city-gold-ad-for-blogger
Aster MIMS 10/10/2023

ജനപ്രതിനിധിയായി കാൽ നൂറ്റാണ്ടിലേക്ക്; ജനപ്രീതി നേടി സുന്ദരി ആര്‍ ഷെട്ടി

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ 17 

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 04.09.2021) മീഞ്ച പഞ്ചായത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. അവിടെ പഴയ കാലത്ത് കുളിക്കുന്നതിനും, നീന്തുന്നതിനും ഒരു ചിറ ഉണ്ടായിരുന്നു എന്നും, തുളു ഭാഷയില്‍ നീന്തുന്നതിന് 'ഈഞ്ച' എന്നു പറയാറുണ്ടെന്നും അത് പരിഷ്‌ക്കരിച്ചു വന്നതാണ് 'മീഞ്ച' എന്ന വാക്കെന്നും, പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍ ഷെട്ടി പറയുന്നു. ആവലാതികളും പരാതികളും ഒന്നുമില്ലാത്ത പഞ്ചായത്താണിതെന്നും, ജനങ്ങള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും പോകുന്ന പ്രദേശമാണിതെന്നും പ്രസിഡണ്ട് പറഞ്ഞു.

അങ്ങിനെ ഒരഭിപ്രായ രൂപീകരണത്തിന് അവരെ സാധ്യമാക്കിയത് ഈ ടേം കൂടി പൂര്‍ത്തിയായാല്‍ കാല്‍ നൂറ്റാണ്ടുകാലം മീഞ്ച പഞ്ചായത്തിലെ ഭരണസമിതിയില്‍ അംഗമായിരുന്നു സുന്ദരി ആര്‍ ഷെട്ടി എന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ പഞ്ചായത്തിലെ ഓരോ മുക്കും മൂലയും അവര്‍ക്ക് പരിചിതമാണ്. ജാതി-മത-വര്‍ഗ്ഗീയ ചിന്തകളില്ലാതെ ഏക മനസ്സോടെ ഒപ്പം നിന്ന് ജീവിക്കുന്നവരാണ് മീഞ്ച പഞ്ചായത്തിലെ ജനങ്ങളെന്നും പ്രസിഡണ്ട് പറയുന്നു.

ജനപ്രതിനിധിയായി കാൽ നൂറ്റാണ്ടിലേക്ക്; ജനപ്രീതി നേടി സുന്ദരി ആര്‍ ഷെട്ടി

സുന്ദരി ആര്‍ ഷെട്ടി മാഡത്തിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവരുടെ സംസാര രീതി എളിമയുളളതായി തോന്നി. കന്നടയും തുളുവും മലയാളവും എല്ലാം കൂടി കലര്‍ന്നരീതിയിലാണ് സംസാരം. ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ ഊര്‍ജസ്വലത ഭാഷണത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ദാര്‍ഷ്ട്യമില്ലാതെ ഇടപെടാന്‍ കഴിയുന്ന വ്യക്തിത്വമാണ് അവരുടേത്. സംസാര രീതി ആരും ഇഷ്ടപ്പെട്ടുപോവും അതു കൊണ്ടായിരിക്കില്ലേ ഒരേ വാര്‍ഡില്‍ നിന്ന് നാലാം തവണയും മല്‍സരിച്ചു ജയിച്ചത്. ആരോടും വെറുപ്പ് പ്രകടമാക്കാത്ത പ്രകൃതമാണെന്ന് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരുമ്പോള്‍ ബോധ്യപ്പെട്ടു.

സുന്ദരി ജനിച്ചു വളര്‍ന്നത് കര്‍ണാടകയിലാണ്. മംഗലാപുരത്തിനടുത്തുളള 'കൊണാജെ' എന്ന ഗ്രാമപ്രദേശത്താണ് ജനനം. വിവാഹശേഷമാണ് മഞ്ചേശ്വരത്തിനടുത്തുളള കടമ്പാര്‍ ഗ്രാമത്തിലെത്തിയത്. കേരളത്തെ സുന്ദരിക്ക് ഇഷ്ടമാണ്. സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്നവരാണ് കേരളീയര്‍. ഉന്നത രാഷ്ട്രീയ ബോധം ഉളളവരാണ് ഇവിടുത്തുകാർ. അതുകൊണ്ടു തന്നെയാണ് രാമണ്ണ ഷെട്ടി വിവാഹന്വേഷണവുമായി വന്നപ്പോള്‍, സന്തോഷപൂര്‍വ്വം അദ്ദേഹത്തോടൊപ്പം കേരളത്തില്‍ ജീവിക്കാനുളള ആഗ്രഹവുമായി ഇവിടെ എത്തിയത്.

ഭര്‍തൃ ഗൃഹത്തിലെത്തിയപ്പോഴാണറിഞ്ഞത് ഭര്‍ത്താവടക്കം കുടുംബത്തിലെ എല്ലാവരും കമ്മ്യൂണിസ്റ്റുകാരാണെന്ന്. കമ്മ്യൂണിസ്റ്റാശയത്തോട് ചെറുപ്പ കാലത്ത് തന്നെ സുന്ദരിക്ക് ആഭിമുഖ്യമുണ്ടായിരുന്നു. 'തേടിയ വളളി കാലില്‍ കുടുങ്ങി' എന്ന പഴഞ്ചൊല്ല് പോലെയായി ആ അനുഭവം. കടമ്പാര്‍ പ്രദേശത്തെ മിക്ക ആളുകളും സി പി ഐ ആഭിമുഖ്യമുളളവരാണ്. വിവാഹിതയായി എത്തിയ മുതലേ സുന്ദരിയും സി പി ഐക്കാരിയായി പ്രവര്‍ത്തിച്ചുവരികയാണ്.

62 കാരിയായ സുന്ദരിക്ക് മൂന്നു മക്കളാണുളളത്. മൂത്തമകള്‍ ജയശ്രീ വിവാഹിതയായി. രണ്ടാമത്തെ മകന്‍ രാജേഷ് ഷെട്ടി മുംബൈയിൽ ഹോട്ടല്‍ ബിസിനസ് നടത്തുന്നു. ഹോട്ടല്‍ മാനേജ്മെന്റില്‍ പി ജി എടുത്തയാളാണ് രാജേഷ് ഷെട്ടി. മൂന്നാമത്തെ മകന്‍ ഹരീഷ് കെ സി മജിബയല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയാണ്.

1995-2000 ല്‍ സുന്ദരി മീഞ്ച പഞ്ചായത്തില്‍ പ്രസിഡണ്ട് പദവിയിലിരുന്നിട്ടുണ്ട്. അന്നും സിപിഐ യുടെ പ്രതിനിധിയായിട്ടാണ് മല്‍സരിച്ചു ജയിച്ചത്. വീണ്ടും 2000-2005ല്‍ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. 2005-2010 ല്‍ മല്‍സരത്തില്‍ നിന്ന് വിട്ടു നിന്നു. പക്ഷേ വീണ്ടും 2010-2015 ല്‍ പഞ്ചായത്തിലേക്ക് മല്‍സരിച്ചു വിജയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 2015-2020 ലും മെമ്പറായിരുന്നു. ഇപ്പോഴിതാ വീണ്ടും 2020-2025 ലേക്കുളള പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം വഹിക്കുകയാണ്. രണ്ട് തവണ മീഞ്ച പഞ്ചായത്തിന്റെ പ്രസിഡണ്ടും മൂന്നു തവണ ഗ്രാമപഞ്ചായത്തിന്റെ മെമ്പറുമായിരുന്നു. ഇത്രയധികം ജനപ്രീതി നേടിയെടുത്ത് ഗ്രാമപഞ്ചായത്തിനെ നയിച്ച വനിതാ നേതാവ് അപൂര്‍വ്വമായിരിക്കും.

വേറൊരു പ്രത്യേകത കൂടി സുന്ദരിക്കുണ്ട്. കടമ്പാര്‍ എന്ന പ്രദേശത്തു നിന്നാണ് അഞ്ച് തവണയും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. ഒരു പ്രദേശത്തിന്റെ മുഴുവനാളുകളുടേയും ഉളളം കവര്‍ന്ന വ്യക്തിത്വത്തിനേ ഇത്തരമൊരവസരം സംജാതമാവുകയുളളൂ. അതില്‍ നമുക്ക് സുന്ദരിക്ക് നല്ലൊരു കയ്യടി കൊടുക്കാം.

മീഞ്ച പഞ്ചായത്തില്‍ 12 വാര്‍ഡുകളാണുളളത്. 2020-25 ടേമില്‍ എല്‍ ഡി എഫിന് അഞ്ച് സീറ്റും, യു ഡി എഫിന് രണ്ടു സീറ്റും, ബി ജെ പിക്ക് നാല് സീറ്റും ഒരു സ്വതന്ത്രനുമാണ് ഉളളത്. എല്ലാ മെമ്പര്‍മാരും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. പഞ്ചായത്ത് ജീവനക്കാരുടെയും പൂര്‍ണ പിന്തുണയുണ്ട്. ഈ കാരണങ്ങള്‍ക്കൊണ്ട് പഞ്ചായത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളും, വികസന പ്രവര്‍ത്തന പദ്ധതികളും മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നില്ല.

പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചന്വേഷിച്ചപ്പോള്‍ പ്രസിഡണ്ട് ആത്മ സംതൃപ്തിയോടെയാണ് കാര്യങ്ങള്‍ പറഞ്ഞത്. വീടില്ലാത്തവര്‍ ഇല്ല. സര്‍ക്കാര്‍ വകയായും ലൈഫ് പദ്ധതിയിലും ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതി വഴി കുടിവെളള പ്രശ്നവും ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ മഡ് റോഡാണെങ്കിലും യാത്രാ ക്ലേശം പരിഹരിക്കാനും സാധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പ്രായപൂര്‍ത്തിയായവരൊക്കെ തൊഴിലുറപ്പു പദ്ധതി, ബീഡിതെറുപ്പ്, അപ്പാരല്‍ യൂണിറ്റുകള്‍, കൃഷിയിടങ്ങള്‍ എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്.

എണ്‍പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശമാണിത്. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലല്ലെങ്കിലും, ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവര്‍ വളരെ കുറവാണ്. കോളനികളില്‍ ജീവിച്ചു വരുന്നവരില്‍ അല്പം പിന്നോക്കാവസ്ഥ എല്ലാ കാര്യത്തിലുമുണ്ട്. ഒരു കൊറഗ കോളനിയും, ഒരു മറാഠി കോളനിയും അടക്കം ഏഴ് കോളനികളാണ് മീഞ്ച പഞ്ചായത്തിലുളളത്. ഹിന്ദു-കൃസ്ത്യന്‍-മുസ്ലിം മതവിഭാഗങ്ങള്‍ ഒരുമയോടെയാണ് ഇവിടെ ജീവിച്ചു വരുന്നത്. ജാതി-മത സംഘര്‍ഷങ്ങളോ, രാഷ്ട്രീയ തമ്മിലടികളോ ഒന്നും ഇല്ലാത്ത ശാന്തമായ ഒരു ഗ്രാമാന്തരീക്ഷമാണ് മീഞ്ചയില്‍ നിലവിലുളളതെന്നും സന്തോഷത്തോടെ സുന്ദരി അഭിപ്രായപ്പെട്ടു.

പാകതയും പക്വതയും ഉളള ഗ്രാമ തലവ എന്ന നിലയില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടും എന്തു നിര്‍ദ്ദേശമാണ് നല്‍കാനുളളത് എന്ന എന്റെ ചോദ്യത്തിനും ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വീക്ഷണത്തില്‍ നിന്നാണ് അവര്‍ മറുപടി പറഞ്ഞത്. സ്ത്രീകള്‍ ധൈര്യ ആര്‍ജിക്കണം, ഏത് പ്രതിസന്ധികളേയും മറികടക്കാനുളള മാനസീക കരുത്ത് നേടണം. തുല്യത വീട്ടകങ്ങളില്‍ വെച്ചു തന്നെ കുട്ടികളെ പഠിപ്പിക്കണം. മുതിര്‍ന്നവര്‍ അവര്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കണം. എല്ലാവരും ലഭ്യമായ വിദ്യാഭ്യാസ സൗകര്യം ഉപയോഗപ്പെടുത്തി അറിവ് നേടണം. ആത്മ ധൈര്യവും ഒളിച്ചോട്ടവും പ്രശ്ന പരിഹാരത്തിന് അനുയോജ്യമായ മാര്‍ഗ്ഗമല്ലെന്ന് പെണ്‍കുട്ടികളേയും സ്ത്രീകളേയും ബോധ്യപ്പെടുത്തണം.

പഞ്ചായത്തില്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ ആവശ്യമായ സ്ഥാപനങ്ങളുണ്ട്. കടമ്പാര്‍, മീഞ്ച, മൂസംബയല്‍, കളിയൂര്‍ എന്നിവിടങ്ങളില്‍ ഹൈസ്‌ക്കൂളുകളുണ്ട്. ഇതില്‍ മീഞ്ചയില്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണുളളത്. മൂന്ന് അപ്പര്‍ പ്രൈമറി സ്‌കൂളുകളും, രണ്ട് ലോവര്‍പ്രൈമറി സ്‌കൂളുകളും ഇവിടെയുണ്ട്. ഇവിടങ്ങളില്‍ എല്ലാം കന്നഡ മീഡിയമാണ്. എങ്കിലും മലയാളവും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

കര്‍ണാടകയില്‍ ജനിച്ച് മലയാള മണ്ണിൽ വന്ന് ജീവിക്കുകയും, ഒരു ഗ്രാമത്തെ മുഴുവന്‍ തന്റെ ഭരണ നിപുണത കൊണ്ട് കയ്യിലെടുക്കുകയും ചെയ്ത സുന്ദരി ഒരു അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയാണ്. കര്‍ണാടകയില്‍ നിന്ന് കേവലം അഞ്ചാം ക്ലാസ് വിദ്യാഭ്യാസം നേടിയ അവര്‍ തന്റെ സ്വതസിദ്ധമായ നേതൃപാടവം കൊണ്ടാണ് ഇത്രയും ജനപ്രീതി നേടിയെടുത്ത നേതാവായി മാറിയത്.

വരും തലമുറയ്ക്ക് എല്ലാ തലത്തിലും മാതൃക കാണിച്ചു കൊടുക്കാന്‍ അവര്‍ക്കാവും. പഞ്ചായത്തിലെ എല്ലാവരേയും സംതൃപ്തിയും, സമത്വവും, സന്തോഷവും നിറഞ്ഞ ജീവിതം നയിക്കുന്ന വ്യക്തികളാക്കി മാറ്റാന്‍ മീഞ്ച പഞ്ചായത്തിന് സാധ്യമാവും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിന് മീഞ്ചക്കാരുടെ നല്ല അമ്മയായ സുന്ദരി ആര്‍ ഷെട്ടിക്ക് സാധ്യമാവുക തന്നെ ചെയ്യും.















കൂടുതൽ കരുത്തോടെ തിളങ്ങാൻ മംഗൽപാടി; നയിച്ച് റിസാന 16

Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, To a quarter of a century as a people's representative; Sundari R Shetty has gained popularity.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL