city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞങ്ങളുണ്ട് ഉപ്പാ, അങ്ങയെ ഓര്‍ക്കാനും പറയാനും

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്തിയേഴ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 18/01/2018) ഉപ്പായെക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷ-സന്താപങ്ങള്‍ സമ്മിശ്രമായി എന്റെ മനസ്സിലേക്കോടിയെത്തും. ഒന്നുമില്ലാതെ ഭൂമിയില്‍ പിറ്ക്കുകയും, ഒന്നും ബാക്കിയാക്കാതെ തിരിച്ചുപോവുകയും ചെയ്ത വ്യക്തിയാണ് എന്റെ ഉപ്പ. ഞങ്ങള്‍ മൂന്ന് ആണ്‍മക്കള്‍ക്കാണ് ഉപ്പ ജന്മം നല്‍കിയത്. ഓരോ കുട്ടി ജനിച്ചതും എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.

ഒരുപാട് സ്വത്തിന്റെ ഉടമയായിരുന്നു ഉപ്പയുടെ കാരണവന്മാര്‍. മരുമക്കത്തായ സമ്പ്രദായത്തിലാണ് അക്കാലത്ത് കുടുംബം ജീവിച്ചുവന്നത്. തൃക്കരിപ്പൂരിലെ വി പി പി(വലിയ പടിഞ്ഞാറെപുരയില്‍) തറവാട്ടിലാണ് ഉപ്പ ജനിച്ചത്. പഴയകാലത്ത് കുടിയാന്മാരില്‍നിന്ന് 'വാരം' കിട്ടുമായിരുന്നു. അതുകൊണ്ടുതന്നെ അധ്വാനിക്കാതെ ജീവിച്ചുവന്ന തലമുറ. തെങ്ങിന്‍ തോട്ടത്തില്‍നിന്നും മറ്റും കിട്ടുന്ന വരുമാനമായിരുന്നു പ്രധാന ആശ്രയം. ഉപ്പയുടെ ഒരു അമ്മാവന്‍ സിങ്കപ്പൂര്‍കാരനായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് കിട്ടുന്ന സാമ്പത്തിക സഹായവും ആ കുടുംബത്തിന്റെ ജീവിതവൃത്തിക്ക് ലഭ്യമായിരുന്നു.

ഞങ്ങളുണ്ട് ഉപ്പാ, അങ്ങയെ ഓര്‍ക്കാനും പറയാനും

ക്രമേണ 'വാരം' ലഭിക്കുന്നത് നിന്നു. കാര്‍ഷിക വരുമാനം കുറഞ്ഞു. ഭൂസ്വത്ത് കുറേശ്ശെ കുറേശ്ശെയായി വില്‍പ്പന നടത്തി ജീവിതയോധനം നടത്തി. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഒന്നുരണ്ടേക്ക്ര സ്ഥലവും ചെറിയൊരു വീടും ഉണ്ടായിരുന്നു. അതൊന്നും മക്കള്‍ക്ക് കിട്ടില്ല. ബാക്കിയുളള സ്വത്ത് പെണ്ണുങ്ങളായ മരുമക്കള്‍ക്കാണ് കിട്ടുക.

ആ കാലത്ത് ഞാന്‍ ഉപ്പയുടെ ഒന്നിച്ച് തൃക്കരിപ്പൂരിലെ വീട്ടിലെത്താറുണ്ട്. എന്നെ ചുമലില്‍ ഇരുത്തിയാണ് ഉപ്പ കൂക്കാനത്തുനിന്ന് തൃക്കരിപ്പൂരിലേക്ക് കൊണ്ടു പോകാറ്. റെയില്‍പാളത്തിലൂടെ കൂകി പായുന്ന തീവണ്ടി കാണിച്ചുതന്ന് കഥ പറഞ്ഞോണ്ട് ഉപ്പ നടക്കും. കുതിരപ്പുറത്ത് കയറിയ സുഖമാണെനിക്ക്.

തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലാണ് ഉപ്പയുടെ വീടുണ്ടായിരുന്നത്. അവിടെ ഉപ്പൂപ്പയും ഉമ്മൂമ്മയും എന്നെ കാത്തിരിപ്പുണ്ടാവും. സ്‌നേഹനിധികളായിരുന്നു രണ്ടുപേരും. ഉപ്പൂപ്പയുടെ പേര് മൂലക്കാടത്ത് അബ്ദുറഹ് മാന്‍ എന്നായിരുന്നു. ഉപ്പൂപ്പയെ ഓര്‍ക്കാനാണ് പോലും ഉപ്പ എനിക്ക് അബ്ദുറഹ് മാന്‍ എന്ന് പേരിട്ടത്.

ഉപ്പൂപ്പ എന്നെയും കൂട്ടി വടിയും കുത്തിപ്പിടിച്ച് നീലമ്പത്ത് ചന്തയിലേക്ക് പോകും. ഉപ്പൂപ്പയുടെ വായില്‍ ഒറ്റ പല്ലുപോലുമില്ലായിരുന്നു. പല്ലില്ലാത്ത ഉപ്പൂപ്പയുടെ ചിരി ഇപ്പോഴും ഓര്‍മ്മവരുന്നു. മീന്‍ വാങ്ങാനാണ് ചന്തയിലേക്ക് പോകുന്നത്. ചന്തയില്‍ നിന്ന് ചുവന്ന കോല് ഐസ് വാങ്ങി ഉപ്പൂപ്പ നുണഞ്ഞ് തിന്നും. എനിക്ക് വാങ്ങിത്തരില്ല. 'കുട്ട്യോള് ഐസ് തിന്നാല്‍ വയറ്റില്‍ നൊമ്പലം വരും' എന്ന് പറഞ്ഞ് എനിക്ക് തരാതെ ഉപ്പൂപ്പ മുഴുവന്‍ തിന്നും. ഞാന്‍ കൊതിച്ച് നില്‍ക്കും. കരഞ്ഞാല്‍ പീടികയില്‍ കയറി നാരങ്ങാ മിഠായി വാങ്ങിത്തരും.

അന്ന് ഒരണക്ക്(ഇന്നത്തെ ആറ് നയാപൈസ) ഒരു കീരിക്കൊട്ട നിറയേ മീന്‍ കിട്ടും(പച്ചത്തെങ്ങോലകൊണ്ട് മടഞ്ഞുണ്ടാക്കുന്നതാണ് കീരിക്കൊട്ട). മീനും വാങ്ങി തിരിച്ചുവരും. എന്റെ ഉമ്മൂമ്മ അതി സുന്ദരിയായിരുന്നു. ഉമ്മൂമ്മയുടെ ചുവന്ന് തുടുത്ത ചുണ്ടും, ചുരുളന്‍ തലമുടിയും, തിളങ്ങുന്ന കണ്ണും എന്തൊരാകര്‍ഷണമായിരുന്നെന്നോ കാണാന്‍. 'കീരിക്കണ്ണി' എന്ന കുറ്റപ്പേരിലാണ് കുഞ്ഞലീമ എന്ന എന്റെ ഉമ്മൂമ്മ അറിയപ്പെട്ടിരുന്നത്.

ചെറുപ്പകാലത്തെ ഉപ്പയുടെ പ്രൗഢിയെക്കുറിച്ച് ഉമ്മ പറയാറുണ്ട്. അക്കാലത്ത് കരിവെളളൂരില്‍ പട്ടാളകേമ്പുണ്ടായിരുന്നുപോലും. വലിയ ഷൂസും, കോട്ടും ഒക്കെയായിട്ടാണ് അവരുടെ മുമ്പിലൂടെ ഉപ്പ നടന്നുവരാറുളളത്. ബസ്സില്ല, റോഡില്ല, നടത്തം മാത്രം ശരണം. തൃക്കരിപ്പൂരില്‍നിന്ന് കൂക്കാനത്തെത്താന്‍ ഒന്നര മണിക്കൂറെങ്കിലും നടക്കണമായിരുന്നു. സാമ്പത്തിക ഞെരുക്കം വന്നതോടെ ഉപ്പ നാടുവിട്ടു. ബാംഗ്‌ളൂരിലും ബോംബെയിലും മറ്റുമായി ജീവിതം. മക്കളെ ശ്രദ്ധിക്കാറെയില്ല. ഞങ്ങളെ വളര്‍ത്തിയത് അമ്മാവന്മാരായിരുന്നു. അതുകൊണ്ടുതന്നെ ഉമ്മയ്ക്ക് ഉപ്പയെ തീരെ ഇഷ്ടമായിരുന്നില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വരും പോകും. അങ്ങനെ മാത്രമേ മക്കളും ഉപ്പയെ കാണാറുളളു.

ഉപ്പ വെറും കൈയോടെ വീട്ടിലേക്ക് വരില്ല. കീരിക്കൊട്ട നിറയെ മീനുണ്ടാവും, കുട്ടിയായ എനിക്കുതിന്നാന്‍ വിവിധ പലഹാരങ്ങളുണ്ടാവും. ഇതൊക്കെ കിട്ടിയാലും ഉമ്മ ഉപ്പയ്ക്ക് സ്വസ്ഥത കൊടുക്കില്ല. എന്തെങ്കിലും കാരണം പറഞ്ഞ് വഴക്കിനുളള സന്ദര്‍ഭം ഉണ്ടാക്കും. ഉമ്മയെ കുറ്റം പറയാന്‍ ആവില്ല. ഞങ്ങളെ തീറ്റിപ്പോറ്റാനും, പഠിപ്പിക്കാനും ഒക്കെയുളള ബാധ്യത ഉമ്മയുടെ തലയിലാണ്. അമ്മാവന്മാരോട് കെഞ്ചിപ്പറഞ്ഞ് എല്ലാം സംഘടിപ്പിക്കണം. പറമ്പിലെ വരുമാനമെടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കണം. ഉപ്പയ്ക്കാണെങ്കില്‍ ഇക്കാര്യമൊന്നുമറിയേണ്ട. ആ ദ്വേഷ്യമാവാം ഉമ്മയുടെ വഴക്കിന് കാരണം.

ഉപ്പ പാവമാണ്. തിരിച്ചങ്ങോട്ട് ഒന്നും പ്രതികരിക്കില്ല. എല്ലാം നിശബ്ദമായി കേട്ടിരിക്കും. എന്നെ അടുത്തുപിടിച്ചിരുത്തി താലോലിക്കും. ഉപ്പയുടെ നെഞ്ചില്‍ തലവെച്ച് ഞാന്‍ കിടക്കും. ആ നെഞ്ചിന്റെ മനോഹര താളം കേട്ട് ഞാനുറങ്ങും. തിണമേല്‍ പായ വിരിച്ച് കിടന്നാല്‍ ജനല്‍പാളിയിലൂടെ പടിഞ്ഞാറ് നിന്ന് വീശുന്ന ഇളം കാറ്റും ഉപ്പയുടെ നെഞ്ചിടിപ്പിന്റെ ശബ്ദവും എന്നെ മെല്ലെ മെല്ലെ തടവി ഉറക്കുന്നതും ഓര്‍മ്മയില്‍ നിന്ന് മായുന്നേയില്ല.

കാലം കടന്നുപോയി. ഞങ്ങള്‍ മൂന്നുമക്കളും വളര്‍ന്നു. എന്റെ തൊട്ടനിയന്‍ അകാലത്തില്‍ പൊലിഞ്ഞുപോയി. ഞാന്‍ അധ്യാപകനായി. ഇളയ അനിയന്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നു. ഉപ്പ വരുമ്പോഴൊക്കെ ചെറിയ സാമ്പത്തിക സഹായം ചെയ്തു തരും. ഉപ്പയുടെ അരപ്പട്ടയില്‍ പൈസ കണ്ടാല്‍ അത് ഞങ്ങള്‍ കൈക്കലാക്കും. ജോലിയിലിരിക്കുമ്പോഴും ഉപ്പ വന്നാല്‍ എന്തെങ്കിലും വാങ്ങിക്കോളൂ എന്ന് പറഞ്ഞ് കയ്യിലുളള പൈസ എനിക്ക് തരാറുണ്ട്. അങ്ങോട്ടൊന്നും ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്യാറില്ല. അത്രമേല്‍ സ്‌നേഹമായിരുന്നു എന്നോട്. സ്വത്തും സമ്പത്തും ഒക്കെ നാമാവശേഷമാവുകയും, ജീവിതം മുന്നോട്ട് നയിക്കാന്‍ പെടാപ്പാടുപെടുകയും ചെയ്യുന്ന ഉപ്പയെ കുറ്റപ്പെടുത്താനാവില്ല. പെങ്ങളെയും മരുമക്കളെയും പോറ്റിവളര്‍ത്തേണ്ട ചുമതലയും ഉപ്പയ്ക്കാണ്.

