Join Whatsapp Group. Join now!
Aster MIMS 10/10/2023

കാലങ്ങളായുള്ള ഭരണത്തിന് മാറ്റം വരുത്തിയ 'സ്വതന്ത്ര'; കേരളത്തിന്റെ വടക്കേ അറ്റത്തെ ആവലാതികളും സ്വപ്നങ്ങളും

'Independent' who changed the rule of time; Complaints and dreams of the northern tip of Kerala#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ 20

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 27.09.2021) കേരളത്തിന്റെ വടക്കേ അറ്റത്തുളള ഗ്രാമപഞ്ചായത്താണ് മഞ്ചേശ്വരം. കര്‍ണാടകത്തോട് തൊട്ടു കിടക്കുന്ന പ്രദേശം. ആരോഗ്യ-വിദ്യാഭ്യാസ-വികസന രംഗത്ത് കുതിച്ചു ചാട്ടം നടത്തുന്ന കര്‍ണാടക സംസ്ഥാനത്തിലെ പ്രധാന നഗരങ്ങളിലൊന്നായ മംഗലാപുരത്തെ തൊട്ടു കിടക്കുന്ന പ്രദേശം. ഭൂരിപക്ഷം ജനങ്ങളും കന്നടയും തുളുവും സംസാരിക്കുന്ന ഏരിയയാണ് മഞ്ചേശ്വരം. ഒരു പാട് വികസന സാധ്യതകളുണ്ടെങ്കിലും അതിലൊന്നും താല്‍പര്യം ഇല്ലാത്തവരാണ് അവിടുത്തുകാര്‍.

എല്ലാ കാര്യത്തിനും മംഗലാപുരത്തെ ആശ്രയിക്കുന്നവര്‍. സ്വന്തം ഗ്രാമത്തില്‍ ലഭ്യമല്ലാത്ത എല്ലാ സൗകര്യങ്ങളും അയല്‍ പ്രദേശമായ മംഗലാപുരത്തുനിന്നും ലഭിക്കുന്നു. പിന്നെന്തിനാണ് സ്വന്തം പ്രദേശത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാവണം എന്ന് ചിന്തിക്കുന്നവര്‍. കഴിഞ്ഞ 40 - 45 വര്‍ഷത്തോളം യു ഡി എഫാണ് പഞ്ചായത്ത് ഭരണം കയ്യാളിയിരുന്നത്. അതില്‍ മുസ്ലീം ലീഗ് നേതാക്കളായിരുന്നു അധ്യക്ഷപദവി അലങ്കരിച്ചത്. ഇപ്രാവശ്യം അതിനൊരു മാറ്റം വന്നു. ഒരു കക്ഷി രഹിതയായി മല്‍സരിച്ച വനിതയാണ് അധ്യക്ഷ പദവിയിലെത്തിയത്. അവരെ നമുക്കൊന്നു പരിചയപ്പെടാം.
 
'Independent' who changed the rule of time; Complaints and dreams of the northern tip of Kerala

പേരില്‍ തന്നെ വ്യത്യാസമുണ്ട്. ജീന്‍ ലാവിന മൊന്റേറിയോ എന്നാണ്‌ പ്രസിഡന്റിന്റെ പേര്. നമുക്ക് ജീന്‍ ലാവിന എന്ന് സംബേധന ചെയ്യാം. കാസര്‍കോട് ജില്ലയിലെ ഇരുപത് വനിതാ ഗ്രാമാധ്യക്ഷന്‍മാരെക്കാള്‍ വിദ്യാഭ്യാസ യോഗ്യത നേടിയ വ്യക്തിയാണ് ജീന്‍ലാവിന. എം കോം, ബി.എഡ് കാരിയാണ്. വ്യത്യസ്ത മേഖലകളില്‍ വൈവിധ്യമാര്‍ന്ന സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വനിതയാണ്. ബേള പബ്ലിക്ക് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായി സേവനം ചെയ്യുന്നുണ്ട്. കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് മെമ്പറാണ്. മഞ്ചേശ്വരം ബ്ലോക്ക് സ്റ്റേജ് ആർട്ടിസ്റ്റിസ് വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ടാണ്. കർണാടക കത്തോലിക്കാ കൗണ്‍സില്‍ അംഗമാണ്. ഔര്‍ലേഡി ഓഫ് മെര്‍സി ചര്‍ച്ച് മഞ്ചേശ്വരത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു.

ഇത്തരം സാമൂഹ്യ മേഖലകളില്‍ വ്യാപൃതയായി പ്രവര്‍ത്തിച്ചു വരുന്ന ജീന്‍ലാവിനയ്ക്ക് രാഷ്ട്രിയ പാര്‍ട്ടികളോട് ആഭിമുഖ്യമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗവുമല്ല. അതുകൊണ്ട് തന്നെ ജിന്‍ലാവിനയുടെ അധ്യക്ഷ പദവിക്കും പ്രത്യേകതയുണ്ട്. സംസ്ഥാനത്ത് മറ്റേതൊരു പഞ്ചായത്തിലും കാണാത്തതാണിത്. ഏതെങ്കിലും രാഷ്ട്രിയ പാര്‍ട്ടിയുടെ ആഭിമുഖ്യം വെച്ചു പുലര്‍ത്തുന്ന വ്യക്തികള്‍ക്കു മാത്രമെ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്താന്‍ കഴിയൂ. ജിന്‍ ലാവിനയോട് ഞാന്‍ അന്വേഷിച്ചു. ബി ജെ പി പിന്തുണയോടയല്ലേ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയത് അപ്പോള്‍ അവരുടെ നിയന്ത്രണത്തിലാവില്ലേ ഭരണ കാര്യങ്ങള്‍.

അവരുടെ മറുപടി ഇങ്ങിനെയായിരുന്നു: ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് പഞ്ചായത്തിലേക്ക് മല്‍സരിച്ച് ജയിച്ചത്. ഒരു കക്ഷി രാഷ്ട്രിയക്കാരുടേയും പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ല. അതേ പോലെതന്നെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിട്ടും മല്‍സരിച്ചത് സ്വതന്ത്രയായിട്ടാണ്. എനിക്ക് ആറ് ബി ജെ പി അംഗങ്ങളുടെയും, ഞാനടക്കം മൂന്ന് സ്വതന്ത്ര അംഗങ്ങളുടേയും കൂടി ആകെ ഒമ്പത് വോട്ട് ലഭിച്ചു. അതുകൊണ്ടാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കക്ഷി രഹിത എന്ന നിലയില്‍ തന്നെയാണ് ഞാന്‍ പഞ്ചായത്തിന്റെ നേതൃസ്ഥാനത്തിരുന്നു ഇനിയങ്ങോട്ട് പ്രവര്‍ത്തിക്കുന്നതും.

പഞ്ചായത്തില്‍ ആകെ 21 വാര്‍ഡുകളാണുളളത്. അതില്‍ യു ഡി എഫ് ഏഴു സീറ്റിലും, ബി ജെ പി ആറ് സീറ്റിലും എസ് ഡി പി ഐ രണ്ട് സീറ്റിലും എല്‍ ഡി എഫ് രണ്ട് സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചു. പ്രസിഡണ്ട് സ്ഥാനത്തേക്കുളള മല്‍സരത്തില്‍ യു ഡി എഫിന് എട്ടു വോട്ടും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എനിക്ക് ഒമ്പത് വോട്ടും കിട്ടി. എല്‍ ഡി എഫ്, എസ് ഡി പി ഐയും വോട്ട് ചെയ്തില്ല. ഇങ്ങിനെയാണ് പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ജീന്‍ലാവിന എത്തപ്പെട്ടത്.

ജീന്‍ ലാവിന ജനിച്ചത് കുനിഗല്‍ എന്ന പ്രദേശത്താണ്. ഇപ്പോള്‍ മഞ്ചേശ്വരത്ത് സ്ഥിരതാമസക്കാരിയാണ്. ജോര്‍ജ്‌ മൊന്റോരിയോ എന്ന ബിസിനസുകാരനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. കലാരംഗത്തും കായിക രംഗത്തും ശോഭിച്ചു നില്‍ക്കുന്ന വ്യക്തിയാണ് ജീന്‍ ലാവിന. നാടക നടിയാണ്, മികച്ച ത്രോബോള്‍ താരമാണ്. ഇതെല്ലാം കൊണ്ട് സാമൂഹ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ് ജീന്‍ലാവിനയ്ക്കുളളത്. ഇപ്പോഴിതാ പഞ്ചായത്തിന്റെ ഭരണ തലപ്പത്തും എത്തിയിരിക്കുന്നു. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിനെ എല്ലാം കൊണ്ടും മനോഹരമാക്കാന്‍ ജീന്‍ലാവിനയ്ക്ക് സാധ്യമാവുമെന്നുളളതിന് പക്ഷാന്തരമില്ല.

ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പേരുകേട്ട ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളേജ് മഞ്ചേശ്വരത്താണ്. ബങ്കര മഞ്ചേരത്തും, കുഞ്ചത്തൂരും ഗവ.ഹയര്‍ സെക്കന്റി സ്‌ക്കൂളുകളുണ്ട്. ഉദയ, ഡോണ്‍ ബോസ്‌കോ എന്നീ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌ക്കൂളുകളുണ്ട്. ഇതെല്ലാമടക്കം 24 വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 38 അങ്കണ്‍വാടികളും പ്രവര്‍ത്തിച്ചുവരുന്നു. ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും സ്വന്തം നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാട്ടുകാര്‍ പ്രയോജനപ്പെടുത്തുന്നില്ല. ഇതിനെക്കാള്‍ മെച്ചം മംഗലാപുരത്തെ സ്‌ക്കൂളുകളും കോളേജുകളുമാണെന്ന ധാരണയാണ് ഈ പ്രദേശത്തുകാര്‍ക്കുളളത്.

പഞ്ചായത്തില്‍ 42,000 നടുത്ത് ജനസംഖ്യയുണ്ട്. സപ്തഭാഷ സംഗമ ഭൂമിയാണ് കാസര്‍കോട് എന്ന് മൊത്തം പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ മഞ്ചേശ്വരത്താണ് അതിന് പ്രസക്തിയേറെ. കന്നട, മലയാളം, തുളു, കൊങ്കണി, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടെ ജീവിച്ചു വരുന്നത്.

പഞ്ചായത്തില്‍ നാല് എസ് സി.കോളനികളില്‍ 2347 പേരും, ഒരു എസ് ടി കോളനിയില്‍ 361 പേരും താമസിക്കുന്നുണ്ട്. തുളുവാണ് ഇവരുടെ സംസാര ഭാഷ. പഞ്ചായത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ അതൊക്കെ പരിഹരിക്കണം. കുടിവെളള പ്രശ്‌നമാണ് അതില്‍ മുഖ്യം. പഞ്ചായത്തിന്റെ കടലോര മേഖലയില്‍ ഉപ്പുവെളളവും നഞ്ച് വെളളവുമാണ് ലഭ്യമാവുന്നത്. ശുദ്ധജലമെത്തിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടണം. ദീര്‍ഘകാലമായി ജനങ്ങള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് നിലവിലെ ഭരണ സമിതി അതി പ്രാധാന്യം നല്‍കി പരിഹരിക്കപ്പെടുമെന്ന് പ്രസിഡണ്ട് പറയുന്നു. മാലിന്യ സംസ്‌ക്കരണത്തിനുളള തീവ്രശ്രമവും ഇവിടെ നടത്തേണ്ടതുണ്ട്. മാലിന്യങ്ങള്‍ പൊതു വഴികളിലേക്കും റോഡിലേക്കും വലിച്ചെറിയുന്ന സ്വഭാവം ജനങ്ങള്‍ക്കുണ്ട്. അതിനുളള ബോധവല്‍ക്കരണം സംഘടിപ്പിക്കണം. മാലിന്യ സംസ്‌ക്കരണത്തിനുളള പ്ലാന്റ് നിര്‍മ്മാണം നടത്തണം.

ശവ സംസ്‌ക്കാരം നടത്തുന്നതിനുളള സൗകര്യക്കുറവും ചില ജനവിഭാഗങ്ങള്‍ അനുഭവിക്കുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന് സെമിത്തേരിയുടെ അഭാവം ദളിത് വിഭാഗത്തിന് ശവ ദാഹത്തിന് സ്ഥല സൗകര്യമില്ലായ്മ. ഇത് രണ്ടും പരിഹരിക്കുന്നതിനുളള ശ്രമവും ആരംഭിക്കേണ്ടതുണ്ട്. മഞ്ചേശ്വരം ഭാഗം അവികസിത പ്രദേശമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ഇവിടേക്ക് പതിയുന്നുണ്ട്. വികസന കാര്യങ്ങളില്‍ മുന്തിയ പരിഗണനയാണ് ഈ പ്രദേശത്തിന് നല്‍കുന്നത്. പക്ഷേ ജനങ്ങള്‍ അതത്ര കാര്യമാക്കുന്നില്ല. അത്തരം പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് നിന്ന് സഹകരിക്കാനുളള മനോഭാവം കാണിക്കുന്നുമില്ല.

പഞ്ചായത്താണ് ഒരു പദ്ധതി നടപ്പാക്കുന്നതെങ്കില്‍ അതവരുടെ പണിയല്ലേ, അവര്‍ ചെയ്യട്ടെ, ഞങ്ങളെന്തിന് സഹകരിക്കണം എന്ന മനോഭാവമാണ് ജനങ്ങള്‍ വെച്ചു പുലര്‍ത്തുന്നത്. വിദ്യാഭ്യസ സ്ഥാപനങ്ങളിലായാലും ആശുപത്രികളുടെ കാര്യത്തിലായാലും, അതൊക്കെ മംഗലാപുരത്ത് ലഭ്യമാവുന്നുണ്ട് പിന്നെന്തിന് ഇവിടെ എന്ന ചിന്തയും ജനങ്ങളില്‍ വ്യാപകമാണ്.

ജീന്‍ലാവിനയുടെ നേതൃത്വത്തില്‍ ബഹുജന ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ് ഇവിടെ ആദ്യം നടത്തേണ്ടത്. സ്വന്തം നാട്ടിലുളള സ്ഥാപനങ്ങളെ മെച്ചപ്പെടുത്താനും തൊഴില്‍ സാധ്യത വിപുലപ്പെടുത്താനും ഉളള ശ്രമം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവണം. ജനങ്ങളുമായി ഇടപെടാനും സഹകരിക്കാനും തീവ്രശ്രമം നടത്തിയേ പറ്റൂ. ജാതി-മത-ഭാഷാ വ്യത്യാസമില്ലാതെ സകലരേയും ഒന്നിപ്പിച്ചു നിര്‍ത്തണം. എല്ലാത്തിനും മംഗലാപുരത്തെ ആശ്രയിക്കുന്ന രീതി മാറ്റിയെടുക്കണം. മോശമല്ലാത്ത വരുമാനമുളള ഗ്രാമപഞ്ചായത്താണിത്. കുടുംശ്രീ പ്രവര്‍ത്തനം ശക്തമാക്കണം. യുവജന കൂട്ടായ്മകള്‍ ഉണ്ടാക്കണം. വികസന കുതിപ്പിന് ഉയിരും ഉഷാറും കൈവരിക്കണം. അതിനൊക്കെ പ്രാപ്തിയുളള വ്യക്തിയാണ് ഇത്തവണ ജനങ്ങള്‍ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലാവിന.














കൂടുതൽ കരുത്തോടെ തിളങ്ങാൻ മംഗൽപാടി; നയിച്ച് റിസാന 16




Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Manjeshwaram, 'Independent' who changed the rule of time; Complaints and dreams of the northern tip of Kerala.
< !- START disable copy paste -->

Post a Comment