city-gold-ad-for-blogger
Aster MIMS 10/10/2023

Memories | ഉപ്പയെ കണ്ടുപിടിച്ച മോന്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 16)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) കേരളത്തിന്റെ മനോഹരമായ ഒരു കടലോര ഗ്രാമത്തില്‍ ജനിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ ജീവിത മാര്‍ഗ്ഗം തേടി നാടുവിട്ട് ബോംബെ നഗരത്തിലെത്തിയ മമ്മുഞ്ഞിക്ക അദ്ദേഹത്തിന്റെ രസകരമായ പല അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് പലരുടേയും മനസ്സില്‍ ഇടം പിടിച്ച ഒരാള്‍രൂപമാണ്. നീണ്ടുനിവര്‍ന്ന് കഷണ്ടി കയറിയ മമ്മുഞ്ഞിക്ക എന്നും രാവിലെ തന്നെ എഴുന്നേറ്റാലുടന്‍ ക്ലീന്‍ ഷേവ് ചെയ്ത് ആദ്യകാല സിനിമാ നടന്മാരെപ്പോലെ മീശ രോമങ്ങളെ ഒരു വര പോലെ വെട്ടി വെച്ച് തലയിലുള്ള ഏതാനും രോമങ്ങളെ കറുപ്പിച്ചുവെച്ച് എന്നും നിത്യയൗവനക്കാരനായി നടക്കും.
                
Memories | ഉപ്പയെ കണ്ടുപിടിച്ച മോന്‍

അദ്ദേഹത്തിന്റെ ആവനാഴിയില്‍ ആയിരം അനുഭവകഥകളും പറയാനുണ്ടാവും. ഒഴിവു സമയങ്ങളില്‍ ഒരു ചായയുമെടുത്ത് ഒരിടത്തിരുന്ന് പഴമയുടെ ഭാണ്ഡക്കെട്ടഴിച്ചുവെച്ചാല്‍ ആവേശത്തോടെ പലതും പറയാന്‍ തുടങ്ങും. അത് നമ്മള്‍ കേട്ടിരിക്കണമെന്ന് മാത്രം. 'ഞാനാരാ മോന്‍... ഏഴാം വയസ്സില്‍ ഉപ്പയെ കണ്ടുപിടിച്ച ആളാണ്... ആ എന്നോടാ കളി... അതൊന്നും വേണ്ട..' ഇടക്കിടക്ക് പറഞ്ഞുവന്ന അദ്ദേഹത്തിന്റേതായ ഒരു വാക്കുണ്ട്.

അതിന്റെ പൊരുള്‍ ഇതാണ്: മീന്‍ പിടുത്തക്കാരനായ ബാപ്പ അതിരാവിലെത്തന്നെ കൂട്ടുകാരുമൊത്ത് കടലില്‍ പോയാല്‍ രാവേറെക്കഴിഞ്ഞേ തിരിച്ചുവരാറുള്ളൂ. ആഴക്കടലില്‍ പോകുന്ന പലരും അങ്ങനെയാണ് വിടുകളില്‍ തിരിച്ചെത്താറുള്ളത്. വന്നുകഴിഞ്ഞാല്‍ കുറച്ചു ദിവസങ്ങള്‍ കുടിലിലും കരയിലുമായി അങ്ങനെ കഴിഞ്ഞുകൂടും. ആ പതിവിന്ന് വിപരീതമായി കുറച്ചുനാളുകളായി ബാപ്പ പലപ്പോഴും വരാറേയില്ല, കൂട്ടുകാരോട് ചോദിച്ചാല്‍ അവര്‍ ശരിക്കുള്ള മറുപടി നല്‍കാതെ ഒഴിഞ്ഞുമാറും. അങ്ങനെ ഒരു ദിവസം വീട്ടില്‍ വന്ന ബാപ്പ, അതിരാവിലെ തന്നെ പണിയുണ്ടെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.
           
Memories | ഉപ്പയെ കണ്ടുപിടിച്ച മോന്‍

ഇതെവിടേക്കാണ് ഇത്രയും രാവിലെയുള്ള ഈ പോക്ക്?. ഇതൊന്ന് കണ്ടുപിടിക്കണമല്ലോയെന്ന് കരുതി ഈ ഏഴു വയസുകാരനും പിറകെ പാത്തും പതുങ്ങിയും ബാപ്പയുടെ കാലടയാളങ്ങള്‍ നോക്കി പിന്തുടര്‍ന്നു. കടലോരത്തെ പഞ്ചാര പൂഴി മണല്‍ ചവിട്ടിമെതിച്ചുകൊണ്ട് ഏറെ നേരം നടന്നു. തന്റെ ഇളം കാലുകള്‍ കഴക്കാന്‍ തുടങ്ങിയെങ്കിലും തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്‍ വാങ്ങാന്‍ തയ്യാറാവാതെ നടന്നുകൊണ്ടേയിരുന്നു. ഏകദേശം രണ്ട് മൂന്ന് കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ ബാപ്പ ഒരു കുടിലിനകത്തേക്ക് കയറിപ്പോകുന്നത് കണ്ട കുട്ടി, ആരും കാണാതിരിക്കാനായി ഒരു തെങ്ങിന്‍തൈ ചുവട്ടില്‍ ഇരുന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വലയുമായി ഇറങ്ങിയ ബാപ്പ ഒരു കൊച്ചു വള്ളത്തിനടുത്തേക്ക് നീങ്ങി. ബാപ്പയുടെ തോണി കടലിലേക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷം കുട്ടി ആ കുടിലിനെ ലക്ഷ്യമാക്കി നീങ്ങി. മുറ്റത്ത് ഒരു കുട്ടി നില്‍ക്കുന്നത് കണ്ട സ്ത്രീ കുട്ടിയെ അകത്തേക്ക് വിളിച്ച് കാര്യമന്വേഷിക്കുകയും ഒന്നും മിണ്ടാതെ നിന്നപ്പോള്‍ ആ ഉമ്മ അടുക്കളയില്‍ പോയി ചായയും അപ്പങ്ങളും വേണ്ടുവോളം എടുത്തുകൊടുത്താണ് വിട്ടത്. ഇരുവരും ഒന്നും ഉള്ളുതുറന്നു പറയാതെയായിരുന്നു ഇടപഴകിയിരുന്നതെങ്കിലും രണ്ടു പേര്‍ക്കും സംഭവങ്ങള്‍ ഏറെക്കുറെ പിടികിട്ടുകയും ചെയ്തു. അങ്ങനെ ഉപ്പാന്റെ രഹസ്യ കെട്ട് കണ്ടുപിടിച്ച ഈ മോന്‍ പിന്നീട് ഒരുപാട് നാടും നഗരങ്ങളും താണ്ടി.

അറുപതു വയസോടടുത്തായിരുന്നു അദ്ദേഹം പ്രവാസ ജീവിതമാരംഭിച്ചതെങ്കിലും തനിക്ക് നല്‍പ്പത്തിയഞ്ച് വയസേ ആയിട്ടുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. ഗള്‍ഫില്‍ വന്നയുടനെ അബുദബിയില്‍ ഒരു പാക്കിസ്ഥാനി ഹോട്ടലില്‍ ജോലിക്ക് നിന്നിരുന്നപ്പോള്‍ രാത്രി പണികഴിഞ്ഞ് പൂട്ടാന്‍ നേരത്ത് എന്നും റെസ്റ്റോറന്റ് സോപ്പിട്ടു കഴുകി വൃത്തിയാക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ക്ലീനിംഗ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍, മുകളിലെ നിലയില്‍ നിന്ന് ഒരു ഡൈനിംഗ് ടേബിള്‍ എടുത്ത് താഴത്തെ നിലയിലേക്ക് കൊണ്ട് പോകുകയായിരുന്നു പാക്കിസ്ഥാനിയായ ഒരു ജീവനക്കാരന്‍.

അന്നേരമായിരുന്നു നമ്മുടെ മമ്മുഞ്ഞിക്ക മുകളിലേക്ക് കയറി വന്നത്. ടേബിള്‍ മമ്മുഞ്ഞിക്കയുടെ തലയെ തൊട്ടുരുമ്മികൊണ്ട് പോയി താഴെ വീണു. ഒപ്പം മമ്മുഞ്ഞിക്കയും ബോധരഹിതനായി നിലംപൊത്തുകയും ചെയ്തു. ഇദ്ദേഹത്തിന് വലിയ അപകടം സംഭവിച്ചുവെന്ന് കരുതി എല്ലാവരും പേടിച്ച് വിറച്ചു. തലപൊട്ടി ചോരയൊലിക്കുന്ന മമ്മുഞ്ഞിക്കായുടെ മുഖത്തേക്ക് ആരോ വെള്ളം തെളിച്ചപ്പോള്‍ ബോധം വീണ്ടുകിട്ടി. വലിയ വേദനയൊന്നുമില്ലാത്തതുകൊണ്ട് ആശ്വാസമായി ഒരു കണ്ണാടിക്ക് മുമ്പില്‍ ചെന്നു നോക്കിയപ്പോഴായിരുന്നു മമ്മുഞ്ഞിക്ക അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടുപോയത്. തന്റെ നെറുകയിലെ തൊലിയും മുടിയും ടേബിള്‍ ഉരസിയ ഊക്കില്‍ പാടേ കൊഴിഞ്ഞുപോയിരുന്നു. അത് മമ്മുഞ്ഞിക്കാക്ക് വലിയൊരു ഷോക്കായി. ഇടതൂര്‍ന്ന മുടിയുണ്ടായിരുന്ന തന്റെ തലയില്‍ മേശയിട്ട് ഈ വിധത്തില്‍ വികൃതമാക്കിയ ആ പാക്കിസ്ഥാനി പഹയനെ തെറിവിളിക്കാതെ ഒറ്റ ഒരു ദിവസവും കടന്നുപോയിട്ടേയില്ല.








Keywords:  Article, Story, Family, Father, Son, Kerala, Son who find father.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL