Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്നും നിറം മങ്ങാത്ത മുരളിയുടെ കുസൃതികള്‍

Murali's antics, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 5) 

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) കുവൈറ്റ് ജീവിതകാലത്ത് എന്റെ കമ്പനിയിലുണ്ടായിരുന്ന ഒരു ജീവനക്കാരനും അടുത്ത സുഹൃത്തുമായിരുന്നു പന്തളത്തുകാരനായ മുരളീധരന്‍ നായര്‍ എന്ന മുരളി. പേരു കേള്‍ക്കുന്നത് പോലെ അത്രക്ക് മുതിര്‍ന്ന ആളൊന്നുമായിരുന്നില്ല ഈ മുരളി. കമ്പനിയിലേ ഏറ്റവും പ്രായംകുറഞ്ഞ രണ്ടു പേരില്‍ ഒരാള്‍ ഞാനും മറ്റേത് മുരളിയുമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പത്തിലും സ്‌നേഹത്തിലുമായിരുന്നു ആദ്യ കാലം തൊട്ടേ വെച്ചു പുലര്‍ത്തിയിരുന്നത്. എല്ലാ കാര്യങ്ങളും പരസ്പരം ആലോചിച്ച് ചര്‍ച്ചകള്‍ ചെയ്യുമായിരുന്നു. എല്ലാവരുമായി എളുപ്പത്തില്‍ കൂട്ടുകൂടുന്ന പ്രകൃതക്കാരനായ മുരളി ഒരു സംസാര പ്രിയനും രസികനുമായിരുന്നു.
           
Article, Gulf, Dubai, Story, Kuwait, Family, Friend, Murali's antics.

താമസസ്ഥലത്ത് വെച്ച് അദ്ദേഹം ഒപ്പിച്ചു വെക്കാറുള്ള ചില വേലത്തരങ്ങളെ ഞങ്ങളൊക്കെ വളരെ കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. ഗൃഹാതുരത്വത്തിന്റെ വിരസതകളില്‍ വീര്‍പ്പുമുട്ടി മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടുകൊണ്ടിരുന്ന സഹതാമസക്കാര്‍ക്ക് അത് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്നവയായിരുന്നു. അത് കൊണ്ട് തന്നെ മുരളിയെ എല്ലാ വര്‍ക്കും വലിയ ഇഷ്ടവുമായിരുന്നു. നാട്ടില്‍ സാമാന്യം തെറ്റില്ലാത്ത കുടുംബത്തില്‍ പെട്ട ഒരു പയ്യനായിരുന്നു. അതിനാല്‍ കിട്ടുന്ന കാശുകളത്രയും വീട്ടില്‍ അയക്കാതെ അവിടെത്തന്നെ ചിലവാക്കിക്കളയുകയാണ് പതിവ്. ഭൂവുടമയും നാട്ടുപ്രമാണിയായ ശ്രീധരന്‍ നായരുടെ ഏക സന്തതിയായതിനാല്‍ വീട്ടുചിലവുകളൊന്നും മുരളിക്ക് ചിന്തിക്കേണ്ടതായിവന്നില്ല.
               
Article, Gulf, Dubai, Story, Kuwait, Family, Friend, Murali's antics.

അവര്‍ക്ക് ധാരാളം തേങ്ങകളും മറ്റു കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനം ലഭിക്കുമായിരുന്നു. അതിന്ന് പുറമെ അച്ഛന്‍ ഒരു വക്കീല്‍ ഗുമസ്തന്‍ കൂടിയാണ്. മകന്റെ സ്വഭാവം നന്നായറിയാവുന്ന അച്ഛന്‍ കിട്ടുന്ന ശമ്പളം ധൂര്‍ത്തടിച്ചു കളയരുതെന്ന് കരുതി വീട്ടിലെ ആവശ്യങ്ങള്‍ പലതും നിരത്തിവെച്ച് നീണ്ട കത്തുകള്‍ അയക്കുക പതിവായിരുന്നു. പക്ഷേ മുരളി ഒരിക്കലും അതിനെ വേണ്ടത്ര ഗൗനിക്ക പോലും ചെയ്തിരുന്നില്ല. മുരളിയെ ഗള്‍ഫിലേക്ക് പറഞ്ഞയക്കാന്‍ വിസക്കും ടിക്കറ്റിനും ചിലവാക്കിയ പണം പോലും അയച്ചുകൊടുക്കാതെ അച്ഛനെ ഓരോന്നു പറഞ്ഞു പറ്റിക്കുകയാണ് മുരളി. അച്ഛന്റെ പക്കല്‍ പൂത്ത കാശുണ്ടെന്നും അതുചിലവഴിക്കാതെ പാത്തുവെച്ചാല്‍ ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുപോകത്തേയുള്ളൂവെന്നും പറഞ്ഞ് മുരളി കിട്ടുന്നതത്രയും ചിലവഴിച്ചു ആര്‍ഭാടത്തോടെ ജീവിച്ചു.

എന്നാലും അച്ഛനെ ഒരു തരത്തിലും വെറുപ്പിക്കാതെ അദ്ദേഹത്തെ നന്നായി സുഖിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരിക്കും എഴുതുക, ഞാന്‍ കാശൊന്നും കളയാറില്ല അച്ഛാ.. ശമ്പളക്കാശ് സ്വരൂപിച്ചും കുറച്ചു പണം കൂട്ടുകാരില്‍ നിന്നും മറ്റും കടം വാങ്ങിയും ഇവിടെയൊരു അര ഏക്കര്‍ വസതു വാങ്ങിച്ചു. അതില്‍ നിറയെ ഈന്തപ്പഴ തൈകളും, തെങ്ങിന്‍ തൈകളുമൊക്കെ വെച്ചുപിടിപ്പിച്ചു. മൂന്നാലു വര്‍ഷം കഴിഞ്ഞാല്‍ അവ കായ്ക്കാന്‍ തുടങ്ങും. പിന്നെ നമുക്ക് നല്ലൊരു എക്‌സ്ട്രാ വരുമാനമായി മാറും. അത് കൂടാതെ സ്ഥലത്ത് നിന്ന് പെട്രോളും കുഴിച്ചെടുക്കാന്‍ പറ്റുമെന്നാണ് അറിവുള്ളവര്‍ പറയുന്നത്. പിന്നെ അച്ഛന്റെ ഈ മോന്‍ ആരാ.

അച്ഛനെ ഇങ്ങോട്ട് പേര്‍ഷ്യയിലേക്ക് കൊണ്ടുവരികയും ചെയ്യാം. അതിനും കുറേ ചിലവു വരും. അങ്ങിനെയാവുമ്പോള്‍ അച്ഛനും ഒരു ജോലിയും ശമ്പളവും ആവുമല്ലോ?. അവിടത്തെ ഗുമസ്തന്മാര്‍ക്ക് ഇവിടെ വന്നാല്‍ വക്കീലന്മാരായി പണിയെടുക്കുകയും ചെയ്യാം. ഇവിടത്തെ ആളുകള്‍ക്ക് വിവരവും വിദ്യാഭ്യസവുമൊക്കെ കുറവാണല്ലോ. അത് കൊണ്ട് അവര്‍ക്ക് വക്കീലേതാ ഗുമസ്തന്‍ ഏതാ എന്നൊന്നു അറിയത്തേയില്ല',. ഇങ്ങനെയങ്ങ് തട്ടിവിടുമ്പോള്‍ അത് സത്യമാണെന്ന് വിശ്വസിച്ച് ശ്രീധരന്‍ നായര്‍ ആളുകളുടെ മുമ്പില്‍ ഒന്നു കൂടി വലിയവനാകും. സന്ധ്യാനേരമാകുമ്പോള്‍ അന്തിക്കള്ളും മോന്തി മകന്റെ പത്രാസുകളത്രയും ഒന്നിന് ഒമ്പത് വെച്ച് നാട്ടിന്‍ പുറത്തുകാരോട് വീമ്പും പറഞ്ഞു അഭിമാനത്തോടെ നടക്കും. ഇങ്ങിനെയൊക്കെയായിരുന്നു മുരളിയുടെ വാക്കുകളും പ്രവര്‍ത്തികളും. അതോര്‍ത്ത് ഞാന്‍ ഇന്നും പലപ്പോഴും ചിരിച്ചു പോകാറുണ്ട്.


Keywords: Article, Gulf, Dubai, Story, Kuwait, Family, Friend, Murali's antics.
< !- START disable copy paste -->

Post a Comment