City Gold
news portal
» » » » » ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം ഇരുപത്തിയൊന്ന്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 07.10.2017) പ്രൈമറി ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയവനാണ് എന്റെ അനുജന്‍. സ്‌കൂളില്‍ പോവാന്‍ അവന് ഇഷ്ടമില്ലാതായി. കാരണക്കാരന്‍ അവനെ പഠിപ്പിച്ച ഒരു അധ്യാപകനാണ്. നല്ല തടിച്ച് കൊഴുത്ത കുട്ടിയായിരുന്നു അനുജന്‍. അവനെ അധ്യാപകന്‍ 'വാത്തിനെ പോലെ നടക്കുന്നവന്‍' എന്ന് കളിയാക്കി പറഞ്ഞു. ഇത് അവന്റെ മനസ്സില്‍ പ്രയാസമുണ്ടാക്കി. എത്ര നിര്‍ബദ്ധിച്ചാലും സ്‌കൂളില്‍ പോകാതിരിക്കാന്‍ ഇത് കാരണമായി. സ്‌കൂളില്‍ പോകേണ്ട സമയമടുത്താല്‍ എവിടെയെങ്കിലും പോയി ഒളിക്കും. മരത്തിന്റെ മുകളിലോ പുല്‍ക്കയം മറയാക്കിയോ അവന്‍ രക്ഷപ്പെടും.

കാലം പിന്നിട്ടപ്പോള്‍ അവന്‍ ബിസിനസ്സുകാരനായി സുഹൃത്തുക്കളുടെ ഇടപെടലുകളായിരിക്കാം മറ്റ് തോന്ന്യാസങ്ങളിലേക്ക് നീങ്ങിയതിനു പിന്നില്‍. വളരെ ചെറുപ്പത്തിലേ വിവാഹിതനായി. മുപ്പതുവയസ്സിനിടയില്‍ മൂന്നുമക്കളുടെ അച്ഛനായി. പലപ്പോഴും ഭക്ഷണം ഹോട്ടലുകളില്‍ നിന്നും മറ്റുമായി. അതിന്റെ പരിണിത ഫലമായിരിക്കാം അവന് കുടലില്‍ പിടിപെട്ട രോഗ കാരണം. തെറ്റായ വഴികളില്‍ നിന്നൊക്കെ ചില നല്ല മനുഷ്യരുടെ ഇടപെടല്‍ മൂലം അവന്‍ ക്രമേണ വ്യതിചലിച്ചു കൊണ്ടിരുന്നു. നല്ല മതവിശ്വാസിയും നന്മ മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായി മാറി. രോഗം പിടിപെട്ടത് പെട്ടെന്നായിരുന്നു. ആദ്യലക്ഷണം വയറുവേദനയായിരുന്നു. ഒരു ദിവസം അവന്‍ താമസിക്കുന്ന വീട്ടിലേക്ക് ചെല്ലുമ്പോള്‍ വേദനകൊണ്ട് പുളയുന്നതാണ് ഞാന്‍ കണ്ടത്.

അവന്റെ തെറ്റായ ജീവിത രീതി കാരണം ഞങ്ങള്‍ തമ്മില്‍ സ്വര ചേര്‍ച്ച ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം കാര്യങ്ങള്‍ പങ്കുവെയ്ക്കാറില്ലായിരുന്നു. എന്തായാലും വേദന കൊണ്ട് പുളയുന്നത് രക്തബന്ധമുള്ള കൂടപ്പിറപ്പാണല്ലോ. മനസ്സിലെ അവനോടുള്ള വെറുപ്പൊക്കെ ആ വേദന കണ്ടപ്പോള്‍ മാറിപ്പോയി. മറ്റൊന്നും ആലോചിക്കാതെ വണ്ടി പിടിച്ച് പയ്യന്നൂരില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ: സുധീര്‍കുമാറിന്റെ ക്ലീനിക്കിലെത്തി. ഡോ: സുധീര്‍കുമാര്‍ എന്റെ രണ്ടാമത്തെ അനുജന്റെ കൂടെ ഹൈസ്‌കൂള്‍ തലത്തില്‍ പഠിച്ചവനാണ്. ഞങ്ങളുടെ കുടുംബ ഡോക്ടര്‍ എന്നു തന്നെ പറയാം. അനുജന്‍ വണ്ടിയില്‍ കിടന്ന് വീണ്ടും വേദന സഹിച്ച് പുളയുകയാണ.് പരിശോധന മുറിയിലേക്ക് പോകാന്‍ പോലും പറ്റുന്നില്ല. ഡോക്ടര്‍ കാറിനടുത്തേക്ക് വന്നു. അവനെ പരിശോധിച്ചു. ഒറ്റ നിര്‍ദ്ദേശമാണ് പറഞ്ഞത്. വയറിനകത്ത് കുരുക്കളോ മറ്റോ ഉണ്ട്. പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട.് ഉടനെ ഓപ്പറേഷന്‍ നടത്തണം. പയ്യന്നൂരിലെ പ്രമുഖ സര്‍ജ്ജന്‍ ഡോക്ടര്‍ കൊച്ചുകൃഷ്ണനെ ഞാന്‍ വിളിച്ചു പറയാം. അദ്ദേഹം പയ്യന്നൂര്‍ ബി. കെ. എം ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒരു നിമിഷം പോലും വയ്കാതെ ഉടനെ ചെല്ലുക. ഡോക്ടറുടെ നിര്‍ദേശം കേട്ടപ്പോള്‍ ഞങ്ങളെല്ലാം ഭയന്നു വിറച്ചു. ഉടനെ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഡോക്ടര്‍ കൊച്ചുകൃഷ്ണന്‍ വീണ്ടും പരിശോധന നടത്തി. ഉടനെ ഓപ്പറേഷന്‍ നടത്തണം. അദ്ദേഹവും വിധിയെഴുതി.

Article, Kookanam-Rahman, School, Doctor, Brother, Hospital, Sick, Story of my foot steps part-21.

വൈകുന്നേരം നാലുമണിക്ക് ഓപ്പറേഷന്‍ നിശ്ചയിച്ചു. അനുജനെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കയറ്റി. ആകാംക്ഷയോടെ ഞങ്ങള്‍ പുറത്ത് കാത്ത് നിന്നു. മിനുട്ടുകളും മണിക്കൂറുകളും കടന്നുപോയി. എഴുമണിയോടെ ഡോക്ടര്‍ പുറത്തേക്ക് വന്നു. വിവരമറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. ഡോക്ടറുടെ മറുപടി ഇങ്ങിനെയായിരുന്നു. ഒന്നും മനസ്സിലാകുന്നില്ല വയറിനകത്ത് ആകെ പുകപടര്‍ന്നപോലെ കാണുന്നു. ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. അവനെ ഐ. സി. യു വിലേക്ക് കയറ്റി രണ്ടു മൂന്നുദിവസം കഴിഞ്ഞു. ഒന്നുകൂടി ഓപ്പറേറ്റു ചെയ്തുനോക്കാം. മറ്റ് രക്ഷയില്ലാത്തതിനാല്‍ ഞങ്ങള്‍ സമ്മതം മൂളി. അങ്ങനെ രണ്ടാമതും അവനെ കീറിമുറിച്ചു. ഫലം പറഞ്ഞത് പഴയപടി തന്നെ ഒന്നും മനസ്സിലാകുന്നില്ല. അവന്റെ വേദനയ്ക്ക് ഒരു ശമനവുമില്ല. ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. സാധാരണ ഇത്തരം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരു പതിവ് ശൈലിയുണ്ട് മണിപ്പാലിലോ മംഗലാപുരത്തോ കൊണ്ടുപോകൂ...... ഡോക്ടറുടെ നിര്‍ദേശമല്ലേ അംഗീകരിക്കാതിരിക്കാന്‍ പറ്റുമോ....

അവനെയും കൊണ്ട് മണിപ്പാലിലെത്തി. അഡ്മിറ്റ് ചെയ്തു. പാവം മൂന്നാമതും ഓപ്പറേഷന് വിധേയമായി. അപ്പോഴേക്കും വയറില്‍ പഴുപ്പ് നിറഞ്ഞിരുന്നു. പഴുപ്പ് ചെറിയ മോട്ടോര്‍ വെച്ച് ഒരു ഭരണിയിലേക്ക് ശേഖരിക്കുന്നതുകണ്ടു. അടുത്തുചെല്ലാന്‍ പറ്റാത്ത രൂക്ഷമായ ഗന്ധം. അടുത്ത മുറിയിലുള്ള രോഗികള്‍ പോലും ഗന്ധം സഹിക്കാതെ വിഷമിക്കുന്നതുകണ്ടു. എന്താണ് പ്രശ്‌നമെന്നോ പരിഹാരമെന്നോ അവിടത്തെ വിദഗ്ധ ഡോക്ടര്‍മാരും പറയുന്നില്ല. നോക്കാം എന്നുമാത്രം. മാസങ്ങളോളം ഈ നിലയില്‍ അനുജന്‍ പ്രയാസപ്പെടേണ്ടി വന്നു. അക്കാലത്ത് ലക്ഷക്കണക്കിന് രൂപ ചിലവിടേണ്ടിവന്നിട്ടും രോഗം ഭേദമായില്ല.

അവന്റെ ഭാഗ്യം കൊണ്ടോ എന്നറിയില്ല ഗള്‍ഫില്‍ നിന്നും വന്ന ഏതോ ഒരു മനുഷ്യസ്‌നേഹി മണിപ്പാല്‍ ഹോസ്പിറ്റലിലെ മുഴുവന്‍ ചിലവും വഹിക്കാന്‍ തയ്യാറായി. മാസങ്ങള്‍ക്ക് ശേഷം കുടലില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അതിന്റെ തീവ്രതയിലേക്ക് എത്തിയിരുന്നു. ഓപ്പറേറ്റ് ചെയ്ത ഭാഗം തുന്നിക്കെട്ടാന്‍ പറ്റാത്ത അവസ്ഥയായി. കുടലില്‍ നിന്ന് വരുന്ന പഴുപ്പിന് ഒരു ശമനവുമുണ്ടായില്ല. ആഹാരം കഴിക്കാതെ മാസങ്ങളായി ഒരേ കിടപ്പില്‍. ഇനി മണിപ്പാല്‍ ആശുപത്രിയില്‍ കിടത്തി കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്നതാവും നല്ലതെന്ന നിര്‍ദേശം കിട്ടി.

അനുജനെ കാഞ്ഞങ്ങാട് സര്‍ജികേര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അവിടുത്തെ ഡോക്ടര്‍ ശശി എന്റെ കോളജ് മേറ്റും ലോഡ്ജ് മേറ്റും ഒക്കെ ആയിരുന്നതിനാല്‍ അദ്ദേഹം പ്രത്യേക പരിഗണന നല്‍കി. കുറച്ച് കുടല്‍ ഭാഗം ഓപ്പറേറ്റ് ചെയ്ത് നീക്കി നോക്കാം. ഡോ: ശശിയുടെ നിര്‍ദേശം ഞങ്ങള്‍ അംഗീകരിച്ചു. ഓപ്പറേറ്റ് ചെയ്തു. മുറിച്ചെടുത്ത കുടല്‍ ഭാഗം എന്നെ കാണിച്ചു തന്നു. അപ്പോള്‍ വിരലുകടത്താന്‍ പാകത്തില്‍ പത്തോളം തുളകളുണ്ടായിരുന്നു അതില്‍. ഓപ്പറേഷന്‍ കഴിഞ്ഞതിനുശേഷം രണ്ടുനാള്‍ മാത്രമെ അവന്‍ ജീവിച്ചുള്ളു. വളരെ ചെറുപ്പത്തില്‍ തന്നെ ലോകത്തോട് വിടപറയേണ്ടിവന്നു അവന്. ആദ്യ രോഗ നിര്‍ണ്ണയത്തിലെ അപാകമാണ് എന്റെ അനുജന്റെ ജീവന്‍ പൊലിയുന്നതിന് ഇടയാക്കിയതെന്ന് മനോവിഷമത്തോടെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കാനേ എനിക്കാവൂ.

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, School, Doctor, Brother, Hospital, Sick, Story of my foot steps part-21.

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date