-കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com) ഷാര്‍ജയിലായിരുന്നപ്പോള്‍ ഞങ്ങളുടെ ഫ്‌ലാറ്റില്‍ തൊട്ടടുത്ത റൂമില്‍ താമിച്ചിരുന്ന ഹംസക്ക രസികനാണെങ്കിലും ആളൊരു അറിയപ്പെടുന്ന തരികിടക്കാരന്‍ കൂടിയാണ്. പറ്റിപ്പും തട്ടിപ്പും അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണെന്നാണ് അദ്ദേഹത്തറിയാവുന്നവരൊക്കെയും പറയാറുള്ളത്. ഒരിക്കല്‍ ഷാര്‍ജയിലെ അല്‍ഖാനില്‍ നിന്ന് ദേര ദുബായിലേക്ക് പ്രൈവറ്റ് ടാക്‌സി ഓടിക്കൊണ്ടിരുന്ന കാലത്ത് ഈ പ്രദേശത്തുള്ള അധികമാളുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി രണ്ട് ദിര്‍ഹംസ് കൊടുത്ത് ദേരയിലേക്കായിരുന്നു പോയിരുന്നത്.
അങ്ങനെ ഒരിക്കല്‍ ഹംസക്ക ദുബായിലേക്ക് പോകാനായി ടാക്‌സി കയറുമ്പോള്‍ അതില്‍ രണ്ട് പാക്കിസ്ഥാനികള്‍ ഒരു വിന്‍ഡോ എസിയും വെച്ച് ഇരിപ്പുണ്ടായിരുന്നു. മൂന്നാമത്തെ ആളായാണ് ഹംസക്ക എത്തിയത്. അതിന് ശേഷം ദുബായ് ഫിഷ്‌റൗണ്ട് എബൗട്ടില്‍ താമസിക്കുന്ന രണ്ട് മലയാളികളും കയറി. ചിലയാളുകള്‍ക്ക് കണ്ടതും കേട്ടതുമെല്ലാം വിശദീകരിച്ചറിയണമല്ലോ, അത്തരത്തില്‍പ്പെട്ട ആളായിരുന്നു വന്നുകയറിയ മലയാളികളില്‍ ഒരുവന്‍. ടാക്‌സിയില്‍ കിടക്കുന്ന എസിയെക്കുറിച്ചറിയാനാണ് അയാളുടെ താല്പര്യം.
എസി വാങ്ങിയതാണോ? എവിടേക്കാണ് കൊണ്ടുപോകുന്നത്? എന്നൊക്കെ കുത്തി കുത്തി ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഹംസക്ക തന്റേതാണെന്നും അജ്മാനില്‍ നിന്നും ഒരാളില്‍ നിന്ന് വാങ്ങി ദുബായിലേക്ക് കൊണ്ടു പോകുകയാണെന്നും വെറുതെ തട്ടി വിട്ടു. അറുന്നൂറ് ദിര്‍ഹത്തിന് വാങ്ങിയതാണെന്നും ഇത്തരത്തില്‍ നല്ല കണ്ടീഷനുള്ള എസിക്ക് ദുബായില്‍ ആയിരമെങ്കിലും കൊടുക്കേണ്ടി വരുമെന്നും, തന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് അജ്മാനിലെ ഒരു എസി ഷോപ്പില്‍ നിന്നും കുറഞ്ഞ വിലക്ക് ഒപ്പിച്ചു കൊണ്ടുപോവുകയാണെന്നും അവിടെ നല്ല വിലക്ക് വില്ലന നടത്തുകയാണ് എന്റെ ജോയെന്നും, നിങ്ങള്‍ക്ക് വേണമെങ്കില്‍ തരാമെന്നും അദ്ദേഹം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി.
പിന്നീട് തിരിച്ചുപോയി വേറൊരണ്ണം ശരിയാക്കി കൊണ്ടുവരും എന്ന് പറഞ്ഞതോടെ, അവര്‍ അത് സത്യമാണെന്ന് ഉറച്ചു വിശ്വസിച്ചു. ഹംസക്കായുടെ വാക്കുകള്‍ കേട്ട അവര്‍ക്ക് ഈ എസിയോട് നല്ല മതിപ്പ് തോന്നി. പറഞ്ഞ് പറഞ്ഞ് എസി കച്ചവടവും ഉറപ്പിച്ചു. അവര്‍ അറുനൂറ് ദിര്‍ഹംസ് എടുത്തു കൊടുക്കുകയും ചെയ്തു. നിങ്ങള്‍ ഇറങ്ങേണ്ട സ്ഥലത്ത് എസിയും ഇറക്കിയാല്‍ മതിയെന്നും ഞാന്‍ കുറച്ചുകഴിഞ്ഞ് അല്‍ മുല്ലാ പ്ലാസക്കുത്ത് ഇറങ്ങുമെന്നും തിരിച്ചുപോയി മറ്റൊരു എസി കൊണ്ടുവരണമെന്നും അവരോട് പറയുമ്പോഴേക്കും ടാക്‌സി അല്‍മുല്ല പ്ലാസയിലെത്തിക്കഴിഞ്ഞിരുന്നു. പിന്നൊന്നും നോക്കാതെ എല്ലാവരോടും യാത്ര പറഞ്ഞ് ഹംസക്ക ഇറങ്ങി. തനിക്ക് കോളടിച്ച സന്തോഷത്തോടെ അവിടെ നിന്നും മറ്റൊരു ടാക്‌സി പിടിച്ച് അദ്ദേഹം ദുബായിലേക്ക് പോയി.
ഈ സംഭവം ഹംസ തന്നെ ഞങ്ങളോട് വന്ന് പറഞ്ഞു ഏറെ നേരം പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു, കാരണം എസിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആ ടാക്‌സിയിലുണ്ടായിരുന്ന പഠാണികളായിരുന്നു. അവരുടെ എസി പകുതി വഴിക്ക് ഇറക്കിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും? ആ പാവം മലയാളികള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. പാക്കിസ്ഥാനികള്‍ ഈ രണ്ടു മലയാളികളെയും ശരിക്കും പെരുമാറി പഞ്ഞിക്കിട്ട് കാണും. തെറ്റുകള്‍ കണ്ടാല്‍ ഇത് അറബ് നാടാണെന്നോ, അറബികളെന്നോ ഒന്നും നോക്കാതെ വഴക്കിനും വക്കാണത്തിനും പോകാറുള്ള പഠാനികള്‍ (പാക്കിസ്ഥാന്‍) ഈ മലബാരികളെ വെറുതെ വിടുമോ?.
ഇത്തരം കുസൃതികള്‍ ഒപ്പിച്ച് അതിലൂടെ ഒരു രസം കണ്ടെത്തി സ്വയം സുഖിക്കാറുള്ള ഹംസക്കയ്ക്ക് ഇതൊരു നേരമ്പോക്ക് മാത്രമാണെങ്കിലും മറ്റുള്ളവരെ വലിയൊരു പ്രശ്‌നത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സ്വന്തംകാര്യം നേടാറുള്ള ഹംസക്ക അതിലൂടെ പണവും ആത്മസംതൃപ്തിയും കണ്ടെത്തുന്നു. ഇതൊക്കെ ഒരിക്കലും പൊറുക്കാത്ത മഹാപാപമാണെന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും ഹംസ ഈ സംഭവത്തെ വളരെ നിസാരമായി കണ്ടുകൊണ്ട് കുണുങ്ങിക്കുണുങ്ങി ചിരിക്കുക മാത്രമായിരുന്നു.
Also Read:
Keywords: Article, Gulf, Story, Job, Worker, Sharjah, Story of Hamsa selling AC.
< !- START disable copy paste -->