Join Whatsapp Group. Join now!
Aster MIMS 10/10/2023

കുട്ടേട്ടനൊരു കത്ത്

മാതൃഭൂമി ബാലപംക്തിയില്‍ ആകര്‍ഷകമായിരുന്ന കുട്ടിക്കാലം. അതില്‍ വരുന്ന കവിതകളും Article, Kookanam-Rahman, School, SSLC, Photo, Letter.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 6)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 20.06.20217) മാതൃഭൂമി ബാലപംക്തിയില്‍ ആകര്‍ഷകമായിരുന്ന കുട്ടിക്കാലം. അതില്‍ വരുന്ന കവിതകളും കഥകളും കുട്ടേട്ടന്റെ കത്തുകളും ആകാംക്ഷയോടെ വായിക്കുമായിരുന്നു. അന്ന് ഒമ്പതാം ക്ലാസുകാരനാണ് ഞാന്‍. മനസ്സില്‍ തോന്നുന്നതെല്ലാം കടലാസുകളില്‍ കുറിച്ചിടും. കുട്ടേട്ടന് കവിതയിലൂടെ ഒരു കത്തെഴുതാന്‍ മനസ് വെമ്പി. ലളിതമായ വാക്കുകളുപയോഗിച്ച് ഒരു കൊച്ച് കവിത എഴുതി നോക്കി. ആ വരികള്‍ ഇന്നും ഓര്‍മ്മയുണ്ട്.

'എനിക്കേറ്റം പ്രിയപ്പെട്ട കുട്ടനേട്ടനറിയുവാന്‍ സാധുവാമീ കുഞ്ഞനിയന്‍ എഴുതീടുന്നു..........' ഇതെങ്ങിനെ അയച്ചു കൊടുക്കണമെന്ന് അറിയില്ല. വരുന്നത് വരട്ടെ എന്ന് കരുതി മാതൃഭൂമി ബാലപംക്തിയിലേക്ക് കവിത പോസ്റ്റ് ചെയ്തു. കുട്ടേട്ടന്റെ മറുപടി കിട്ടുമെന്നും കവിത അച്ചടിച്ചു വന്നാല്‍ കൂട്ടുകാരെയൊക്കെ കാണിക്കണം അവരൊക്കെ ഇതിനെകുറിച്ച് എന്തു പറയുമെന്നറിയണം. ഇത്തരം മോഹങ്ങളുമായാണ് ദിവസം എണ്ണിക്കഴിച്ചത്.

Article, Kookanam-Rahman, School, SSLC, Photo, Letter, story of my foot steps Part-6.

അന്ന് ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള രാത്രിയില്‍ മൂടിപ്പുതച്ചു കിടന്നാലും കവിത അച്ചടിച്ചു വരുന്നതിനെ കുറിച്ചുള്ള സ്വപ്നമായിരുന്നു മനസ്സ് നിറയെ. ക്രിസ്തുമസ് വെക്കേഷന്‍ കഴിയാറായി. അരക്കൊല്ല പരീക്ഷ കഴിഞ്ഞതു മുതല്‍ ഭയമായിരുന്നു. ഒമ്പതാം ക്ലാസിലെ അരക്കൊല്ല പരീക്ഷ ജയിച്ചാലേ പത്താം ക്ലാസ് കാണാന്‍ പറ്റൂ. ഭയമായിരുന്നു ഉള്ളില്‍. പഠിക്കാന്‍ സമയം കിട്ടാത്തവനായിരുന്നു ഞാന്‍. എന്നും പീടികയിലെ കച്ചവടവും മറ്റും കഴിഞ്ഞേ സ്‌കൂളില്‍ ചെല്ലാന്‍ പറ്റൂ. വീട്ടില്‍ വന്നാല്‍ പഠിക്കാനൊന്നും സമയം കിട്ടില്ല.

അക്കാലത്തെ ഒമ്പതാം ക്ലാസെന്നാല്‍ ഭയപ്പെടേണ്ട ക്ലാസാണ്. കാരണം എസ് എസ് എല്‍ സി ക്ക് 100% വിജയമുണ്ടാക്കാന്‍ ഒമ്പതാം ക്ലാസില്‍ നിന്ന് നല്ല മാര്‍ക്ക് വാങ്ങുന്നവരെ മാത്രമെ പത്താം ക്ലാസിലേക്ക് കടത്തിവിടൂ. അന്ന് ഞാന്‍ പഠിച്ചിരുന്ന കരിവെള്ളൂര്‍ ഗവ: ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസിന് രണ്ട് ഡിവിഷന്‍ മാത്രമെ ഉള്ളൂ. ഒന്‍പത് എ ഡിവിഷന്‍ നല്ല പഠിപ്പിസ്റ്റുകളുടെ ക്ലാസാണ്. അവരെല്ലാം പത്തിലേക്കു ജയിക്കും. ബി ഡിവിഷനിലാണ് പിന്നോക്കക്കാരുണ്ടാവുക. ഞാന്‍ ബി ഡിവിഷനിലായിരുന്നു. ഞങ്ങളൊക്കെ കുറ്റപ്പേര് ചൊല്ലിവിളിക്കുന്ന 'കുറ്റിബാലന്‍ മാഷ്' ആയിരുന്നു ക്ലാസ് മാഷ്. പഠിപ്പിക്കുന്ന വിഷയം കണക്കും.

(മ+യ) 2 = മ 2 + 2മയ+ യ 2 തുടങ്ങിയ അല്‍ജിബ്രാക്ലാസുകള്‍ ഭയപ്പാടോടെ മാത്രമെ ഇന്നും ഓര്‍ക്കാന്‍ കഴിയൂ. ആണ്‍പിള്ളേരായ ഞങ്ങളൊക്കെ അദ്ദേഹത്തെക്കാളും നീളമുള്ളവരാണ്. കണക്ക് പിരിയഡില്‍ അടികൊള്ളാത്ത ദിവസങ്ങളില്ല. കൈകൊണ്ട് മുഖത്താണടി. അദ്ദേഹം കാലുയര്‍ത്തിയാണ് ഞങ്ങളുടെ മുഖത്തേക്ക് ആഞ്ഞടിക്കുക. വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം ആഗതമായി. കൂട്ടുകാരെ കാണാനുള്ള സന്തോഷമുണ്ടെങ്കിലും ഉത്തര കടലാസും മാര്‍ക്കും അറിയാനുള്ള ആകാംക്ഷയും ഭയവും മനസ്സിലുണ്ട്.

ഒന്നാമത്തേത് കണക്കു പിരിയഡാണ്. ബാലന്‍മാഷ് കണക്ക് പരിക്ഷയുടെ ഉത്തര കടലാസിന്റെ കെട്ടും ഹാജര്‍ പട്ടികയുമായി സ്റ്റാഫ് റൂമില്‍ നിന്ന് അദ്ദേഹത്തിന്റെ സ്വതവേ ഉള്ള ചരിഞ്ഞ നടത്തവുമായി ഇറങ്ങി വരുന്നത് ഞങ്ങള്‍ കണ്ടു. എല്ലാവരും നിശബ്ദതയിലാണ്ടു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഞങ്ങള്‍
കാത്തിരിക്കുകയായിരുന്നു......

അദ്ദേഹത്തിന്റെ മുഖഭാവം എന്നും ഗൗരവമുള്ളതായിരുന്നു. വന്നപാടെ മേശമേലേക്ക് ഉത്തര കടലാസുകെട്ടും പട്ടികയും ശബ്ദത്തോടെ വെച്ചു. കസേരയിലിരുന്ന് ഹാജര്‍ വിളി ആരംഭിച്ചു. ആമുഖമായൊന്നും പറയാതെ ഉത്തര കടലാസ് പേരുവിളിച്ച് മാര്‍ക്കും പറഞ്ഞ് വിതരണം ചെയ്യാന്‍ തുടങ്ങി. ഏറ്റവും കുറഞ്ഞ മാര്‍ക്കുള്ളവരുടെ ഉത്തരകടലാസുകളാണ് ആദ്യമാദ്യം
ക്രമമായി അടുക്കി വെച്ചിട്ടുള്ളതെന്ന് ഒരോരുത്തരുടെയും മാര്‍ക്ക് പറയുമ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. നാലമാതോ അഞ്ചാമതോ ആയാണ് എന്റെ പേപ്പര്‍ കിട്ടിയത്. മാര്‍ക്ക് 50 ല്‍15. നെഞ്ചിടിപ്പോടെയാണ് പേപ്പര്‍ വാങ്ങാന്‍ ചെന്നത്. പേപ്പര്‍ കൈയ്യില്‍ തരാതെ വലിച്ചെറിയുകയായിരുന്നു അദ്ദേഹം.

'ഓ താന്‍ വലിയ എഴുത്തുകാരനാവാന്‍ പോവുകയല്ലേ ഇതാ കുട്ടേട്ടനെഴുതിയ കത്ത്. പഠിക്കേണ്ട കവിതയെഴുതി നടന്നാല്‍ മതി.' എന്നു പറഞ്ഞ് കത്തു വലിച്ചെറിഞ്ഞു. കൂട്ടുകാരുടെ മുമ്പില്‍ നിന്ന് അപമാനിച്ചെങ്കിലും കത്ത് കിട്ടയതില്‍ അഭിമാനം തോന്നി. നിറഞ്ഞ കണ്ണുകളോടെ കുട്ടേട്ടന്റെ കത്ത്
വായിച്ചു. അതില്‍ കുറിച്ചിരിക്കുന്ന വരികള്‍ വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞാനയച്ച കവിത അടുത്താഴ്ച മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധികരിക്കുമെന്നാണ് കത്തില്‍ പറയുന്നത്.

കണക്കില്‍ തോറ്റതും കുറ്റിബാലന്‍ മാഷിന്റെ അവഞ്ജയും മനസില്‍ വേദനയുണ്ടാക്കി. പക്ഷേ കവിത വരുമെന്നും അത് കൂട്ടുകാരെല്ലാം കാണുമെന്നും ചിന്തിച്ചപ്പോള്‍ വേദനയും ഭയവും അല്പം വിട്ടുനിന്നു. അധ്യാപകന്‍മാര്‍ ഇത്തരം സന്തോഷങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു വേണ്ടത്. കണക്കു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാലാവാം ബാലന്‍മാഷ് അന്ന് ഇങ്ങനെ പറഞ്ഞിരുന്നത് എന്ന് ഇപ്പോള്‍ ഓര്‍ക്കുകയാണ്.

'കുട്ടേട്ടനൊരു കത്ത്' എന്ന തലക്കെട്ടോടെ വന്ന കവിത വായിച്ചവരൊക്കെ എന്നെ അഭിനന്ദിച്ചു. എങ്കിലും ക്ലാസ്മുറിയിലെ പെണ്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് കുറ്റപ്പെടുത്തി സംസാരിച്ചത് മനസിനേറ്റ വലിയ മുറിവായിരുന്നു. ഇതിന് വിപരീതമായ ഒരനുഭവം ഓലാട്ട് സ്‌കൂളില്‍ എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായത് ഓര്‍മ്മയിലേക്ക് വരുകയാണ്.

അന്ന് എഴാം ക്ലാസുകാര്‍ ഒരുക്കിയ കയ്യെഴുത്ത് മാസിക 'കുസുമം' അതിന്റെ പത്രാധിപരായിരുന്നു ഞാന്‍. അതിലും എന്റെതായ കൊച്ചു കവിതകളും കഥയുമുണ്ടായിരുന്നു. കയ്യെഴുത്ത് മാസിക വായിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആലക്കാടന്‍ നാരായണന്‍ മാഷ് (ഡോ: എ. എന്‍. കൊടക്കാട് )പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഇന്നും കെടാതെ തെളിഞ്ഞ് നില്‍ക്കുന്നു. 'നീയൊരു എഴുത്തുകാരനാകും' എന്നാണ് അദ്ദേഹം ആശീര്‍വദിച്ച് പറഞ്ഞത്.

വര്‍ഷാവസാനം ഏഴാം ക്ലാസ് യാത്രയയപ്പിന് ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. ഫോട്ടോവിന് പോസ് ചെയ്യുമ്പോള്‍ പത്രാധിപരാണ് മാസിക കയ്യില്‍പ്പിടിച്ചു നില്‍ക്കുക. അതും അഭിമാനമായിരുന്നു. പ്രൈമറി ക്ലാസിലെ പ്രോത്സാഹനം ഇങ്ങിനെയൊക്കെയായിരുന്നു.

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

മൊട്ടത്തലയില്‍ ചെളിയുണ്ട

ആശിച്ചുപോകുന്നു കാണാനും പറയാനും

പ്രണയം, നാടകം, ചീട്ടുകളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, School, SSLC, Photo, Letter, story of my foot steps Part-6.