city-gold-ad-for-blogger
Aster MIMS 10/10/2023

ഏയ്, നാളെ നോമ്പ് അബെ

നോമ്പ് അനുഭവം: എ പി അബ്ദുല്‍ അസീസ് മുസ്ലിയാര്‍ അംഗഡി മുഗര്‍

(www.kasargodvartha.com 13.06.2016) രണ്ടാം പൊന്നാനിയെന്ന് വിശേഷിക്കപ്പെട്ടിരുന്ന നാടാണ് അംഗഡി മുഗര്‍. പുത്തിഗെ പഞ്ചായത്തിലാണ് ഈ നാട് നിലകൊള്ളുന്നത്. കര്‍ഷക കുടുംബക്കാരായിരുന്നു ഇവടത്തുകാര്‍. ദീനി ചൈതന്യവും സാമൂഹ്യ സൗഹാര്‍ദവും ഈ നാടിന്റെ പ്രത്യേകതയാണ്. വിദൂര ദിക്കുകളില്‍ നിന്നും അംഗഡിമുഗര്‍ ലക്ഷ്യമാക്കി പലരും മതപഠന തപസ്യക്ക് വന്നിറ്റുണ്ട്.

പ്രമുഖ പണ്ഡിതന്‍ ആദം മുസ്ലിയാരുടെ കീഴില്‍ ദര്‍സ് പഠിക്കാനെത്തിയവരില്‍ ഒരുവനായിരുന്ന ചെറുകുന്ന് സ്വദേശി ഇസ്മാഈല്‍ മുസ്ലിയാര്‍ പൊന്നാനിയില്‍ വിളക്കത്തിരുന്ന് വന്നവരുടെ പട്ടികയില്‍ ഇടം നേടിയവരാണ്. പിന്നീട് അംഗഡിമുഗര്‍ ഖാസിയും മുദരിസുമായിരുന്ന ആദം മുസ്ലിയാരുടെ മകളെ വിവാഹം ചെയ്യുകയും അംഗഡിമുഗറില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് മുദരിസും ഖാസിയുമായി മാറി. ഇസ്മാഈല്‍ മുസ്ലിയാരുടെ മക്കളില്‍ ചെറിയവനും ഇപ്പോഴത്തെ അംഗഡിമുഗര്‍ ഖാസിയുമാണ് എ പി അബ്ദുല്‍ അസീസ് മുസ്ലിയാര്‍.

പ്രായം 85ല്‍ എത്തിയെങ്കിലും പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കുന്നതിന് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ക്ക് ഒരു മടിയുമില്ല. ഖാസി അസീസ് ഉസ്താദ് എന്നാണ് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാറ്. പെര്‍ളാഡം സഈദ് മാസ്റ്റര്‍ മുഖേനയാണ് സുബ്ഹ് നേരത്ത് അംഗഡിമുഗര്‍ പള്ളിയിലെത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലായിരുന്ന ഖാസി അസീസ് ഉസ്താദിന്റെ പാരായണം തീരാന്‍ കാത്ത് നിന്നെങ്കിലും കണ്ടയുടനെ വരവന്വേഷിച്ചു. കാസര്‍കോട് വാര്‍ത്തയുടെ റമദാന്‍ കോളത്തെ കുറിച്ച് പറഞ്ഞപ്പോള്‍, ഹൊ..ഞാന്‍ വായിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഇടയില്‍ അനുമോദിക്കാനും ഉസ്താദ് മറന്നില്ല.

പള്ളിക്ക് സമീപത്തായിരുന്നു അസീസ് ഉസ്താദിന്റെ തറവാട്. പട്ടിണിയുടെ കഥ ഈ നാടിനും പറയാനുണ്ടെങ്കിലും ഉസ്താദിന്റെ ചരിത്രം മറിച്ചാണ്. ഖാസിയാരുടെ വീട് പ്രതാപത്താല്‍ പ്രസിദ്ധിയാണ്. പട്ടിണി പാവങ്ങള്‍ പലരും ഖാസിയാരുടെ വീട്ടിലെ സ്ഥിരം അതിഥികളാണ്. റമദാനായാല്‍ നാടിന്റെ ആത്മീയ ചൈതന്യം ഉണരും. റമദാനിന്റെ ചന്ദ്രക്കലയുടെ വിവരം അറിയിക്കുന്നതില്‍ അസീസുസ്താദിന് കഷ്ടപ്പാട് ഏറെയായിരുന്നു.

