city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expat Life | സര്‍വ്വത്ത് ഖാന്റെ ഓരോ കാര്യങ്ങള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 24)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഷാര്‍ജയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ നാത്തൂര്‍ (വാച്ച്മാന്‍) ആയിരുന്ന സര്‍വ്വത്ത് ഖാന്‍. എന്തുകൊണ്ടും ഒരു വേറിട്ട മനുഷ്യന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നവ തന്നെ. ജോലി കഴിഞ്ഞാല്‍ സ്വന്തമായി നല്ല ആഹാരങ്ങള്‍ വെച്ചുണ്ടാക്കി കഴിച്ച് തന്റെ ടെലിവിഷനില്‍ വിസിആറിലൂടെ വീഡിയോ കാസറ്റ് ഇട്ട് ഹിന്ദി സിനിമകളും ഡാന്‍സും പാട്ടുകളും കണ്ട് ആസ്വദിച്ചു റൂമില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് അദ്ദേഹത്തിന്റെ പ്രധാന ഹോബി. ഹിന്ദി സിനിമ കണ്ട് കണ്ട് അതിലെ വില്ലന്‍ കഥാപാത്രങ്ങളുടെ അതേ ശൈലിയിലും ശരീരഭാഷകളും അനുകരിച്ചുകൊണ്ട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുമായിരുന്നു എങ്കിലും ആള്‍ ഒരു പാവം മനുഷ്യന്‍ തന്നെയായിരുന്നു.
              
Expat Life | സര്‍വ്വത്ത് ഖാന്റെ ഓരോ കാര്യങ്ങള്‍

നാത്തൂറായതിനാല്‍ ചുറ്റുവട്ടങ്ങള്‍ തൂത്തു വൃത്തിയാക്കിയ ശേഷം ഹോട്ടലിന്റെ കവാടത്തില്‍ തന്നെ ഭവ്യതയോടെ നില്‍ക്കുന്ന ആ പാവത്താന് അവിടെയെത്തുന്ന അറബികളും അല്ലാത്തവരുമായ ഗസ്റ്റുകള്‍ ധാരാളം പണം ടിപ്‌സായി നല്‍കിയിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ പക്കല്‍ എപ്പോഴും ധാരാളം പണമുണ്ടായിരുന്നു. എന്നും സ്വന്തമായി മട്ടന്‍ കറിയുണ്ടാക്കി റൊട്ടിക്കടയില്‍ നിന്ന് റൊട്ടിയും വാങ്ങി വന്ന് ഹിന്ദി പാട്ടോ സിനിമയോ കണ്ടുകൊണ്ടായിരുന്നു ഭക്ഷണം കഴിക്കാറുള്ളത്. കറിക്ക് വേണ്ട ഫ്രഷ് മട്ടനും ഫ്രൂട്ടുകളും മാര്‍ക്കറ്റില്‍ പോയി നോക്കിയെടുത്ത് കൊണ്ടുവരികയാണ് സര്‍വ്വത്ത്ഖാന്‍ ചെയ്യാറുള്ളത്.

ഒരു ദിവസം മാര്‍ക്കറ്റില്‍ പോയ സര്‍വ്വത്ത്ഖാന് ഒരു ജീവനുള്ള ആടിനെ കണ്ട് ഇഷ്ടപ്പെടുകയും കച്ചവടക്കാരനോട് അതിന്റെ വില ചോദിച്ചപ്പോള്‍ ഇറച്ചി തൂക്കി വാങ്ങുന്നതിനേക്കാള്‍ ലാഭകരമായി തോന്നിയതിനാല്‍ അതിന് വില പറഞ്ഞ് ഉറപ്പിച്ചു. അറുത്ത് കഷ്ണങ്ങളാക്കി വാങ്ങിയ ഇറച്ചിയുമായി ഒരു ടാക്‌സി പിടിച്ചു താമസ സ്ഥലത്തെത്തിയപ്പോഴാണ്, ഇറച്ചി കുറേ കൂടുതലുള്ളതിനാല്‍ തന്റെ ഈ ഇടത്തരം ഫ്രിഡ്ജിനകത്ത് ഇത്രയും മട്ടന്‍ കൊള്ളില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. ഇത്രയും ഇറച്ചി കൊള്ളാനുള്ള സൗകര്യം എങ്ങനെ കണ്ടെത്തുമെന്ന് കുറേനേരം ചിന്തിച്ചു നിന്ന സര്‍വ്വത്ത്ഖാന് അതിന്ന് മറ്റൊരു പോംവഴി തേടി സമയം കളഞ്ഞ് മാംസം ചീത്തയാക്കാന്‍ നില്‍ക്കാതെ ഉടന്‍ തന്നെ ഒരു ടാക്‌സി പിടിച്ചു ടൗണില്‍ പോയി വലിയ ഒരു ഫ്രിഡ്ജ് വാങ്ങി വന്ന് അതിനകത്ത് നിറയെ ഇറച്ചി പൊതിഞ്ഞുവെച്ചു.

അവിടെയുള്ളവരെയെല്ലാം തന്റെ പുതിയ ഫ്രിഡ്ജ് കാണിച്ചു കൊടുക്കുന്നതിനൊപ്പം തന്റെ അപാര ബുദ്ധിയെ കുറിച്ചും അദ്ദേഹം വാചാലനായി. 'അവിടെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഒരു ഫ്രിഡ്ജ് തന്നെ വാങ്ങിച്ചു. എന്നെങ്കിലും ഒരു വലിയ ആട് വാങ്ങിക്കേണ്ടി വന്നാലും തല്ലാജ (ഫ്രിഡ്ജ്) ഇല്ലന്ന് പറഞ്ഞ് പിന്തിരിയണ്ടല്ലോ?'. വലിയ റെസ്റ്റോറന്റുകളില്‍ മാത്രം കാണാറുള്ള ഫ്രിഡ്ജ് കൊണ്ട് വന്നിറക്കുന്നതു കണ്ട് ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലര്‍ കാര്യം തിരക്കിയപ്പോള്‍ ഹിന്ദി സിനിമയിലെ വില്ലന്‍ കഥാപാത്രമായ പ്രേം ചോപ്രയുടെ മുഖഭാവത്തോടെയും ശൈലിയിലും ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് 'ഏക്ക് ബഡാ തല്ലാജ നയാ ഖരീദേഗാ. പിര്‍ ഹമാര ഗോഷ് പിര്‍ കിദര്‍ റെക്കേഗ...' മൊഴിഞ്ഞു. ആ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു.
            
Expat Life | സര്‍വ്വത്ത് ഖാന്റെ ഓരോ കാര്യങ്ങള്‍

തനിക്കാവശ്യമെന്ന് കണ്ടാല്‍ പിന്നൊന്നും നോക്കാതെ അത് വാങ്ങിച്ചു കൊണ്ടുവരികയും തന്റെ പഴയ സാധനങ്ങള്‍ ചുളുവിലക്ക് വില്‍ക്കാറുമുള്ള ഇദ്ദേഹം, തന്റെയടുത്തുനിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരോട് ഒരു നിര്‍ദേശം കൂടി വെക്കാറുണ്ട്. വാങ്ങിക്കുന്ന സാധനം അവര്‍ തന്നെ ഉപയോഗിക്കണം, അല്ലാതെ ആര്‍ക്കും മറിച്ചു വില്‍ക്കാന്‍ പാടുള്ളതല്ല. അദ്ദേഹം വാങ്ങിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളെല്ലാം ഒറിജിനല്‍ ജപ്പാന്റേതായിരിക്കും. അതിന് അതിന്റേതായ വിലയും പവിത്രതയും കല്‍പിക്കണം. അല്ലാതെ അതിനെ വിലകുറച്ചു കാണാനും, ചുളുവിലക്ക് വില്‍ക്കാനും പറ്റില്ല. അങ്ങനെ ആരെങ്കിലും ചെയ്തതായി സര്‍വ്വത്ത്ഖാന്റെ ചെവിയിലെത്തിയാല്‍ അവരെ വഴക്ക് പറഞ്ഞ് തന്ന കാശും തിരിച്ചുകൊടുത്ത് ആ സാധനം തിരിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ സ്വഭാവം.

അദ്ദേഹത്തിന്റെ രൂപവും ഭാവവും കണ്ട് മനസലിയുന്ന അറബികള്‍ സര്‍വ്വത്ത് ഖാന് അറിഞ്ഞുനല്‍കുന്ന കാശുകളത്രയും ഇങ്ങനെ ധാരാ ചിലവഴിക്കുന്ന അദ്ദേഹത്തോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. ഇത്രയും കാലം പ്രവാസ ജീവിതം നയിച്ച് എന്തെങ്കിലും മെച്ചമുണ്ടോ ചാച്ചാ താങ്കള്‍ക്ക്?. നിരാശയോടെ അദ്ദേഹം കൈ മലര്‍ത്തി. ഇവിടെ എത്തിയിട്ട് എത്രകാലമായിയെന്നു കൂടി ഞാന്‍ ആരാഞ്ഞപ്പോള്‍ കൃത്യമായ ദിനവും കാലവും ഓര്‍ത്ത് വെക്കാറില്ലാത്ത ഖാന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്തായിരുന്നു ഗള്‍ഫില്‍ എത്തിയതെന്നാണ് മറുപടി പറഞ്ഞത്. അതായത് അന്നേക്ക് നാല്‍പ്പത് വര്‍ഷത്തിലധികമായെന്ന്. എന്നിട്ടും ഒരുപൈസ പോലും സ്വന്തമായി മിച്ചം വെക്കാനും സാധിച്ചില്ല. ഇതിലൊന്നും ഒരു നിരാശയുമില്ലാതെ സിനിമകള്‍ കണ്ട് ആസ്വദിച്ചു സ്വയം സന്തോഷിക്കുന്ന സര്‍വ്വത്ത് ഖാന്‍ മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ട് താന്‍ ഒരു വീരനായകനാണെന്ന ഭാവത്തോടെ കുണുങ്ങിച്ചിരിക്കും.

Also Read: 




















Keywords:  Article, Gulf, Story, Dubai, Sharjah, Everything about Sarvath Khan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia