city-gold-ad-for-blogger
Aster MIMS 10/10/2023

മനം തുറന്ന് മുളിയാറിന്റെ പി വി മിനി; 'നീ പെണ്ണാണെന്ന് വീട്ടില്‍ നിന്ന് ചൊല്ലി പഠിപ്പിച്ചിട്ടില്ല'

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 5 

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 12.06.2021) 

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി മനസ്സ് തുറക്കുന്നു

ചോദ്യം: താങ്കളുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പറയാമോ?

പ്രസിഡണ്ട്: തീര്‍ച്ചയായും ഞാന്‍ അടിയുറച്ച സിപിഎം പ്രവര്‍ത്തകയാണ്. ജനിച്ചു വളര്‍ന്നത് നീലേശ്വരം ചെറപ്പുറത്താണ്. എന്‍റേത് ഒരു പാര്‍ട്ടി കുടുംബമാണ്. വിവാഹം കഴിഞ്ഞ് എത്തിയ വീട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളുമാണ്. ഇരിയണ്ണി ലോക്കല്‍ കമ്മിറ്റി മെമ്പറാണ് ഭര്‍ത്താവിന്‍റെ ജ്യേഷ്ഠന്‍ രാഘവന്‍, ഭര്‍ത്താവ് വിശ്വനാഥനും പാര്‍ട്ടി മെമ്പറാണ്.

മനം തുറന്ന് മുളിയാറിന്റെ പി വി മിനി; 'നീ പെണ്ണാണെന്ന് വീട്ടില്‍ നിന്ന് ചൊല്ലി പഠിപ്പിച്ചിട്ടില്ല'

ചോദ്യം: പാര്‍ട്ടി പ്രവര്‍ത്തനം കൂടാതെ മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ 

എന്തൊക്കെയാണ് ? പൊതു പ്രവര്‍ത്തനം വഴിയല്ലേ എല്ലാ വിഭാഗം ജനങ്ങളുമായി ഇടപഴകാന്‍ കഴിയൂ. ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ടായ മിനി പഞ്ചായത്തിന്‍റെ മുഴുവന്‍ ജനങ്ങളുടെയും പ്രസിഡണ്ടല്ലേ?

പ്രസിഡണ്ട്: ഞാന്‍ ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞും ജനങ്ങളുടെ പൊതു പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമുളള ശ്രമവുമായാണ് മുന്നോട്ട് പോവുന്നത്. പാര്‍ട്ടിയുടെ മഹിളാ വിഭാഗമായ മഹിളാ അസോസിയേഷന്‍ ഇരിയണ്ണി വില്ലേജ് കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമാണ്. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ സഹകരണ ബാങ്കിന്‍റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആശാ വര്‍ക്കര്‍ ആയി സേവനം ചെയ്തു വന്നിരുന്നു. ഇതിനു പുറമെ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മിക്ക സാമൂഹ്യ - സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങിനെയൊക്കെ പ്രവര്‍ത്തിക്കുന്നത് മൂലം ഇവിടുത്തെ ജനങ്ങളെ തൊട്ടറിയാന്‍ സാധിച്ചിട്ടുണ്ട്.


ചോദ്യം: പഞ്ചായത്തിന്‍റെ ഭരണ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അധികാരത്തിലേറിയപ്പോഴും ഉളള അനുഭവങ്ങള്‍ പങ്കിടാമോ?

പ്രസിഡണ്ട്: ഞാന്‍ 2015-2020 കാലഘട്ടത്തിലും പഞ്ചായത്ത് മെമ്പറായിരുന്നു. അന്ന് ആറാം വാര്‍ഡില്‍ നിന്നാണ് മല്‍സരിച്ചു ജയിച്ചത്. സിപിഎം പ്രതിനിധിയായിട്ടാണ് മല്‍സരിച്ചതെങ്കിലും വാര്‍ഡിലെ വോട്ടര്‍മാര്‍ കക്ഷി രാഷ്ട്രീയം പരിഗണിക്കാതെ തന്നെ എനിക്ക് വോട്ട് നല്‍കിയിട്ടുണ്ട്. ഇത്തവണ ഒമ്പതാം വാര്‍ഡില്‍ നിന്നാണ് മല്‍സരിച്ചത്. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിട്ട് തന്നെയാണ് മല്‍സരിച്ചത്. ഒമ്പതാം വാര്‍ഡിലും മികച്ച ഭൂരിപക്ഷത്തോടെയാണ് ഞാന്‍ ജയിച്ച് കയറിയത്. പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയും , ജനങ്ങളുടെ സഹകരണവും കിട്ടുന്നത് കൊണ്ട് പഞ്ചായത്ത് ഭരണ നിര്‍വ്വഹണം നടത്തുന്നതില്‍ പ്രയാസമൊന്നും തോന്നുന്നില്ല. ജന സമ്മതി നേടിയിട്ടല്ലേ ഈ സ്ഥാന ലബ്ധി ഉണ്ടായത്. അതിന്‍റെ അഭിമാനമുണ്ട്.


ചോദ്യം: ഒരു സ്ത്രീയെന്ന നിലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ വല്ലതുംമുണ്ടോ? പുരുഷമേധാവിത്വം പുരുഷന്‍മാരായ മെമ്പര്‍മാര്‍ വച്ചു പുലര്‍ത്തുന്നുണ്ടോ? പഞ്ചായത്തു ഭരണവും ഗൃഹഭരണവും ഒപ്പത്തിനൊപ്പം കൊണ്ടു പോവുമ്പോള്‍ ഡബ്ള്‍ റോളില്‍ അഭിനയിക്കാന്‍ പ്രയാസം തോന്നാറുണ്ടോ?

പ്രസിഡണ്ട്: സ്ത്രീയെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുകയാണ്. അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ ആ സ്ഥാനത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമൊന്നുമുണ്ടാവാറില്ല. വീട്ടിലായാലും സമൂഹത്തിലായാലും പുരുഷന്‍മാരുടെ ഭാഗത്തുനിന്ന് മേധാവിത്വം ഇതേവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല. നീ പെണ്ണാണ് എന്ന് എന്നെ വീട്ടില്‍ നിന്ന് ചൊല്ലി പഠിപ്പിച്ചിട്ടില്ല. ഞാന്‍ വളര്‍ന്ന ഗൃഹാന്തരീക്ഷം തന്നെ തുല്യമായ പരിഗണന നല്‍കുന്നതായിരുന്നു. മുഴുവന്‍ സമയവും ഇറങ്ങി പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാനത്തിരിക്കുമ്പോള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും. അക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. ഡബിൾ റോളിൽ അഭിനയിക്കേണ്ടി വന്നിട്ടില്ല. അറിഞ്ഞു കൊണ്ടു തന്നെ വീട്ടുകാര്‍ സഹായിക്കുന്നുണ്ട്. പക്ഷേ ഒരമ്മ എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ഞാന്‍ ചെയ്തേ പറ്റൂ. അത് ചെയ്യുന്നുമുണ്ട്.


ചോദ്യം: വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് താങ്കള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നറിയാം, പഞ്ചായത്തിലെ സാക്ഷരതാ നിലവാരം, കൊഴിഞ്ഞ് പോക്ക് എന്നിവ എങ്ങിനെയാണ്? നിലവിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെ? താങ്കള്‍ ഏതു വരെ പഠിച്ചിട്ടുണ്ട്?

