city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | ഉസ്മാന്‍ കോയയുടെ വിശേഷങ്ങള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 19) 

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഇറാന്‍-ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് കുവൈറ്റില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കാറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഉസ്മാന്‍ കോയ. അവിടെ പാചകക്കാരനായിരുന്നു അദ്ദേഹം. തടിച്ചുകൊഴുത്ത് നല്ല നീളത്തിലുള്ള കോയ നന്നേ ചെറുപ്പത്തില്‍ തന്നെ കപ്പല്‍ വഴി കുവൈറ്റിലെത്തിയ ഒരുമലയാളി കൂടിയാണ്. എണ്‍പതുകളുടെ അവസാനത്തില്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന് അമ്പത് വയസ്സുകഴിഞ്ഞിരുന്നു. വന്ന കാലത്ത് തന്നെ എളുപ്പത്തില്‍ കിട്ടിയ ഹോട്ടല്‍ പണികള്‍ ചെയ്തു തുടങ്ങി. ഈ ജോലിയാവുമ്പോള്‍ ഭക്ഷണവും താമസവും കഴിച്ചായിരിക്കും ശമ്പളം. പിന്നീട് ഒരാളുമായി ചേര്‍ന്ന് കഫ്‌റ്റേരിയ നടത്തി സാമ്പത്തികമായി ഉയര്‍ന്നു. ഒന്നിനു പിറകെ മറ്റൊന്നുകൂടി തുടങ്ങി ഉന്നതങ്ങള്‍ സ്വപ്നം കണ്ടു കഴിയുമ്പോള്‍ പാര്‍ട്ട്ണര്‍ കട ചതിപ്രയോഗത്തിലൂടെ സ്വന്തമാക്കി. അതോടെ ഉസ്മാന്‍ കോയ സാമ്പത്തികമായി തീരെ തളര്‍ന്നു. അങ്ങിനെയാണ് ഞങ്ങളുടെ കമ്പനിയിലെത്തപ്പെട്ടത്.
          
Memories | ഉസ്മാന്‍ കോയയുടെ വിശേഷങ്ങള്‍

കുവൈറ്റിനോട് തൊട്ടുരുമ്മിനില്‍ക്കുന്ന അയല്‍ രാജ്യങ്ങളായ ഇറാനും ഇറാഖും തമ്മില്‍ നടന്നുകൊണ്ടിരുന്ന യുദ്ധം കുവൈറ്റിനേയും പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. കാരണം, യുദ്ധത്തിനിടയില്‍ തൊടുത്തുവിടുന്ന മിസൈലുകളും ബോംബുകളും പലപ്പോഴും ലക്ഷ്യം തെറ്റി കുവൈറ്റിനകത്തെ എണ്ണക്കിണറുകളിലും ജനവാസ കേന്ദ്രങ്ങളിലും ചെന്ന് പതിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇത് കുവൈറ്റിനെയും വല്ലാതെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കുവൈറ്റി പട്ടാളവും സദാജാഗരൂകരായി നിലകൊണ്ടിരുന്നു. ഈ പട്ടാളക്കാര്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ വെച്ചുവിളമ്പുന്നതിനും എത്തിച്ചുകൊടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന കാറ്ററിംഗ് കമ്പനി ജീവക്കാരായ ഞങ്ങള്‍ക്കും ആ സമത്ത് തിരക്കിട്ട ജോലികള്‍ തന്നെയായിരുന്നു.

സമയാസമയത്ത് അങ്ങ് ദൂരെയുള്ള അതിര്‍ത്തികളില്‍ കിടക്കുന്ന സൈനികര്‍ക്കു ഭക്ഷണം എത്തിച്ചു വന്ന് ജീവനക്കാരെല്ലാം അവരവരുടെ ഭക്ഷണം എടുത്തു കഴിച്ചു കൊണ്ടിരിക്കുമ്പോഴും ഉസ്മാന്‍ കോയ പഴയകാല കുവൈറ്റ് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാവര്‍ക്കും കൊടുത്ത് കഴിഞ്ഞ് ഓരോരുത്തരും അല്‍പം വിശ്രമത്തിനായി നീങ്ങിക്കഴിഞ്ഞാല്‍ പിന്നെ കോയ അയാളുടെ ഭക്ഷണ വിഭവങ്ങളുമെടുത്ത് തീന്‍മേശയുടെ ഒരു മൂലക്ക് തിരിഞ്ഞിരുന്ന് തിന്നും. ഒരു പാത്രം നിറയെ ചോറും ഒരു വലിയ പിഞ്ഞാണത്തില്‍ മാംസക്കറിയും കോഴി പൊരിച്ചതും സലാഡും ഒരു ജഗ് മോരും പെപ്‌സിയുമടങ്ങുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും അദ്ദേഹത്തിന്റെ തീറ്റയും കാണുമ്പോള്‍ ആദ്യമൊക്കെ ഞങ്ങള്‍ക്ക് എന്തന്നില്ലാത്ത അത്ഭുതമായിരുന്നു തോന്നിയിരുന്നത്. തീറ്റയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കഴിച്ചിരുന്ന കോയ ഇതുകഴിഞ്ഞ് രണ്ട് ആപ്പിളോ ഓറഞ്ചോ തിന്നതിനുശേഷം അല്‍പം സ്വീറ്റ്‌സും കഴിക്കാറുണ്ട്. അതിനുശേഷം ഒരു സുലൈമാനിയുമെടുത്ത് ഞങ്ങളോടൊപ്പമിരുന്ന് പഴയ കഥകളുടെ ഭാണ്ഡക്കെട്ടഴിക്കുക എന്നത് കോയയുടെ ദിനചര്യകളായിരുന്നു.
           
Memories | ഉസ്മാന്‍ കോയയുടെ വിശേഷങ്ങള്‍

വൈദ്യുതി വെളിച്ചമെത്താത്ത അബ്ബാസിയയുടെ പ്രാന്തപ്രദേശങ്ങളില്‍ കഫ്‌റ്റേരിയ നടത്തിയിരുന്ന കാലത്തെ ഓര്‍മ്മകളുടെ ചെപ്പ് തുറക്കുമ്പോള്‍ ഞങ്ങള്‍ ആശ്ചര്യത്തോടെ കാതുകള്‍ കൂര്‍പ്പിച്ചിങ്ങനെയിരിക്കും. നടന്നുപോകുമ്പോള്‍ പിറകില്‍ നിന്ന് കല്ലും അഴുക്കും വാരിയെറിയാറുള്ള അറബിക്കുട്ടികളും, കൊടും തണുപ്പും അത്യുഷ്ണവും സഹിച്ചു ജീവിച്ച ഒരു കാലത്തിന്റെ നേര്‍ക്കാഴ്ചകളും അദ്ദേഹം പറഞ്ഞുതരും. രണ്ടോ മൂന്നോ ചെറു കെട്ടിടങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് നിന്ന് റോഡും തെരുവും വളര്‍ന്നു വികസിച്ചതിന് മുഖ്യ സാക്ഷിയായി നിന്ന ഉസ്മാന്‍ കോയയുടെ ഏറ്റവും വലിയ ഹോബി അന്നും ഇന്നും തീറ്റ തന്നെയായിരുന്നു. രണ്ട് രണ്ടര കിലോ പോത്തിറച്ചിയോ ആട്ടിറച്ചിയോ വെട്ടിയരിഞ്ഞ് ചെറുകഷ്ണങ്ങളാക്കി വേവിച്ച് വരട്ടിയെടുത്ത് പത്ത് ഇറാനി ഖുബ്ബൂസെടുത്ത് ഒരിടത്തിരുന്ന് തിന്ന് ഒരു വലിയ കുപ്പി പെപ്‌സികോളയും കുടിച്ചാല്‍ പിന്നൊന്നും വേണ്ട, ഒരു ലൈം ടീയുമായാല്‍ വിശേഷം. ഇന്ന് അതുപോലെ തിന്നാനാവുന്നില്ല എന്ന് നിരാശയോട് പറഞ്ഞ് ഒരു പുഞ്ചിരി തൂകും. ആ ദൃശ്യം ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു വരുന്നു.











Keywords:  Article, Gulf, Kuwait, Story, Job, Worker, Features of Usman Koya.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia