city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്തിരിയെന്ന വി ഐ പി ഫുഡ്

നോമ്പ് അനുഭവം: സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക

(www.kasargodvartha.com 23.06.2016)
യു പി എസ് തങ്ങള്‍ എന്ന പേരില്‍ ഖ്യാതി നേടിയ വ്യക്തിത്വമാണ് സയ്യിദ് അലവിക്കോയ ജിഫ്രി തങ്ങള്‍ അര്‍ളടുക്ക. വിനയം മുഖ മുദ്രയാക്കിയ ജീവിത ശൈലിയാണ് തങ്ങളുടേത്. വയനാടു ജില്ലയിലെ കമ്പളബട്ടിലാണ് ജനനം. കോഴിക്കോട് ജില്ലയിലെ താമശേരിയില്‍ ദര്‍സ് പഠിച്ച് പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്നും ഫൈസി ബിരുദമെടുത്ത് അധ്യാപന ഗോദയിലിറങ്ങി. അര്‍ളടുക്കയിലാണ് തങ്ങളുടെ അധ്യാപനം ആരംഭിക്കുന്നത്. പിന്നീട് അര്‍ളടുക്കയില്‍ താമസമാക്കി. നിരവധി പേര്‍ക്ക് ആശ്വാസ തണലായി മാറിയ സയ്യിദ് യു പി എസ് തങ്ങള്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ അധ്യക്ഷ പദവി അലങ്കരിച്ചു വരുന്നു.

കുട്ടിക്കാലത്ത് നോമ്പ് പിടിച്ചാല്‍ നോമ്പ് തുറക്ക് നല്ലോണം തിന്നാന്‍ കിട്ടുമായിരുന്നു. അതു പ്രതീക്ഷിച്ചാണ് അന്നൊക്കെ നോമ്പെടുത്തിരുന്നത്. റമദാനാകുന്നതിന് മുമ്പ് തന്നെ എല്ലാം ഒരുങ്ങും. മാസപ്പിറവി അറിയാനായിരുന്നു പ്രയാസം. ഇന്നത്തെ പോലെയുള്ള സൗകര്യങ്ങളില്ലാത്ത കാലം. കോഴിക്കോട് ഖാസിയാണ് അവിടത്തെ ഖാസി. പെട്ടെന്നറിയാനുള്ള പ്രയാസത്തിന് പ്രധാന കാരണം ഖാസിയുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍ ഇല്ലാ എന്നതാണ്. ഖാസിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നാട്ടുപ്രമാണിമാരാണ് അവരുമായി ബന്ധപ്പെട്ട് പിറവി തീരുമാനം പള്ളികളില്‍ അറിയിച്ചിരുന്നത്.

വിവരം പ്രതീക്ഷിച്ച് നാട്ടുകാര്‍ പള്ളികളില്‍ കാത്ത് നില്‍ക്കും. ചിലപ്പോള്‍ നേരം വൈകും. അപ്പോഴേക്കും ജനങ്ങള്‍ വീടുകളിലെത്തി വിളക്കണയ്ച്ച് കിടന്നുറങ്ങും. പലപ്പോഴും രാത്രി രണ്ട് മണി നേരത്താണ് റമദാനായ വിവരം എത്തുന്നത്. രാവിലെ അറിഞ്ഞ സംഭവങ്ങളും ജീവിതത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. റമദാന്‍ അറിയിച്ചു കൊണ്ടുള്ള പള്ളിയിലെ തക്ബീര്‍ പ്രതീക്ഷിച്ച് വീട്ടുകാര്‍ കാത്ത് നില്‍ക്കും. റമദാനിന്റെ വിളംബരമായി പള്ളികളില്‍ തക്ബീര്‍ ഉണ്ടായിരുന്നു. അത്താഴം കഴിക്കാതെയുള്ള നോമ്പായിരിക്കും റമദാനിലെ ആദ്യ നോമ്പ്. റമദാനിന്റെ വരവ് ജനങ്ങളില്‍ ആത്മ സന്തോഷം നല്‍കും.

സമയം നോക്കാനുള്ള സൗകര്യം വ്യാപകമല്ല. അത്താഴത്തിന് നാട്ടുകാരെ വിളിച്ചുണര്‍ത്താന്‍ പള്ളിയിലെ മൊല്ലാക്ക ഖുര്‍ആനോതും. ഒരു മണിക്കൂര്‍ മുമ്പ് പള്ളികളില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കും. കേള്‍ക്കാത്ത വീട്ടുകാരെ തൊട്ടടുത്ത വീട്ടുകാര്‍ വിളിച്ചുണര്‍ത്തും. നിസ്വാര്‍ത്ഥ മനസ്‌കരായിരുന്നു നാട്ടുകാര്‍. വീട്ടില്‍ ഉമ്മയാണെങ്കില്‍ കൃത്യം രണ്ട് മണിക്ക് എണീറ്റിരിക്കും. വാച്ചിന്റെയോ ഖുര്‍ആനോത്തിന്റെയോ ആവശ്യം ഉമ്മക്ക് എണീക്കാന്‍ ആവശ്യമുണ്ടായിരുന്നില്ല. പിതാവ് ജോലിസ്ഥലത്തായിരിക്കും. തങ്ങള്‍ക്ക് പ്രായം പന്ത്രണ്ടായപ്പോള്‍ പിതാവ് മരണമടഞ്ഞു.

നോമ്പ് തുറക്ക് പത്തിരിയാണ് അന്നത്തെ വി ഐ പി ഫുഡ്. കാരക്കയും സര്‍വ്വത്തുമുണ്ടാകും. ഉമ്മയാണെങ്കില്‍ അതിഥികളെ സല്‍ക്കരിക്കാന്‍ മുമ്പിലാണ്. നോമ്പ് തുറക്ക് ആരെങ്കിലും കൂട്ടികൊണ്ടു വരാന്‍ പറയും. റമദാനല്ലാത്ത സമയങ്ങളില്‍ പള്ളികളില്‍ വരുന്ന ഉസ്താദുമാരോ മറ്റ് അതിഥികളെ വീട്ടിലേക്ക് കൂട്ടാന്‍ പ്രത്യേകം നിര്‍ദേശിക്കും. കപ്പയും ചക്കയുമാണ് അന്ന് സുലഭമായി തിന്നാന്‍ കിട്ടിയിരുന്ന സാധനം. കപ്പ കൃഷി വ്യാപകമാണ്. തറാവീഹ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പള്ള നിറയെ കപ്പയും ചക്കയും കഴിച്ച് കിടന്നുറങ്ങും. കപ്പ കൊണ്ടുണ്ടാക്കിയ കറികളും വിഭവങ്ങളുമാണ് പുര നിറയെ കാണാന്‍ കഴിഞ്ഞിരുന്നത്. ചോറിന് കൂട്ടാന്‍ കപ്പക്കറിയായാരുന്നു അധിക ദിവസങ്ങളിലും ഉണ്ടാവുക. തങ്ങളുടെ വീട്ടിലും കൃഷി ചെയ്തിരുന്നു.

ഖത്തം തീര്‍ക്കുന്ന പതിവ് വ്യാപകമാണ്. ദിവസവും വീട്ടില്‍ ഖുര്‍ആനോതണം. പള്ളികളിലും ഖുര്‍ആനോതുന്ന പതിവായിരുന്നു നാട്ടുകാര്‍ക്കെല്ലാം. തെറ്റുകള്‍ ചെയ്താല്‍ വന്‍ കുറ്റമായി കരുതിയിരുന്ന ദീനി സ്‌നേഹികളാണ് അന്നുണ്ടായിരുന്നത്. മതം അനുശാസിക്കാത്ത തെറ്റുകള്‍ എത്ര ചെറുതാണെങ്കിലും സാരമായി കണ്ടിരുന്ന കാലം. തിന്മയെ വെറുത്തിരുന്ന ജനങ്ങള്‍ റമദാനെത്തിയാല്‍ അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കാനും ഔല്‍സുക്യം കാണിച്ചിരുന്നു.

റമദാന്‍ 27ന് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം സന്തോഷമാണ്. 27ആവാന്‍ പാവങ്ങളെല്ലാം കാത്ത് നില്‍ക്കും. ഇരുപത്തിയേഴിന്റെ രാവില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ സദസുണ്ടാകും. കുടുംബക്കാരില്‍ നിന്ന് മരണപ്പെട്ടവരുടെ ഖബറിനരികില്‍ പോയി ദുആ നടത്തും. യാസീന്‍ സൂറത്തും മറ്റ് സൂറത്തുകളും ഓതി ഉസ്താദുമാരുടെ നേതൃത്വത്തില്‍ ഓരോ ഖബറിന്‍ പുറത്തും കുടുംബക്കാര്‍ ദുആ ചെയ്യുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്.

27ന്റെ പകലിലാണ് സകാത്ത് പൈസ കൊടുക്കുന്ന ദിവസം. പാവപ്പെട്ടവരെല്ലാം പൈസക്കായി രാവിലെ ഇറങ്ങും. കുട്ടികളാണ് കൂടുതലും പോകാറ്. ഒരിക്കല്‍ റമദാന്‍ 27ന് പൈസയും വാങ്ങി തിരിച്ച് വരുമ്പോള്‍ ഒരു പെണ്‍കുട്ടി ലോറിക്കടിയില്‍ വീണ് ദാരുണമായി മരണപ്പെട്ടത് എല്ലാ റമദാനിലും ഈ തപിക്കുന്ന ഓര്‍മ നാട്ടുകാരെ സങ്കടത്തിലാക്കുന്നു. റമദാന്‍ 17ന് പള്ളികളില്‍ മഞ്ഞച്ചോറ് വെച്ച് വിതരണം ചെയ്യല്‍ പതിവുണ്ടായിരുന്നു.

പെരുന്നാളിന് ആഘോഷങ്ങള്‍ക്ക് ആര്‍ഭാഢമുണ്ടായിരുന്നില്ല. പഴയ കുപ്പായങ്ങളെ അലക്കി തേച്ച് പൂത്തനുടുപ്പാക്കി ധരിച്ചിരുന്ന കാലമായിരുന്നു അത്. പുത്തനുടുപ്പു വാങ്ങാത്തതിന്റെ പേരില്‍ പെരുന്നാള്‍ ദിവസം വീട്ടുകാരോട് കരഞ്ഞ് ഒച്ചപ്പാടാക്കിയ ഓര്‍മ യു പി എസ് തങ്ങള്‍ ഇന്നും സ്മരിക്കുന്നു. ജ്യേഷ്ഠ സഹോദരന്റെ സുഹൃത്തായിരുന്ന ഒരു ഉസ്താദ് അന്നേരം വീട്ടിലെത്തിയപ്പോള്‍ തങ്ങളുടെ കരച്ചില്‍ കാണുകയും ഉടനെ തുണിക്കടയില്‍ ചെന്ന് ഉടമസ്ഥനെ കൊണ്ട് പെരുന്നാള്‍ ദിവസത്തില്‍ കട തുറപ്പിച്ച് പുത്തനുടുപ്പ് വാങ്ങി തങ്ങള്‍ക്ക് കൊടുത്തു.

പിതാവ് ബംഗളൂരുവില്‍ നിന്ന് വരാന്‍ താമസിച്ചതാണ് പുത്തനുടുപ്പ് കിട്ടാതിരിക്കാന്‍ കാരണം. റമദാനില്‍ മുഴുസമയവും ഖുര്‍ആനോത്തും ആരാധനയുമായി സമയം ചിലവഴിക്കുന്ന പതിവാണ് യു പി എസ് തങ്ങള്‍ക്കുണ്ടായിരുന്നത്. ഇന്നും ആ രീതിയില്‍ തന്നെയാണ് തങ്ങളുടെ റമദാന്‍ ജീവിതം.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
പത്തിരിയെന്ന വി ഐ പി ഫുഡ്


Related Articles:

വാല് പോലെ അഹ് മദ് മോന്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും
Keywords : Ramadan, Article, VIP Food, Sayyid UPS Thangal Arladukka, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia