Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ക്കൊപ്പം അഡ്വ. ശമീറ ഫൈസൽ

Adv. Sameera Faisal with people#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ - 4

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 08.06.2021) നിയമ ബിരുദ ധാരിണിയായ അഡ്വ. ശമീറയ്ക്ക് മൊഗ്രാൽ പുത്തൂർ പഞ്ചായത്തില്‍ വരുത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീര്‍ഘമായ കാഴ്ചപ്പാടുണ്ട്. 2015-20 ല്‍ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡണ്ടായിരുന്നു എന്നതിനാല്‍ ജനങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ ശരിക്കും ഉള്‍ക്കൊളളാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനാഭിലാഷത്തിനനുസരിച്ച് കര്‍മ്മ പദ്ധതികള്‍ ജന സഹകരണത്തോടെ വികസനോത്മുഖ പ്രവര്‍ത്തനങ്ങള്‍ പടിപടിയായി സംഘടിപ്പിക്കണമെന്നാണ് അഡ്വ. ശമീറ കരുതുന്നത്. ജനങ്ങളുടെ പൂര്‍ണ്ണസഹകരണം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പഞ്ചായത്തില്‍ വിജയ പ്രദമാക്കാന്‍ സാധിക്കും. കക്ഷി-രാഷ്ട്രീയത്തിന്നതീതമായി വികസന പ്രവര്‍ത്തനത്തെ കാണാന്‍ പഞ്ചായത്തിന്‍റെ മുഴുവന്‍ ജനവിഭാഗത്തെയും അണിനിരത്താന്‍ സാധിക്കുമെന്ന് അഡ്വ. ശമീറ വിശ്വസിക്കുകയാണ്.

Adv. Sameera Faisal with people

ജനങ്ങളുടെ കുടിവെളള പ്രശ്നത്തിനാണ് മുന്തിയ പരിഗണന കൊടുക്കുന്നത്. തീരദേശ പഞ്ചായത്തായതിനാല്‍ കുടിവെളള പ്രശ്നമുണ്ട്. ഈ പ്രദേശത്ത് കൂടി ഒഴുകുന്ന നദികള്‍ വൃത്തിയാക്കണം. പുഴയിലും പുഴയരികിലും മാലിന്യ നിക്ഷേപം നടത്തുന്നത് തടയണം. അതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ശുചിത്വശീലം സാംശീകരിക്കേണ്ടതിനെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കണം. നദികളുടെ ആഴം കൂട്ടി ജല സംഭരണത്തിനുളള നീക്കം ആരംഭിക്കണം. നദികളുടെ കരയിലും ആളുകള്‍ ശ്രദ്ധിക്കുന്നിടത്തും ശുചീകരണ പ്രവര്‍ത്തനത്തിന് സഹായകമായ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത്തരം ബൃഹത്തായ പദ്ധതികള്‍ അടുത്തുതന്നെ രൂപം കൊടുക്കണമെന്ന് അഡ്വ. ഷമീറ പറയുന്നു.

ടൂറിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുളള പദ്ധതികള്‍ക്ക് രൂപം നല്‍കാനും പരിപാടിയുണ്ട്. അതിന്‍റെ ഒരു പ്രൊപ്പോസല്‍ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. തീരദേശ റോഡു വികസനം. പുഴക്കരയില്‍ വിശ്രമിക്കുന്നതിന് ഉതകുംവിധം സിമന്‍റ് സീറ്റ് നിര്‍മ്മാണം. പ്രസ്തുത പ്രദേശം ആകര്‍ഷമാക്കാനുളള ലൈറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടായാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രസിഡണ്ട് കണക്കുകൂട്ടുന്നു.

അതിന് മുഴുവന്‍ നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണവും സന്നദ്ധതയും ഉണ്ടായാല്‍ പദ്ധതി വന്‍ വിജയമാക്കാന്‍ പറ്റും. അതിനുളള ആസൂത്രണവും ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തിന്‍റെ വിവിധഭാഗങ്ങളില്‍ തരിശായി കിടക്കുന്ന ഭൂപ്രദേശങ്ങളുണ്ട്. അതൊക്കെ കൃഷിഭൂമിയാക്കി മാറ്റണം. പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കണം, യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് കൊണ്ടുവരാനുളള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും, അവരെ പ്രോല്‍സാഹിപ്പിക്കാനുമുളള കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യണം. കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയായി മാറുന്ന ഉപ്പുവെളളം കയറല്‍ തടയണ നിര്‍മിച്ച് തടഞ്ഞു നിര്‍ത്താനും പദ്ധതി ആവിഷ്ക്കരിക്കണം. ഇതൊക്കെ ഈ ഭരണ സമിതിക്ക് ചെയ്തു തീര്‍ക്കാന്‍ പറ്റുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ട്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടമാനം വലിച്ചെറിയുന്ന സ്വഭാവം പൊതുവേ സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. റോഡിലേക്ക് അവ വലിച്ചെറിയുക പുഴകളുലും തോടുകളിലും പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുക തുടങ്ങിയ സ്വഭാവങ്ങളില്‍ നിന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ശമീറ പറയുന്നു. ജൈവമാലിന്യ സംസ്ക്കരണത്തിനുളള പ്ലാന്‍റ് നിര്‍മ്മിക്കാനുളള ശ്രമവും ആരംഭിക്കും.

ഇങ്ങിനെ ഒരു പാട് മോഹങ്ങളും ആഗ്രഹങ്ങളുമായാണ് കഴിഞ്ഞ തവണത്തെ വൈസ് പ്രസിഡണ്ട്, ഇത്തവണ പ്രസിഡണ്ട് പദവിയില്‍ എത്തിയപ്പോള്‍ മുന്നോട്ട് പോവുന്നത്.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം മുന്‍ ഭരണസമിതികളും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ നിന്നുളള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ കഴിയുമെന്ന് തന്നെയാണ് അഡ്വ. ശമീറ ഉറച്ചു വിശ്വസിക്കുന്നത്. ഒരു വനിതാ നേതാവെന്ന നിലയില്‍ ഇക്കാലത്തെ സ്ത്രീകളെകുറിച്ചുളള വിലയിരുത്തല്‍ എന്താണ് എന്ന ചോദ്യത്തിന് കൃത്യമായ നിലപാടുണ്ട് അഡ്വക്കേറ്റിന്. പ്രതികരണ ശേഷിയുളളവരാണ് ഇന്നത്തെ സ്ത്രീകൾ. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ തന്‍റേടം കാണിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ പക്വതയുളളവരായി മാറി. പക്വതയെന്നത് സ്ത്രീകള്‍ക്ക് ഒന്നുമല്ലാതാക്കലുകളോട് മിണ്ടാതിരിക്കാനുളള അലങ്കാരമായി ഇന്നത്തെ സ്ത്രീസമൂഹം കാണുന്നില്ല. നേരെ മറിച്ച് പക്വതയെന്നാല്‍ ആവശ്യങ്ങളും അവകാശങ്ങളും തിരിച്ചറിഞ്ഞ് ചോദിച്ച് വാങ്ങാനുളള തന്‍റേടമാണ് എന്ന് സ്ത്രീകള്‍ പഠിച്ചു കഴിഞ്ഞു.

സ്ത്രീകള്‍ സ്ത്രീകളെ അറിഞ്ഞു കൊണ്ട് ജീവിക്കണം. ആശ്രയത്വം അവസാനിപ്പിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനുളള ത്രാണി നേടണം. അനീതിക്കും, അസമത്വത്തിനും എതിരെ പോരാടാനുളള ഉറച്ച വിശ്വാസവും മനസ്സും ഉണ്ടാക്കിയെടുത്താല്‍ പുരുഷാധിപത്യം മാത്രമാണ് എല്ലാം എന്ന് പറഞ്ഞ് വിലപിക്കാതെ മുന്നേറാന്‍ സ്ത്രീസമൂഹത്തിനാവും.

ഇത്രയൊക്കെയായിട്ടും മുസ്ലീം സ്ത്രീകള്‍ സംവരണാനുകൂല്യം മാത്രം കൈമുതലാക്കിയാണ് പുറത്തിറങ്ങുന്നത്. അതും സ്ഥിരമായി ഒരേ വ്യക്തിയെയാണ് എല്ലാ മേഖലയിലും ദൃശ്യമാവുന്നത്. മാറ്റണം ഈ അവസ്ഥയെ. വിദ്യാഭ്യാസത്തിലൂടെ ഉന്നത സ്ത്രീ നേടിയെടുത്തിട്ടും സമൂഹത്തിലെ ഇടപെടലിന് അവര്‍ വിമുഖത കാണിക്കുന്നു. ഇതിന് കാരണക്കാര്‍ പുരുഷന്മാരാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ പറ്റില്ല. കുടുംബശ്രീ പോലുളള സ്ത്രീകള്‍ക്കായി മാത്രം നടത്തപ്പെടുന്ന നിരവധി പദ്ധതികളില്‍ ഇടപെടാന്‍ മുസ്ലീം സ്ത്രീകള്‍ മുന്നോട്ട് വരാന്‍ വിമുഖത കാണിക്കുന്നതില്‍ നിന്ന് അവര്‍ മോചനം നേടണം. എങ്കിലേ സമൂഹത്തിന്‍റെ മിഡിപ്പുകള്‍ മനസ്സിലാക്കി, തങ്ങളുടെ കുടുംബാന്തരീക്ഷത്തില്‍ അവ ഉപയോഗപ്പെടുത്താന്‍ സാധിക്കൂ. ഇതൊക്കെ പറഞ്ഞാലും സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കാനിറങ്ങുന്ന സ്ത്രീകള്‍ ഡബിൾ റോളില്‍ അഭിനയിക്കേണ്ടി വരുന്നു.

ഭക്ഷണം പാചകം ചെയ്യല്‍ സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന ധാരണയില്‍ നിന്ന് സമൂഹം മാറിയിട്ടില്ല. പുതിയ സാഹചര്യത്തില്‍ അടുക്കളയില്‍ അല്ലറ-ചില്ലറ സഹായങ്ങള്‍ ചെയ്യാന്‍ പുരുഷന്മാര്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ അമ്മമാര്‍ തന്നെ ശ്രദ്ധ ചെലുത്തണം. മക്കളെ തീറ്റിക്കുന്നതിലും, ശുചീകരിക്കുന്നതിലും അമ്മമാര്‍ തന്നെ വേണം. പുരുഷനായ അച്ഛന് അത്രത്തോളം താഴ്മ കാണിക്കാന്‍ ആവില്ലായെന്നാണ് അനുഭവത്തിലൂടെ തനിക്ക് ബോധ്യമായതെന്ന് അഡ്വ. ശമീറ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് പഞ്ചായത്ത് മുന്നേറ്റത്തിലാണ്. കേന്ദ്രീയ വിദ്യാലയം, ടെക്കിനിക്കല്‍ ഹൈസ്ക്കൂള്‍, ഗവ. ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ എന്നിവ ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളാണ്.

കൊഴിഞ്ഞു പോക്കില്ലാത്ത മുഴുവന്‍ കുട്ടികളും സ്ക്കൂളിലെത്തുന്ന പഞ്ചായത്താണിത്. അണ്‍ എയ്ഡഡ് സ്ക്കൂളുകളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നത് പൊതു വിദ്യാലങ്ങളാണെന്ന് സര്‍ക്കാര്‍ സ്ക്കൂള്‍ വിദ്യാഭ്യാസം നേടിയ പ്രസിഡണ്ട് അഭിപ്രായപ്പെടുന്നു. മൊഗ്രാല്‍ പുത്തൂരിലെ പതിനഞ്ച് വാര്‍ഡില്‍ ഇലക്ഷന്‍ നടന്നപ്പോള്‍ യു ഡി എഫിന് ഏഴ് സീറ്റും, എല്‍ ഡി എഫിന് മൂന്നു സീറ്റും, ബി ജെ പിക്ക് അഞ്ചു സീറ്റുമാണ് ലഭിച്ചത്. ലീഗ് പ്രതിനിധിയായിട്ടാണ് ശമീറ പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ എത്തിയത്. വനിതാ ലീഗിന്‍റെ പഞ്ചായത്ത് തല പ്രസിഡണ്ടാണ് ശമീറ. ആദ്യ കാലം മുതലേ മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയാണിവര്‍. നാല്‍പത്തിയഞ്ചുകാരിയായ അഡ്വ. ശമീറയുടെ ഭര്‍ത്താവ് കാസര്‍കോട് ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. പി എ ഫൈസല്‍ ആണ്. അദ്ദേഹം 2005-2008 ല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അതേ പോലെ അഡ്വ.ഫൈസലിന്‍റെ മാതാവ് ജമീല ഹമീദ് 1995-2000 ത്തില്‍ ഈ പഞ്ചായത്തിന്‍റെ പ്രസിഡണ്ട് പദവിയില്‍ ഇരുന്ന വ്യക്തിയാണ്. ചുരുക്കത്തില്‍ അഡ്വ. ശമീറ എത്തിപ്പെട്ട കുടുംബത്തിന് പഞ്ചായത്ത് ഭരണത്തില്‍ നല്ലൊരു പാരമ്പര്യമുണ്ട്.

കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന മൂന്നു മക്കളാണിവര്‍ക്കുളളത്. പ്ലസ് വണ്‍ ല്‍ പഠിക്കുന്ന അബ്ദുള്‍ഖാദര്‍, എട്ടാം ക്ലാസുകാരി ആഇശ റണ, അഞ്ചാം ക്ലാസുകാരന്‍ അബ്ദുൽ റയാന്‍ എന്നിവരാണവര്‍.

പഞ്ചായത്തിന്‍റെ ഭൂമി ശാസ്ത്രവും, ജനമനസ്സുകളെ തൊട്ടറിഞ്ഞ അനുഭവവും കൈമുതലാക്കി പ്രദേശത്തിന്‍റെ വികസനം ത്വരിതഗതിയിലാക്കാന്‍, അഡ്വ. ശമീറയുടെ ഈര്‍ജ്ജസ്വലതയ്ക്കും കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ വിജയാശംസകളും നേരാം.



Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Mogral Puthur, Adv. Sameera Faisal with people.


Post a Comment