അംഗഡി മുഗര്‍ ഖാസിയായിരുന്ന പിതാവ് ഇസ്മാഈല്‍ മുസ്ലിയാര്‍ റമദാനായോ ഇല്ലേ എന്നതിന്റെ വിവരമറിയാന്‍ കാസര്‍കോട്ട് ഖാസിയാരടുത്തേക്ക് പറഞ്ഞയക്കുന്നത് അബ്ദുല്‍ അസീസ് മുസ്ലിയാരെയായിരുന്നു. കൂട്ടത്തില്‍ വേറൊരാളുമുണ്ടാകും. ആശയ വിനിമയത്തിനോ സഞ്ചാര സൗകര്യമോയില്ലാത്ത ആ കാലത്ത് സൈക്കിളിലോ ജീപ്പിലോ ആയിട്ട് കാസര്‍കോട് തളങ്കര പള്ളിയിലെത്തും. പല നാടുകളില്‍ നിന്നും മാസപ്പിറവിയുടെ വിവരമറിയാന്‍ ആളുകള്‍ അവിടെയെത്തിയിട്ടുണ്ടാകും. അവറാന്‍ മുസ്ലിയാര്‍ ആയിരുന്നു അന്ന് കാസര്‍കോട് ഖാസി. ഖാസിയുടെ തീരുമാനമുറപ്പിച്ചാല്‍ എല്ലാവരും അവരവരുടെ നാടുകളിലേക്ക് തിരിക്കും.

അസീസുസ്താദും സഹയാത്രികനുമായ അബ്ദുല്‍ ഹമീദ് സാഹിബും അംഗഡി മുഗറിലേക്ക് തിരിക്കും. നേരം വൈകിയാണ് തിരിച്ചെത്താറ്. അംഗഡിമുഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് വന്നവരും പള്ളിയില്‍ ഇവരുടെ വരവും കാത്ത് നില്‍ക്കുന്നുണ്ടാകും. അംഗഡിമുഗറിലെത്തിയാല്‍ ഓരോ വീടുകളിലും നടന്നുപോയി വാതില്‍ മുട്ടി മാസം കണ്ട വിവരം അറിയിക്കും. ഹേയ്..നാളെ നോമ്പ്.ഓറോടും ചെല്ലീറബെന്ന് ആ വീട്ടുകാരോട് പറഞ്ഞ് മാസപ്പിറവി അറിയിക്കാന്‍ അടുത്ത വീട് ലക്ഷ്യമാക്കി നടക്കും. ബാഡൂര്‍ വരെയുള്ളവര്‍ അംഗഡിമുഗര്‍ പള്ളിയിലേക്കായിരുന്നു നിസ്‌കാരത്തിന് വന്നിരുന്നത്.

നോമ്പ് തുറക്ക് പലരും പള്ളിയില്‍ വന്നിരുന്നു. ഷെറൂള്‍ സാഹിബ് തന്റെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന പത്തിരിയും ചീരാ കഞ്ഞിയുമാണ് അന്നത്തെ നോമ്പ്തുറക്കുണ്ടായിരുന്നത്. ഇല്ലായ്മയുടെ കാലമായതിനാല്‍ ചുരുക്കം ചിലര്‍ മാത്രമെ പള്ളിയിലേക്ക് നോമ്പ് തുറക്കുള്ളത് കൊണ്ട് വന്നിരുന്നത്. അധിക പേരും നോമ്പ് തുറക്ക് പള്ളിയിലെത്തിയിരുന്നു. ളുഹ്ര്‍ നിസ്‌കാരത്തിനു ശേഷമാണ് വയള് ഉണ്ടായിരുന്നത്. അബ്ദുല്‍ ജലാല്‍ മൗലവിയുടെ വയളാണ് അധികവും ഉണ്ടാവുക. പിതാവിന്റെ വയളും ഉണ്ടാകും.

കര്‍ഷകരായതിനാല്‍ നാട്ടുകാര്‍ ളുഹ്‌റിന് പള്ളിയിലെത്തും. അസര്‍ വരെ പള്ളിയിലിരുന്ന് വയള് കേള്‍ക്കും. അസര്‍ കഴിഞ്ഞ് വീട്ടില്‍ പോകും. തറാവീഹ് നിസ്‌കാരത്തിന് ശേഷം വയള് നടക്കാറില്ല. ജനങ്ങള്‍ നന്നേ കുറവായിരുന്നപ്പോള്‍ ഷെറൂള്‍ സാഹിബ് ഹജ്ജ് കഴിഞ്ഞ് വന്ന കാലം മുതല്‍ തറാവീഹിന് ശേഷം അദ്ദേഹത്തിന്റെ വകയായി പള്ളിയില്‍ കഞ്ഞി കൊടുക്കാന്‍ തുടങ്ങി. അതിന് ശേഷം നല്ലൊരു മാറ്റം പള്ളിയില്‍ കണ്ടു തുടങ്ങി. കാലങ്ങളോളം ഇത് തുടര്‍ന്നുവെങ്കിലും അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിന് ശേഷം നിര്‍ത്തലായി.

റമദാനില്‍ ദര്‍സ് അവധിയായതിനാല്‍ വീട്ടില്‍ തന്നെ ഇരിക്കലാണ് അസീസ് ഉസ്താദിന്റെ പതിവ്. ഖുര്‍ആനോതും. ജമാഅത്തിന് കൃത്യമായി പങ്കെടുക്കും. ഖുര്‍ആനോത്തിന്റെ വിവരം പിതാവിന് അറിയിച്ച് കൊടുക്കും. ഖതം തീര്‍ക്കല്‍ നിര്‍ബന്ധം. എല്ലാ സമയത്തും ഖുര്‍ആനോതും. ളുഹര്‍, അസര്‍, സുബ്ഹി, തറാവീഹ് എന്നീ നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷമായി പാരായണം ചെയ്യും.

നോമ്പ് തുറ നേരത്ത് അംഗഡിമുഗര്‍ പള്ളിയിലുണ്ടായിരുന്ന വെടിയും ശ്രദ്ധേയമാണ്. എസ് അബ്ദുല്ലയാണ് വെടി പൊട്ടിക്കാറ്. പ്രത്യേകം വൈദഗ്ധ്യം നേടിയവര്‍ക്ക് മാത്രമേ ആ വെടി പൊട്ടിക്കാന്‍ കഴിയൂ. സാഹസികം നിറഞ്ഞ ഈ പ്രവര്‍ത്തനം പിന്നീട് നിര്‍ത്തലായി. വെടിക്ക് ഒരറ്റത്ത് തീ കൊളുത്തി മുകളിലോട്ട് എറിയലാണ് പതിവ്. പല നാടുകളിലും ഈ വെടിയൊച്ച കേട്ടാണ് നോമ്പ് തുറക്കാറ്. വെടിയൊച്ച കേള്‍ക്കാനാണ് മുകളിലെറിയുന്നത്. വെടിയൊച്ച കേട്ടാണ് തൊട്ടടുത്ത നാട്ടുകാര്‍ നോമ്പ് തുറന്നിരുന്നത്.

പെരുന്നാള്‍ നിലാവ് കണ്ട വിവരം അറിയാനും കാസര്‍കോടേക്ക് പിതാവ് പറഞ്ഞയക്കും. ഒരു ദിവസം നിലാവിന്റെ വിവരം അറിയാന്‍ പോയ ഞങ്ങളുടെ വരവും കാത്ത് പള്ളിയില്‍ നില്‍ക്കുകയായിരുന്ന ജനങ്ങളോട് അവര്‍ വരുന്നത് നമുക്ക് എന്തെങ്കിലും പഠിക്കാം എന്ന് പറഞ്ഞ് വയനാട്ടുകാരനായ പള്ളിലെ ഉസ്താദ് വയളു പറയാന്‍ തുടങ്ങി. ഹൃദ് രോഗിയായിരുന്ന അദ്ദേഹം വയളിനിടയില്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു. പിറ്റേ ദിവസം പെരുന്നാളിനാണ് അദ്ദേഹത്തിന്റെ മയ്യത്ത് നാട്ടില്‍ കൊണ്ടുപോയത്.

ഖാസി ഇസ്മാഈല്‍ മുസ്ലിയാര്‍, പി വി മുഹമ്മദ് മുസ്ലിയാര്‍ ബാഖവി പൈവളിഗെ, സയ്യിദ് ഉമര്‍ മുത്തുക്കോയ തങ്ങള്‍ തലശേരി, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ എടനീര്‍, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ശംസുല്‍ ഉലമാ, അബൂബക്കര്‍ ഹസ്രത്ത് കായല്‍പട്ടണം, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, സി എം അബ്ദുല്ല മൗലവി ചെമ്പിരിക്ക എന്നിവരുടെ അടുക്കല്‍ മതപഠനം നേടിയതിനു ശേഷം 1971 മുതല്‍ അംഗഡിമുഗര്‍ മുദരിസായും ഇപ്പോള്‍ ഖാസിയായി സേവനം അനുഷ്ഠിക്കുകയും ചെയ്യുകയാണ് എ പി അബ്ദുല്‍ അസീസ് മുസ്ലിയാര്‍.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

 ഏയ്, നാളെ നോമ്പ് അബെ

Related Articles:

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ
Keywords : Ramadan, Article, Experience, A P Abdul Azeez Musliyar Angadymogar, NKM Belinja. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL