Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശിച്ചുപോകുന്നു കാണാനും പറയാനും

മരുമക്കത്തായ കുടുംബ സാഹചര്യത്തില്‍ വളര്‍ന്നു വന്നവനാണ് ഞാന്‍. എന്റെ ജീവിതത്തിന് Article, Kookanam-Rahman, Marriage, Education, Uncle, Memory,Food.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 4)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 07.06.2017) മരുമക്കത്തായ കുടുംബ സാഹചര്യത്തില്‍ വളര്‍ന്നു വന്നവനാണ് ഞാന്‍. എന്റെ ജീവിതത്തിന് ഊടും പാവും ഉണ്ടാക്കിത്തന്ന ഒരമ്മാവനുണ്ടായിരുന്നു. പുരോഗമനവാദിയാണ്. അധ്വാനിയാണ്. നല്ല വായനക്കാരനാണ്. അല്പസ്വല്‍പം എഴുതും. അമ്മാവന് നാല് കല്യാണം കഴിക്കേണ്ടിവന്നു. ഒരമ്മാവനിലൂടെ നാല് അമ്മായിമാരുടെ സ്‌നേഹപരിലാളനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യവാനായ മരുമകനാണ് ഞാന്‍.

സംഭവം നടക്കുന്നത് 1960കളിലാണ്. അന്ന് മുസ്ലീം വിവാഹത്തിന്റെ പ്രധാന ഭക്ഷണം നെയ്‌ച്ചോറും കോഴിക്കറിയുമാണ്. അത് ഇക്കാലത്തെ പോലെയുളളതല്ല. ശുദ്ധപശുവിന്‍ നെയ്യിലാണ് നെയ്‌ച്ചോറ് പാകം ചെയ്യുക. നാടന്‍ കോഴിയെ കറിവെക്കും. കറിയില്‍ ഇന്നത്തെ പോലെ പൊടി പ്രയോഗമൊന്നുമല്ല അമ്മിമേല്‍ ഇട്ട് കൈ കൊണ്ടരച്ച് പാകപ്പെടുത്തിയെടുത്ത മസാലയില്‍ വേവിച്ചെടുത്ത കോഴിക്കറിയുടെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.

അമ്മാവന്റെ നാല് കല്യാണത്തിന്റെയും ഭക്ഷണം കഴിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. അമ്മാവന്‍ നാല് കല്യാണം കഴിച്ചത് നാല് പെണ്ണുകെട്ടാം എന്ന ഇസ്ലാം ആചാരത്തിന്റെ ഭാഗമല്ല. അമ്മാവന്റെ ഭാഗത്തുനിന്നുളള പ്രശ്‌നം കൊണ്ട് മൊഴിചൊല്ലിയതുമല്ല. പാവപ്പെട്ട അമ്മായിമാരുടെ കുറ്റം കൊണ്ടുമല്ല. അക്കാലത്ത് പെണ്‍മക്കളെ വളര്‍ത്തിയെടുക്കുന്ന രീതിയുടെ ഭാഗമായാണ് പ്രശ്‌നങ്ങളുണ്ടായത്.

Article, Kookanam-Rahman, Marriage, Education, Uncle, Memory,Food, Story of my foot steps PART-4.

അന്ന് പത്ത് വയസ്സുകാരനായിരുന്നു ഞാന്‍. അമ്മാവന്റെ ആദ്യ പെണ്ണുകെട്ടിന്റെ ഓര്‍മ്മ മനസ്സിലുണ്ട്. കല്യാണ സദ്യയുടെ രുചി നാക്കിലുണ്ട്. ചെറുപ്പക്കാരിയായ അമ്മായിയുടെ രൂപം മനസ്സിലുണ്ട്. അമ്മായി എന്നെ കുളിപ്പിക്കുകയും ഡ്രസ്സ് ഇടീച്ചുതരികയും ചെയ്യുമായിരുന്നു. അമ്മായിയെ കെട്ടിക്കൊണ്ടുവന്നത് ഉദിനൂരില്‍ നിന്നാണ്. അവരുടെ ഉപ്പയുടെ പേര് ഇങ്ങിനെയായിരുന്നു ളബ്ബന്‍ അവുക്കറ്ക്ക. പേരില്‍ തന്നെ ഭയം ജനിപ്പിക്കുന്നുണ്ട്. അദ്ദേഹം കര്‍ശന ചിട്ടയില്‍ പെണ്‍കുട്ടികളെ വളര്‍ത്തി. വിദ്യാഭ്യാസം ചെയ്യിച്ചില്ല. പുറത്തിറക്കിയില്ല. അമ്മാവന്റെ പുരോഗമനരീതിയൊന്നും അമ്മായിയുടെ വീട്ടുകാര്‍ക്ക് ദഹിച്ചില്ല.

ഭാര്യവീട്ടില്‍ ചെന്ന അമ്മാവന്റെ മുന്നില്‍ വാതില്‍ കൊട്ടിയടക്കപ്പെട്ടു. അമ്മാവന്‍ പിന്നെയും കുറേ നേരം പുറത്ത് കാത്തുനിന്നു. അമ്മായിയോട് വിടചൊല്ലും വിധം ഒരു കവിതയെഴുതി ജനലിലൂടെ അകത്തിട്ടു. ആ കവിത അടുത്ത ദിവസം രാവിലെ എന്റെ ഉമ്മയ്ക്ക് ചൊല്ലികേള്‍പ്പിക്കുന്നത് കേട്ടത് ഓര്‍മ്മയുണ്ട്. ആ ബീഫാത്തിമ അമ്മായി ഇന്നെവിടെയായിരിക്കും എന്നറിയില്ല. ഏതോ ഗള്‍ഫുകാരന്റെ ഭാര്യയായി, ഡസന്‍ കണക്കിന് മക്കളുമായി സുഖമായി കഴിയുന്നുണ്ടാവുമോ? നാലഞ്ചുമാസം
മാത്രമെ അവര്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നുളളുവെങ്കിലും ഇന്നും അവരോട് എനിക്ക് സ്‌നേഹബഹുമാനങ്ങളുണ്ട്. അവര്‍ എവിടെ എങ്ങിനെ ജീവിക്കുന്നുണ്ട് എന്നറിയാന്‍ മോഹമുണ്ട്.
അമ്മാവന് ആ ചിന്തയുണ്ടോ എന്നറിയില്ല.

അമ്മാവന്‍ രണ്ടാമതും പെണ്ണുകെട്ടി. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ നിന്നാണ്. നബീസ അമ്മായി. വെളുത്ത് സുന്ദരിയായ സ്ത്രീ ആയിരുന്നു. ഒരുപാട് സ്വര്‍ണ്ണമൊക്കെ ധരിച്ചിരുന്നതും ഓര്‍മ്മയുണ്ട്. അന്ന് 8-ാം ക്ലാസുകാരനായ കുട്ടിയാണ് ഞാന്‍. ഈ അമ്മായിയുടെ വീട്ടിലേക്കും അമ്മാവന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. വിഭവസമൃദ്ധമായ ഭക്ഷണം കിട്ടിയത് നല്ല ഓര്‍മ്മയുണ്ട്. നബീസമ്മായിയുടെ ഉപ്പയുടെ പേരും അല്‍പ്പം ഭയം ജനിപ്പിക്കുന്നതായിരുന്നു. മൂക്കന്‍ അസിനാര്‍ക്ക. പെരളത്തായിരുന്നു അവര്‍ താമസിച്ചിരുന്നത്. കച്ചവടക്കാരുടെ കുടുംബമായിരുന്നു അവരുടേത്.

നബീസഅമ്മായിക്കും എന്നെ സ്‌നേഹമായിരുന്നു. നല്ല പാട്ടുപാടിത്തന്നത് ഓര്‍മ്മയുണ്ട്. സാമ്പത്തികമായി അമ്മായിയുടെ വീട്ടുകാരേക്കാള്‍ വളരെ പിന്നിലായിരുന്നു ഞങ്ങളുടെ കുടുംബം. അതിനാല്‍ പരസ്പരം യോജിച്ചുപോകാന്‍ കഴിയാത്ത അവസ്ഥ വന്നു കാണും.
വിദ്യാഭ്യാസത്തിന്റെയും, സാമൂഹ്യബോധത്തിന്റെയും അപര്യാപ്തതയാണ് അമ്മായിക്ക് അഡ്ജസ്റ്റ് ചെയ്തു പോകാന്‍ കഴിയാത്തതിന് കാരണം. രണ്ടോമൂന്നോ മാസം മാത്രം നിലനിന്ന ഈ വിവാഹബന്ധവും അമ്മാവന് ഉപേക്ഷിക്കേണ്ടിവന്നു.

ഈയൊരു വാശിതീര്‍ക്കാനെന്നോണം ഒരു നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയെ
അന്വേഷിച്ചു നടക്കുകയായിരുന്നു അമ്മാവന്‍. അങ്ങനെ താടിക്കാരന്‍ കലന്തര്‍ക്കയുടെ മകളെ നിക്കാഹ് കഴിച്ചു. നിര്‍ഭാഗ്യവശാല്‍ ആ അമ്മായിയെ കാണാനുളള ഭാഗ്യം എനിക്കുണ്ടായില്ല. ഒന്നോരണ്ടോ മാസം മാത്രം നീണ്ടുനിന്ന ഈ ദാമ്പത്യ ബന്ധവും തകര്‍ന്നു. വില്ലന്‍ വിദ്യാഭ്യാസം തന്നെ.
കാര്യങ്ങള്‍ തീരെ ഉള്‍ക്കൊളളാന്‍ കഴിവില്ലാത്തവളായിരുന്നു ഈ അമ്മായിയും എന്നാണ് പറഞ്ഞുകേട്ടത്.

മൂന്നു വിവാഹബന്ധങ്ങളും തകര്‍ന്നുപോയപ്പോള്‍ കാര്യമറിയാത്ത പൊതുജനം അമ്മാവനെ കുറ്റപ്പെടുത്താന്‍ തുടങ്ങി. പെണ്ണുകെട്ടി നടക്കുന്നവന്‍ എന്ന രീതിയില്‍ ജനം ആക്ഷേപിച്ചുകാണും. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് സമൂഹം അറിയുന്നുമില്ല. അക്കാലത്ത് വിദ്യാഭ്യാസത്തെയും, പുരോഗമന ചിന്തയേയും ഉള്‍ക്കൊളളാന്‍ കഴിയാത്തവരായിരുന്നു
മുസ്ലീം വിഭാഗത്തിലെ പ്രായം ചെന്ന പുരുഷന്‍മാര്‍. അവര്‍ പണത്തെ മാത്രം കണ്ടാണ് വ്യക്തികളെ വിലയിരുത്തിയിരുന്നത്.

പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ല. ഭാര്യമാരെ അടിമകളെ പോലെ എല്ലാം അനുസരിക്കുന്ന അടുക്കളക്കാരികള്‍ മാത്രമാക്കി നിലനിര്‍ത്തി. അമ്മാവന് സമാധാനം കൈവന്നത് നാലാമത്തെ വിവാഹത്തിന് ശേഷമാണ്. അല്പസ്വല്‍പം വിദ്യാഭ്യാസവും കാര്‍ഷീക മേഖലയില്‍ ജീവിതം കരുപ്പിടിച്ച ഹസിനാര്‍ ഹാജിക്കയുടെ മകളെ നിക്കാഹ് ചെയ്തതിന് ശേഷം മാത്രമാണ്. സഫിയ എന്നായിരുന്നു ആ അമ്മായിയുടെ പേര്. അവരുടെ ഒപ്പമാണ് ഞാനും ജീവിച്ചുവന്നത്. എന്റെ വിദ്യാഭ്യാസത്തിനും, ജീവിതത്തിനും അത്താണിയായി നിന്നത് സഫിയ അമ്മായിയായിരുന്നു. അവര്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയി.

ഓര്‍ക്കാനൊരുപാട് കഴിവുകളുളളവളായിരുന്നു സഫിയ അമ്മായി. നല്ല കൃഷിക്കാരിയായിരുന്നു. അമ്മാവന്റെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അംഗീകാരം നല്‍കാന്‍ മനസ്സുളളവളായിരുന്നു. മിടുക്കരായ മൂന്നുമക്കള്‍ക്ക് പിറവി നല്‍കി ആ അമ്മായി യാത്രയായി.

അമ്മാവന്റെ ആദ്യ നാലു ഭാര്യമാര്‍ എന്നതിനേക്കാളും എന്റെ അമ്മായിമാര്‍ എന്നതാണ് എനിക്ക് പ്രധാനം. അവര്‍ തന്ന സ്‌നേഹ പരിലാളനകള്‍, അവരൊപ്പം ജീവിച്ച നാളുകള്‍ ഇതൊക്കെ എന്നും ഓര്‍ത്തു കൊണ്ടിരിക്കും. അവരിപ്പോള്‍ എങ്ങിനെയായിരിക്കും? ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാവുമോ? മക്കള്‍ ഉയര്‍ന്ന നിലയില്‍ എത്തിക്കാണുമോ? കഴിഞ്ഞുപോയ കാലത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, ഭര്‍ത്താവിനെക്കുറിച്ചും ചിന്തിക്കുന്നുണ്ടാവുമോ? ആ കാലത്തെയും, ഭര്‍ത്താവായ എന്റെ അമ്മാവനേയും ശപിക്കുന്നുണ്ടാവുമോ? അന്ന് കുട്ടിയായിരുന്ന എന്നെ കുറിച്ച് ചിന്തിക്കുന്നുണ്ടാവുമോ? അവരെയൊക്കെ കാണാനും, അനുഭവങ്ങള്‍ പങ്കിടാനും ആഗ്രഹമുണ്ട്. അതൊരിക്കലും സാധിക്കില്ലെന്നറിയാം. എങ്കിലും വെറുതേ മോഹിച്ചു പോവുന്നു.

കാലത്തിനൊത്ത് അവര്‍ക്കും അവരുടെ മക്കള്‍ക്കും മാറാന്‍ കഴിഞ്ഞിട്ടുണ്ടാവാം. മക്കളോട് തങ്ങളുടെ യൗവനകാലത്തെ ആദ്യ വിവാഹനാളുകളെക്കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ടാവാം. അഴിച്ചു മാറ്റപ്പെട്ട
ബന്ധങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ കഴിയില്ലെങ്കിലും ആശിച്ചുപോകുന്നു സ്‌നേഹത്തോടെ കാണാനും പറയാനും.

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

മൊട്ടത്തലയില്‍ ചെളിയുണ്ട

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Marriage, Education, Uncle, Memory,Food, Story of my foot steps PART-4.