city-gold-ad-for-blogger
Aster MIMS 10/10/2023

ശംസുദ്ദീൻ കൊണ്ടുപോയ ഇലക്ട്രോണിക് സാധനങ്ങൾ

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 10)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഷാര്‍ജയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് വീണ്ടും കുറച്ചാളുകൾ കൂടി തിരുവനന്തപുരത്ത് നിന്ന് വന്നു. അക്കുട്ടത്തില്‍ ഒരാളായിരുന്നു ശംസുദ്ദീൻ എന്ന ചെറുപ്പക്കാരന്‍. മലയാളമല്ലാത്ത മറ്റൊരു ഭാഷയുമറിയാത്ത അദ്ദേഹം കാട്ടികൂട്ടുന്ന ഓരോ കോപ്രാട്ടികളും കാണുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊടുത്ത അനുഭവവും അനുഭൂതിയുമാണുണ്ടാവുക.
              
ശംസുദ്ദീൻ കൊണ്ടുപോയ ഇലക്ട്രോണിക് സാധനങ്ങൾ

കമ്പനിയിലേക്ക് ഹെല്‍പ്പറായി വന്ന ശംസുദ്ദീൻ സ്വദേശമായ വർക്കലയിൽ ഇലക്ട്രീഷ്യനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഷാർജയിൽ വന്ന് ഹെൽപ്പറായി തൂപ്പും തുടപ്പുമെല്ലാം ചെയ്യേണ്ടി വന്നതിനാൽ തനിക്ക് കിട്ടിയ പണിയിൽ അയാൾ തീരെ തൃപ്തനല്ലായിരുന്നു. ഞങ്ങളുടെ കമ്പനിയിൽ ഇലക്ട്രീഷ്യൻ്റ ജോലി ചെയ്യാൻ തന്നെയായിരുന്നു താല്പര്യവും. ജോലി മാറ്റി കിട്ടണമെന്ന ആവശ്യവുമായി പല പ്രാവശ്യം ശംസുദ്ദീൻ മാനേജറെ സമീപിച്ചിരുന്നതുമാണ്.

മലയാളമല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാനറിയാത്ത ശംസുദ്ദീന് ഇങ്ങനെ ഒരു ജോലി കൊടുത്താല്‍ എങ്ങനെ പണി ചെയ്യിപ്പിക്കും എന്നാണ് ഹിന്ദിക്കാരനായ മാനേജര്‍ പറയുന്നത്. എന്നാലും ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും അപേക്ഷയും നല്‍കാന്‍ മാനേജര്‍ പറയുകയും ചെയ്തു. മുമ്പ് നാട്ടില്‍ വെച്ച് അല്ലറചില്ലറ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെന്നല്ലാതെ അതിന് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എവിടന്ന് കിട്ടാനാണ്?. ഏതായാലും ഉള്ള ജോലിയില്‍ തുടരാന്‍ തീരെ താല്‍പര്യമില്ലാത്ത ശംസുദ്ദീൻ ടൗണിലെ ഡിടിപി സെന്‍ററില്‍ പോയി നാട്ടിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതിൻ്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി.
             
ശംസുദ്ദീൻ കൊണ്ടുപോയ ഇലക്ട്രോണിക് സാധനങ്ങൾ

ആ ചെയ്യുന്ന കൂട്ടത്തിൽ ഇപ്പോൾ ഉള്ള കമ്പനിയിൽ തന്നെ ഇലക്ട്രീഷ്യനായി പണിയെടുത്തതായുള്ള ഒരു സർട്ടിഫിക്കറ്റും ബയോഡാറ്റയും ശരിയാക്കി കൈയ്യില്‍ വെച്ചു. മറ്റെവിടെയെങ്കിലും ഒരു വേക്കൻസി ഒത്തുകിട്ടിയാൽ ഇതും തേടി നടക്കണ്ടല്ലോ എന്നു കരുതിയാണ് രണ്ടും ഒരുമിച്ച് ചെയ്ത് ഒരു കവറിലിട്ട് സന്തോഷത്തോടെ തിരിച്ച് വന്ന് ഒട്ടും സമയം കളയാതെ അന്നുതന്നെ മാനേജരെ ഏല്‍പ്പിക്കുകയും ചെയ്തു. മാനേജര്‍ തുറന്ന് നോക്കിയപ്പോള്‍ അതില്‍ കണ്ടത്, ഹെല്‍പ്പറായി ജോലി ചെയ്യുന്നവൻ സ്വന്തം സ്ഥാപനത്തില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്തതിന്‍റെ പരിചയമാണതിലുള്ളത്.

അദ്ദേഹം അതിനെ കീറി ദൂരെ കളഞ്ഞു. ഇതുപോലെ കള്ളം പറയുന്ന നിനക്ക് എൻ്റെ സ്ഥാപനത്തിൽ ഒരിക്കലും ജോലിയില്‍ മാറ്റം തരില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. അങ്ങനെ നിലവിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു. രണ്ട് വര്‍ഷമായപ്പോള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ നേരത്ത് കൂടെ ജോലി ചെയ്യുന്ന ആളും ബന്ധുവും കൂടിയായ നിസാം വീട്ടില്‍ പോകുമ്പോള്‍ രണ്ട് ടോര്‍ച്ചിന്‍റെ ബള്‍ബ് കൊടുത്തു വിട്ടു. ശംസുദ്ദീൻ നാട്ടിലെ നിസാമിന്‍റെ ബാപ്പയെ ഫോണ്‍ വിളിച്ചു ഇപ്രകാരം പറഞ്ഞു. 'സലാംക്ക... നിങ്ങളുടെ മോന്‍ നിസാം ഇത്തിരി ഇലക്ട്രോണിക്സ് സാധനങ്ങള്‍ തന്നു വിട്ടിട്ടുണ്ട്. അത് വന്ന് വാങ്ങിച്ചോളൂ...'. ഇതുകേട്ട് പിറ്റേ ദിവസം തന്നെ ഒരു ജീപ്പും വാടകയ്ക്ക് വിളിച്ചു സാധനങ്ങള്‍ എടുക്കാന്‍ വന്നു.

അവര്‍ വീട് പുതുക്കി പണിതുകൊണ്ടിരിക്കയായിരുന്നു. അതുകൊണ്ട് മോന്‍ വല്ല സാധനങ്ങളും കൊടുത്തുവിട്ട് കാണും, അത് വാങ്ങാന്‍ വേണ്ടിയായിരുന്നു സലാംക്ക ജീപ്പുമായി വന്നത്. വീട്ടില്‍ കയറി ഇരുന്നു, ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ ശംസു അകത്ത് പോയി ചെറിയൊരു പൊതി കൊണ്ടുവന്ന് സലാംക്കയുടെ പക്കല്‍ കൊടുത്തു. അത് വാങ്ങി പോക്കറ്റിലിട്ട് ബാക്കി സാധനങ്ങള്‍ക്കായി കാത്തിരുന്ന് മടുത്ത സലാംക്ക, അപ്പോള്‍ സാധനങ്ങള്‍ എവിടെയെന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് ഈ ബള്‍ബ് കൊടുത്തു വിട്ടതിനായിരുന്നു ഇങ്ങനെ വിളിച്ചു പറഞ്ഞതെന്ന്.

കൂടാതെ തൊട്ടടുത്ത വീട്ടിലെ പെങ്ങള്‍ക്ക് കൊടുക്കാനായി അളിയന്‍ കൊടുത്തു വിട്ട ചിലവിനുള്ള പണത്തിന്‍റെ ചെക്കും തപാലില്‍ പോസ്റ്റ് ചെയ്ത് നാലുദിവസം കഴിഞ്ഞാണ് പെങ്ങളുടെ കൈയ്യിലെത്തുന്നത്. ഇതൊക്കെയായിരുന്നു ശംസുദ്ദീന്‍റെ കുസൃതികള്‍.
 



Keywords:  Article, Gulf, Thiruvananthapuram, Job, Work, Electricity, Sharjah, Electronic goods taken by Shamsuddin.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL