city-gold-ad-for-blogger
Aster MIMS 10/10/2023

തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം ഇരുപത് )

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 26.09.2017) സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ഉടനെ മനസ്സിലുണ്ടായ ആഗ്രഹമാണ് വിവിധ മേഖലകളില്‍ ഡപ്യൂട്ടേഷനില്‍ ജോലി നോക്കുക എന്നത്. അന്ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പ്രൈമറി എജുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ഒഴിവുണ്ടെന്നറിഞ്ഞു. 1976- 77 കാലഘട്ടമാണത്. വിദ്യാഭ്യാസ വകുപ്പാണ് നിയമനം നടത്തേണ്ടത്. അന്ന് സി. എച്ച്. മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി. അദ്ദേഹത്തെ കണ്ട് അപേക്ഷ കൊടുത്താല്‍ പ്രസ്തുത പോസ്റ്റിലേക്ക് നിയമനം കിട്ടുമെന്നറിഞ്ഞു. ലീഗുകാരനായ മന്ത്രിയെ കാണാന്‍ ലീഗുകാരുടെ സപ്പോര്‍ട്ട് വേണം. ഞാന്‍ ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗമാണെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഒരു ശ്രമം നടത്തുവാന്‍ തീരുമാനിച്ചു.

പയ്യന്നൂരിലെ ലീഗ് നേതാക്കളെ കണ്ടു. അവര്‍ അന്ന് എം. എല്‍. എ ആയിരുന്ന ഇ. അഹമ്മദിനെ ബന്ധപ്പെടുത്തി തന്നു. അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം പോകാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹം കയറിയ മലബാര്‍ എക്‌സ്പ്രസ്സിന് ഞാനും റിസര്‍വേഷന്‍ ഇല്ലാതെ കയറിപ്പറ്റി. അദ്ദേഹത്തെ ഞാന്‍ ട്രെയിനില്‍ കണ്ടില്ല. തിരുവനന്തപുരം റയിവേ സ്റ്റേഷനില്‍ ഇറങ്ങി എം. എല്‍. എ ഹോസ്റ്റലില്‍ എത്താനാണ് നിര്‍ദ്ദേശിച്ചത്. പി. കരുണാകരനും എം. എല്‍. എ ആയിരുന്നു അന്ന്. കോളജില്‍ ഒന്നിച്ച് പഠിച്ച ബന്ധം കൊണ്ട് അദ്ദേഹത്തിന്റെ മുറി കണ്ടു പിടിച്ചു. അവിടെ എത്തിയ കാര്യവും ആവശ്യവും അദ്ദേഹവുമായി പങ്കിട്ടു. എനിക്ക് നല്ല ഉറക്കച്ചടവും, ക്ഷീണവുമുണ്ട്. കരുണാകരേട്ടന്‍ കാന്റീനിലേക്ക് വിളിച്ച് ബ്രേക്ക്ഫാസ്റ്റ് ഏര്‍പ്പാട് ചെയ്തു. വെള്ളയപ്പവും, ബുള്‍സൈയുമാണ് കിട്ടിയത്. അങ്ങിനെ ആദ്യമായി ബുള്‍സൈ കഴിക്കുവാനുള്ള അവസരം കിട്ടിയത് അവിടെ വച്ചാണ്.

തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

എം. എല്‍. എ ഹോസ്റ്റലില്‍ ഇ. അഹമ്മദിന്റെ മുറി കണ്ടു പിടിച്ചു. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സെക്രട്ടറിയേറ്റിലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് അപേക്ഷയുമായി ചെല്ലാന്‍ എന്നോട് പറഞ്ഞു. അദ്ദേഹം അവിടെ കാത്ത് നില്‍ക്കും എന്നും പറഞ്ഞു. വീണ്ടും കരുണാകരേട്ടന്റെ മുറിയിലേക്ക് തന്നെ തിരിച്ചു വന്നു. ആ ദിവസം അസംബ്ലി ചേരുന്നുണ്ട്. 'നീ ഇവിടെ വിശ്രമിച്ചോളൂ. ഞാന്‍ അസംബ്ലി കഴിഞ്ഞ് തിരിച്ചു വരാം' അതും പറഞ്ഞ് അദ്ദേഹം ഇറങ്ങി പോയി. കുറച്ച് നേരം മുറിയില്‍ കിടന്നു. ഉറക്കം വന്നില്ല. 2 മണി ആവേണ്ടേ പുറത്തേക്ക് ഇറങ്ങി നടക്കാം എന്ന് എനിക്ക് തോന്നി. മുറിയും പൂട്ടി താക്കോല്‍ കൈയ്യിലെടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി. ക്ഷീണിച്ചപ്പോള്‍ എം. എല്‍. എ ഹോസ്റ്റലിലെ കാന്റീന്‍ കണ്ടു പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു അപ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു. രസകരമായ സംഭവം ഉണ്ടായത് ഓര്‍മ്മിക്കുകയാണ്. അസംബ്ലി കഴിഞ്ഞ് കരുണാകരേട്ടന്‍ മുറിയിലേക്ക് വന്നു. മുറി പൂട്ടിയിരിക്കുകയാണ്. എന്നെ കാണാനുമില്ല. എന്നെ അന്വേഷിച്ച് അദ്ദേഹം നടക്കാന്‍ തുടങ്ങി. അവസാനം കാന്റീനിലെത്തുമ്പോള്‍ ഞാനുണ്ടവിടെ കൂളായി ഇരിക്കുന്നു. വാസ്തവത്തില്‍ എം. എല്‍. എ യുടെ മുറി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാതെ ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു.

ആദ്യമായാണ് എം. എല്‍. എ ഹോസ്റ്റല്‍ കാണുന്നതും അവിടെ തങ്ങുന്നതും. ആരോട് ചോദിക്കണം എന്ത് ചോദിക്കണം എന്ന ഉള്‍ഭയമായിരുന്നു. ഏതായാലും കരുണാകരേട്ടനെ കണ്ടത് ഭാഗ്യമായി. ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചു. പറഞ്ഞപോലെ തന്നെ കൃത്യം 2 മണിക്ക് സെക്രട്ടറിയേറ്റില്‍ എത്തി. മന്ത്രിയെ കാണാന്‍ അപേക്ഷകര്‍ ക്യൂ ആയി നില്‍ക്കുന്നുണ്ട്. ആ ക്യൂവില്‍ ഞാനും സ്ഥാനം പിടിച്ചു. സെക്രട്ടറിയേറ്റിനകത്ത് അഹമ്മദ് സാഹിബിനെ കണ്ടു. അദ്ദേഹം മന്ത്രിയെ കാണാന്‍ ആംഗ്യം കാണിച്ചു. ക്യൂവില്‍ എന്റെ ഊഴമെത്തി. ഭക്ത്യാദരപൂര്‍വ്വം മന്ത്രിയുടെ കൈയ്യിലേക്ക് അപേക്ഷ കൊടുത്തു. അദ്ദേഹം അപേക്ഷയില്‍ ഒന്നു കണ്ണോടിച്ചു. 'ഉം നോക്കാം.' ആ നോക്കാം പറഞ്ഞത് ഇന്നേവരെ നോക്കാത്ത കാര്യമാണ്. പക്ഷെ അതേ പോസ്റ്റില്‍ കാസര്‍കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ മൂന്നു വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്യുകയുണ്ടായി.

പി. കരുണാകരന്‍, എം. പി എവിടെ കണ്ടാലും സ്‌നേഹപൂര്‍വ്വം വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ഒരു തവണ അദ്ദേഹം ഡല്‍ഹി യാത്രയില്‍ പരിചയപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ച് പറയുകയുണ്ടായി. ആലപ്പുഴക്കാരനായ പി. എം. പള്ളിപ്പാട് എന്ന കവിയായിരുന്നു അദ്ദേഹം. എം. പി യെ പരിചയപ്പെട്ടപ്പോള്‍ പള്ളിപ്പാട് അദ്ദേഹത്തിന്റെ കാസര്‍കോട്ടെ സുഹൃത്തായ കൂക്കാനം റഹ്മാനെ അറിയുമോ എന്നന്വേഷിച്ചു പോലും. അവര്‍ രണ്ടുപേരും ട്രെയിനില്‍ വെച്ച് എന്നെക്കുറിച്ച് സംസാരിച്ചു എന്നകാര്യം കരുണാകരേട്ടന്‍ പറയുകയുണ്ടായി. അത് കേട്ടപ്പോള്‍ മനസ്സില്‍ സന്തോഷം നിറഞ്ഞു. പി. എം. പള്ളിപ്പാടും ഞാനും വര്‍ഷങ്ങളായുള്ള പരിചയമാണ് പക്ഷേ കുറേ കാലമായി തമ്മില്‍ കണ്ടിട്ട്............. കാസര്‍കോട് ഗവ: കോളജിലെ പഠന കാലത്ത് ( 1966-67) കോളജ് ചെയര്‍മാന്‍ ആയിരുന്നു കരുണാകരേട്ടന്‍. അക്കാലത്ത് മലയാളം- കന്നട ഭാഷാ പ്രശ്‌നവും കാസര്‍കോട് കര്‍ണ്ണാടക സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കണമെന്ന വാദവും ശക്തമായിരുന്നു. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ കരിങ്കല്‍ ചില്ലുകള്‍ പെറുക്കി പരസ്പരം എറിയുന്ന രംഗം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്.

കരുണാകരേട്ടന്റെ നേര്‍ക്ക് എതിര്‍പക്ഷത്തുള്ള വിദ്യാര്‍ത്ഥികള്‍ കരിങ്കല്‍ ചില്ലുകള്‍ എറിയുന്നത് നേരിട്ടു കണ്ടതും ഓര്‍മ്മയുണ്ട്. അന്നും ഇന്നും എളിമയുടെ പര്യായമാണ് കരുണാകരേട്ടന്‍. എം. എല്‍. എയും, എം. പി. യുമൊക്കെയായപ്പോള്‍ ഞാന്‍ 'സാര്‍' എന്ന് അഭിസംബോധന ചെയ്തപ്പോള്‍ 'വേണ്ട നീ ഏട്ടന്‍ എന്ന് വിളിച്ചാല്‍ മതി' എന്ന് പറഞ്ഞ് എന്നെ സ്‌നേഹപൂര്‍വ്വം താക്കീത് ചെയ്തത് ഞങ്ങള്‍ ഒപ്പം പങ്കെടുത്തിരുന്ന യോഗങ്ങളില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. എറണാകുളം ദേശാഭിമാനി മാനേജരായിരിക്കേ കരുണാകരേട്ടനെ കാണാനും, പത്രമാഫീസിന്റെ പ്രവര്‍ത്തനം കാണാനും കരിവെളളൂരിലെ ദിനേശ ്ബീഡിത്തൊഴിലാളികള്‍ക്കായി നടത്തിയ പഠനയാത്രാപരിപാടിയുടെ ഭാഗമായി അവിടെയെത്തി. പഠനയാത്രാലീഡര്‍ ഞാനായിരുന്നു. ആഴ്ചതോറും ചില്ലിക്കാശ് മിച്ചം വെച്ച് രണ്ടോമൂന്നോ വര്‍ഷം കൂടുമ്പോള്‍ സമാഹരിച്ച തുക പഠനയാത്രയ്ക്കായി തൊഴിലാളികള്‍ നീക്കി വെക്കും. അങ്ങിനെ അന്നവിടെയെത്തിയ അമ്പതോളം തൊഴിലാളികളെ ഓരോരുത്തരേയും പുറത്തുതട്ടി അഭിനന്ദിക്കുമ്പോള്‍ ആ തൊഴിലാളി സുഹൃത്തുക്കളുടെ മുഖത്ത് വിരിഞ്ഞ ചിരിയാണ് സ്‌നേഹച്ചിരി, ആത്മാര്‍ത്ഥതയില്‍ ചാലിച്ച ബഹുമാനച്ചിരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, College, P.Karunakaran-MP, Story of my foot steps part-20.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL