കാരനായ ഡാനിയേലച്ചായന്‍ അവിടെ ഏതോ കമ്പനി തുടങ്ങി പേര്‍ഷ്യയിലേക്ക് ആളുകളെ കൊണ്ടുപോകുന്നുണ്ടെന്ന വിവരമറിഞ്ഞത്. അങ്ങിനെ അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു സംസാരിച്ചപ്പോള്‍ കുവൈറ്റിലേക്കാണ് ചാന്‍സുള്ളതെന്നും എത്രയും പെട്ടെന്ന് പോകാനാകുമെന്നും പറഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ കയറിപ്പോകാനും സാധിച്ചു.
         
Article, Story, Military,Army, Dubai, Gulf, Kerala, Pillachetan's military stories.

കുവൈറ്റിലെത്തുമ്പോള്‍ തന്നെ അറുപത് വയസിനോടടുത്ത് പ്രായക്കാരനായ ശിവശങ്കരന്‍ പിള്ളയെ ഞങ്ങള്‍ അങ്കിള്‍ എന്നും പട്ടാളം പിള്ളയെന്നുമായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളോടൊപ്പം താമസിച്ചിരുന്ന പിള്ള ജോലി സ്ഥലത്തും റൂമിലും രസകരമായ പഴയ പട്ടാളക്കഥകള്‍ പറഞ്ഞു ഞങ്ങളെ രസിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ തിരിച്ചും കളിപ്പിക്കാറുണ്ടായിരുന്നു. പ്രമേഹമടക്കമുള്ള പല അസുഖങ്ങളുമുണ്ടായിരുന്ന പിള്ളച്ചന്‍ അതൊന്നും വലിയ കാര്യമായി കണക്കാക്കിയതേയില്ല. ഡോക്ടര്‍മാര്‍ കഴിക്കരുതെന്ന് പറഞ്ഞ പഴങ്ങളും മധുരപലഹാരവും വേണ്ടുവോളം അകത്താക്കി ക്ഷീണിതനായിരിക്കുമ്പോഴും പിള്ള നര്‍മ്മം വിളമ്പാന്‍ ഒരു മടിയും കാണിക്കാറില്ല.
                
Article, Story, Military,Army, Dubai, Gulf, Kerala, Pillachetan's military stories.

ഒരിക്കല്‍ കലശലായ പല്ലുവേദന വന്ന് ആശുപത്രിയില്‍പോയി ഡോക്ടറെ കണ്ട പിള്ളയോട് എല്ലാ പല്ലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നുവെന്നും എല്ലാ പല്ലുകളും പറിച്ചു മാറ്റിയാലേ വേദന മാറൂ എന്നുമാണ് ദന്തഡോക്ടര്‍ നിര്‍ദേശിച്ചത്. കുവൈറ്റില്‍ അക്കാലത്ത് മെഡിക്കല്‍ സൗജന്യമായിരുന്നതിനാല്‍ അതിനൊന്നും ഒരു ചിലവുമില്ല. അത് കൊണ്ട് പല്ലെടുക്കാന്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അന്ന് തന്നെ പല്ല് പിഴുതെടുക്കുകയും രണ്ടു ദിവസത്തെ സിക്ക് ലീവ് നല്‍കി വിടുകയും ചെയ്തു. റൂമിലെത്തി രണ്ടു ദിവത്തെ സിക്ക് ലീവാണെന്ന് വലിയ വായയില്‍ പറഞ്ഞു താനെന്തോ വലിയ കാര്യം ചെയ്തത് പോലെ പൊട്ടിച്ചിരിച്ചപ്പോഴാണ് സഹമുറിയന്‍ന്മാരില്‍ ഒരാള്‍ പറഞ്ഞത്, എനിക്ക് കഴിഞ്ഞ മാസം ഒരു പല്ലെടുത്തപ്പോഴും രണ്ടു ദിവത്തെ അവധി കിട്ടിയിരുന്നല്ലോ?.

അത് കേട്ട പിള്ളച്ചന്ന് വല്ലാണ്ടായിപ്പോയി. മുപ്പത്തിരണ്ടു പല്ലും പോയി, ഇത് വല്ലാത്ത അമളിയും വിഷമവുമായിപ്പോയി. ഇത് വലിയ നഷ്ടമായിപ്പോയല്ലോ ഭഗവാനേ, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഓരോ പല്ലുവീതം എടുപ്പിക്കാമായിരുന്നു. അങ്ങിനെയാണെങ്കില്‍ കൂടുതല്‍ ലീവ് കിട്ടുമായിരുന്നല്ലോ എന്ന നഷ്ടബോധത്തോടെ ഇരിക്കുകയായിരുന്നു പിള്ളച്ചേട്ടന്‍. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ആപ്പിള്‍ കടിച്ചു തിന്നുന്നത് നോക്കി ആശയോടെ വെള്ളം ഇറക്കികൊണ്ട് പിള്ളേച്ചന്‍ ഇങ്ങനെ പറഞ്ഞു. 'ഞാന്‍ പട്ടാളത്തില്‍ ആയിരുന്ന കാലത്ത് കാശ്മീര്‍ താഴ്വരകളിലെ ആപ്പിള്‍ മരത്തില്‍ കയറി സ്വന്തം കൈകൊണ്ട് പറിച്ചെടുത്ത തിന്നവനാ. ചെറുക്കാ, അത് ഇതിനേക്കാള്‍ നല്ല ഫ്രഷ് ആപ്പിള്‍ ഇപ്പോ നീ തിന്നടാ, ഇത് നിന്റെ കാലമാണിത്. തിന്നോ തിന്നോ', അദ്ദേഹം നിരാശയോടെ പറഞ്ഞു.

പട്ടാള ജീവിത കാലത്തെ വീര സാഹസിക കഥകള്‍ സദാവിവരിച്ചു കൊണ്ടേയിരിക്കുക എന്നത് പിള്ളയുടെ ഒരു ഹോബിയാണെന്നാണ് ഞങ്ങളില്‍ ചിലര്‍ പറയാറുള്ളത്. ചൈനീസ്-പാക് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന കാലത്ത് മേജര്‍ റണ്‍വീര്‍ സിംഗിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇന്ത്യന്‍ പട്ടാള ജീവനക്കാര്‍ക്ക് മാത്രമല്ല അതിര്‍ത്തിക്കപ്പുറമുള്ളവര്‍ക്കും പിള്ളാജിയെ ഭയങ്കര പേടിയായിരുന്നു പോലും. ഇന്നത്തെപ്പോലെയൊന്നുമല്ല അന്ന് നല്ല തടിച്ചു കൊഴുത്ത ചെറുപ്പക്കാരനായിരുന്ന പിള്ള കുത്തനെയുള്ള കുന്നുകള്‍ ഓടിക്കയറി കിടങ്ങുകള്‍ ചാടിക്കടന്നു പോകുന്നതുമൊക്കെ സഹപ്രവര്‍ത്തകര്‍ അസൂയയോടെ നോക്കിക്കണ്ടിരുന്നു. ഇങ്ങനെ സ്വന്തം ആളുകളെപ്പോലും വിസ്മയിപ്പിച്ചുകൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം കാടിനുള്ളിലൂടെ ഓടിപ്പോയെത്തിയത് രണ്ട് നരികളുടെ മുമ്പിലേക്കായിരുന്നു.

പാകിസ്ഥാനുമായി ഇന്ത്യ ഉരസി നില്‍ക്കുന്ന കാലമായിരുന്നതിനാല്‍ അന്നൊക്കെ ഒരു പ്രത്യേക ധൈര്യവും ആവേശവുമൊക്കെയായിരുന്നു. മരണത്തെ ലവലേശം പേടിയില്ലാതെ അതിര്‍ത്തി കടക്കുകയും ശത്രുക്കളെ നേരിട്ട് വെല്ലുവിളിക്കുകയും ചീത്ത പറയുന്നതൊക്കെ അക്കാലത്ത് പതിവായിരുന്നതിനാല്‍ നരിയെ കണ്ടപ്പോഴും തീരെ ഭയക്കാതെ ഒരാടിനെ കണ്ടതുപോലെ മുന്നോട്ട് തന്നെ നീങ്ങി. തന്റെ നേരെ തിരിഞ്ഞ നരിയെ തോക്കിന്റെ വാനറ്റ് കൊണ്ട് കുത്താന്‍ നോക്കിയപ്പോള്‍ നരി കാട്ടിലേക്ക് വിരണ്ടോടി. പിന്നെ കുറേ തപ്പിനോക്കിയെങ്കിലും എവിടെയും കാണാന്‍ കഴിഞ്ഞില്ല. ഇതോടെ പട്ടാള ക്യാമ്പിലെ വീരസാഹസികനായി പിള്ള സാര്‍ മാറിയത്രെ. അതിന് ശേഷം അദ്ദേഹത്തെ ടൈഗര്‍ പിള്ള എന്ന പേരിലാണത്രെ പട്ടാളക്കാര്‍ക്കിടയില്‍ അറിയപ്പെടാറുള്ളത്. പട്ടാള ജീവിത കഥകള്‍ പറഞ്ഞ് തന്റെ പല്ലില്ലാത്ത മോണകാട്ടി ഉറക്കെ ചിരിക്കാറുള്ള പട്ടാളം പിള്ള എന്റെ ഗള്‍ഫ് ജീവിതത്തിലെ ഒരു മായാത്ത ഓര്‍മ്മ തന്നെയാണ്.


Keywords: Article, Story, Military,Army, Dubai, Gulf, Kerala, Pillachetan's military stories.
< !- START disable copy paste -->

Post a Comment

Previous Post Next Post