city-gold-ad-for-blogger
Aster MIMS 10/10/2023

വീണുടഞ്ഞ സ്വപ്നം

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം ഇരുപത്തിമൂന്ന് )

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 17.10.2017) ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ വിചാരിക്കാതെ വന്നുപെടുന്നതാണ്. അതില്‍ യാഥാര്‍ത്ഥ്യമാവുന്നതും നിരാശപ്പെടുത്തുന്നതും സന്തോഷ- സന്താപങ്ങള്‍ക്ക് ഇടവരുത്തുന്നതുമൊക്കെയുണ്ടാവാം. മിക്കവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന വിജയപരാജയങ്ങള്‍ മുന്‍ധാരണയിലൂടെയോ, മുന്‍ വിധിയിലൂടെയോ ഉണ്ടാകുന്നതല്ല. കയ്യെത്തും ദൂരത്ത് എത്തിപ്പെട്ട നേട്ടങ്ങള്‍ അകന്നകന്ന് പോവുമ്പോള്‍ മനസ്സ് നൊമ്പരപ്പെടും. അത്തരമൊരനുഭവം എനിക്കുണ്ടായി.

കാലം 1990. സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന് ജില്ലയില്‍ നേതൃത്വം വഹിച്ചു കൊണ്ടിരിക്കുന്ന സമയം. സംസ്ഥാനയുവജനക്ഷേമ വകുപ്പിന്റേതായി ഒരു പത്രവാര്‍ത്ത കണ്ടു. യുവജനങ്ങളുടെ ഇടയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പഞ്ചാബിലും, തുടര്‍ന്ന് ആസ്‌ട്രേലിയയിലും ഒമ്പതുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. അതിനുശേഷം യുവജന ക്ഷേമ വകുപ്പില്‍ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ ഡപ്യൂട്ടേഷനില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിയും ലഭിക്കും. അപേക്ഷകര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരായിരിക്കണം. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ യുവജന മേഖലയില്‍ ഞാന്‍ ചെയ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മയിലേക്കോടിയെത്തി.

കേരളത്തില്‍ നിന്ന് 21 അംഗ ആദിവാസി യുവാക്കെളെയും കൊണ്ട് ഡെറാഡൂണില്‍ നടന്ന ദേശീയയുവജന ആദിവാസി കലാമേളയില്‍ പങ്കെടുക്കുന്നതിന് ടീം ലീഡറായി നെഹറുയുവക് കേന്ദ്ര എന്നെയാണ് നിശ്ചയിച്ചത്. യുവാക്കള്‍ക്കായി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും, എന്‍. വൈ. കെയുടെയും സഹായത്താല്‍ സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ക്കും, വര്‍ക്ക് ക്യാമ്പുകള്‍ക്കും, തൊഴില്‍ പരിശീലന പരിപാടികള്‍ക്കും മറ്റും ഞാന്‍ നേതൃത്വം കൊടുത്തിട്ടുണ്ട് പ്രസ്തുത പരിശീലനത്തിന് സെലക്ഷന്‍ കിട്ടുന്നതിനായി അപേക്ഷ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അറിയിപ്പുകിട്ടി. ജൂണ്‍ 30 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരാനാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇത്രയും വലിയ പരിശീലനവും ഉദ്യോഗനേട്ടവും ലഭിക്കുന്ന ഇന്റര്‍വ്യൂ ഒരു പ്രഹസനമായിരിക്കുമെന്ന് മനസ്സ് പറഞ്ഞു. ആര്‍ക്കെങ്കിലും പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടാവും. ഇന്റര്‍വ്യൂ ഒരു പേരിന് നടത്തുന്നതാവും എന്നൊക്കെയാണ് എന്റെ ചിന്തപോയത്. അതാണല്ലോ പലപ്പോഴും സംഭവിക്കുന്നത്.

വീണുടഞ്ഞ സ്വപ്നം

അതേ ദിവസം തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ കാന്‍ഫെഡിന്റെ പതിമൂന്നാം വാര്‍ഷികം നടക്കുകയാണ്. അവിടെ എത്താതിരിക്കാന്‍ പറ്റില്ല. കാസര്‍കോട് ജില്ലയിലെ കാന്‍ഫെഡ് പ്രവര്‍ത്തകന്മാരെ എല്ലാം പങ്കെടുപ്പിക്കേണ്ട ചുമതല എനിക്കാണ്. പി. എന്‍. പണിക്കര്‍ സാറിനോട് ഇന്റര്‍വ്യൂ കാര്യം സംസാരിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ഉടനെ തൃശ്ശൂരിലേക്ക് തിരിച്ചെത്തണം എന്നദ്ദേഹം നിര്‍ദേശിച്ചു. തലേദിവസം മലബാര്‍ എക്‌സ്പ്രസില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്ത് രാവിലെയെത്തി. മുറിയെടുത്ത് ഒന്നുകൂടി ഫ്രഷ് അപ് ചെയ്തു. കൃത്യസമയത്ത് ഇന്റവ്യൂ നടക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വന്നവരില്‍ പരിചയക്കാരെ ആരെയും കണ്ടില്ല. മിക്കവരും തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലക്കാരാണ്. വന്നവരെല്ലാം ടിപ്പ്‌ടോപ്പില്‍ ഡ്രസ്സ് ചെയ്ത് വന്നവരാണ്. കോട്ടും സൂട്ടും ടൈഉം ഒക്കെ ധരിച്ചെത്തിയവരാണ് എല്ലാവരും. സാധാരണ മുണ്ടും ഷര്‍ട്ടും വേഷത്തില്‍ ഞാന്‍ മാത്രമെയുള്ളു. എല്ലാവരുടേയും നോട്ടം എന്നിലേക്കായി. ഇതെന്ത് 'കഞ്ഞിയാണ്' എന്ന പുച്ഛഭാവത്തോടുള്ള നോട്ടം. ഇതൊക്കെ കണ്ടപ്പോള്‍ തന്നെ അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായി. എങ്കിലും വന്ന സ്ഥിതിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചു.

ഇന്റര്‍വ്യൂ നടത്തുന്ന ടീമിലും പരിചിതമുഖങ്ങളൊന്നുമില്ല. ഓരോരുത്തരെ വിളിച്ച് ഇന്റര്‍വ്യൂ നടത്തിത്തുടങ്ങി. ചിലരെ പെട്ടെന്ന് ഒഴിവാക്കുന്നത് കണ്ടു. ചിലരെ കുറേ സമയം കഴിഞ്ഞേ ഒഴിവാക്കുന്നുള്ളു. എന്റെ ഊഴമെത്തുമ്പോള്‍ മണി പന്ത്രണ്ട് കഴിഞ്ഞു. ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലെത്തി. ഏതായാലും സെലക്ഷന്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ല എന്ന തോന്നലില്‍ ഉത്തരം നല്‍കി. വ്യക്തിപരമായ കാര്യങ്ങളും, യുവജന മേഖലയിലെ പ്രവര്‍ത്തനങ്ങളും മാത്രമെ ചോദിച്ചുള്ളു. സമയം ഒരു മണികഴിഞ്ഞു കാണും. പങ്കെടുത്തവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ഭക്ഷണം കഴിച്ചു വരൂ.... ഫലം മൂന്നുമണിക്ക് അറിയാം' ബന്ധപ്പെട്ട ഒരു ഉദ്ദ്യോഗസ്ഥന്‍ വിളിച്ചു പറഞ്ഞു. ഏതായാലും ഇത്രയും കാത്തുനിന്നില്ലേ ഇനി റിസല്‍ട്ട് അറിഞ്ഞിട്ടുതന്നെ പോകാം എന്ന് മനസ്സിലുറച്ചു. പുറത്തിറങ്ങി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. വീണ്ടും സ്റ്റേഡിയത്തിലെത്തി. സമയം കൃത്യം മൂന്നു മണിയായി. ഇന്റര്‍വ്യൂ ചെയ്തവരില്‍ ഒരാള്‍ ഹാളിലേക്ക് വന്നു. അദ്ദേഹം റിസല്‍ട്ട് പ്രഖ്യാപിച്ചു. ഇന്‍ര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ നിന്ന് കൂക്കാനം റഹ് മാന്‍( കാസര്‍കോട്), ശ്രീ ജോര്‍ജ് ( കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ന്നു നടത്തേണ്ട കാര്യങ്ങള്‍ ഇവരെ തപാല്‍മാര്‍ഗ്ഗം അറിയിക്കുന്നതാണ്. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണിത്. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. ഞാനാണ് കൂക്കാനം റഹ്മാന്‍ എന്ന് കയ്യുയര്‍ത്തി പറഞ്ഞപ്പോള്‍ പലരും ഷേക്ക് ഹാന്റ് ചെയ്തു അഭിനന്ദിച്ചു. അധിക സമയം അവിടെകാത്തുനില്‍ക്കാതെ തൃശ്ശൂരിലേക്കുള്ള കെ. എസ്. ആര്‍. ടി. സിയില്‍ കയറിപ്പറ്റി. നിറഞ്ഞ സന്തോഷമാണ് മനസ്സില്‍.

രാത്രി 10 മണിയോടെ തൃശ്ശൂരിലെത്തി. ആദ്യം പി എന്‍ പി സാറിനെ കണ്ടു. സെലക്ഷന്‍ കിട്ടിയ വിവരമറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളെയും . ജൂണ്‍ 30, ജുലായ് 1, 2 തീയതികളിലായിരുന്നു സമ്മേളനം. വീട്ടിലേക്കും വിവരം വിളിച്ചു പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്തു നിന്ന് വിശദമായ അറിയിപ്പുകിട്ടി. ആദ്യം പഞ്ചാബിലെ പട്യാലയില്‍ മൂന്നുമാസത്തെ പരിശീലനത്തിനും തുടര്‍ന്ന് ആറുമാസത്തെ പരിശീലനത്തിന് ആസ്‌ട്രേലിയയിലേക്കും പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനുള്ള നിര്‍ദ്ദേശമാണ് അറിയിപ്പില്‍. അക്കാലത്ത് പഞ്ചാബിലും മറ്റും സിക്ക് കലാപം ആളിക്കത്തുന്ന സമയം. ഒരു കാരണവശാലും അവിടേക്ക് പോവേണ്ടെന്ന് വീട്ടുകാരുടെ വിലക്ക്.

ജീവിതത്തില്‍ നല്ലൊരു അവസരം കിട്ടിയതാണ്. അത് കളയാന്‍ തോന്നുന്നില്ല. ജീവന്‍ കിട്ടിയില്ലെങ്കില്‍ അവസരം കിട്ടിയിട്ടെന്തു കാര്യം? ഒരുപാട് സ്വപ്നങ്ങള്‍ മെനഞ്ഞതാണ്. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം. പട്യാലയില്‍ പോയില്ല. അതിനാല്‍ ആസ്‌ട്രേലിയയിലേക്കു പോകേണ്ടി വന്നില്ല. പ്രതീക്ഷിച്ച നല്ലൊരു ജോലിയും കിട്ടിയില്ല. ഞാന്‍ മാത്രമല്ല കോട്ടയത്തെ ജോര്‍ജ് സാറും പോയില്ലെന്ന് പിന്നീട് അറിഞ്ഞു. വരുന്നിടത്ത് വെച്ചുകാണാം എന്ന ആത്മധൈര്യം കൈമോശം വന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്. അല്ലായെങ്കില്‍ വേറൊരു ജീവിത വഴിയില്‍ പ്രയാണം ചെയ്യാമായിരുന്നു.

Also Read:  1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?












(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Interview, Story of my foot steps part-23.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL