city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു ടെലഗ്രാം വരുത്തിവെച്ച വിന

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 8) 

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) കുവൈറ്റിലെ അല്‍ അഹമ്മദി ഓയില്‍ ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഞങ്ങളുടെ കൂടെ ഒരു ഹസ്സനുമുണ്ടായിരുന്നു. വായ തുറന്നാല്‍ പൊട്ടത്തരം മാത്രം പറയാറുള്ള ഹസ്സന്റെ പ്രകൃതവും ശരീരഭാഷയുമെല്ലാം ഒരു കോമഡി നടന്റേത് പോലെയായിരുന്നത് കൊണ്ടും ആളൊരു പഞ്ചപാവമായിരുന്നതിനാലും ഹസ്സനെ എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു. രാവിലെ ജോലിക്ക് പോയി ഉച്ചയോടെ താമസ സ്ഥലത്ത് എത്തികഴിഞ്ഞാല്‍ അല്പം വിശ്രമിച്ച ശേഷം എല്ലാവര്‍ക്കും സുലൈമാനി ചായയുണ്ടാക്കിവെച്ച് ഡൈനിംഗ് ഹാളിലേക്ക് വിളിച്ചിരുത്തി നാട്ടുവര്‍ത്തമമാനങ്ങള്‍ പറയാന്‍ തുടങ്ങും.
         
ഒരു ടെലഗ്രാം വരുത്തിവെച്ച വിന

ചെറുപ്പകാലത്ത് താന്‍ ചെയ്ത പൊട്ടത്തരങ്ങളും ഹസ്സന് പറ്റിയ അമളികളുമെല്ലാം സ്വന്തം ശൈലിയിലൂടെ വിവരിക്കുമ്പോള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു അദ്ദേഹത്തിന്. അതിലെ ചില കാര്യങ്ങള്‍ പൊക്കിപ്പിടിച്ച് ഹസ്സനെ കളിയാക്കിയാലും അതും ആസ്വദിച്ചുകൊണ്ട് അങ്ങനെ കുണുങ്ങി ചിരിക്കും. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രമേഹ മരുന്നുകള്‍ കഴിക്കുന്ന ഹസ്സന് ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങള്‍ തെറ്റിച്ച് വല്ലതും കഴിച്ചിട്ടുള്ള ദിവസങ്ങളില്‍ ഷുഗര്‍ കുറഞ്ഞ് ബോധരഹിതനായി കിടക്കും. ഇതറിയാവുന്ന ഞങ്ങള്‍ അല്പം പഞ്ചസാര എടുത്ത് വായില്‍ വെച്ചു കൊടുത്താല്‍ അത് ക്ഷണനേരം കൊണ്ട് മാറിക്കൊള്ളും.
      
ഒരു ടെലഗ്രാം വരുത്തിവെച്ച വിന

പഴയ ഹസ്സന്‍ ആവുന്നത് വരെ ഞങ്ങള്‍ ബേജാറ് പിടിച്ചു കട്ടിലില്‍ തന്നെ ഇരിക്കാറുണ്ടെങ്കിലും ക്ഷീണം മാറിക്കഴിഞ്ഞാല്‍ ഒന്നും സംഭവിക്കാത്തത് പോലെ രസകരമായ എന്തെങ്കിലും പറഞ്ഞുകൊണ്ട് എണീറ്റുവരാറുള്ള ഹസ്സന്‍ പ്രായം മുപ്പത് കഴിഞ്ഞിട്ടും, കുവൈറ്റില്‍ അഞ്ചാറു വര്‍ഷമായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആളായിട്ടും നാളിത് വരെയും കല്യാണം കഴിച്ചിട്ടില്ല. കാരണം, ഓരോ തവണ നാട്ടില്‍ പോയി കല്യാണാലോചന നടത്തുമ്പോഴും പെണ്ണിനെ ഇഷ്ടപ്പെടാതെ വരും. ഹസ്സന്‍ ആളൊരു ഇന്ദ്രന്‍സ് മോഡലാണെങ്കിലും ഗള്‍ഫിലെ ഫലസ്തീന്‍, ലെബനോന്‍, മിസ്‌റി സുന്ദരികളെ കണ്ട ഹസ്സന്റെ കണ്ണുകള്‍ക്ക് നാട്ടിലെ പെണ്‍കിടാവുകളെ പിടിക്കാതെ വരുന്നതാണ് കല്യാണം കഴിക്കാന്‍ കാലതാമസം വന്നത്.

ഒരോ രണ്ട് വര്‍ഷം കൂടുമ്പോഴും രണ്ട് മാസത്തെ ലീവില്‍ വന്ന് തകൃതിയായി പെണ്ണന്വേഷണങ്ങള്‍ നടത്തിയാലും എവിടെയും കണ്ടെത്താനാവാതെ ഇനി അടുത്ത തവണയാവട്ടെയെന്ന് കരുതി, അടുത്ത പ്രാവശ്യത്തേക്ക് നീട്ടിവെച്ചു നിരാശയോടെ തിരിച്ചു പോകാറാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യത്തെ പോക്കില്‍ കുടുംബക്കാരുടെ നിര്‍ബന്ധത്തില്‍ ഒരെണ്ണത്തിനെ കെട്ടിച്ചാണ് വിട്ടത്. ഗള്‍ഫിലെത്തിയത് മുതല്‍ എന്നും വിരഹ നൊമ്പരങ്ങള്‍ അയവിറക്കിക്കൊണ്ട് ഒറ്റക്കിരുന്ന് ചിന്തിക്കുകയും കത്തെഴുതുകയും മാത്രമായി ഹസ്സന്റെ ദിനചര്യകള്‍.

വൈകുന്നേരങ്ങളില്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് കത്തുമായി വരുന്ന ഡ്രൈവര്‍ കമ്പനിയുടെ പോസ്റ്റ് ബോക്‌സില്‍ ഇടുമ്പോഴേക്കും ഭാര്യയുടെ കത്ത് എളുപ്പത്തില്‍ കൈക്കലാക്കാന്‍ വേണ്ടി ആ സമയത്ത് ഹസ്സന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടാവും. അങ്ങനെയിരിക്കെ ഒരു ദിവസം കത്തിന് പകരം ഹസ്സന് വന്നത് ടെലഗ്രാം ആയിരുന്നു. വല്ല അത്യാഹിതമോ വളരെ പെട്ടെന്ന് അറിയിക്കേണ്ട കാര്യങ്ങള്‍ക്കോ മാത്രം ടെലഗ്രാം ചെയ്യുകയെന്നതാണ് അന്നത്തെ രീതി. കാരണം, ഇന്നത്തെപ്പോലെ വാട്‌സാപ്പോ, മെസഞ്ചറോ പോയിട്ട് മൊബൈല്‍ ഫോണോ, നേരാം വണ്ണം ടെലഫോണ്‍ ബന്ധങ്ങളോ ഇല്ലാത്ത കാലമായിരുന്നല്ലോ അത്.

എന്തിനും ഏതിനും കത്തെഴുതി വിവരങ്ങള്‍ കൈമാറും. അത്യാവശ്യത്തിന് ടെലഗ്രാമും. ഇത് കയ്യില്‍ കിട്ടിയ ഹസ്സന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി. അയാള്‍ തിരിച്ചും മറിച്ചും സൂക്ഷ്മതയോടെ നോക്കി. അതെ വിലാസം മാറിയിട്ടില്ല. ഇതെങ്ങിനെ സംഭവിച്ചു. വിശ്വാസം വന്നില്ല. എനിക്ക് തെറ്റ് പറ്റിയോ എന്നറിയാന്‍ നന്നായി ഇംഗ്ലീഷ് അറിയാവുന്ന വിജയനെ കൊണ്ടുപോയി കാണിച്ചു. അദ്ദേഹം വായിച്ചു; അതിലെ ആശയം വ്യക്തമാക്കി 'ഭാര്യ പ്രസവിച്ചു. പെണ്‍കുട്ടി', കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ ഹസ്സന് തോന്നി ടെന്‍ഷന്‍ ഇരട്ടിച്ചു. ഷുഗര്‍ തലക്ക് കേറി. ഹസ്സന്‍ ബോധരഹിതനായി തറയില്‍ വീണപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ താങ്ങിയെടുത്ത് ബെഡ്ഡില്‍ കിടത്തി.

അഞ്ചു മാസം കൊണ്ട് ഭാര്യ പ്രസവിക്കുകയോ...?, ഇതെങ്ങിനെ സംഭവിച്ചു? ടെലഗ്രാമുമായി ഞങ്ങള്‍ ക്യാമ്പ് ബോഡിന്റടുത്തേക്ക് പോയി. അദ്ദേഹം കമ്പനിയില്‍ വിളിച്ചു തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. ഞങ്ങളുടെ കമ്പനിയില്‍ വേറൊരു സ്ഥലത്ത് ജോലിചെയ്യുന്ന മറ്റൊരു ഹസ്സന്‍ കൂടിയുണ്ടത്രെ. അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ച വിവരത്തിനുള്ള ടെലഗ്രാമായിരുന്നു അത്. നാട്ടില്‍ ടെലഗ്രാം ചെയ്താല്‍ എത്രയും പെട്ടെന്ന് വിലാസക്കാരന്റെ കൈകളില്‍ തന്നെ അത് കൊണ്ടത്തിക്കുകയാണ്. എന്നാല്‍ കുവൈറ്റിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ടെലിഗ്രാമിന് കത്തിന്റെ വിലമാത്രമാണുള്ളത്. അവരവരുടെ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുക മാത്രമാണ് ചെയ്യാറുള്ളത്. അങ്ങിനെ ഞങ്ങളുടെ പോസ്റ്റ് ബോക്‌സില്‍ വന്നത് ആള് മാറി. പാവം ഈ ഹസ്സന്റെ കൈകളിലെത്തിയതാണ് ഇത്തരത്തില്‍ ഒരുവിനയായി മാറിയത്.



Keywords:  Article, Gulf, Kerala, Kuwait, Job, Worker, Story, Story of a telegram.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL