city-gold-ad-for-blogger
Aster MIMS 10/10/2023

സി കെ പിയുടെ അത്തര്‍

നോമ്പ് അനുഭവം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

(www.kasargodvartha.com 11.06.2016) കാസര്‍കോട് നഗരം ഇരുട്ട് പുതച്ചിരിക്കുന്നു. അടിയന്തിരമായി കാസര്‍കോട് വരെ പോകാനുണ്ട്. യാദൃശ്ചികമായി പുറപ്പെട്ട ഈ യാത്രയില്‍ എം എല്‍ എയെ കൂടി കാണാന്‍ അവസരം കിട്ടിയെങ്കില്‍ ഒരു വെടിക്ക് രണ്ടു പക്ഷിയെ കിട്ടിയ സന്തോഷം ഉണ്ടാകും. പ്രിയ സ്‌നേഹിതന്‍ ഹമീദലി മാവിനക്കട്ടയോട് കാര്യം ബോധിപ്പിച്ചു. ഫോണ്‍ ചെയ്തപ്പോള്‍ ബിഗ് ബസാറിന്റെ മുമ്പില്‍ നില്‍ക്കാന്‍ പറഞ്ഞു. അല്‍പ സമയത്തിനകം അവിടെയെത്തിയ എം എല്‍ എ കാറില്‍ നിന്നിറങ്ങി എന്റെ വാഹനത്തില്‍ കയറി. സുഷ്മര വദനനായി എന്‍ എ നെല്ലിക്കുന്ന് റമദാന്‍ അനുഭവം പങ്കു വെച്ചു.

നോമ്പനുഭവങ്ങള്‍ പറയുമ്പോള്‍ ആവേശഭരിതനാവുകയാണ് എന്‍ എ നെല്ലിക്കുന്ന്. കുട്ടിക്കാലത്തെ നോമ്പ് ആവേശമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കൂട്ടത്തോടെ പള്ളിയില്‍ പോകും. തറാവീഹ് നിസ്‌കാരം ഹരമാണ്, ആവേശവും. പെരുന്നാള്‍ സന്തോഷങ്ങളാണ് പഴയ കാല റമദാന്‍.

വീട്ടിനടുത്തുള്ള ഓട് മേഞ്ഞ ചെറിയ പള്ളി (ഇന്ന് മാറ്റമുണ്ട്) യിലാണ് നിസ്‌കാരം. കുഴല്‍ കിണറോ ഇലക്ട്രിക് പമ്പോ പള്ളിക്കുണ്ടായിരുന്നില്ല. തറാവീഹ് കഴിഞ്ഞാല്‍ കൂട്ടുകാര്‍ക്കൊപ്പം കിണറില്‍ നിന്നും വെള്ളം കോരി ഔള് നിറക്കും. നിസ്‌കാരത്തിന് പള്ളിയിലെത്തുന്നവര്‍ക്ക് അംഗസ്‌നാനത്തിനും മറ്റും ആവശ്യമായ വെള്ളം രാത്രി നിറക്കും. മൂന്ന് മണിക്കൂര്‍ വരെ പണി തുടരും. റമദാനിലെ ഈ ഏര്‍പാട് മനസിന് സന്തോഷം നല്‍കും.

റമദാന്‍ 27ന്റെ തലേ രാത്രി ഹസ്ബി റബ്ബിയും മൗലായ ബൈത്തും പാടി വീടുകളില്‍ കയറും. വീട്ടുകാര്‍ അപ്പം തരും. പല രൂപത്തിലുള്ള പലഹാരങ്ങളും കിട്ടും. കൂട്ടുകാര്‍ക്കൊപ്പം തിന്ന് തീര്‍ക്കും. പെരുന്നാള്‍ രാത്രിയും ഈ വീടുകയറല്‍ പരിപാടി ഉണ്ടാകും. അന്ന് പൈസയാണ് കിട്ടാറ്.

നോമ്പുതുറ നേരത്തെ നെല്ലിക്കുന്ന് വെടി മറക്കാന്‍ ആവില്ല. നോമ്പ് തുറയുടെ സമയമായാല്‍ ജനങ്ങള്‍ വെടിയും പ്രതീക്ഷിച്ച് നില്‍ക്കും. പള്ളിയില്‍ നിന്ന് ബാങ്ക് കേട്ടാലും വെടിയൊച്ച കേള്‍ക്കാതെ ആരും നോമ്പ് മുറിക്കില്ല. റമദാനിലും ഉറൂസ് വേളയിലുമാണ് നെല്ലിക്കുന്നില്‍ വെടി പൊട്ടിക്കാറ്. കാലങ്ങളോളം തുടര്‍ന്നിരുന്ന ഈ വെടി സമ്പ്രദായം പിന്നീട് നിര്‍ത്തലാക്കി.

വെടി പോലെ പ്രാധാന്യമുള്ളതായിരുന്നു നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ പള്ളിയിലെ കഞ്ഞി. അസര്‍ മുതല്‍ പള്ളിയില്‍ കഞ്ഞിക്കുള്ള തിരക്കായിരിക്കും. ഇന്നും ആ കഞ്ഞി ഉണ്ടെങ്കിലും പഴയ തിരക്കൊന്നും അനുഭവപ്പെടാറില്ല. സ്വാദൂറുന്ന നെല്ലിക്കുന്ന് കഞ്ഞി വാങ്ങാന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിയിരുന്നു. കുട്ടിക്കാലത്തും സ്‌കൂള്‍ - കോളജ് ജീവിതത്തിലുമെല്ലാം റമദാന്‍ വ്രതാനുഷ്ഠാനം മുറതെറ്റാതെ നിര്‍വഹിക്കാന്‍ സാധിച്ചത് ഉമ്മയുടെ ശിക്ഷണത്തിന്റെ ഫലമാണ്.

നെല്ലിക്കുന്ന് പള്ളിയിയില്‍ നടക്കുന്ന റമദാന്‍ വയളില്‍ നിന്നും നിരവധി പാഠങ്ങളാണ് പഠിക്കാനായതെന്ന് എം എല്‍ എ പറയുന്നു. റമദാന്‍ 27-ാം രാവില്‍ വയള് പറയാന്‍ വരുന്ന മാജി ഖത്തീബായിരുന്ന ഒരു മുസ്ലിയാരുടെ വയളില്‍ നിന്നും പഠിച്ചെടുത്ത അറിവ് ഇന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് എം എല്‍ എ. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീനിന്റെയും സൂറത്തുല്‍ വാഖിഅയുടെയും പോരിശയും ശ്രേഷ്ടതയും പ്രദിപാതിച്ചായിരുന്നു പ്രഭാഷണം. അര്‍ത്ഥ പൂര്‍ണമായ ആ പ്രഭാഷണം മുതല്‍ ഇന്ന് വരെ എല്ലാ ദിവസവും രാത്രിയില്‍ ഈ രണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യാതെ എം എല്‍ എ കിടന്നുറങ്ങാറില്ല. ഇലക്ഷന്‍ പോലെയുള്ള തിരിക്കിലും പതിവ് തെറ്റിക്കാറില്ല. റമദാന്‍ വയളില്‍ നിന്നും ലഭിച്ച ആത്മീയോര്‍ജം മുറതെറ്റാതെ നിര്‍വഹിക്കുകയാണദ്ധേഹം.

എം എല്‍ എ ആയതിന് ശേഷം റമദാനിലുള്ള തിരുവനന്തപുരം യാത്രകളില്‍ അത്താഴമില്ലാതെയാണ് നോമ്പെടുക്കാറ്. നിയമസഭയിലെ നോമ്പ് തുറ ഹരമാണ്. മന്ത്രിമാരുടെ മന്തിരങ്ങളില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കും. മുസ്ലിം അമുസ്ലിം മന്ത്രിമാരും എം എല്‍ എമാരും പങ്കെടുക്കും. ജി കാര്‍ത്തികേയന്‍ സ്പീക്കറായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വകയില്‍ നടന്ന നോമ്പുതുറ വേറിട്ടതാണ്. നിസ്‌കരിക്കാനുള്ള ജമാഅത്തിന് വേണ്ടി പ്രത്യേകം ഉസ്താദിനെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നിസ്‌കരിക്കാനുള്ള സംവിധാനം ഏര്‍പെടുത്തുകയും ചെയ്ത അനുഭവം വേറിട്ടതാണ്.

നിയമസഭയില്‍ നോമ്പ് തുറ ഗംഭീരമാണെങ്കിലും അത്താഴത്തിന് മതിയായ സൗകര്യം ഉണ്ടാകാറില്ലെങ്കിലും കാസര്‍കോട് സ്വദേശിയായ മണ്ണംങ്കുഴി അബ്ദുല്ലയുടെ നിസ്വാര്‍ത്ഥ സേവനം ആശ്വാസമേകുന്നു. സംസം ഹോട്ടലിന്റെ മുതലാളിയായ അദ്ദേഹം എം എല്‍ എമാര്‍ക്കുള്ള അത്താഴവും മുത്താഴവും കൊടുത്തു വിടും. അത്താഴം ആവശ്യമുള്ള എം എല്‍ എമാരുടെ കണക്കെടുക്കാന്‍ എന്‍ എ നെല്ലിക്കുന്നിനോടാണ് പറയാറ്. അദ്ദേഹത്തിന്റെ ഈ സേവനം റമദാന്‍ കാലത്തെ ആശ്വാസമാണ്.

സി കെ പി ചെറിയ മമ്മുക്കോയയുടെ വീട്ടില്‍ നോമ്പ് തുറക്കാനുള്ള അവസരം ലഭിച്ചത് ഇന്നും ഓര്‍ക്കുകയാണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ഒരു വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് വേണ്ടി പോയതായിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബും വന്നിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള നോമ്പ് തുറ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ഒരു കുപ്പി അത്തര്‍ എല്ലാവര്‍ക്കും കിട്ടി. ഇതിന്റെ രഹസ്യം അന്വേഷിച്ചപ്പോഴാണ് ഈ അത്തര്‍ ഗിഫ്റ്റ് റമദാനില്‍ അവിടത്തെ പതിവാണെന്ന് മനസിലാകുന്നത്. ഇന്നും മായാത്ത ഓര്‍മയായി അവശേഷിക്കുകയാണ് ആ നോമ്പ് തുറ.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

സി കെ പിയുടെ അത്തര്‍



Keywords : Ramadan, N.A.Nellikunnu, MLA, Article, NKM Belinja, Ramadan experience: NA Nellikkunnu MLA. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL