city-gold-ad-for-blogger
Aster MIMS 10/10/2023

പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

കൂക്കാനം റഹ് മാന്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം പതിനേഴ്)

(www.kasargodvartha.com 06.09.2017) ശബ്ദ സൗകുമാര്യം കൊണ്ടും അക്ഷര സ്ഫുടത കൊണ്ടും കേള്‍വിക്കാരുടെ കാതുകളില്‍ ഇമ്പമാര്‍ന്ന ശബ്ദ വീചികള്‍ കോരിയെറിയുന്ന എന്റെ വിദ്യാര്‍ത്ഥിയായിരുന്നു രാജന്‍ കരിവെള്ളൂര്‍. കഴിഞ്ഞ ആഴ്ച ഏതോ ഒരു കാര്യം അന്വേഷിച്ച് അവന്‍ എന്റെ വീട്ടിലെത്തി. നാലാം ക്ലാസില്‍ ഞാന്‍ സയന്‍സ് പഠിപ്പിച്ചത് അവന്‍ ഓര്‍മിച്ച് പറയുകയായിരുന്നു. അവന്റെ വാക്കുകളിലൂടെ 40 വര്‍ഷത്തിന് മുമ്പുള്ള എന്റെ ഓര്‍മയിലെ ക്ലാസ് മുറി പച്ചപിടിച്ച് നില്‍ക്കുന്നതായി തോന്നി.

പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

രാജന്‍ പറഞ്ഞത് അതേപടി ഇവിടെ പകര്‍ത്തുകയാണ്. ഇന്ത്യ മുഴുക്കെ മലയാളികള്‍ ഉള്ളെടുത്തെല്ലാം രാജന്റെ ശബ്ദ സാന്നിധ്യം അവന്‍ അറിയിക്കുന്നുണ്ട്. പ്രശസ്ത മജീഷ്യന്‍ മുതുകാടിന്റെ കൂടെ മാജിക് ഷോ നടത്തുന്ന വേദിയില്‍ രാജനുമുണ്ടായിരുന്നു പോലും. മുതുകാട് താമശരൂപേണ രാജനോട് ചോദിച്ചു. നിനക്കും ഈ മാജിക്കുകളൊക്കെ പഠിച്ച് പ്രയോഗിച്ചു കൂടെ. ഇതൊക്കെ നിനക്ക് അത്ഭുതമായി തോന്നുന്നില്ലേ? രാജന്‍ വളരെ കൂളായി അദ്ദേഹത്തോട് പ്രതികരിച്ചത് ഇങ്ങിനെയാണ്; എന്റെ പ്രൈമറി വിദ്യാഭ്യാസ കാലത്ത് ഇതിനെക്കാളും എത്രയോ വലിയൊരു മാജിക് കാട്ടിത്തന്ന ഒരു മാഷുണ്ടെനിക്ക്, അത് മറ്റാരുമല്ല സാക്ഷാല്‍ കൂക്കാനം റഹ് മാന്‍ മാഷ്.

എന്തായിരുന്നു ആ മാജിക് എന്നുള്ള മുതുകാടിന്റെ ആശ്ചര്യപൂര്‍ണമായ ചോദ്യത്തിന് രാജന്‍ പറഞ്ഞ മറുപടി കേള്‍ക്കൂ. 'ഞാനന്ന് കരിവെള്ളൂര്‍ നോര്‍ത്ത് യു പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. റഹ് മാന്‍ മാഷ് ഞങ്ങള്‍ക്ക് സയന്‍സ് പഠിപ്പിക്കുകയായിരുന്നു. ലായകം, ലീനം, ലായനി എന്നീ പദങ്ങള്‍ പറഞ്ഞ് തരുകയും അവ എന്താണെന്ന് ഞങ്ങളെ കാണിച്ച് തരുകയും ചെയ്തു. ഞാനായിരുന്നു ക്ലാസിലെ കുരുത്തം കെട്ട കുട്ടികളിലൊന്ന്. എനിക്ക് മാഷ് അഞ്ച് നയാപൈസ കയ്യില്‍ തന്ന് സ്‌കൂളിനടുത്തുള്ള മമ്മൂക്കാന്റെ പീടികയില്‍ ചെന്ന് പഞ്ചസാര വാങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പഞ്ചസാര വാങ്ങി ഓടിക്കിതച്ച് ക്ലാസിലെത്തി. ഒരു കുപ്പി ഗ്ലാസില്‍ പച്ചവെള്ളം നിറച്ച് മേശമേല്‍ വെച്ചിട്ടുണ്ടായിരുന്നു. മാഷ് ഒരു സ്പൂണും കയ്യില്‍ പിടിച്ചിട്ടുണ്ട്. എന്നോട് പഞ്ചസാര വാങ്ങി ആ ഗ്ലാസിലേക്കിട്ട് സ്പൂണ്‍ ഉപയോഗിച്ച് പഞ്ചസാര അലിയിച്ചു.

'ഇപ്പോള്‍ പഞ്ചസാര എവിടെ പോയി?'. മാഷ് എല്ലാവരോടുമായി ചോദിച്ചു.
'അത് ആ വെള്ളത്തിലലിഞ്ഞു മാഷെ' ഞങ്ങളെല്ലാം ഒന്നിച്ചു പറഞ്ഞു.
'പഞ്ചസാരയുടെ രുചി എന്താണ്?' മാഷിന്റെ അടുത്ത ചോദ്യം.
'മധുരം' ഞങ്ങള്‍ ഉറക്കെ വിളിച്ച് പറഞ്ഞു.
'ശരി രാജന്‍ ഇങ്ങോട്ട് വരൂ' മാഷ് എന്നെ വിളിച്ചു. മാഷ് എന്റെ വായിലേക്ക് ഒരു സ്പൂണ്‍ ഉപയോഗിച്ച് പഞ്ചസാര വെള്ളം ഒഴിച്ച് തന്നു.
'ഹാ എന്തു മധുരം'.

അങ്ങനെയാണ് സാര്‍ ഞാന്‍ ആദ്യമായി പഞ്ചസാരയുടെ രുചി അറിയുന്നത്. വീട്ടില്‍ ചായ കുടിക്കുക വെല്ലം കടിച്ചാണ്. പഞ്ചസാരയ്ക്ക് മധുരമാണ് എന്ന് ആദ്യമായറിഞ്ഞ ആ സംഭവമാണ് ഞാന്‍ കണ്ട് അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ മാജിക്. ആ അനുഭവമാണ് മുതുകാടിനോട് രാജന്‍ കരിവെള്ളൂര്‍ പങ്കുവെച്ചത്.

കാക്കി ട്രൗസറും ചന്തയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ ഒരു ഷര്‍ട്ടും ഇട്ട് മൂക്കുന്ന് ഒലിപ്പിച്ചു കൊണ്ട് നാലാം ക്ലാസിലെ അവസാന ബെഞ്ചിലിരിക്കുന്ന രാജന്റെ ചിത്രം എന്റെ മനസ്സിലേക്കോടിയെത്തി. പഞ്ചസാര ഇട്ട് ചായകുടിക്കുന്ന വീട്ടില്‍ നിന്ന് വരുന്നവര്‍ അക്കാലത്ത് അപൂര്‍വം. ദാരിദ്ര്യത്തിന്റെ, പട്ടിണിയുടെ വിഷമമറിഞ്ഞവരാണ് ക്ലാസിലെത്തുന്ന മിക്ക കുട്ടികളും.

പലരും അഞ്ചാം ക്ലാസിലെത്തിയാല്‍ പഠനം നിര്‍ത്തും. കരിവെള്ളൂരില്‍ അക്കാലത്ത് സാധുബീഡി തെറുപ്പ് കമ്പനികള്‍ നിരവധിയുണ്ടായിരുന്നു. മിക്ക വീടുകളിലും ഒരു ബീഡിത്തൊഴിലാളിയെങ്കിലും ഉണ്ടാവും. കുട്ടികള്‍ ബീഡിക്ക് നൂല് കെട്ടാന്‍ പോവും. ആഴ്ചയില്‍ അഞ്ച് രൂപയെങ്കിലും കൂലികിട്ടും. ചിലര്‍ തുണിനെയ്ത്തു കമ്പനികളില്‍ നൂല് ചുറ്റിക്കൊടുക്കാന്‍ പോവും. അവര്‍ക്കും തുച്ഛമായ കൂലിയേ കിട്ടൂ. ഇത്തരം ദാരിദ്രാവസ്ഥയില്‍ ജീവിച്ചു വരുന്നവര്‍ക്ക് പഞ്ചസാര രുചിയൊക്കെ അന്യം തന്നെയാണ്.

രാജനും ഇടയ്ക്ക് വെച്ചു പഠനം നിര്‍ത്തി. വീണ്ടും അനൗപചാരിക വിദ്യാകേന്ദ്രങ്ങളിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടി. അവന്റെ ശബ്ദസൗന്ദര്യം ആദ്യകാലത്തൊന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അവന്‍ സ്വയം വളര്‍ത്തിയെടുക്കുകയും സാങ്കേതിക പരിജ്ഞാനം നേടിയവരുടെ കീഴില്‍ പഠിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലാകെ അറിയപ്പെടുന്ന മികച്ച അനൗണ്‍സറാണ് രാജന്‍ കരിവെള്ളൂര്‍.

കൂക്കാനം യംഗ്‌മെന്‍സ് ക്ലബ്ബിന്റെ ദശവാര്‍ഷികാഘോഷച്ചടങ്ങില്‍ അവതാരകനായി നിന്നത് രാജന്‍ കരിവെള്ളൂരായിരുന്നു. മാമുക്കോയ ആയിരുന്നു മുഖ്യാഥിതി. ഞാന്‍ മുഖ്യപ്രഭാഷകനായിരുന്നു. എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ശിഷ്യനും കൂടിയായ രാജന്‍ കരിവെള്ളൂര്‍ പറഞ്ഞ കാര്യങ്ങള്‍ മനസില്‍ ഉടക്കി നില്‍ക്കുന്നു. 'എന്റെ ഗുരുനാഥനായ ആരെയും തന്റെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് കയ്യിലെടുക്കുന്ന സിനിമാനടന്‍ പ്രേം നസീറിന്റെ മുഖ ശ്രീയുള്ള കൂക്കാനം റഹ് മാന്‍ മാസ്റ്ററെ മുഖ്യ പ്രഭാഷണം നടത്താന്‍ ആദരവോടെ ക്ഷണിക്കുകയാണ്.'

അവസരത്തിനൊത്ത് വ്യക്തികളെ പ്രൊജക്ട് ചെയ്യാന്‍ രാജനുള്ള കഴിവ് അപാരമാണ്. അനൗണ്‍സ് ചെയ്യുന്നത് ദീര്‍ഘവാചകങ്ങളാണെങ്കിലും ഓരോ വാക്കും ശ്രോതാക്കള്‍ക്ക് പിടിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലാണ് രാജന്‍ അവതരിപ്പിക്കാറ്. കരിവെള്ളൂരിന്റെ മണ്ണില്‍ വിവിധ മേഖലകളില്‍ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങള്‍ പിറന്നുവീണിട്ടുണ്ട്. അക്കൂട്ടത്തിലെ ഇളം തലമുറയില്‍ പെടുന്ന വ്യക്തിയാണ് രാജന്‍ കരിവെള്ളൂര്‍.

രാജനെ പോലുള്ളവര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ അധ്യാപകര്‍ക്ക് അവന്റെ വളര്‍ച്ചയിലും കഴിവിലും അഭിമാനിക്കാം. അക്കൂട്ടത്തില്‍ ഞാനും അഭിമാനിക്കുന്നു...കഴിഞ്ഞകാല കരിവെള്ളൂരിന്റെ ഗ്രാമ്യസൗകുമാര്യവും, വ്യക്തിസൗഹൃദങ്ങളും മറക്കാനാവില്ല. ആ കാലയളവില്‍ പിറന്നു വീണവരില്‍ നന്മയുടെ തിരിനാളം പ്രശോഭിതമായിരുന്നു. അതുകൊണ്ടായിരിക്കാം കാലമെത്ര കഴിഞ്ഞാലും നെഞ്ചേറ്റിനടക്കുന്ന സ്‌നേഹസൗഹൃദങ്ങള്‍ അണയാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കാവുന്നത്...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kookanam-Rahman, Article, Education, School, Memories, Class Room.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL