കൂടുതൽ കരുത്തോടെ തിളങ്ങാൻ മംഗൽപാടി; നയിച്ച് റിസാന

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ- 16

കൂക്കാനം റഹ്‍മാൻ

(www.kasargodvartha.com 27.08.2021)
ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ മുസ്ലീം സ്ത്രീകള്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമായി മുന്നോട്ടു വരുന്നത് ആ സമൂഹത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് കാരണമായിത്തീരും. പഴയതില്‍ നിന്ന് മുസ്ലീം വനിതകള്‍ ഏറെ മുന്നോട്ട് എത്തിയിട്ടുണ്ട്. അവരുടെ മുന്നോട്ടുളള പോക്കിനെ തടയിടാന്‍ ശ്രമിക്കുന്നവരെ തളളിമാറ്റാനുളള കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണവര്‍. വെറും സാമൂഹ്യ പ്രവര്‍ത്തനം കൊണ്ടു അംഗീകാരം പിടിച്ചു പറ്റാനാവില്ല. അവിടെ വേണ്ടത് രാഷ്ട്രീയ മേഖലയിലുളള ആര്‍ജ്ജവവും അംഗീകാരവുമാണ്.

   
Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Mangalpadi to shine with more strength; Lead by Rizana.അങ്ങിനെ വന്നാല്‍ അധികാരം കയ്യാളാനുളള അവസരം സംജാതമാവും. അധികാരത്തില്‍ ഇരിക്കുമ്പോള്‍ അംഗീകാരം ലഭ്യമാവും. സമൂഹത്തില്‍ ശക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാനുളള അവസരം ലഭിക്കും. ഉള്‍വലിഞ്ഞു നില്‍ക്കുന്ന സ്വഭാവത്തിന് മാറ്റം വരും. പൊതു സമൂഹവുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം കൈവരുന്നതിനാല്‍ തലമുറകളായി മാറിനിന്നു ജീവിച്ചുവരുന്ന സ്ഥിതിക്കു മാറ്റം വരും. അതിപ്പോള്‍ കൈവന്നു കൊണ്ടിരിക്കുകയാണ്.

ഈയൊരു നിഗമനത്തിലെത്താന്‍ ഇടയായത് ഇപ്പോഴത്തെ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റിസാനയുമായി നടത്തിയ ഇന്റര്‍വ്യൂ വഴിയാണ്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ട്രിപ്പ്ള്‍ മെയിന്‍ എടുത്തു ബി എസ് സി വിജയിച്ചവളാണ് റിസാന. പഠനകാലത്തെ ജീവിത രീതിയില്‍ നിന്ന് വിവാഹിതയായതിനുശേഷം വന്ന മാറ്റം റിസാന സൂചിപ്പിച്ചു. ബാംഗ്ലൂരിലാണ് പഠിച്ചത്. കൗമാര കാലമാണല്ലോ അത്. അന്ന് ജീന്‍സ് പാന്റും ടീഷര്‍ട്ടും ഒക്കെയായി അടി പൊളിയായിരുന്നു വേഷം.

വിവാഹശേഷം തികഞ്ഞൊരു വീട്ടമ്മയായി, അനുസരണയുളള ഭാര്യയായി, പര്‍ദ്ദധാരിണിയായി ജീവിച്ചുവരുന്നു. രണ്ട് ഘട്ടത്തിലും തികഞ്ഞ സംതൃപ്തയാണു ഞാന്‍. ഗോള്‍ഡന്‍ അബ്ദുള്‍ ഖാദര്‍ എന്ന അന്തരിച്ച പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍ എന്റെ എളേപ്പയാണ്. അതെല്ലാമായിരിക്കാം എന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും പ്രസിഡണ്ട് പദവിക്കും നിര്‍ത്താൻ ഇടയാക്കിയ സാഹചര്യങ്ങള്‍.

ഇത്തരം പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങി തിരിക്കുന്നതില്‍ ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ എതിര്‍പ്പൊന്നുമില്ല. അവരുടെ ഭാഗത്തു നിന്ന് എനിക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുമുണ്ട്.

ഭര്‍ത്താവ് മേല്‍പറമ്പിൽ ബിസിനസ്സ് നടത്തുന്ന സാബിറാണ്. ഞങ്ങള്‍ക്ക് രണ്ട് മക്കളാണുളളത്, ആറു വയസ്സുകാരന്‍ മുഹമ്മദ് കന്‍സയും, മൂന്നു വയസ്സുകാരന്‍ ലൂത്ത് അബ്ദുളളയും. തുല്യ വിദ്യാഭ്യാസ യോഗ്യതയുളള ഭര്‍ത്താവ് വേണമെന്നൊന്നും എനിക്ക് മോഹമുണ്ടായിട്ടില്ല. പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോകാന്‍ പറ്റുന്ന മാനസിക പക്വത കാണിക്കുന്ന വ്യക്തിയായിരിക്കണം എന്നേ ഞാന്‍ ആഗ്രഹിച്ചുളളൂ. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ ചെയ്യാത്ത വ്യക്തിത്വത്തിന്റെ ഉടമയാവണം ഭര്‍ത്താവായി വരുന്ന വ്യക്തിയെന്നും മനസ്സില്‍ ആഗ്രഹമുണ്ടായി. അതേ പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എന്റെ ഭര്‍ത്താവ് സാബിര്‍.

ന്യൂജനറേഷന്‍ മുസ്ലീം സ്ത്രീകള്‍ പഴയ നടപടി ക്രമങ്ങളില്‍ നിന്ന് ഒരുപാട് മാറിയിരിക്കുന്നു എന്നാണ് റിസ്‌വാന പറയുന്നത്. സ്വന്തമായി തീരുമാനമെടുക്കാനും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വരാനും ഇന്നത്തെ മുസ്ലിം സ്ത്രികള്‍ മുന്നോട്ട് വന്നു കഴിഞ്ഞു. അവര്‍ക്ക് നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ തെരഞ്ഞെടുത്തു മുന്നേറുമ്പോള്‍ അതിന് വിലങ്ങു തടിയാവുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയോ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ മൈന്റ് ചെയ്യാതിരിക്കുകയാണ് പുതു തലലമുറയില സ്ത്രീകള്‍. കുച്ചിലില്‍ (അടുക്കള) തന്നെ അടിച്ചമര്‍ത്തിയ ജീവിതം നയിക്കാന്‍ ഇന്നാരും തയ്യാറല്ല. ഡ്രസ് കോഡ് വ്യക്തികള്‍ക്ക് കംഫര്‍ട്ടബ്ള്‍ ആയ ഏത് ഡ്രസും ധരിക്കാം. മുപ്പത് വയസ്സുകാരിയായ യുവ പഞ്ചായത്ത് പ്രസിഡണ്ട് റിസാനയുടെ അഭിപ്രായത്തിന് ധൃഢതയും ശരിയായ വീക്ഷണവുമുണ്ട്.

മുസ്ലീം ലീഗിന്റെ പ്രതിനിധിയായിട്ടാണ് റിസാന മല്‍സരിച്ചു ജയിച്ചത്. മല്‍സരിക്കണമെന്ന ആഗ്രഹമോ, മുന്‍ധാരണയോ ഒന്നും വ്യക്തിപരമായിട്ട് റിസ്‌വാനയ്ക്കില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് നേതാക്കള്‍ വന്ന് കണ്ടതും, മല്‍സരിക്കണമെന്ന നിര്‍ദേശം വെച്ചതും. വീട്ടുകാരുമായി ആലോചിച്ച് പെട്ടെന്ന് മല്‍സരിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു. മംഗല്‍പാടി പഞ്ചായത്തില്‍ ആകെ 23 വാര്‍ഡുകളാണുളളത്. മുസ്ലീം ഭൂരിപക്ഷമുളള പ്രദേശമാണിത്. യു ഡി എഫിന് 15 ഉം, ബി ജെ പിക്ക് 4ഉം, സ്വതന്ത്രര്‍ മൂന്നും, സിപിഎമിന് ഒരു സീറ്റുമാണ് ലഭിച്ചത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നാണ് റിസാന മല്‍സരിച്ചു വിജയിച്ചത്. അങ്ങിനെ മുപ്പതുകാരിയായ റിസാന മംഗല്‍പാടി പഞ്ചായത്തിന്റെ പ്രസിഡണ്ടായി.

പഞ്ചായത്തില്‍ 70000 ന് മേല്‍ ജനസംഖ്യയുണ്ട്. ആദ്യം സൂചിപ്പിച്ചപോലെ മുസ്ലിം ഭൂരിപക്ഷമുളള പഞ്ചായത്താണ്. എസ് സി, എസ് ടി കോളനികളുമുണ്ട്. വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന പഞ്ചായത്താണിത്. നിലവില്‍ മൂന്ന് ഹൈസ്‌ക്കുളുകളും ആവശ്യത്തിന് പ്രൈമറി സ്‌ക്കൂളുകളുമുണ്ട്. വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തീരെ ഇല്ലെന്നു തന്നെ പറയാം. ബാല പീഡനങ്ങളും കുറവാണ്. സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്ത് ആക്കിമാറ്റാനുളള ശ്രമം ആരംഭിച്ചിട്ടുമുണ്ട്.

പഞ്ചായത്തില്‍ കാണുന്ന ഒരു പ്രവണത പെണ്‍കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മികവു കാണിക്കുന്നു എന്നതാണ്. എന്നാല്‍ അതിനനുസരിച്ച് ആണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നില്ല. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആണ്‍കുട്ടികളില്‍ മിക്കവരും ബിസിനസ് രംഗത്തേക്കോ, ഗള്‍ഫ് മേഖലയിലേക്കോ പോവുകയാണ്.പെണ്‍കുട്ടികളാണെങ്കില്‍ ഉപരിപഠനത്തിന് തയ്യാറെടുത്ത് കോളേജുകളിലും യൂണിവേഴസ്റ്റികളിലും എത്തപ്പെടുന്നു. ഡിഗ്രിയും പി ജിയും പ്രൊഫഷനല്‍ കോര്‍സുകളും പൂര്‍ത്തിയാക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഈ വിടവ് , വിവാഹകാര്യങ്ങളിലും മറ്റും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരില്‍ ഏഴു മുസ്ലിം സ്ത്രീകളുണ്ട്. അവരൊക്കെ ഡിഗ്രിവരെ പഠിച്ചവരുമാണ്.

ഗ്രാമപഞ്ചായത്ത് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യമാണ്. റോഡ് സൈഡിലും മറ്റും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. അറവ് മാലിന്യങ്ങള്‍ പുഴയോരങ്ങളിലും മറ്റും തളളുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിരവധി ഫ്ലാറ്റുകളുള്ള പ്രദേശവും കൂടിയാണിത്. ഫ്ലാറ്റുകളിൽ നിന്നും മറ്റും തളളുന്ന മാലിന്യങ്ങളും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഭരണ സമിതി മുഖ്യമായും പരിഗണന നല്‍കുന്നത് മാലിന്യ പ്രശ്‌ന പരിഹാരത്തിനാണ്.

പഞ്ചായത്തില്‍ മൂന്ന് ടൗണ്‍ഷിപ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ബന്തിയോട്, ഉപ്പള, മണ്ണംകുഴി എന്നിവയാണത്. പഞ്ചായത്തിന്റെ വരുമാന ഇനത്തില്‍ ടൗണ്‍ഷിപ്പുകള്‍ നിർണായക പങ്കുവഹിക്കുന്നുണ്ട്. പഞ്ചായത്ത് മൊത്തത്തില്‍ സാമ്പത്തികമായി മുന്നോക്ക നിലയിലാണ്. ഇവിടുത്തുകാരില്‍ മിക്കവരും ഗള്‍ഫ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ കുടുംങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്ന തലത്തിലാണ്.

വിദ്യാഭ്യാസവും സമൂഹത്തിന്റെ മിടിപ്പുകള്‍ ശരിക്കും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ ശേഷിയുമുളള റിസാനയ്ക്ക് ഗ്രാമപഞ്ചായത്തിന്റെ ഉയര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയും. അദ്ധ്യാപികയായി പ്രവര്‍ത്തിച്ചുളള പരിചയം ജനങ്ങളുമായുളള ആശയവിനിമയത്തിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും സാധിക്കുമെന്നതും ഭരണം നടത്തുന്നതില്‍ സഹായകമാവും. യുവത്വത്തിലെത്തിനില്‍ക്കുന്ന വ്യക്തിയെന്ന നിലയില്‍ പഞ്ചായത്തിലെ ജനതയ്ക്ക് മാര്‍ഗ ദര്‍ശിയായി പ്രവര്‍ത്തിക്കാനും റിസാനയ്ക്ക് സാധിക്കും. അഞ്ച് വര്‍ഷകാലത്തിനിടയില്‍ മംഗല്‍പാടിയെ മാതൃകാ പഞ്ചായത്താക്കി മാറ്റാന്‍ റിസാനയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.


Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Mangalpadi to shine with more strength; Lead by Rizana.


< !- START disable copy paste -->

Post a Comment

Previous Post Next Post