city-gold-ad-for-blogger
Aster MIMS 10/10/2023

തറവാട് ഒരോര്‍മ്മ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം( ഭാഗം മുപ്പത്തിയെട്ട്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 30.01.2018) ജനിച്ചുവീണ വീടും കളിച്ചുനടന്ന മണ്ണും മനസ്സില്‍ വേരു പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളാണേവര്‍ക്കും. എന്റെ ബാല്യവും, കൗമാരവും, യൗവ്വനവും തറവാട് വീട് നിന്നിരുന്ന കൂക്കാനം പ്രദേശത്തായിരുന്നു. അവിടം വിട്ട് സ്വന്തം പണിത വീട്ടില്‍ താമസം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. എങ്കിലും സ്വപ്നത്തിലെന്നും പഴയ തറവാട് വീടും പരിസരവും മാത്രമെ വരൂ. ആ പറമ്പിലെ ഓരോ മരവും, മണ്‍ കയ്യാലകളും, വീട്ടിലേക്ക് കടന്നു വരാനുളള ഗേറ്റും എല്ലാം ഓര്‍മ്മയിലുണ്ട്. അവയൊക്കെ നശിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. എങ്കിലും അവ നില കൊണ്ട സ്ഥലവും അവയുടെ രൂപവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. വീടും അത് നിന്ന സ്ഥലവും ഇന്ന് ആരുടെയോ കൈയിലാണ്. പഴയ തറവാടു വീടിന്റെ സ്ഥാനത്ത് ഇന്നവിടെ കൊട്ടാരസദൃശമായ ഇരുനില കെട്ടിടമുയര്‍ന്നു നില്‍ക്കുന്നു.

എന്റെ പഴയ ഓടിട്ട വീടിലെ അടുക്കള ഭാഗത്തെ ചാണകം മെഴുകിയ തറയിലാണ് ഞാന്‍ പിറന്നു വീണത്. ആ സ്ഥലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സ് വികാരതരളിതമാകുന്നു. അന്ന് തന്നെ വീടിന് ഏകദേശം നൂറ് കൊല്ലം പഴക്കമുണ്ടാകും. അടുക്കളയ്ക്ക് 'കുച്ചില്‍' എന്നാണ് പറയുന്നത്(കിച്ചണെന്ന വാക്കില്‍ നിന്ന് വന്നതാണോ കുച്ചില്‍ എന്നറിയില്ല). കുച്ചിലിന്റെ ഒരു ഭാഗത്താണ് അടുപ്പു കൂട്ടിയിരിക്കുന്നത്. തറയില്‍ത്തന്നെയാണ് അടുപ്പ്. അടുപ്പിന് മുകളിലായി കയറും തണ്ടുമുപയോഗിച്ച് 'പറം' കെട്ടിയിട്ടുണ്ട്. അതിലാണ് വിറകും ഓലക്കെട്ടുകളും സൂക്ഷിച്ചു വെയ്ക്കുക. അടുപ്പിന് ചുറ്റും നെല്ല് കുത്തിയ ഉമി നിറച്ചിരിക്കും. ഉമി സ്ഥിരമായി പുകഞ്ഞുകൊണ്ടിരിക്കും. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ അടുപ്പിന് ചുറ്റും കിടന്നുറങ്ങും. രാവിലെ എഴുന്നേറ്റാല്‍ അടുപ്പിന്‍കുണ്ടില്‍ നിന്ന് എടുത്ത ഉമിക്കരിയാണ് ഞങ്ങളുടെ 'ടൂത്ത് പൗഡര്‍'. അടുക്കളയില്‍ നിന്ന് നേരെ കയറുക 'ഇട'യിലേക്കാണ്. ഇടയുടെ ഒരു ഭാഗത്ത് രണ്ട് ഇരുട്ടറകളാണ്. ഇടയില്‍ നിന്ന് 'മീത്തലെ കൊട്ടില്‍' എന്ന വിശാല മുറിയിലേക്കാണ് എത്തുക. ആ മുറിക്ക് ചെറിയ കിളിവാതിലുണ്ട്. അവിടെ ഒരു വലിയ പത്തായമുണ്ട്. നെല്ല് മൂര്‍ന്ന് കൊണ്ടുവന്ന് മെതിച്ച് ഉണക്കിയെടുത്ത് പത്തായത്തില്‍ നിറയ്ക്കും.

തറവാട് ഒരോര്‍മ്മ

മീത്തലെ കൊട്ടിലില്‍ നിന്ന് താഴത്തെ കൊട്ടിലിലേക്ക് ഒരു വാതിലുണ്ട്. ഈ കൊട്ടിലിലെ തിണയില്‍ വെച്ചാണ് 'ആണ്ടു നേര്‍ച്ച' നടത്താറ്. കൊല്ലത്തില്‍ ഒരു തവണ തറവാട്ടുകാരെല്ലാം ഒത്തു ചേരുന്നത് നേര്‍ച്ച ദിവസമാണ്. ആ ദിവസമാണ് നേര്‍ച്ചക്കിട്ട കോഴികളെ അറുക്കുക. നേര്‍ച്ചക്കിട്ട വാഴയിലുണ്ടാകുന്ന കുലകള്‍ കൊത്തിയെടുത്ത് കുഴിയില്‍ വെച്ച് പുകയിട്ട് പഴുപ്പിച്ചെടുക്കും. ആ പഴമാണ് നേര്‍ച്ചക്കാര്‍ക്ക് നല്‍കുക. വീട്ടില്‍ അക്കാലത്ത് നിലവിളക്കുകളും തൂക്കുവിളക്കുകളും ഉണ്ടായിരുന്നു. മുറുക്കിത്തുപ്പാനുളള വലിയ കോളാമ്പി ഒരത്ഭുത കാഴ്ചയായിരുന്നു ഞങ്ങള്‍ക്ക്. മുറുക്കാന്‍ പെട്ടിയും ഉടുപ്പു പെട്ടിയുമെല്ലാം പിച്ചള കൊണ്ടു നിര്‍മ്മിച്ചതാണ്. മീത്തലെ കൊട്ടിലില്‍ നിന്നും മുകളിലേക്ക് കയറാന്‍ മരം കൊണ്ടുണ്ടാക്കിയ ഏണി ഉണ്ടായിരുന്നു. മച്ചിന്‍ പുറത്താണ് പുഴുങ്ങിയ നെല്ല് ഉണക്കാനിടുക. കാലപ്പഴക്കം കൊണ്ട് മച്ചിന്‍ പുറമെല്ലാം ദ്വാരം വീണിരുന്നു. മഴക്കാലമടുക്കുമ്പോള്‍ പത്തായത്തിനടിഭാഗത്ത് താമസമാക്കിയ 'മണാട്ടി തവളകള്‍' മഴ വരാറാകുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദവീചികള്‍ കാതിന് ഇമ്പമായിരുന്നു. തവളയെ പിടിക്കാനായി ചേരപ്പാമ്പുകള്‍ പത്തായത്തിനടിഭാഗത്തേക്ക് വരുന്നത് പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ്.

വീട് പറമ്പിനെ 'വടക്കേ വളപ്പെ'ന്നും 'തെക്കേ വളപ്പെ'ന്നും ഞങ്ങള്‍ പേര് ചൊല്ലി വിളിക്കും. വടക്കേ വളപ്പ് നിറയെ വലിയ മാവിന്‍ കൂട്ടങ്ങളാണ്. ഒള മാവ്, പുളിയന്‍ മാവ്, വടക്കന്‍ മാവ്, നീട്ടത്താന്‍ മാവ് എന്നീ മാവുകള്‍ എവിടെയാണ് ഉണ്ടായിരുന്നുവെന്ന് ഇന്നുമെന്റെ മനസ്സിലുണ്ട്. വടക്കേ വളപ്പിന്റെ ഒരു മൂലയ്ക്ക് 'ഈര്‍ച്ചക്കുഴി' ഉണ്ടായിരുന്നു. മരം മുറിച്ചാല്‍ പലകയും മറ്റും ഈര്‍ന്നെടുക്കുക ഈ കുഴിയില്‍ വെച്ചാണ്. മാമ്പഴക്കാലമായാല്‍ ഈ മാവുകളിലൊക്കെ നിറയെ പഴുത്ത മാങ്ങകളുണ്ടാകും. നേരം പുലരും മുമ്പേ വലിയൊരു കുട്ടയുമായി ഞങ്ങള്‍ കുട്ടികള്‍ മാവിന്‍ കീഴിലെത്തും. ഇരുട്ട് മായും മുമ്പേ മാങ്ങ പറക്കിയെടുക്കാന്‍ ഓലച്ചൂട്ടുമായി ഞങ്ങളെത്തും. അക്കാലത്ത് രാവിലെ മുതല്‍ മാങ്ങ തീറ്റയാണ് ഞങ്ങളുടെ പ്രധാന ആഹാരം. അയല്‍ പറമ്പുകളിലും ഞങ്ങളെപ്പോലെത്തന്നെ കുട്ടികള്‍ മാങ്ങ പെറുക്കിക്കൂട്ടുന്നത് കാണാം. തെക്കേ വളപ്പില്‍ നിറയെ പ്ലാവുകളാണ്. ഉണ്ട പ്ലാവ്, തേന്‍വരിക്ക പ്ലാവ്, പടിഞ്ഞാറെ പ്ലാവ്, പഴം ചക്ക പ്ലാവ്, ഇരട്ട പ്ലാവ് ഇങ്ങനെയൊക്കെയാണ് ഞങ്ങള്‍ പ്ലാവിന് പേരിട്ടത്. ചക്കക്കാലമായാല്‍ ചക്കപുഴുക്കും, ചക്കക്കറിയും, ചക്കക്കുരു വറവും ഇതൊക്കെയാണ് കഞ്ഞിക്കുളള കറികള്‍. പഴുത്ത ചക്കയുടെ കുരു എടുത്ത് വര്‍ഷകാലത്തേക്ക് ഉപയോഗിക്കാന്‍ മണ്ണില്‍ പൂഴ്ത്തി വെയ്ക്കും.

ഉയരം കൂടിയ പ്ലാവില്‍ നിന്ന് ചക്ക പറിക്കാന്‍ നാട്ടില്‍ ചില സ്‌പെഷ്യല്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ഉണ്ടത്തിമ്മന്‍, ചെരുപ്പൂത്തി ദാസന്‍, മാലിങ്കന്‍, ഒറ്റക്കണ്ണന്‍ എന്നിവരായിരുന്നു അവര്‍. ചക്ക നിലത്തുവീണ് പൊട്ടാതിരിക്കാന്‍ കയറുകെട്ടി താക്കും. പ്ലാവിന്‍ചോട്ടില്‍ കുമിഞ്ഞുകൂടുന്ന ഉണക്കപ്ലാവില ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും തണുപ്പുമാറ്റാനുളള ഒരു അസംസ്‌കൃത വസ്തുവായിരുന്നു. തലേന്നാള്‍ വൈകുന്നേരം കുട്ടികള്‍ മാച്ചി ഉപയോഗിച്ച് പ്ലാവില അടിച്ച് കൂനം കൂട്ടും. അതിരാവിലെ എഴുന്നേറ്റാല്‍ തണുപ്പുമാറ്റാന്‍ ഇതിന് തീവെയ്ക്കും. എല്ലാവരും ചുറ്റും നില്‍ക്കും. തണുപ്പുമാറാന്‍ ഇത് സഹായകമായിരുന്നു. തെക്കേ വളപ്പില്‍ മറ്റെവിടെയും കാണാത്ത ഒരു മരമുണ്ടായിരുന്നു. 'പശ മരം'. ഈ മരത്തിന്മേല്‍ മുന്തിരിക്കുല പോലെ മഞ്ഞനിറത്തിലുളള പഴക്കുലയുണ്ടാവും. കുട്ടികള്‍ ഇവ പറിച്ചുതിന്നാറുണ്ട്. രാത്രികാലങ്ങളില്‍ കുറുക്കന്മാര്‍ വന്ന് ഇത് ആഹാരമാക്കാറുണ്ട്. ഈ പറമ്പില്‍ വളരെ ഉയരത്തിലും പടര്‍ന്നും വളര്‍ന്നു നില്‍ക്കുന്ന സീതാപ്പഴ മരമുണ്ടായിരുന്നു. പഴുത്ത സീതാപ്പഴത്തിന്റെ മധുരിക്കുന്ന ഓര്‍മ്മ ഇന്നും നാവിന്‍ തുമ്പത്തുണ്ട്. രണ്ട് വളപ്പിലുമായി അമ്പതോളം പീറ്റത്തെങ്ങുകളുണ്ടായിരുന്നു. തേങ്ങ പറിക്കാന്‍ മോട്ടുമ്മല്‍ രാമേട്ടന്‍ വരും. വര്‍ഷത്തിലൊരിക്കല്‍ തെങ്ങുവലിച്ചുകെട്ടും. തെങ്ങ് വലിച്ചുകെട്ടിയ ശേഷം അതേ തെങ്ങില്‍ നിന്ന് കൊത്തിയെടുത്ത പച്ചോല കൊണ്ട് തെങ്ങിന് കൊട്ടയിടും. കളളന്മാര്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാനാണിത്.

വടക്കേ വളപ്പിലെ 'ആല'യുമായി മറക്കാന്‍ കഴിയാത്ത കുറേ ഓര്‍മ്മയുണ്ട്. ഓല മേഞ്ഞ ആലയാണ്. അതിനടുത്ത് വലിയൊരു വളക്കുണ്ടും. മാതൈ പൈ, കല്ല്യാണി പൈ, കറുമ്പി പൈ ഇങ്ങനെ പേരുളള മൂന്നു പശുക്കളെയും അവയുടെ കുഞ്ഞുകുട്ടികളെയും ആലയില്‍ കെട്ടുക, ചാണകം വാരി കുഴിയിലിടുക, മേയാന്‍ വേണ്ടി കുറുവന്‍ കുന്നിലേക്ക് തെളിച്ചു കൊണ്ടുപോവുക എന്നിവയൊക്കെ കുട്ടിയായ എന്റെ പണിയാണ്. പശുക്കളുടെ കഴുത്തില്‍ 'തട്ട' കെട്ടിയിട്ടുണ്ടാവും. പശുക്കള്‍ നടക്കുമ്പോള്‍ തട്ട ശബ്ദമുണ്ടാക്കുന്നതിനാല്‍ അവ പോകുന്നതും വരുന്നതും അറിയാന്‍ കഴിയും. ആലയുടെ മുകളിലേക്ക് 'കക്കിരി വളളി' പടര്‍ന്നു കയറിയിട്ടുണ്ടാവും. വെറുതെ മുളക്കുന്നതാണവ. ധാരാളം കക്കിരിക്ക പിടിച്ചു നില്‍ക്കുന്നതും, പച്ചക്കക്കിരിക്ക പറിച്ചു തിന്നതും ഓര്‍മ്മയുണ്ട്. ഒരു ദിവസം കുന്നിന്‍ മുകളില്‍ മേയാന്‍വിട്ട പശുക്കള്‍ തിരിച്ചെത്താന്‍ കുറേ വൈകിപ്പോയി. ഞാന്‍ വേവലാതിയോടും ഭയത്തോടും അവയെ ആലയിലെ തൂണിനോട് പിടിച്ചുകെട്ടി. അതില്‍ ഒരു പശുക്കുട്ടിയെ കെട്ടിയത് അല്‍പം മുറുകിപ്പോയി. രാവിലെ ചെന്നു നോക്കിയപ്പോള്‍ ആ പശുക്കുട്ടി കയര്‍ മുറുകി മരിച്ചുകിടക്കുന്നതാണ് കണ്ടത്. എന്റെ കൈപ്പിഴയായിരുന്നു അത്.

കാരണവന്മാരൊക്കെ കാലയവനികയ്ക്കുളളില്‍ മറഞ്ഞപ്പോള്‍ ഞാനായി വീടിന്റെ നടത്തിപ്പുകാരന്‍. അന്ന് പതിനെട്ടു വയസ്സുകാരന്‍. മീത്തലെ കൊട്ടിലിലെ പത്തായം കിടന്നുറങ്ങാന്‍ എനിക്കു കിട്ടി. താഴത്തെ കൊട്ടിലില്‍ വെച്ച് നാടകം കളിയും, ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കലും ഒക്കെ നടത്തി. സമപ്രായക്കാരായ കരിമ്പില്‍ രാമചന്ദ്രന്‍, കരിമ്പില്‍ വിജയന്‍, കാരിച്ചീരെ ബാലകൃഷ്ണന്‍, തെവക്കത്ത് നാരായണന്‍ എന്നിവരായിരുന്നു നാടകം അഭിനയിക്കാന്‍ വരുന്നവര്‍. ചിമ്മിണിക്കൂടിന്റെയും, പാനീസിന്റെയും വെളിച്ചത്തിലാണ് പഠനവും, കളിയും ഒക്കെ നടക്കാറ്. കുച്ചില്‍ ഭാഗത്തെ മുറ്റത്ത് കോട്ടി കളിക്കും. ആ കളിക്കളവും മറ്റും മധുരിക്കുന്ന ഓര്‍മ്മയാണിന്നും.

ഇങ്ങനെ ജനനം മുതല്‍ നാല്‍പ്പത്തിയഞ്ച് വര്‍ഷക്കാലം ജീവിച്ചു വളര്‍ന്ന തറവാട് ഞാനറിയാതെ വിറ്റുകളഞ്ഞു. അത് കൈവശപ്പെടുത്തിയത് എന്റെ അടുത്ത കൂട്ടുകാരനാണ്. പഴയ തറവാടു വീട് അന്യാധീനപ്പെട്ടുപോയാല്‍ അത് കൈവശപ്പെടുത്തിയവര്‍ക്ക് സ്വസ്ഥത കിട്ടില്ലായെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാരണം എത്രയോ തലമുറയായി കഴിഞ്ഞു വന്ന ഭൂസ്വത്താണത്. നേര്‍ച്ചക്കാരും വിശ്വാസികളും തലമുറ തലമുറ കൈമാറി വന്ന ഇടം. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും, ജീവിത രീതിയും അനുഷ്ഠിക്കുന്നവര്‍ക്ക് ദോഷം വരുത്തില്ലേ?. ഒരു അന്ധവിശ്വാസ ചിന്തയാണിതെങ്കിലും എന്റെ മനസ്സ് കേഴുന്നു... കൈവിട്ടുപോയ ആ പുണ്യഭൂമിയെക്കുറിച്ചോര്‍ക്കുമ്പോള്‍... കളിച്ചു വളര്‍ന്ന സ്ഥലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍... എന്റെ സ്വപ്നങ്ങളില്‍ എന്നും ആ തറവാട് വീടും, അതിന്റെ ചുറ്റുപാടുമുളള മണ്ണും മരങ്ങളും പ്രത്യക്ഷമാവുന്നു. മരിക്കുവോളം അത് തുടരുമെന്നാണെന്റെ തോന്നല്‍...

Also Read:

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookanam-Rahman, Article, House, Cow, Childhood, Jack fruit, Mango, Story of my foot steps part-38.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL