ബോംബെ കലാപം

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 9) 

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) തൊണ്ണൂറുകളില്‍ ഞാന്‍ ദുബായില്‍ ജോലി ചെയ്തിരുന്ന കാലത്ത് എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരില്‍ ഒരാളായിരുന്നു മാട്ടൂല്‍കാരന്‍ മജീദ്. അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷമുള്ള രണ്ടു മാസത്തെ അവധിക്ക് സാധനങ്ങളെല്ലാം വാങ്ങി നാട്ടില്‍ പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. സ്ഥിരമായുള്ള ജോലി കഴിഞ്ഞു മിച്ചം വരുന്ന സമയങ്ങള്‍ ഉറങ്ങി തീര്‍ക്കാതെ വല്ല പാര്‍ട്ട് ടൈം ജോലിയെടുത്തും കാറുകള്‍ കഴുകിയും അധിക വരുമാനമുണ്ടാക്കാറുള്ള മജീദ് അന്ന് നാട്ടില്‍ പോകുന്ന ദിവസമായതിനാല്‍ എവിടെയും പോകാതെ മുഴുവനായും റൂമില്‍ വിശ്രമത്തില്‍ തന്നെയായിരുന്നു.
                
Article, Clash, Mumbai, Dubai, Gulf, Job, Worker, Bombay Riot.

ഉച്ചഭക്ഷണം കഴിച്ച് ഇരിക്കുമ്പോഴാണ് മേശമേലുള്ള മാതൃഭൂമി പത്രം മജീദിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതെടുത്തു വായിച്ചേപ്പോള്‍ തലക്കെട്ട് കണ്ട് അയാള്‍ ഞെട്ടിത്തരിച്ചുപോയി. 'ബോംബെയില്‍ കലാപം, കര്‍ഫ്യൂ നിരവധി പേര്‍ കൊല്ലപ്പെട്ടു'. കണ്ണുകളില്‍ ഇരുള്‍ പടരുന്നതുപോലെ തോന്നി. അതിനപ്പുറമൊന്നും വായിക്കാനാവാതെ മജീദ് പത്രം മേശപ്പുറത്ത് തന്നെ വെച്ചു തളര്‍ന്നിരുന്നുപോയി. അന്ന് രാത്രി പതിനൊന്നരയ്ക്കുള്ള എയര്‍ ഇന്ത്യയുടെ ദുബായ്-ബോംബെ വിമാനത്തില്‍ പോകേണ്ട ആളാണ്. എങ്ങിനെ പോകും. എയര്‍പോര്‍ട്ടിന്ന് പുറത്തിറങ്ങാന്‍ പറ്റില്ല. വര്‍ഷങ്ങളോളം ഈ മഹാനഗരത്തില്‍ ജീവിച്ച് കുറേ കലാപങ്ങള്‍ കണ്ടിട്ടുള്ള ആളാണ്. ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപെട്ട് ഇന്നും ജീവിക്കുന്നു.
            
Article, Clash, Mumbai, Dubai, Gulf, Job, Worker, Bombay Riot.

പോക്ക് ഒരു തരത്തിലും മാറ്റിവെക്കാനാവാത്തതുമാണ്. ആറ്റുനോറ്റുണ്ടായ മകളുടെ കല്യാണം അടുത്ത വ്യാഴാഴ്ചയിലേക്ക് നിശ്ചയിച്ചുറപ്പിച്ച് വെച്ചിരിക്കുന്ന സ്ഥിതിക്ക് പറഞ്ഞ നാളേത്തേക്ക് തന്നെ അവിടെ എത്തിയേ മതിയാവൂ. കല്യാണം മാറ്റിവെക്കാനും പറ്റില്ല. ഖത്തറില്‍ നല്ല ജോലിയുള്ള പുതിയാപ്ല. ലീവില്‍ വന്ന് നേരത്തെ തന്നെ പെണ്ണ് തിരക്കി നടന്നിരുന്നെങ്കിലും ഇരുവീട്ടുകാരും തമ്മില്‍ കണ്ടുമുട്ടി പറഞ്ഞൊപ്പിച്ചത് ഏതാനും നാളുകള്‍ക്ക് മുമ്പ് മാത്രമായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ അവന് പോകേണ്ടതുള്ളതുകൊണ്ട് കല്യാണം മാറ്റിവെക്കാന്‍ അവര്‍ ഒരു തരത്തിലും സമ്മതിക്കുകയുമില്ല. ആകെ കൂടി കുഴഞ്ഞല്ലോ എന്റെ റബ്ബേ, മജീദിന് എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.

അക്കാലത്ത് ദുബായില്‍ നിന്ന് നാട്ടിലേക്ക് പോകാനുള്ള ഒരേയൊരു വഴി ബോംബെ മാത്രമായിരുന്നു. മറ്റു വിമാനത്താവളങ്ങളൊന്നും നിലവിലില്ലാത്തകാലം. ഇന്നത്തെ പോലെ പത്രങ്ങളോ മുഴുനീളെ വാര്‍ത്താ ചാനലുകളും റേഡിയോ, ടിവി ചാനലുകളോ പോലും ഇല്ലാതിരുന്ന കാലം. മാതൃഭൂമി പത്രം ദുബായില്‍ എത്തണമെങ്കില്‍ തന്നെ രണ്ടോ മൂന്നോ ദിവസങ്ങള്‍ എടുക്കും. റൂമില്‍ പത്രങ്ങള്‍ വരുത്താറുണ്ടെങ്കിലും മജീദിന് പത്രം വായിക്കാന്‍ സമയം കിട്ടാറുമില്ല. ഇന്ന് ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ അവിടെ കിടന്ന പത്രം ഒന്നെടുത്ത് നോക്കിയപ്പോള്‍ തലക്ക് തീ പിടിക്കുന്ന വാര്‍ത്തയാണ് കാണേണ്ടി വന്നത്.

യാത്രക്കാര്യത്തെക്കുറിച്ച് മറ്റുള്ളവരോട് ഒന്ന് അഭിപ്രായം ചോദിക്കാമെന്ന് വെച്ചാല്‍ റൂമില്‍ എല്ലാവരും ഉച്ചയുറക്കത്തിലുമാണ്. എന്നാലും കുറച്ചൊക്കെ കാര്യവിവരങ്ങള്‍ അറിയാവുന്ന ജബ്ബാറിനെ പോയി വിളിച്ചു. അദ്ദേഹം ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു തരാതിരിക്കില്ല. ഉറക്കച്ചുടവോടെ ദേഷ്യം പിടിക്കുന്ന മുഖവുമായി വന്നെത്തിയ ജബ്ബാറിന് നേരെ പത്രം നീട്ടികൊണ്ട് വേദനയോടെ മജീദ് പറഞ്ഞു 'ബോംബെയില്‍ ഭയങ്കര വര്‍ഗ്ഗീയ കലാപം, ഇനി ഞാന്‍ എങ്ങിനെപോകും', നിരാശയും ദുഃഖവും ഉള്ളിലൊതുക്കാനാവാതെ വന്ന പരിഭവം കലര്‍ന്ന സ്വരത്തില്‍ മജീദ് ഒരുവിധം പറഞ്ഞൊപ്പിച്ചു.

ഉറക്കം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയില്‍ ജബ്ബാര്‍ ദേഷ്യപ്പെട്ട് വിറച്ചുകൊണ്ട് പറഞ്ഞു. 'അല്ല മജീദ്ക്ക ഇതെന്നത്തെ പത്രമാണെന്ന് നോക്കിയോ, കഴിഞ്ഞ വര്‍ഷത്തേതാണിത്. ഭക്ഷണം കഴിക്കുമ്പോള്‍ മേശയില്‍ വിരിക്കാന്‍ എടുത്തുവെച്ച ഈ പഴയ പത്രവുമെടുത്തുവെച്ചാണോ ഇങ്ങനെ ടെന്‍ഷനടിച്ചു ബേജാറായി അലമുറയിട്ട് മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തിയത്', അപ്പോഴായിരുന്നു മജീദിന് യഥാര്‍ത്ഥത്തില്‍ സ്ഥലകാല ബോധം വന്നു കിട്ടിയത്.

ബോംബെയില്‍ പല സ്ഥലങ്ങളിലായി ഏറെക്കാലം ജോലി ചെയ്തിരുന്ന മജീദിന് ബോംബെയെക്കുറിച്ചും കലാപത്തെക്കുറിച്ചും നന്നായറിയാവുന്നതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇങ്ങനെ പേടിച്ച് വിരണ്ടുപോയത്. ചെറിയ ഒരു പ്രശ്‌നത്തിന്റെ പേരില്‍ രണ്ടു പേര്‍ തമ്മില്‍ ഉടലെടുക്കാറുള്ള കശപിശകളില്‍ നിന്നുണ്ടാവാറുള്ളതില്‍ നിന്ന് പിടിച്ചു പറിയും കൊള്ളയും കൊലപാതകങ്ങളും നടത്തുന്ന സാമൂഹ്യദ്രോഹികള്‍ അരങ്ങു തകര്‍ക്കുകയാണ് കലാപങ്ങളുടെ ലക്ഷ്യം. നാളുകള്‍ക്ക് ശേഷം കലാപം കെട്ടടങ്ങുമ്പോള്‍ കലുഷിതമായിരുന്ന തെരുവുകള്‍ ശാന്തമാകും. പതിവ് പോലെ ജനം റോഡുകളിലൂടെ നിറഞ്ഞൊഴുകും.

പക്ഷെ നിരപരാധികളായ ചിലര്‍ അക്കൂട്ടത്തില്‍ കാണില്ലെന്ന് മാത്രം; അവര്‍ ആക്രമികളുടെ കത്തിക്കിരയായി മരിച്ചു വീണിരിക്കും. ഇങ്ങനെ തെരുവില്‍ വീണു കിടക്കുന്ന അജ്ഞാത മൃതദേഹങ്ങളെ ഓവുചാലിന്റെ അടപ്പുതുറന്ന് അതിലേക്ക് തള്ളിവിടും. തോടുപോലെ ഒലിച്ചുപോകുന്ന അഴുക്കുചാലിലൂടെ അവ സമുദ്രത്തിലേക്ക് ഒഴുകിപ്പോയിരിക്കും. അതാണ് ബോംബെ എന്ന മഹാനഗരം. ഇതൊക്കെ ഓര്‍ത്തിട്ടാവും മജീദിന് ചിത്തഭ്രമം സംഭവിച്ചു പോയത്.Keywords: Article, Clash, Mumbai, Dubai, Gulf, Job, Worker, Bombay Riot.
< !- START disable copy paste -->

Post a Comment

Previous Post Next Post