ഉപ്പയ്ക്ക് ഒരു പെങ്ങളും അനിയനുമാണുണ്ടായിരുന്നത്. കണ്ണൂര്‍ സിറ്റിയില്‍ വിവാഹം ചെയ്ത എളേപ്പയെക്കുറിച്ച് കൂടുതല്‍ വിവരമൊന്നുമറിയില്ല. എളേപ്പയുടെ മക്കളും പേരമക്കളും പല സ്ഥലങ്ങളിലായുണ്ട്. അതില്‍ ഒരു പേരക്കുട്ടി പ്രമുഖ സിനിമാ നടനാണ്. ഉപ്പ മരിച്ചിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടു. ഉപ്പയ്ക്ക് അസുഖമാണെന്ന വിവരം കിട്ടിയതിനാല്‍ ഒരു ദിവസം രാവിലെ ഞാന്‍ തൃക്കരിപ്പൂരിലേക്ക് പുറപ്പെട്ടു. ഉപ്പയ്ക്ക് നല്‍കാനായി കുറച്ച് ഫ്രൂട്ട്‌സും മറ്റും വാങ്ങിയാണ് പോവുന്നത്. വഴിയില്‍ വെച്ച് ഉപ്പയുടെ അയല്‍വാസിയായ ഒരു സുഹൃത്ത് ഞാന്‍ പോകുന്ന ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി.

'നിങ്ങള്‍ വിവരമറിഞ്ഞിട്ടാണോ വരുന്നത്?' അദ്ദേഹത്തിന്റെ ചോദ്യം.

'ഉപ്പ മരിച്ചു. അരമണിക്കൂറായതേയുളളു'. പെട്ടെന്ന് ഇടിവെട്ടേറ്റപോലെയായി ഞാന്‍. ഒന്നും പ്രതികരിക്കാനാകാതെ നേരെ വീട്ടിലെത്തി. ഉപ്പ ഒരു കട്ടിലില്‍ മരിച്ചുകിടക്കുന്ന രംഗമാണ് കണ്ടത്... ഒരുപാട് ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി... മക്കള്‍ക്ക് നല്‍കാന്‍ ഒരുപിടി മണ്ണ് പോലും ഉപ്പയ്ക്ക് ഉണ്ടായില്ല; പോറ്റി വളര്‍ത്താന്‍ പറ്റിയില്ല; പഠിപ്പിക്കാന്‍ കഴിഞ്ഞില്ല; മക്കളുടെ സഹായത്തിനുവേണ്ടി കൈ നീട്ടിയില്ല. സ്‌നേഹിച്ചു ഒരുപാട്... മുത്തം തന്നും, താരാട്ടുപാടിയും, ചുമലിലേറ്റിയും, ലാളിച്ചും ഞങ്ങളെ സ്‌നേഹം കൊണ്ട് മൂടി.

ആ ലളിതമായ ജീവിതത്തിന് താഴുവീണു. മനുഷ്യന് ഒന്നും സമ്പാദിക്കാതെയും ജീവിക്കാമെന്ന് ഉപ്പ കാണിച്ചുതന്നു. ഒന്നും ബാക്കിവെയ്ക്കാതെ പോയതിനാല്‍ ബന്ധുക്കള്‍ക്കും മക്കള്‍ക്കും അടിപിടി കൂടേണ്ടി വന്നില്ല. ജന്മി കുടുംബത്തില്‍ ജനിച്ചു... നിസ്വനായി ജീവിച്ചു... സ്വാര്‍ത്ഥത തൊട്ടുതീണ്ടാത്ത മനസ്സുമായി എല്ലാവരോടും പെരുമാറി... ആരെയും അലോസരപ്പെടുത്താതെ കടന്നുപോയി...

ഉപ്പയുടെ ഒരു ഫോട്ടോ പോലും എവിടെനിന്നും കണ്ടുകിട്ടിയില്ല. ഒന്നും ബാക്കിയാക്കാതെ കടന്നുപോയ ഉപ്പയ്ക്ക് ഇനി ജീവിച്ചിരിക്കുന്ന രണ്ടു മക്കള്‍ മാത്രം. ഓര്‍മ്മിക്കാനും, പറയാനും ഞങ്ങളുണ്ട്. ഉപ്പയുടെ ഈ പൊന്നുമോനും... എന്റെ അനിയനും. സ്വസ്ഥതയോടെ ജീവിക്കാന്‍ പറ്റിയില്ലെങ്കിലും സ്വസ്ഥതയോടെ മരിച്ചുപോവാന്‍ കഴിഞ്ഞത് അങ്ങയുടെ മനസ്സിന്റെ നന്മയാണ്. ആ നന്മ ഞങ്ങള്‍ മരിക്കുവോളം കാത്തു സൂക്ഷിക്കും... ചിലപ്പോള്‍ ഞങ്ങളുടെ മക്കളും ഓര്‍ത്തേക്കാം...

Also Read:

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍


36. മലപോലെ വന്നത് മഞ്ഞുപോലെ പോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Family, Train, Railway-track, Grand father, Grand mother, Father, Story of foot step part-37

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia