Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെമ്മനാടിന്റെ കുതിപ്പിന് മനസിലൊത്തിരി ആഗ്രഹങ്ങളുമായി നേതൃപാടവം കൈമുതലാക്കി സുഫൈജ അബൂബക്കർ

Sufaija Aboobacker took over the leadership with heartfelt wishes for the leap of Chemmanad#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ - 2 

കൂക്കാനം റഹ്മാന്‍

(www.kasargodvartha.com 31.05.2021) ഭരണ കാര്യങ്ങളില്‍ തികഞ്ഞ നിപുണതയുളള വ്യക്തിത്വത്തിന്‍റെ ഉടമയാണ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ. കൃത്യതയും വ്യക്തതയുമുളള അവരുടെ സംഭാഷണ ചാതുരി മാതൃകാപരമാണ്. സാമൂഹ്യ ഇടപെടലിനെ കുറിച്ചും, വിദ്യാഭ്യാസ രംഗത്തെ മാറ്റത്തെക്കുറിച്ചും , വസ്ത്രധാരണ രീതിയെക്കുറിച്ചും സ്ത്രീകള്‍ എങ്ങിനെയായിരിക്കണമെന്ന കഴ്ചപ്പാടും സുഫൈജയ്ക്കുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട്മാരെ ആദരിക്കുന്ന ഒരു ചടങ്ങില്‍ എത്തിയപ്പോഴാണ് സുഫൈജയെ നേരിട്ട് പരിചയപ്പെടുന്നത്. അന്ന് അവര്‍ നടത്തിയ മറുപടി പ്രസംഗം ശ്രദ്ധിച്ചപ്പോള്‍ അവരെക്കുറിച്ച് കൂടുതലറിയാന്‍ തോന്നി. അടുത്ത ദിവസം ഫോണില്‍ ബന്ധപ്പെട്ടു. അപ്പോള്‍ അവരെക്കുറിച്ചും, അവരുടെ കാഴ്ചപ്പാടിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിച്ചു.


മാഷേ ജനങ്ങള്‍ ഇപ്പോള്‍ മുഖത്തുനോക്കി സംസാരിക്കുന്ന ശീലം കൈവരിച്ചു കഴിഞ്ഞു. ആമുഖമായി പറഞ്ഞ ഈയൊരു പ്രസ്താവനയുടെ ആന്താരാര്‍ത്ഥം മനസ്സിലാക്കാന്‍ ആദ്യം സാധിച്ചില്ല. സുഫൈജ വിശദമാക്കാന്‍ തുടങ്ങി. ഇപ്പോള്‍ മാസ്ക്ക് ധരിക്കുന്നതിനാല്‍ കണ്ണ് മാത്രമേ പുറത്തുകാണുന്നുളളൂ. മനുഷ്യര്‍ പരസ്പരം സംസാരിക്കുമ്പോള്‍ മെസ്സേജ് കൃത്യമായി പാസ്സ് ചെയ്യണമെങ്കില്‍ കണ്ണ് നോക്കിയേ പറ്റൂ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ മുഖത്തുനോക്കി സംസാരിക്കാനുളള ശീലം ജനങ്ങള്‍ക്ക് ഉണ്ടായിത്തുടങ്ങിയെന്ന്. ഇത് ഒരു മാറ്റമായാണ് സുഫൈജ വിലയിരുത്തുന്നത്.

കോവിഡിന് മുമ്പ് മുഖം മറച്ചു നടക്കുന്ന സ്ത്രീകളോട് സമൂഹത്തിന് പൊതുവേ അവജ്ഞയായിരുന്നു. കോവിഡ് രോഗം ആ ധാരണ മാറ്റിമറിച്ചില്ലേ. പര്‍ദ്ദ ധരിക്കുന്നതല്ലേ കൂടുതല്‍ സുരക്ഷിതത്വം. മുന്‍കയ്യും മുഖവും പുറത്തുകാണാമെന്ന് മതം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അതും കൂടി മൂടിയല്ലേ ഇപ്പോള്‍ സ്ത്രീകള്‍ നടക്കുന്നത്. കയ്യില്‍ ഗ്ലൗസിടുന്നു, മുഖം മാസ്ക്ക് കൊണ്ട് മറക്കുന്നു. ശരീരം പ്രദര്‍ശിപ്പിക്കാത്ത രീതിയിലുളള പര്‍ദ്ദഅണിയുന്നു. ഇങ്ങിനെയാണ് രോഗാണു ബാധ തടയാനുളള സുരക്ഷിതത്വവും, കാമക്കണ്ണുമായി നടക്കുന്ന ചില പുരുഷന്മാരുടെ നോട്ടത്തില്‍ നിന്നു രക്ഷനേടാനുളള വഴിയെന്നും സുഫൈജ മനസ്സിലാക്കുന്നു.

ബി എസ് സി, ബിഎഡ് കാരിയായ സുഫൈജയ്ക്ക് പെണ്‍കുട്ടികളുടെ പഠനകാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പഠനത്തില്‍ മുന്നോക്കമാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ആണ്‍കുട്ടികളെ വിവാഹ കമ്പോളത്തില്‍ ലഭ്യമല്ലാത്തതും പ്രശ്നമാവുന്നുണ്ട്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതില്‍ ചെറുപ്പക്കാര്‍ക്ക് ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ് ഒന്നുമില്ല.

സുഫൈജ സ്വന്തം അനുഭവം തുറന്നു പറയുന്നതിങ്ങിനെയാണ്. ഭര്‍ത്താവ് അബൂബക്കര്‍ എസ് എസ് എല്‍ സി വരെ വിദ്യാഭ്യാസ യോഗ്യതയുളള വ്യക്തിയാണ്. രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസിലെത്തിയപ്പോഴാണ് ഞങ്ങള്‍ തമ്മിലുളള വിവാഹം നടന്നത്. പക്ഷേ അദ്ദേഹം എന്നെ തുടര്‍ന്നു പഠിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഡിഗ്രിയും ബിഎഡും കഴിഞ്ഞത് വിവാഹ ശേഷമാണ്. അതിന് ഭര്‍ത്താവിന്‍റെ പ്രോത്സാഹനവും സഹായവും പൂര്‍ണ്ണതോതില്‍ ലഭ്യമായത് സുഫൈജ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. പഠനം പൂര്‍ത്തിയാക്കി വെറുതേയിരുന്നില്ല. സ്ക്കൂളില്‍ അഞ്ചുവര്‍ഷത്തോളം അധ്യാപികയായി ജോലി ചെയ്തു.

പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റത്തെക്കുറിച്ചും സുഫൈജ വാചാലമായി. പത്താം ക്ലാസുവരെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് പഠിച്ചത്. ആ കാലഘട്ടത്തില്‍ പൊതു വേദിയിലൊന്നും സംസാരിക്കാനോ ഇടപെടാനോ സാധിച്ചിരുന്നില്ല. അതിനു ശേഷം പ്രിഡിഗ്രി പഠനം സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു. അക്കാലത്ത് സമൂഹത്തിലെ എല്ലാ തട്ടിലും പെട്ട വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ കഴിഞ്ഞു. സഹപഠിതാക്കളുടെ വ്യത്യസ്തമായ കഴിവുകള്‍ നേരിട്ടറിയുവാന്‍ കഴിഞ്ഞു. അപ്പോഴാണ് എനിക്കും ഇതൊക്കെ സാധ്യമാവും എന്ന ബോധം ഉണ്ടായത്. സ്ക്കൂളില്‍ നടക്കുന്ന പൊതു പരിപാടികളിലൊക്കെ സജീവമായി ഇടപഴകാന്‍ തുടങ്ങിയത് അപ്പോഴാണ്. തീര്‍ച്ചയായും കുട്ടികളുടെ ജന്മവാസനകളെ തട്ടിയുണര്‍ത്താന്‍ പൊതു വിദ്യാലയങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യമാവുക എന്നത് അനുഭവത്തിലൂടെ ഞാന്‍ പഠിച്ച കാര്യമാണ്.

പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മാത്രം പോര. ഒരു തൊഴിലും കണ്ടെത്തണം. എങ്കിലേ സ്വന്തം കാലില്‍ നില്‍ക്കാനുളള ത്രാണി ഉണ്ടാവൂ. സാമ്പത്തിക ശേഷിയുളള കുടുംബത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ ജോലി ലഭ്യമായിട്ടും വേണ്ടാ എന്ന് വെക്കുന്നുണ്ട്. അത് അഭികാമ്യമായ ഒരു സമീപനമല്ലയെന്നാണ് സുഫൈജ പറയുന്നത്. ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ് സുഫൈജ .ഈ അടുത്ത കാലത്താണ് അലിഗര്‍ യൂണിവേഴ്സ്റ്റിയില്‍ നിന്ന് ഗൈഡന്‍സ് ആന്‍റ് കൗണ്‍സിലിംഗ് ഡിപ്ലോമ എടുത്തത്.

മതചിട്ടകളും ഡ്രസ് കോഡും പൂർണമായി പാലിച്ചുകൊണ്ട് സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് സുഫൈജ ഇതിനകം തെളിയിച്ചു കഴിഞ്ഞു. അന്തപുരത്തില്‍ ഒതുങ്ങിക്കഴിയാതെ, അടുക്കള ഭരണവും, മക്കളെ വളര്‍ത്തലും മാത്രമായി കഴിയാതെ സ്ത്രീകള്‍ക്ക് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപഴകാന്‍ കഴിയും. ഇതിന് പ്രധാനമായും വേണ്ടത് കുടുംബാംഗങ്ങളുടെ പിന്തുണയാണ്. ഭര്‍ത്താക്കന്‍മാരെ പറഞ്ഞ് ബോധ്യപ്പെടുത്താനുളള ത്രാണി സ്വയം കൈവരിക്കണം. സമൂഹത്തിന്‍റെ അംഗീകാരം നേടാനും , പൊതു ഇടങ്ങളില്‍ നമ്മുടെ കഴിവ് പ്രകടിപ്പിക്കാനും സാധ്യമാവണമെങ്കില്‍ ആദ്യത്തെ സപ്പോര്‍ട്ട് നേടേണ്ടത് കുടുംബത്തില്‍ നിന്നാണ്. ആ ആത്മധൈര്യമുണ്ടെങ്കില്‍ ഒന്നും ഭയപ്പെടാതെ മുന്നേറാന്‍ സ്ത്രീകള്‍ക്കാവും.

സുഫൈജ സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവു കൊണ്ടുതന്നെയാവണം മൂന്നാം തവണയും ത്രിതല പഞ്ചായത്തിലെ ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ തവണ ചെമ്മനാട് പഞ്ചായത്ത് മെമ്പറായി. അന്ന് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കഴിഞ്ഞ ടേമില്‍ ചെങ്കള ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും നാട്ടുകാര്‍ വിട്ടില്ല. ഈ വര്‍ഷം ചെമ്മനാട് പഞ്ചായത്തിനെ നയിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു. അഭിപ്രായ ഭിന്നതയില്ലാതെ എന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിച്ചു എന്നുളളതിന് തെളിവാണിത്.

മുസ്ലീം ലീഗിന്‍റെ ഉറച്ച മെമ്പറാണ് സുഫൈജ. ഇപ്പോള്‍ ചെമ്മനാട് പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി കൂടിയാണ്. പാര്‍ട്ടി നേതൃത്വത്തിന്‍റെ പൂര്‍ണ്ണ പിന്തുണയും സുഫൈജയ്ക്കു ലഭ്യമാവുന്നുണ്ട്. പലപ്പോഴും വനിതാ പ്രസിഡണ്ടുമാര്‍ ഭരണ സാരഥികളായിട്ടുളള പഞ്ചായത്തുകളില്‍ ആണ്‍ മേല്‍ക്കോയ്മ മൂലം വനിതകള്‍ പ്രയാസപ്പെടുന്നുണ്ട് എന്ന് കേള്‍ക്കാറുണ്ട്. അത്തരം ഒരു സമീപനവും പുരുഷന്മാരില്‍ നിന്ന് ഇതേ വരെ ഉണ്ടായിട്ടില്ലായെന്ന് സുഫൈജ ഉറപ്പിച്ചു പറയുന്നു.

ഈ ടേമില്‍ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കാനുളള പദ്ധതികള്‍ മനസ്സിലുണ്ടെന്ന് സുഫൈജ പറയുന്നു. ജോലിയില്ലാതെ നടക്കുന്ന യുവാക്കള്‍ നിരവധിയുണ്ട്. അവരുടെ യോഗ്യതയ്ക്കനുസരിച്ച് പരിശീലനം നല്‍കി ജോലി ലഭ്യമാക്കിക്കൊടുക്കണം. കായിക രംഗത്തും കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കണം. കാര്‍ഷിക മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും, കൃഷി പ്രോല്‍സാഹിപ്പിക്കാനുളള വഴികള്‍ കണ്ടെത്തണം. വയോജനങ്ങള്‍ക്കായി പകല്‍ വീടുകളില്‍ മാനസീകോല്ലാസത്തിനും ഏതെങ്കിലും കൈത്തൊഴില്‍ ചെയ്യാനുളള സൗകര്യമൊരുക്കണം. ഇതിനൊക്കെയായി സന്നദ്ധസംഘടനകളെ ഏകോപിപ്പിച്ച് ഗ്രാമവികസനത്തിനുളള കൂട്ടായ്മ ഉണ്ടാക്കണം. സ്ത്രീജനങ്ങളെ കുടുംബശ്രി പോലുളള ഒത്തുകൂടല്‍ സംരംഭങ്ങള്‍ ഉണ്ടാക്കി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുളള വഴികള്‍ ആരായണം. ശിശു സൗഹൃദ ഗ്രാമമായി പഞ്ചായത്തിനെ മാറ്റിയെടുക്കണം, ഇതൊക്കെയാണ് ഗ്രാമാധ്യക്ഷയായ സുഫൈജയുടെ മനസ്സിലുളള ആഗ്രഹങ്ങള്‍

പഞ്ചയാത്തിലെ 23 വാര്‍ഡുകളില്‍ നിന്നായി പതിനാല് യുഡിഎഫ് മെമ്പര്‍മാരെയും ആറ് എല്‍ഡിഎഫ് മെമ്പര്‍മാരെയുമാണ് തെരഞ്ഞെടുത്തത്. പഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പഞ്ചായത്താണിത്. ഭര്‍ത്താവായ അബൂബക്കര്‍ കണ്ടത്തിലും സജീവമായി പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. എസ് ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍റെ സംസ്ഥാന നേതാവാണ്. ചെറിയ തോതിലുളള കരാര്‍ ജോലിയുമായി മുന്നോട്ട് പോകുന്നു. മൂന്നു കുട്ടികളുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അഫ്ര, രണ്ടാം ക്ലാസുകാരി അര്‍വ, മൂന്നു വയസ്സുകാരന്‍ അമര്‍ എന്നിവരാണ് മക്കള്‍. 35 വയസ്സിലെത്തി നില്‍ക്കുന്ന സുഫൈജ തന്‍റെ സൂക്ഷ്മ നിരീക്ഷണവും, നേതൃപാടവവും, സ്നേഹമസൃണമായ സമൂഹ ഇടപെടലും കൈമുതലാക്കി ചെമ്മനാട് ഗ്രാമ പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കി മാറ്റുമെന്നതില്‍ സംശയമില്ല.


ALSO READ:

 
Keywords: Kookanam-Rahman, Panchayath-Member, Article, Chemnad, Panchayath, Woman, Kerala, Sufaija Aboobacker took over the leadership with heartfelt wishes for the leap of Chemanad.
< !- START disable copy paste -->


Post a Comment