പ്രസിഡണ്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും , സൗകര്യങ്ങളുടെ കാര്യത്തിലും പഞ്ചായത്ത് മുമ്പില്‍ തന്നെയാണ്. കൊഴിഞ്ഞു പോക്ക് വളരെക്കുറവ് തന്നെയാണ്. ഇവിടെ പതിനഞ്ചോളം ദളിത് കോളനികളുണ്ട്. അവിടുങ്ങളിലുളള കുട്ടികള്‍ ഇടയ്ക്ക് സ്ക്കൂളില്‍ പോകുന്നതില്‍ വീഴ്ച വരുത്താറുണ്ട്. അത്തരം കുട്ടികളെ കണ്ടെത്തി വീണ്ടും സ്ക്കൂളിലെത്തിക്കാന്‍ കഴിയുന്നുണ്ട്. പഞ്ചായത്ത് പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളും, ഹൈസ്ക്കൂളും , ആവശ്യത്തിന് പ്രൈമറി സ്ക്കൂളുകളുമുണ്ട്. കുട്ടികള്‍ക്ക് നടന്നെത്താന്‍ കഴിയുന്ന ദൂരത്തിലാണ് മിക്ക സ്ക്കൂളുകളും സ്ഥിതി ചെയ്യുന്നത്. ഒരു ബഡ്സ് സ്ക്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

എടുത്തു പറയേണ്ട രണ്ട് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പൊവ്വലില്‍ പ്രവര്‍ത്തിച്ചുവരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി എഞ്ചിനീയറിംഗ് കോളേജും. കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന അക്കര ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിവരുന്ന ഭിന്നശേഷി ട്രീറ്റ്മെന്‍റ് ആന്‍റ് റസിഡന്‍ഷ്യല്‍ സെന്‍ററും മൂളിയാര്‍ പഞ്ചായത്തിന് പേര് നേടി കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ്. ഞാന്‍ കേവലം പ്ലസ്ടു കാരി മാത്രമാണ്. പക്ഷേ അനൗപചാരിക രീതിയില്‍ ഒരു പാട് കാര്യങ്ങള്‍ അനുഭവങ്ങളിലൂടെ പഠിക്കാന്‍ കഴിഞ്ഞതു കൊണ്ട് പുതിയ സാഹചര്യങ്ങളുമായി ഒത്തു പോവാന്‍ സാധിക്കുന്നുണ്ട്.


ചോദ്യം: പഞ്ചായത്ത് ഭരണം ലഭ്യമായത് നറുക്കെടുപ്പിലൂടെയാണല്ലോ? രണ്ടു കക്ഷികള്‍ക്കും തുല്യ സീറ്റ് ലഭിച്ചതുകൊണ്ടാണങ്ങിനെ സംഭവിച്ചത്. ഇപ്പോഴത്തെ കക്ഷി നില എങ്ങിനെ? നറുക്കെടുപ്പിലൂടെ അധികാരം ലഭ്യമായത് കൊണ്ട് വല്ല പ്രയാസവും അനുഭവപ്പെടുന്നുണ്ടോ?

പ്രസിഡണ്ട്: പഞ്ചായത്തില്‍ മൊത്തം പതിനഞ്ച് വാര്‍ഡാണുളളത്. ഇക്കഴിഞ്ഞ ഇലക്ഷനില്‍ എല്‍ ഡി എഫിന് ഏഴ് സീറ്റും, യുഡിഎഫിന് ഏഴ് സീറ്റും, ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നറുക്കെടുപ്പ് നടത്തുകയാണ് പതിവ്. നറുക്കെടുപ്പില്‍ എല്‍ ഡി എഫിനാണ് ഭരണം ലഭ്യമായത്. അതു കൊണ്ടാണ് എനിക്ക് പ്രസിഡണ്ട് പദവി ലഭിച്ചതും. സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം മറുപക്ഷത്തിന് കിട്ടും. കോണ്‍ഗ്രസ് പ്രതിനിധിയായ ജനാര്‍ദ്ദനനാണ് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭ്യമായത്. വളരെ ഐക്യത്തോടെ ഭരണ നിര്‍വ്വഹണം നടത്തികൊണ്ടു പോവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.


ചോദ്യം: പഞ്ചായത്തിന്‍റെ രണ്ട് ടേമിലും പ്രവര്‍ത്തിച്ചപ്പോള്‍ ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളെന്താണ്. അതെങ്ങിനെ പരിഹരിക്കണമെന്നൊക്കെ കൃത്യമായി മിനി മനസ്സിലാക്കിയിട്ടുണ്ടാവും. പുതിയ ആശങ്ങളും മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാവും അത്തരം കാര്യങ്ങളെക്കുറിച്ച് പറയാമോ?

പ്രസിഡണ്ട്: ചെറിയ ചെറിയ ആവശ്യങ്ങളുമായി പഞ്ചായത്തില്‍ വരുന്ന വ്യക്തികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ അവരുടെ ആവശ്യം നിറവേറ്റി കൊടുക്കണം. റേഷന്‍ കാര്‍ഡ് പ്രശ്നം, വീടിന് നമ്പറിടല്‍
ആവശ്യം തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി നിരവധി തവണ പഞ്ചായത്താഫീസ് കയറി ഇറങ്ങേണ്ട അവസ്ഥ ഇല്ലാതാക്കണം. പഞ്ചായത്തിനെ ശിശു സൗഹൃദ പഞ്ചായത്താക്കണം. ശുചിത്വ പരിപാലനത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. അതിനുളള പദ്ധതി ആസൂത്രണം ചെയ്യണം. സ്ത്രീ ശാക്തീകരണത്തിനുളള വ്യത്യസ്ത കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യണം, അതിനുളള ആദ്യ പടി എന്ന നിലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി ശിങ്കാരി മേളം ട്രൂപ്പിന് രൂപം നല്‍കിക്കഴിഞ്ഞു. ലഹരിക്കടിമപെടുന്ന യുവാക്കളെ അതില്‍ നിന്ന് മോചിപ്പിക്കാനുളള ശ്രമം ആരംഭിക്കണം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മാനസീക ശക്തി പകരാനുതകുന്ന കൗണ്‍സിലിംഗും, സ്വയം തൊഴില്‍ പരിശീലനവും നല്‍കണം ഇതൊക്കെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.


ചോദ്യം: ഗ്രാമ പഞ്ചായത്തിന്‍റെ അധിപ എന്ന നിലയില്‍ യുവതി-യുവാക്കളോട് എന്താണ് പറയാനുളളത്?

പ്രസിഡണ്ട്: രാഷ്ട്രീയ ബോധം ഉളളവരാകണം. അവരവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷിയില്‍ അംഗത്വമെടുക്കണം. അവരവരുടെ ആദര്‍ശങ്ങള്‍ സ്വയം നടപ്പിലാക്കണം. ആദ്യ ഘട്ടമെന്ന നിലയില്‍ വിദ്യാര്‍ത്ഥി സംഘടനകളിലും യുവജന സംഘടനകളിലും അംഗമാവുക തെറ്റായ വഴിക്കു പോവുന്ന യുവതയെ പിടിച്ചു നിര്‍ത്താന്‍ ബന്ധപ്പെട്ട കക്ഷികളുടെ തലമുതിര്‍ന്നവര്‍ തയ്യാറാകണം. ഓരോരുത്തരും പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പോലും വരുമാനം ഉണ്ടാക്കുന്ന ചെറിയ തൊഴില്‍കണ്ടെത്തി ചെയ്യണം. ഉത്തരവാദിത്വം കൂടാന്‍ ഇത് ഇടയാക്കും. നാട്ടില്‍ നടക്കുന്ന എല്ലാ സല്‍ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കാകണം. പഞ്ചായത്തിലെ മുഴുവന്‍ യുവാക്കളെയും വിവിധ കര്‍മ്മ മേഖലകളുമായി ബന്ധപ്പെടുത്താനുളള വിപുലമായ പദ്ധതിയും ആവിഷ്ക്കരിക്കാന്‍ പദ്ധതിയുണ്ട്.

മൂളിയാര്‍ പഞ്ചയാത്തിനെ ഒരു മാതൃകാ ഗ്രാമ പഞ്ചായത്താക്കാന്‍ പി വി മിനിയുടെ കര്‍മ്മ കുശലതയ്ക്കും , ആത്മവിശ്വാസത്തിനും സാധിക്കുമെന്ന് ഉറപ്പുണ്ട്. വരുന്ന അഞ്ചു വര്‍ഷക്കാലം മുളിയാറിന്‍റെ ഉയര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.



Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Muliyar, Muliyar's PV Mini with an open mind; 'You were not taught at home that you were a girl'.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL