city-gold-ad-for-blogger
Aster MIMS 10/10/2023

പിച്ചവെച്ചു നടന്നു തുടങ്ങുമ്പോഴേ കേട്ടത് ഇൻക്വിലാബ് വിളികൾ; ഒടുവിൽ പിലിക്കോട് പഞ്ചായത്തിന്റെ അമരത്ത്

വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ 18

കൂക്കാനം റഹ്‌മാൻ

(www.kasargodvartha.com 14.09.2021) പിച്ചവെച്ചു നടന്നു തുടങ്ങുമ്പോഴേ ഇങ്കിലാബ് വിളികേട്ടു വളര്‍ന്നവളാണ് പ്രസന്ന. പുലിയന്നൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ചവള്‍. അമ്മ വീട് പാര്‍ട്ടി ബ്രാഞ്ച് ഓഫീസായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹ കൂട്ടായ്മയില്‍ പ്രസന്ന വളര്‍ന്നു വന്നു. കേവലം പന്ത്രണ്ടു വയസ്സിലെത്തിയ പെണ്‍കുട്ടി ബാലസംഘത്തിലെ പ്രധാന പ്രവര്‍ത്തകയായി. തുടര്‍ന്ന് ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെത്തിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകയായി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു. 1990-92 കാലഘട്ടത്തില്‍ എസ് എഫ് ഐ യുടെ തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറിയായി. ജില്ലാ കമ്മിറ്റി മെമ്പറായി. ഊര്‍ജ്ജ്വസ്വലയായ പ്രവര്‍ത്തകയായിരുന്നു പ്രസന്ന.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തു നിന്ന് യുവജന പ്രസ്ഥാനത്തിലെക്കെത്തി. ഡി വൈ എഫ് ഐ യുടെ സജീവ പ്രവര്‍ത്തകയായി. സംഘടനയുടെ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മറ്റി മെമ്പറായി. അടങ്ങിയിരിക്കാത്ത പ്രകൃതം. പാര്‍ട്ടിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച രക്ഷിതാക്കളുടെ സമര്‍പ്പിത ജീവിത രീതി കണ്ടു പഠിച്ചു വളര്‍ന്ന പ്രസന്ന പാര്‍ട്ടി മെമ്പറായി. 1999ലാണ് പുത്തിലോട്ട് ബ്രാഞ്ചില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ലഭിച്ചത്. കൊടക്കാട് വെസ്റ്റ് ലോക്കല്‍കമ്മറ്റി അംഗമായും തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റി അംഗമായും സജീവമായി പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍. പാര്‍ട്ടിയുടെ മഹിളാ വിഭാഗത്തിന്റെ ഏരിയാ കമ്മറ്റിയിലും ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പ്രവര്‍ത്തിച്ചു വരുന്നു.

പിച്ചവെച്ചു നടന്നു തുടങ്ങുമ്പോഴേ കേട്ടത് ഇൻക്വിലാബ് വിളികൾ; ഒടുവിൽ പിലിക്കോട് പഞ്ചായത്തിന്റെ അമരത്ത്

പ്രസന്നയുമായി ഫോണിലാണ് സംസാരിച്ചത്. സംസാര രീതി ഘനഗംഭീരമാണ്. സംസാരത്തിലെ സ്മാര്‍ട്‌നസ് പ്രവര്‍ത്തിയിലും കാണാന്‍ കഴിഞ്ഞു. തന്റെ മുമ്പിലെത്തിയ ഏതു പ്രശ്‌നത്തിലും ശക്തമായി ഇടപെടും. പ്രശ്‌നത്തിന് പരിഹാരം കണ്ടേ അടങ്ങൂ. പ്രഗല്‍ഭയായ പ്രാസംഗിക കൂടിയാണ് പ്രസന്ന. ഡിഗ്രി വരെ പഠിച്ചു. നാല്‍പതിലെത്തിയ പ്രസന്ന അവിവാഹിതയാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ല. വിവാഹിതയാവാതേയും ജീവിക്കമല്ലോ എന്നാണ് ആ ചോദ്യത്തിന് ഉത്തരം കിട്ടിയത്. തന്റേടത്തോടെ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ബാധ്യതയില്ലാത്ത ജീവിതത്തിന് സാധ്യമാവും എന്ന കാഴ്ചപ്പാടാണെനിക്കും. വിവാഹം കഴിച്ചേ പറ്റൂ എന്ന് വെപ്രാളപ്പെട്ടു നടക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രസന്ന ഒരു മാതൃകയാണെന്നു ഞാന്‍ പറയും.

പ്രമുഖ വ്യക്തിത്വങ്ങള്‍ ജനിച്ചു വീണ മണ്ണാണ് പിലിക്കോട്. ടി എസ് തിരുമുമ്പ്, അതില്‍ പ്രമുഖനാണ്. സ്വാതന്ത്ര്യ സമര സേനാനി, കവി, സാമൂഹ്യ പരിഷ്‌കർത്താവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ടി എസ് തിരുമുമ്പ് . സി കൃഷ്ണന്‍ നായര്‍ പിലിക്കോട് ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. ദീര്‍ഘകാലം പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച വ്യക്തിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ടി വി ഗോവിന്ദന്‍, പി കെ ലക്ഷ്മി, എം കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ രമണി, ടി വി ശ്രീധരന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ഇതിനു മുമ്പത്തെ പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഭരണ സാരഥികള്‍.

ഈ പ്രഗല്‍ഭമതികളുടെ പിന്തുടര്‍ച്ചക്കാരിയായാണ് പി പി പ്രസന്ന കുമാരി പഞ്ചായത്ത് അധിപ ആവുന്നത്. ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ നേടി ശ്രദ്ധപിടിച്ചു പറ്റിയ പ്രദേശമാണിത്. സമ്പൂര്‍ണ ശുചിത്വ പദ്ധതി പ്രവര്‍ത്തനത്തിനും ഊര്‍ജ്ജയാൻ എന്ന് പേരിട്ട ഫിലമെന്റ് രഹിത ബള്‍ബ് പഞ്ചായത്തിലെ എല്ലാ വീടുകളിലും ലഭ്യമാക്കി നടത്തിയ പ്രവര്‍ത്തനത്തിനും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.

2015 ല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കാണ് പ്രസന്ന മല്‍സരിച്ചത്. തീവ്രമായ ശ്രമം നടത്തിയിട്ടും പിലിക്കോട് ഡിവിഷനില്‍ നിന്ന് അറുപത്തിമൂന്ന് വോട്ടിനാണ് പ്രസന്ന തോറ്റുപോയത്. പ്രസന്നയുടെ കഴിവില്ലായ്മ കൊണ്ടോ പ്രവര്‍ത്തന പോരായ്മ കൊണ്ടോ അല്ല ഇത്ര നിസ്സാരമായ വോട്ടിന് പരാജയമേറ്റുവാങ്ങേണ്ടി വന്നത്. ഡിവിഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പാര്‍ട്ടിക്ക് അനുകൂലമല്ലാത്ത സാഹചര്യമുണ്ടായതുകൊണ്ടാണ് എന്ന് പറയപ്പെടുന്നു. പക്ഷേ 2020 ല്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡായ പൊളളപ്പൊയില്‍ പ്രദേശത്തുനിന്നാണ് പിലിക്കോട് പഞ്ചായത്തിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയത്.

വനിതാ പ്രസിഡണ്ടുമാരോടെല്ലാം ചോദിച്ചത് പോലെ 'സ്ത്രീ എന്ന നിലയില്‍ ഭരണ തലത്തിലോ, സമൂഹത്തിലോ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വല്ലതുമുണ്ടോ?' എന്ന ചോദ്യം കേള്‍ക്കേണ്ട താമസം എടുത്തടിച്ചതു പോലെയാണ് പ്രതികരിച്ചത്. പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെയാണ് ഞാന്‍ പഞ്ചായത്തിന്റെ ഭരണ കാര്യത്തിലും പൊതു പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. സ്ത്രീകൾ രണ്ടാംകിടക്കാരാണെന്ന ധാരണ സമൂഹം മാറ്റണം. സ്ത്രീകള്‍ തുല്യരാണ് എവിടെയും. റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കുന്ന അവസ്ഥയൊക്കെ മാറി. പൂര്‍ണ്ണമായി കാര്യങ്ങള്‍ പഠിച്ചും പ്രതികരിച്ചും സ്വതന്ത്രമായ തീരുമാനങ്ങളിലെത്തിയുമാണ് ഇന്നത്തെ ഭരണ രംഗത്തുളള സ്ത്രികള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

പ്രസന്നയുടെ മനസ്സില്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന പല നൂതന ആശയങ്ങളുണ്ട്. അധികാരത്തിലേറിയിട്ട് കേവലം മൂന്നു മാസമേ ആയിട്ടുളളൂവെങ്കിലും അനുഭവത്തിലൂടെ നേടിയെടുത്ത അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ പ്രസന്നയ്ക്ക് സാധിക്കും. സമഗ്രമായ ആരോഗ്യ പദ്ധതിയാണ് മനസ്സിലുദിച്ച ആദ്യ ആശയം. പൂര്‍ണ്ണമായും ജനപങ്കാളിത്തത്തോടെയാവും പദ്ധതി ആവിഷ്‌ക്കരിക്കല്‍. കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാനും, ശുശ്രൂഷ നല്‍കാനുമുളള കര്‍മ്മ പദ്ധതിയാണിത്. പഞ്ചായത്തില്‍ നടത്തിയ സര്‍വ്വേയില്‍ 84 ഓളം പേര്‍ കാന്‍സര്‍ രോഗികളാണ്, അതേപോലെ 24 ആളുകള്‍ കിഡ്‌നി പേഷ്യന്റായും ഉണ്ട്. ഇത് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഈ മാരക രോഗങ്ങളില്‍ നിന്ന് മുക്തി നേടിയ പഞ്ചായത്താക്കി മാറ്റാന്‍ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് സാധിക്കണം. ആവശ്യമായ ഫണ്ട് ജനങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തണം.

സമഗ്ര കുടിവെളള പദ്ധതിയാണ് അടുത്ത ലക്ഷ്യം. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നഞ്ച് വെളളവും കിഴക്കന്‍ ബെല്‍ട്ടില്‍ വേനല്‍ക്കാല വരള്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. ജലനിധി പദ്ധതിയിലൂടെയും കിണര്‍ റീചാര്‍ജിംഗ് പ്രവര്‍ത്തനത്തിലൂടെയും ജനസഹകരണത്തോടെയും സമഗ്ര കുടിവെളള പദ്ധതി വിജയിപ്പിക്കാന്‍ കഴിയുമെന്ന് പ്രസന്ന വിശ്വസിക്കുന്നു. പഞ്ചായത്തിന്റെ ഹൃദയഭാഗമായ കാലിക്കടവില്‍ ദേശീയ പാതയ്ക്കരികിലായ് ഒരു മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്ന ആശയവും മനസ്സിലുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വന്നാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാവും എന്നതാണ് ഈ ചിന്തയ്ക്കു പിന്നില്‍. തീര്‍ച്ചയായിട്ടും ഈ ആശയം പ്രായോഗികമാവുമെങ്കില്‍ ഇതര പഞ്ചായത്തുകള്‍ക്ക് മാതൃകയായി മാറുകയും ചെയ്യും.

വിദ്യാഭ്യാസരംഗത്ത് കുതിച്ചു ചാട്ടം നടത്തുന്ന പഞ്ചായത്താണ് പിലിക്കോട്. കേരളത്തില്‍ തന്നെ പേരു കേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായ പിലിക്കോട് ഗവ. ഹയര്‍ സെക്കന്റി സ്‌കൂൾ, കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വെളളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ തുടങ്ങിയവ. കരപ്പാത്ത് ഒരു ഐ ടി ഐ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക രംഗത്ത് മികവ് നേടാന്‍ സഹായകമായ നിലപാട് സ്വീകരിക്കുന്ന റീജിയണല്‍ അഗ്രി റിസര്‍ച്ച് സ്റ്റേഷനും പഞ്ചായത്തിന്റെ പ്രശസ്തിക്ക് മാറ്റു കൂട്ടുന്നുണ്ട്. ‘കലാ നികേതന്‍’ എന്ന സ്ഥാപനം അതിന്റെ വളര്‍ച്ചയിലാണ്.

ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ കൊടക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ മൂന്നു വര്‍ഷത്തോളമായി ജോലി ചെയ്‌ത്‌ വരികയാണ് പ്രസന്ന. ഇപ്പോള്‍ അഞ്ച് വര്‍ഷകാലത്തേക്ക് അവധി എടുത്താണ് പഞ്ചായത്തിന്റെ ഭരണ തലപ്പത്ത് പ്രവര്‍ത്തിക്കുന്നത്. പ്രസന്നയെപ്പോലുളള ഊര്‍ജ്ജസ്വലരായ വനിതാ പ്രവര്‍ത്തകരെയാണ് നാട് ആഗ്രഹിക്കുന്നത്. ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ ആളുകള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന പഞ്ചായത്താണിത്. അതുകൊണ്ട് തന്നെ അതിന്റെ ഭരണ സാരഥിയേയും നാടും നാട്ടാരും ശ്രദ്ധിക്കും. സര്‍വ്വവിധേനയും പഞ്ചായത്തിനെ ഔന്നത്യത്തിലേക്കുയര്‍ത്താന്‍ പ്രസന്നയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് സാധ്യമാവും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.














കൂടുതൽ കരുത്തോടെ തിളങ്ങാൻ മംഗൽപാടി; നയിച്ച് റിസാന 16

ജനപ്രതിനിധിയായി കാൽ നൂറ്റാണ്ടിലേക്ക്; ജനപ്രീതി നേടി സുന്ദരി ആര്‍ ഷെട്ടി 17

Keywords:  Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Pilicode, Inquilab calls heard as he started to walk; Finally at the helm of Pilicode panchayat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL