city-gold-ad-for-blogger
Aster MIMS 10/10/2023

ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം നാല്‍പ്പത്തിയാറ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 27.03.2018) പഴയകാല സ്ത്രീകളുടെ സൗമ്യഭാവങ്ങളും, സൗഹൃദ ശീലങ്ങളും, സഹനവും, സഹകരണവും വര്‍ത്തമാനകാല സ്ത്രീ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നുവേണം കരുതാന്‍. 1980ല്‍ മണ്‍മറഞ്ഞുപോയ എന്റെ ഉമ്മൂമ്മയെക്കുറിച്ചാണ് ഈ വനിതാ ദിനത്തില്‍ ഞാനോര്‍ത്തുപോയത്. ഉമ്മൂമ്മ മരിക്കുമ്പോള്‍ അവര്‍ക്ക് 90 കഴിഞ്ഞുകാണും. വാര്‍ദ്ധക്യത്തിലും ക്ഷമയോടെ കുടുംബാംഗങ്ങളോടും അയല്‍പ്പക്കക്കാരോടും അവര്‍ ഇടപെട്ടിരുന്നു. ഫാത്തിമ എന്നാണ് പേരെങ്കിലും നാട്ടുകാര്‍ വിളിച്ചിരുന്നത് പാത്തുമ്മ നേത്യാര്‍ (പാത്തുമ്മേത്യാര്‍) എന്നായിരുന്നു. നേത്യാര്‍ എന്ന പേര് എങ്ങനെ ലഭ്യമായി എന്നറിയില്ല. മതഭക്തി അതിന്റെ പാരമ്യതയിലായിരുന്നു. അഞ്ചുനേരം നമസ്‌ക്കാരം സമയംതെറ്റാതെ നിര്‍വഹിക്കും. നോമ്പ് കൃത്യമായി അനുഷ്ഠിക്കും. കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്. കൃഷിയും കന്നുകാലി വളര്‍ത്തലും ഉണ്ടായിരുന്നു. നെല്ല് കൊയ്യാനും മെതിക്കാനുമൊക്കെ ഉമ്മൂമ്മ മുന്നിലുണ്ടാവും. പശുക്കളെ കറക്കലും, അവയെ പരിപാലിക്കലും ഉമ്മൂമ്മയുടെ ചുമതലയിലായിരുന്നു. കല്ല്യാണി പൈയും, മാതൈ പൈയും ഉമ്മൂമ്മയുടെ അരുമകളായിരുന്നു.

ഓടു മുരുടയില്‍ നിന്ന് കറന്നുവെച്ച പാല്‍ ചൂടോടെ എടുത്തു കുടിക്കുന്ന സ്വഭാവമെനിക്കുണ്ടായിരുന്നു. ഉമ്മൂമ്മ അങ്ങനെ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ചാണകം വാരിയാലും, പശുവിനെ കുളിപ്പിച്ചാലും 'നെജീസ്' എല്ലാം കഴുകിക്കളഞ്ഞ് കുളിച്ചേ വുളു എടുത്ത് നിസ്‌ക്കരിക്കൂ. നിലവിളക്കും തൂക്കുവിളക്കും കഴുകി വൃത്തിയാക്കി പ്രധാന ദിവസങ്ങളില്‍ എണ്ണയൊഴിച്ച് കത്തിച്ച് വെക്കുന്നത് ഓര്‍മ്മയുണ്ട്. വെറ്റിലമുറുക്ക് ഉമ്മൂമ്മയ്ക്ക് ഹരമായിരുന്നു. അതൊക്കെ കൃത്യമായി സംഘടിപ്പിച്ചുവെക്കും. അതിന് വേണ്ടി വെളള ഓട്ടില്‍ നിര്‍മ്മിച്ച് 'തുമ്മാന്‍ പെട്ടി' ഉമ്മൂമ്മയുടെ കട്ടിലിനടിയില്‍ സുരക്ഷിതമായി വെച്ചിട്ടുണ്ടാവും. നൂറ്(ചുണ്ണാമ്പ്) ഇട്ടുവെക്കുന്ന ചെറിയൊരു പാത്രം പ്രത്യേകമായി തുമ്മാന്‍ പെട്ടിയില്‍ അടുക്കിവെച്ചിട്ടുണ്ടാവും. 'തുപ്പുന്നത്' എന്ന പേരില്‍ പറയപ്പെടുന്ന മുറുക്കിത്തുപ്പുന്ന ഓട്ടുപാത്രം വലുതും, ചെറുതുമുണ്ടായിരുന്നു. സുബഹിബാങ്ക് കൊടുക്കുന്നതിന് മുമ്പ് എഴുന്നേറ്റ് തുപ്പുന്ന പാത്രവും, മറ്റും കഴുകി വൃത്തിയാക്കും. തിളങ്ങുന്ന ആ പാത്രത്തിലേക്ക് ചുവന്ന തുപ്പല്‍ തുപ്പിക്കളയുന്നത് കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. ഇതെല്ലാം ആദ്യകാലത്തെ കളിയായിരുന്നു.

ഉമ്മൂമ്മ മൂന്ന് ഭര്‍ത്താക്കന്മാര്‍ക്ക് വാണിരുന്നു. ആദ്യ ഭര്‍ത്താവില്‍ ഒരാണ്‍കുട്ടി, അദ്ദേഹത്തിന്റെ മരണശേഷം വിവാഹിതയായതില്‍ വീണ്ടും ഒരാണ്‍കുട്ടി, അദ്ദേഹവും മരിച്ചുപോയപ്പോള്‍ വിവാഹം കഴിച്ച ഉപ്പൂപ്പയെ മാത്രമേ എനിക്കറിയൂ. പേര് മൂലക്കാടത്ത് അസിനാര്‍, അദ്ദേഹത്തില്‍ മൂന്ന് മക്കളുണ്ടായി. അതിലൊന്നാണ് എന്റെ ഉമ്മ. കാലം കഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ദാരിദ്ര്യവും അരങ്ങിലെത്തി. എന്റെ കൗമാര-യൗവന പ്രായത്തിലെ ഉമ്മൂമ്മയെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞുളളൂ. ഉണ്ടായിരുന്ന നെല്‍വയലുകള്‍ വിറ്റു. കന്നുകാലികളെ വിറ്റു. പരമ ദരിദ്രാവസ്ഥയിലെത്തി. കുറച്ചു തെങ്ങിന്‍തോപ്പും, കശുവണ്ടിപ്പറമ്പും, മാവും പ്ലാവും നിറഞ്ഞുനില്‍ക്കുന്ന ഒരു ചെറുപറമ്പും മാത്രം ബാക്കിയായി. കശുവണ്ടി പറക്കി വിറ്റു കിട്ടുന്ന കാശുകൊണ്ട് അരി മേടിച്ചും, തെങ്ങ് പാട്ടത്തിന് കൊടുത്തുകിട്ടുന്ന തുക കൊണ്ട് അത്യാവശ്യകാര്യങ്ങളും നിറവേറ്റി. ചക്കയും മാങ്ങയും ഇഷ്ടം പോലെ ഉണ്ടായതിനാല്‍ വയറു നിറച്ച് വിശപ്പടക്കാന്‍ പറ്റി. ഭക്ഷണമൊക്കെ വളരെ പരുങ്ങലിലായിരുന്നു. മുഴുപ്പട്ടിണിയില്ലാതെ അരവയറുമായി കഴിഞ്ഞവളാണ് ഉമ്മൂമ്മ.

ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

നോമ്പ് കാലത്തെ ഉമ്മൂമ്മയുടെ നോമ്പുമുറി ഒരു കഷണം ഉപ്പുകട്ടയും പച്ചവെളളവുമാണ് എന്നോര്‍ക്കുമ്പോള്‍ ഇക്കാലത്തെ നോമ്പുതുറ ആഘോഷവും മനസ്സില്‍ വേദനയുണ്ടാക്കും. പ്രായമേറെ ആയ കാലത്തുപോലും ഉമ്മൂമ്മയുടെ സൗന്ദര്യബോധത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തുപോകുകയാണ്. നിസ്‌ക്കാരവും മറ്റും കഴിഞ്ഞാല്‍ കൊട്ടിലപ്പുറത്തെ വാതിലിനരികിലിരുന്ന് ഒരു പൊളിഞ്ഞ ചെറിയ കണ്ണാടി മുന്നില്‍ വെച്ച് എണ്ണ തേച്ച് മുടി ചീകിക്കെട്ടും. സുറുമക്കുപ്പിയെടുത്ത് കണ്ണെഴുതും. 'എന്തിനാ ഉമ്മൂമ്മ സുറുമ എഴുതുന്നത്?'. 'അത് കണ്ണ് ചൊറിയുന്നത് കൊണ്ടാണെടാ മക്കളേ' എന്ന മറുപടി കിട്ടും. പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന സൗന്ദര്യബോധമാണ് ഉമ്മൂമ്മയുടേത്. തലയില്‍ താളി തേച്ചാണ് കുളി. സോപ്പ് തേക്കില്ല, പകരം അത്തിമരത്തിന്റെ തൊലി ചെത്തി ഉണക്കി ബ്രഷ് രൂപത്തിലാക്കിയാണ് ദേഹം വൃത്തിയാക്കല്‍. ടൂത്ത് ബ്രഷ് ഇല്ല, പകരം തേങ്ങാചികരി മുറിച്ചെടുത്ത് ഭംഗിയാക്കി മിസ്‌വാക്ക് ആക്കും. ഉമിക്കരിയില്‍ ഉപ്പ് പൊടിച്ച് ചേര്‍ത്ത് ടൂത്ത് പൗഡര്‍ ഉണ്ടാക്കും. എല്ലാം പ്രകൃതിജന്യം. അപകടത്തിലോ മറ്റോ ആളുകള്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടാല്‍ ഉമ്മൂമ്മയുടെ അടുത്ത ചോദ്യം 'മരിച്ചത് ഞമ്മളെ ആളോ മോനെ' ഉടനെ എന്റെ മറുപടി 'നമ്മുടെ ആള് തന്നെ' എന്നാവും. കൂടുതലൊന്നും ഉമ്മൂമ്മ പിന്നീട് ചോദിക്കില്ല.

അന്ന് ഉമ്മൂമ്മയ്ക്ക് എണ്‍പത് വയസ്സായിട്ടുണ്ടാവും. പുഴുങ്ങിയ നെല്ല് ഉണക്കാന്‍ മച്ചിന്‍ മുകളില്‍ കയറുകയായിരുന്നു അവര്‍. കോണി കയറുമ്പോള്‍ താഴേക്കു വീണുപോയി. അനങ്ങാന്‍ വയ്യാത്ത അവസ്ഥ. ഞങ്ങള്‍ നിലവിളിച്ചപ്പോള്‍ അയല്‍പ്പക്കക്കാര്‍ ഓടിവന്നു. അപ്യാല്‍ ചെറിയമ്പുവേട്ടന്‍, വാണിയന്‍ വീട്ടില്‍ രാമേട്ടന്‍ എന്നിവര്‍ ഉമ്മൂമ്മയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. ആ കഠിന വേദനയിലും ഉമ്മൂമ്മ പറഞ്ഞു 'എന്നെ തൊടല്ലേ' എന്നാണ്. വുളുമുറിയുകയും നിസ്‌ക്കരിക്കാന്‍ പറ്റില്ലായെന്ന വിശ്വാസവുമായിരിക്കാം അങ്ങനെ പറയാന്‍ ഇടയാക്കിയത്. പക്ഷേ അവര്‍ കേട്ടതായി നടിച്ചില്ല. എഴുന്നേല്‍പ്പിച്ച് ചാരുകസേരയിലിരുത്തി കരിവെളളൂര്‍ വരെ ചുമന്ന് കൊണ്ടുപോയത് ചെറിയമ്പുവേട്ടനും രാമേട്ടനുമാണ്. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക. അവിടെനിന്ന് ജീപ്പ് സംഘടിപ്പിച്ച് കണ്ണൂര്‍ ജില്ലാ ഗവ. ആശുപത്രിയില്‍ മാസങ്ങളോളം കിടന്നതിന് ശേഷമാണ് സുഖപ്പെട്ടത്. ഉമ്മൂമ്മ കുപ്പായം സ്വന്തം കൈത്തുന്ന് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. വെളുത്ത ഒരു വാര മല്‍മല്‍ തുണി വാങ്ങി, കത്രിക കൊണ്ട് പാകത്തിന് മുറിച്ചെടുത്ത് തുന്നിയെടുക്കും. അതിന് ഒന്നോ രണ്ടോ ദിവസമെടുക്കും. ഇത് നേര്‍ത്ത തുണിയായതിനാല്‍ അടിയില്‍ അരക്കുപ്പായവും ധരിക്കും. ഇതും കൈത്തുന്ന് തന്നെ. എവിടെയെങ്കിലും യാത്ര പോവുമ്പോള്‍ വിവാഹത്തിനോ മറ്റോ കിട്ടിയ ഒരു പട്ടുമുണ്ടുണ്ട്. അതുടുക്കും, തലയില്‍ തട്ടം കെട്ടും. അതിന് മുകളില്‍ വലിയൊരു പൂവാര്‍ണ തട്ടമിടും. കുട പിടിച്ചേ നടക്കൂ. ആ സൗമ്യമായ നടത്തവും, എളിയ വസ്ത്രധാരണവും ഓര്‍ക്കാന്‍ ഇന്നും മധുരമുളളതാണ്.

ഇന്നത്തെ മൂസ്ലീം വനിതകളുടെ ഡ്രസ്സ് ധാരണവും നടത്തവും കാണുമ്പോള്‍ മനസ്സിലുദിച്ചുവരുന്ന അസ്വസ്ഥത പഴയവരുടെ വസ്ത്രധാരണമോര്‍ക്കുമ്പോള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നു. മൂത്തമകന്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ്. കാങ്കോലിലാണ് താമസം. വര്‍ഷകാലം ആരംഭിക്കുന്നതിന് മുന്നേ മകനെ കാണാന്‍ ഒരുപോക്കുണ്ട്. കൂടെ ഞാനും പോകും. ഒന്നുരണ്ടു ദിവസം അവിടെ താമസം. തിരിച്ചുവരുമ്പോള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞ് കെട്ടിക്കൊടുക്കും. കെട്ടില്‍ ബിസ്‌ക്കറ്റും പലഹാരങ്ങളുമുണ്ടാകും. കുറച്ച് നടന്ന് കഴിയുമ്പോള്‍ ഞാന്‍ ക്ഷീണം അഭിനയിക്കും. ഏതെങ്കിലും മരത്തിന്റെ തണലിലിരിക്കും. കെട്ടുപൊട്ടിച്ച് പലഹാരങ്ങള്‍ അകത്താക്കാനുളള പണിയാണത്. നിരക്ഷരയാണ് ഉമ്മൂമ്മ. എങ്കിലും പ്രായോഗിക ജീവിതം മാതൃകാപരമായിരുന്നു. മതവിശ്വാസമാണോ അതിന് ശക്തി പകര്‍ന്നതെന്നറിയില്ല. ശരീരം മാത്രമല്ല, മനസ്സിനേയും പരിശുദ്ധിയാക്കി നിര്‍ത്തി. ആരോടും പരിഭവം പറച്ചിലോ, മറ്റുളളവരെ കുറ്റപ്പെടുത്തി പറയുന്നതോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇല്ലായ്മയിലും അയല്‍പ്പക്കക്കാരെ ജാതി-മത വ്യത്യാസമില്ലാതെ സഹായിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ഉമ്മൂമ്മയുടെ അടുത്ത സുഹൃത്തുക്കള്‍. വിറക്കുന്ന വെളളച്ചി, കാക്കമ്മ, ചപ്പില ഇവരൊക്കെ വീട്ടില്‍വരും. അക്കാലത്ത് ഈ ദളിത് സ്ത്രീകളെയൊന്നും മറ്റ് ഹിന്ദു ജാതിക്കാര്‍ വീടുകളില്‍ പ്രവേശിപ്പിക്കാറില്ലായിരുന്നു. ഇവിടെ പ്രവേശനം കിട്ടുന്നതുകൊണ്ടും, വിശപ്പ് മാറ്റാന്‍ ഭക്ഷണം കിട്ടുന്നതുകൊണ്ടുമായിരിക്കാം ഉമ്മൂമ്മയെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്.

വര്‍ത്തമാനകാലത്ത് സ്ത്രീശാക്തീകരണത്തിനും, തുല്യതയ്ക്കും, ഭരണപഥത്തിലെത്താനും വേണ്ടി സ്ത്രീസമൂഹം പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ഇത്തരം സമരങ്ങള്‍ക്കൊന്നും പുറപ്പെടാതെ കുടുംബാന്തരീക്ഷത്തില്‍ സമത്വവും, സന്തോഷവും നിലനിന്ന കാലമുണ്ടായിരുന്നു എന്നോര്‍ത്തുപോവുകയാണ്. മോടി പിടിപ്പുളള വസ്ത്രധാരണവും, രുചിയേറിയതും വിലപിടിപ്പുമുളള ഭക്ഷണ പാനീയങ്ങള്‍ക്കടിമപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വീകരുടെ ജീവിതരീതികളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം. പഴഞ്ചന്‍ രീതിയിലേക്ക് തിരിച്ചുപോകണമെന്നല്ല; ഇന്ന് സ്ത്രീകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം നിശ്ശബ്ദമായി നേടിയെടുത്ത് പ്രശ്‌നനരഹിതമായ ജീവിതം നയിച്ച
വന്ദ്യവയോധികളായ സ്ത്രീകളെ ഓര്‍ക്കൂ...


Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Grand mother, Kookanam-Rahman, Farming, Animal, Women, Story of my foot steps part-46.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL