city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം മുപ്പത്തിയൊമ്പത്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.02.2018) കരിവെളളൂരില്‍ പിറന്നു വീണത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ആറ് പതിറ്റാണ്ടോളം കാലം ഈ പ്രദേശത്ത് വളര്‍ന്നുവന്ന എനിക്ക് ജാതിമതവൈരത്തിന്റെ പേരില്‍ ഒരു അലങ്കോലവും കാണാന്‍ ഇടയായിട്ടില്ല. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരും, വൈവിധ്യമാര്‍ന്ന ജാതി വിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിച്ചു പോന്ന ഒരു സുന്ദര ഭൂമിയാണ് ഇവിടം. ഒരു പാര്‍ട്ടി ഗ്രാമമാണ് കരിവെളളൂര്‍. എങ്കിലും കോണ്‍ഗ്രസ്സും, സിപിഎമ്മും, സിപിഐയും, ബിജെപിയും, ലീഗും തുടങ്ങി എല്ലാ കക്ഷി രാഷ്ട്രീയക്കാരും ഇവിടെയുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഞാനറിഞ്ഞത് ഇന്ത്യയില്‍ രണ്ട് പാര്‍ട്ടികളേയുളളു എന്നാണ്. കമ്മ്യൂണിസ്റ്റ്കാരും, കോണ്‍ഗ്രസ്സുകാരും. അന്ന് കൂക്കാനത്ത് തൈവളപ്പില്‍ കാരിക്കുട്ടിയുടെയും, ഏഴിലോട്ട് രാമന്റെയും കുടുംബങ്ങളേ കോണ്‍ഗ്രസ്സുകാരായി ഉണ്ടായിട്ടുളളൂ. ബാക്കിയെല്ലാം കമ്മ്യൂണിസ്റ്റ്കാരാണ്. ചെങ്കൊടി പിടിച്ച് ഇന്‍ക്വിലാബ് വിളിയോടെ വലിയവര്‍ നടത്തുന്ന ചെറുപ്രകടനം കണ്ട് കുട്ടികളായ ഞങ്ങളും കൈയ്യില്‍ വടിയുമേന്തി അറ്റത്ത് ചുവന്ന കടലാസുകെട്ടി ജാഥ വിളിച്ചു പോകും. കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റ്കാരെ കുറിച്ചാണ് ഞാന്‍ ഓര്‍ത്തുപോകുന്നത്. എന്റെ രണ്ടമ്മാവന്‍മാരും പാര്‍ട്ടി വളണ്ടിയര്‍മാരായിരുന്നു. ചുവന്ന കുപ്പായവും കാക്കി ട്രൗസറുമിട്ട് ചെങ്കൊടിയേന്തി നീങ്ങുന്ന സുലൈമാനിച്ചയുടെയും മുഹമ്മദിച്ചയുടെയും രൂപം ഇന്നും ഓര്‍മ്മയുണ്ട്.

കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

കരിവെളളൂരില്‍ ഞങ്ങളുടെ മച്ചുനിയനായ സഖാവ് ഇബ്രാഹിം ഇച്ച ഒരു മാതൃകാ കമ്മ്യൂണിസ്റ്റ്കാരനാണ്. കരിവെളളൂര്‍ പഴയ ബസാറില്‍ അദ്ദേഹത്തിനൊരു ഷോപ്പ് ഉണ്ടായിരുന്നു. സൈക്കിള്‍ വാടകയ്ക്കു കൊടുക്കുക, വാച്ച് റിപ്പയര്‍ ചെയ്യുക, ഇതോടൊപ്പം ചെറിയൊരു സ്റ്റേഷനറി കടയും നടത്തിയിരുന്നു അദ്ദേഹം. കണ്ണില്‍ ലെന്‍സ് ഘടിപ്പിച്ച് ഒരു ചെറിയ ഗ്ലാസ്സ് കൂടിനുളളില്‍ ഇരിക്കുന്ന, വെളള ബനിയനും കാക്കി ട്രൗസറുമിട്ട് സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്ന ഇബ്രാഹിമിച്ച വെളുവെളുത്ത സുന്ദരനായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മണിക്കൂറിന് ഇരുപത്തിയഞ്ച് പൈസ വാടക കൊടുത്ത് സൈക്കിള്‍ ഓടിക്കും. അദ്ദേഹത്തിന്റെ കടമുറി പാര്‍ട്ടിക്കാരുടെയും, അനുഭാവികളുടെയും ഒരു കേന്ദ്രമായിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ പാര്‍ട്ടി പതാക പുതപ്പിച്ച് അഭിവാദ്യം അര്‍പ്പിക്കുന്ന കാഴ്ച കണ്ടു. ഞാനാദ്യമായിട്ടാണ് ഒരു മുസ്ലീം സഖാവിനെ പാര്‍ട്ടി പതാക പുതപ്പിച്ചതായി കാണുന്നത്. കൂക്കോട്ട് ഇബ്രാഹിമിച്ചാന്റെ പാര്‍ട്ടിയോടുളള കൂറും പ്രവര്‍ത്തനവും ആവേശഭരിതമാണ്. അദ്ദേഹം കോലാലംപൂരില്‍ ഒളിവു ജീവിതം നയിച്ചിട്ടുണ്ട്. അവിടെയും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനായ കെ. കോയയുമായി ബന്ധപ്പെട്ട് 'വിദേശ മലയാളി പത്രം' എന്ന പേരില്‍ പത്രം തുടങ്ങുകയും അതിലൂടെ പുരോഗമന ആശയങ്ങളും ചിന്താഗതികളും വിദേശത്ത് താമസിക്കുന്ന മലയാളികളിലെത്തിക്കാന്‍ ശ്രമിക്കുകയുമുണ്ടായി.

വയനാട്ടില്‍ ചെന്ന് ദേശാഭിമാനി പത്രത്തിന്റെ പ്രചരണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ദേശാഭിമാനി പത്രം ചവിട്ടി പ്രിന്റ് ചെയ്യുന്ന കാലമായിരുന്നു അത്. ദേശാഭിമാനി പത്രക്കെട്ട് തലയില്‍ വെച്ച് ഈണത്തില്‍ മാപ്പിളപ്പാട്ട് പാടിക്കൊണ്ടായിരുന്നു പത്രം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും വരിക്കാരാക്കുകയും ചെയ്തത്. സ: കൃഷ്ണപ്പിളളയുമായുളള ബന്ധത്തെക്കുറിച്ചും ഇബ്രാഹിമിച്ച ഓര്‍മ്മയില്‍ സൂക്ഷിച്ചു വെച്ചത് പറയുകയുണ്ടായി. 1948ലാണ് സംഭവം. കൃഷ്ണപ്പിളള ഒരു ദിവസം ഇബ്രാഹിമിച്ചാന്റെ കരിവെളളൂരിലെ പീടികയിലേക്ക് വരുന്നു. നാടാകെ റവല്യൂഷനറി ഇന്ത്യന്‍ ആര്‍മിയെ ദ്രോഹിച്ചതില്‍ പ്രതിഷേധ റാലികളും യോഗങ്ങളും നടക്കുകയായിരുന്നു. കൃഷ്ണപ്പിളള ചോദിച്ചുപോലും 'എന്തടോ ഇബ്രായിനെ കരിവെളളൂരില്‍ പ്രതിഷേധ റാലിയൊന്നും ഉണ്ടായില്ലേ?'. 'ഇല്ലാ'യെന്ന മറുപടി കേട്ടപ്പോള്‍ 'നീ പീടിക പൂട്ടി ഇറങ്ങിവാ' എന്നാണ് കൃഷ്ണപ്പിളള പറഞ്ഞത്. അപ്പോള്‍ത്തന്നെ പീടിക പൂട്ടി കൃഷ്ണപ്പിളളയും ഇബ്രാഹിമിച്ചയും തോളില്‍ കൈയ്യിട്ട് നടക്കാന്‍ തുടങ്ങി. കൃഷ്ണപ്പിളളയെ കണ്ടപ്പോള്‍ ആളുകള്‍ പിറകെ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം ചെല്ലുമ്പോഴേക്കും അമ്പതോളം ആളുകളായി. ഉടനെ ഒരു വടി സംഘടിപ്പിച്ച് പാര്‍ട്ടി പതാക കെട്ടി ജാഥ നടത്തി. കരിവെളളൂര്‍ ടൗണിലെത്തി പൊതുയോഗം നടത്തി. 'ഇങ്ങനെയാണ് ഇബ്രായിനെ പാര്‍ട്ടി പരിപാടി സംഘടിപ്പിക്കേണ്ടതെന്ന' ഉപദേശം കൊടുത്താണ് കൃഷ്ണപ്പിളള യാത്ര പറഞ്ഞ് പോയതെന്ന് ഇബ്രാഹിമിച്ച പറഞ്ഞത് ഓര്‍മ്മ വരുന്നു.

മുസ്ലീമായ ഈ കമ്മ്യൂണിസ്റ്റ്കാരന്‍ പാട്ടുകാരനായിരുന്നു, അഭിനേതാവായിരുന്നു, അനൗണ്‍സറായിരുന്നു, ഫോട്ടോഗ്രാഫറായിരുന്നു. പാര്‍ട്ടി വളര്‍ത്താന്‍ പെടാപ്പാടുപെട്ട ഒരു ത്യാഗവര്യന്‍. എന്റെ അമ്മാവന്‍ മുഹമ്മദിച്ച നാടക കലാകാരന്‍ കൂടി ആണ്. കൂക്കാനത്തെ ഒഴിഞ്ഞ വടക്കെ വളപ്പില്‍ സ്റ്റേജ് കെട്ടിയും, പറമ്പിനു ചുറ്റും കുരുത്തോലയും, മാവിലയും കൊണ്ട് അലങ്കരിച്ചും സ്റ്റേജിന്റെ ഇരു ഭാഗത്തും പെട്രോമാക്‌സ് വിളക്ക് കത്തിച്ചും മുഹമ്മദിച്ച വിഗ് ധരിച്ച് സ്ത്രീ വേഷം കെട്ടിയതും ചെറിയൊരോര്‍മ്മ. അന്നത്തെ നോട്ടീസില്‍ പ്രത്യേക അറിയിപ്പ് എന്ന് കാണിച്ച് 'ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ്' എന്നടിച്ചതും ഓര്‍മ്മയുണ്ട്.

കാസര്‍കോട് ഗവ: കോളജില്‍ പഠിക്കുന്ന കാലത്ത് ആഴ്ചയില്‍ ഞാന്‍ നാട്ടില്‍ വരും. നാട്ടിലെത്തിയാല്‍ ഞങ്ങള്‍ കൗമാരപ്രായക്കാരായ ചെറുപ്പക്കാര്‍ കോണ്‍ഗ്രസ്സുകാരനും, മലയാള മനോരമ ഏജന്റുമായ എ.വി. ഗോവിന്ദന്റെ കടയിലിരിക്കും. ഡോ: എ.വി. ഭരതന്‍, ഹബീബ് റഹ് മാന്‍ തുടങ്ങി ഞങ്ങള്‍ നാലഞ്ചുപേര്‍ സമയം കിട്ടുമ്പോഴൊക്കെ സ്ഥിരമായി അവിടെ കൂടിയിരിക്കും. ആ സമയത്താണ് മലയാള മനോരമയുടെ ബാലജനസഖ്യം കരിവെളളൂരില്‍ രൂപീകരിക്കുന്നത്. ഞാന്‍ പ്രസിഡന്റും, ഡോ: എ.വി. ഭരതന്‍ സെക്രട്ടറിയുമായാണ് 'കുരുവി' ബാലജനസഖ്യം രൂപീകരിച്ചത്. അതോടൊപ്പം കൂക്കാനം, പലിയേരി, ചീറ്റ ഭാഗങ്ങളില്‍ മനോരമ വിതരണത്തിന് എ.വി. ഗോവിന്ദന്‍ എന്നെ ചുമതലപ്പെടുത്തി.

ഞാന്‍ പ്രസ്തുത പത്രവിതരണം കൗസല്യ ടീച്ചറുടെ മകന്‍ രവീന്ദ്രനെ ഏല്‍പ്പിച്ചു. ഈ വിവരമറിഞ്ഞ അമ്മാവന്‍ കോളജിലേക്ക് ദീര്‍ഘമായ ഒരു കത്ത് മാണിയാട്ടെ കുഞ്ഞിരാമന്‍ മുഖേന കൊടുത്തയക്കുന്നു. ആ കത്തിലെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ എന്റെ മനസ്സിനെ പിടിച്ചുകുലുക്കി. ക്രമേണ എന്റെ പഠനത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അമ്മാവന്റെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മനോരമ പത്രവിതരണം നിര്‍ത്തി. ബാലജനസഖ്യ പ്രവര്‍ത്തനവും നിലച്ചു. എന്റെ ഫാദര്‍-ഇന്‍-ലോ പറഞ്ഞ അനുഭവ സാക്ഷ്യം ഓര്‍മ്മ വരുന്നു. 46ലെ കരിവെളളൂര്‍ സമരത്തിന്റെ ഭാഗമായി എം.എസ്.പിക്കാര്‍ കമ്മ്യൂണിസ്റ്റ് വേട്ട നടത്തുന്ന കാലം. കൊയ്ത്ത് കാലമായിരുന്നു അത്. തലയില്ലത്ത് കുഞ്ഞാമിന എന്ന വീട്ടമ്മ വൈക്കോല്‍ കളത്തില്‍ ഉണക്കാന്‍ ഇട്ടിട്ടുണ്ട്. ഒരു യുവാവ് 'രക്ഷിക്കണേ' എന്ന് പറഞ്ഞു ഓടിവരുന്നു. 'പിറകെ എം.എസ്.പിക്കാരുണ്ട്' എന്ന് പതുക്കെ പറഞ്ഞു. കുഞ്ഞാമിന ഉമ്മ ഒരു വിദ്യ പ്രയോഗിച്ചു. അയാളോട് വൈക്കോലില്‍ കിടക്കാന്‍ പറഞ്ഞു. ദേഹം മുഴുവന്‍ വൈക്കോല്‍ കൊണ്ട് പൊതിഞ്ഞു. കൈയ്യിലുളള വടികൊണ്ട് പുല്ല് തല്ലുന്നതായി അഭിനയിച്ചു. അന്വേഷിച്ചു വന്ന പോലീസുകാരന് ആളെ കിട്ടിയില്ല. ഇങ്ങനെ മനുഷ്യ സ്‌നേഹം കാണിച്ചിരുന്ന നാട്ടുകാരാണ് കരിവെളളൂര്‍കാര്‍. അതിന്നും തുടരുന്നു...

നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ എന്ന നാട്ടുകാരുടെ കാദൃച്ച അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ്കാരനാണ്. ബീഡിത്തൊഴിലാളിയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് കരിവെളളൂര്‍ ബസാറിലെ പഴയ പാര്‍ട്ടിക്കമ്മറ്റി ഓഫീസിന്റെ പുറം ചുമരില്‍ 'അടിയന്തിരാവസ്ഥ അറബിക്കടലില്‍' എന്ന് വെളള പെയിന്റില്‍ വളരെ വലുതായി കലാപരമായി എഴുതിവെച്ചത് കാദൃച്ചയാണ്. അതിന്നും കരിവെളളൂര്‍കാരുടെയും നാഷണല്‍ ഹൈവേയിലൂടെ കടന്നുപോയവരുടെയും മനസ്സില്‍ ഉടക്കിനില്‍പ്പുണ്ട്. മതേതരവാദിയായ കാദൃച്ച അന്യമതത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം ചെയ്ത് മക്കളോടൊപ്പം വെളളച്ചാലില്‍ താമസിച്ചുവരുന്നു. മതം മാറ്റാനോ മാറാനോ അദ്ദേഹം നിന്നില്ല. അന്തരിച്ചാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിന് നല്‍കണമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാലത്ത് ജീവിച്ചിരുന്ന എം.ടി.പി. മാഹിന്‍ച്ച, സ: അബ്ദു റഹ് മാന്‍ച്ച, മുഹമ്മദിച്ച എന്നിവരൊക്കെ സ്മരിക്കപ്പെടേണ്ട മുസ്ലീം കമ്മ്യൂണിസ്റ്റ്കാരാണ്. അവരുടെ പിന്തുടര്‍ച്ചക്കാരായി ഇബ്രാഹിമിച്ചാന്റെ മകന്‍ അബ്ദുള്‍ ജലീല്‍(കരിവെളളൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍), ഉസ്മാന്‍ മാസ്റ്റര്‍(പളളിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി), സ: അബ്ദുളള, സുബൈര്‍, അബ്ദു തുടങ്ങി നിരവധി മുസ്ലീം യുവാക്കള്‍ പാര്‍ട്ടിയുടെ ശക്തരായ പ്രവര്‍ത്തകരായി നിലകൊളളുന്നു.

Also Read:

1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Congress, CPM, CPI, BJP, Muslim-league, Story of my foot steps part-39.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia